Monday, December 21, 2009

പുതുവര്‍‍ഷത്തെ വരവേല്‍ക്കാം,അല്‍പം അശ്ലീലം കലര്‍ത്തി

പെട്ടെന്നാണ് എനിക്ക് ബോധോദയം ഉണ്ടാകുന്നത്.പുതുവര്ഷം പടിവാതില്ക്കലെത്തി.ആര്ക്കും ഗ്രീറ്റിങ് കാര്ഡുകള്‍ വാങ്ങിയില്ലല്ലോ എന്ന്.പതിവില്ലാത്തതാണ്.പക്ഷെ ഈ വര്ഷം കുറച്ച് നല്ല കൂട്ടുകാരെ കിട്ടി.അവര്ക്കൊക്കെ ഓരോ കാര്ഡ് കൊടുക്കുന്നതില്‍ തെറ്റില്ലല്ലോ..അങ്ങനെയെങ്കിലും എന്നെ ആരെങ്കിലും ഓര്മിക്കട്ടെ.ഓര്ക്കുവാന്‍ ആര്ക്കെങ്കിലും എന്തേലും നല്കിയാല്ലല്ലേ ഓര്ക്കൂ.അല്ലാതെ ഓര്ക്കണം എന്നു പറയുന്നതില്‍ കഴമ്പില്ലല്ലോ..
ഭാഗ്യത്തിന് എന്തോ ആവശ്യം പ്രമാണിച്ച് എന്‍റെ കൈയില്‍ കുറച്ച് രൂപയുണ്ടായിരുന്നു.അങ്ങനെ ‍ഞാന്‍ രണ്ടും കല്പി്ച്ച് കാര്ഡു്കള്‍ വാങ്ങാന്‍ ഇറങ്ങി തിരിച്ചു.ക്രിസ്തുമസിന് ഇനി കഷ്ടി ഒരാഴ്ച കൂടിയെ ഉള്ളൂ.എങ്കില്‍ പിന്നെ ന്യൂ ഇയര്‍ കാര്ഡ് വാങ്ങി കളയാം എന്നുറപ്പിച്ചു.
ബസില്‍ ഇരുന്ന് പുറം കാഴ്ചകള്‍ തിരയുമ്പോള്‍ ഒര് നീണ്ട ക്യൂ.എന്താത്..??ഇന്ന് മോഹന്‍ലാലിന്‍റെ പടം റീലീസാണോ?അതോ മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാന്‍ നില്ക്കുന്നവരാണോ?അല്ലേ അല്ല.ഇത് കേരളത്തിലെ നാനാ മതത്തിലും പെട്ട പുരുഷകേസരികള്‍ തീര്ത്തും അച്ചടക്കത്തോടെ മുണ്ടൊക്കെ താഴ്ത്തിയിട്ട് അക്ഷമയേതുമില്ലാതെ വരിയായി വെടിപ്പായി നില്ക്കുന്ന സ്ഥലം-ബിവറേജ്..!!!ഹൊ..ക്രിസ്തുമസ്സല്ലേ ഒന്നു കൂടണ്ടേ..യെവനില്ലാത്ത എന്തോന്ന് ആഘോഷം.പാവപ്പെട്ട യേശു പുല്ക്കൂട്ടില്‍ പിറവിക്കൊണ്ടത് ഇവര്ക്ക് കുടിച്ച് കോണ്‍തെറ്റി അറുമാതിക്കാന്‍ വേണ്ടിയായിരിക്കുമോ..?-എന്‍റെ കു‍ഞ്ഞ് മനസ്സിനൊരു സംശയം..
ക്രിസ്തുമസ് പ്രമാണിച്ച് മാത്രം തുറക്കുന്ന ഒരു ഗ്രീറ്റിംങ് ഷോപ്പുണ്ടായിരുന്നു ജംഗ്ഷനില്‍.ഞാന്‍ അവിടേക്കാണ് പോയത്.പല നിറത്തിലും തരത്തിലുമുള്ള നക്ഷത്രക്കൂട്ടങ്ങള്‍ കടയുടെ മാറ്റ് കൂട്ടിയിരുന്നു.വാലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നക്ഷത്രങ്ങളുടെ വിലയും മോളിലോട്ടാണെന്ന് തോന്നി.അല്ലാ..ഞാന്‍ നക്ഷത്രം വാങ്ങാന്‍ വന്നതല്ലല്ലോ..
കാര്ഡു്കളുടെ ഒരു വിപുലമായ ശേഖരം എനിക്കു വേണ്ടി കാത്തിരുന്നിരുന്നു.ഞാന്‍ അവിടേക്ക് നീങ്ങി.എന്‍റെ മുഖത്തൊരു കള്ള ലക്ഷണമുള്ളതു കൊണ്ടാണോ എന്നറിയില്ല കടക്കാരന്‍ എന്‍റെ പിറകെ തന്നെയുണ്ടായിരുന്നു.’പൊന്നണ്ണാ..ഞാന്‍ അടിച്ചു മാറ്റാന്‍ വന്നതല്ല..ആ പണിയൊക്കെ ഞാന്‍ എന്നേ നിര്ത്തി..’-എന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നിട്ടും ഞാന്‍ പറഞ്ഞില്ല.അത് എന്തു കൊണ്ടാണെന്നു മാത്രം ചോദിക്കരുത്.
കാര്ഡുകള്‍ക്ക് വല്യ പുതുമയൊന്നും എനിക്ക് തോന്നിയില്ല.ഓരോന്നെടുത്ത് നിരാശയോടെ ഞാന്‍ തിരികെ വെച്ചു.ആശയോടെ മറ്റൊന്ന് തിരഞ്ഞു.കൂട്ടത്തില്‍ പുറംമോടി കണ്ട് ഇഷ്ടം തോന്നിയ ഒരെണ്ണം ഞാന്‍ എടുത്ത് തുറന്നു.ഹെന്‍റമ്മോ….എനിക്ക് കടമാറിയോ..?ഞാന്‍ കാര്ഡ് അതുപോലെ തന്നെയടച്ച് ഇരുന്നിടത്ത് തന്നെ വെച്ചു.ഞാന്‍ കണ്ടതെന്താണെന്നറിയണ്ടേ..?ഞെട്ടിയത് എന്തിനാണെന്നറിയണ്ടേ..?എന്താണെന്നു വെച്ചാല്‍..അതിനകത്ത് ..നഗ്നയായ ആഞ്ജലീന ജോളി..!!-സത്യം..ഞാനെന്തിനു കള്ളം പറയണം..
പ്രധാന ഭാഗങ്ങള്‍ സെന്സര്‍ ചെയ്തിട്ടുണ്ടെന്നു മാത്രം.അതും പ്രണയത്തിന്‍റെ ചിഹ്നമായ ‘heart symbol ’ ഉപയോഗിച്ച് .കാര്‍ഡ് തുറക്കുമ്പാള്‍ ആഞ്ജലീന ജോളി ജോളിയായി ‘heart symbol ’ മാറ്റി നാണമില്ലാത്തവളാകുകയും കാര്ഡാടക്കുമ്പോള്‍ വീണ്ടും ഡീസന്‍റാകുകയും ചെയ്യുന്നു.ജോളിയുടെ കാലിന്‍റെ താഴെ കണ്ണുപെടാതിരിക്കാന്‍ വേണ്ടിയാകണം,Happy New Year എന്നെഴുതിയിരിക്കുന്നു.കലാകാന്‍റെ കരവിരുത് നോക്കണേ..
ഇതുപോലെ 16 തരം തോന്ന്യവാസ കാര്ഡുകള്‍ ഞാന്‍ ആ കടയില്‍ കണ്ടു.ഒരു സംഘം പെണ്കിടാങ്ങള്‍ എന്‍റെ അടുത്തായി നിന്ന് കാര്‍ഡുകള്‍ തിരയുന്നുണ്ടായിരുന്നു.അവരും ഇതേ കാര്ഡു്കള്‍ കാണുകയും എടുത്ത് നോക്കുകയും “അയ്യേ..”എന്നും പറഞ്ഞ് ചിരിച്ച് തമ്മിലെന്തോ പറഞ്ഞ് തിരിച്ച് വെക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു.
ആര്ക്കായണ് നാണമില്ലാത്തത്..?ആഞ്ജലീന ജോളിക്കോ..?അതോ ഈ കാര്ഡുലകളുടെ സൃഷ്ടാവിനോ..?വില്ക്കു ന്നവര്ക്കോ്..?അതോ ഈ നമ്മള്ക്കോ..??
ആരാകും ഇത്തരം കാര്ഡു്കളുടെ ആവശ്യക്കാര്‍.?ഭര്ത്താവ് ഭാര്യക്ക് വാങ്ങിക്കൊടുക്കുമോ..?അതോ തിരിച്ചോ..?കൂട്ടുകാര്‍ പരസ്പരം നല്കുമോ..?Girl Friend, Boy Friend-ന് നല്കുമോ..? അതോ Boy Friend, Girl Friend-ന് നല്കുമോ..?എനിക്കറിയില്ല.എന്തൊരു വിരോധാഭാസം..!
എന്തായാലും ഞാന്‍ ഒരു സാധാരണ കാര്ഡും വാങ്ങി ഇറങ്ങി.ഒരു അപേക്ഷ..ഇത്തരം കാര്ഡുകള്കൊണ്ട് പുത്തന്‍ വര്‍ഷത്തെ അശ്ലീലമാക്കരുതേ..പ്ലീസ്..


Saturday, December 12, 2009

ഒരു ഡിസംബര്‍ 12-ന്‍റെ ഓര്‍മ്മയ്ക്ക്..

(ചട്ടങ്ങള് പാലിക്കാനുള്ളതാണ്.ലംഘിക്കാനുള്ളതല്ല)

രണ്ടാം ശനിയാഴ്ച്ച ആയതുകൊണ്ട് ഒന്നു കറങ്ങി കളയാം എന്ന് ഇന്നലയെ തീരുമാനിച്ചതാണ്.ചിന്നക്കടയിലൊക്കെ ഒന്നു കറങ്ങി ഒരു സിനിമയും കണ്ട് ബീച്ചിലും പോയി മടക്കം എന്നൊക്കെ ഉറപ്പിച്ചു.ദീപു രാവിലെ വീട്ടില് വന്ന് എന്നെ വിളിക്കാമെന്നു പറഞ്ഞു.അങ്ങനെ ഡിസംബര് 11 രാത്രി ഡിസംബര് 12ലെ പ്ലാനിങ്ങോടെ കടന്നുപോയി.
ഡിസംബര് 12.പ്രഭാതം.എനിക്ക് വീട്ടില് അധികനേരം കാത്തുനില്ക്കേണ്ടി വന്നില്ല.ദീപു കൃത്യസമയത്ത് തന്നെ കാറുമായി എത്തി.സാധാരണ സമയനിഷ്ടയില്ലാത്ത ചെക്കനാണ്.പിന്നെ ഇന്ന് എന്തുകൊണ്ട് നേരത്തെ വന്നു എന്ന് ചോദിച്ചാല് ചിന്നക്കടയില് അവനേം കാത്ത് നില്ക്കുന്ന കുറ്റി കാത്തിരുന്ന് മടുത്താല് ആസനത്തിലെ പൊടിം തട്ടി എണ്ണീറ്റു പോയ്ക്കളയും.സംഗതിയുടെ ഗുട്ടന്സ് ഇപ്പോ പിടിക്കിട്ടിയില്ലേ.?അങ്ങനെ അവന്റെ വെറും നാലു മാസം പ്രായമുള്ള i10-ല് ഞങ്ങള് കൊല്ലത്തേക്ക് പുറപ്പെട്ടു.മുരുകന് കാട്ടാക്കടയുടെ 'കണ്ണട'യും 'രേണുക'യും 'ഓണ'വും സ്റ്റീരിയോയില് നിന്ന് ഒഴുകാന് തുടങ്ങി.
കാറ് സറ്വീസിങ്ങിനു കൊടുക്കണമെന്ന് അവന് അപ്പോഴാണ് പറയുന്നത്.അങ്ങനെ ആദ്യം ഞങ്ങള് അവിടെക്കാണ് പോയത്.കാറ് സറ്വീസിങും കഴിഞ്ഞ് തിരിച്ചു കിട്ടാന് വൈകുന്നേരം ആകുമെന്ന്.അങ്ങനെ ഞങ്ങള് കൊല്ലത്തുപോയിട്ട് തിരിച്ചു വരുന്ന വഴി കാറ് വാങ്ങാം എന്ന തീരുമാനത്തിലെത്തി.അവിടുന്ന് ബസ്സില് കൊല്ലത്തേക്ക് പോകാനാണ് തീരുമാനിച്ചത്.അപ്പോഴാണ് ചിക്കുവിന്റെ ഫോണ് വരുന്നത്.ചിക്കു എന്റേം ദീപുവിന്റേം ഫ്രണ്ടാണ്.അവന് ബൈക്കുണ്ട്.ഇപ്പോള് കൊല്ലത്തു നില്ക്കുകയാണെന്നും ഞങ്ങള് ബസ്സില് വരണ്ട അവന് വന്ന് പിക്ക് ചെയ്യാമെന്നും പറഞ്ഞു.ശരി എങ്കില് അങ്ങനെയാകട്ടെ എന്നും പറഞ്ഞ് ഞങ്ങള് അവനേം കാത്ത് നിന്നു.ബസ്സ് കൂലി വെറുതെ കളയുന്നതെന്തിന്?എന്റെയല്ല.ദീപുവിന്റെ.സാധാരണ(മിക്കപ്പോഴും..?)എന്റെ കൈയില് കാശു കാണില്ല.അത് അവന് അറിയാം.അതുകൊണ്ട് അവന് തന്നെയാണ് ഫുള് ചിലവും.എനിക്ക് അതിന്റെ അഹങ്കാരമൊന്നുമില്ല.നാണമില്ലേ എന്നു ചോദിച്ചാല് അതുമില്ല എന്നു ഞാന് പറയും.
ചിക്കു എവിടെയെത്തി എന്നു ചോദിക്കാന് ദീപുവിന്റെയോ എന്റെയോ മൊബൈലില് ബാലന്സ് ഉണ്ടായിരുന്നില്ല.കൊല്ലത്തു നിന്ന് പുറപ്പെട്ടു എന്നു പറഞ്ഞ അവന്റെ ഒരു വിവരവുമില്ല.അവന്റെ മൊബൈലിലും കാശുതീര്ന്നിരിക്കണം.കുറച്ച് നേരം കഴിഞ്ഞ് അവന് കോയിന് ഫോണില് നിന്ന് വിളിച്ചു.ആ സമയം അവന്റെ പുറകില് തന്നെയുണ്ടായിരുന്നു ഞങ്ങള്.'എന്റെ ഒരു രൂപ കളഞ്ഞല്ലോടാ പട്ടികളെ'എന്നും പറഞ്ഞ് അവന് കരഞ്ഞു.അങ്ങനെയാണ്.1 രൂപ പോയാലും 500 രൂപ പോയാലും കരയും.പോകണതു ചക്കക്കുരു ഒന്നും അല്ലല്ലോ.കാശല്ലേ.കരയും.
അങ്ങനെ കൊല്ലത്തേക്ക് പുറപ്പെട്ടു.മമ്മൂട്ടിയുടെ പാലേരി മാണിക്യം കളിക്കണുണ്ട്.രണ്ടും കല്പ്പിച്ച് കേറാന് ഞങ്ങള് മൂന്ന് പേരും തീരുമാനിച്ചു.ഒരു സൂപ്പര് splender ബൈക്ക്,ഞങ്ങള് മൂന്ന് പേര്.NH 208-ലൂടെ 'ഉന്നം മറന്ന് തെന്നി പറന്ന പൊന്നിന് കിനാക്കളെല്ലാം ഒന്നിച്ചോടുത്ത് കരളിനകത്ത് ചില്ലിട്ടടച്ചതല്ലെ'-യും പാടി അറുമാതിച്ച് യാത്രയായി.
ദീപുവിനപ്പോള് കലശലായ റീചാര്ജ് മോഹം.ലവള് കാത്തിരുന്ന് മടുത്ത് പോയോ എന്നറിയണം.അതിന് ഫോണില് ബാലന്സ് വേണം.അങ്ങനെ കൊല്ലത്തിന് കഷ്ടി ഒരു കിലോ മീറ്ററ് ഇപ്പുറം ഒരു കടയ്ക്ക് മുന്നില് വണ്ടി നിര്ത്തി.ചിക്കു തന്നെയാണ് സാരഥി.കുറ്റം പറയരുതല്ലോ.പുള്ളി Expert driving ആണ്.അവന്റെ splender ഒരു ആറുമാസം മുന്നേ ഞാന് കൊണ്ടിട്ടിരുന്നു.ബൈക്കിന്റെ ഹെഡ് ലൈറ്റ് കവറും എന്റെ വലത്തെ കാല് മുട്ടും ഉടഞ്ഞ് വാരിയിരുന്നു.ഞാന് ആ കഥകളൊക്കെ ആലോചിച്ച് നില്ക്കുകയാണ്.ദീപു അപ്പോഴേക്കും BSNL ന്റെ 50 രൂപയുടെ കാര്ഡും വാങ്ങി തിരിച്ചു വന്നു.ചിക്കു ബൈക്ക് സ്റ്റാര്ട്ട് ചെയ്തു.തെല്ലൊരു അഹങ്കാരത്തോടെ ബൈക്ക് ശബ്ദിച്ചു.ഞാന് മധ്യത്താണ് ഇരിക്കുന്നത്.ദീപു പുറകിലും.അവനപ്പോള് ഒരു പേടി.ചിന്നക്കടയില് ചെക്കിങ് ഉള്ളതാണ്.ട്രിപ്പിള്സടിച്ച് പോകണമോ എന്ന്.എനിക്ക് പക്ഷെ പേടിയൊന്നും തോന്നിയില്ല.കാരണം ട്രിപ്പിള്സടിച്ച് ഞാന് ഒരു 37 തവണയെങ്കിലും ഇതുവരെ ചിന്നക്കടയില് കറങ്ങിയിട്ടുണ്ടാകും.ഇത് വരേം പിടിക്കാത്ത പോലീസാ ഇന്ന് പിടിക്കണേ.ഒന്നു പോടാപ്പാ.
ചിക്കുവിന് ധൈര്യം കുറച്ച് ഓവറായില്ലേ,ഉടനെ വന്നു അവന്റെ സിനിമാ സ്റ്റൈല് ഡയലോഗ്.
"വണ്ടി ഓടിക്കുന്നത് ചിക്കു അണ്ണനാ.ഭാവിയിലെ സബ് ഇന്സ്പെക്ടര്.നീ ധൈര്യമായി കേറളിയാ.ഒരു കുഞ്ഞും പൊക്കില്ല."
ആ ഡയലോഗ് തീരുന്നിടത്തും ദീപു കേറാന് കാലു പൊക്കുന്നിടത്തും sharp cut.ക്യാമറ ദീപുവിന്റെ പൊക്കിയ കാലുകള്ക്കിടയിലൂടെ മുന്നില് വന്നു നില്ക്കുന്ന പോലീസ് ജീപ്പിലേക്ക്.എന്റെമ്മോ..ഈരേഴു പതിന്നാലു ലോകത്തും ഒരേ സമയം ഭൂകമ്പമുണ്ടായി.ഹൃദയമിടിപ്പ് കൂടി.ഇപ്പോ എല്ലാം കൂടി പൊട്ടി വെളിയില് ചാമ്പുമെന്ന് തോന്നി.രണ്ട് മൂന്ന് പോലീസ്കാര് ജീപ്പില് നിന്നും ചാടിയിറങ്ങി.ഒരു കുണ്ടന് പോലീസ് ബൈക്കിന്റെ ചാവിയൂരി പോക്കറ്റിലിട്ടു.അയാള് S.I ആണെന്നു തോന്നുന്നു.ഭാവിയിലെ S.I യുടെ ബൈക്കാണിതെന്ന് വന്ന S.I യുണ്ടോ അറിയുന്നു.ഞാന് നോക്കിയപ്പോള് ദീപുവിനെ അവിടെയൊന്നും കാണുന്നില്ല.അമ്പടാ വിരുതാ.അവന് മൊബൈലും ചെവിയില് വെച്ച് 10 മീറ്റര് അപ്പുറത്ത് ഡാവി നില്ക്കുകയാണ്.അഭിനയ കുലപതി ദീപുമോന്.
ചിക്കുവിനോട് ജീപ്പില് കയറാന് S.I പറഞ്ഞു.അവന് 'എന്റെ എല്ലാം പോയേ'ഭാവത്തോടെ എന്നെ നോക്കി.ഞാന് എന്തു ചെയ്യാനാ.എന്റേം എല്ലാം പോയി കിടക്കുകയല്ലേ.അവനെ ജീപ്പിനടുത്തേക്ക് കൊണ്ടുപോയി.എനിക്കാണെങ്കില് ശബ്ദം പോലും വരണില്ല.ഭാഗ്യത്തിന് 'നീയെന്താ പൊട്ടന് കളിക്കുകയാണോടാ'എന്നാരും ചോദിച്ചില്ല.'ഞാന് മാത്രമല്ല സാറ്,അവന്മാരും ഉണ്ട്'എന്ന മട്ടില് ചിക്കു ജീപ്പിനരികില് നില്ക്കുന്നു.അവന് മൊബൈലില് കണ്ടത് S.I ടവറില് കണ്ട ചളുക്കായി എന്നു പറഞ്ഞാല് മതി.ഞങ്ങളോടും ജീപ്പില് കേറാന് പറഞ്ഞു.S.I ബൈക്കുമെടുത്ത് മുന്നേ ഓടിച്ചു പോയി.കേറണോ വേണ്ടയോ കാലുപിടിക്കണോ വേണ്ടയോ അങ്ങനെ അന്തോം കുന്തോം അറിയാതെ ഞങ്ങള് ജീപ്പിനു പിറകില് നില്ക്കുകയാണ്.നാട്ടുക്കാരെല്ലാം ടിക്കറ്റെടുക്കാതെ ഫ്രീയായി ഇതെല്ലാം കണ്ട് രസിച്ച് നില്ക്കുന്നു.കൂട്ടത്തില് പരിചയമുള്ള ആരെങ്കിലും കാണുമോ..?അത് കുറച്ച് ദിവസങ്ങള്ക്കകം അറിയാം.അമ്മേം അച്ഛനേം കാണുമ്പോ എന്നെ കണ്ട ദരിദ്രവാസികള് പറയും 'മോനെ പോലീസുകാരു പിടിച്ചോണ്ട് പോകണ കണ്ടല്ലോ'
ചിന്തകള് അങ്ങനെ പൊട്ടിയ പട്ടം പോലെ പൊയ്ക്കൊണ്ടിരുന്ന സമയത്താണ് കോണ്സ്റ്റബിള്(നമുക്ക് അയാളെ തല്ക്കാലം കുട്ടന്പ്പിള്ള എന്നു വിളിക്കാം)പുറത്ത് തട്ടീട്ട് ജീപ്പിനകത്തേക്ക് കേറാന് പറയുന്നത്.എന്തു പുല്ലെങ്കിലും വരട്ടെ എന്നു കരുതി ഞങ്ങള് ജീപ്പിനകത്തക്ക് കയറി.എന്റെ ഇരുപത് വര്ഷത്തെ സംഭവബഹുലമായ ജീവിതത്തില് ആദ്യമായാണ് പോലിസ് ജീപ്പില് കയറണത്.ആ തിരക്കിനിടയില് ഇടതുകാല് വെച്ചാണ് കയറിയതെന്നു തോന്നുന്നു.വലതുകാല് വെച്ച് കയറേണ്ടതാരുന്നു.ആ..ഇനിയൊരിക്കലാകാം.
ജീപ്പ് പരുഷമായി ചിലച്ച് ചലിച്ചു തുടങ്ങി.ക്യാമറ ഇപ്പോള് ജീപ്പിനകത്താണ്.പുറത്ത് അപ്പോള് ഞങ്ങളെ നോക്കി ചിരിക്കുന്ന എല്ലാ തെണ്ടികളുടേം മുഖങ്ങള് അവന് ഒപ്പിയോടുത്തുകൊണ്ടിരുന്നു.ജീപ്പ് ഞങ്ങള് വന്ന വഴിയേ തിരിച്ചു പോകാന് തുടങ്ങി.
പഴയ കൂതറ ജീപ്പല്ല.ഇത് പുതിയ മോഡല് ജീപ്പാണ്.തിരക്കിനിടയില് ജീപ്പിന്റെ നമ്പറ് നോക്കാനും മറന്നുപ്പോയി.വെള്ള കളറിലുള്ള കിടു ജീപ്പില്ലേ,അതു തന്നെ.പുറത്തു നിന്ന് കണ്ടിട്ടേ ഉള്ളൂ,ഇന്ന് കാലത്തെ 10 മണിക്ക് മുന്പ് വരെ.അകത്ത് കയറിയപ്പോഴല്ലേ വിശാലമായ ഷോറും,ഇങ്ങനെയൊക്കെ ആയിരുന്നു എന്ന് മനസ്സിലായത്.ഞങ്ങളെ മൂന്ന് പേരെയും കൂടാതെ വേറൊരുത്തനേയും പൊക്കിയിട്ടുണ്ട്.മൊബൈലില് സംസാരിച്ച് ബൈക്ക് ഓടിച്ചതിന്.അവനെ നോക്കി ഞാന് ചിരിച്ചു.ഒരു ഇരുപത്തഞ്ച് മുപ്പത് വയസ്സുകാണും.തുല്യദുഖിതരായതുകൊണ്ട് തിരിച്ചും ഒരു ചിരി പാസ്സായി കിട്ടി.ചിക്കു എന്റെ ഇടത്തെ സൈഡിലും ദീപു എന്റെ എതിരെയുമായിരുന്നു ഇരുന്നത്.കോണ്സ്റ്റബിള് കുട്ടന്പ്പിള്ള എന്റെ വലതു വശത്തിരിപ്പുണ്ട്.വയറ്ലെസ് സെറ്റില് നിന്ന് എന്തൊക്കെയോ കേള്ക്കുന്നുണ്ടായിരുന്നു.ഏതോ മന്ത്രിയെ കരിങ്കൊടി കാണിച്ചെന്നോ ഒക്കെ.ഞാന് അതൊന്നും ശ്രദ്ധിക്കാന് പറ്റുന്ന മാനസ്സികാവസ്ഥയില് അല്ലല്ലോ.പക്ഷെ ഒരു നിമിഷത്തേക്ക് അതൊരു FM റേഡിയോ ആയിരുന്നെങ്കില് എന്നാഗ്രഹിച്ചു.പാട്ടുപാടു കൂട്ടുകൂടു എന്നല്ലേ.ഇപ്പോ പാടിയാല് കീറു കിട്ടും.അത് വേറെ കാര്യം.
ഞാന് ദീപുവിനേം ചിക്കൂനേം മാറി മാറി നോക്കി.എന്തോ പോയ അണ്ണാനെപ്പോലെ ദീപു ഇരിക്കുന്നു.ചിക്കുവിനെ കണ്ടാല് തന്നെയറിയാം,അവന് പോലീസുകാരെ മനസ്സില് കട്ടക്ക് തെറിവിളിക്കുകയാണ്.എനിക്കിതൊക്കെ കണ്ട് ചിരിയാണ് വന്നത്.ചിരി പുറത്തു ചാടാതെ ഞാന് നോക്കി.ചിരിച്ചു പോയാല് കുട്ടന്പ്പിള്ള കേറി ചാമ്പുമെന്ന് ഞാന് പേടിച്ചു.
ഞങ്ങളുടെ ഇരിപ്പു കണ്ട് സഹതാപം തോന്നിയിട്ടാകണം കുട്ടന്പിള്ള കുറച്ച് ആശ്വാസവാക്കുകള് മൊഴിഞ്ഞു-
"പേടിക്കണ്ട.സ്റ്റേഷനില് ചെന്നാലുടനെ വിടും.."
ഓ..വിട്ടത് തന്നെ.ഉടനെ വിടുമെങ്കില് ഞങ്ങളെ എന്തിനാ കൊണ്ട് പോകണേ.ഇവിടെ വെച്ചു തന്നെ പെറ്റിയടിക്കരുതായിരുന്നോ.ഇത് അതൊന്നുമല്ല.ഞങ്ങളെ സ്റ്റേഷനില് കേറ്റി പൂശാനുള്ള പ്ലാന് തന്നെ.എന്തായാലും എന്നെ പൂശില്ല എന്നെനിക്ക് 100 ശതമാനം ഉറപ്പുണ്ടായിരുന്നു.കാരണം എന്നെ കണ്ടാല് ആര്ക്കും തല്ലാന് തോന്നില്ല.മാന്ദ്യക്കാലത്താണോ ഞാന് ജനിച്ചത്..!!
എന്റെ അടുത്തായിട്ടിരുന്നത്കൊണ്ട് ചിക്കുവിനോട് എനിക്ക് സംസാരിക്കാന് പറ്റി.അപ്പാഴാണ് അവന് 'ദോ ഇല്ല കടക്കണ സാധനം കണ്ടോ'എന്നും ചോദിച്ച് മനസ്സില് ഒരു ലോഡ് കനല് കോരിയിട്ടത്.അസ്സല് ഒരു ലാത്തി താഴെ കിടപ്പുണ്ടായിരുന്നു.അതാണ് അവന് കാട്ടി തന്നത്.
ചിക്കുവിന് ആരെയോ പരിചയമുണ്ടെന്ന് അവന് എന്റെ ചെവിയില് പറഞ്ഞു.ഇപ്പോ എല്ലാം ശരിയാക്കി തരാം എന്നും പറഞ്ഞ് അവന് ദീപുവിന്റെ കൈയില് നിന്നും ഫോണ് വാങ്ങിച്ചു.കുട്ടന്പ്പിള്ള ഇതെല്ലാം വാച്ചുന്നുണ്ടായിരുന്നു.ചിക്കു നമ്പറ് കുത്തി തുടങ്ങിയപ്പോള് കുട്ടന്പ്പിള്ള തനി പോലീസുകാരനായി.ഗംഗയില് നിന്നും നാഗവല്ലിയില്ലേക്കൊരു രൂപാന്തരണം.
"ആ പുല്ല് ഞാനിപ്പം വലിച്ച് റോഡിലെറിയും.വിളിക്കാനൊക്കെ സ്റ്റേഷനില് ചെന്നിട്ട് സമയം തരാം."
4500 രൂപ വിലയുള്ള ഒന്നാംതരം മൊബൈലിനെയാണ് അയാള് പുല്ല് എന്ന് വിളിച്ച് അപമാനപ്പെടുത്തിയത്.ചിക്കു പതുക്കെ മൊബൈല് പോക്കറ്റില് ഒളിപ്പിച്ചു.
കുട്ടന്പ്പിള്ള ഞങ്ങളുടെ സ്ഥലം എവിടെയാണെന്ന് ചോദിച്ചു.എനിക്ക് എന്തോ നല്ല ഭാഗ്യമുണ്ടായിരുന്ന്കൊണ്ട് എന്റെ സ്ഥലമൊക്കെ ആ കഷണ്ടിപ്പിള്ളക്ക് നന്നായി അറിയാം.അച്ഛന്റെ പേര് ചോദിച്ചപ്പോള് സ്വല്പ്പം പേടിയോടെയാണ് ഞാന് പറഞ്ഞത്.അറിയാമെങ്കില് തെണ്ടിയില്ലേ..ഹൊ.എന്തായാലും വിശദമായി ഒന്നും തിരക്കിയില്ല.
എന്തൊരു പോക്കാണ് ഈ വണ്ടിയുടേത്.ഇവന്മാര് ഇത്രേം സ്പീഡില് പോകണതിന് ഒരു കുഴപ്പവുമില്ല.എന്നെ പോലുള്ള പാവങ്ങള് സ്വല്പം സ്പീഡില് ഒരു സിനിമ കാണാന് പോയാല് ഒക്കൂല്ല.ഷോ തുടങ്ങി കഴിഞ്ഞ് ചെന്നാല് മോഹനലാലിനറെ Introduction എങ്ങനെയായിരുന്നുവെന്ന് ഇവന്മാര് വന്ന് പറഞ്ഞു തരുമോ.ഇല്ലല്ലോ..!!
NH ല് നിന്ന് ജീപ്പ് ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു.അവിടെ വെച്ചും കിട്ടി ഒരു പുതിയ ഇരയെ.മൊബൈലില് സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിച്ചുപോയ ഒരു സാധു മനുഷ്യന്.അങ്ങേര്ക്ക് മുടിഞ്ഞ ഭാഗ്യമാണ്.ജീപ്പില് സ്ഥലമില്ലാത്തതുകൊണ്ട് ഒന്നു ഉപദേശിച്ചങ്ങു വിട്ടു അയാളെ.അയാടെ Time.അല്ലാണ്ടെന്താ
പോലീസ് സ്റ്റേഷനു മുന്നില് വന്നു ജീപ്പ് നിന്നു.ഞാന് ഈ 'പോലീസ് സ്റ്റേഷന് പോലീസ് സ്റ്റേഷന് 'എന്നു പറയുന്ന സംഭവവും പുറത്ത് നിന്ന് മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ.അകത്തേക്ക് ആദ്യത്തെ തവണയാണ്.അതുകൊണ്ട് തന്നെ വലത്തെ കാലു കുത്തി തന്നെ കേറി.തെലുങ്കുപടത്തിലൊക്കെ ആരുന്നിരിക്കണം.കാലെടുത്ത് കുത്തുമ്പോള് സ്റ്റേഷന് അടിമുടി വിറക്കുന്നു.ഞങ്ങള് എല്ലാത്തിനേയും എടുത്ത് ചന്നാറ് പിന്നാറ് ഇടിക്കുന്നു.'നമ്മളോടാ അവന്റെയൊക്കെ കളി'എന്ന് ഡയലോഗും വിട്ട് ഇടിവെട്ട് Background മ്യൂസിക്കിന്റെ അകമ്പടിയോടെ സ്ലോ മോഷനില് നടന്നു വന്നേനേ.പക്ഷെ എന്തു ചെയ്യാം.ഇത് തെലുങ്ക് പടത്തിന്റെ സെറ്റോ സ്വപ്നമോ അല്ലല്ലോ.അസ്സല് ഒറിജിനല് കേരളാപോലീസ് അല്ലേ.
"മൂന്ന് 179."S.I യുടെ ശബ്ദം ഉയര്ന്നു.ഞങ്ങള്ക്ക് ചാര്ത്തിയ കുറ്റത്തിന്റെ നമ്പര്,വകുപ്പ്.179.!
ഞങ്ങള് പാവങ്ങളെപോലെ മുയലുകളെപോലെ ചെന്നായക്കൂട്ടിലേക്ക് കയറി കുട്ടന്പ്പിള്ള കാണിച്ച സ്ഥലത്തേക്ക് മാറി നിന്നു.
എന്റെ സങ്കല്പ്പത്തിലെ പോലീസ്റ്റേഷനേ ആയിരുന്നില്ല അത്.ഒരു മാതിരി വൃത്തികെട്ട കൂതറ സ്റ്റേഷന്.ലോക്കപ്പിന്റെ മുന്നിലായാണ് ഞങ്ങളെ നിര്ത്തിയത്.പുറത്ത് നില്ക്കുന്നവരൊക്കെ ഞങ്ങളെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു."ഞങ്ങളൊന്നും കട്ടിട്ടില്ലേ..ഞങ്ങളാരേം പീഡിപ്പിച്ചിട്ടില്ലേ..ഞങ്ങള് ചെയ്ത കുറ്റം വളരെ നിസ്സാരമാണേ.."-എന്ന് കാഴ്ചക്കാരോട് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു.പക്ഷെ പതുക്കെപ്പോലും പറയാന് ശബ്ദം പുറത്തേക്ക് വരുന്നില്ല.പിന്നാ..
മറ്റൊരാളെ നേരത്തെ പൊക്കി അവിടെ നിര്ത്തിയിട്ടുണ്ടായിരുന്നു.കണ്ടാല് തന്നെ ഒരു ക്രിമിനല് Look.ആടിയാടി നിന്നപ്പോഴേ ഊഹിക്കാന് പറ്റി.വെള്ളമടിച്ച് വണ്ടിയോടിച്ച കേസ്കെട്ട് തന്നെ.അയാള് ഞങ്ങളെ നോക്കി ഒരുമാതിരി വൃത്തിക്കെട്ട ചിരി ചിരിച്ചു.'പോലീസ് സ്റ്റേഷനില് ആദ്യമായിട്ടാണല്ലേടാ..'എന്നൊരു ധ്വനി അതിലുണ്ടായിരുന്നു.
ദീപു ചത്തതുപോലെ നില്ക്കുകയാണ്.ഒന്നും മിണ്ടുന്നില്ല.ഞാനും ചിക്കുവും ഇവിടുന്ന് എങ്ങനെ രക്ഷപെടാമെന്ന് കൂലംഗഷമായി ചിന്തിച്ച് തലപുകച്ച് നില്ക്കുകയാണ്.ഫോണെടുത്താല് പണിയാണ്.അതുകൊണ്ട് ആ സാഹസത്തിന് മുതിര്ന്നില്ല.അച്ഛനെ വിളിച്ചാരുന്നെങ്കില് വല്ലതും നടന്നേനെ.പണ്ട് എന്റെ രണ്ട് മാന്യ സുഹൃത്തുക്കളെ ഹെല്മറ്റില്ലാത്തതിന് പൊക്കിയപ്പോള് അച്ഛന് ഇടപ്പെട്ടാണ് ഇറക്കിയത്.അതൊക്കെകൊണ്ട് അച്ഛന് എന്റെ അവസാന കച്ചി തുരുമ്പായിരുന്നു.അച്ഛന് അന്നത്തെപൊലെ എന്നേം പിള്ളാരേം ഇറക്കുമെന്ന് ഞാന് പ്രതീക്ഷിച്ചു.
എന്റെ സമയം എന്നല്ലാതെ എന്തു പറയാന്.പണ്ടാരം പിടിക്കാനായിട്ട് എന്റെ മൊബൈല് അപ്പോള് ശബ്ദിക്കാന് തുടങ്ങി.ഞാന് സാധാരണ എവിടെയെങ്കിലും പോകുമ്പോള് വൈബ്രേഷനിലോ സൈലന്റിലോ ഇടുന്നതാണ്.ഇന്ന് അതുണ്ടായില്ല.എന്റെ കാലനെ പോലെ അവന് ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.ഞാന് പേടിച്ച് ചെറു വിറയലോടെ ഫോണ് കൈയിലെടുത്ത് കാള് കട്ട് ചെയ്തു.കുട്ടന്പ്പിള്ള രൂക്ഷമായി എന്നെയൊന്നു നോക്കി.പക്ഷെ പോക്കറ്റിലിട്ട ഉടനെ വീണ്ടും മരണമണി മുഴങ്ങാന് തുടങ്ങി.ശുക്രന് തലക്ക് മുകളില് തന്നെയുണ്ടോ എന്ന് ഞാന് നോക്കി.ഫോണ് ഓഫ് ചെയ്യാന് പറ്റണില്ല.പുല്ലെടുത്ത് തറയിലെറിയാനാണ് അപ്പോള് തോന്നിയത്.ഇതൊക്കെ കണ്ട് രണ്ട് തെണ്ടികള്‍ അപ്പുറത്തും ഇപ്പുറത്തും നിന്ന് ചിരിക്കുന്നുണ്ടായിരുന്നു.ഒരുവിധം switch off ഉം ചെയ്ത് ഞാന്‍ എന്‍റെ കാലനെ പോക്കറ്റിലിട്ടു.തലയുയര്‍ത്തി നോക്കിയപ്പോള്‍ മുന്നില്‍ മുകളില്‍ 17 ഇന്ച് L.C.D ടി.വിയില്‍ ഞങ്ങള്‍ മൂന്നിന്‍റേയും മുഖം.ആരാ പറഞ്ഞത് കേരളത്തില്‍ പുരോഗതിയില്ലെന്ന്.ഞങ്ങളുടെ മുന്നില്‍ വെച്ചിരിക്കുന്ന ക്യാമറ എല്ലാം ഭംഗിയായി ഒപ്പിയെടുത്ത് ടി.വിയില്‍ കാണിച്ചുകൊണ്ടിരുന്നു.LIVE TELECAST..!!പുറത്ത് നില്‍ക്കുന്നവര്‍ക്കും പോലീസുകാര്‍ക്കും എല്ലാം വ്യക്തമായി കാണാമായിരുന്നു.
'എന്തൊരു നാറ്റം'എന്നും പറഞ്ഞ് ചിക്കു മൂക്ക് പൊത്തിയപ്പോഴാണ് എവിടുന്നോ വരുന്ന ഗന്ധം ഞാനും എന്‍റെ നാസികയും അറിഞ്ഞത്.ഉറവിടം ഒരു ഈച്ച കുഞ്ഞുപോലും ഇല്ലാത്ത ലോക്കപ്പിനകമാണ്.സിനിമയില്‍ അല്ലാതെ ആദ്യമായി അങ്ങനെ ഒരു ലോക്കപ്പിനകവും കണ്ടു.എത്ര വിരുതന്‍മാരുടെ എല്ലൊടിച്ച് വെള്ളമാക്കിയ സ്ഥലമാണിത്.എന്‍റെ ഒരു കൈയുടെ അത്രേം വലിപ്പമുണ്ടായിരുന്നു അതിന്‍റെ ഓരോ അഴിക്കും.എനിക്ക് രണ്ട് കമ്പികള്‍ക്കിടയിലൂടെ സുഖമായി നൂന്നിറങ്ങാമല്ലോ എന്നാലോചിച്ച് ഞാന്‍ ചിരിച്ചു.
ലോക്കപ്പില്‍ ചാരി നിക്കരുത്,മാരകരോഗങ്ങള്‍ നിന്‍ കൂടെ വരും എന്ന് ചിക്കു മുന്നറിയിപ്പ് തന്നു.ഞാന്‍ കൈയും കെട്ടി Extra ordinary ഡീസന്‍റ് ആയി നിന്നു.അപ്പോഴും ദീപു ഒരു ശവത്തിനെപോലെ അനങ്ങാതെ നില്‍ക്കുകയാണ്.അപ്പോള്‍ രണ്ട് പോലീസുകാര്ട‍‍‍‍‍‍‍‍‍‍‍ വന്ന് ഞങ്ങളുടെ ജീപ്പ് മേറ്റ്,മൊബൈലില്‍ സംസാരിച്ച് വണ്ടിയോടിച്ചവനെ വിളിച്ചു.അവന്റെ് കുറ്റപത്രം തയ്യാറാക്കാനാണ്.ഞങ്ങളുടെ നമ്പര്‍ ഉടന് വരുനെന്ന പ്രതീക്ഷയോടെ ഞങ്ങളും നിന്നു.ആ പാവപ്പെട്ടവന്‍ എറണാകുളംകാരനാണ്.ഇവിടെ എന്തോ ജോലി ആവശ്യം പ്രമാണിച്ച് എത്തി പെട്ടതാണ്.അതിനായി പോയിട്ടുവരുന്ന വഴിക്കാണ് പോലീസിന്റെ് വലക്കുള്ളില്പെ്ട്ടത്.അവന്റെന പേരും നാളും അഡ്രസ്സുമൊക്കെ എഴുതിവെച്ചിട്ട് ആ പോലീസുകാര്‍ എണ്ണീറ്റുപോയി.ഞങ്ങള്‍ മൂന്ന് പേരെ ഗൗനിച്ചതേയില്ല.ആകെ വിഷമമായി.
ദീപു L.C.D ടി.വിയിലേക്ക് നോക്കിയിട്ട് എന്റെണ അടുത്ത് വന്ന് സംസാരിക്കാന്‍ തുടങ്ങി.അവന് സംസാരശേഷി നഷ്ടപ്പെട്ടിട്ടില്ല എന്നറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി.ഞാന്‍ കരുതി പെട്ടന്നുണ്ടായ ഷോക്കില്‍ അവന്റെന വോയിസ് കോഡ് അടിച്ചുപോയി കാണുമെന്ന്.
“ടാ എന്നെ ടി.വിയില്‍ കാണാന്‍ നല്ല രസമുണ്ട്.നേരില്‍ കാണുന്നതിനേക്കാള്‍ ഗ്ലാമറാ.നീ ഒരു സിനിമയെടുക്കുകയാണെങ്കില്‍ എന്നെ ഒന്നു പരിഗണിക്കണം.”-അവന്റെമ വര്ത്ത്മാനം കേട്ട് എനിക്ക് ചിരിയാണ് വന്നത്.
അകത്തെ റൂമില്‍ രണ്ട് വനിതാ കോണ്സ്റ്റ ബിള്സ്ല ഇരിന്ന് ലാച്ചറടിക്കുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു.ഇന്നലെ അവര്‍ കണ്ട സീരിയലിന്റെള കഥ പറയുകയായിരിക്കും എന്ന് ഞാന്‍ കരുതി.വല്യ ഗ്ലാമര്‍ ഒന്നുമില്ലാത്തതുകൊണ്ട് വായിനോട്ട ഉദ്യമത്തില്‍ നിന്നും ഞാന്‍ സ്വയം പിന്മാറി.
ലോക്കപ്പിനരികില്‍ ഭിത്തിയില്‍ ഒരു വിലങ്ങ് തുക്കിയിട്ടിരിക്കുന്നത് കണ്ട് ഞെട്ടി മുകളിലോട്ട് നോക്കിയപ്പോള്‍ മനസ്സിലൊരു മഴ പെയ്തു തോര്ന്നത ആശ്വാസം.മുകളിലതാ ഗാന്ധിജിയുടെ ചിരിക്കുന്ന ഫോട്ടോ.ഞാന്‍ ചിക്കുവിനേം ദീപുവിനേം വിളിച്ചു കാണിച്ചു.അവരുടെ മനസ്സിലും മഴ പെയ്യിപ്പിച്ചു.
യൂണിഫോമില്ലല്ലാത്ത ഒരു കുടവയറന്‍ പോലീസ് അപ്പോള്‍ ഞങ്ങളുടെ അടുത്ത് വന്ന് കാര്യങ്ങളൊക്കെ അന്വോഷിച്ചു.നടന്നതൊക്കെ അതുപോലെ വള്ളിപ്പുള്ളി വിടാതെ ഞങ്ങള്‍ പറഞ്ഞു.അപ്പോള്‍ കുടവയറന്റെയ വക ഒരു ചോദ്യം-വീട്ടില്‍ ഇന്റ ര്നെളറ്റ് കണക്ഷന്‍ ഉണ്ടോന്ന്.ഉണ്ടെങ്കില്‍ ഇപ്പോള്‍ ഞങ്ങളെ വീട്ടില്‍ കണ്ടോണ്ടിരിക്കുകയായിരിക്കുമെന്ന്.ഓ..പിന്നെ..ആരോടാ ഈ ഏമാന്‍ ഇതൊക്കെ പറയണേ,ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്സ് വിദ്യാര്ഥി്യായ എന്നോടൊ അതോ BCA വിദ്യാര്ഥിെയായ ദീപുവിനോടൊ.തല്ക്കാപലം Bcom-ക്കാരനായ ചിക്കു മാറി നില്ക്ക ട്ടെ.ഈ പീറ പോലീസ് സ്റ്റേഷനിലെ കാര്യങ്ങള്‍ ഇന്റെോര്നെ്റ്റിലൂടെ കാണും പോലും.ഉല്സമവ പറമ്പില്‍ നിന്നും വാങ്ങിയ ഒരു ഡൂക്കിളി ക്യാമറയും ടി.വിയും..
വെള്ളമടിച്ചു വണ്ടിയോടിച്ച സ്ഥലത്തെ പ്രധാന ഗുണ്ട ഞങ്ങളോട് വന്ന് സംസാരിച്ചു.അയാളുടെ കണ്ണ് കുഞ്ഞിക്കൂനനിലെ സായിക്കുമാറിന്റെത കണ്ണുകളെ ഓര്മ മിപ്പിക്കും വിധം ചുമന്നിരുന്നു.ഞങ്ങളോട് കാര്യങ്ങലൊക്കെ തിരക്കി.പെറ്റിയടിച്ച് ഇപ്പോ തന്നെ വിടുമെന്നും പേടിക്കേണ്ടെന്നും അയാള്‍ പറഞ്ഞു.ചിക്കു അയാളോട് ചോദിച്ചു ചേട്ടനെ എന്തിനാ പൊക്കിയതെന്ന്.അപ്പോള്‍ അയാള്‍ അയാളുടെ കദനകഥ ഞങ്ങളോട് പറഞ്ഞു.
‘എന്നും ഫുള്ടാരങ്കില് വെള്ളമടിച്ചാണ് വണ്ടിയോടിക്കുന്നത്.ഇന്നേവരെ ഒരു പോലീസും പിടിച്ചട്ടില്ല.ഇന്നാണെങ്കില്‍ വളരെ കുറച്ച്..അതും 60 മില്ലിയാണ് അടിച്ചത്.സമയക്കേട്.അല്ലാതെന്തു പറയാനാ.സാധാരണ ഞാനിവിടെ ആരെയെങ്കിലും ഇറക്കാനാണ് വരുന്നത്.ഇപ്പോ എന്നെ ഇറക്കാന് ആരേലും വരേണ്ടുന്ന അവസ്ഥയായി.’
ഞങ്ങളോട് ആരെയെങ്കിലും വിളിച്ചു പറഞ്ഞോ എന്ന് അയാള്‍ ചോദിച്ചു.മൊബൈല്‍ എടുക്കാന്‍ സമ്മദിച്ചില്ല എന്നു പറഞ്ഞപ്പോള്‍ അയാള്‍ നേരെ വാതിക്കല് ഇരുന്ന പോലീസുകാരനോട് പോയി എന്തോ പറഞ്ഞു.എന്നിട്ട് ഫോണ്‍ എടുത്ത് വിളിച്ചോളാന്‍ ആഗ്യം കാണിച്ചു.ചിക്കു ഉടന്തനന്നെ ആകെകൂടി കാശുണ്ടായിരുന്ന ദീപുവിന്റെ‍ മൊബൈല്‍ വാങ്ങി ആരെയോ വിളിക്കാന് തുടങ്ങി.ഞാന് അവനോട് ചോദിച്ചു ആരെയാണ് വിളിക്കുന്നതെന്ന്.ഇവിടെയടുത്തുള്ള അവന്‍റെയൊരു സുഹൃത്തിനെയാണെന്നും അവന് തിരുവനന്തപുരം എസ്.പിയുടെ അടുത്തയാളാണെന്നും അവനെ വിളിച്ചാല്‍ ഇവിടുന്ന് ഇറങ്ങാന് പറ്റുമെന്നും പറഞ്ഞു.ശരി എങ്കില് അങ്ങനെയാകട്ടെയെന്ന് ഞാനും ദീപുവും പറഞ്ഞു.ശുക്രന്‍ തലക്കു മുകളില്‍ നിന്നും മാറി ചൊവ്വ ആ സ്ഥാനം കൈയേറിയതുകൊണ്ടാകണം BSNL-ന് Range എന്നു പറയുന്ന സാധനം ഉണ്ടായിരുന്നില്ല.ആകെ Range ഉള്ളത് ഒരു പട്ടിക്കാട്ടിലും Range ഇല്ലാത്ത ചിക്കുവിന്റെ Docomo-ക്കാണ്. അതിലാമെങ്കില്‍ പുലിപിടിക്കാനായിട്ട് ബാലന്സുംന ഇല്ല..ദീപു ഫോണ്‍ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും കുടഞ്ഞു.അങ്ങനെ ചെയ്താല് Range വരുമെന്ന് നാട്ടില്‍ പരക്കെ ഒരു വിശ്വാസമുണ്ട്.കൃത്യം 5 മിനിട്ട് കഴിഞ്ഞപ്പോള് ആ മൊബൈലില്‍ ഒരു മെസേ‍ജ് വന്നു. അപ്പോള് കഷ്ടി ഒരു കട്ട Range ഉണ്ട്.ഫോണ്‍ പിന്നേം വിളിക്കാനായിട്ട് ചിക്കുവിന്റെട കൈയില് കൊടുത്തു.ആ പൊട്ടന്‍ചങ്കരനപ്പോള്‍ വന്ന മെസേജ് വായിക്കാന് തുടങ്ങുന്നു.പോലീസ് സ്റ്റേഷനായിപ്പോയി.അല്ലേല് ഞാനും ദീപുവും കൂടി അവനെയെടുത്ത് ചാമ്പിയേനെ.
ഒരു വിധമങ്ങനെ കോള്‍ കണക്ടായി.ചിക്കു അവന്റൊ സുഹൃത്തിനോട് സംസാരിക്കാന്‍ തുടങ്ങി.
‘ടാ മഹേഷെ..ഞാനിപ്പോള്‍ നിങ്ങളുടെ വീട്ടിനടുത്ത പോലീസ് സ്റ്റേഷനിലാണെടാ.ട്രിപ്പിള്സടിച്ചേന് പൊക്കി.എന്തേലും ചെയ്യാന്‍ പറ്റുമോ..?കേസാക്കുമെന്നാ പറയുന്നത്…’
അവന്‍ ഉടനെ തിരിച്ചു വിളിക്കാം എന്നും പറഞ്ഞ് ഫോണ്‍ വെച്ചു.അവന്റെള വിളിയും കാത്ത് ‍ഞങ്ങള്‍ നിന്നു.ചിക്കു കിട്ടിയത്തക്കത്തിന് വല്യ ഡയലോഗുകള്‍ തട്ടി വിടാന്‍ തുടങ്ങി.ഇപ്പോള്‍ അവന് ആണല്ലോ ഹീറോ.ലവനിപ്പോള് എസ്.പിയെ വിളിച്ചുകാണുമെന്നും എസ്.പി ഇപ്പോള്‍ ഇവിടുത്തെ എസ്.ഐയെ വിളിക്കുമെന്നും അവന് ഒരു ഉളിപ്പുമില്ലാതെ തട്ടിവിട്ടു.ഭാവിയിലെ S.I യോടാ ലവന്മാരുടെ കളി.
ലവന്‍ വിളിക്കാമെന്നു പറഞ്ഞ സമയമൊക്കെ കഴിഞ്ഞു.ചിക്കു സഹിക്കെട്ട് അങ്ങോട്ട് വിളിച്ചു.ഒന്നും നടക്കില്ല.പെറ്റിയുമടച്ച് പൊയ്ക്കോ-എന്ന് മറുതലയ്ക്കല്‍ നിന്ന് മറുപടി.
ചിക്കുവിന്റെ. അപ്പോഴുള്ള ഭാവങ്ങള്‍ കണ്ട് മനസ്സില് നിന്ന് പൊട്ടിയ ചിരി ഞാനും ദീപുവും പുറത്തേക്കു വരാതിരിക്കാന് പരമാവധി ശ്രദ്ധിച്ചു.എന്തൊക്കെയായിരുന്നു..തിരുവനന്തപുരം S.P ,ഭാവിയിലെ S.I..വാഴക്ക
ഞാനെന്തായാലും അച്ഛനെ വിളിക്കാമെന്ന തീരുമാനത്തിലെത്തി.ഗംഭീരമായിരുന്നു അച്ഛന്റെ പെര്‍ഫോമന്‍സ്.
'മോനെ,ഞാന്‍ വരില്ല നിന്നെയിറക്കാന്‍.തനിയെ ഇറങ്ങി പതിയെയങ്ങു വന്നാല്‍ മതി.'
എന്‍റെ ആകെയുള്ള പ്രതീക്ഷയുടെ പളുങ്കുപാത്രം താഴെ വീണ് പതിനാറായിരത്തിയൊന്‍പത് കഷണങ്ങളായി ചിതറി.
ഇനിയെന്തു ചെയ്യും.No Idea!രാവിലെ പത്ത് മണിക്ക് തുടങ്ങിയ നില്‍പ്പാണ്.ഇപ്പോള്‍ സമയം 1.30 ഉച്ച.ആരും ഞങ്ങളുടെയടുത്തേക്ക് വരുന്നതെയില്ല.
അപ്പുറത്തിരുന്ന ഒരു പോലീസ് ഞങ്ങളോട് തറയിലിരിക്കാന്‍ പറഞ്ഞു.കേട്ടപ്പാതി കേള്‍ക്കാത്തപാതി ഞാന്‍ ഒറ്റയിരുപ്പ്.കാലു കിഴച്ചിട്ട് പാടില്ലാരുന്നു.ചിക്കുവും ദീപുവും രൂക്ഷമായി എന്നെ നോക്കി.ഞാന്‍ സംഗതി പന്തിക്കേടാണെന്ന് മനസ്സിലാക്കി പതിയെ എണ്ണീറ്റു.ഇരിക്കാന്‍ പറഞ്ഞ പോലീസ് എന്നെ തറപ്പിച്ചൊന്നു നോക്കി.
ദീപു ആദ്യമായിട്ടല്ല പോലീസ് സ്റ്റേഷനില്‍ കയറുന്നത്.അവന്‍ ബാംഗ്ലൂരിലാണ് പഠിക്കുന്നത്.അവിടെവെച്ച് അവനേം കൂട്ടുകാരനേയും ഇതുപോലെ പൊക്കിയിട്ടുണ്ട്.പക്ഷേ 500 രൂപ പെറ്റിയടച്ച് ഉടന്‍ തന്നെ വിട്ടു.
“നമ്മുടെ സര്കാതുപര് ഇതൊക്കെകൊണ്ടാ നന്നാകാത്തത്.അതൊക്കെ കര്ണ്ണാരടക സര്ക്കാനര്‍.ഇങ്ങനെയൊക്കെ പിടിച്ചാല് ഉടന്തതന്നെ 500 രൂപ പെറ്റിയടിച്ച് പറഞ്ഞു വിടും.പിടിച്ചിങ്ങനെ നിര്ത്തി യാല്‍ അടുത്ത ഇരയെ കൊണ്ട് നിര്ത്താ ന്‍ സ്ഥലം തികയൂല്ല.”
ദീപു കേരളാപോലീസിന്റെപ കുറ്റങ്ങള്‍ കണ്ടു പിടിക്കാന് തുടങ്ങി.
എനിക്കപ്പോഴേക്കും വിശക്കാന് തുടങ്ങിയിരുന്നു.എന്റെല ആമാശയം പട്ടി കൊണ്ടുപോയിരിക്കുകയല്ലല്ലോ.നില്ക്കാ ന് തുടങ്ങിയിട്ട് 4 മണിക്കൂര്‍ കഴിഞ്ഞു.തീരുമാനമൊന്നും ഉണ്ടാകണുമില്ല.അപ്പോഴേക്കും അവിടെ നിന്നിരുന്ന സ്ഥലത്തെ പ്രധാന ഗുണ്ട ഏതോ വഴിയിലൂടെ ഇറങ്ങിപോയിരുന്നു.എറണാകുളത്തുള്ള ഭാഗ്യവാന്‍ ഒരു പരിചയക്കാരന്റെി ജാമ്യത്തിലും പോയി.ഞങ്ങള്‍ 3 പേരും കണ്ണും കണ്ണും നോക്കി നിന്നു.
കൃത്യം 3 മണിയായപ്പോള്‍ S.I വന്നു.ഞങ്ങളോട് ഇറക്കാന് ആരും വന്നില്ലേ എന്നു ചോദിച്ചു.ഇല്ലെന്നു പറഞ്ഞപ്പോള് വണ്ടിയോടിച്ചവന് കേസെടുക്കാനും മറ്റ് രണ്ട് പേരെ ജാമ്യം നിര്ത്തി്ട്ട് പൊയ്ക്കോളാനും പറഞ്ഞു.ചിക്കു കരുതിയത് അവനെ ഇവിടെ നിര്ത്തീ ട്ട് ഞങ്ങളെ 2 പേരെയും വിടാന് പറഞ്ഞു എന്നാണ്.വണ്ടി അവന്റെ്യാണല്ലോ.ഞങ്ങളുടെ ഭാഗ്യത്തിന് ഓടിച്ചതും അവന് തന്നെ.അവന്റെ് മുഖം പാണ്ടി ലോറി കേറിയ തവളെ പോലെയായി.യഥാര്ഥ്ത്തില്‍ എന്റേംവ ദീപുവിന്റേം് ജാമ്യത്തില് അവനെ വിടാനാണ് പറഞ്ഞത്.ഒരു പോലീസുകാരനോട് ഞങ്ങളുടെ അഡ്രസ്സൊക്കെ എഴുതി വാങ്ങാന് പറഞ്ഞിട്ട് S.I മിസ്റ്റര്‍ കുണ്ടന്‍ പോയി.പക്ഷെ എഴുതാന് പറഞ്ഞിട്ട് പോയ പോലീസുകാരന്‍ ഞങ്ങളെ മൈന്റ്ട ചെയ്തത് കൂടിയില്ല.ഞങ്ങല്‍ പിന്നേം അര മണിക്കൂര്‍ കൂടി ആ നില്പ്പ്ൊ നിന്നു.സഹിക്കെട്ട ചിക്കു പറഞ്ഞു-“ഞാന്‍ പോയി ചോദിക്കാന് പോകുകയാണ്,ചേട്ടാ ഞങ്ങളെ എന്താ വിടാത്തത് എന്ന് ”.ചേട്ടാന്നും വിളിച്ച് അങ്ങോട്ട് ചെല്ല് വേഗം.നിന്നെ ഇവിടെ നിര്ത്തും ,ഞങ്ങളെ വിടും-ഞങ്ങള്‍ അവനെ പേടിപ്പിച്ചു.
S.I പിന്നേം വന്നു.ഞങ്ങള് പഴയപ്പടിതന്നെ നില്ക്കു കയാണ്. എന്താ ഇതുവരെ എഴുതി വാങ്ങിയില്ലെ എന്നു ചോദിച്ചു.S.I പറഞ്ഞിട്ടുപോയ പോലീസ്കാരന് യഥാര്ഥവത്തില്‍ എഴുതാന്‍ അറിയില്ലായിരുന്നു.അതായത് കുറ്റപത്രം.സാധാരമ ഇതൊക്കെ എഴുതുന്നത് വേറൊരു പോലീസുകാരനാണ്.അയാള് വന്നപ്പോഴാണ് ഞങ്ങളെ വിളിച്ച് അഡ്രസ്സും വിവരങ്ങളും എഴുതാന്‍ തുടങ്ങിയത്.
ജാമ്യക്കാരായ ഞാനും ദീപുവും മുന്നിലേക്ക് നിന്നു.ദീപുവിന്റെ വിവരങ്ങളാണ് ആദ്യം എഴുതിയത്.ഇന്ന താലൂക്കില് ഇന്ന ചേരിയില് എന്നൊക്കെയുള്ള വിവരങ്ങള്‍ വേണമായിരുന്നു.ദീപുവിനാണെങ്കില്‍ അവന്റൊ താലൂക്ക് കൃത്യമായി അറിഞ്ഞൂടാ.
“നീയെന്തിനാടാ തെണ്ടീ പഠിക്കണത്.ഇവന്മാരെയൊന്നും വിടണ്ടാ.പിടിച്ച് ലോക്കപ്പിലിട്…*#**%**@*…”എന്നും പറഞ്ഞ് കുറേ തെറി അഭിഷേകവും നടത്തി പേനയടച്ചു വെച്ചു.ഞങ്ങള്‍ 3 പേരും മനസ്സില് അറിയാവുന്ന തെറികളൊക്കെ ആ ദരിദ്രവാസിയെ വിളിക്കുകയായിരുന്നു അപ്പോള്.
അടുത്ത ഊഴം എന്‍റേതായിരുന്നു.
“എന്താടാ നിന്റെര പേര്..? ”-അയാള്‍
“മറാട്ട് ”-ഞാന്‍ പറഞ്ഞു.
“എന്തോന്നാ ”
“മറാട്ട് ”
“എടോ താന്‍ കേട്ടോ ഇവന്റെിയൊരു പേര്.നിന്റെട പേരൊന്നുറക്കെ പറയടാ.എല്ലാവരും ഒന്നു കേള്ക്ക്ട്ടെ.
ഒരു.. *#**%**@*…പേര് ”ഓ..പിന്നേം തെറി മഴ.അങ്ങനെ ആദ്യമായി എന്റെ ഇടിവെട്ടു പേരിന് തെറിയും കേള്ക്കേ ണ്ടി വന്നു.
എന്റെട ചേരിയേതെന്നായി അടുത്ത ചോദ്യം.ഞാന്‍ കുണ്ടറ എന്നു പറഞ്ഞു.അങ്ങനെയൊരു ചേരിയില്ലെന്നായി അയാള്‍.ലൈസന്സോ I.D കാര്‍ഡോ ഉണ്ടെങ്കില്‍ എടുത്ത് നോക്കാന്‍ പറഞ്ഞു.സിനിമ കാണാന്‍ പോയവന്‍റെ കൈയില്‍ എവിടാ ഇതൊക്കെ.ആകെ അപ്പോള്‍ എന്‍റെ കൈയില്‍ ഉണ്ടായിരുന്നത് പണ്ടെങ്ങാണ്ടോ ലേണേഴ്സ് കിട്ടിയതിന്‍റെ കോപ്പിയാണ്.അത് ‍ഞാന്‍ എട്ടാക്കി മടക്കി പേഴ്സില്‍ ഭദ്രമായി വെച്ചിരിക്കുകയായിരുന്നു.ഇത് വരേം പുറത്തെടുത്തിരുന്നില്ല.ഇന്നങ്ങനെ ആദ്യമായി പുറത്തെടുത്ത് തുറന്നപ്പോള്‍ കാലപഴക്കം കൊണ്ട് അത് പതിനാറ് കഷണങ്ങളായി കീറി.അങ്ങനെ ഒരു തീരുമാനമുണ്ടായി.ചേരി കീറി കിട്ടി.
അങ്ങനെ ഒരു വിധത്തില്‍ വിവരങ്ങളെല്ലാം പറഞ്ഞുകൊടുത്ത് ഞങ്ങള്‍ പോകാന്‍ തയ്യാറായി നിന്നു.പക്ഷെ ബൈക്ക് കിട്ടണമെങ്കില്‍ ലൈസന്‍സിന്‍റെ കോപ്പിയും വണ്ടിയുടെ ബുക്കും പേപ്പറുമൊക്കെ വേണം.ലൈസന്സ്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍.ബുക്കും പേപ്പറും കൊണ്ട് വന്നിട്ട് വണ്ടിയെടുത്തോണ്ട് പൊയ്ക്കോളാന്‍ പറഞ്ഞ് ഞങ്ങളെ ഒടുവില്‍ വിട്ടു.
അങ്ങനെ കൃത്യം നാലു മമി മുഴങ്ങുമ്പോള്‍ ഞങ്ങള്‍ പോലീസ് സ്റ്റേഷന്‍ വാസവും കഴിഞ്ഞ് വെളിയിലെത്തി.സൂര്യനെ പിന്നേം കണ്ടു.Super Splender ന് താല്‍ക്കാലികമായി ഒരു ബൈ കൊടുത്ത് ഞങ്ങള്‍ റോഡിലേക്കിറങ്ങി.അവിടെ നിന്ന് ഉറക്കെ ഒന്നു കൂകി വിളിക്കണമെന്ന് തോന്നി.സന്തോഷം കൊണ്ട് തുള്ളി ചാടാന്‍ തോന്നി.
ക്യാമറ ദീപുവിലേക്ക്.Close up
അവന് ചിക്കുവിനോട് പറഞ്ഞു.-
"അളിയാ തിരുവനന്തപുരത്തോട്ട് ഒന്നു വിളിച്ച് S.P-യോട് നമ്മളെ ഇറക്കാന്‍ വരണ്ട എന്നു പറ.."
ഞാന്‍ അവിടെ തറയിലിരുന്ന് ചിരിച്ച് ചത്തു..!!

വാല്‍ക്കഷ്ണം:ബൈക്കിന്‍റെ ബുക്കും പേപ്പറും ബാങ്കിലാരുന്നു.സെക്കന്‍ഡ് സാറ്റര്‍ഡേ ആയതുകൊണ്ട് ബാങ്ക് ഉണ്ടായിരുന്നില്ല.എന്തു ചെയ്യും.പിന്നേം ചിന്തകള്‍..അങ്ങനെ ചിക്കു സ്റ്റേഷനകത്തേക്കു കയറി.ഞങ്ങള്‍ പുറത്തു നിന്നു.അപ്പോഴേക്കും അച്ഛന്‍ സ്റ്റേഷനില്‍ വിളിച്ചിരുന്നു.അച്ഛന്‍ Rockz..ബൈക്കിന്‍റെ ചാവി തിരയുകയായിരുന്നു പോലീസ് ഏമാന്‍മാര്‍.എവിടെ കിട്ടാന്‍..ചാവിയും പോക്കറ്റിലിട്ടാണ് S.I വീട്ടില്‍ പോയിരിക്കുന്നത്.ഒരു മണിക്കൂര്‍ കഴിഞ്ഞേ എത്തൂ.പിന്നേം നിന്നു ഒരു മണിക്കൂര്‍,ഞങ്ങള്‍ പുറത്തും ചിക്കു അകത്തും.അത് വേറൊന്നും കൊണ്ടല്ല.ഞങ്ങള്‍ എവിടെ എന്ന് കുട്ടന്‍പ്പിള്ള ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു ഞങ്ങള്‍ വീട്ടില്‍ പോയെന്ന്.ഞങ്ങള്‍ അപ്പോള്‍ പുറത്ത് നില്‍പ്പുണ്ട് എന്നോര്‍ക്കണം.പക്ഷേ സെന്‍റിമെന്‍സ് അവനെ തിരിച്ചു പണിഞ്ഞു.ഒറ്റക്ക് അവന് അകത്ത് നില്‍ക്കേണ്ടി വന്നു.ഞങ്ങള്‍ ചതിയന്‍മാരല്ലേ,അകത്തു കയറാന്‍ പറ്റില്ലല്ലോ..എന്തായാലും S.I വന്നു,ചാവി കിട്ടി.200 രൂപ പെറ്റിയും കിട്ടി..
നാളെ ഹെല്‍മെറ്റ് ഇല്ലാതെ യാത്രചെയ്യണമെന്ന് തീരുമാനിച്ച് ഞങ്ങള്‍ വീട്ടിലേക്ക്...

(അവസാനിച്ചു)


Wednesday, December 9, 2009

ഇന്ദുലേഖ ടീച്ചറിന്റെ മുടിയും ചിലപ്രശ്നങ്ങളും


വള്ളിചെടികളാല് പടര്ന്നു പന്തലിച്ചു നില്ക്കുന്ന കൊടിമരവും മുദ്രാവാക്യങ്ങള് ചുമപ്പിച്ച കല്മതിലും നിഗൂഡതകള് തളംകെട്ടിനില്ക്കുന്ന ഭീകരനായ ലൈബ്രറിയും കടിച്ചാല് പൊട്ടാത്ത ബോണ്ടയും ഉണ്ടംപൊരിയും ചിരിക്കുന്ന കാന്റീനും പ്രണയം തളിര്ക്കുന്ന മരത്തണലും ഇടനാഴിയും കഴിഞ്ഞ സമരക്കാലത്ത് വികലാംഗയായ ജനല്പാളിയും ഒരിക്കലും നന്നാകില്ലെന്നറിഞ്ഞിട്ടും പോത്തിനോട് വേദമോതുന്നതുപോലെ ഉപദേശങ്ങളുടെ കെട്ടഴിക്കുന്ന ഗ്രേസിക്കുട്ടി ടീച്ചറും ചിന്തകള് വിരിയുന്ന സ്മോക്കേഴ്സ് കോര്ണറും എന്റെ ചെരിപ്പുകള്ക്ക് തേയ്മാനം സംഭവിച്ചിട്ടും അനുകൂലമായ ഒരു മറുപടി ഇന്നേവരെ തന്നിട്ടില്ലാത്ത,എന്നേക്കാള് ഒരോണം കുറച്ചുമാത്രം ഉണ്ടിട്ടുള്ള നന്ദനാകുര്യനും നടമാടുന്ന സ്ഥിരം ഫോര്മുലകളുടെ ലോകത്തുനിന്ന് മനസ്സ് ചൂടേറിയ ധ്രുവത്തിലേക്ക് കടന്നു.
ഇപ്പോള് ഇന്ദുലേഖ ടീച്ചറിന്റെ ഫിസിക്സ് ക്ലാസ് ബാല്ക്കണി ഒഴിഞ്ഞ് ഓടിക്കൊണ്ടിരിക്കുകയാണ്.അതൊരു പുതിയപ്രവണതയല്ലലോ.പണ്ടുമുതല്ക്കേ ബുദ്ധിജീവി ചിത്രങ്ങള് അഥവാ അവാര്ഡ് പടങ്ങള് കാണാന് ആളുകയറാറില്ലല്ലോ.ഞാന് പിന്നെ ടിക്കറ്റെടുത്ത് മുന്സീറ്റിലിരുന്ന് ഉറങ്ങി വീഴുന്നത് വേറൊന്നും കൊണ്ടല്ല കേട്ടോ.രാവിലെ വീട്ടിന്നിറങ്ങിയപ്രോള് അമ്മ ഓര്മ്മിപ്പിച്ചിരുന്നു.
'അച്ഛന് ചിലപ്പോള് ആ വഴി വരും.'
സംഗതി അതാണ്.അച്ഛന് വന്നാലോ.ഞാന് നല്ല കുട്ടിയല്ലേ.
പക്ഷെ,ഇപ്പോള് എന്നെ അലട്ടുന്ന പ്രശ്നം അതല്ല. അറുപതിനോടടുത്ത അതോ അറുപതു കഴിഞ്ഞോ,അറിയില്ല.ഇന്ദുലേഖ ടീച്ചറിന്റെ ഇനിയും നരച്ചിട്ടില്ലാത്ത മുടിയാണ്.ഒരൊന്നൊന്നര മുടി തന്നെ.ഇത് എങ്ങനെ സംഭവിക്കുന്നു.നാല്പ്പത്തെട്ടു വയസ്സുള്ള എന്റെ അമ്മയുടെ തലയിലെ പകുതിയിലേറെ മുടി നരച്ചിരിക്കുന്നു.ചിലപ്പോള് ടീച്ചറ് വെയിലൊന്നും കൊള്ളാതെ അകത്തുനിന്ന് പഠിപ്പിക്കുന്നതു കൊണ്ടാകും.വീടിനു വെളിയിലും ഇറങ്ങില്ലായിരിക്കും.അതല്ലങ്കില് എന്തെങ്കിലും എണ്ണയോ മറ്റോ..എന്തായാലും അമ്മയോട് ടീച്ചറിന്റെ ശിഷ്യത്വം സ്വീകരിക്കാന് പറയണം.അമ്മയ്ക്ക് ഈ കാര്യത്തിലൊക്കെ വല്യ താല്പര്യമാണ്.എന്തിന് അമ്മ വരെ പോകണം.എന്റെയൊരു പെങ്ങളുണ്ടല്ലോ.കണ്ണാടിക്ക് മുന്നില് നിന്നാല് അവള്ക്ക് ചോറും വേണ്ട നീരും വേണ്ട.നാലു പെമ്പിള്ളാരെ കാണാന് ഇറങ്ങണ സമയത്ത് ഈ പാവത്തിന് സ്വന്തം സൌന്ദര്യം കാണാന് പോലും ചിലപ്പോള് കഴിയാറില്ല.അതൊരു കഥ.
ഞാനെന്ത് മണ്ടനാണെന്നു നോക്കണേ.സത്യം അതൊന്നുമല്ല.ടീച്ചറ് എന്നെപ്പോലുള്ള വിഡ്ഢികളെ പറ്റിക്കാന് മുടിയും കറുപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്.മുടി ഭംഗിയായി ഡൈ ചെയ്തിരിക്കുന്നു.അമ്പടാ..അറുപത്കാരിയുടെ യൌവന രഹസ്യം ഇപ്പോഴല്ലേ പിടിക്കിട്ടിയത്.
ഇത് ടീച്ചറിന്റെ മാത്രം കാര്യമല്ല.ആര്ക്കും വയസ്സായി നടക്കാന് വയ്യ.അപ്പൂപ്പനും അമ്മൂമ്മയ്ക്കും കിളവനും കിളവിയും ആകാന് വയ്യ.മകന്റെ യൌവനം കടം വാങ്ങിയ രാജാവിന്റെ കഥ എവിടെയോ വായിച്ചിട്ടുണ്ട്.എന്തായിരിക്കും പ്രായം ചെന്നവര്ക്ക് യൌവനത്തോടിത്ര പ്രിയം.അതോ യൌവനവും വാര്ദ്ധക്യവും തമ്മില് എന്തെങ്കിലും ശത്രുത കാണുമോ.കാണുമായിരിക്കും..
ഒരുത്തരത്തില് പറഞ്ഞാല് വാര്ദ്ധക്യം ദുരിതമാണ്.കല്യാണം കഴിഞ്ഞ മക്കളുള്ള മാതാപിതാകന്മാരുടെ കാര്യമാണ് അതിലെറെ കഷ്ടം.ചൊവ്വയില് താമസമുറപ്പിക്കാന് ഓടിക്കിതയ്ക്കുന്ന മക്കള്ക്ക് അവരെ നോക്കാന് സമയമില്ലത്രേ.അങ്ങനെ കഥാന്ത്യത്തില് ജന്മം നല്കിയവര് ഭാരമാകുമ്പോള് വൃദ്ധമന്ദിരങ്ങളുടെ മള്ട്ടി കളറ് പരസ്യങ്ങള്ക്ക് പിന്നാലെ മക്കള് കൂട്ടം പായുകയും വൃദ്ധമന്ദിരങ്ങളുടെ ഇരുളടഞ്ഞകോണില് പാവം വൃദ്ധജനങ്ങള് ബ്ലാക്ക് ആന്ഡ് വൈറ്റ് ഓരാമ്മകള് താലോലിക്കുകയും ചെയ്യുന്നു.
ഞാന് ഇങ്ങനെ കാടുകയറി എവിടേക്കാണ് പോകുന്നത്.എന്റെ വീട്ടില് തന്നെയുണ്ടല്ലോ ചില ഉത്തരങ്ങള്.
"ആരാണ് പൈപ്പിങ്ങനെ തുറന്നിട്ടിരിക്കുന്നത്.?" "ഇങ്ങനെയാണോ ചോറു പൊതിയുന്നത്?" "ടി.വി ക്ക് മുന്നിലിരുന്ന് ഉറങ്ങാതെ അകത്തെങ്ങാനും പോയിക്കിടക്കരുതോ?" ഇത്യാതി ചോദ്യങ്ങള് ഞാന് അമ്മൂമ്മയ്ക്ക് നേരെ ദിവസേനെ പ്രയോഗിക്കുന്നതാണ്.പക്ഷെ പത്തെണ്പതു കഴിഞ്ഞ അമ്മൂമ്മയെ കുറ്റം പറയാതെ അമ്മൂമ്മയുടെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോള് എനിക്കും ഉത്തരം മുട്ടിപോകുന്നു.
വയസ്സ് ഒരുപാടായില്ലേ.ഓര്മ്മക്കുറവ് ഉണ്ടാകും.പൈപ്പ് അടക്കാന് മറന്നതാണ്.
എന്റെ ഇഷ്ടം അമ്മുമ്മ എങ്ങനെ അറിയാനാണ്.അമ്മൂമ്മയുടെ പഴഞ്ചന് സ്റ്റൈലില് ചോറുപൊതിഞ്ഞു.
ഞാന് ക്രിക്കറ്റ് കാണുമ്പോള് അമ്മൂമ്മ ടി.വിക്ക് മുന്നിലിരുന്ന് ഉറങ്ങിയാല് കുറ്റം പറയാന് പറ്റുമോ.
ഇങ്ങനെ എല്ലാവരും മാറി ചിന്തിച്ചാല് തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ.പക്ഷെ ചട്ടുകം പഴുപ്പിച്ച് വെച്ചാലും ചിന്തിക്കില്ല.അതു ലോക സത്യം.
ഒരര്ഥത്തില് കാലത്തിന്റെ തിരിച്ചുപ്പോക്കല്ലേ വാര്ധക്യം.ഓര്മ്മകള് മാഞ്ഞു തുടങ്ങുകയും പഴയ കുട്ടിത്തത്തിലേക്ക് മനസ്സ് ചാഞ്ചാടുകയും ചെയ്യുന്നൊരവസ്ഥ.ആ സമയത്ത് സ്നേഹിക്കാന് കൂടി ആരുമില്ലാതിരുന്നാല്...എന്തൊരു കഷ്ടാണ്.
വയസ്സാകുന്നതിനു മുന്പേ മരിച്ചിരുന്നെങ്കില്.അതാകുമ്പോള് യൌവനത്തിന്റെ കൊട്ടിഘോഷിക്കലും കഴിഞ്ഞ് കാലത്തിന്റെ തിരിച്ചുപോക്കില്ലാത്ത,ദുരിതമില്ലാത്ത സുന്ദരയാത്ര.അല്ലെങ്കില് എന്റെ കുട്ടികളുടെ കല്യാണം കഴിഞ്ഞ് കുറച്ചു വര്ഷത്തിനകം തന്നെ എനിക്കും എന്റെ ഭാര്യയ്ക്കും വൃദ്ധസദനം ബുക്ക് ചെയ്യേണ്ടി വരും.ചിലപ്പോള് ആ സമയത്ത് വയസ്സായവരെയെല്ലാം ഭൂമിയില് നിന്ന് നാടുകടത്തുമായിരിക്കും.ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ മറ്റോ.ശാസ്ത്രം യുവത്വത്തിന്റെ പ്രസരിപ്പോടെ പുരോഗമിക്കുകയല്ലേ.എന്നാല് ഒരിക്കല് കാലത്തിനും വയസ്സാകില്ലേ?ചുമ്മാ ഒരു തോന്നല്.
കോളേജ് ബെല്ല് മുഴങ്ങിയപ്പോള് ഞാന് വീണ്ടും പഴയ കുളിര്മയിലേക്ക് മടങ്ങിയെത്തി.
അപ്പോള് സ്റ്റാഫ് റൂമിലേക്ക് വേഗത്തില് പായുന്ന ഇന്ദുലേഖ ടീച്ചറിന്റെ ഇരുണ്ട മുടിനാരുകള് എന്തോ ചോദിച്ചില്ലേ.
"തനിക്ക് എന്നാണ് വയസ്സാകുക?"
"എനിക്കും വയസ്സാകും.."ഞാന് ചിരിച്ചു.2009 ഒക്ടോബര് 4 ലക്കം മാതൃഭൂമി ആഴ്ചപതിപ്പില് പ്രസിദ്ധീകരിച്ച കഥ.


Tuesday, December 8, 2009

ഇനി ആരും പ്രേമലേഖനങ്ങള് എഴുതില്ല..!

ഞാന് പറയണത് പ്രേമലേഖനങ്ങളെ പറ്റീട്ടാണ്.വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനമല്ല.ഇത് അസ്സല് ഒറിജിനല് പ്രേമലേഖനം.ഈ അറുപത് കഴിഞ്ഞ ഞാന് എന്തിനാണ് പ്രേമലേഖനത്തെ പറ്റി ബേജാറാകുന്നത് എന്ന് നിങ്ങള് ചിന്തിക്കുന്നുണ്ടാകും.നിങ്ങള്ക്ക് ചിന്തിക്കാമല്ലോ.സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം ഏതൊരു ഇന്ത്യന് പൌരന്റേയും അവകാശങ്ങളില് പ്രധാനമായ ഒന്നാണല്ലോ.ചിന്തിച്ചോളൂ..ചിന്തിച്ചോളൂ..പക്ഷെ കാടുകയറിയൊന്നും ചിന്തിക്കണ്ട.പക്ഷെ ഞാന് പ്രേമലേഖനങ്ങളെ പറ്റി പറയുകതന്നെ ചെയ്യും.കാരണം ഞാന് ഉള്പ്പെടുന്ന എന്റെ തലമുറക്ക് മാത്രമേ ഇന്ന് ഇത് പറയാന് അവകാശമുള്ളു.അഹങ്കാരം കൊണ്ട് പറയുന്നതുമല്ല.

പ്രേമലേഖനങ്ങള്!ആര്ക്ക് ആരെഴുതിയ പ്രേമലേഖനങ്ങള് എന്നായോ അടുത്ത ചിന്ത.!പക്ഷേ ഇനി ആരും പ്രേമലേഖനങ്ങളെഴുതില്ലല്ലോ.അവസാനമായി പ്രേമലേഖനങ്ങളെഴുതിയ തലമുറയുടെ പ്രതിനിധി എന്ന നിലയില് എനിക്ക് ചിലത് പറയാനുണ്ട്.പ്രേമലേഖനങ്ങളെ പറ്റി തന്നെ.പ്രേമലേഖനങ്ങളെപറ്റി എന്തു പയാന്,പറയാനും വേണ്ടി എന്തിരിക്കുന്നു,എന്താ പ്രേമലേഖനങ്ങള്ക്ക് ഇത്ര മഹത്വം-എന്നൊക്കെ ചോദിച്ചോളൂ.പക്ഷെ ചോദ്യങ്ങളെല്ലാം ഞാന് പറഞ്ഞു കഴിഞ്ഞിട്ട്.ഞാനൊന്നു പറയട്ടെ ആദ്യം.നീ ഒന്നു മാത്രമാക്കുന്നതെന്തിന് രണ്ടും മൂന്നും നാലും പറയടാ തെണ്ടീ..എന്നാണോ..ഹ..ഹ..കൊള്ളാം.

എന്‍റെ ആദ്യ കവിത ഒരു പ്രേമലേഖനമായിരുന്നു.ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയത്.അതില്‍ വൃത്തമോ കാവ്യ ഭംഗിയോ ബോധമോ താളമോ ഒന്നുമുണ്ടായിരുന്നില്ല.എന്തിന് ഒരു പേരു പോലും ഞാന്‍ നല്‍കിയില്ല.അതില്‍ നിറയെ ഏതോ പെണ്‍ക്കുട്ടിയെ കുറിച്ചുള്ള വിവരണങ്ങളായിരുന്നു.എന്‍റെ ചെറിയ മനസ്സില്‍ വിരിഞ്ഞ പ്രണയനൊമ്പരങ്ങളായിരുന്നു.
'സ്വര്‍ണ്ണ വര്‍ണ്ണമുള്ള പെണ്ണേ
കാനനത്തിന്‍ ശോഭയുള്ള പെണ്ണേ..'
എന്നുള്ള ആദ്യ വരികള്‍ മാത്രമേ ഇന്ന് ഓര്‍മ്മയിലുള്ളൂ.എന്‍റെ അന്നത്തെ മനസ്സിന് തീരെ സൗന്ദര്യബോധമില്ലായിരുന്നിരിക്കണം.അല്ലേല്‍ ഒരു പെണ്‍കുട്ടിയെ ഇത്തരത്തില്‍ അഭിസംബോധന ചെയ്യുമോ.?സ്വര്‍ണ്ണ വര്‍ണ്ണം,അതായത് സ്വര്‍ണ്ണത്തിന്‍റെ നിറം-മഞ്ഞ,എന്‍റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിക്കെന്താ മഞ്ഞപ്പിത്തമായിരുന്നോ..?പിന്നെ കാനനത്തിന്‍റെ ഭംഗി.കാടും പടലയുമൊക്കെ നിറഞ്ഞ വൃത്തിക്കെട്ട രൂപമായിരുന്നോ എന്‍റെ അഞ്ചാം ക്ലാസിലെ പ്രണയേശ്വരിക്ക്..?എന്തായാലും പമ്പര വിഡ്ഢിത്തങ്ങള്‍ നിറഞ്ഞതായിരുന്നു എന്‍റെ ആദ്യ പ്രേമലേഖനം,ആദ്യ കവിത.

പിന്നെ കുറച്ചു കാലത്തേക്ക് ഞാന്‍ പ്രേമലേഖനം എഴുതിയിട്ടില്ല.പക്ഷെ തുടര്‍ന്നും കവിതകള്‍ എഴുതിയിരുന്നു.ഒന്നിലും പ്രണയം ഒരു വിഷയമോ പ്രശ്നമോ ആയി വന്നില്ല.പിന്നീട് പത്താം ക്ലാസിന്‍റെ തുടക്കത്തില്‍ വെച്ചാണ് വീണ്ടും എന്നില്‍ പ്രേമലേഖനങ്ങള്‍ മൊട്ടിടുന്നതും വിരിയുന്നതും.ആ കാലഘട്ടത്തിലാണ് ഞാന്‍ പിന്നെയും പ്രണയമനുഭവിക്കാന്‍ തുടങ്ങുന്നത്.
പ്രണയമൂര്‍ച്ചയില്‍ ഞാന്‍ അനുഭൂതികളുടെ കൊടുമുടിയിലെത്തുമ്പോള്‍ കണക്കും സയന്‍സും മാറ്റിവെച്ച് വെടിവുള്ള കടലാസില്‍ വടിവൊത്ത അക്ഷരങ്ങളില്‍ ഞാന്‍ പ്രേമലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി.ആ സമയത്ത് ഞാന്‍ ചങ്ങമ്പുഴയുടെ രമണന്‍ വായിച്ചു.മറ്റ് അനേകം പ്രണയകാവ്യങ്ങള്‍ വായിച്ചു.ഞാന്‍ പിന്നെയും അവള്‍ക്കുവേണ്ടി പ്രേമലേഖന രൂപമായി കവിതകള്‍ കോറി.എന്നിലെ കവി വളരുന്നത് അവളോടുള്ള പ്രണയത്തിന്‍ വേരൂന്നിയായിരുന്നു.

രാത്രിയില്‍ ഉറങ്ങാന്‍ കഴിയുമായിരുന്നില്ല.രാത്രിയില്‍ ഞാന്‍ നിലാവു കണ്ടിരുന്നു.നക്ഷത്രങ്ങളോട് സ്വകാര്യം പറഞ്ഞു.അമ്പിളിമാമനേയും അവളേം ഉപമിച്ച് കവിതകളെഴുതി.ഉറക്കമില്ലാത്ത രാത്രികളില്‍ ഞാന്‍ പ്രണയലേഖനങ്ങള്‍ എഴുതികൊണ്ടേയിരുന്നു.മറ്റൊരു തരത്തില്‍ പ്രണയലേഖനങ്ങള്‍ എന്‍റെ ഉറക്കം കെടുത്തുകയായിരുന്നു.അതില്ലെല്ലാം എന്‍റെ ഹൃദയമുണ്ടായിരുന്നു.

അവള്‍ വീട്ടിലേക്കു പോകുന്ന ഇടവഴിയില്‍ ഞാന്‍ പ്രേമലേഖനവുമായി കാത്തു നില്‍ക്കുമായിരുന്നു.പതിവിലേറെ നാണിച്ച് കൂട്ടുകാരികളുടെ നടുവിലായി അവള്‍ നടന്നു വരും.'നാളെ തന്നെ മറുപടി തരണം,ഞാന്‍ കാത്തിരിക്കും' എന്ന ഓര്‍മ്മപ്പെടുത്തലോടെ ഞാന്‍ എന്‍റെ ഹൃദയം കൈമാറും.എന്‍റെ ഹ‍ൃദയത്തിന്‍റെ സൂക്ഷിപ്പുകാരി അപ്പോള്‍ എന്‍റെ കണ്ണുകളില്‍ നോക്കി സുന്ദരമായി ഒരു ചിരി പാസാക്കുമായിരുന്നു.എന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മധുരോദാരമായ ഉത്തരമായിരുന്നു അത്.

അന്ന് അവളും ഉറങ്ങിയിരുന്നില്ല.ഞാന്‍ നല്‍കിയ പ്രേമലേഖനത്തിലെ ഓരോ വരികളും നെഞ്ചോടു ചേര്‍ത്ത് സ്വപ്നം കണ്ട് നിലാവു കണ്ട് അവള്‍ കിടന്നു.രാത്രിയേറെ ചെല്ലുമ്പോള്‍ പ്രണയത്തിന്‍റെ തൂവെളിച്ചത്തില്‍ അവളും വടിവൊത്ത കടലാസില്‍ ഹൃദയം കുറിക്കാന്‍ തുടങ്ങി.അക്ഷരങ്ങള്‍ക്ക് പ്രണയത്തിന്‍റെ ജീവന്‍ നല്‍കി അവള്‍ മറുപടികള്‍ എഴുതി.
മൊബൈലോ ഇ-മെയിലോ അന്ന് ഉണ്ടായിരുന്നില്ല.കത്തിടപാട് മാത്രം.കത്തുകള്‍ അവിടേക്കും ഇവിടേക്കും ഒഴുകി നടന്നു.
ഞാന്‍ ദൂരേക്ക് ജോലി തേടിപ്പോയപ്പോഴും അവള്‍ക്ക് ഞാന്‍ എഴുതികൊണ്ടേയിരുന്നു.15 വര്‍ഷം നീണ്ട ഞങ്ങളുടെ പ്രണയം.ഒടുവില്‍ എല്ലാം തരണം ചെയ്ത് അവള്‍ എന്‍റേതു മാത്രമായി.ഞങ്ങള്‍ പിന്നെയും പ്രേമലേഖനങ്ങള്‍ എഴുതിക്കൊണ്ടേയിരുന്നു.ജീവിതത്തിലെ മധുര നോമ്പര പ്രണയലേഖനങ്ങള്‍.
ഇനിയും ഒരുപാടുണ്ട് എനിക്ക് പറയാന്‍.വെയിലാറിയ നേരത്ത് ‍ഞാന്‍ വെറുതെ പഴയകാലത്തേക്ക് ഒരു യാത്ര നടത്തിയെന്നേ ഉള്ളൂ.

'അപ്പൂപ്പാ അവളുടെ Reply വന്നു.'എന്നും പറഞ്ഞ് എന്‍റെ മകന്‍റെ മകന്‍ മൊബൈല്‍ എന്‍റെ നേര്‍ക്കു നീട്ടി.അവനിപ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുകയാണ്.

'അവള്‍ക്കെന്നെ ഇഷ്മാണെന്ന്..'അവന്‍ എന്നോട് പറഞ്ഞു.
ഞാന്‍ ചാരുകസേരയിലിരുന്ന് ഓര്‍ത്തു.ഒരു നനുത്ത വേദന എന്നെ തഴുകി.

"ഇനി ആരും ആര്‍ക്കും പ്രേമലേഖനങ്ങള്‍ എഴുതില്ലല്ലോ.."Saturday, December 5, 2009

ഞാന് ഇനി ഈ പണിക്ക് ഇല്ല..!!!


" ഞാന് ബ്ലോഗില് സത്യം മാത്രമെ ബോധിപ്പിക്കൂ.സത്യം..സത്യം..സത്യം..എന്റെ ബ്ലോഗാണേ സത്യം.. "

..ഞാന് വല്ലപ്പോഴും സത്യങ്ങള് പറയാറുണ്ട്.സത്യമായും പറയാറുണ്ട്..
എന്റെ കഴിഞ്ഞ മൂന്ന് വര്ഷങ്ങളിലെ അനുഭവങ്ങള് ഞാന് പങ്കുവെയ്ക്കാം.ഞാന് പറയുന്നത് എന്റെ കലാലയ ജീവിതത്തെ പറ്റീട്ടാണ്.കലാലയം എന്നു പറയാന് പറ്റില്ലെങ്കിലും കുറെ ജീവിതങ്ങള് ഉണ്ടായിരുന്നു.അതില് ഞാന് എന്റെ ജീവിതത്തെ പറ്റി പറയാം.അല്ലേല്ലും എനിക്ക് എന്റെ കാര്യം മാത്രമല്ലേ പറയാന് പറ്റൂ.സിനിമാ പ്രാന്ത് മൂത്തിരുന്നത്കൊണ്ട് പ്ലസ്ടു കഴിഞ്ഞ് ഏതേലും ഫിലിം സിറ്റിയിലേക്ക് നാടു വിടാന് ഇരുന്നതാ.പക്ഷെ ഡിഗ്രി കഴിഞ്ഞിട്ട് പോകണതാ നല്ലത് എന്ന് ചില വിദഗ്ധര് ഉപദേശിച്ചത് കൊണ്ട് അതുണ്ടായില്ല.ആ മോഹം തല്ക്കാലം എട്ടായി മടക്കി മനസ്സില് തന്നെ വെച്ചു.പ്ലസ്ടുന്റെ മാര്ക്ക് ലിസ്റ്റും വാങ്ങി വരുമ്പോള് കാണുന്നവരെല്ലാം ചോദിച്ചു,'എന്താ മറാട്ട്.എല്.റ്റി-ടെ ഫ്യൂച്ചര് പ്ലാന്..?'വാഴക്ക.മാര്ക്കും കണ്ട് അന്തോംപറിഞ്ഞ് നില്ക്കുന്നവനോടാ കിന്നാരം പറച്ചില്!
പക്ഷെ വീട്ടില് ചെന്നപ്പോള് അമ്മയ്ക്കും അച്ഛനും അറിഞ്ഞേ പറ്റൂ,എന്താ ഭാവി പരിപാടികള്?ഇടിവെട്ടിയവനെ പാമ്പുകടിച്ചപോലായി.ഇവര്ക്കൊക്കെ എന്താ.ഞാന് കുറച്ചു ദിവസം കൂടി വീട്ടില് നിന്നാ ഇവര്ക്ക് എന്താ.എന്തായാലും എന്റെ മനസ്സിലിരിപ്പുപോലൊന്നും നടന്നില്ല.എനിക്ക് ഉടനെ എന്തേലും തീരുമാനമെടുത്തെ പറ്റൂ.എന്റെ ആദര്ശവും വാശിയും കാരണം ഞാന് എന്ട്ര്ന്സ് എക്സാം കട്ടക്ക് ഉളപ്പിയിരുന്നു.കോച്ചിഗ് സെന്റെറില് ഒരു ദിവസം പോലും കയറിയില്ല.ആ സമയം ധന്യയിലും കുമാറിലും ഗ്രാന്ഡിലും പോയി ഛോട്ടാ മുംബെയും ബിഗ് ബിയും വിനോദയാത്രയം കണ്ടു.അങ്ങനെ എന്റെ എന്ട്രന്സ് പഠിത്തവും വീട്ടുകാര്ക്ക് നഷ്ടകണക്കുകള് മാത്രം നല്കി.
ഒടുവില് ഒരു തീരുമാനത്തില് എത്തിചേര്ന്നു.ഡിഗ്രിക്ക് തന്നെ ചേരാം.അതുകഴിഞ്ഞ് എന്റെ ആഗ്രഹംപോലെ ഫിലിം ഇന്സ്റ്റിസ്റ്റുട്ടിലും ചേരാം.തീര്ന്നില്ല പ്രശ്നങ്ങള്.എന്ത് വിഷയം എടുക്കും.കണക്കും ഫിസിക്സും വേണ്ടേ വേണ്ടാ.അങ്ങനെയാണ് കമ്പ്യൂട്ടര് സയന്സ് എടുക്കാന് ഞാന് തീരുമാനിച്ചത്.അത് ആ വിഷയത്തോടുള്ള എന്റെ താല്പര്യംകൊണ്ട് മാത്രമാണ്.കാരണങ്ങള് പലതാണ്.ഞാന് എട്ടാം ക്ലാസ്സില് പഠിക്കുമ്പോഴാണ് വീട്ടില് കമ്പ്യൂട്ടറ് എടുക്കുന്നത്.അന്നുതൊട്ടേ വരപ്പും അനിമേഷനുമൊക്കെയായി ഞാങ്ങള് ചങ്ങാത്തത്തിലായി.ആ അടുപ്പം വെച്ചാണ് ഞാനൊരു കമ്പ്യൂട്ടര് സയന്സ് വിദ്യാര്ഥി ആകാന് തീരുമാനിച്ചത്.വീട്ടില് ഞാന് കാര്യം അവതരിപ്പിച്ചു.എനിക്ക് താല്പര്യമുള്ളതെടുത്താല് മതീന്നായി അവര്.എനിക്കും സന്തോഷമായി.
അങ്ങനെ ഞാന് ബി.എസ്.സി കമ്പ്യൂട്ടര് സയന്സ് വിദ്യാര്ഥിയായി.അഡ്മിഷനു ചെന്ന കാര്യമൊന്നും പറയാതിരിക്കുന്നതാ നല്ലത്.മെറിറ്റ് ലിസ്റ്റില് നാലാമതായിരുന്നു ഞാന്.ബസിറങ്ങി കുറേ കഷ്ടപ്പെട്ടു കോളേജ് കണ്ടു പിടിക്കാന്.നാട്ടുക്കാര്ക്കൊന്നും അങ്ങനെയൊരു സാധനം അവിടെയുണ്ടെന്നുപ്പോലും അറില്ലായിരുന്നു.കണ്ടെത്തിയപ്പോള് ആകെ തകര്ന്നുപോയി ഞാന്.ഇതോ കോളേജ്?രണ്ട് മൂന്നാല് ഓടിട്ട കെട്ടിടങ്ങള്.ഇതായിരുന്നോ എന്റെ സങ്കല്പ്പത്തിലെ കോളേജ്.പെട്ടുപോയില്ലേ.മുന്നോട്ടു വെച്ച കാല് മുന്നോട്ട് തന്നെ.പിന്നെ എന്റെ ശ്രദ്ധ ചരക്കുകള് വല്ലോം ഉണ്ടോ എന്നതായി.അതുകൂടി എനിക്ക് നെഗറ്റീവായിരുന്നെങ്കില് ഞാന് അന്നു തന്നെ എന്തേലും കൂലി പണിക്ക് പോയേനെ.കൂളത്തില് ചാടി.ഇനി തവളേ പിടിച്ചിട്ടു തന്നെ കാര്യം.
ഇതു പറഞ്ഞപ്പോഴാ വേറൊരു കാര്യം ഓര്ത്തത്.കഴിഞ്ഞ ആഴ്ച എന്റെ സുഹൃത്ത് അവന് അഡ്മിഷന് സമയത്തുണ്ടായ ഒരു അനുഭവം എന്നോട് വിവരിച്ചു.അവന്റെ പേര് ഞാന് വെളിപ്പെടുത്തുന്നില്ല.വേറൊന്നും കൊണ്ടല്ല.ഇത് അവന് ആരോടും പറയരുതെന്ന് പറഞ്ഞ് പറഞ്ഞതാണ്.അവന് എന്നെക്കാള് ആരോഗ്യം ഉണ്ട്.ചിലപ്പോ എടുത്ത് ചാമ്പിക്കളയും.അതുകൊണ്ട് പേരു പറയണില്ല.അവനും എന്നേപ്പോലൊരു വായിനോക്കിയായതുകൊണ്ട് അഡ്മിഷനു വന്നപ്പോള് അവന്റേം ശ്രദ്ധ കളറുകളില് തന്നെയായിരുന്നു.അതിലൊന്നിനെ അവന് പെരുത്തിഷ്ടമായി.കിടിലം പീസാണ് അളിയാ-എന്നാ അവന് പറഞ്ഞത്.പക്ഷെ വര്ഷങ്ങള്ക്ക് ശേഷം അവന് നടത്തിയ കുറ്റസമ്മതം കേട്ട് ഞാന് ചിരിച്ച് ചത്തില്ലെന്നേ ഉള്ളു.അത് എന്താണെന്നു വെച്ചാല് അന്ന് അവന് കിടിലമാണെന്ന് പറഞ്ഞ പെണ്ണ് ഇന്ന് ക്ലാസിലെ നമ്പര് വണ് കില്ലാടിയാണ്.ചക്കരെ എന്നും വിളിച്ച് അടുത്തോട്ട് ചെന്നാല് അവള് ചെരുപ്പൂരി ചാമ്പും ഇപ്പോ.പാവം എന്റെ സുഹൃത്ത്,ചരക്കാണെന്നു പറഞ്ഞവള് വെടക്കായി പോയല്ലോ..
അത് പറഞ്ഞപ്പോഴാണ് മറ്റൊരു കഥ ഓര്‍മ്മ വന്നത്.ഒരു പ്രണയ കഥ.ക്ലാസിലെ സുന്ദരന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരുത്തന് കലശലായ പ്രണയരോഗം.ഞാനാണ് അത് ആദ്യം മനസ്സിലാക്കുന്നത്.എന്നെ കൂടാതെ കഴിഞ്ഞ കഥയിലെ നായകനും മാത്രമേ ഈ കാര്യം അറിയൂ.അന്യജാതിക്കാര്‍ തമ്മിലുള്ള പ്രണയമാണ്.അത് എന്തുമാകട്ടെ.പ്രമയത്തിന് കണ്ണും മൂക്കും കൈയും കാലും തലയും ഉടലുമൊന്നുമില്ലല്ലോ.രസമതല്ല.പുള്ളിക്കാരന്‍ മുടിഞ്ഞ പ്രമയത്തിലാണ്.തട്ടമിട്ട സുന്ദരിയോട് അങ്ങോട്ട് കയറി മിണ്ടുന്നു.എന്നും കുളിച്ചൊരുങ്ങി പൗഡറും സെന്‍റുമടിച്ച് വരുന്നു.ഒരു മാതിരി കന്ചാവടിച്ചതുപോലെ പ്രണയം അമൂല്യമാണ് ചേനയാണ് എന്നൊക്കെ പുലമ്പുന്നു.അങ്ങനെയൊക്കെയാണ് എനിക്ക് സംഗതി പിടിക്കിട്ടുന്നത്.പക്ഷെ പുള്ളി ഇതുവരെയും ഇഷ്ടം വെളിപ്പെടുത്തിയിട്ടില്ല എന്നാണ് നഗ്നമായ സത്യം.അവര്‍ ബിരിയാണിയും ഉണ്ടാക്കിക്കൊണ്ട് വരുന്നതും കാത്ത് പ്രണയപരവശനായി അവന്‍ ഇരുന്നു.ഇനിയാണ് കഥയിലെ Twist.കഥാനായികയോട് മറ്റൊരുത്തന് താല്‍പര്യം.വില്ലന്‍ അവളുടെ നായകനാകുമെന്ന് നമ്മുടെ പ്രണയപരവശന്‍ മനസ്സിലാക്കിയപ്പോള്‍ അവന്‍ തന്‍റെ ആഗ്രഹങ്ങള്‍ ഒരു കുടത്തിനുള്ളിലാക്കി ഭാരതപുഴയില്‍ നിമഞ്ജനം ചെയ്തു എന്നതാണ് സത്യം.കഥാന്ത്യം പണിക്കിട്ടിയത് നായികയ്ക്ക്.വില്ലനായി വന്നവന്‍ നായികയുടം കൂട്ടുകാരിയെ റാന്ചി.നായകനും നായികയും അങ്ങനെ ചൊറിയും കുത്തിയിരിക്കുകയും വില്ലന്‍ കൈയടി നേടുകയും ചെയ്തു.
ഇങ്ങനെ എത്ര എത്രയോ കഥകള്.എത്രയോ പ്രണയങ്ങള്.ലാഭത്തെക്കാളേറെ
നഷ്ടങ്ങളാരുന്നെന്നു മാത്രം.നഷ്ടപ്പെട്ടവന്‍റെ ദുഖം
നഷ്ടപ്പെട്ടിട്ടുള്ളവര്ക്ക് മാത്രമല്ലേ അറിയൂ.
എനിക്കും പ്രണയമുണ്ടായിരുന്നു.പക്ഷെ ആ ഓടിട്ട കെട്ടിട്ടത്തിലെ ഒരു
ജീവനോടും എനിക്ക് ആ വികാരം തോന്നിട്ടില്ല. എനിക്ക് അതിന് വ്യക്തമായ
ന്യായങ്ങളും ഉണ്ട്.എന്നെ വെറുക്കാന് പഠിപ്പിച്ച ചില കാര്യങ്ങള്.
കഥകളിനിയും ഉണ്ട്.അധികം പറയണില്ല.ഇതുപോലും പറയാന്‍ ആഗ്രഹിച്ചതല്ല.
ഐ.ടി ഫീല്ഡ് എന്നാല് ബന്ധങ്ങള് മരിച്ച തരിശ് നിലമാണ്.അവിടെ മത്സരങ്ങള്
മുറുകുന്നു.സ്നേഹത്തിനും നന്മയ്ക്കും മാര്ക്കറ്റ് ഇല്ല.ഇവിടെ മനുഷ്യരില്ല.എല്ലാം റോബോട്ടുകളാമ്.സ്നേഹമെന്തെന്നറിയാത്ത നന്മ തീണ്ടിയിട്ടില്ലാത്ത റോബോട്ടുകള്‍.യാന്ത്രികമായിരിക്കുന്നു ജീവിതം.പണമാണ് അന്ത്യമായ ലകഷ്യം.അവിടെയെത്തിചേരാന്‍ ഏത് മാര്‍ഗവും ഈ റോബോട്ടുകള്‍ സ്വീകരിക്കുന്നു.ജയത്തില്‍ കവിഞ്ഞ് ഒന്നും അവര്‍ ആഗ്രഹിക്കുന്നില്ല.
സമയമില്ല റോബോട്ടുകള്‍ക്ക്.എന്തൊക്കെ പണികളാണ് സൂര്യന്‍ ഉദിക്കുന്നത് മുതല്‍(ഭാവിയില്‍ ഇവര്‍ തീരുമാനിക്കും സൂര്യനുദിക്കണോ വേണ്ടയോ എന്ന്)ജോലി തുടങ്ങുന്നു.വിരല്‍ത്തുമ്പ് കൊണ്ട് ചിലന്തി വലയിലൂടെ അവര്‍ ലോകത്തെ ഒരു കുടക്കീഴില്‍ ആക്കുന്നു.
ലോകം ഇരപിടിയന്മാരുടെ സ്വന്തമായിക്കൊണ്ടിരിക്കുന്നു.ഞാനും റോബോട്ടാകുകയാണോ..ഞാന്‍ നെന്ചില്‍ കൈവെച്ചു നോക്കി.അതെ എന്‍റ ഹൃദയവും പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നു.


ഞാനും ബ്ലോഗിലേക്ക്..

അങ്ങനെ ഞാനും ബ്ലോഗാന് തുടങ്ങുകയാണ്.എന്റെ ബ്ലോഗന കാവിനമ്മേ കാത്തോളണേ..ഈ പൈതലിനെ അറിഞ്ഞ് സഹായിക്കണേ..ദിനവും കുറഞ്ഞത് അഞ്ച് പേരെങ്കിലും എന്റെ വിവരമില്ലായ്മകള് കണ്ടിട്ടും കാണാതെ പോകരുകേ(അവര്ക്ക് അതു തന്നെ വേണം!)..ഞാന് എന്നും..അല്ലേല് വേണ്ട..ആഴ്ചയില് ഒരിക്കലെങ്കിലും എന്തേലും എഴുതി കൊള്ളാമേ..അല്ലേല് ഇതു വായിക്കുന്നവരുടെ തല പൊട്ടിത്തെറിച്ച് പോകട്ടെ.അയ്യോ ചുമ്മാതാണേ..എണ്ണീറ്റ് പോകരുതേ..നിങ്ങളിരുന്ന് വായിക്കണം ഹെ.
എന്നെ കുറിച്ച് ഞാന് കുറിച്ചത് വായിച്ചു കാണും എന്ന് പ്രതീക്ഷിക്കുന്നു.എന്തു ചെയ്യാനാ ഈ ബ്ലോഗ് കാര് എന്നെ കുറിച്ച് എഴുതാന് 1200 ക്യാരക്ടറാ തന്നേ.അല്ലേല് കൊറെ കുടി കത്തി വെക്കാരുന്നു.എന്താ..നിങ്ങളിപ്പോള് പറഞ്ഞേ..എനിക്ക് വേറെ പണിയൊന്നും ഇല്ലേന്നോ..തീര്ച്ചയായും അതെ.ഞാന് സമ്മതിക്കുന്നു.എനിക്ക് വേറെ പണിയൊന്നും ഇല്ല.
ഒരു കാര്യം കൂടി.നിങ്ങള് ഒരുപാടൊന്നും എന്നില് നിന്ന് പ്രതീക്ഷിക്കരുത്.ഞാന് ഒരു എഴുത്തുക്കാരനൊന്നും അല്ല.ഒരു സാധാരണ മലയാളിയും അതിലുപരി ഒരു കമ്പ്യൂട്ടറ് സയന്സ് വിദ്യാര്ഥിയുമാണ്.കമ്പ്യൂട്ടറ് സയന്സ് വിദ്യാര്ഥിക്കെന്താ കൊമ്പുണ്ടോ എന്നൊന്നും ചോദിച്ച് കളയല്ലേ.അതൊക്കെ ഞാന് വഴിയെ പറയാം.
നിങ്ങളുടെയെല്ലാം സമ്മതത്തോടെ ഞാന് എന്റെ വര്ത്തമാനങ്ങള് കുറിക്കുന്നു.കുറിയതെ കുറിക്ക് കൊള്ളൂ..