Tuesday, December 8, 2009

ഇനി ആരും പ്രേമലേഖനങ്ങള് എഴുതില്ല..!

ഞാന് പറയണത് പ്രേമലേഖനങ്ങളെ പറ്റീട്ടാണ്.വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനമല്ല.ഇത് അസ്സല് ഒറിജിനല് പ്രേമലേഖനം.ഈ അറുപത് കഴിഞ്ഞ ഞാന് എന്തിനാണ് പ്രേമലേഖനത്തെ പറ്റി ബേജാറാകുന്നത് എന്ന് നിങ്ങള് ചിന്തിക്കുന്നുണ്ടാകും.നിങ്ങള്ക്ക് ചിന്തിക്കാമല്ലോ.സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം ഏതൊരു ഇന്ത്യന് പൌരന്റേയും അവകാശങ്ങളില് പ്രധാനമായ ഒന്നാണല്ലോ.ചിന്തിച്ചോളൂ..ചിന്തിച്ചോളൂ..പക്ഷെ കാടുകയറിയൊന്നും ചിന്തിക്കണ്ട.പക്ഷെ ഞാന് പ്രേമലേഖനങ്ങളെ പറ്റി പറയുകതന്നെ ചെയ്യും.കാരണം ഞാന് ഉള്പ്പെടുന്ന എന്റെ തലമുറക്ക് മാത്രമേ ഇന്ന് ഇത് പറയാന് അവകാശമുള്ളു.അഹങ്കാരം കൊണ്ട് പറയുന്നതുമല്ല.

പ്രേമലേഖനങ്ങള്!ആര്ക്ക് ആരെഴുതിയ പ്രേമലേഖനങ്ങള് എന്നായോ അടുത്ത ചിന്ത.!പക്ഷേ ഇനി ആരും പ്രേമലേഖനങ്ങളെഴുതില്ലല്ലോ.അവസാനമായി പ്രേമലേഖനങ്ങളെഴുതിയ തലമുറയുടെ പ്രതിനിധി എന്ന നിലയില് എനിക്ക് ചിലത് പറയാനുണ്ട്.പ്രേമലേഖനങ്ങളെ പറ്റി തന്നെ.പ്രേമലേഖനങ്ങളെപറ്റി എന്തു പയാന്,പറയാനും വേണ്ടി എന്തിരിക്കുന്നു,എന്താ പ്രേമലേഖനങ്ങള്ക്ക് ഇത്ര മഹത്വം-എന്നൊക്കെ ചോദിച്ചോളൂ.പക്ഷെ ചോദ്യങ്ങളെല്ലാം ഞാന് പറഞ്ഞു കഴിഞ്ഞിട്ട്.ഞാനൊന്നു പറയട്ടെ ആദ്യം.നീ ഒന്നു മാത്രമാക്കുന്നതെന്തിന് രണ്ടും മൂന്നും നാലും പറയടാ തെണ്ടീ..എന്നാണോ..ഹ..ഹ..കൊള്ളാം.

എന്‍റെ ആദ്യ കവിത ഒരു പ്രേമലേഖനമായിരുന്നു.ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിയത്.അതില്‍ വൃത്തമോ കാവ്യ ഭംഗിയോ ബോധമോ താളമോ ഒന്നുമുണ്ടായിരുന്നില്ല.എന്തിന് ഒരു പേരു പോലും ഞാന്‍ നല്‍കിയില്ല.അതില്‍ നിറയെ ഏതോ പെണ്‍ക്കുട്ടിയെ കുറിച്ചുള്ള വിവരണങ്ങളായിരുന്നു.എന്‍റെ ചെറിയ മനസ്സില്‍ വിരിഞ്ഞ പ്രണയനൊമ്പരങ്ങളായിരുന്നു.
'സ്വര്‍ണ്ണ വര്‍ണ്ണമുള്ള പെണ്ണേ
കാനനത്തിന്‍ ശോഭയുള്ള പെണ്ണേ..'
എന്നുള്ള ആദ്യ വരികള്‍ മാത്രമേ ഇന്ന് ഓര്‍മ്മയിലുള്ളൂ.എന്‍റെ അന്നത്തെ മനസ്സിന് തീരെ സൗന്ദര്യബോധമില്ലായിരുന്നിരിക്കണം.അല്ലേല്‍ ഒരു പെണ്‍കുട്ടിയെ ഇത്തരത്തില്‍ അഭിസംബോധന ചെയ്യുമോ.?സ്വര്‍ണ്ണ വര്‍ണ്ണം,അതായത് സ്വര്‍ണ്ണത്തിന്‍റെ നിറം-മഞ്ഞ,എന്‍റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിക്കെന്താ മഞ്ഞപ്പിത്തമായിരുന്നോ..?പിന്നെ കാനനത്തിന്‍റെ ഭംഗി.കാടും പടലയുമൊക്കെ നിറഞ്ഞ വൃത്തിക്കെട്ട രൂപമായിരുന്നോ എന്‍റെ അഞ്ചാം ക്ലാസിലെ പ്രണയേശ്വരിക്ക്..?എന്തായാലും പമ്പര വിഡ്ഢിത്തങ്ങള്‍ നിറഞ്ഞതായിരുന്നു എന്‍റെ ആദ്യ പ്രേമലേഖനം,ആദ്യ കവിത.

പിന്നെ കുറച്ചു കാലത്തേക്ക് ഞാന്‍ പ്രേമലേഖനം എഴുതിയിട്ടില്ല.പക്ഷെ തുടര്‍ന്നും കവിതകള്‍ എഴുതിയിരുന്നു.ഒന്നിലും പ്രണയം ഒരു വിഷയമോ പ്രശ്നമോ ആയി വന്നില്ല.പിന്നീട് പത്താം ക്ലാസിന്‍റെ തുടക്കത്തില്‍ വെച്ചാണ് വീണ്ടും എന്നില്‍ പ്രേമലേഖനങ്ങള്‍ മൊട്ടിടുന്നതും വിരിയുന്നതും.ആ കാലഘട്ടത്തിലാണ് ഞാന്‍ പിന്നെയും പ്രണയമനുഭവിക്കാന്‍ തുടങ്ങുന്നത്.
പ്രണയമൂര്‍ച്ചയില്‍ ഞാന്‍ അനുഭൂതികളുടെ കൊടുമുടിയിലെത്തുമ്പോള്‍ കണക്കും സയന്‍സും മാറ്റിവെച്ച് വെടിവുള്ള കടലാസില്‍ വടിവൊത്ത അക്ഷരങ്ങളില്‍ ഞാന്‍ പ്രേമലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി.ആ സമയത്ത് ഞാന്‍ ചങ്ങമ്പുഴയുടെ രമണന്‍ വായിച്ചു.മറ്റ് അനേകം പ്രണയകാവ്യങ്ങള്‍ വായിച്ചു.ഞാന്‍ പിന്നെയും അവള്‍ക്കുവേണ്ടി പ്രേമലേഖന രൂപമായി കവിതകള്‍ കോറി.എന്നിലെ കവി വളരുന്നത് അവളോടുള്ള പ്രണയത്തിന്‍ വേരൂന്നിയായിരുന്നു.

രാത്രിയില്‍ ഉറങ്ങാന്‍ കഴിയുമായിരുന്നില്ല.രാത്രിയില്‍ ഞാന്‍ നിലാവു കണ്ടിരുന്നു.നക്ഷത്രങ്ങളോട് സ്വകാര്യം പറഞ്ഞു.അമ്പിളിമാമനേയും അവളേം ഉപമിച്ച് കവിതകളെഴുതി.ഉറക്കമില്ലാത്ത രാത്രികളില്‍ ഞാന്‍ പ്രണയലേഖനങ്ങള്‍ എഴുതികൊണ്ടേയിരുന്നു.മറ്റൊരു തരത്തില്‍ പ്രണയലേഖനങ്ങള്‍ എന്‍റെ ഉറക്കം കെടുത്തുകയായിരുന്നു.അതില്ലെല്ലാം എന്‍റെ ഹൃദയമുണ്ടായിരുന്നു.

അവള്‍ വീട്ടിലേക്കു പോകുന്ന ഇടവഴിയില്‍ ഞാന്‍ പ്രേമലേഖനവുമായി കാത്തു നില്‍ക്കുമായിരുന്നു.പതിവിലേറെ നാണിച്ച് കൂട്ടുകാരികളുടെ നടുവിലായി അവള്‍ നടന്നു വരും.'നാളെ തന്നെ മറുപടി തരണം,ഞാന്‍ കാത്തിരിക്കും' എന്ന ഓര്‍മ്മപ്പെടുത്തലോടെ ഞാന്‍ എന്‍റെ ഹൃദയം കൈമാറും.എന്‍റെ ഹ‍ൃദയത്തിന്‍റെ സൂക്ഷിപ്പുകാരി അപ്പോള്‍ എന്‍റെ കണ്ണുകളില്‍ നോക്കി സുന്ദരമായി ഒരു ചിരി പാസാക്കുമായിരുന്നു.എന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മധുരോദാരമായ ഉത്തരമായിരുന്നു അത്.

അന്ന് അവളും ഉറങ്ങിയിരുന്നില്ല.ഞാന്‍ നല്‍കിയ പ്രേമലേഖനത്തിലെ ഓരോ വരികളും നെഞ്ചോടു ചേര്‍ത്ത് സ്വപ്നം കണ്ട് നിലാവു കണ്ട് അവള്‍ കിടന്നു.രാത്രിയേറെ ചെല്ലുമ്പോള്‍ പ്രണയത്തിന്‍റെ തൂവെളിച്ചത്തില്‍ അവളും വടിവൊത്ത കടലാസില്‍ ഹൃദയം കുറിക്കാന്‍ തുടങ്ങി.അക്ഷരങ്ങള്‍ക്ക് പ്രണയത്തിന്‍റെ ജീവന്‍ നല്‍കി അവള്‍ മറുപടികള്‍ എഴുതി.
മൊബൈലോ ഇ-മെയിലോ അന്ന് ഉണ്ടായിരുന്നില്ല.കത്തിടപാട് മാത്രം.കത്തുകള്‍ അവിടേക്കും ഇവിടേക്കും ഒഴുകി നടന്നു.
ഞാന്‍ ദൂരേക്ക് ജോലി തേടിപ്പോയപ്പോഴും അവള്‍ക്ക് ഞാന്‍ എഴുതികൊണ്ടേയിരുന്നു.15 വര്‍ഷം നീണ്ട ഞങ്ങളുടെ പ്രണയം.ഒടുവില്‍ എല്ലാം തരണം ചെയ്ത് അവള്‍ എന്‍റേതു മാത്രമായി.ഞങ്ങള്‍ പിന്നെയും പ്രേമലേഖനങ്ങള്‍ എഴുതിക്കൊണ്ടേയിരുന്നു.ജീവിതത്തിലെ മധുര നോമ്പര പ്രണയലേഖനങ്ങള്‍.
ഇനിയും ഒരുപാടുണ്ട് എനിക്ക് പറയാന്‍.വെയിലാറിയ നേരത്ത് ‍ഞാന്‍ വെറുതെ പഴയകാലത്തേക്ക് ഒരു യാത്ര നടത്തിയെന്നേ ഉള്ളൂ.

'അപ്പൂപ്പാ അവളുടെ Reply വന്നു.'എന്നും പറഞ്ഞ് എന്‍റെ മകന്‍റെ മകന്‍ മൊബൈല്‍ എന്‍റെ നേര്‍ക്കു നീട്ടി.അവനിപ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുകയാണ്.

'അവള്‍ക്കെന്നെ ഇഷ്മാണെന്ന്..'അവന്‍ എന്നോട് പറഞ്ഞു.
ഞാന്‍ ചാരുകസേരയിലിരുന്ന് ഓര്‍ത്തു.ഒരു നനുത്ത വേദന എന്നെ തഴുകി.

"ഇനി ആരും ആര്‍ക്കും പ്രേമലേഖനങ്ങള്‍ എഴുതില്ലല്ലോ.."No comments: