Sunday, July 26, 2020

കള്ളന്‍

                 കല്ല്യാണം കഴിഞ്ഞ് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു ഞായറാഴ്ച, ദിനേശന്‍ തന്റെ ഭാര്യ വീട്ടിലെ ശീലാന്തിയില്‍ തീര്‍ത്ത ദിവാന്‍കോട്ടില്‍ നല്ലപിള്ള ചമഞ്ഞ് ഇരിക്കുന്ന സമയത്താണ് ഭാര്യയുടെ അപ്പന്‍ പ്രഭാകരന്‍ ആ കഥ പറഞ്ഞ് തുടങ്ങുന്നത്. ഭാര്യയുടെ അപ്പനാണേലും സ്വന്തം മകനെപോലെയാണ് പ്രഭാകരന് ദിനേശന്‍. തന്റെ ഒരേയൊരു മകള്‍ ഗൗരിയെ വേലേം കൂലീം ഇല്ലാത്തൊരുത്തന്‍ പ്രേമിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍, ''അവന്റെ കൊടലുമാല കുത്തിയെടുത്ത് ഞാന്‍ പൊറത്തിടും'' -എന്നലറി വെളിച്ചപ്പാട് തുള്ളിയ മൊതലാണ് പ്രഭാകരന്‍. എന്നാല്‍ ആ ഭൂമികുലുക്കമൊന്നും ഗൗരിക്ക് ഏശിയില്ല. അപ്പനേക്കാള്‍ വാശിയായിരുന്നു മോള്‍ക്ക്. ''അവനേം കെട്ടി നീയി വീട്ടില്‍ കാലുകുത്തിയാല്‍ ദൈവത്തിനാണേ ഞാനീ ഫാനില്‍ കെട്ടിതൂങ്ങി ചാവും''- പ്രഭാകരന്‍ തന്റെ ഒടുവിലത്തെ ആയുധമിറക്കി. 

                അമ്മായിയമ്മ മരുമോന് വേണ്ടി സ്‌പെഷ്യലായി ഉണ്ടാക്കിയ കാവറുത്തത് രണ്ടെണ്ണം കറുമുറാന്ന് കടിച്ച് ദിവാന്‍കോട്ടിലിരുന്ന ദിനേശന്‍ മുകളിലേക്ക് നോക്കി. ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ചാരനിറത്തിലുള്ള ഉഷാഫാന്‍ ഒരു കൂസലുമില്ലാതെ കറങ്ങിക്കൊണ്ടിരിക്കുന്നു. 'കൊല്ലാനും ചാവാനും' നിന്നവര്‍ ഒരമ്മപെറ്റ അളിയന്മാരെപോലെ മുഖത്തോട് മുഖം നോക്കിയിരുന്ന് ലോകകാര്യങ്ങള്‍ പറയുന്നത് കറക്കത്തിനിടയിലും ഫാന്‍ കേട്ടു. 

        അപ്പൂപ്പന്‍ എന്തോ വലിയ സംഗതി പറയാനുള്ള ഒരുക്കത്തിലാണെന്ന് മനസ്സിലാക്കിയ ദിനേശന്റേയും ഗൗരിയുടേയും ചട്ടമ്പികള്‍, കല്ലുവും അനിയത്തി മാലയും മുറ്റത്ത് നടത്തികൊണ്ടിരുന്ന കിസ്സാമത്ത് പണികളില്‍ നിന്ന് തല്‍ക്കാലം അവധിയെടുത്ത് ദിവാന്‍കോട്ടില്‍ അച്ഛനിരിക്കുന്നതിന് ഇരുവശത്തുമായി ഹാജര്‍വെച്ചു. 

        ''കത പറ അപ്പൂപ്പാ'' - കല്ലുവും മാലയും തിടുക്കം കൂട്ടി. 

                പ്രഭാകരന്‍ ആവേശത്തോടെയൊന്ന് ഞെളിഞ്ഞിരുന്ന് കഥ പറഞ്ഞു തുടങ്ങി.

                ''ഒരു പത്ത് പതിനഞ്ച് കൊല്ലം മുമ്പാണ്. എനിക്കന്ന് കോഴിക്കോട്ടായിരുന്നു ജോലി. അവിടെ ചെറുവണ്ണൂര്‍ പഞ്ചായത്ത് സെക്രട്ടറിയായി മൂന്ന് വര്‍ഷമിരുന്നു. ഗൗരിയന്ന് കോളേജിലായെന്ന് തോന്നുന്നു. അല്ലേടി..?'' പ്രഭാകരന്‍ തിരിഞ്ഞകത്തേക്ക് നോക്കി. 

                അടുക്കളപ്പുറത്തെ പടിയിലിരിക്കുകയായിരുന്നു ഗൗരിയും അമ്മ വിമലയും. രണ്ടീസം മുമ്പ് കാച്ചിയ എണ്ണ മകളുടെ മുടിയില്‍ തേച്ച് പിടിപ്പിക്കുകയായിരുന്നു വിമല. കയ്യൂന്നി, കറിവേപ്പില, മൈലാഞ്ചി, ചെമ്പരത്തി, തുളസി തുടങ്ങി പറമ്പില്‍ അവൈലബിള്‍ ആയിട്ടുള്ള സംഗതികളൊക്കെ ചേര്‍ത്ത് മകള്‍ക്കും ചെറുമക്കള്‍ക്കും വേണ്ടി ഒരു ദിവസം മുഴുവനും മെനക്കെട്ടിരുന്നുണ്ടാക്കിയ എണ്ണയാണ്. 

                ''ഞാനന്ന് ഡിഗ്രി ഫസ്റ്റിയറായി'' - പറഞ്ഞുകൊണ്ട് ഗൗരി ഭര്‍ത്താവിനെയൊന്ന് നോക്കി. ആ നോട്ടത്തിന് പിടികൊടുക്കാതെ ദിനേശന്‍ രണ്ട് കാവറുത്തതും കൂടിയെടുത്ത് വായിലേക്കിട്ടു. 

                ''ആ.. ആ സമയത്ത് വിമലയും മോളും ഇവിടെ തനിച്ചാണ്. കോഴിക്കോടായതുകൊണ്ട് ആഴ്ചയിലൊരിക്കലേ എനിക്ക് വീട്ടില്‍ വരാന്‍ പറ്റൂ.''

                ''അതെന്താ അപ്പൂപ്പാ?'' ഇളയവള്‍ക്കൊരു സംശയം.

                ''കോഴിക്കോടൂന്ന് കൊല്ലം വരെ നല്ല ദൂരമല്ലേ മാലൂസേ''

                ''അപ്പൂപ്പന് പ്ലയിനില്‍ വരാലോ..പ്ലയിന്‍ പെട്ടെന്ന് വരും, അല്ലേ അച്ചാ..?'' മാലു അച്ഛനെ നോക്കി നിഷ്‌കളങ്കമായി ചോദിച്ചു. 

                ''പ്ലെയിനില്‍ ടിക്കറ്റെടുക്കാനൊക്കെ കൊറേ കാശ് വേണം. പിന്നെ പ്ലയിന്‍ വന്നിറങ്ങാനുള്ള സൗകര്യമൊന്നും ഇവിടെയില്ലല്ലോ'' ദിനേശന്‍ മകളോട് പറഞ്ഞു.

                ''എയര്‍പോര്‍ട്ട്, അല്ലേ അച്ചാ?'' മൂത്തവള്‍ തന്റെ പൊതുവിജ്ഞാനം വിളമ്പി ഒന്നു നിവര്‍ന്നിരുന്നു.

                ''അതേ..അതുകൊണ്ട് അപ്പൂപ്പന്‍ ട്രയിനിലാണ് ഇങ്ങോട്ട് വന്നോണ്ടിരുന്നത്.''

                ''ഇങ്ങേര് വരുന്ന ഞായറാഴ്ച ഇവിടെയൊരു മേളമായിരിക്കും. അടുക്കി പറുക്കലും തറയടിച്ചുവാരലും പറമ്പുകിളക്കലും..ഹൊ..മനുഷ്യനൊരു സ്വസ്ഥതയും തരില്ല.'' വിമല തനിക്ക് വീണ് കിട്ടിയ പാസ്സ് കൃത്യമായി വലയിലാക്കി.

                ''ആണോ അപ്പൂപ്പാ?'' മാല ചോദിച്ചു.

                ''നിങ്ങടമ്മൂമ്മ ചുമ്മാ ബഡായി പറയുന്നതാന്നേ''

                ''ബഡായി ഒന്നുമല്ല..ഇന്നലെ ചീപ്പ് കാണാഞ്ഞപ്പോ അപ്പൂപ്പന്‍ കിടന്ന് ചാടിയത് ഞങ്ങള് കണ്ടതാ''

        ''ശരിയാ'' - കാന്താരികള്‍ രണ്ടും അമ്മൂമ്മയുടെ പക്ഷം പിടിച്ചു. 

        ''ഓ..എന്നാ പിന്നെ ഞാന്‍ ബാക്കി പറയുന്നില്ല'' 

        ''അപ്പൂപ്പന് വേണേ പറഞ്ഞാ മതി. ഞങ്ങള്‍ക്ക് മുറ്റത്ത് വേറെ പണിയുണ്ട്'' കല്ലു ദിവാന്‍കോട്ടില്‍ നിന്ന് ഒരു കാല് തറയിലേക്ക് കുത്തികൊണ്ട് പറഞ്ഞു. അവളുടെ ആക്ഷന്‍ കണ്ട് പ്രഭാകരനും ചിരി വന്നു.

        ''അപ്പൂപ്പന്‍ പറയും.'' ദിനേശന്‍ മകളെ പിടിച്ച് ദിവാന്‍കോട്ടിലേക്ക് കയറ്റിയിരുത്തി.

                കല്ലു തന്റെ വലതുകൈകൊണ്ട് താടി താങ്ങി നിര്‍ത്തി അപ്പൂപ്പനെ തന്നെ നോക്കിയിരുന്നു.

        ''ഒരു ജൂലൈ മാസമാണ്. നല്ല മഴയുള്ളൊരു ദിവസം. ഞാനിങ്ങോട്ട് വരാനായി കോഴിക്കോട്ന്ന് വെളുപ്പിനെ ട്രെയിനില്‍ കയറിയതാണ്. ഒരുപാട് രാത്രിയായി എത്തിയപ്പോള്‍. ഇവിടെ ആണെങ്കില്‍ പെരുമഴ. അമ്മൂമ്മയും നിങ്ങടെ അമ്മയുമൊക്കെ അകത്ത് നല്ല ഉറക്കത്തിലാണ്. ഞാന്‍ ഗേയിറ്റ് തുറന്ന് അകത്തേക്ക് കയറി. കുട ഒതുക്കിയൊരിടത്ത് വെക്കാനായി മുന്നിലെ മതിലിനടുത്തേക്ക് നടന്നു. കുട മൂലയ്‌ക്കൊരിടത്ത് വെച്ച് തിരിഞ്ഞതും പുറകിലെ ജനാലയ്ക്കരികിലൊരു അനക്കം.. ''

        ''മരപ്പട്ടിയാണോ അപ്പൂപ്പാ?''ആകാംഷയോടെ അപ്പൂപ്പനെ കേട്ടിരുന്ന മാല പൊടുന്നനേ ചോദിച്ചു. കഴിഞ്ഞ ദിവസം രാത്രി മതിലിന് മുകളില്‍കൂടി ചാടിപ്പോയ മരപ്പട്ടിയെ അമ്മൂമ്മ അവള്‍ക്ക് കാട്ടി കൊടുത്തിരുന്നു. അതോര്‍മ്മിച്ച് പറഞ്ഞതാണ് അവള്‍.

        ''മരപ്പട്ടി വല്ലോം ആയിരിക്കുമെന്നാ അപ്പൂപ്പനും ആദ്യം കരുതിയേ..പക്ഷെ അല്ല.''

        ''പിന്നെ..?'' മാല അച്ഛന്റരികിലേക്ക് നീങ്ങിയിരുന്നു.

        ''ഇരുട്ടില്‍ രണ്ട് കണ്ണുകള്‍. താഴേക്ക് ഉടലുമുണ്ട്. അതൊരു മനുഷ്യനാണ്. ജനാല തുറക്കാനുള്ള ശ്രമമായിരുന്നു. കള്ളന്‍.., എന്നെ കണ്ടതും ഒറ്റയോട്ടം. മതിലുചാടി അപ്പുറത്തെ പറമ്പുവഴി ഓടി. ഓട്ടത്തിനിടയില്‍ നമ്മുടെ ഒരു പൈപ്പും ചവിട്ടി പൊട്ടിച്ചു. ഞാന്‍ മതിലിനടുത്തേക്ക് ചെന്നപ്പോഴേക്കും കള്ളന്‍ ഇരുട്ടില്‍ മറഞ്ഞിരുന്നു''        ''ചുമ്മാതാ പിള്ളാരെ..അങ്ങനെയൊന്നുമല്ല.'' വിമല പിന്നേം ഭര്‍ത്താവിനിട്ടുള്ള പണിയാരംഭിക്കുകയാണ്. 

                ''കള്ളന്‍ വന്നതും ഇങ്ങേര് കള്ളനെ കണ്ടതുമൊക്കെ നേര് തന്നെ. ഞാനും ഇവളും നല്ല ഉറക്കത്തിലായിരുന്നു. ഇടയ്‌ക്കെപ്പഴോ എന്തോ ശബ്ദം കേട്ട് ഞാന്‍ കണ്ണ് തുറന്നു. നോക്കുമ്പോള്‍ ഞങ്ങള്‍ കിടക്കുന്ന കട്ടിലിനരികിലുള്ള ജനാലയ്ക്കപ്പുറം ഒരു നിഴലനങ്ങുന്നു. അന്ന് ഇതുപോലെ കര്‍ട്ടനൊന്നുമില്ല. അവിടെ ആരോ നില്‍പ്പുണ്ടെന്നെനിക്ക് മനസ്സിലായി. ഞാനിവളെ തട്ടിയുണര്‍ത്തി. ഞാനും ഇവളും കൂടി പേടിച്ച് ഉറക്കെ ബഹളം വെക്കാന്‍ തുടങ്ങി. അപ്പോഴാ മുന്‍വശത്തെ കതകില്‍ തട്ട് കേട്ടത്. കള്ളനെ കണ്ട് പേടിച്ചോടിയ നിങ്ങടെ അപ്പൂപ്പന്‍ തട്ടുന്നതാണ്. ഞങ്ങള് കതക് തുറന്ന് പൊറത്തേക്ക് ചെന്നപ്പോഴേക്കും കള്ളന്‍ നല്ല അന്തസ്സായി മതിലുചാടി പോയി കഴിഞ്ഞിരുന്നു. അപ്പോഴേക്കും അയല്‍ക്കാരൊക്കെ ഉണര്‍ന്നു. എല്ലാരും തിരച്ചില്‍ തുടങ്ങി. കള്ളന്റെ പൊടി പോലുമില്ല. ആകെ കിട്ടിയത് അയാള്‍ വലിച്ചിട്ട് കളഞ്ഞ ഒരു സിഗരറ്റ് കുറ്റിയാണ്. നമ്മുടെ പൊട്ടിയ പൈപ്പ് ശരിയാക്കിയ വകയില്‍ കുറച്ച് കാശ് പോയത് മിച്ചം..''

                ''അമ്മൂമ്മ കള്ളനെ കണ്ടോ?'' കല്ലു ചോദിച്ചു.

                ''ഇല്ല മോളേ.. അപ്പൂപ്പനാ കണ്ടത്''

                ''കൊറേ മുടിയുണ്ടോ അപ്പൂപ്പാ കള്ളന്?'' മാലയുടെ വകയാണ് ചോദ്യം.

                ''ഇരുട്ടല്ലേ മോളേ. അപ്പൂപ്പന്‍ ശരിക്കും കണ്ടില്ല.''

                   ''നമ്മളെക്കാളുമൊക്കെ പൊക്കം കാണുമല്ലേ കള്ളന്‍മാര്‍ക്ക്. കൊമ്പന്‍മീശയും കാണുമല്ലേ?'' കുട്ടികള്‍ അവര്‍ കാണാത്തെ കള്ളന്റെ രൂപം മനസ്സില്‍ വരയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. 

                ''കള്ളന്മാരും നമുക്കിടയില്‍ തന്നെയുള്ളവര്‍ തന്നെയാ മോളെ. നമ്മളെപോലെ തന്നെ കണ്ണും മൂക്കും ചെവിയും ശരീരവുമൊക്കെയുള്ള മനുഷ്യര്‍ തന്നെയാ.. നിങ്ങള് പോയി കളിച്ചോ..'' ദിനേശന്‍ മക്കളോട് പറഞ്ഞിട്ട് ദിവാന്‍കോട്ടില്‍ നിന്നും എഴുന്നേറ്റു. കല്ലുവും മാലയും അച്ഛന്റെ സമ്മതം കിട്ടിയ പാടേ മുറ്റത്തേക്കോടി.

                ദിനേശന്‍ അകത്തെ മുറിയിലെ ബാത്ത്‌റൂമിന് അരികിലേക്കെത്തി. ബാത്ത്‌റൂമിന്റെ കതകില്‍ നിറയെ പിള്ളേരൊട്ടിച്ചുവെച്ച മിനിയണ്‍സിന്റേയും ബാറ്റ്മാന്റേയും സൂപ്പര്‍മാന്റേയുമൊക്കെ പടങ്ങളാണ്. ദിനേശന്‍ കതക് തുറന്ന് അകത്തേക്ക് കയറി. 

        കതക് പതിയെ അടച്ച് ദിനേശന്‍ കതകില്‍ ചാരി നിന്നു. അയാളുടെ മുഖത്ത് പുല്‍ക്കൂടിനുള്ളിലെ മിന്നാമിനി ലൈറ്റുകള്‍പോലെ ഒരു വലിയ ചിരി തെളിഞ്ഞു. സിനിമിയിലായിരുന്നെങ്കില്‍ ദിനേശന്റെ മുഖത്ത് കുറേ വളയങ്ങള്‍ ഓളം തല്ലി ഫ്‌ളാഷ്ബാക്കിലേക്ക് പ്രേക്ഷകരെകൊണ്ടുപോകാനുള്ള എല്ലാ സ്‌കോപ്പുമുള്ള സീനായിരുന്നു. എന്തായാലും ദിനേശന്‍ ആ ദിവസത്തെ പറ്റി ഓര്‍ക്കുകയാണ്.

                പ്രഭാകരന്‍ ട്രെയിന്‍ ലേറ്റായതുകൊണ്ട് താമസിച്ചുവന്ന, നല്ല മഴയുള്ള, ജൂലൈ മാസത്തിലെ ആ ദിവസം. പ്രഭാകരന്‍ ഗേയിറ്റ് തുറക്കുന്നതിന് കുറച്ച് മിനുട്ടുകള്‍ക്ക് മുന്‍പ്. വീടിന്റെ മുകളിലത്തെ നിലയിലെ ജനാലയ്ക്ക് താഴെയുള്ള ഷേഡില്‍ ഒരാളിരിക്കുന്നു. ജനാല പാതി തുറന്ന് കിടപ്പുണ്ട്. അകത്തെ മുറിയില്‍ വെളിച്ചമൊന്നുമില്ല. പെട്ടെന്ന് ജനാലയ്ക്ക് പുറത്തേക്ക് ഒരു കൈ നീണ്ടു വരുന്നു. നീണ്ടു വന്ന കൈയ്ക്കുള്ളില്‍ ചെറിയൊരു കടലാസ് നാലാക്കി മടക്കി പിടിച്ചിട്ടുണ്ട്. ഷേഡില്‍ ഇരുന്ന രൂപം മുട്ടുകുത്തി നിന്ന് മുകളിലേക്ക് പൊങ്ങി കൈ നീട്ടി ആ കടലാസ് വാങ്ങുകയും കൈയിലൊരു ഉമ്മ കൊടുക്കുകയും ചെയ്തത് രണ്ട് നിമിഷത്തിനിടയില്‍ കഴിഞ്ഞു. 

                കൈ പെട്ടെന്ന് അകത്തേക്ക് മറഞ്ഞു. ജനാല അടഞ്ഞു. മുറിക്കുള്ളിലെ രൂപം പടികളിറങ്ങി താഴേക്ക് വന്ന് കട്ടിലില്‍ കിടക്കുന്ന അമ്മയുടെ അരികിലേക്ക് ചേര്‍ന്ന് കിടന്നു. പുതപ്പ് നീക്കി തലയിലേക്ക് ഇടാന്‍ നേരം പ്രേക്ഷകര്‍ ആ മുഖം കാണുന്നു. അത് ഗൗരിയായിരുന്നു. 

                    ഷേഡില്‍ നിന്ന രൂപം കത്ത് മഴ നനയാതെ പോക്കറ്റില്‍ വെക്കാനുള്ള ശ്രമത്തിലായിരുന്നു. അപ്പോഴാണ് പ്രഭാകരന്‍ ഗേയിറ്റ് തുറക്കുന്ന ശബ്ദം കേള്‍ക്കുന്നത്. ശബ്ദം കേട്ട സ്ഥലത്തേക്ക് തല പൊക്കി നോക്കുമ്പോള്‍ പ്രേക്ഷകര്‍ ആ മുഖവും തിരിച്ചറിഞ്ഞു, ഡിഗ്രിക്ക് പഠിക്കുന്ന ഗൗരിയുടെ കാമുകന്‍ ദിനേശന്‍..! 

                    ദിനേശന്‍ ആകെ പേടിച്ചു. ഇല്ലാത്ത ധൈര്യം ഉണ്ടാക്കിയെടുത്താണ് ഒരുപരുവത്തില്‍ ഷേഡ് വരെ എത്തിയത്. അയാള്‍ കുറച്ചുകൂടി ഭിത്തിക്കടുത്തേക്ക് ചേര്‍ന്നിരുന്നു. പ്രഭാകരന്‍ നടന്ന് അകത്തേക്ക് കയറി കുട മടക്കി ഭിത്തിയുടെ മൂലയിലേക്ക് വെച്ച് ചുറ്റുപാടുമൊന്ന് നോക്കി. ഷേഡിലിരിക്കുന്ന ദിനേശന് തന്റെ ഭാവി അമ്മായിഅപ്പനെ വ്യക്തമായി ഇപ്പോള്‍ കാണാം. 

                    പ്രഭാകരന്‍ തന്റെ തോളില്‍ കിടന്ന ബാഗിലെ മുന്‍പിലത്തെ ഉറ പതിയെ തുറന്നു. അതില്‍ നിന്ന് എന്തോ എടുക്കുന്നത് ദിനേശന്‍ കണ്ടു. ബാഗ് താഴേക്ക് വെച്ച് പ്രഭാകരന്‍ വീടിന് പിന്നിലേക്ക് നടന്നു. അകത്തെ മുറിയിലെ ജനാലയ്ക്കരികിലെ ഷേഡിന് താഴെയായി മഴവെള്ളം വീഴാതെ നിന്നു. അതിന് മുകളിലത്തെ ജനാലയുടെ താഴെയിരുന്ന ദിനേശന്റെ നെഞ്ച് പടപടാന്നിടിച്ചു.  

                    പ്രഭാകരന്‍ ബാഗില്‍ നിന്നെടുത്ത സിഗരറ്റ് തന്റെ ചുണ്ടിലേക്ക് ചേര്‍ത്തു. പോക്കറ്റില്‍ നിന്ന് ലൈറ്ററെടുത്ത് സിഗരറ്റിന്റെ അറ്റം കത്തിച്ചു. രണ്ട് തുള്ളി തൂവാനം മുഖത്തേക്ക് വീണപ്പോള്‍ പ്രഭാകരന്‍ അന്തരീക്ഷത്തിലേക്ക് ആദ്യ പുക വിട്ടു.

                'കുടിയും വലിയുമൊന്നുമില്ല, എന്റെ അച്ഛന്‍ ഡീസന്റാ, ബീ ലൈക്ക് പ്രഭാകരന്‍' എന്ന് ഗൗരി സ്ഥിരമായി അച്ഛനെകുറിച്ച് പറയുന്നത് ദിനേശന്‍ അപ്പോള്‍ ഓര്‍മ്മിച്ചു. ഒളിഞ്ഞു നിന്ന് പുകവിടുന്ന പ്രഭാകരനെ കണ്ടപ്പോള്‍ അയാള്‍ക്ക് ശരിക്കും ചിരി വന്നു. ''കള്ള പ്രഭാകരാ..''

                    പെട്ടെന്നാണ് അകത്ത് നിന്ന് അമ്മയുടെയും ഗൗരിയുടെയും നിലവിളി കേട്ടത്. സിഗരറ്റ് വലിച്ചുകൊണ്ട് നിന്ന ഭര്‍ത്താവിന്റെ രൂപം ജനാലയിലൂടെ കണ്ട് വിമല അലറുകയാണ്. പ്രഭാകരന്‍ പേടിച്ച് സിഗരറ്റ് താഴേക്ക് വലിച്ചെറിഞ്ഞ് വീടിന് മുന്‍പിലേക്കോടി. ഓട്ടത്തിനിടയില്‍ പൈപ്പില്‍ കേറി ചവിട്ടി. പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങി. 

                മുറ്റത്ത് നിക്കുന്ന പ്രഭാകരനെ കണ്ടതും വിമലയും മോളും പേടിച്ച് കതക് തുറന്നു. അമ്മയെക്കാള്‍ പേടി ഗൗരിയ്ക്കായിരുന്നു. ഗൗരി ചുറ്റും നോക്കി. 

                    ''ജനാലിന്റപ്പുറത്തൊരു കള്ളന്‍'' വിമല പറഞ്ഞു.

                    ''മതിലുചാടി അപ്പുറത്തെ പറമ്പുവഴി ഓടി'' പ്രഭാകരന് അപ്പോള്‍ അങ്ങനെ പറയാനാണ് തോന്നിയത്. 

                    ''നീയാ ടോര്‍ച്ചിങ്ങെടുക്ക്. നമ്മുടെ പൈപ്പൊക്കെ ചവിട്ടിപൊട്ടിച്ചെന്ന് തോന്നുന്നു'' പ്രഭാകരന്‍ ഓസ്‌കാര്‍ അവാര്‍ഡിനേക്കാളും വലിയ അവാര്‍ഡിനുവേണ്ടിയുള്ള പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ചു. 

                ഇത്രയും സമയം മതിയായിരുന്നു. ഷേഡിലിരുന്ന ദിനേശന്‍ സ്‌പൈഡര്‍മാനെപോലെ അടുത്ത് നിന്ന തെങ്ങില്‍ തൂങ്ങിയിറങ്ങി മതിലു ചാടി വന്ന വഴിയേ അടുത്ത പഞ്ചായത്ത് പിടിച്ചിരുന്നു. 

                ഉണര്‍ന്ന നാട്ടുകാരും പ്രഭാകരനും കുടുംബവും അവിടെയൊക്കെ കള്ളനെ തിരഞ്ഞു. കുറേ നേരത്തെ ഉറക്കം കളയലിനൊടുവില്‍ എല്ലാവരും നിരാശരായി അവരവരുടെ മാളങ്ങളിലേക്ക് പോയതിന് ശേഷമാണ് ഗൗരിക്ക് കുറച്ചാശ്വാസമായത്. 

                അടുത്ത ദിവസം രാവിലെ താന്‍ തന്നെ താഴേക്കിട്ട സിഗരറ്റ് കുറ്റി കണ്ടെടുത്ത് ഡോ സണ്ണിയെ തന്റെ ആഭരണങ്ങള്‍ കാണിക്കുന്ന ഗംഗയെപ്പോലെ വിമലയെ വിളിച്ച് പ്രഭാകരന്‍ അത് കാണിച്ചു.

                ''കണ്ടോ..കള്ളന്‍ വലിച്ചിട്ടുപോയ സിഗരറ്റ് കുറ്റി.''
. .. .. .. .. . .. .. .. .. . .. .. .. ..

                ദിനേശന്‍ ഓര്‍മ്മകളില്‍ നിന്നും ബാത്ത്‌റൂമില്‍ നിന്നും പുറത്തേക്കിറങ്ങി. ബാത്ത്‌റൂമിന് പുറത്ത് അയാളേയും കാത്ത് ഗൗരി നില്‍പ്പുണ്ടായിരുന്നു. ദിനേശന്‍ ഗൗരിയെ നോക്കി ചിരിച്ചു. ഗൗരി ദിനേശന്റെ അടുത്തേക്ക് വന്ന് വയറ്റില്‍ ഒരു നുളളു കൊടുത്തു. ദിനേശന്‍ വേദന അഭിനയിച്ച് ചെറുതായി ശബ്ദമുണ്ടാക്കി.

                ''ടാ..കള്ളാ..'' ഗൗരി ദിനേശനെ നോക്കി ചിരിച്ചു. 
                          
                                     . .. .. .. .. . .. .. .. .. . .. .. .. ..

എല്‍.റ്റി മറാട്ട്
2020 ജൂലൈ 26Sunday, May 10, 2020

ഉണ്ടക്കണ്ണി

ഒന്ന്

    ഒന്നാം തീയതി രാവിലെ തന്നെ അടുക്കള വശത്തുള്ള തെങ്ങിന്‍കുഴിയില്‍ ജാനകിയമ്മ എന്തോ തിരയുകയാണ്. ആ സമയം മതിലിന് മുകളില്‍ കൂടി നടന്നുപോയ തൊട്ടടുത്ത വീട്ടിലെ കിങ്ങിണി എന്ന് പേരുള്ള പൂച്ച കാര്യം എന്താണെന്നറിയാനായി കുറച്ചു നേരമവിടെ കുത്തിയിരുന്നു. ജാനകിയമ്മ നടന്ന് അലക്കുകല്ലിനരികിലെത്തി. കുറച്ച് മുന്നേ അതിന് ആറ് മീറ്റര്‍ മുകളില്‍ കൂടി പറന്നുപോയൊരു കാക്കയുടെ വിസര്‍ജ്ജനാവയവത്തില്‍ നിന്ന് ഗുരുത്വാകര്‍ഷണബലം നിമിത്തം താഴേക്ക് വീണ കാഷ്ഠം അലക്കുകല്ലിന്റെ അറ്റത്തായി തെളിഞ്ഞിരിപ്പുണ്ടായിരുന്നു. അതില്‍ തട്ടാതെ വലതു കൈ മുകളില്‍ കുത്തി ജാനകിയമ്മ കല്ലിന് പുറകിലേക്ക് എത്തി നോക്കി. കരിമേഘങ്ങള്‍ സൂര്യനെ വന്ന് മൂടുന്നതുപോലെ ജാനകിയമ്മയുടെ മുഖത്തേക്ക് അതിതീവ്രമായ നിരാശ ഒഴുകിയെത്തി.

    അടുക്കള വാതിലിനരികിലെത്തി അകത്തേക്ക് നോക്കി ജാനകിയമ്മ ഉറക്കെ വിളിച്ചു.
    ''ടോ മനുഷ്യാ.. നിങ്ങളവിടെ എന്തെടുക്കുവാ..? പത്രം തിന്നു കഴിഞ്ഞെങ്കി ഒന്നിങ്ങോട്ട് വന്നേ''

    അത്രയും നേരം അക്ഷമയോടെ കാത്തിരുന്ന കിങ്ങിണി മതിലുചാടി തന്റെ വീട്ടിലേക്ക് പോയതിന്റെ തൊട്ടടുത്ത നിമിഷം അടുക്കള വാതിലിനരികില്‍ പത്ത് നരച്ച രോമങ്ങള്‍ മാത്രം കൃത്യമായി എണ്ണിയെടുക്കാന്‍ കഴിയുന്ന ഒരു തല പ്രത്യക്ഷപ്പെട്ടു. പിന്നാലെ അതിന്റെ ഉടമസ്ഥനും. ജാനകിയമ്മയുടെ ഒരേയൊരു ഭര്‍ത്താവ് സുകുമാരന്‍ കാര്യമെന്തന്നറിയാനായി ഒരു നോട്ടം തെങ്ങിന്‍കുഴിയിലേക്ക് തൊടുത്തു. പിന്നെ ജാനകിയമ്മയുടെ മുഖത്തേക്കും.

    ''രാവിലെ എന്താടി തെങ്ങിന്‍കുഴിയില്‍?'' സുകുമാരന്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ ചോദിച്ചു. 

    ''എനിക്കിപ്പോ അറിയണം''. ജാനകിയമ്മയുടെ മുഖം പെട്ടെന്ന് ദേഷ്യംകൊണ്ട് ചുവന്നു.

    ''എന്തറിയണമെന്നാ?''

    ''നിങ്ങള്‍ക്കൊന്നുമറിയില്ലല്ലേ?''

    ''ശ്ശെടാ, നീ കാര്യം പറയാതെ ഞാനെന്തറിയാനാ'' 

    ''ആ എന്നാ ഞാന്‍ കാര്യം പറയാം. ഇന്നലെ രാത്രി ഞാന്‍ ഡൈനിംഗ്‌ടേബിളിന് മുകളില്‍ വെച്ചിരുന്ന രണ്ട് ഏത്തപ്പഴം ഇപ്പോ കാണാനില്ല. കിടക്കുന്നതിന് തൊട്ടുമുന്‍പ് വരെ ഞാനത് കണ്ടതാണ്. രാത്രിയില്‍ നിങ്ങളല്ലേ അതെടുത്ത് കഴിച്ചത്?'' ജാനകിയമ്മ ഉത്തരത്തിനായി ഭര്‍ത്താവിനെ നോക്കി.

    സുകുമാരന്‍ ഒന്നും മനസ്സിലാകാത്തതുപോലെ വാതിലില്‍ നിന്നിറങ്ങി പുറത്തേക്കുള്ള ആദ്യത്തെ പടിയില്‍ നിന്നു. എന്തേലും പറയാന്‍ തുടങ്ങുന്നതിന് മുന്‍പേ ജാനകിയമ്മ നടന്ന് സുകുമാരനരികിലെത്തി. 

    ''ഞാനതിന്റെ തൊലി തിരയുകയായിരുന്നു. അതെന്തായാലും തിന്നാന്‍ പറ്റിലല്ലോ. തെളിവ് കണ്ടെത്തിയിട്ട് ബാക്കി ഞാന്‍ തരുന്നുണ്ട്.''

    ജാനകിയമ്മ ചാടിത്തുള്ളി വീണ്ടും തെങ്ങിന്‍കുഴിയിലേക്ക് പോയി. ഏത്തപ്പഴം വയറ്റിലാക്കിയത് താനല്ലായെന്ന് സുകുമാരന് ഭാര്യയോട് പറയണമെന്നുണ്ടായിരുന്നു. വിശ്വസിക്കില്ല എന്ന് നൂറ്റമ്പത് ശതമാനം ഉറപ്പുള്ളതുകൊണ്ട് അതിന് മുതിര്‍ന്നില്ല എന്നതാണ് വാസ്തവം. കാ വറുത്തതോ അച്ചപ്പവോ വാങ്ങുന്ന ദിവസം രാത്രി ആരുമറിയാതെ അടുക്കളയില്‍ കയറി ആറ് അണപ്പല്ലുകള്‍ നഷ്ടപ്പെട്ട വായുംവെച്ച് അതൊക്കെ കട്ടുതിന്നുന്ന തരക്കാരനാണ് തന്റെ ഭര്‍ത്താവെന്ന് മറ്റാരെക്കാളും നന്നായി ജാനകിയമ്മയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ ഏത്തപ്പഴമെങ്ങനെയാണ് വായുവില്‍ അലിഞ്ഞതെന്ന് അവര്‍ അനുമാനിച്ചിരുന്നു. 

    പക്ഷെ അച്ചപ്പവും കാ വറുത്തതും പോലെയായിരുന്നില്ല ജാനകിയമ്മയ്ക്ക് ഏത്തപ്പഴം. ഇന്നലെയത് കടയില്‍ നിന്ന് വാങ്ങിവന്ന നിമിഷം മുതല്‍ വല്ലാത്തൊരു ആത്മബന്ധം ഏത്തപ്പഴത്തോട് ജാനകിയമ്മയ്ക്ക് തോന്നിതുടങ്ങിയിരുന്നു. അത് മറ്റൊന്നുംകൊണ്ടല്ല. നാല് ആണവതാരങ്ങള്‍ക്കും ശേഷം റിലീസായ തന്റെ ഒരേയൊരു പെണ്‍തരിയെ കാണാന്‍ അമ്മ നാട്ടില്‍ നിന്ന് മൂന്ന് ബസ്സ് ഇറങ്ങി കയറി വരുന്നുണ്ട്. അങ്ങനെ വരുന്ന അമ്മയ്ക്ക് ഒന്നാമത്തെ ജീവനായ ജാനകിമോള്‍ കഴിഞ്ഞാല്‍ പിന്നത്തെ ജീവനാണ് ഏത്തപ്പഴം. ദിവസം കുറഞ്ഞത് ഒരു ഏത്തപ്പഴമെങ്കിലും അകത്ത് എത്തിപ്പെട്ടിലെങ്കില്‍ ജാനകിയമ്മയുടെ അമ്മയ്ക്ക് ആകെ വെപ്രാളമാണ്.  
ഒന്നാം  തീയതി രാവിലെ പതിനൊന്ന് മണിയുടെ മൂണ്‍ലൈറ്റില്‍ വന്നിറങ്ങി വാതം അലട്ടുന്ന കാലുമായി അരകിലോമീറ്ററോളം നടന്ന് തന്നെ കാണാന്‍ വരുന്ന അമ്മയ്ക്ക്  നല്‍കാനായി കൊതിയോടെ വാങ്ങിവെച്ചതായിരുന്നു ജാനകിയമ്മ ആ രണ്ട് ഏത്തപ്പഴം. അതാണിപ്പോള്‍ തൊലിപോലും അവശേഷിപ്പിക്കാത്ത വിധം കാണാതായിരിക്കുന്നത്. 
    സുകുമാരന്‍ അപ്പോഴേക്കും മുന്‍വശത്തെ മുറിയിലെത്തി പത്രം വായന പുനരാരംഭിച്ചിരുന്നു. പുറത്ത് നടന്നുകൊണ്ടിരിക്കുന്ന ബഹളകോലാഹലങ്ങള്‍ക്ക് അയാള്‍ കഴിവതും ചെവിക്കൊടുക്കാതിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സുകുമാരന്റെ വലിയ രണ്ട് കണ്ണുകള്‍ ഗേയിറ്റിനഭിമുഖമായി ഇരിക്കുന്ന ജനാലയിലൂടെ ഇറങ്ങി പുറത്തേക്ക് പാഞ്ഞു. ജാനകിയമ്മ എന്തോ പറഞ്ഞുകൊണ്ട് ജനലിനരികിലൂടെ നടന്ന് ഗേയിറ്റിന് മുന്നിലേക്ക് വരുന്നത് തന്റെ അറുപതാം വയസ്സിലും കണ്ണടയില്ലാതെ വ്യക്തമായി കണ്ടു.
ഒരു ലോറി കയറ്റിയിട്ടാല്‍ ഇടമില്ലാതാകുന്ന മുറ്റമാണ് ജാനകിയമ്മയുടെ വീടിനുള്ളത്. അങ്ങനെയുള്ള മുറ്റത്തിന്റെ ഒരോ സെന്റീമീറ്ററിലേക്കും ജാനകിയമ്മ പഴത്തൊലിക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. പത്രം വായന നിര്‍ത്തി പുറത്തേക്കിറങ്ങി വന്ന സുകുമാരന്‍ ഒന്നും പറയാന്‍ നില്‍ക്കാതെ ഭാര്യയ്‌ക്കൊപ്പം കൂടി. 

    ''ഇനി മതിലിനപ്പുറം വല്ലോം പോയി വീണിട്ടുണ്ടാകുമോ?'' തെല്ലൊരു സംശയത്തോടെ സുകുമാരന്‍ ചോദിച്ചു.

    ''പറഞ്ഞോണ്ട് വടിപോലിങ്ങനെ നില്‍ക്കാതെ എത്തിയങ്ങോട്ട് നോക്ക് മനുഷ്യാ..'' ജാനകിയമ്മ തെല്ലരിശത്തോടുകൂടി പറഞ്ഞു.

    സുകുമാരന്‍ മതിലിനടുത്തേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ പന്ത്രണ്ട് വീടുകള്‍ക്കപ്പുറമുള്ള മോളി ഗേയിറ്റ് തുറന്ന് മുറ്റത്തേക്ക് വന്നു. കയറിവന്നയുടന്‍ മോളി ജാനകിയമ്മയേയും സുകുമാരനേയും നോക്കി സുന്ദരമായി ചിരിച്ചു. 

    പക്ഷെ ജാനകിയമ്മ നോക്കിയത് മോളിയുടെ കാലുകളിലേക്കായിരുന്നു.

    ''നീ വലതുകാല് വെച്ചുതന്നെയല്ലേ കയറിയത്?'' ജാനകിയമ്മ മോളിയോട് ചോദിച്ചു.
 
    മോളി അതേ എന്നും പറഞ്ഞ് ചിരിച്ച് തലയാട്ടി.

    ''അകത്തേക്ക് വാ''. ജാനകിയമ്മ സാരിത്തലപ്പുകൊണ്ട് മുഖം തുടച്ചുകൊണ്ട് പറഞ്ഞു. 

    മോളി മുന്നിലും ജാനകിയമ്മ പിന്നാലെയും വീടിനകത്തേക്ക് കയറി. കുറച്ചു നേരം കഴിഞ്ഞ് സുകുമാരനും.

    എല്ലാ മാസവും ഒന്നാം തീയതി മോളി രാവിലെ കൃത്യം എട്ട് മണിയ്ക്ക് തന്നെ ജാനകിയമ്മയുടെ വീട്ടിലെത്തും. അന്നത്തെ ദിവസം വീട്ടിലേക്ക് കയറുന്ന ആദ്യത്തെയാള്‍ മോളി ആയിരിക്കും. ഒരു മാസം പ്രയാസങ്ങളൊന്നുമില്ലാതെ പോകുന്നത് മോളി അങ്ങനെ കയറുമ്പോള്‍ കൂടെ വരുന്ന ഐശ്വര്യമാണെന്ന് ജാനകിയമ്മ വിശ്വസിച്ചിരുന്നു. ജാനകിയമ്മ മാത്രമല്ല, ആ നാട്ടിലെ മിക്ക വീട്ടുകാരും മോളിയെ ഒരു ഐശ്വര്യദേവതയായി കണ്ട് ആരാധിച്ചിരുന്നു. വരുന്ന ഭാവിയില്‍ മോളിക്കായി ഉയരുന്ന ആരാധനാലയത്തെ കുറിച്ച് സുകുമാരന്‍ വെറുതെ ചിന്തിച്ചു. 

    മോളി മുന്‍വശത്തെ മുറിയിലെ സോഫയില്‍ ഇരിക്കുകയാണ്. എതിര്‍വശത്ത് കസേരയില്‍ സുകുമാരനും ഇരിപ്പുണ്ട്. ജാനകിയമ്മ നടന്ന് അടുക്കളയ്ക്കരികില്‍ ഇട്ടിരിക്കുന്ന ഡൈനിംഗ്‌ടേബിളിന് അടുത്തെത്തി. എല്ലാ മാസവും വരുമ്പോള്‍ ചെറിയൊരു കൈനീട്ടം ജാനകിയമ്മ മുടങ്ങാതെ മോളിക്ക് കൊടുക്കാറുണ്ട്. മോളി പ്രതീക്ഷയോടെ ഡൈനിംഗ്‌ടേബിളിനരികിലേക്ക് നോക്കി. ജാനകിയമ്മ ഡൈനിംഗ്‌ടേബിളിന് മുകളില്‍ നിന്നെടുത്ത കഴിഞ്ഞ ഓണത്തിന് കമ്മല് മാറ്റിയപ്പോള്‍ ചിന്നൂസ് ജ്വല്ലറിയില്‍ നിന്ന് ഫ്രീയായി കിട്ടിയ ചെറിയൊരു പേഴ്‌സിലേക്ക് മോളിയുടെ രണ്ട് കണ്ണുകളും ഒന്നിച്ചുടക്കി.

    നരസിംഹാവതാരത്തിന്റെ കൈയിലകപ്പെട്ട ഹിരണ്യകശ്യപുവിനെ പോലെ ജാനകിയമ്മ സിമ്പ് തുറന്ന് പേഴ്‌സിനെ ഇരുവശത്തേക്കും പിളര്‍ത്തി. തൊട്ടടുത്ത നിമിഷം 'അയ്യോ' എന്നൊരു നിലവിളി ജാനകിയമ്മയുടെ ശബ്ദനാളത്തിലൂടെ പുറത്തേക്ക് വീണ് ചിതറി. അവരുടെ കൈയില്‍ നിന്ന് പേഴ്‌സ് ഡൈനിംഗ് ടേബിളിന് മുകളിലേക്ക് സ്‌ലോമോഷനില്‍ വീണു. തുറന്ന് കിടന്നിരുന്ന പേഴ്‌സിലേക്ക് സുകുമാരനും മോളിയും കണ്ണ് കൊടുത്തു. അതിനകത്ത് ആവശ്യത്തിലധികം ശൂന്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

    കാര്യമെന്തന്നറിയാനായി സുകുമാരന്‍ ചാടി കസേരയും പിറകിലേക്ക് മറിച്ചിട്ടെഴുന്നേറ്റ് ജാനകിയമ്മയുടെ അടുത്തേക്ക് വന്നു. ജാനകിയമ്മ സുകുമാരന്റെ കണ്ണുകളിലേക്കും തൊട്ടുപിന്നാലെ ഡൈനിംഗ്‌ടേബിളിന് മുകളില്‍ ചത്തുമലച്ചുകിടക്കുന്ന തന്റെ പേഴ്‌സിലേക്കും നോക്കിയിട്ട് ഇപ്രകാരം പറഞ്ഞു.

    ''മോളിക്ക് കൈനീട്ടം കൊടുക്കാനായി വെച്ചിരുന്ന അറുപത് രൂപ കാണാനില്ല..!''

    ആ നിമിഷം മോളി വലിയ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ സോഫയില്‍ നിന്ന് ചാടിയെഴുന്നേറ്റു. മോളിയുടെ വലതുകാലിലെ തള്ളവിരലറ്റത്തു നിന്ന് ചെറിയൊരു തരിപ്പ് മിന്നല്‍ വേഗത്തില്‍ തലച്ചോറിലേക്ക് ഓടിയെത്തി അമിട്ട് പൊട്ടുന്നതുപോലെ ചിന്നി ചിതറി. എന്നാല്‍ പെട്ടെന്നുതന്നെ മോളി ജാനകിയമ്മയേയും സുകുമാരനേയും മാറി മാറി നോക്കി തന്റെ പല്ലുകള്‍ മുഴുവന്‍ കാട്ടി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

    ''സാരമില്ല.'' മോളി പറഞ്ഞു.

    ആ പറഞ്ഞത് സുകുമാരനും ജാനകിയമ്മയും കേള്‍ക്കുന്നതിന് മുന്‍പ് ഒരു ദിവ്യവെളിച്ചം ഡൈനിംഗ്‌ടേബിളിന് മുകളിലേക്ക് വീണു. സുകുമാരനും ജാനകിയമ്മയും ഒരുമിച്ച് മുകളിലേക്ക് നോക്കി. മുകളിലേക്ക് കയറി പോകാനുള്ള ടെറസ്സിലേക്ക് തുറക്കുന്ന പടികള്‍ക്കവസാനമുള്ള വാതില്‍ അതാ തുറന്ന് മലച്ചു കിടക്കുന്നു. ദീര്‍ഘ ചതുരാകൃതിയിലുള്ള വിടവിലൂടെ നോക്കിയപ്പോള്‍ കിഴക്ക് മുകളില്‍ നിന്നിരുന്ന സൂര്യന്‍ ദൂരെ നിന്ന് അവരെ നോക്കി ഒരു സലാം കൊടുത്തു. 

    ജാനകിയമ്മയ്ക്ക് മാത്രം കാര്യം മനസ്സിലായി. അവര്‍ അകത്തെ മുറിയിലേക്കോടി. മുറിയില്‍ മൂടിപുതച്ച് കിടന്നുറങ്ങുകയായിരുന്നു സുകുമാരന്റേയും ജാനകിയമ്മയുടേയും രണ്ടാമത്തെ മകള്‍ കോളേജ്കുമാരി ലത. മുറിയിലെത്തിയ ജാനകിയമ്മ വിശറിപോലിരിക്കുന്ന തന്റെ വലതു കൈപത്തി പുതപ്പിന് പുറത്തായി കൃത്യം ലതയുടെ ചന്തിക്ക് മുകളില്‍ 'ഠപ്പേ'ന്ന് പതിപ്പിച്ചു. ഭൂകമ്പത്തില്‍പെട്ട ബഹുനിലകെട്ടിടം കണക്കേ ലത ആടിയുലഞ്ഞ് ഞെട്ടി എഴുന്നേറ്റു. പ്രസവകിടക്കയില്‍ കിടന്ന് ആദ്യമായി അമ്മയെ കാണുന്ന പോലെ ലത ജാനകിയമ്മയെ നോക്കി കണ്ണ് തിരുമി. 

    ''എടീ... .. . .. . (മുട്ടന്‍ തെറിയാണ്.) ടെറസ്സില്‍ കിടന്ന തുണി പറക്കി തിരിച്ചുവന്നിട്ട് നീയിന്നലെ മുകളിലത്തെ കതക് അടച്ചില്ലേടീ.. . .  (വീണ്ടും തെറി.)''

    ലതയുടെ പ്രസിദ്ധമായ വലിപ്പമുള്ള കണ്ണുകള്‍ രണ്ടും ഇപ്പോള്‍ തെറിച്ച് വീഴും എന്ന് തോന്നിപ്പിക്കും വിധം പുറത്തേക്ക് തള്ളി. രണ്ട്

    സെക്കന്റ്‌ഷോ കണ്ട് മടങ്ങി വരുന്ന രണ്ട് ചെറുപ്പക്കാര്‍ ബൈക്കില്‍ മറഞ്ഞപ്പോള്‍ ഇരുട്ടില്‍ നിന്നൊരു രൂപം പുറത്തേക്കിറങ്ങി. മതിലിന്റെ മറവുപറ്റി ആ ചെറിയ മനുഷ്യന്‍ മുന്നിലേക്ക് നടന്നു. അത് കള്ളന്‍ നാണുകുട്ടനായിരുന്നു. 

    നടന്നു തുടങ്ങിയ നാണുകുട്ടന്‍ ദൂരെ നിന്ന് തന്നെ അത് കണ്ടു. കഷ്ടി അമ്പത് മീറ്റര്‍ അപ്പുറത്തുള്ളൊരു വീടിന്റെ ഒന്നാം നിലയിലെ പുറത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുന്നു. അകത്തെ മുറിയിലെ വെട്ടം വാതിലിന് ചുറ്റും തങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍ അമ്മാവാസി ദിനത്തില്‍ തനിക്ക് വേണ്ടി മാത്രം ഉദിച്ച ചന്ദ്രനെപോലെ നാണുകുട്ടന് തോന്നി. നാണുകുട്ടന്‍ ആ മോഹവലയത്തില്‍ ആകൃഷ്ടനായി. 

    നാണുകുട്ടന്‍ തന്റെ മുഷിഞ്ഞു നാറിയ കൈയിലി ഇരിഞ്ഞ് ഒന്നുകൂടി മുറുക്കി തട്ടുടുത്തു. ചുറ്റുപാടിലേക്കും പരന്നൊരു നോട്ടം പായിച്ച് മതിലുചാടി അകത്തേക്ക് കടന്നു. വര്‍ഷങ്ങളായി നാണുകുട്ടന്റെ വരവും കാത്ത് മുറ്റത്ത് നിന്നിരുന്ന മാവ് ആനന്ദനിവൃതിയോടെ ചെറുതായി ഒന്ന് കുലുങ്ങി. നാണുകുട്ടന്‍ മാവിനടുത്തേക്ക് നടന്നു. മുകളിലത്തെ മതിലിനും മാവിന്റെ കൊമ്പിനും ഇടയില്‍ ഒരു മീറ്ററിന് മുകളില്‍ അകലം കാണില്ലെന്ന് മനസ്സില്‍ കണക്കുകൂട്ടി. മാവിന്റെ ഉറച്ച തടിയില്‍ തന്റെ രണ്ട് കൈകളും കോര്‍ത്തു പിടിച്ച് നാണുകുട്ടന്‍ മുകളിലേക്ക് കയറാന്‍ തുടങ്ങി. നാണുകുട്ടന്റെ ഓരോ പിടുത്തത്തിലും മാവ് സായൂജ്യമടഞ്ഞു. 

    നാണുകുട്ടന്റെ നീളമുള്ള മെലിഞ്ഞ കാലുകള്‍ ഒരുവിധത്തില്‍ ഷേഡിന് മുകളിലേക്ക് ലാന്‍ഡ് ചെയ്തു. ഇടതുകൈകൊണ്ട് ടെറസ്സിലെ ഭിത്തിക്ക് മുകളില്‍ ബലമായി പിടിച്ച് പതിയെ മാവില്‍ നിന്ന് ഷേഡിലേക്ക് ഇറങ്ങി. അവിടെ നിന്ന് മുകളിലേക്ക് കയറി വളരെ വേഗത്തില്‍ നാണുകുട്ടന്‍ വാതിലിനടുത്തെത്തി. 

    നാണുകുട്ടന്‍ ഒരിക്കല്‍ കൂടി ചുറ്റിനും നോക്കി. പതിയെ കതക് അകത്തേക്ക് തള്ളി തുറന്ന് തന്റെ വലതുകാല്‍ അകത്തേക്ക് വെച്ചു. അപ്പോള്‍ വാതിലിന് മുകളിലെ ബള്‍ബിന്റെ വെളിച്ചത്തില്‍ നാണുകുട്ടന്‍ വീടിനകം കണ്ടു. താഴേക്കുള്ള പതിനാലുപടികളും പതിയെ ഇറങ്ങി ശ്വാസത്തെപോലും പുറത്തേക്ക് വിടാന്‍ പിശുക്കുകാട്ടി ശബ്ദമുണ്ടാക്കാതെ മുന്നോട്ട് നടന്നു. 
പടികള്‍ക്കരികില്‍ വിജനമായ മുന്‍സിപ്പാലിറ്റി മൈതാനം പോലെ നിലക്കൊള്ളുന്ന ഡൈനിംഗ്‌ടേബിളിന് മുകളിലേക്ക് നാണുകുട്ടന്റെ കണ്ണുകള്‍ നോട്ടം അവസാനിപ്പിച്ചു. തിരക്കൊഴിഞ്ഞ തെരുവില്‍ ആര്‍ക്കും വേണ്ടാതെ നിലകൊള്ളുന്ന ഗാന്ധി പ്രതിമ കണക്കേ രണ്ട് വലിയ ഏത്തപ്പഴങ്ങള്‍ ടേബിളിന് മുകളിലിരുന്ന് നാണുകുട്ടനെ നോക്കി മഞ്ഞളിപ്പോടെ ചിരിച്ചു. തന്റെ ചെപ്പടി വിദ്യങ്ങളൊന്നും പുറത്തെടുക്കാതെ തന്നെ ഏത്തപ്പഴം രണ്ടിനേയും നാണുകുട്ടന്‍ കൈയിലിക്കുള്ളിലാക്കി മൂടി. അപ്പോഴാണ് ടേബിളിന്റെ മൂലയ്ക്കിരിക്കുന്ന ചെറിയ പേഴ്‌സ് നാണുകുട്ടന്‍ കാണുന്നത്. അതില്‍ നിന്ന് കിട്ടിയ ഒരു അമ്പതു രൂപാ നോട്ടും പത്ത് രൂപാ നോട്ടും ഭദ്രമായി കൈയിലി പൊക്കി നിക്കറിന്റെ പോക്കറ്റിലേക്കിട്ടു. 

    ഡൈനിംഗ്‌ടേബിളിന് എതിരെയുള്ള മുറിയ്ക്കടുത്തേക്ക് പൂച്ചയെ പോലെ നാണുകുട്ടന്‍ നടന്നു. അതിനുള്ളിലെ അലമാര തുറന്ന് പണവും പണ്ടവും മോഷ്ടിക്കുന്നത് കിനാവുപോലെ മനസ്സിലേക്കൊഴുകിയിറങ്ങി. നാണുകുട്ടന്‍ ചാരിയിട്ടിരുന്ന മുറിയുടെ വാതില്‍ പതിയെ തുറന്നു. അപ്പോള്‍ പുറത്തു കാത്ത് നിന്ന ചെറിയ വെളിച്ചം മുറിയിലേക്ക് തിരക്കുകൂട്ടി ഓടിയെത്തി. 

    നാണുകുട്ടന്‍ മുറിക്കകത്തേക്ക് ഒന്നേ നോക്കിയുള്ളൂ. ഉടനെ തന്നെ പേടിച്ച് പുറത്തേക്ക് മാറി. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നി. എങ്ങനെയോ പടികള്‍ വേഗത്തില്‍ ഓടികയറി നാണുകുട്ടന്‍ ടെറസ്സിലെത്തി. അതിലും വേഗത്തില്‍ ഷേഡില്‍ നിന്ന് ചാടി മാവില്‍ കയറി നിരങ്ങി മുറ്റത്തെത്തി. മതിലുചാടി പുറത്തേക്കോടി. തന്നോടൊരു നന്ദിവാക്കുപോലും പറയാതെ പോകുന്ന നാണുകുട്ടനെ നോക്കി മാവ് പരിഭവത്തോടെ നിന്നു.

    ബാലാജി യുപി സ്‌കൂളിലേക്ക് തിരിയുന്ന ഇടവഴിയിലെത്തി നാണുകുട്ടന്‍ നിന്നു. കിതപ്പൊന്നടങ്ങിയപ്പോള്‍ കുറച്ച് മുന്നേ മുറിയില്‍ കണ്ട കാഴ്ച നാണുകുട്ടന്‍ ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തു. 

    വാതില്‍ തുറന്നപ്പോള്‍ അകത്തെ മുറിയിലെ കട്ടിലില്‍ കഴുത്തറ്റം വരെ മൂടി പുതച്ച് കിടക്കുകയാണ് സുകുമാരന്റേയും ജാനകിയമ്മയുടേയും മകള്‍ ലത. വാതിലിനഭിമുഖമായി ചരിഞ്ഞാണ് ലത കിടന്നിരുന്നത്. പക്ഷെ അവളുടെ കണ്ണുകള്‍ രണ്ടും തുറന്നിരിക്കുകയായിരുന്നു. ആ രണ്ട് വലിയ ഗോളങ്ങള്‍ തന്നിലേക്ക് തന്നെ വീഴുന്നതായി നാണുകുട്ടന്‍ അപ്പോള്‍ കണ്ടു. മൂന്ന് മുക്കിലെ ഓട്ടോസ്റ്റാന്റിന് പിന്നിലുള്ള കാളിയമ്മന്‍ കോവിലിലെ പ്രതിഷ്ഠയെ ജീവനോടെ കട്ടിലിന് മുകളില്‍ നാണുകുട്ടന്‍ കണ്ടു.  കാളിയമ്മയുടെ വലിയരണ്ടു കണ്ണുകള്‍ അഗ്നിഗോളം കണക്കേ തന്നെ വിഴുങ്ങാന്‍ വരുന്നതായി അയാള്‍ക്ക് തോന്നി. തന്റെ തസ്‌ക്കരചരിത്രത്തിലാദ്യമായി നാണുകുട്ടന്‍ പേടിയോടെ നിന്ന് വിറച്ചു. 

    സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്ന സര്‍വ്വേകല്ലിന് മുകളിലിരുന്ന് നാണുകുട്ടന്‍ തന്റെ നെഞ്ചില്‍ തൊട്ടു നോക്കി. ചെറിയൊരു ആശ്വാസത്തോടെ ഒന്നമര്‍ന്നിരുന്നു. നല്ല ക്ഷീണം തോന്നി. രണ്ട് ഏത്തപ്പഴവും അപ്പോള്‍ തന്നെ എടുത്ത് നാണുകുട്ടന്‍ തിന്നു. ശേഷം അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങിയ പഴത്തൊലി സ്‌കൂളിനകത്തുള്ള കഞ്ഞിപുരയ്ക്ക് പിറകിലായി വീണ് വിശ്രമിച്ചു. 

നാണുകുട്ടന്‍ പതിയെ എഴുന്നേറ്റ് ഇരുട്ടിലേക്ക് നടക്കാന്‍ തുടങ്ങി.

ഇതേ സമയം സുന്ദരമായ എന്തോ സ്വപ്നവും കണ്ടച് സുഖനിദ്രയിലാണ്ട് കിടക്കുകയായിരുന്നു ലത. പക്ഷെ കണ്ണ് രണ്ടും തുറന്നിരിക്കുകയാണ്. അതേ.. നിങ്ങള്‍ ശരിക്കും നോക്കിയേ. ലത മീനുകളെ പോലെ കണ്ണ് തുറന്നാണ് ഉറങ്ങുന്നത്. നേരാണ്, ഉറങ്ങുമ്പോള്‍ ലതയുടെ കണ്‍പോളകള്‍ പകുതിയെ അടയൂ. 

അത്രയ്ക്ക് വലുതായിരുന്നു അവളുടെ ഉണ്ടകണ്ണുകള്‍..!എല്‍.റ്റി മറാട്ട്
10.05.2020


Saturday, February 23, 2019

"പണികള്‍" അക്കൗണ്ട് തുറക്കുന്നു.

ഭാഗം 4
'പണികള്‍' അക്കൗണ്ട് തുറക്കുന്നു.

യാത്ര തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും സുന്ദരമായൊരു ഉറക്കം കിട്ടിയത്. പ്രേതകഥകളും തടികള്‍ക്കിടയിലൂടെ നുഴഞ്ഞുകയറിയ തണുപ്പും യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉറക്കത്തിന് നല്‍കിയില്ല. രാവിലെ അഞ്ചരയ്ക്ക് അലാറാം മുഴങ്ങിയെങ്കിലും കട്ടിലില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ ആറ് മണി കഴിഞ്ഞിരുന്നു. ബാല്‍ക്കണിയിലേക്ക് നടന്നുചെല്ലുമ്പോള്‍ റഗ്‌സിന്‍ അവിടെ നില്‍പ്പുണ്ട്. ഇന്നലത്തെ അതേ വേഷം തന്നെ. ഞങ്ങള്‍ പരസ്പരം ഗുഡ്‌മോണിംഗ് പാസ്സാക്കി. ഹിന്ദി ഒട്ടും തന്നെ വശമില്ലാത്തതുകൊണ്ട് അറിയാവുന്ന ഇംഗ്ലീഷൊക്കെ തട്ടിവിട്ടാണ് റഗ്‌സിനോട് സംസാരിക്കുന്നത്. എന്റെ രൂപം കണ്ടിട്ടാകണം, ഞാന്‍ പഠിക്കുകയാണോ എന്നാണ് അയാള്‍ ആദ്യം തിരക്കിയത്. ടീച്ചറാണെന്നും കല്ല്യാണം കഴിഞ്ഞെന്നുമൊക്കെ മറുപടികൊടുത്തത് റഗ്‌സിന്‍ വിശ്വസിച്ചിട്ടുണ്ടാകുമോ എന്തോ. അയാള്‍ക്ക് 32 വയസ്സുണ്ടെന്ന് പറഞ്ഞു. അധികമൊന്നും പഠിക്കാന്‍ പോകാന്‍ പറ്റിയട്ടില്ല. പന്ത്രണ്ടാം ക്ലാസ്സ് വരെ അവിടെ വിദ്യാഭ്യാസം സൗജന്യമാണത്രേ. ടിബറ്റുകാര്‍ക്കാകണം. പക്ഷെ ഉപരിപഠനത്തിന് ലേയിലേക്കോ കാശ്മീരിലേക്കോ പോകേണ്ടി വരും. അതുപോലെ മറ്റൊരു കാര്യം, വൈകുന്നേരം ആറ് മണിമുതല്‍ രാത്രി പതിനൊന്ന് മണി വരെയേ ഇവിടെ കറണ്ട് ഉള്ളൂ. ബാക്കിയുള്ള സമയങ്ങളില്‍ സോളാറിന്റെ സഹായം തേടേണ്ടി വരും.

Photo © Nithesh Suresh

റഗ്‌സിന്‍ പെട്ടെന്ന് സീരിയസ്സായി. പിന്നെ സംസാരിച്ചത് മുഴുവന്‍ ആഗോള താപനത്തെ (Global Warming) പറ്റിയായിരുന്നു. തന്റെ കുട്ടികാലത്ത് ഇങ്ങനെയൊന്നുമായിരുന്നില്ല ഇവിടുത്തെ കാലാവസ്ഥയെന്ന് അയാള്‍ വളരെ വിഷമത്തോടെ പറഞ്ഞു. ഈ സമയത്തൊക്കെ ഒരടിയിലേറെ പൊക്കത്തില്‍ ഐസ് വീണ് കിടക്കുന്ന ഒരു കാലമുണ്ടായിരുന്നത്രേ. ഇപ്പോള്‍ ഓരോ വര്‍ഷം കഴിയും തോറും ഇവിടെ ചൂട് കൂടി വരികയാണ്. നമ്മളിപ്പോഴും അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നതേയില്ല എന്നതാണ് വസ്തുത. മത്സരിക്കുമ്പോള്‍, എല്ലാം വെട്ടിപ്പിടിച്ചോണ്ടിരിക്കുമ്പോള്‍ നമ്മുടെ ഭൂമി തന്നെയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാനും മാറി ചിന്തിക്കാനും നമുക്കൊക്കെ എവിടുന്നാണ് സമയം. കേരളത്തെ പറ്റി റഗ്‌സിന് യാതൊരു അറിവുകളുമില്ലെങ്കിലും വലിയൊരു ദുരന്തത്തിന്റെ തുടക്കമാണ് അതിന്റെ ലക്ഷണങ്ങളാണ് ഇതൊക്കെയെന്ന് അയാളുടെ സംസാരം നിറയെ ഉണ്ടായിരുന്നു. നിങ്ങള്‍ എവിടെയുള്ളവരാണെങ്കിലും ഇതൊക്കെ നിങ്ങള്‍ക്ക് കൂടിയുള്ള താക്കീതാണെന്നും.

റഗ്‌സിന്‍ ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുന്ന ഒരു വാക്കായിരുന്നു, ശാന്തി. ചോദിച്ചപ്പോള്‍ അയാള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം അതാണെന്നും ഈ ലോകം അതില്‍ തന്നെ എന്നും പുലരണമെന്നും അയാള്‍ പറഞ്ഞു. ഞാന്‍ കരുതിയതുപോലെ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അറിവുള്ളതുപോലെ Peaceful എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് റഗ്‌സിനും ആ വാക്ക് ഉപയോഗിച്ചത്. റഗ്‌സിനൊപ്പം നിന്നൊരു സെല്‍ഫിയെടുത്തു. അയാള്‍ എത്ര സുന്ദരനാണ്..!
വളരെ വേഗം ഞങ്ങള്‍ തയ്യാറായി ഇറങ്ങി. റഗ്‌സിനോടും കുടുംബത്തോടും യാത്ര പറഞ്ഞു. മുറ്റത്തേക്കിറങ്ങിയപ്പോള്‍ താഴത്തെ നിലയില്‍ വരാന്തയില്‍ ഇരുന്നിരുന്ന മുത്തശ്ശി ഞങ്ങള്‍ക്കരികിലേക്ക് വന്നു. അവരുടെ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു. സന്തോഷം പങ്കുവെയ്ച്ചതാകണം. ഞങ്ങളെല്ലാംകൂടി ഒരുമിച്ചിരുന്ന് ഒരു ഫോട്ടോ കൂടി എടുത്ത് 'കുന്‍സല്‍ യുര്‍ദും' ഹോം സ്‌റ്റേയോട് നന്ദി പറഞ്ഞ് അടുത്ത ലോകത്തിലേക്കുള്ള യാത്ര ആരംഭിച്ചു. സമയം ഏഴ് മണി കഴിഞ്ഞിട്ടുണ്ടാകണം.

Photo © Nithesh Suresh
നുബ്രാവാലിക്ക് അടുത്ത് തന്നെയുള്ള ഡിസ്‌കിത് ആശ്രമ (Diskit Monastery) ത്തിലേക്കാണ് ആദ്യം പോയത്. നുബ്രാവാലിയിലെ ഏറ്റവും പഴക്കം ചെന്ന ബുദ്ധസന്ന്യാസിമാരുടെ ആശ്രമമാണ് ഡിസ്‌കിത്. പതിനാലാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. ഇവിടുത്തെ വലിയ ആശ്രമവും ഇത് തന്നെ. നല്ല ഉയരത്തിലുള്ള മലയുടെ മുകളിലാണ് ആശ്രമം. പ്രധാന കവാടം വരെ വണ്ടി പോകും. മലകയറുമ്പോള്‍ വഴിക്കരികിലായി ചെറിയ താഴികകുടം കണക്കെയുള്ള നിര്‍മ്മിതികള്‍ നിറയെ കാണാം. അതിന്റെ ദേഹത്ത് മുഴുവന്‍ വെള്ള നിറം പൂശിയിട്ടുണ്ട്. ബുദ്ധസന്ന്യാസിമാരുടെ ശവകുടീരങ്ങളാണതെന്ന് കര്‍മ്മാജി പറഞ്ഞു. പ്രധാന കവാടത്തിനരികില്‍ വണ്ടി ഒതുക്കി ഞങ്ങള്‍ പുറത്തേക്കിറങ്ങി. നല്ല ചൂടുണ്ട് പുറത്ത്. നേരത്തെ പറഞ്ഞുവെച്ച തീരുമാനത്തില്‍ ചെറിയൊരു മാറ്റം വരുത്തി. ഒരുപാട് ദൂരം ഓടിയെത്തേണ്ടത്‌കൊണ്ട് ആശ്രമത്തിനകത്തേക്ക് കയറണ്ട എന്നൊരു അഭിപ്രായം വന്നു. അത് എല്ലാവര്‍ക്കും സമ്മതമായിരുന്നു. 32 മീറ്ററോളം ഉയരമുള്ള ആശ്രമത്തിലെ പ്രധാന ആകര്‍ഷണമായ ബുദ്ധപ്രതിമ ഇപ്പോള്‍ വളരെ അടുത്തായി കാണാം. ഷയോക് നദിയെ നോക്കിയിരിക്കുന്ന ബുദ്ധന് വല്ലാത്തൊരു ഭംഗിയാണ്.

ഷയോക് നദികരയിലൂടെയാണ് യാത്ര. ചിലപ്പോള്‍ നദിക്ക് വളരെയടുത്തുകൂടിയാണ് റോഡ് നീളുന്നത്. എന്നാല്‍ വലിയ കുന്നുകള്‍ കയറുമ്പോള്‍ നദിയും താഴ്‌വരയും ചേര്‍ന്നൊരുക്കുന്ന മനോഹരമായ ദൂരകാഴ്ചകള്‍ക്കും സാക്ഷിയാകാം. അവിടെ നിന്ന് നോക്കുമ്പോള്‍ മണ്ണിന്റെ നിറം തന്നെയാണ് നദിക്കും എന്ന് തോന്നും. പത്തരയോടെ ഞങ്ങള്‍ അഗം (Agham) എന്ന സ്ഥലത്തെത്തി. ഇവിടെവെച്ച് റോഡ് രണ്ടായി തിരിയുന്നുണ്ട്. ലേയിലേക്ക് വലത്തേക്കും പാഗോംങ് (Pangong) പോകാന്‍ ഇടത്തേക്കുമാണ് തിരിയേണ്ടത്. ഞങ്ങള്‍ ഇടത്തേക്കുള്ള റോഡിലേക്ക് കയറി ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി ചെറിയൊരു കടയ്ക്ക് മുന്നില്‍ വണ്ടിയൊതുക്കി. കടയിലേക്ക് കയറിയപ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടത് ഒരു മുന്നറിയിപ്പ് ബോര്‍ഡാണ്. ഹിമപ്പുലി (Snow Leopard) ഇറങ്ങാറുണ്ട്, ജാഗ്രതൈ - അതായിരുന്നു സന്ദേശം. എന്തേലും പ്രശ്്നമുണ്ടായാല്‍ സ്വീകരിക്കേണ്ടുന്ന കാര്യങ്ങളെകുറിച്ചൊക്കെയാണ് അതില്‍ പറഞ്ഞിരിക്കുന്നത്. കൈകഴുകാനും കുടിക്കാനുമൊക്കെ ചെറിയ നീര്‍ച്ചാലില്‍ നിന്നും വരുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. ഭക്ഷണം കഴിച്ച് അധികം വൈകാതെ തന്നെ അവിടെ നിന്നിറങ്ങി.

Photo © Nithesh Suresh

കുറേ മുന്നോട്ട് ചെന്നപ്പോള്‍ ചെറിയൊരു അരുവി യാതൊരു കുലുക്കവുമില്ലാതെ മുന്നിലൂടെ ഒഴുകി താഴേക്ക് പോകുന്നു. അരുവിയെ മറി കടന്ന് വേണം ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍. രാവിലെ ആയത്‌കൊണ്ട് അതില്‍ വെള്ളം കുറവാണ്. വൈകുന്നേരത്തോടെ ഉരുകി വരുന്ന ഐസിന്റെ അളവ് കൂടും. അരുവില്‍ വെള്ളം ഉയരും. അപ്പോള്‍ അതിനെ മറികടന്നുപോകാന്‍ പ്രയാസമാണെന്ന് കര്‍മ്മാജി പറഞ്ഞു. യാത്ര അവിടെവെച്ച് അവസാനിപ്പിച്ച് തിരിച്ചുപോകേണ്ടി വരുമത്രേ. അരുവിയുടെ നെഞ്ചിലൂടെ കയറി ഞങ്ങടെ ശകടം പതിയെ മുന്നോട്ട് നീങ്ങി.

ഷയോക് വില്ലേജ് കഴിഞ്ഞപ്പോഴേക്കും കാഴ്ചകള്‍ പതിയെ മാറാന്‍ തുടങ്ങിയിരുന്നു. ഇത്രയും നേരം കൂടെയുണ്ടായിരുന്ന ഷയോക് നദി വീണ്ടും കാണാം എന്നും പറഞ്ഞ് ഞങ്ങളില്‍ നിന്ന് അകന്നുപോയി. റോഡിന്റെ അവസ്ഥയും പരിതാപകരമാകാന്‍ തുടങ്ങി. ചെറിയ കല്ലുകളാണ് നിറയെ. കര്‍മ്മാജി പക്ഷെ നല്ലൊരു അഭ്യാസിയെ പോലെ 'സൂപ്പര്‍ കൂളാ'യി വണ്ടി പറപ്പിച്ചു. വല്ലാത്തൊരു പഹയന്‍ തന്നെ. പതിനൊന്നരയോടെ ഞങ്ങള്‍ ദര്‍ബുക്കി (Durbuk) ലെത്തി. ലേയില്‍ നിന്ന് പാന്‍ഗോംങിലേക്കുള്ള പ്രധാനവഴി ചങ്ങ് ലാ (Chang La) പാസ്സ് വഴി വന്നിറങ്ങുന്നത് ദര്‍ബുക്കിലാണ്. തിരിച്ച് ആ വഴിയാണ് ഞങ്ങള്‍ക്ക് ലേ പിടിക്കേണ്ടത്.

ദര്‍ബുക്ക് മുതല്‍ കുറേയേറേ മിലിട്ടറി ക്യാമ്പുകള്‍ കണ്ടു തുടങ്ങി. അതും കഴിഞ്ഞ്, തന്‍ഗ്‌സേ (Tangtse) വില്ലേജ് പിന്നിട്ട് മുന്നോട്ട് പോകുന്തോറും റോഡ് വിജനമായിക്കൊണ്ടിരുന്നു. കുറച്ചു കൂടി ദൂരം കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ ഇന്നത്തെ 'പ്രധാന പയ്യന്‍സ്' പതിയെ തലപൊക്കി തുടങ്ങിയിരുന്നു.
ദൂരെ ദൂരെയതാ വലിയൊരു നീലപൊട്ട് തെളിഞ്ഞു വരുന്നു. അടുത്തേക്ക് ചെല്ലുന്തോറും അതിന്റെ വലിപ്പവും സൗന്ദര്യവും ഏറി വരികയാണ്. അതാ, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഉപ്പുതടാകം ഞങ്ങളെ സ്വാഗതം ചെയ്യുന്നു - ദി പാന്‍ഗോംങ് സോ (Pangong Tso- Pangong Lake). എന്തൊരു അനുഭവമാണത്..! ചാരനിറത്തിലുള്ള മലകള്‍ കൂടി ഇടയ്ക്കില്ലായിരുന്നെങ്കില്‍ ഒരു വലിയ നീലഗോളത്തിനകത്ത് അകപ്പെട്ടതുപോലെ ആയേനേ. ആര്‍ക്കാണ് നീലിമ കൂടുതല്‍ എന്ന് ആകാശവും തടാകവും വലിയൊരു മത്സരം തന്നെ നടത്തുന്നതായി തോന്നി. വെറുതെയല്ല സിനിമാക്കാരുടെ പ്രിയ ലൊക്കേഷനായി ഇവിടം മാറിയത്. ദില്‍ സേയും ത്രീ ഇഡിയറ്റ്‌സും ജബ് തക് ഹേ ജാനും-അങ്ങനെ അനവധി സിനിമകളില്‍ പ്രധാന നടിയായി ഇവള്‍ ഷൈന്‍ ചെയ്തതല്ലേ.

Photo © Nithesh Suresh

തടാകത്തിന്റെ കരയില്‍ താമസിക്കാനുള്ള ടെന്റുകള്‍ ദൂരെ നിന്ന് തന്നെ കാണാം. എന്നാല്‍ തടാകത്തിന് മുന്‍പ് ഇടത്തേക്ക് തിരിഞ്ഞ് പോയാല്‍ ലുകുങ് (Lukung) എന്നൊരു സ്ഥലമുണ്ടെന്നും അവിടെ ടെന്റുകളുടെ പകുതി വാടകയ്ക്ക് ഹോം സ്‌റ്റേ കിട്ടുമെന്നും കര്‍മ്മാജി പറഞ്ഞു. ടെന്റില്‍ ക്യാമ്പ് ചെയ്യുന്ന സഞ്ചാരികള്‍ പോകാറുള്ള പോയിന്റിലേക്കാണ് കര്‍മ്മാജി ഞങ്ങളെ കൊണ്ടുപോയത്. അവിടെയാകുമ്പോള്‍ തിരക്ക് കുറവാണ്. മതിയാവോളം തടാകത്തെ ഹൃദയത്തിലേക്ക് ചേര്‍ക്കാം. തടാകത്തിനടുത്തേക്ക് എത്തുമ്പോള്‍ കാണുന്ന ആദ്യ പോയിന്റില്‍ സഞ്ചാരികളുടെ വലിയ തിരക്കാണ്. ത്രീ ഇഡിയറ്റ്‌സിലെ മഞ്ഞ സ്‌കൂട്ടറും ജബ് തക് ഹേ ജാനിലെ ബുള്ളറ്റും പലയിടങ്ങളിലായി ഇരിപ്പുണ്ട്. അതിലിരുന്ന് ഫോട്ടോയെടുക്കാന്‍ സഞ്ചാരികള്‍ അവിടെ ഒഴുകുകയാണ്.

വണ്ടിയില്‍ നിന്നിറങ്ങി ഞങ്ങള്‍ പതിയെ തടാകത്തിനരികിലേക്ക് നടന്നു. നല്ല വെയിലുണ്ടെങ്കിലും അധികം ചൂട് അനുഭവപ്പെട്ടില്ല. ഏകദേശം 14,270 അടി മുകളിലാണ് തടാകം ഞെളിഞ്ഞങ്ങനെ കിടക്കുന്നത്.  ഇന്ത്യയിലാണ് തുടക്കമെങ്കിലും തടാകത്തിന്റെ അറുപത് ശതമാനത്തോളം ഭാഗം ചൈനയിലാണ്. ദൂരെ കാണുന്ന മഞ്ഞുമലകള്‍ക്കപ്പുറം അപ്പോള്‍ ചൈനയാകണം. മഞ്ഞ് കാലത്ത് ഇത് മുഴുവന്‍ ഐസാകുമെന്ന് കര്‍മ്മാജി പറഞ്ഞിരുന്നു. അപ്പോള്‍ ഇതിന് മുകളില്‍ കൂടി നടക്കാമത്രേ. നല്ല രസായിരിക്കും. എന്നെങ്കിലും ആ ഒരു സമയത്ത് ഇവിടെ വരണം. വെള്ളത്തിന് മുകളില്‍ കൂടി നടക്കാന്‍ പറ്റില്ല എങ്കിലും ഐസിന് മുകളില്‍ കൂടിയെങ്കിലും അത് സാധിക്കാമല്ലോ..!

Photo © Nithesh Suresh

തടാകകരയില്‍ സഞ്ചാരികളെ സ്വീകരിക്കാന്‍ കുതിരകളും യാക്കുകളും നില്‍പ്പുണ്ട്. അതിന്റെ പുറത്തേറി തടാകകരയിലൂടെ സവാരി നടത്തി വരാം. വേണമെങ്കില്‍ ടിബറ്റന്‍ പരമ്പരാഗത വേഷവും ധരിച്ച് തടാകകരയില്‍ നിന്ന് ഫോട്ടോ എടുക്കാം. ഞങ്ങള്‍ നടന്ന് തടാകത്തിനരികിലെത്തി. അവിടെ എത്തിയപ്പോള്‍ ഒരു കാര്യം ബോധ്യമായി. ആകാശത്തിന് രണ്ടാം സ്ഥാനമേ കൊടുക്കാന്‍ പറ്റൂ. അത്രയ്ക്ക് കേമമാണ് തടാകത്തിന്റെ നിറം. നീലയെന്ന് പറഞ്ഞാല്‍ എജ്ജാതി നീല..! വിജ്രംഭിച്ച്‌പോയി. അടിത്തട്ടിലുള്ള ഒരു ചെറിയ കല്ലിന്റെ ഭംഗിവരെ നല്ല വ്യക്തമായി കാണാം. നല്ല ക്രിസ്റ്റല്‍ ക്ലിയറായി വെള്ളം അനങ്ങാതെ കിടക്കുകയാണ്. കരയില്‍ നിന്നും ഇരുന്നും പലപോസുകളില്‍ ചാടിയും ക്യാമറയ്ക്ക് വിശ്രമം നല്‍കാതെ പണിയെടുപ്പിച്ചു. അതിന് ശേഷം പതിയെ തടാകത്തിലേക്കിറങ്ങി. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. സൂര്യന്‍ ഒരു പേരിന് തലയ്ക്ക് മുകളില്‍ കത്തി നില്‍ക്കുന്നു എന്നേ ഉള്ളൂ. വെള്ളത്തിന് ഒരു രക്ഷയുമില്ലാത്ത തണുപ്പാണ്. ഒരു മുപ്പത് സെക്കന്റ് അതില്‍ നിന്നാല്‍ കാല് മൊത്തത്തില്‍ ഐസായിപോകുന്ന അവസ്ഥ. എന്നാലും ആ കുറച്ച് നിമിഷത്തെ നില്‍പ്പൊരു സുഖായിരുന്നു.

Photo © Nithesh Suresh

കുറേ നേരം ഫോട്ടോയെടുത്തും തടാകത്തിന്റെ സൗന്ദര്യത്തില്‍ മയങ്ങിയും അവിടെ നിന്നു. വിശപ്പിന്റെ വിളി അതി കഠിനമായതിന് ശേഷമാണ് അവിടെ നിന്ന് മടങ്ങാന്‍ തീരുമാനിക്കുന്നത്. ആകെ തോന്നിയ ഒരു നഷ്ടബോധം അന്ന് രാത്രി അവിടെ സ്‌റ്റേ ചെയ്യാന്‍ കഴിയില്ലല്ലോ എന്നതാണ്. എന്നും ഓര്‍മ്മിക്കാന്‍ കുറച്ച് കല്ലുകള്‍ തടാകത്തില്‍ നിന്ന് പെറുക്കി ഹൃദയത്തിലിട്ട് രണ്ടരയോടെ അവിടെ നിന്ന് മടങ്ങി. വിശപ്പും ക്ഷീണവും കാരണം എല്ലാവരുടേയും കണ്ണുകള്‍പെട്ടെന്ന് തന്നെ അടഞ്ഞു. എവിടെയോ എത്തിയപ്പോള്‍ കര്‍മ്മാജി സഡന്‍ ബ്രേക്കിട്ട് വണ്ടി നിര്‍ത്തി. ആ കുലുക്കത്തിലാണ് എല്ലാവരും ഞെട്ടി എഴുന്നേറ്റത്. അപ്പോഴേക്കും തടാകത്തില്‍ നിന്ന് ഒരുപാട് അകലെ എത്തി കഴിഞ്ഞിരുന്നു ഞങ്ങള്‍.

Photo © Nithesh Suresh

ഒരു ഹിമാലയന്‍ മാര്‍മറ്റ് (Marmot) വണ്ടിക്ക് മുന്നിലൂടെ താഴെയുള്ള പാറക്കൂട്ടത്തിരികിലേക്ക് ഓടി. കര്‍മ്മാജി അപ്പോഴാണ് സഡന്‍ ബ്രേക്കിട്ടത്. വംശനാശഭീക്ഷണി നേരിടുന്ന ഐയുസിഎന്‍-റെഡ് ഡേറ്റാ ബുക്കിലുള്ള കക്ഷിയാണ് ഹിമാലയന്‍ മാര്‍മറ്റ്. ഞങ്ങള്‍ വണ്ടിയൊതുക്കി കുറച്ച് നേരം ആ വിരുതനെ കാത്തുനിന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും ആശാന്‍ മണ്ണിലുള്ള കുഴിയില്‍ നിന്നും വെളിയിലേക്ക് വന്നൊരു ദര്‍ശനം തന്നു. തവിട്ടു നിറമുള്ള ഒരു കമ്പിളി കുപ്പായക്കാരന്‍. അണ്ണാറകണ്ണന്റെ ഫാമിലി മെമ്പറാണ്. മുന്നിലേക്ക് തള്ളി നില്‍ക്കുന്ന രണ്ട് പല്ലുകളാണ് അവന്റെ ഹൈലൈറ്റ്. ഞങ്ങള്‍ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോള്‍ ആശാന്‍ രണ്ട് കാലില്‍ എഴുന്നേറ്റ് നിന്ന് ചില സര്‍ക്കസൊക്കെ കാണിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് പിന്നാലെ വന്ന സഞ്ചാരികളും അവിടേക്ക് എത്തിയപ്പോള്‍ കക്ഷി വീണ്ടും മാളത്തിലൊളിച്ചു.

കുറേ ദൂരം കഴിഞ്ഞപ്പോള്‍ വലിയൊരു ചെമ്മരിയാട്ടിന്‍ കൂട്ടം വഴി ഉപരോധിച്ചു. കുറച്ചു നേരം ക്ഷമയോടെ കാത്തിരുന്നതിന് ശേഷമാണ് യാത്ര തുടരാന്‍ കഴിഞ്ഞത്. മൂന്നരയോടെ ഞങ്ങള്‍ ദര്‍ബുക്ക് എത്തി. അവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്. തന്‍ഗ്‌സേ നിന്നും ഇന്തോ-ചൈന വാര്‍ മെമ്മോറിയല്‍ സ്ഥിതി ചെയ്യുന്ന ചുഷുള്‍ (Chushul) വഴി സോമൊറീറി (Tso Moriri) പോകാന്‍ വഴിയുണ്ട്. എന്നാല്‍ ഒരു ദിവസം കൂടി അതിന് വേണ്ടി മാറ്റിവെക്കേണ്ടി വരും. സോമൊറീറി കൂടി ചേര്‍ത്തുള്ള മൂന്ന് ദിവസത്തെ പാക്കേജിന് 38000 രൂപയാണ് കര്‍മ്മാജി പറഞ്ഞത്. അത് ഞങ്ങള്‍ അന്നേ വേണ്ടെന്ന് വെച്ചിരുന്നു. ലേ നിന്ന് തിരിച്ച് മണാലി പോകുമ്പോള്‍ സോമൊറീറി സന്ദര്‍ശിക്കാമെന്നാണ് കരുതിയാണ് ഞങ്ങള്‍ അവിടേക്കുള്ള പെര്‍മിഷനും എടുത്തുവെച്ചത്. ടാക്‌സികാരുടെ കണ്ണില്‍പ്പെടാതെ അവിടേക്ക് പോകാനുള്ള വഴിയും പറഞ്ഞുതരാമെന്ന് വിശാലമനസ്സ്‌കനായ കര്‍മ്മാജി പറഞ്ഞിരുന്നു.
ദര്‍ബുക്കില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു. വലതുവശത്ത് ഞങ്ങള്‍ നുബ്രാവാലിയില്‍ നിന്ന് വന്ന വഴിയാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ചങ്‌ലാ (Chang La) പാസ്സിലെത്തി. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ വലിയ പാസ്സാണ്. 17688 അടിയാണ് അവിടെ അടയാളപ്പെടുത്തിയിരിക്കുന്ന ഉയരം. അധിക നേരം പുറത്ത് നില്‍ക്കരുതെന്ന് കര്‍മ്മാജി ഞങ്ങള്‍ക്ക് മുന്നറിയിപ്പ് തന്നു. അവിടെ ഓക്‌സിജന്‍ നന്നേ കുറവാണ്. പുറത്തേക്കിറങ്ങിയപ്പോള്‍ ഞങ്ങള്‍ക്കും അത് ബോധ്യമായി. സ്തൂപത്തിന് മുന്നില്‍ നിന്ന് കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തി ഉടന്‍ തന്നെ ഞങ്ങള്‍ ചുരമിറങ്ങി തുടങ്ങി.

Photo © Nithesh Suresh

പേടിപ്പെടുത്തുന്ന പൊക്കത്തിലൂടെയാണ് യാത്ര. അവിടെ നടന്നിട്ടുള്ള അപകടങ്ങളെകുറിച്ചാണ് കര്‍മ്മാജിയുടെ സംസാരം മുഴുവന്‍. അടുത്തകാലത്തായി അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ശേഷിപ്പുകളും കര്‍മ്മാജി കാണിച്ചു തന്നു. അതില്‍ ഏറ്റവും ഭീകരമായി തോന്നിയത് കൊക്കയില്‍ മറിഞ്ഞുകിടക്കുന്ന ഒരു പട്ടാളട്രക്കിന്റെ കാഴ്ചയാണ്. മൂന്നോ നാലോ പട്ടാളക്കാര്‍ ആ അപകടത്തില്‍ മരണപ്പെട്ടത്രേ. കഴിഞ്ഞ മഞ്ഞ്കാലത്താണ് അപകടമുണ്ടായത്. ഐസിന് മുകളിലൂടെ പോകുമ്പോള്‍ ട്രക്കിന്റെ വീലുകള്‍ പരസ്പരം വലിയ ചങ്ങലകള്‍കൊണ്ട് ബന്ധിക്കും. ഐസില്‍ വണ്ടി തെന്നിമാറി അപകടത്തില്‍പ്പെടാതെയിരിക്കാന്‍ വേണ്ടി ചെയ്യുന്നതാണത്്. പക്ഷെ പുതുതായി പ്രവേശിച്ച സാഹസികരായ ചിലര്‍ അതൊന്നും കാര്യമാക്കാതെ ട്രക്ക് ഓടിച്ചത്രേ. അങ്ങനെയാണ് ഐസില്‍ നിന്ന് തെന്നിമാറി നിയന്ത്രണംവിട്ട്് ട്രക്ക് വലിയ താഴ്ചയിലേക്ക് വീണതെന്ന്് കര്‍മ്മാജി പറഞ്ഞു നിര്‍ത്തി. എന്നിട്ട് പാട്ടിന്റെ താളത്തില്‍ തലയും കുലുക്കി വലിയ വേഗത്തില്‍ തന്നെ കാര്‍ പറപ്പിച്ചു. അതൊരു നല്ല കിളിപോയ അനുഭവമായിരുന്നു.

പ്രധാനവഴിയില്‍ നിന്ന് മാറി കുറേയേറേ 'ഷോര്‍ട്ട് കട്ടുകള്‍' മുന്നോട്ട് പോകുന്നുണ്ടായിരുന്നു. കര്‍മ്മാജിയും ചില കുറുക്കുവഴികള്‍ തന്നെ തിരഞ്ഞെടുത്ത് മുന്നോട്ട് പോയി. അധികം വൈകാതെ തന്നെ ഞങ്ങള്‍ ശക്തി (Sakthi) എന്നൊരു ഗ്രാമത്തിലെത്തി. അവിടെയാണ് കുറേ നേരം കഴിഞ്ഞ് ഫോണിന് സിഗ്നല്‍ കിട്ടിയത്. ഫോണ്‍വിളിയും ചായകുടിയുമായി കുറച്ച് നേരം അവിടെ വിശ്രമിച്ചു. അഗം (Agham) നിന്ന് ലേയിലേക്ക് തിരിയുന്ന വഴി വന്ന് ചേരുന്നത് ഇവിടെയാണ്. അവിടെ നിന്ന് മണാലി-ലേ റൂട്ടിലെ ഹെമിസി (Hemis) ലെത്തുകയും രാത്രി എട്ട് മണിയോടുകൂടി രണ്ട് ദിവസത്തെ സര്‍ക്കീട്ടിന് ശേഷം ഞങ്ങള്‍ ലേ നഗരത്തില്‍ തിരിച്ചെത്തുകയും ചെയ്തു.

Photo © Nithesh Suresh

നേരത്തെ താമസിച്ചിരുന്ന ഗാല്‍വന്‍ പാലസ് തന്നെയാണ് ബുക്ക് ചെയ്തിരുന്നത്. ഞങ്ങളുടെ താറും ബുള്ളറ്റുമൊക്കെ അവിടെ പാര്‍ക്ക് ചെയ്തിട്ടായിരുന്നല്ലോ പോയത്. അവസാനയാത്രയില്‍ താറിന് ചെറിയൊരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് മണത്തിരുന്നു. അവനെ അത്യാവശ്യമായി ഒന്ന്് വര്‍ക്ക്‌ഷോപ്പില്‍ കാണിക്കേണ്ടിവരും. തിരിച്ചുവന്നിട്ടാകാം എന്ന് കരുതിയിരുന്നതാണ്. ലേയിലുള്ള രണ്ട് മൂന്ന് വര്‍ക്ക് ഷോപ്പുകളെപറ്റിയുള്ള വിവരങ്ങള്‍ കര്‍മ്മാജി ഞങ്ങളോട് പറഞ്ഞു. ഒര് വര്‍ക്ക് ഷോപ്പ് നേരിട്ട് വന്ന് കാണിച്ചു തരുകയും ചെയ്തു. അന്നത്തെ ഏറ്റവും വലിയ സങ്കടം ഞങ്ങളെ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ ഇറക്കി കര്‍മ്മാജിയോട് വിട പറഞ്ഞ നിമിഷങ്ങളാണ്. ഈ യാത്രയില്‍ പരിചയപ്പെട്ട അടിപൊളിയൊരു മനുഷ്യനായിരുന്നു കര്‍മ്മാജി. നമ്മളിനിയും കാണുമെന്ന് പറഞ്ഞ് നെഞ്ചോട് നെഞ്ച് ചേര്‍ത്ത് കര്‍മ്മാജിക്ക് ഞങ്ങള്‍ യാത്ര പറഞ്ഞു.

ഫുഡ് കഴിക്കാനായി ഞങ്ങള്‍ ലേ മാര്‍ക്കറ്റിലേക്കിറങ്ങി. മാര്‍ക്കറ്റിലൂടെ രാത്രി ഭംഗിയും ആസ്വദിച്ച് കുറേ നേരം തേരാപാര നടന്നു. അധികം തണുപ്പ് അനുഭവപ്പെട്ടില്ല. മാര്‍ക്കറ്റിനകത്ത് തന്നെയുള്ള 'ലേ ദര്‍ബാര്‍'-ല്‍ നിന്നായിരുന്നു അന്ന് മനസ്സു നിറഞ്ഞ് ഭക്ഷണം കഴിച്ചത്. കുറച്ച് നേരം മാര്‍ക്കറ്റില്‍ അലഞ്ഞ് നടന്ന് രാത്രിയോടെ തിരിച്ച് റൂമിലെത്തി.

നല്ല ക്ഷീണമുള്ളതുകൊണ്ട് എല്ലാവരും പെട്ടെന്ന് തന്നെ ഉറങ്ങി.
രാവിലെ ഏഴ് മണിയോടെയാണ് എഴുന്നേറ്റത്. മുറ്റം നിറയെ അപ്പോഴേക്കും നല്ല വെട്ടം പരന്നിരുന്നു. ഇന്നത്തെ ദിവസം ലോക്കല്‍ കാഴ്ചകള്‍ കാണാനിറങ്ങാനാണ് തീരുമാനിച്ചിരുന്നത്. ആദ്യം താര്‍-നെ ഒന്ന് 'ഡോക്ടറെ' കാണിക്കണം. ബ്രേക്ക് നല്ല പ്രശ്‌നമുള്ളതുപോലെ അനുഭവപ്പെട്ടിരുന്നു. അത് ശരിയാക്കാതെ യാത്ര തുടരാന്‍ കഴിയില്ല. വേഗം റെഡിയായി കര്‍മ്മാജി കാണിച്ചു തന്നിരുന്ന വര്‍ക്ക്‌ഷോപ്പിലേക്ക് തന്നെ ആദ്യം ഇറങ്ങി. എന്നാല്‍ ആ വര്‍ക്ക് ഷോപ്പ് അന്ന് തുറന്നിട്ടുണ്ടായിരുന്നില്ല. അടുത്തെങ്ങും ഒറ്റ മനുഷ്യരേയും കാണാനില്ല. അവിടെ നിന്ന് മറ്റൊരു വര്‍ക്ക്‌ഷോപ്പിലേക്ക് തിരിച്ചു. അതും അന്ന് അടവായിരുന്നു. ചോദിച്ചും അറിഞ്ഞും മൂന്ന് നാല് സ്ഥലങ്ങളില്‍ കൂടി പോയി നോക്കി. എല്ലാം അടഞ്ഞു തന്നെ കിടക്കുന്നു.
അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. വര്‍ക്ക്‌ഷോപ്പ് മാത്രമല്ല, കടകള്‍ കൂടുതലും അടഞ്ഞ് തന്നെ കിടക്കുകയാണ്. എന്താ സംഗതി..? ഇനി എന്തേലും പ്രശ്‌നം വല്ലതും കാണുമോ..! വണ്ടി പണിഞ്ഞില്ലെങ്കില്‍ പെട്ടതുതന്നെയാണ്. യാത്ര മുടങ്ങും. പ്ലാനെല്ലാം തെറ്റും. മുന്നോട്ട് പോകാന്‍ കഴിയില്ല.
പെട്ടെന്നാണ് എവിടുന്നോ ഒരശരീരി കേട്ടത് -

'ടാ മണ്ടന്മാരേ ഇന്ന് ഞായറാഴ്ചയാണ്...! '

ആ ബെസ്റ്റ്.

(തുടരും)


എഴുത്ത്: എല്‍.റ്റി മറാട്ട്


Tuesday, January 1, 2019

പച്ച ഉടുപ്പിട്ട കുഞ്ഞാപ്പു

''കുഞ്ഞാപ്പുവേ..''

തേന്‍ കിനിയുന്ന വിളിയാണ്. പാതിമയക്കത്തിലിരിക്കുന്ന കുഞ്ഞാപ്പു ആ വിളിയിലുണരും. മോഡല്‍ സ്‌കൂളിന്റെ ഗേയിറ്റിനപ്പുറം അപ്പോഴും ഇരുട്ടായിരിക്കും. കുഞ്ഞാപ്പുവിന്റെ കൈയിലെ ബാറ്ററി ടോര്‍ച്ചിന്റെ വെളിച്ചം ഇരുട്ടില്‍ മുങ്ങാംകുഴിയിട്ടൊന്നുപോയി പെട്ടെന്ന് തിരിച്ചു വരും. ആരും ഉണ്ടാവില്ലവിടെ. കുഞ്ഞാപ്പു കനവുകണ്ടതാണ്! എന്നാലും കസേരയില്‍ നിന്നെഴുന്നേറ്റ് കെട്ടിടത്തിനുചുറ്റും ഒരുവലംവെച്ച് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്താതെ അയാള്‍ക്കൊരു സ്വസ്ഥതയും ഉണ്ടാകില്ല.

മുറ്റത്ത് നില്‍ക്കുന്ന കൊന്നമരം ഇലയനങ്ങാതെ അയാളുടെ ചലനങ്ങള്‍ നിരീക്ഷിച്ചു. പതിനേഴ് വര്‍ഷം മുന്‍പ് സ്‌കൂളിലെ സെക്യൂരിറ്റിയായി കയറിയതുമുതലുള്ള കുഞ്ഞാപ്പുവിന്റെ ദിനചര്യകളുടെ ദൃക്‌സാക്ഷിയാണ് ആ മരം. കുഞ്ഞാപ്പു അവിടെ എത്തുമ്പോള്‍ ഒരടി പൊക്കത്തിലുള്ള വളര്‍ച്ച മാത്രമേയുണ്ടായിരുന്നുള്ളു അതിന്. അന്ന് തന്നെ ചുറ്റിനും വൃത്തിയാക്കി ചെറിയൊരു വേലിയും കുഞ്ഞാപ്പു കെട്ടി. ഇന്റര്‍വെല്‍ സമയത്ത് തീവണ്ടി പാഞ്ഞ് വരുന്ന കുട്ടികളെ കുഞ്ഞാപ്പു സ്‌നേഹത്തോടെ ശകാരിച്ച് അതിനടുത്ത് നിന്ന് വഴിതിരിച്ച് വിടും. അങ്ങനെയങ്ങനെ കുഞ്ഞാപ്പുവിന്റെ സംരക്ഷണയില്‍ വേലിയെല്ലാം പൊളിച്ച് വലിയൊരു മരമായി മുറ്റത്തങ്ങനെ വിലസി നില്‍ക്കുകയാണ് കൊന്നമരം.

ടോര്‍ച്ചുമണച്ച് കുഞ്ഞാപ്പു വീണ്ടും കസേരയില്‍ വന്നിരുന്നു. എത്രയോ വര്‍ഷങ്ങളായി ഇതുതന്നെയാണയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കുറച്ച് നേരം ഇരുട്ടിലേക്ക് തന്നെ നോക്കിയിരുന്നിട്ട് അയാള്‍ പതിയെ ഉറക്കത്തിലേക്ക് വീണു.

Photo © Vineeth Vasudevan
''കുഞ്ഞാപ്പുവേ..''

അച്ഛന്റെ വിളിയാണ്. കുഞ്ഞാപ്പുവിനപ്പോള്‍ പത്തോ പന്ത്രണ്ടോ വയസ്സ് പ്രായമേ ഉള്ളൂ. അച്ഛന്‍ കാണാതെ കൂട്ടുകാരുമൊത്ത് പറമ്പില്‍ കളിച്ചുകൊണ്ട് നില്‍ക്കുകയാണ്. കളിയുടെ ആവേശമങ്ങനെ കേറി കേറി വന്നപ്പോഴാണ് പറമ്പിന്റെ മൂലയില്‍ നിന്ന് അച്ഛന്റെ ദേഷ്യത്തിലുള്ള വിളി കുഞ്ഞാപ്പുവിന്റെ ചെവിയില്‍ വന്ന് തട്ടിയത്. ഒരു മുണ്ട് മാത്രം ഉടുത്ത് നില്‍ക്കുന്ന അച്ഛന്റെ കൈയിലിരിക്കുന്ന സാമാന്യം വലിപ്പമുള്ള വടി അവന്‍  വ്യക്തമായി കണ്ടു. കുറച്ച് കഴിഞ്ഞ് കിട്ടിയ അടിയേക്കാളും അവന്‍ പക്ഷെ പേടിച്ചത് ആദ്യം കേട്ട അച്ഛന്റെ ഉറക്കെയുള്ള കുഞ്ഞാപ്പു വിളിയിലാണ്. രണ്ട് തുള്ളി മൂത്രം അവന്റെ ചെറിയ ട്രൗസറിനെ തഴുകി മുട്ടിലേക്ക് അപ്പോഴേക്കും ഒഴുകാന്‍ തുടങ്ങിയിരുന്നു.

കുഞ്ഞാപ്പുവിന്റെ സ്വപ്നത്തില്‍ നിറയെ അച്ഛന്‍ നിറയുകയാണ്. ചിരിയും കണ്ണീരും തലോടലും ശകാരങ്ങളുമെല്ലാം കുഞ്ഞാപ്പു അപ്പോള്‍ അറിഞ്ഞു.

''കുഞ്ഞാപ്പുവേ..''

ചെറുമോന്‍ വിളിക്കുന്നതാണ്. കുഞ്ഞാപ്പുവിന്റെ ഇളയ മകളുടെ മകനാണ്. കുഞ്ഞാപ്പുവിനെ പേരെടുത്തേ വിളിക്കൂ. അപ്പൂപ്പനെന്ന് ആരും തിരിത്തിയതുമില്ല. ആനകളിക്കാനുള്ള വിളിയാണ്. കുഞ്ഞാപ്പു ചെറുമകനേം മുതുകത്തിരുത്തി ഗുരുവായൂര്‍ കേശവനായി മാര്‍ബിള്‍ പാകിയ തറയില്‍ കൂടി അങ്ങനെ നാലുകാലില്‍ നടക്കും. പാപ്പാന്റെ അടിയും തൊഴിയുമൊക്കെ കണക്കിന് വാങ്ങി കൂട്ടുകയും ചെയ്യും. എങ്കിലും കുഞ്ഞാപ്പുവിന് അതൊക്കെ ഒരു രസാണ്.

കിനാവില്‍ ആനകളിച്ചോണ്ടിരുന്ന കുഞ്ഞാപ്പുവിന്റെ ചുണ്ടില്‍ നിന്ന് ഈളുവാ താഴേക്കിറങ്ങി. നരച്ച താടിരോമങ്ങളില്‍ തട്ടി നിന്ന നീരൊഴുക്കിനെ കുഞ്ഞാപ്പു സ്വബോധത്തിലെന്നോണം തുടച്ചു നീക്കി. കനവുകളുടെ ഒഴുക്കിനെ മാത്രം അയാള്‍ക്ക് നിയന്ത്രിക്കാന്‍ പക്ഷെ കഴിഞ്ഞില്ല.

''കുഞ്ഞാപ്പുവേ..''

സ്‌കൂള്‍ മാനേജര്‍ അത്യാവശ്യമായി വിളിച്ചിരിക്കുകയാണ്. ചന്ദനകളര്‍ ഷര്‍ട്ടും വെള്ള മുണ്ടുമാണ് അയാളുടെ വേഷം. തനിക്കുള്ളതുപോലെ അയാളുടെ ചെവിയിലും നിറയെ രോമങ്ങളുണ്ടെന്ന് കുഞ്ഞാപ്പു ശ്രദ്ധിച്ചു. പക്ഷെ മാനേജരുടെ ചെവിയിലുള്ളത് നല്ല കറുത്ത രോമങ്ങളാണ്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് അയാള്‍ കുഞ്ഞാപ്പുവിനോട് സംസാരിക്കുന്നത്. കുഞ്ഞാപ്പുവിനെ പറ്റി അവടെ ആര്‍ക്കും ഒരു പരാതിയുമില്ലായിരുന്നു. സ്‌കൂളിലൊരു വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുവാന്‍ പോകുകയാണ്. മാനേജ്‌മെന്റും പിടിഎയും ഒരുമിച്ചെടുത്ത തീരുമാനമാണ്. സ്‌കൂളിന്റെ പിന്‍ഭാഗത്ത് വലിയൊരു പൂന്തോട്ടമുണ്ട്. അവിടെയാണ് കോര്‍ട്ട് നിര്‍മ്മിക്കാന്‍ പോകുന്നത്. ആ സ്ഥലം വൃത്തിയാക്കി കൊടുക്കേണ്ടുന്ന ജോലി കുഞ്ഞാപ്പുവിനാണ്. ചെടികള്‍ വെച്ച് പൂക്കളെ വിരിയിച്ച് പൂമ്പാറ്റകളെ ക്ഷണിച്ച് 'തോന്നിവാസം' കാണിച്ചത് കുഞ്ഞാപ്പുവായിരുന്നല്ലോ. മാനേജരുടെ നിര്‍ദ്ദേശം കുഞ്ഞാപ്പു കേട്ട് നിന്നതേയുള്ളൂ.

ഈ തവണ സ്വപ്നത്തില്‍ നിന്ന് കുഞ്ഞാപ്പു ഉണര്‍ന്നു. മുന്നിലപ്പോഴും ഇരുട്ടാണ്. കൊന്നമരം അയാളെ തന്നെ നോക്കി നില്‍ക്കുകയാണ്. കുഞ്ഞാപ്പു കസേരയില്‍ നിന്നെഴുന്നേറ്റു. അയാള്‍ കെട്ടിടത്തിന് പുറകിലേക്ക് നടന്നു. അയാളുടെ കൈയിലിരിക്കുന്ന ടോര്‍ച്ചിന്റെ വെളിച്ചം അവിടമാകെ പരന്നു. പൂന്തോട്ടം നിന്നിടത്ത് കോര്‍ട്ട് പണിയാനുള്ള മണ്ണിറക്കിയിട്ടിരിക്കുകയാണ്.

കുഞ്ഞാപ്പു ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ മുന്നോട്ട് നടന്നു. മതിലിനോട് ചേര്‍ന്ന് അയാളുടെ സൈക്കിളിരിപ്പുണ്ട്. കുഞ്ഞാപ്പു രണ്ട് വലിയ പലക സംഘടിപ്പിച്ച് അതിന്റെ പിറകിലെ കാരിയറിലേക്ക് വെച്ചുകെട്ടി. ചെറുതും വലുതുമായ കൂടുകളില്‍ നിറച്ച് വെച്ചിരിക്കുന്ന ചെടികളെ തറയില്‍ നിന്നെടുത്ത് കുഞ്ഞാപ്പു പലകയുടെ മുകളിലേക്കും സൈക്കിളിന് ചുറ്റുമായി അടുക്കി. വീണുപോകാത്ത രീതിയില്‍ അയാള്‍ അതിനെയെല്ലാം ചേര്‍ത്തുകെട്ടി.

കുഞ്ഞാപ്പു ടോര്‍ച്ച് അണച്ച് അടുത്തുള്ള തിട്ടയിലേക്ക് വെച്ചു. അയാള്‍ പതിയെ സൈക്കിളിലേക്ക് കയറി. കുഞ്ഞാപ്പുവും സൈക്കിളും ഗേയിറ്റിനടുത്തെത്തി. ഗേയിറ്റിന്റെ രണ്ട് പാളികളും മലര്‍ക്കെ തുറന്ന് ആ വലിയ പൂന്തോട്ടം ഇരുട്ടിലേക്കിറങ്ങി.

എഴുപതിലും തളരാത്ത മനസ്സോടെ കുഞ്ഞാപ്പു സൈക്കിള്‍ മുന്നോട്ട് ചവിട്ടി. പെഡലുകള്‍ അതിവേഗത്തില്‍ കറങ്ങി.

അച്ഛനെ ദഹിപ്പിച്ച സ്മശാനം കുഞ്ഞാപ്പു കണ്ടു. മക്കളും പേരക്കിടാങ്ങളും സുഖമായുറങ്ങുന്ന വീടയാള്‍ കണ്ടു. അതിന്റെ മട്ടുപാവിലെ വലിയ പൂന്തോട്ടവും കണ്ടു.

ഒരു തെരുവിന്റെ മധ്യത്ത് അയാള്‍ സൈക്കിള്‍ ഒതുക്കി. രാത്രി വരെ പണിയെടുത്ത് തളര്‍ന്ന് നില്‍ക്കുന്ന ട്രാഫിക് സിഗ്നലിന്റെ കാലുകളില്‍ സൈക്കിള്‍ ചാരിവെച്ച് അതിനരികിലായി കുഞ്ഞാപ്പു ഇരുന്നു.

സൈക്കിളിലിരിക്കുന്ന ഓരോ ജീവനും കൗതുകത്തോടെ ആകാശം കാണുകയായിരുന്നു. നിറയെ നക്ഷത്രങ്ങള്‍ അവിടേക്കിറങ്ങി വന്നു. ഒരിളം കാറ്റ് കുഞ്ഞാപ്പുവിനെ തലോടി കടന്നുപോയി. അയാള്‍ പതിയെ ഉറക്കത്തിലേക്ക് വഴുതിയിറങ്ങി.

''കുഞ്ഞാപ്പുവേ..''

പൂക്കളുടെ വിളിയാണ്. ആ കനവില്‍ നിന്നയാള്‍ ഉണര്‍ന്നതേയില്ല.

എല്‍.റ്റി മറാട്ട്
01.01.2019


Wednesday, November 21, 2018

നുബ്രാ വാലിയിലെ പ്രേതഭവനം

ഭാഗം 3:
നുബ്രാ വാലിയിലെ പ്രേതഭവനം

'മലയാളികളെ വിലയിരുത്തുന്ന ത്രാസ്സില്‍ കര്‍മ്മാജിയെ അളക്കണ്ടാ. പുള്ളി വരും.'
ആനന്ദാണ് പറഞ്ഞത്. അങ്ങനെയൊരു അഭിപ്രായത്തില്‍ എത്തിച്ചേരാന്‍ കൂട്ടത്തില്‍ അവന് മാത്രേ കഴിയുമായിരുന്നുള്ളൂ. നോര്‍ത്തില്‍ കുറേ നാള്‍ ജോലി ചെയ്തത്‌കൊണ്ട് ഇവിടുള്ള ആള്‍ക്കാരെ കണ്ടും അറിഞ്ഞും അനുഭവങ്ങളേറെ ഉണ്ടായിരുന്നു അവന്. ഒരു കൊക്ക് എത്ര കുളം കണ്ടതാ ലൈന്‍..!

പറഞ്ഞ സമയത്ത് തന്നെ കര്‍മ്മാജി എത്തി. ഇന്നലെ കണ്ടതിലും ആവേശം പുള്ളിക്കാരന്റെ മുഖത്തുണ്ടായിരുന്നു. ഒരു പക്ഷേ ഞങ്ങളേക്കാള്‍. ഞങ്ങളുടെ താറും ബുള്ളറ്റും ഹോട്ടലില്‍ തന്നെ പാര്‍ക്ക് ചെയത് ആവശ്യമുള്ള സാധനസാമഗ്രികളുമായി ഞങ്ങള്‍ കര്‍മ്മാജിയുടെ ശകടത്തിലേക്ക് കയറി. അതൊരു പഴയ മോഡല്‍ ഇന്നോവയാണ്. അഞ്ച് പേര്‍ക്കും സുഖായി ഇരിക്കാം. അകെ തര്‍ക്കം നടന്നത് ഏറ്റവും പിറകിലെ സീറ്റില്‍ ആര് ഇരിക്കും എന്ന കാര്യത്തില്‍ മാത്രമായിരുന്നു. ഒടുവില്‍ മാറി മാറി ഇരിക്കാം എന്ന തീരുമാനത്തിലെത്തി. അക്ഷരമാല ക്രമത്തില്‍ അഖിലിനായിരുന്നു ആദ്യത്തെ ഞറുക്ക് വീണത്. 'അവശത' കാരണം ആടിയുല്ലഞ്ഞുകൊണ്ടിരിക്കുന്ന മനു മുന്‍സീറ്റും സ്വന്തമാക്കി. ഇനിയും രണ്ട് ദിവസം കൂടി ലേ നിന്ന് അന്തരീക്ഷവുമായിട്ട് 'നന്നായിട്ട്' പൊരുത്തപ്പെട്ടിട്ട് പോരേ യാത്ര- എന്ന് ചോദിച്ച മുതലാണ്. കുഴിമടിയന്‍...!

Photo © Nithesh Suresh
ആദ്യം പെര്‍മിഷന്റെ കാര്യങ്ങള്‍ റെഡിയാക്കാനാണ് പോയത്. അവധി ദിവസമായതുകൊണ്ടും തലേ ദിവസം ഉച്ചക്ക് ശേഷം അവധിയായിരുന്നതുകൊണ്ടും പെര്‍മിറ്റ് ഓഫീസില്‍ നല്ല തിരക്കുണ്ടായിരുന്നു. നുബ്രാ വാലി (Nubra Valley), പാങോഗ് തടാകം (Pangong Lake), സോമോറീറി (Tsomoriri)   അങ്ങനെ ലഡാക്കിലെ മൂന്ന് സ്ഥലങ്ങളിലേക്കാണ് പെര്‍മിറ്റ് എടുത്തത്. നേരത്തെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തതിന്റെ റസീപ്റ്റും (ഫീസ് 680 രൂപയോളം) ആധാര്‍കാര്‍ഡും ഓഫീസില്‍ കാണിക്കണം. ഓരോ സ്ഥലങ്ങളിലേക്കും പ്രത്യേകം പാസ്സുണ്ട്. അതായത് ഓരോരുത്തര്‍ക്കും മൂന്ന് പാസ്സുകള്‍ വീതം. (ഒരുമിച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. അങ്ങനെയെങ്കില്‍ എല്ലാവര്‍ക്കും കൂടി ഒര് പാസ്സ് മതിയായിരുന്നു) ഞങ്ങള്‍ക്ക് കിട്ടിയ പാസ്സിന്റെ കാലാവധി പതിനഞ്ച് ദിവസമാണ്. ആവശ്യത്തിന് കോപ്പികള്‍ എടുത്ത് കൈയില്‍ സൂക്ഷിക്കുകയും വേണം. ഇനിയുള്ള യാത്രയില്‍ പല ചെക്‌പോസ്റ്റുകളിലും കോപ്പി നല്‍കേണ്ടതായി വരും. ഒരു രാജ്യത്തിന്റെ വലിയ സുരക്ഷാമേഖലയിലേക്കാണ് ഇനി ഞങ്ങളുടെ സഞ്ചാരമെന്ന് ഇതെല്ലാം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു.

ഏകദേശം ഒരു മണിക്കൂറോളം അവിടെ ചിലവഴിക്കേണ്ടി വന്നു. പ്രശ്‌നങ്ങളൊന്നുമില്ലാതെ പാസ്സ് സീല്‍ ചെയ്ത് കിട്ടി. അതിന്റെ മൂന്ന് കോപ്പികള്‍ വീതമെടുത്ത് പത്ത് മണിയോട് കൂടി ഞങ്ങളുടെ യാത്ര ആരംഭിച്ചു. വൈകുന്നേരത്തോടെ നുബ്രാവാലി എത്താനായിരുന്നു പ്ലാന്‍. ലേ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ ദൂരമുണ്ട്. ആകാശം നല്ല തെളിഞ്ഞ് നില്‍ക്കുകയാണ്. വെയിലുണ്ടെങ്കിലും ഒട്ടും തന്നെ ചൂടനുഭവപ്പെട്ടിരുന്നില്ല. കാറില്‍ ഒരു ടിബറ്റന്‍ പാട്ട് കേട്ടു തുടങ്ങി. ടിബറ്റന്‍ കുടിയേറ്റക്കാരനാണ് ഞങ്ങള്‍ കര്‍മ്മാജി എന്ന് വിളിക്കുന്ന കര്‍മ്മ ജിന്‍പ (Karma Jinpa). വളരെ ചെറുപ്പത്തിലെ ടിബറ്റില്‍ നിന്ന് കാശ്മീരിലേക്ക് കുടിയേറിയതാണ്. ആധാര്‍കാര്‍ഡുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈയിലുണ്ടത്രേ. ലഡാക്കുകാരനല്ലെങ്കിലും നമ്മുടെ നാട് നല്‍കുന്ന സ്‌നേഹത്തിനും കരുതലിനും അയാള്‍ സന്തോഷിച്ചിരുന്നു. പതിനാലാമത്തെ ലാമ ടെന്‍സിങ് ഗ്യാറ്റ്‌സോ രണ്ട് ദിവസം മുന്‍പ് അടുത്തെവിടെയോ വന്ന് പോയതിനെപ്പറ്റിയൊക്കെ കര്‍മ്മാജി വാചാലനായി.
Photo © Nithesh Suresh
മണ്ണില്‍ കൂടി കുഴിയാന പോകുമ്പോള്‍ ഉണ്ടാകുന്ന വരപ്പോലെയുള്ള വഴികള്‍ കുട്ടിക്കാലത്ത്  കൗതുകപൂര്‍വ്വം നോക്കി നിന്നിട്ടുണ്ട്. നല്ല രസമാണ് അത് കാണാന്‍. ഇപ്പോള്‍ മുന്നില്‍ കാണുന്ന വഴികള്‍ അതോര്‍മ്മിപ്പിച്ചുക്കൊണ്ടേയിരുന്നു. റോഡിനും മലകള്‍ക്കുമിടയില്‍ നല്ല അകലമുണ്ട് ഇപ്പോള്‍. മലയിടുക്കിലെ വലിയൊരു മൈതാനത്തിന് നടുവില്‍ കൂടിയുള്ള ചെറിയൊരു റോഡിലൂടെയാണ് ഇപ്പോള്‍ ഞങ്ങള്‍ പോകുന്നത്. കോട്ടും കൂളിംഗ് ഗ്ലാസ്സും ധരിച്ച് പാട്ടിനൊപ്പം ഒരു പ്രത്യേക താളത്തില്‍ തലയാട്ടി വളരെ അനായാസം അതിലേറെ ആവേശത്തോടെയാണ് കര്‍മ്മാജി വണ്ടി പായിക്കുന്നത്. ഇനി അങ്ങോട്ട് കയറ്റമാണ്. അധികം പൊക്കമില്ലാത്ത മരങ്ങള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്നത് കുറച്ച് അകലെയായി കാണാം. മരങ്ങള്‍ക്കിടയില്‍ ധാരാളം വീടുകളുമുണ്ട്. വീടിനടുത്തേക്ക് വളഞ്ഞും തിരിഞ്ഞുമെല്ലാം മണ്‍പാതകള്‍ പോകുന്നുണ്ട്.

കുറച്ച് കിലോമീറ്റര്‍ പിന്നിട്ട് കഴിഞ്ഞപ്പോഴേക്കും സഞ്ചാരികളുടെ തിരക്കേറി വന്നു. മലയിറങ്ങി ഒരുപാട് വാഹനങ്ങള്‍ എതിരെ വരുന്നുണ്ടായിരുന്നു. വഴിക്കും വീതി വളരെ കുറവാണ്. പോരാത്തതിന് ഒരു അവസാനവുമില്ലാത്ത കയറ്റവും. ഒച്ചിഴയുന്നതുപോലെ വരിവരിയായി നീങ്ങിക്കൊണ്ടിരുന്ന വണ്ടികള്‍ പെട്ടെന്ന് നിന്നു. മുന്നില്‍ റോഡ് പണി നടക്കുകയാണ്. ഒരുവശത്തേക്കുള്ള വണ്ടികളെ മാത്രമേ വിടുന്നുള്ളൂ. ഞങ്ങളെ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്ത് എതിരെ വരുന്ന വണ്ടികളെ കടത്തി വിട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ കാറില്‍ നിന്ന് പുറത്തേക്കിറങ്ങി. ആകാശം നീലപുതച്ചു നില്‍ക്കുകയാണ്. അതിനേക്കാളും സുന്ദരിയായി മലനിരകളും. ക്യാമറ അങ്ങനെ ഇന്നത്തെ പണി ആരംഭിച്ചു. കിട്ടിയ സമയത്തിന് പലപോസുകളിലുമുള്ള പടങ്ങള്‍ ക്യാമറയെ വെറുതെ പുളകം കൊള്ളിച്ചു. അപ്പോഴേക്കും പിറകിലുള്ള വാഹനങ്ങളില്‍ നിന്നും ഒരുപാട് സഞ്ചാരികള്‍ പുറത്തേക്കിറങ്ങി കഴിഞ്ഞിരുന്നു. മൊബൈലിലും ഡിജിറ്റല്‍ ക്യാമറയിലും അവരും ഓര്‍മ്മകളെ സൂക്ഷിച്ചുവെച്ചു. ഞങ്ങളുടെ തൊട്ടുപിറകിലെ കാറിലുണ്ടായിരുന്ന ഒരു ഫാമിലി ചെറിയൊരു പാറപ്പുറത്തേക്ക് കയറിയിരുന്നു ഭക്ഷണം കഴിക്കാനും ആരംഭിച്ചു. ഭക്ഷണം വിതരണം ചെയ്തുക്കൊണ്ടിരുന്ന ദീദി ചെറിയൊരു പാത്രവുമായി ഞങ്ങള്‍ക്കരികിലേക്കും വന്നു. അവരുടെ നാട്ടിലെ സ്‌പെഷ്യലാണെന്നും പറഞ്ഞ് ഞങ്ങളോട് എടുക്കാന്‍ പറഞ്ഞു. ഭക്ഷണം കണ്ടാല്‍ നമ്മള് വിടുമോ. അപ്പഴേ എടുത്ത് കഴിച്ചു. നല്ല മധുരമുള്ള പലഹാരമായിരുന്നു. അടിപൊളിയായി എന്നൊരു കമന്റ് കൂടി പറഞ്ഞപ്പോഴേക്കും ദീദിയും ഡബിള്‍ ഹാപ്പിയായി.

Photo © Nithesh Suresh
കര്‍മ്മാജി ഞങ്ങളെ വിളിച്ചു. അവസ്ഥയില്‍ മാറ്റമൊന്നുമില്ല. നല്ല ഒന്നാന്തരം ബ്ലോക്ക് തന്നെയാണ്. ഞങ്ങളോട് മുകളിലേക്ക് നടന്നുകൊള്ളാന്‍ പറഞ്ഞു. അരകിലോമീറ്റര്‍ കൂടിയെ ഉള്ളൂ കര്‍ദുംങ്‌ലാ (Khardung La)  എത്താന്‍. എന്നാ പിന്നെ നടക്കാന്‍ തന്നെ തീരുമാനിച്ചു. ഇന്ന് കടന്നുപോകുന്ന സ്ഥലങ്ങളിലെ പ്രധാന പയ്യന്‍സാണ് കര്‍ദുംങ്‌ലാ. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വണ്ടിയോടിച്ചുപോകാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണത്രേ. അതിന്റെ ത്രില്ലില്ലാണ് സഞ്ചാരികളെല്ലാം. അതാണവിടെയിത്രയും തിരക്കും. ലേ പട്ടണത്തില്‍ നിന്നും വെറും നാല്‍പത് കിലോമീറ്ററിനകത്തേയുള്ളൂ ഇവിടേക്ക്. മുകളിലേക്ക് നടന്നു ചെല്ലുന്തോറും ഇരുവശത്തും വലിയ അളവില്‍ മഞ്ഞ് വീണ് കിടക്കുന്നതു കണ്ടു തുടങ്ങി. അതങ്ങനെയങ്ങനെ കുറേ മലകളായി മാറുകയായിരുന്നു. മഞ്ഞ്‌ക്കൊട്ടാരത്തിനു നടുക്കുള്ള അതിഭീകരമായ തിരക്കിനോടൊപ്പം ഞങ്ങളും മുകളിലെത്തി. 17982 അടി മുകളിലെത്തിയെന്ന് വന്ന് കയറിയ പാടെ കണ്ട ബോര്‍ഡ് ഓര്‍മ്മിപ്പിച്ചു. പട്ടാളക്കാരുടെ ടെന്റുകള്‍ ചുറ്റിനും കാണാം. 1976 പണി തീര്‍ന്ന പാസ്സ് സിയാച്ചിനിലേക്കുള്ള പ്രധാന വാതിലാണ്. പൊതുജനങ്ങള്‍ക്കായി 1988 ലാണ് തുറന്നുകൊടുത്തത്.

നീലാകാശവും മഞ്ഞ്കൂമ്പാരവും കാഴ്ചയ്ക്ക് പകരംവെക്കാനില്ലാത്ത വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. മഞ്ഞില്‍ കൂടി നിരങ്ങി താഴേക്കു വന്നും മഞ്ഞിനെ ചെറിയ പന്താക്കി പരസ്പരം എറിഞ്ഞു രസിച്ചും ഞങ്ങള്‍ വെറും കുട്ടികളായി. അവിടെ എത്തിയവരില്‍ ഭൂരിഭാഗവും ആ കുട്ടിത്തത്തെ തൊട്ടുണര്‍ത്തിയിരുന്നു. ക്യാമറ വിശ്രമമില്ലാതെ പണിയെടുത്തു തുടങ്ങി. സഞ്ചാരികളേറെയും കര്‍ദുംങ്‌ലായുടെ ഉയരം വിളിച്ചറിയിക്കുന്ന ബോര്‍ഡിനു മുന്നിലാണ്. എല്ലാവരുടേയും ജീവിതത്തിലെ സുപ്രധാന നിമിഷമായിരുന്നിരിക്കണം. അതവരെല്ലാം മനോഹരമായി പകര്‍ത്തിക്കൊണ്ടേയിരുന്നു. തിരക്കൊഴിഞ്ഞപ്പോള്‍ ഞങ്ങളും ആ അഭിമാന ഫലകത്തിലൊന്നു തൊട്ടു..!

Photo © Nithesh Suresh
കര്‍ദുംങ്ങ്‌ലായോട് യാത്ര പറഞ്ഞ് മലയിറങ്ങുമ്പോള്‍ 12 മണി കഴിഞ്ഞിരുന്നു. സഞ്ചാരികളില്‍ പകുതിയിലേറെയും കര്‍ദുംങ്‌ലാ വരെ വന്ന് തിരിച്ച് ലേ പിടിക്കുന്നവരാണ്. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള യാത്രയില്‍ നേരത്തതുപോലെ തിരക്കനുഭവപ്പെട്ടില്ല. പതിയെ പതിയെ ഞങ്ങള്‍ മഞ്ഞ്കൂടാരത്തില്‍ നിന്ന് അകലുകയായിരുന്നു. പക്ഷെ അതീവ സുന്ദരിയായി നീലാകാശം ഞങ്ങള്‍ക്കൊപ്പം തന്നെ കൂടിയിരുന്നു. ഉച്ചയ്ക്ക് 1.45 കഴിഞ്ഞ് ഞങ്ങള്‍ നോര്‍ത്ത് പുളു (North Pullu) ചെക്ക് പോസ്റ്റ് എത്തി. നമ്മുടെ പാസ്സും കാര്യങ്ങളുമൊക്കെ അവിടെ കാണിക്കണം. ചെക്ക് പോസ്റ്റിനടുത്ത് കുറച്ച് കടകളുണ്ട്. ഉച്ചഭക്ഷണത്തിന് അങ്ങനെയൊരു തീരുമാനമുണ്ടാക്കി. ഒരു രക്ഷേം ഇല്ലാത്ത ഫുഡാണ് ഓരോ ദിവസവും ആമാശയത്തില്‍ മഞ്ഞ്‌കോരിയിട്ടുകൊണ്ടിരിക്കുന്നത്. ഇവിടൊക്കെ ഫുഡഡിക്കാന്‍ വന്നാല്‍ തന്നെയും ഒരു നഷ്ടവുമുണ്ടാകില്ല (അല്ലപ്പിന്നെ..!).

കടകള്‍ക്കിടയിലൂടെയുള്ള ഒരു ഊടുവഴിയിലൂടെ ഇറങ്ങി ചെറിയൊരു താഴ്‌വാരത്തിലെത്തി. മലകള്‍ക്കു ചുവട്ടിലതൊരു പച്ചപ്പുതപ്പുപോലെ തോന്നിച്ചു. ചെറിയൊരു നീര്‍ച്ചാല്‍ അതിന്റെ ഹൃദയഭാഗത്തൂടെ ഒഴുകുന്നുണ്ട്. അതിന്റെ കരയിലായി കുറച്ച് യാക്കു (Yak) കള്‍ നില്‍പ്പുണ്ട്. യാത്രയ്ക്കിടെ അകലങ്ങളില്‍ ഈ കറുത്ത സുന്ദരിയെ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും അടുത്ത് കിട്ടുന്നത് ആദ്യമായിട്ടാണ്. ശരീരം നിറയെ തണുപ്പിനെ പ്രതിരോധിക്കാനുതകുന്ന വിധം രോമങ്ങളാണ്. ഒന്ന് കെട്ടിപ്പിടിക്കാന്‍ തോന്നിയെങ്കിലും കൂര്‍ത്ത് വളഞ്ഞ കൊമ്പുകളും ഉറച്ച ശരീരവും ആ 'ഭീകര' ചിന്തകളെ കെട്ടുകെട്ടിച്ചു. എന്നാലും ക്യാമറയ്ക്ക് നിറയെ പോസ്സുകള്‍ തന്നവര്‍ സന്തോഷിപ്പിച്ചു.

Photo © Nithesh Suresh
കര്‍മ്മാജി കര്‍മ്മനിരതനായി വണ്ടി പായിക്കുകയാണ്. മുന്നില്‍ അവസാനമില്ലാതെ നീലാകാശവും മലനിരകളും നിറഞ്ഞു നില്‍ക്കുകയാണ്. കുറച്ച് ദൂരം ചെന്നപ്പോള്‍ മൂന്നു വഴികള്‍ ചേരുന്ന ഒരു ജംഗ്ഷനിലെത്തി. അവിടെനിന്ന് വലത്തേക്ക് തിരിഞ്ഞാല്‍ പാന്‍ഗോങും (Pangong) ഇടതുവശത്തേക്ക് പോയാല്‍ നുബ്രാ വാലിയും (Nubra Valley) ആണ്. ഞങ്ങള്‍ ഇടത്തേക്ക് തിരിഞ്ഞു. ഉച്ചകഴിഞ്ഞിരിന്നു അപ്പോഴേക്കും. കുറച്ചു ദൂരെയായി ചെറിയ വീടുകളൊക്കെ കണ്ടു തുടങ്ങി. അവയ്ക്കരികിലേക്കാണ് വഴി നീളുന്നത്. വല്ലാത്തൊരു വേദന പകരുന്ന കാഴ്ചകളായിരുന്നു അവയുടെ ക്ലോസ്സ് ഷോട്ടിലേക്ക് വരുന്തോറും. ദൂരെ നിന്ന് കണ്ടത് വീടുകള്‍ തന്നെയായിരുന്നു. പക്ഷെ അതിന്റെ മുക്കാല്‍ ഭാഗത്തോളം മണ്ണും കല്ലും മൂടി കിടക്കുകയാണ്. ചിലതൊക്കെ മണ്ണിനോട് ചേര്‍ന്നിരുന്നു. കുറച്ച് നാള്‍ മുന്‍പത്തെ ഉരുള്‍പ്പൊട്ടലില്‍ സംഭവിച്ചതാണെന്ന് കര്‍മ്മാജി പറഞ്ഞു. ഞങ്ങള്‍ അവിടെയിറങ്ങിയില്ല. കുറേയേറെ കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞ് ആ നാടും അകലെയായി..

കുറച്ചു നേരമായി ഷയോക് നദി (Shyok River) ഞങ്ങള്‍ക്ക് അകമ്പടി സേവിക്കുന്നുണ്ട്. ഇന്‍ഡസ് നദിയുടെ കൈവഴിയാണ് മരണത്തിന്റെ നദിയെന്നറിയപ്പെടുന്ന ഷയോക്. മുന്നോട്ടുള്ള യാത്രയ്ക്കിടയില്‍ നുബ്രാ നദിയുമായി ഷയോക് കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. കുറച്ചു മുന്നോട്ട് പോയപ്പോള്‍ ഒരു പട്ടാള ക്യാമ്പ് കണ്ടു. സിയാച്ചിന്‍ ബേസ് ക്യാമ്പിലേക്കുള്ള റേഷന്‍ അവിടെ നിന്നാണ് സപ്‌ളെ ചെയ്യുന്നതെന്ന് കര്‍മ്മാജി പറഞ്ഞു. പതിയെ പതിയെ പുതിയ കാഴ്ചകള്‍ തെളിയാന്‍ തുടങ്ങി. നോക്കാത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന കൂറ്റന്‍ പാറക്കല്ലുകളും കാഠിന്യമേറിയ ഭൂപ്രകൃതിയും മറഞ്ഞു തുടങ്ങി. മുന്നില്‍ കാണുന്നതിപ്പോള്‍ മണല്‍ക്കൂനകളാണ്. മഞ്ഞ് മലകള്‍ക്കുനടുവില്‍ ഒരു വലിയ മരുഭൂമി...! പ്രകൃതി വല്ലാത്തൊരു പഹയന്‍ തന്നെ. മണല്‍ക്കൂനയിലൂടെ നാല് വീലുള്ള ബൈക്കില്‍ രസിക്കുന്ന സഞ്ചാരികളെ കാണാം. വളരെ ദൂരെയായി കാണുന്ന മഞ്ഞ് മൂടി കിടക്കുന്ന മലനിരകളെ ചൂണ്ടി കര്‍മ്മാജി പറഞ്ഞു, അതാണ് സിയാച്ചിന്‍ പര്‍വ്വതശിഖരം (Siachen Glacier).

Photo © Nithesh Suresh
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള (18875 അടിയോളം) യുദ്ധഭൂമിയെ പറ്റി ആനന്ദ് അവന്റെ അറിവുകള്‍ പങ്കുവെച്ചു. ഒരു സൈനികന്റെ ആവേശം അവന്റെ വാക്കുകളില്‍ നിറഞ്ഞിരുന്നു. സിയാച്ചിന്‍ ബേസ് ക്യാമ്പില്‍ റോഡ് അവസാനിക്കുകയാണ്. സൈനികരും റേഷനും വി.ഐ.പികളുമെല്ലാം എത്തുന്നത് അവിടെയാണ്. സൈനികര്‍ അവിടെ നിന്ന് കാലാവസ്ഥയോട് പൊരുത്തപ്പെട്ടതിനും തീവ്രമായ പരിശീലനത്തിനും ശേഷമാണ് സിയാച്ചിനിലേക്ക് പോസ്റ്റ് ചെയ്യുന്നത്. മൈനസ് അമ്പത് ഡിഗ്രി വരെയൊക്കെയാണ് ചിലപ്പോള്‍ തണുപ്പ്. കാലാവസ്ഥയോട് യുദ്ധം ചെയ്ത് മരണമടഞ്ഞവരും അനവധി. ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ ജോലികളിലൊന്നായി അത് മാറുന്നതും ഇതൊക്കെക്കൊണ്ട് തന്നെയാകണം. യുദ്ധങ്ങളൊക്കെയൊന്നവസാനിച്ചിരുന്നുവെങ്കില്‍..ചിലപ്പോഴൊക്കെ നിഷ്‌കളങ്കമായി ചിന്തിച്ചുപോകാറുണ്ട്..

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള 'തണുത്ത മരുഭൂമി' (Cold Desert) യിലേക്ക്, നുബ്രയിലേക്ക് ഞങ്ങള്‍ വൈകുന്നേരം നാലരയോടെ എത്തിച്ചേര്‍ന്നു. തുടക്കത്തില്‍ തന്നെ ഒരു പെട്രോള്‍ പമ്പുണ്ട്. ഈ റൂട്ടിലെ അവസാനത്തെ പമ്പാണ്. മേല്‍ക്കൂരപ്പോലുമില്ല, ഒരു തിട്ടയ്ക്ക് മുകളില്‍ രണ്ട് മെഷിനുകള്‍ മാത്രം വെച്ചിരിക്കുന്നു. എന്തായാലും അവിടെ നിന്ന് വണ്ടിയുടെ ദാഹം വേണ്ടുവോളം തീര്‍ത്തു. അതിന് എതിര്‍വശത്തായി കിലോമീറ്ററുകളോളം മണല്‍ക്കൂനകളാണ്. മരുഭൂമി, അതും ഇങ്ങനെയൊരണം - ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുകയും അനുഭവിക്കുകയുമായിരുന്നു. ഒട്ടക സഫാരി തകൃതിയായി നടക്കുന്നത് ദൂരെ നിന്നും കാണാം. നല്ല തിരക്കുമുണ്ട്. ഞങ്ങള്‍ ആദ്യം റൂം ശരിപ്പെടുത്താനാണ് പോയത്. ഇന്നിനി ഇവിടെത്തന്നെയാണ് കൂടുന്നത്.
Photo © Nithesh Suresh
കര്‍മ്മാജി ആദ്യം ഞങ്ങളെക്കൊണ്ടുപോയത് ഒരു 'ഫൈവ് സ്റ്റാര്‍' ടെന്റ് കൂടാരത്തിലായിരുന്നു. എസിയും അറ്റാച്ചഡ് ബാത്ത്‌റൂമും വരെയുള്ള സെറ്റപ്പിന് അയ്യായിരം രൂപയ്ക്ക് മുകളിലാണ് റെന്റ്. കര്‍മ്മാജി ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങളാരും അംബാനിയുടെ സ്വന്തക്കാരല്ലെന്നും രണ്ട് കട്ടിലും തണുപ്പടിക്കാതിരിക്കാനുള്ള നല്ലൊരു കമ്പിളിപുതപ്പും കിട്ടിയാല്‍ ഒരു പരാതികളുമില്ലാതെ നേരംവെളുപ്പിക്കാന്‍ കഴിയുന്ന പാവങ്ങളാണെന്നും കര്‍മ്മാജിയെ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇപ്പോ ശരിയാക്കി തരാം എന്നും പറഞ്ഞ കര്‍മ്മാജി അവിടുന്നിറങ്ങി. പുറത്തേക്കുള്ള വഴിയിലൊരിടത്ത് ചെറിയൊരു നീര്‍ച്ചാലൊഴുകുന്നുണ്ട്. അതിന്റെ കരയില്‍ വലിയൊരു ബോര്‍ഡിരിക്കുന്നത് കണ്ടു. അവിടുത്തെ ഗ്രാമവാസികള്‍ സ്ഥാപിച്ചിരിക്കുന്നതാണ്. കുടിവെള്ളമാണ്, മലിനമാക്കരുത് എന്നായിരുന്നു അതിലെ സാരാംശം. മലമുകളില്‍ നിന്നും മഞ്ഞുരുകി വരുന്ന നല്ല ഫസ്റ്റ് ക്ലാസ്സ് പച്ചവെള്ളം..!

അടുത്തുള്ളൊരു ഹോം സ്‌റ്റേയിലേക്കാണ് കര്‍മ്മാജി ഞങ്ങളെ എത്തിച്ചത്. മരങ്ങളൊക്കെ നിറഞ്ഞു നില്‍ക്കുന്ന മലകള്‍ പശ്ചാത്തലമൊരുക്കുന്ന ഒരു ഗ്രാമത്തിന്റെ എല്ലാ സൗന്ദര്യവും ഉള്‍ക്കൊള്ളുന്ന വഴികള്‍ കടന്നാണ് ഞങ്ങള്‍ കുന്‍സല്‍ യുര്‍ദും (Kunsal Yurdum) എന്ന വീട്ടിലേക്ക് എത്തിയത്. ചെറിയൊരു ബോര്‍ഡില്‍ അധികം ഭംഗിയൊന്നുമില്ലാത്ത കൈപ്പടയില്‍ പെയിന്റുകൊണ്ടാണ് പേരെഴുതിയിരിക്കുന്നത്. പേരിന് താഴെ ഒരു ആപ്പിളിന്റെ പടവും വരച്ചിരിക്കുന്നു. ബോര്‍ഡിനരികിലുള്ള ഗേറ്റും കടന്ന് ഞങ്ങള്‍ അകത്തെത്തി. ചുറ്റും നില്‍ക്കുന്ന വലിയ പൊക്കമില്ലാത്ത മരങ്ങള്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. ആപ്പിള്‍ മരമാണ്. പച്ചനിറത്തില്‍  ആപ്പിള്‍ നിറഞ്ഞുനില്‍പ്പുണ്ട്. പാകമായിട്ടില്ല. മരത്തില്‍ നിന്ന് കാശ്മീരി ആപ്പിള്‍ തിന്നാന്‍ പറ്റില്ല എന്നോര്‍ത്തപ്പോള്‍ ചെറിയൊരു സങ്കടം വന്നു. നാട്ടില്‍ നിന്ന് എല്ലാവരും തിരിച്ചുവരുമ്പോള്‍ ആപ്പിള്‍ കൊണ്ടുവരണമെന്ന് ആവശ്യംവെച്ചിരുന്നു. എന്തായാലും സീസണല്ലാത്തതുകൊണ്ട് ആ കാശ് ലാഭമായത് മറ്റൊരാശ്വാസമായി.

Photo © Nithesh Suresh
രണ്ട് നിലകളുള്ള വീടാണ്. കുട്ടികളുടെ വസ്ത്രങ്ങള്‍  പുറത്ത് കയറില്‍ തൂക്കിയിട്ടിരിക്കുന്നു. തടിവെച്ചുണ്ടാക്കിയ ചെറിയ രണ്ട് വിമാനങ്ങള്‍ അതിനരികില്‍ തൂങ്ങി കിടന്ന് ആകാശം കാണുന്നുണ്ട്. കൊച്ചു കുട്ടികള്‍ ഉണ്ടാകണം. മുകളിലത്തെ നിലയില്‍ മുഴുവന്‍ ജനാലകളാണ്. നല്ല കരവിരുതോടെയാണ് അതൊരുക്കിയിരിക്കുന്നതും. ഗൃഹനാഥനും ഭാര്യയും പുറത്തേക്ക് വന്നു. ഒരു കൊച്ചുപെണ്‍കുട്ടിയും അവര്‍ക്കരികിലേക്ക് എത്തി. ഭാര്യയാണ് കര്‍മ്മാജിയോട് കാര്യങ്ങളൊക്കെ പറയുന്നത്. വാടകയും മറ്റുമൊക്കെ ഞങ്ങള്‍ക്കും കുഴപ്പമില്ലായിരുന്നു. രണ്ട് മുറികളാണ് കിട്ടിയത്. മുകളിലത്തെ നിലയിലാണ്. കാറില്‍ നിന്ന് സാധനങ്ങളൊക്കെയെടുത്ത് ഞങ്ങള്‍ പുറത്തൂടിയുള്ള പടികള്‍ കയറി മുകളിലെത്തി. അവിടെ നിന്ന് എതിരെ നോക്കിയാല്‍ കാണുന്ന കാഴ്ചയും അതിന്റെ മനോഹാരിതയും എഴുതിവിവരിക്കാവുന്നതിലും അപ്പുറമാണ്. നിറയെ മരങ്ങളും ദൂരെ മഞ്ഞുമൂടിയ മലകളും അവയ്ക്ക് സുവര്‍ണ്ണ നിറം നല്‍കുന്ന വൈകുന്നേരത്തെ സൂര്യരശ്മികളും-വല്ലാത്തൊരു കോമ്പിനേഷന്‍ തന്നെയായിരുന്നു.
സാധനങ്ങളിറക്കി ബാല്‍ക്കണിയില്‍ വന്നിരുന്ന് ആ കാഴ്ച മനസ്സ് നിറയെ ആഘോഷിച്ചു. അപ്പോഴേക്കും ഗൃഹനാഥന്‍ ഞങ്ങള്‍ക്കുള്ള ഗ്രീന്‍ ടീയുമായി എത്തി. അദ്ദേഹത്തെ അപ്പോഴാണ് പരിചയപ്പെടുന്നത്. കര്‍മ്മാജിയെപോലെ തന്നെ ടിബറ്റനാണ്. പേര് റഗ്‌സിന്‍ (Regzin).

വൈകാതെ തന്നെ ഞങ്ങള്‍ പുറത്തേക്കിറങ്ങി. പടികളിറങ്ങി ചെന്നപ്പോള്‍ താഴത്തെ നിലയിലെ വരാന്തയിലിരുന്ന വൃദ്ധ ഞങ്ങളെ അഭിവാദ്യം ചെയ്തു. അവര്‍ക്കെന്തായാലും തൊണ്ണൂറ് വയസ്സിന് മുകളില്‍ പ്രായമുണ്ട്. കറുത്തൊരു വസ്ത്രമാണ് ധരിച്ചിരുന്നത്. അരയിലൊരു കെട്ടും ചെറിയൊരു കമ്പിളിയുടുപ്പും അതിനൊപ്പമുണ്ട്. നരച്ചമുടികളെയെല്ലാം അകത്താക്കി തലയിലും തുണിവെച്ചൊരു കെട്ടുംകെട്ടിയിട്ടുണ്ട്. പല്ലില്ലാത്ത മോണകാട്ടി അവര്‍ ചിരിച്ചു. റഗ്‌സിന്റെ മുത്തശ്ശിയാകണം.

സഞ്ചാരികളെല്ലാം എത്തുന്ന മരുഭൂമിയിലേക്കാണ് ഞങ്ങള്‍ പോയത്. വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ നടന്നു. ചെറിയൊരു നീര്‍ച്ചാലുണ്ട്. അതിന്റെ മുകളില്‍ കൂടിയുള്ള ചെറിയൊരു പാലം കയറി വേണം മണല്‍ക്കൂനകള്‍ക്കരികിലെത്താന്‍. പ്രകൃതിയൊരുക്കിയ വിരുന്നിനെക്കാള്‍ മറ്റൊരു സംഗതിയാണ് ആദ്യം തന്നെ മനസ്സിലുടക്കിയത്. ഇത്രയധികം സഞ്ചാരികള്‍ വന്നിട്ടും ഒരു തരത്തിലുള്ള മാലിന്യങ്ങളും അവിടെയൊന്നുമുണ്ടായിരുന്നില്ല. ലേ പട്ടണത്തില്‍ വെച്ച് മണിക്കൂറുകള്‍ക്കിടവിട്ട് വലിയ അനൗണ്‍സ്‌മെന്റ് നടത്തി മാലിന്യങ്ങള്‍ സ്വീകരിക്കുന്ന ട്രക്കുകളെ കുറിച്ച് അപ്പോള്‍ ഓര്‍മ്മിച്ചു. ട്രക്കുകള്‍ ഓരോ കവലയിലും വന്നു നില്‍ക്കും. അറിയിപ്പ് കിട്ടിതുടങ്ങളുമ്പോള്‍ വീടുകളില്‍ നിന്നും കടകളില്‍ നിന്നും ആള്‍ക്കാര്‍ മാലിന്യം അതിലേക്ക് കൊണ്ടിടും. ഗവണ്‍മെന്റ് എത്ര ഉത്തരവാദിത്വത്തോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതുവരെയും കണ്ട സ്ഥലങ്ങളുടെയെല്ലാം മുഖമുദ്ര ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും അവിടുത്തെ വൃത്തി തന്നെയായിരുന്നു. നുബ്രാ വാലിയില്‍ നിറയെ കൂടകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോന്നിലും ഇടേണ്ടുന്ന മാലിന്യങ്ങളുടെ പേരും അതില്‍ പറഞ്ഞിട്ടുണ്ട്. സഞ്ചാരികള്‍ ആരുടേയും നിര്‍ദ്ദേശമില്ലാതെ അതെല്ലാം അനുസരിക്കുന്നു. നമ്മുടെ നാടിന് ഇതൊക്കെ വലിയ മാതൃകകളാണ്.

Photo © Nithesh Suresh
ഒരുപാട് സഞ്ചാരികള്‍ എത്തിയിട്ടുണ്ട്. ക്യാമല്‍ സഫാരിയുടെ അടുത്ത് തന്നെയാണ് അതില്‍ ഭൂരിഭാഗവും. ഒട്ടകപ്പുറത്തേറി മരുഭൂമി ചുറ്റാന്‍ മനുവിന് മാത്രമേ ഞങ്ങളുടെ കൂട്ടത്തില്‍ ആഗ്രഹമുണ്ടായിരുന്നുള്ളൂ. ദൂരമനുസരിച്ചാണ് സഫാരിയുടെ റേറ്റ്. കുറഞ്ഞ ദൂരത്തേക്കുള്ള സഫാരി തന്നെ അവനെടുത്തു. എട്ടോ പത്തോ ഒട്ടകങ്ങളടങ്ങുന്ന സംഘമായിട്ടാണ് കൊണ്ടുപോകുന്നത്. മുതുകില്‍ രണ്ട് മുഴകളുള്ള ഒട്ടകങ്ങളാണ്. ഒരാള്‍ക്ക് മാത്രമേ കയറാനും കഴിയൂ. ആള് തികഞ്ഞപ്പോള്‍ മനു കയറിയ സംഘം യാത്ര തുടങ്ങി. ഓരോ ഒട്ടകങ്ങളേയും കയറുകൊണ്ട് പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. മുന്നിലൊരാള്‍ അവരെ നിയന്ത്രിക്കാനുമുണ്ട്. ഏറ്റവും പിറകിലാണ് മനുവും അവന്റെ വാഹനവും. കണ്ണടയും കോട്ടുമിട്ട് വലിയ പത്രാസോടെ അവര്‍ സഫാരി തുടങ്ങി.

ഞങ്ങള്‍ക്കും ചെറിയൊരു പ്ലാനുണ്ടായിരുന്നു. ദൂരെ നുബ്രാ നദിയുടെ കൈവഴികള്‍ കാണുന്നുണ്ട്. അവിടെ മരുഭൂമിയുടെ അവസാനമാണെന്ന് തോന്നുന്നു. മണലിലൂടെ അവിടം വരെ നടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞാനും ആനന്ദും നിതേഷും അഖിലും നടന്നു തുടങ്ങി. വേറെയാരും ഈ പ്രാന്തിന് മുതിര്‍ന്നിരുന്നില്ല. എല്ലാവരും ഒട്ടകപുറത്താണ്. നടക്കുന്നതിനിടയില്‍ ഞങ്ങള്‍ മാറി മാറി വീട്ടിലേക്ക് ഫോണ്‍ ചെയ്തു. ഫോണില്‍ സംസാരിച്ചു നടന്നതുകൊണ്ട് ദൂരം താണ്ടുന്നതറിഞ്ഞിരുന്നില്ല. മരുഭൂമിയുടെ വശത്തായി ചെറിയൊരു കുറ്റിക്കാടുണ്ട്. കറുത്തയൊരു കുതിര ഞങ്ങള്‍ക്ക് മുഖം തന്ന് അതിനകത്തേക്ക് കയറിപ്പോയി. ഒട്ടകസഫാരിയുടെ അവസാനപോയിന്റില്‍ നിന്നും വളരെയകലെയായി ഞങ്ങള്‍. പക്ഷെ നുബ്രാ നദിയിലേക്കുള്ള ദൂരത്തിന് ഒട്ടും കുറവ് അനുഭവപ്പെട്ടതുമില്ല. അതിപ്പോഴും ദൂരെത്തന്നെയാണ്. മനു അപ്പോഴേക്കും സഫാരി കഴിഞ്ഞിറങ്ങിയിരുന്നു. അവനെ ചെറിയൊരു മിന്നായം പോലെ ഇവിടെ നിന്നും കാണാം. ഞങ്ങള്‍ നന്നായി ക്ഷീണിച്ചു. മണലില്‍ കുറച്ചു നേരമിരുന്നു. പല പോസിലും കുറേ ഫോട്ടോസ് എടുത്തു. ഒരു അറേബ്യന്‍ രാജ്യത്തെത്തിയതുപോലെയായിരുന്നു ഓരോ ഫ്രയിമുകളും.

Photo © Nithesh Suresh
എവിടെ നിന്നോ പട്ടികുരയ്ക്കുന്നത് കേള്‍ക്കുന്നുണ്ട്. ദൂരെയുള്ള കുറ്റിക്കാട്ടില്‍ നിന്നും കുറച്ച് പട്ടികള്‍ പുറത്തേക്കോടി വരുന്നുണ്ട്. നിറയെ രോമവും വലിപ്പവുമുള്ളതായിരുന്നു ഓരോന്നും. സംഗതി അത്ര പന്തിയല്ലാ എന്ന് മനസ്സിലായി ഞങ്ങള്‍ ഇരുട്ടുന്നതിനുമുന്‍പേ തിരിച്ചു നടക്കാന്‍ തുടങ്ങി. കാറിനരികിലെത്തിയപ്പോഴേക്കും വെട്ടം മറഞ്ഞിരുന്നു. കര്‍മ്മാജി ഞങ്ങളെ കാത്ത് നില്‍പ്പുണ്ട്. മനു കാറിലുണ്ടെന്ന് കര്‍മ്മാജി പറഞ്ഞു. അധികം വൈകാതെ തന്നെ ഇന്നത്തെ കലാപരിപാടികള്‍ അവസാനിപ്പിച്ച് ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി.

Photo © Nithesh Suresh
ടിബറ്റന്‍ രീതിയിലുള്ള അത്താഴമാണ് റെഗ്‌സിനും കുടുംബവും ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത്. ഭക്ഷണം കഴിക്കാന്‍ ഒരു പ്രത്യേക മുറി തന്നെ അവിടെയുണ്ടായിരുന്നു. നീല പരവതാനി വിരിച്ച മുറിയില്‍ ചുമരുകളോട് കൃത്യമായ അകലം പാലിച്ച് ഏകദേശം ഒന്നരയടിയോളം പൊക്കമുള്ള ചെറിയ പീഠങ്ങള്‍ ഇട്ടിട്ടുണ്ട്. അതിന് പിന്നിലായി തറയിലാണിരിക്കേണ്ടത്. ഇരിക്കുവാനുള്ള സ്ഥലത്ത് മാത്രം കമ്പിളി വിരിച്ചിട്ടുണ്ട്. പീഠത്തില്‍ നിറയെ പല നിറത്തിലുള്ള ചിത്രങ്ങളാണ്. സിനിമയിലും മറ്റും കാണുന്ന ഡ്രാഗണുകളെ അതോര്‍മിപ്പിച്ചു. ചെറിയൊരു ടിവി അരികിലെ ഷെല്‍ഫിലിരിപ്പുണ്ട്. അതിന് മുകളിലായി ഒരു വൃദ്ധയുടെ ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു. മറ്റൊരു വശത്ത് ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന അലമായിരിയില്‍ നിറയെ പാത്രങ്ങളും അടുക്കള സാമഗ്രികളുമാണ്. റെഗ്‌സിന്‍ ഞങ്ങളെ ഭക്ഷണത്തിനായി ക്ഷണിച്ചു. അകത്തുകയറി പീഠത്തിന് പുറകിലായി ഞങ്ങളിരുന്നു. തറയില്‍ ചമ്രംപണിഞ്ഞ് വേണം ഇരിക്കാന്‍. റഗ്‌സിന്‍ തന്നെയാണ് ഭക്ഷണം വിളമ്പിയത്. വീണ്ടും വീണ്ടും സ്വാദിഷ്ടമായ ഭക്ഷണങ്ങളറിഞ്ഞ് ആമാശയം പുളകംകൊണ്ടു.

ഞങ്ങളോട് നേരത്തെ കിടക്കണം 11 മണി കഴിഞ്ഞ് കറണ്ട് കട്ടാകും എന്ന് മാത്രം പറഞ്ഞ് ശുഭരാത്രിയും നേര്‍ന്ന് റെഗ്‌സിനും ഭാര്യയും താഴേക്ക് പോയി. ഞങ്ങള്‍ മുറിയിലെത്തി. ഒരു മുറിയിലാണ് എല്ലാവരും ആദ്യം ഒത്തുകൂടിയത്. എന്തോ ഒരു നെഗറ്റീവ് ഫീല്‍ അനുഭവപ്പെടുന്നതായി ആനന്ദാണ് ആദ്യം പറഞ്ഞു തുടങ്ങിയത്. ഹിമാലയന്‍ ഗ്രാമപ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള പ്രേതകഥകളൊക്കെ അവന്‍ പങ്ക് വെയ്ക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഇരിക്കുന്ന മുറി അപ്പോഴാണ് ശരിക്കും നോക്കുന്നത്. മുകള്‍ ഭാഗം കോണ്‍ക്രീറ്റല്ല. തടികൊണ്ടാണ് തീര്‍ത്തിരിക്കുന്നത്. വലിയ മുളംതണ്ടുകള്‍ പരസ്പരം കൂട്ടിക്കെട്ടിയതുപോലെ. അതിന്റെ ഒത്ത നടുക്കായി അധികം ചെറുതല്ലാത്ത ഒരു ദ്വാരവും ഉണ്ടായിരുന്നു. പ്രേതത്തിന് പുറത്തു നിന്ന് അകത്തു എത്താനുള്ള ഷോര്‍ട്ട് കട്ടായിരുന്നിരിക്കണം. ഭക്ഷണം കഴിക്കാനിരുന്ന മുറിയില്‍ കണ്ട വൃദ്ധയുടെ ഫ്രേയിം ചെയ്ത ഫോട്ടോ ചര്‍ച്ചയിലേക്ക് വന്നു. അവരെ തന്നെയല്ലേ വൈകുന്നേരം താഴെ വരാന്തയില്‍ കണ്ടത്..?  അതൊരു തോന്നാലായിരുന്നോ..

മുറിയില്‍ തന്നെയുള്ള ബാത്ത് റൂമില്‍ പോയിട്ട് വന്ന കൂട്ടുകാരന്‍ അതിന്റെ കതക് അടയ്ക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞു.
കൃത്യം പതിനൊന്ന് മണിക്ക് തന്നെ കറണ്ട് പോയി. മുറിയിലാകെ ഇരുട്ട് നിറഞ്ഞു.
താഴത്തെ നിലയില്‍ നിന്ന് മാത്രം എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്.

(തുടരും)

എഴുത്ത് : എല്‍.റ്റി മറാട്ട്