Saturday, December 18, 2010

ഓര്‍മ്മയില്‍ ഒരു ക്രിസ്തുമസ് രാവ്


"ഉണരു ഉണരു സോദരരേ.."

ഈ പാട്ടുംകേട്ട് ഞെട്ടിയുണര്‍ന്ന് വാച്ചെടുത്ത് നോക്കിയപ്പോള്‍ സമയം 12.30 കഴിഞ്ഞിരുന്നു.ആരാണപ്പാ..ഈ നട്ടപ്പാതിരാക്ക് കടന്ന് പാടണത് എന്നായി ചിന്ത.പക്ഷെ ശ്രദ്ധിച്ചു കേട്ടപ്പോള്‍ നല്ല പരിചയമുള്ള പാട്ട്.അതെ..അതു തന്നെ.പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാത്രിയില്‍ ഏകദേശം ഈ സമയത്തൊക്കെ ഞാനും ബാലസംഘവും ഈ പാട്ട് നാടുനടുങ്ങണ ഒച്ചയില്‍ തൊണ്ട പൊളിഞ്ഞ് പാടിയിരുന്നു.നല്ല തണുപ്പത്ത് മൂടി പുതച്ച് കിടന്നപ്പോള്‍ മനസ്സില്‍ മൊത്തം ഒരായിരം ലില്ലി പൂക്കള്‍ വിരിയിച്ച് കുളിരോടെ,സുഖമോടെ ‍ഞാന്‍ ആ പഴയ കരോള്‍ ഗാനം പാടി.സാന്താക്ലോസ് വേഷം കെട്ടി നടന്ന ആ കാലം ഓര്‍ത്തെടുത്തു.

എനിക്കന്ന് പത്ത് പന്ത്രണ്ട് വയസ്സ് പ്രായം കാണും.ക്രിസ്തുമസ് അവധിക്ക് സ്കൂള്‍ പൂട്ടി നില്‍ക്കണ സമയം.വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ വാനരസംഘത്തിന്‍റെ മീറ്റിങ്ങുണ്ട്.പിന്നെ ആകെ ബഹളമാണ്.ക്രിസ്തുമസിന് നാലഞ്ച് ദിവസം മുമ്പാണ് ഞങ്ങള്‍ സാന്താക്ലോസ്,ഞങ്ങളുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ക്രിസ്തുമസ് അപ്പൂപ്പന്‍ കെട്ടിയിറങ്ങാന്‍ തീരുമാനമെടുക്കുന്നത്.തീരുമാനം കൈക്കൊണ്ട് കഴിഞ്ഞാല്‍ പിന്നെ തര്‍ക്കമാണ്.കൂട്ടത്തില്‍ എല്ലാര്‍ക്കും കെട്ടണം സാന്താക്ലോസിന്‍റെ വേഷം.അത് നടപ്പില്ലല്ലോ.ഒടുവില്‍ തര്‍ക്കം മൂത്ത് തമ്മില്‍ പിടിയും വലിയുമാകുമ്പോള്‍ കൂട്ടത്തിലെ ഒന്നൊന്നര തടിയനായ ഒരുത്തനുണ്ട്,അവന്‍ കായബലത്തിന്‍റെ പിന്‍ബലത്തില്‍ ക്രിസ്തുമസ് പപ്പാഞ്ഞി വേഷം പിടിച്ചു വാങ്ങൂം.ഞങ്ങള്‍ എലുമ്പന്‍സ് ‍ടീം മനസ്സില്ലാമനസ്സോടെ അത് സമ്മദിക്കുകയും ചെയ്യും.

വേഷം കെട്ടുന്നയാളെ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ സാമഗ്രികള്‍ ഒപ്പിക്കാനുള്ള ഓട്ടമാണ്.ആദ്യം തേടുന്നത് സാന്താക്ലോസിന്‍റെ ചിരിക്കുന്ന മുഖംമൂടിയാണ്.അതിന് അന്ന് 25 രൂപയോളം വിലയുണ്ട്.ഞങ്ങള്‍ അവരവരുടെ വീട്ടില്‍ നിന്ന് 2ഉം 3ഉം രൂപയൊക്കെ വെച്ച് തെണ്ടി പിരിച്ച് 25 രൂപ കഷ്ടിച്ച് തികയ്ക്കും.രണ്ട് വാനരന്‍മാര്‍ അപ്പോള്‍ തന്നെ കടയിലേക്കോടി മുഖംമൂടിയും വാങ്ങി വരും.25 രൂപയ്ക്ക് കിട്ടുന്ന മുഖംമൂടി വിലകുറഞ്ഞ ലോക്കല്‍ സാധനമാണ്.അതിന്‍റെ താടിയും മീശയുമുണ്ടാക്കിയിരിക്കുന്ന പഞ്ഞി ഇളകി അവലക്ഷണം പിടിച്ചതുപോലെയാണിരിക്കുന്നത്.അത് ഒട്ടിച്ച് ശരിപ്പെടുത്തണം.പശ വാങ്ങണമെങ്കില്‍ കുറഞ്ഞത് 5രൂപയെങ്കിലും വേണം.വീട്ടില്‍ ഇനിയും കാശിനു ചെന്നാല്‍ ഓടിക്കും.അതുകൊണ്ട് വട്ടമരത്തിന്‍റെ കറകൊണ്ട് (ഇന്നത്തെ തലമുറ വട്ടമരം കണ്ടിട്ടുണ്ടാകുമോ,എന്തോ..!)താടിയും മീശയും ഒരു പരുവത്തിലങ്ങു ഒട്ടിച്ച് ഒപ്പിക്കും.


ഇനി വേണ്ടത് സാന്താക്ലോസിന്‍റെ കൈയിലൊരു വടിയാണ്.വൃത്തിയായി അലങ്കരിച്ച ഒന്ന്.നല്ല നീളത്തിലും കനത്തിലും ഒര് കമ്പ് വെട്ടി ചെത്തി മിനുക്കി ഷേപ്പാക്കി വൃത്തിയായി തോരണമൊക്കെ ഒട്ടിച്ച് കമ്പിന്‍റെ അറ്റത്ത് മുകളിലായി രണ്ട് ബലൂണ്‍ കൂടി കെട്ടുമ്പോള്‍ സാന്താക്ലോസ് കൈയില്‍ കൊണ്ടു നടക്കുന്ന വടി റെഡി.

അടുത്തത് സാന്താക്ലോസിന്‍റെ കുപ്പായമാണ്.അത് ഒപ്പിക്കുന്നതാണ് വലിയ തമാശ.നല്ല ചുമന്ന കളറിലെ കാലറ്റം വരെ നീളമുള്ള കുപ്പായമാണ് വേണ്ടത്.ഞങ്ങള്‍ വാനരസംഘം വരുമാനമില്ലാത്ത,തൊഴിലില്ലാത്ത,സ്പോണ്‍സര്‍മാരില്ലാത്ത പാവം കിടാങ്ങളല്ലേ.ഞങ്ങള്‍ കുപ്പായം എവിടുന്ന് ഒപ്പിക്കാനാണ്.അതിനും ഞങ്ങള്‍ വഴി കണ്ടെത്തി.വാനരസംഘത്തിലെ ചുണക്കുട്ടികള്‍ അപ്പോള്‍ തന്നെ അടുത്ത വീട്ടിലെ ചേച്ചിയുടെ അടുത്തേക്ക് ഓടും.

ചേച്ചി ചുവന്ന കളര്‍ നൈറ്റി ഉണ്ടോ..?

ഇല്ലല്ലോ..!

ചേച്ചിയുടെ മറുപടി ഇല്ല എന്നാണെങ്കില്‍ അടുത്തവീട്ടിലേക്കോട്ടമായി.നാലഞ്ച് വീട് കയറി ഇറങ്ങുമ്പോഴേക്കും എവിടേലും ഏതെങ്കിലും വീട്ടില്‍ ചുവന്ന നൈറ്റി കഴുകിയിട്ടേക്കുന്നത് കണ്ണില്‍ പെടും.എടുത്തോട്ടെ എന്നൊന്നും ചോദിക്കാന്‍ നില്‍ക്കില്ല.അതും പൊക്കി വാനരസംഘം വിജയശ്രീ ലാളിതരായി മടങ്ങിയെത്തും.

ഇനി വേണ്ടത് ഒര് തലയിണയും ഒരു ചുറ്റ് കയറുമാണ്.സാന്താക്ലോസിന്‍റെ കുടവയര്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണിത്.തലയിണ വയറില്‍ ഫിറ്റ് ചെയ്ത് നന്നായി കെട്ടി വെയ്ക്കും.കുടവയര്‍ റെഡി.

ഇത്രയും റെഡിയായി കഴിഞ്ഞാല്‍ അവസാന ഐറ്റത്തിനു വേണ്ടി ഓട്ടം തുടങ്ങും.നാട്ടുകാരെ കള്ള ഉറക്കത്തില്‍ നിന്നും ഉണര്‍ത്താന്‍ ഒരു ഡ്രം ആവശ്യമാണ്.അതിന്‍റെ ഭീകരമായ ഒച്ചകേട്ട് വേണം നാട് നടുങ്ങാന്‍.ഒരു ഡ്രം വാടകയ്ക്ക് എടുക്കണ കാര്യം ആലോചിക്കാന്‍ കൂടി കഴിയുമായിരുന്നില്ല.250രൂപയാണ് ഇടത്തരം ഡ്രമിന് ഒരു ദിവസം വാടക.25 രൂപ ഒപ്പിച്ച കഷ്ടപ്പാട് ഞങ്ങള്‍ക്കറിയാം.അതിനും പരിഹാരമുണ്ടാക്കി.കൂട്ടത്തില്‍ ഒരു വാനരന്‍റെ അച്ഛന്‍ എക്സൈസിലാണ്.അവന്‍റെ വീട്ടില്‍ ചെന്ന് വാറ്റ് ചാരായം പിടിച്ച 2 കിടിലം കന്നാസുകള്‍ സംഘടിപ്പിച്ചു.പാവങ്ങളുടെ ഡ്രം റെഡി.

പിന്നെ രാത്രിയാകാന്‍ വേണ്ടിയുള്ള നീണ്ട കാത്തിരിപ്പാണ്.വൈകുന്നേരം 6 മണി മുതല്‍ സാന്താക്ലോസിനെ ഒരുക്കാന്‍ തുടങ്ങും.ആദ്യം കുടവയര്‍ ഫിറ്റ് ചെയ്യണ ചടങ്ങാണ് നടത്തുന്നത്.പിന്നെ ചുവന്ന നൈറ്റി അണിയിക്കും.അവസാനത്തെ ഡ്രസ് റിഹേഴ്സല്‍ കൂടി കഴിയുമ്പോഴേക്കും സമയം 9 മണിയാകും.

9 മണിക്ക് കാഹളം മുഴങ്ങും.കന്നാസില്‍ കമ്പു വീഴും.ആരവങ്ങള്‍ തുടങ്ങും.നാട് വിറകൊള്ളും.വാനരസംഘത്തിന്‍റെ വരവ് മാളോരറിയും.

ഞാനായിരുന്നു സംഘത്തിലെ ആസ്ഥാന പാട്ടുക്കാരന്‍.എന്‍റെ ചീവിടുപോലുള്ള ഒച്ച ഒരു വീട്ടില്‍ മുഴങ്ങി കഴിഞ്ഞാല്‍ അത് അടുത്ത പഞ്ചായത്ത് വരെ ചെന്ന് വരവറിയിച്ച് തിരിച്ചു വരും.അത്രയ്ക്ക് കെങ്കേമമാണ്.

സാന്താക്ലോസുമായുള്ള യാത്ര ബഹുരസമാണ്.ഒരിക്കല്‍ നമ്മുടെ സാന്താക്ലോസ് തടിയനെ പട്ടി കടിക്കാന്‍ ഓടിച്ചു.കൊടുത്തു സാന്താക്ലോസ് പട്ടിയുടെ പള്ളയ്ക്കിട്ടൊരു കീറ്.പട്ടിയുടെ അണ്ടകടാഹം വരെ കലങ്ങിയിട്ടുണ്ടാകണം.വേറൊരിക്കല്‍ സാന്താക്ലോസ് തുള്ളിക്കൊണ്ട് നിന്നപ്പോള്‍ വയറ്റില്‍ കെട്ടിവെച്ചിരുന്ന തലയിണ അഴിഞ്ഞുപോയി.അവന്‍റെ ഒടുക്കത്തെ തുള്ളനിന് എന്‍റെ വക ഒരു വിമര്‍ശനവും ഞാന്‍ പാസാക്കി.ഞാന്‍ ആരുന്നെങ്കില്‍ തകര്‍ത്തേനെ എന്നൊരു വാല്‍ക്കഷ്ണവും.

ചിലമാന്യന്‍മാര്‍ ഗേറ്റ് തുറക്കില്ല.ഞങ്ങളെ പുച്ഛമാണ്.ആ വീടിനു മുന്നിലായിരിക്കും ഞങ്ങളുടെ കലാപ പരിപാടികള്‍ പിന്നെ പൊടി പൊടിക്കുക.തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഞങ്ങള്‍ അവിടെ നിന്നു പാടും.

" ഉണരു ഉണരു സോദരരേ.."

രക്ഷയില്ലെന്നറിഞ്ഞാല്‍ കന്നാസിലിട്ട് കൊട്ടി വീട്ടുകാരെ പുകച്ചു പുറത്ത് ചാടിക്കും.തെറി വിളിയും എത്രയോ കേട്ടിരിക്കുന്നു.cultureless peoples..!

ഇങ്ങനെയൊക്കെ എന്തു രസമായിരുന്നു കുട്ടിക്കാലത്തെ ക്രിസ്തുമസ് രാത്രികള്‍.പിരിഞ്ഞു കിട്ടുന്ന നാണയത്തുട്ടുകള്‍ കൂട്ടിവെച്ച് ക്രിസ്തുമസിന് ഞങ്ങള്‍ കേക്കു വാങ്ങിക്കും.എല്ലാവരും ചേര്‍ന്ന് അത് മുറിക്കും.എന്നിട്ട് അയല്‍പക്കത്തെ വീണ്ടുകളില്ലെല്ലാം വിതരണം ചെയ്യും.കൂട്ടത്തില്‍ ഒരു ഹാപ്പി ക്രിസ്തുമസും പാസാക്കും.ജീവിതത്തില്‍ ഇത്രയും സന്തോഷിച്ച ദിവസങ്ങള്‍ വേറെയുണ്ടായിട്ടില്ല.അതൊന്നും ഇനി തിരികെ കിട്ടില്ലല്ലോ..!

കട്ടിലില്‍ കിടന്നുകൊണ്ട് വീണ്ടും ആ കരോള്‍ ഗാനത്തിന് കാതോര്‍ത്തു.ഇപ്പോഴത് കേക്കണില്ല.ആ സംഘം വേറെ ഏതോ ദിക്കിലേക്ക് പോയിട്ടുണ്ടാകണം.പതിയെ ഞാന്‍ മയക്കത്തിലേക്ക് വീഴുമ്പോള്‍ ആ കരോള്‍ ഗാനം വീണ്ടും എന്‍റെ മനസ്സില്‍ ഉണര്‍ന്നു..

"യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തില്‍ വിടരും രാവില്‍
രാപ്പാര്‍ത്തിരുന്നു അജപാലകര്‍
ദേവരാഗം കേട്ടു ആമോദത്തോടെ
അന്നു തിങ്കള്‍ കല പാടി ഗ്ലാറിയ.."


Friday, October 15, 2010

മടിയന്‍ ദാസപ്പന്‍ എന്ന അസാധു - തെരഞ്ഞെടുപ്പ് സ്പെഷ്യല്‍

ഞാന്‍ ദാസപ്പന്‍-മടിയന്‍ ദാസപ്പന്‍ എന്നാണ് നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത്.അത് വെള്ളം ചേര്‍ക്കാത്ത പരമാര്‍ഥമാണ്.ചെറുപ്പം മുതല്‍ക്കേ ‍ഞാനൊരു കുഴിമടിയനായിരുന്നു.മടി പിടിച്ച് എസ്.എസ്.എല്‍.സി വരെ എത്തിയപ്പോള്‍ വയസ്സ് 23.പക്ഷെ മടികാരണം ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ കൂടി ഞാന്‍ പോയില്ല.എസ്.എസ്.എല്‍.സി പാസാവാത്ത എത്രയോ പേര്‍ ഉന്നതങ്ങളില്‍ എത്തിയിരിക്കുന്നു.പിന്നല്ലെ ഈ ദാസപ്പന്‍-എന്നതാണ് എന്‍റെ ഫിലോസഫി.പക്ഷെ ഇത് കേള്‍ക്കുമ്പോള്‍ രമേശന്‍ മൂപ്പര്(അതായത് എന്‍റെ അച്ഛന്‍)പറയും-

എല്ലുമുറിയെ അധ്വാനിച്ചിട്ടാ അവര്‍ ഉയരത്തിലെത്തിയത്.പക്ഷെ മടിയനായ നീയോ..?

അതിനും ഈ ദാസപ്പന്‍റെ കൈയില്‍ നല്ല ഒന്നാന്തരം മറുപടിയുണ്ട്.

എല്ലാരേം പോലെയാണോ അച്ഛന്‍റെ മോന്‍ ദാസപ്പന്‍.എനിക്ക് എന്‍റേതായ ഒരു വ്യക്തിത്വം ഇല്ലേ..?ഞാന്‍ എന്‍റെ വഴിയെ വലിയവനാകും

ഇങ്ങനെയൊക്കെയാണ് ഞാന്‍.പക്ഷെ എനിക്കും നന്നാകണമെന്നൊക്കെയുണ്ട്.പ്രവര്‍ത്തിയില്‍ കൊണ്ട് വരാനാണ് പാട്.മടി അത് തന്നെ.ഒരിക്കല്‍ ദാസപ്പന്‍ നന്നാകുമെന്ന് എന്‍റെ മനസ്സ് പറയുന്നു..ഇനി ചിലപ്പോ അതൊരു തോന്നലാണോ..?ആ..ആര്‍ക്കറിയാം.


രാവിലെ എണ്ണീക്കാന്‍ തന്നെ മടിയാണ്.ഒര് വിധം എണ്ണീറ്റാല്‍ തന്നെ പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞു വരുമ്പോള്‍ ഒര് സമയമാകും.ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്നലെ സര്‍ക്കാര് പറയുന്നത്.ഞാന്‍ ഒരു വരി കൂടി ചേര്‍ത്തു.ജലം അമൂല്യമാണ് അത് മലിനമാക്കരുത്.കുളിച്ചില്ലേലും ജീവിക്കാല്ലോ..!

പക്ഷെ ഒന്നുണ്ട്.ഭക്ഷണം.അതിന്‍റെ കാര്യത്തില്‍ ഞാനെന്‍റെ ഫിലോസഫികളെല്ലാം മടക്കി അലമാരയില്‍ വെക്കും.ഭക്ഷണകാര്യത്തില്‍ ഒരു മടിയുമില്ല.മൂന്ന് നേരം സുഭിഷ്ട ഭക്ഷണം..ഏമ്പക്കം..ഉറക്കം..കൂര്‍ക്കംവലി..

അങ്ങനെയിരിക്കെയാണ് ആ ദിവസം സമാഗതമായത്.ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ എന്തെങ്കിലും ജോലി ചെയ്തേ മതിയാകു എന്ന നഗ്നമായ സത്യം ഞാന്‍ അപ്പോഴേക്കും മനസ്സിലാക്കിയിരുന്നു.പക്ഷെ പത്താം ക്ലാസ് പരീക്ഷയെഴുതാത്തവന് അന്തസ്സുള്ള ജോലി ഏതേലും കിട്ടുമോ.ഇതൊക്കെ ഇപ്പോഴാണോ ദാസപ്പാ ആലോചിക്കുന്നത്-ഞാന്‍ എന്നോട് തന്നെ ചോദിച്ചു.പിന്നെയെന്ത് ചെയ്യും.അങ്ങനെയാണ് പഞ്ചായത്ത് ഇലക്ഷന്‍റെ കാര്യം അറിയിന്നുത്.പഞ്ചായത്ത് മെമ്പറാകുക-കൊള്ളാം.കേട്ടിട്ടുതന്നെ ഒര് സുഖമുള്ള ഏര്‍പ്പാടാണ്.പൊട്ടന് ലോട്ടറി അടിച്ചപ്പോലെ പ്രസിഡന്‍റ് കസേരകൂടി കിട്ടിയാല്‍ കുശാലായി.അങ്ങനെ ഏതെങ്കിലും പാര്‍ട്ടിയുടെ ചിഹ്നത്തില്‍ കേറിയങ്ങ് മത്സരിക്കാന്‍ തീരുമാനിച്ചു.ഒന്നും നടന്നില്ലെങ്കില്‍ സ്വന്തമായി ഒര് പാര്‍ട്ടി തന്നെയങ്ങ് ഉണ്ടാക്കും.അല്ല പിന്നെ.നാട്ടുകാര്‍ക്കിടയില്‍ ജോലിയും കൂലിയുമില്ലാത്ത പയ്യന്‍ എന്ന ഇമേജ് ഉള്ളത്കൊണ്ട് അത് സഹതാപമാക്കി വര്‍ക്ക് ഔട്ട് ചെയ്യിപ്പിച്ചാല്‍ വിജയം സുനിശ്ചിതം.ഞാന്‍ മനക്കോട്ടകള്‍ മേയാന്‍ തുടങ്ങി.

"കരകാണാകടലലമേലേ
മോഹപ്പൂങ്കുരുവി പറന്നേ.."

എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസപ്പാ..അങ്ങനെ എന്‍റെ സമയം തെളിയാന്‍ പോകുകയാണ്.മെമ്പറായി കഴിഞ്ഞാല്‍ പിന്നെ കുശാലാണ്.ആണ്ടിനോ ചങ്കരാന്തിക്കോ പഞ്ചായത്തിലെ വീടുകളിലേക്ക് സന്ദര്‍ശനം.വളിച്ച ചിരി ചിരിക്കണം.കരയണം.കുശലം തിരക്കണം.പിന്നെ എല്ലാ കുണ്ടറ നിവാസികളുടെയും കല്യാണം നടത്തിപ്പുകാരനായി നിന്ന് വയറു നിറയെ ശാപ്പിടണം.

അങ്ങനെ അങ്ങനെ പലതും ആലോചിച്ചുകൊണ്ടാണ് പാര്‍ട്ടി ഓഫീസിന്‍റെ പടി ചവിട്ടിയത്.പതിവിലേറെ തിരക്കായിരുന്നു അപ്പോള്‍ അവിടെ.എന്തായാലും പാര്‍ട്ടി മീറ്റിങൊന്നും ആകാന്‍ വഴിയില്ല.മീറ്റിങ്ങ് വല്ലോം ആയിരുന്നെങ്കില്‍ ഇത്രയുംപേര്‍ കാണില്ലല്ലോ.കസേരകളെല്ലാം ഒഴിഞ്ഞുകിടക്കണ്ടതല്ലെ..ഇത് സംഗതി വേറേ എന്തോ ആണ്.

കൂട്ടത്തില്‍ മുശിഞ്ഞ ജൂബ ധരിച്ച ഊശാം താടിക്കാരനോട് ഞാന്‍ കാര്യം തിരക്കി.അയാള്‍ ആട്ടിന്‍ താടി തടവി നിന്നതല്ലാതെ കമാ എന്നൊരക്ഷരം പറഞ്ഞില്ല.ഇനി പൊട്ടനാണോ..?

എന്തായാലും എല്ലാര്‍ക്കും എന്തോ വിഷമമുണ്ട്.സമരം നടത്താനും കല്ലെറിയാനും പിരിവുനടത്താനും പോകുന്ന ആവേശവും സന്തോഷവുമൊന്നും ആരുടേയും മുഖത്ത് കണ്ടില്ല.ഇന്നെന്താ ഇവര്‍ക്ക് ചായേം വടേം കിട്ടില്ലേ..?

കാര്യം അതൊന്നുമല്ല.അതറിഞ്ഞപ്പോള്‍ തമ്പുരനാണേ ഈ ദാസപ്പന്‍റെ ചങ്കും തകര്‍ന്നുപോയി.കാര്യം എന്താണെന്നു വെച്ചാല്‍ ഇവിടെ കൂടിയിരിക്കുന്ന ഞാന്‍ ഉള്‍പ്പെടുന്ന കിഴങ്ങന്‍മാര്‍ക്കൊന്നും മത്സരിക്കാനൊക്കില്ല.സ്ത്രീ സംവരണമാണു പോലും..എന്താ കഥ..

ഇപ്പോള്‍ ബാക്ക് ഗ്രൗഡില്‍ ചെകുത്താന്‍റെ വയലിന്‍ വായനകേട്ടു തുടങ്ങുന്നു.

ഞാന്‍ റോഡിലേക്കിറങ്ങി നടന്നു.ഇനി എന്തു ചെയ്യും?ഈ ദാസപ്പനെ നന്നാവാനാരേം സമ്മദിക്കൂല്ല അല്ലേ.അങ്ങനെയെങ്കില്‍ അങ്ങനെ.തോല്‍ക്കാന്‍ ദാസപ്പന്‍റെ ജീവിതം ഇനിയും ബാക്കിയാണ് മക്കളെ..

അപ്പോഴാണ് പെട്ടെന്നൊരു ഐഡിയ മനസ്സില്‍ തെളിഞ്ഞത്.സ്ത്രീസംവരണമാണെങ്കിലും ഇത് വരെയും മത്സരിക്കാന്‍ ആരെയും കിട്ടിയിട്ടില്ലാരുന്നു.എന്‍റെ പദ്ധതി ഇനി പറയും വിധമാണ്.ആദ്യം പഞ്ചായത്തിലെ ഒരു വനിതയെ വശത്താക്കണം.എന്‍റെ സ്വന്തം സ്ഥാനാര്‍ഥിയായി നിര്‍ത്തി മത്സരിപ്പിക്കണം.ജയിച്ചു കഴിഞ്ഞാല്‍ അങ്ങ് കെട്ടണം.ശിഷ്ടകാലം അവളുടെ ചിലവില്‍ സുഖജീവിതം.ഒരു പണിക്കും പോകണ്ട.എന്നെ അങ്ങ് സമ്മദിക്കണം.എനിക്ക് ദാസപ്പനെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നി.അടങ്ങ് മോനെ അടങ്ങ്..

ഇപ്പോള്‍ ബാക്ക് ഗ്രൗണ്ടില്‍ എ.ആര്‍ റഹ്മാന്‍റെ സംഗീതം.
ഞാന്‍ നാളെ മുതല്‍ വനിതാമെമ്പര്‍ ഹണ്ട് തുടങ്ങാന്‍ തീരുമാനിച്ചു.

കാലത്തെ എണ്ണീറ്റ് കുളിച്ച്(ഇവനിന്നു കുളിച്ചോ-എന്ന മട്ടില്‍ അമ്മയൊന്നു നോക്കി)കുറിതൊട്ട് അലക്കിതേച്ച ഉടുപ്പുമിട്ട് പുറത്തേക്കിറങ്ങി.നന്നായി കുളിച്ചിട്ട് മാസങ്ങളായിരുന്നു.നേരെ പോയത് അന്നമ്മയുടെ അടുത്തേക്കായിരുന്നു.അവള്‍ക്ക് പണ്ട് എന്നോടൊരു ലബ് ഉണ്ടാരുന്നു.അത് വേറൊന്നും കൊണ്ടല്ല.ആറാംക്ലാസില്‍ ഞാന്‍ രണ്ടും വെട്ടവും അന്നമ്മ ഒരു വെട്ടവും തോറ്റിരുന്നിട്ടുണ്ട്.അങ്ങനെ തോറ്റവള്‍ക്ക് തന്‍റെ നുകത്തില്‍ കെട്ടാവുന്നവനോട് തോന്നിയ ഇഷ്ടമാണ്.

അന്നമ്മ ഇപ്പോള്‍ ഒരു സോപ്പ് കമ്പനിയില്‍ ജോലിചെയ്യുകയാണ്.ഞാന്‍ അങ്ങോട്ടേക്കാണ് പോയത്.ഭാഗ്യം.അന്നമ്മ അവിടെ തന്നെയുണ്ടായിരുന്നു.അന്നമ്മ എന്നെ കണ്ടതും ചാടി തുള്ളി അടുത്തേക്കു വന്നു.

"അന്നമ്മോ നീ പഴയതിനേക്കാള്‍ സുന്ദരിയായിട്ടുണ്ട് കേട്ടോ..എന്താ ഇതിന്‍റെ രഹസ്യം"-
ഞാന്‍ ആദ്യത്തെ നമ്പരിട്ടു.

"ദാസപ്പന്‍ ചേട്ടാ ഇത് ഇവിടെ ആവശ്യത്തിനുണ്ട് കേട്ടോ"-
അന്നമ്മയുടെ മറുപടി.

"എന്ത്..?"

"സോപ്പ്..!"

"പോ..അന്നമ്മേ..അവളുടെ ഒര് തമാശ..ഇപ്പോഴും നീ ആറാംക്ളാസിലെ അന്നക്കുട്ടി തന്നെ..!നിനക്കോര്‍മയിലെ ആ കാലം..?"

"പിന്നെ"

"കണക്കിനു ഒരു മാര്‍ക്ക് കിട്ടിയതിന് നീ കരഞ്ഞപ്പോള്‍ പൂജ്യം വാങ്ങിയ ഞാന്‍ അല്ലേ നിന്നെ സമാധാനിപ്പിച്ചത്.."

അങ്ങനെ ഞാന്‍ ഒന്നിനു പിറകെ ഒന്നായി നമ്പറുകളിറക്കികൊണ്ടിരുന്നു.അവസാനം അന്നമ്മ സമ്മദിച്ചു-മത്സരിക്കാമെന്ന്.അവസാനം കാര്യം നടന്നിട്ട് അവളെ കെട്ടിയില്ലെങ്കില്‍ ദാസപ്പന്‍ ചേട്ടന്‍റെ പേരെഴുതി വെച്ചിട്ട് ആറാംക്ലാസിന്‍റെ വരാന്തയില്‍ നിന്നു താഴേക്ക് എടുത്തു ചാടുമെന്ന് കൂട്ടത്തില്‍ ഒര് ഭീക്ഷണിയും.ഞാന്‍ അത് കാര്യമായിട്ട് എടുത്തില്ല.

എന്തായാലും അടുത്ത ദിവസം മുതല്‍ പ്രചരണം പൊടിപൊടിച്ചു.നമ്മുടെ പഞ്ചായത്തിലെ അന്നമ്മ എന്ന ചുണക്കുട്ടിയെ അറിവിന്‍റെ പ്രതീകമായ സ്ലേറ്റും പെന്‍സിലും അടയാളത്തില്‍ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു..അഭ്യര്‍ഥിക്കുന്നു-ഞാനായിരുന്നു അനൗണ്‍സര്‍.തല്‍ക്കാലം മടിയൊക്കെ മാറ്റിവെച്ച് ഞാന്‍ അടിമുടി വോട്ട് പിടുത്തം തുടങ്ങി.കരഞ്ഞും കാലു പിടിച്ചും പരദൂഷണങ്ങളുടെ കെട്ടഴിച്ചും വീമ്പുപറഞ്ഞും നാട്ടുകാരെ ഞാന്‍ പറ്റിക്കാന്‍ തുടങ്ങി.


അങ്ങനെ ഇലക്ഷന്‍ റിസല്‍റ്റ് വന്നു.വമ്പിച്ച ഭൂരിപക്ഷത്തില്‍ അന്നമ്മ ജയിച്ചു.ഞാന്‍ തുള്ളിചാടി.പടക്കം പൊട്ടിച്ചു.
ഒന്നും പറയണ്ട-അവള്‍തന്നെ പഞ്ചായത്ത് പ്രസിഡന്‍റുമായി.വിധിയുടെ വിളയാട്ടം..അല്ലാതെന്താ..!

പക്ഷെ..!

പെണ്ണല്ലേ..കാലുമാറി കളഞ്ഞു.അധികാരവും കസേരയും കിട്ടിയപ്പോള്‍ അന്നമ്മ തനി രാഷ്ട്രീയകാരിയായി.അവള്‍ക്കിപ്പോള്‍ ഈ ദാസപ്പന്‍ ചേട്ടനെ അറിയില്ല പോലും.എന്തായാലും എന്നെ പറഞ്ഞാല്‍ മതിയല്ലോ..കൈകഴുകി വന്നപ്പോള്‍ ചോറില്ല എന്ന് പറഞ്ഞതുപോലെയായി.

എന്ത് ചെയ്യും.തിരിച്ചൊരു പണികൊടുത്താലോ?വേണ്ട..ആണുങ്ങള്‍ അത്ര ചീപ്പല്ല.പക്ഷെ ഒര് കാര്യത്തില്‍ ഇപ്പോള്‍ സന്തോഷമുണ്ട്.ആരുമെന്നെ ഇപ്പോള്‍ മടിയന്‍ ദാസപ്പന്‍ എന്ന് വിളിക്കുന്നില്ല..!അങ്ങനെയെങ്കിലും മടി മാറി കിട്ടിയല്ലോ..!

കുറിപ്പ്.
സോപ്പ് കമ്പനിയിലെ തിരക്കിട്ട ജോലിക്കിടയിലാണ് ഞാന്‍ എന്‍റെ ജീവിത കഥ കുറിച്ചത്.അന്നമ്മ പോയ ഒഴിവിന് എനിക്കിവിടെ ജോലി കിട്ടി.

എന്ന്
സ്വന്തം
ദാസപ്പന്‍


Saturday, October 9, 2010

എന്‍റെ പ്രണയകുറിപ്പുകള്‍തുടക്കം
ഹൃദയത്തില്‍ ഒരു
മിന്നാമിന്നി വന്നിരുന്നു
ഒളിഞ്ഞും തെളിഞ്ഞും
എന്നെ പ്രണയിച്ചു

റോസാപ്പൂവ്
ഞാന്‍ നീട്ടിയ
റോസാപ്പൂവില്‍ എന്‍റെ
ഹൃദയമുണ്ടായിരുന്നു
ഇതളടര്‍ന്നാല്‍ ചോരപൊടിയുന്ന
ഒരു ഹൃദയം

പ്രേമലേഖനം
പ്രേമലേഖനമെഴുതുമ്പോള്‍
നക്ഷത്രങ്ങള്‍ കൂട്ടിനുണ്ടായിരുന്നു
മറുപടി കിട്ടാതിരുന്നപ്പോള്‍
കണ്ണീരും..

ചുംബനം
എന്‍റെ ചുണ്ടുകള്‍ നിന്‍റെ
ചുണ്ടിലലിഞ്ഞ നിമിഷം
ഞാന്‍ നിന്‍റെ കണ്ണിന്‍റെ കോണില്‍
എന്‍റെ പ്രണയം കണ്ടു

സ്വപ്നം
എന്നും ഉറങ്ങുവാന്‍
ഞാന്‍ ആഗ്രഹിച്ചിരുന്നു-കാരണം
എന്‍റെ സ്വപ്നങ്ങളില്‍
നീ എന്‍റേതുമാത്രമായിരുന്നു

കവിത
നിന്‍റെ വിരലുകള്‍
എന്‍റെ ഹൃദയത്തില്‍
തൊട്ടപ്പോഴാണ്
എന്‍റെ മനസ്സില്‍
കവിത പിറന്നത്

ആകാശം
സൂര്യനേയും
ചന്ദ്രനേയും
ഞാന്‍ ഇഷ്ടപ്പെട്ടില്ല
എനിക്കിഷ്ടം
നീയെന്ന ആകാശത്തെയാണ്

തിരമാല
‍ഞാന്‍ തിരമാല
നീ കര
ഞാന്‍ കരയാകില്ല-കാരണം
എനിക്കെന്‍റെ കണ്ണുന്നീര്‍കൊണ്ട്
നിന്‍റെ പാദങ്ങള്‍ കഴുകണം
അതിന് തിരമാലയാകണം ഞാന്‍

മോഹം
എന്‍റെ മോഹം
ഒരു പൂമ്പാറ്റയായി വന്ന്
നിന്‍റെ തേന്‍ നുകരണമെന്നല്ല
നിന്‍റെ മാധുര്യമാകണമെന്നാണ്

ഒടുക്കം
ഒടുക്കം കീറിയ കടലാസു-
തുണ്ടുകള്‍ അഗ്നിതിന്ന്
ശേഷിച്ച ചാരത്തില്‍
എന്‍റെ കണ്ണുന്നീര്‍ പൊടിഞ്ഞു
അത് കാണാതിരിക്കാന്‍ നീയും
കാണാന്‍ ഞാനും മാത്രം

Sunday, September 19, 2010

ഡിലീറ്റ്-വേദനിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍
രണ്ട് മാസം മുമ്പ് ഒര് വെള്ളിയാഴ്ച ദിവസം പത്രത്തില്‍ വന്ന വാര്‍ത്ത മനസ്സില്‍ തങ്ങി നിന്നിരുന്നു.അത് ഒരു വൃദ്ധമാതാവിനെ കുറിച്ചായിരുന്നു.എടുത്തു വളര്‍ത്തിയ മകള്‍ വാര്‍ധക്യത്തില്‍ അവരെ ഉപേക്ഷിക്കുന്ന കരളലിയിപ്പുക്കുന്ന സത്യം.ഇത് ചിത്രീകരിക്കണമെന്ന് അന്ന് ആഗ്രഹിച്ചതാണ്.വാര്‍ത്തയിലൂടെ തന്നെ സ്ക്രിപ്റ്റും പൂര്‍ത്തിയാക്കി.കാലം മാറുമ്പോള്‍ ബന്ധങ്ങള്‍ ഇല്ലാതാകുന്നു എന്നതില്‍ നിന്നും ഡിലീറ്റ്(delete) എന്ന പേരാണ് റ്റൈറ്റില്‍ കൊടുത്തത്.വരുന്ന ഒക്ടോബര്‍ ഒന്നിന്(ലോക വൃദ്ധദിനം)എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.അങ്ങനെ സെപ്തംബര്‍ 18,19 തിയതികളിലായി ഷൂട്ടിങ്ങ് നിശ്ചയിച്ചു.

ഡിലീറ്റ് എന്‍റെ നാലാമത്തെ ഹ്രസ്വചിത്രമാണ്.സ്കൂള്‍ബാര്‍,ഫെയ്സ്,മൊമെന്‍റ്സ് എന്നി ഹ്രസ്വചിത്രങ്ങള്‍ക്ക് ശേഷം ഡിലീറ്റ്.ചിത്രീകരിക്കുക എന്നതിലുപരി ചില സത്യങ്ങള്‍ ലോകത്തിനു മുന്നിലേക്കു വെയ്ക്കുക എന്നായിരുന്നു ആഗ്രഹം.

കൊല്ലം കൊട്ടാരക്കരയില്‍ ഒരു വൃദ്ധസദനമുണ്ട്.കലയപുരം ആശ്രയ കേന്ദ്രം.സിനിമയുടെ ഭൂരിഭാഗവും അവിടെ ഷൂട്ട് ചെയ്യാനാണ് തീരുമാനിച്ചത്.

സെപ്തംബര്‍ 19 ഞായറാഴ്ച ഉച്ചയോടെ ഞാനും ഷൂട്ടിങ്ങ് സംഘവും(ഞാനും വളരെ ചെറിയൊരു ക്യാമറയും എന്‍റെ 4 സുഹൃത്തുക്കളും) ആശ്രയകേന്ദ്രത്തിലെത്തി.എന്‍റെ മനസ്സില്‍ അതുവരെ ഉണ്ടായിരുന്ന സങ്കല്‍പ്പമല്ലാരുന്നു അവിടം.അത് പുതിയൊരു ലോകമായിരുന്നു.അനാഥര്‍,ഉപേക്ഷിക്കപ്പെട്ടവര്‍,എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തവര്‍..ഞാന്‍ അവര്‍ക്കിടയിലേക്കാണ് ക്യാമറയും കൊണ്ട് നടന്നത്..

ആ ഹാളില്‍ കുറഞ്ഞത് ഒര് നൂറ് പേരെങ്കിലും ഉണ്ടാകും.ഞാന്‍ തീര്‍ച്ചയായും ഞെട്ടി.ഇടയ്ക്കെവിടെ നിന്നോ ആരൊക്കെയോ ഉച്ചത്തില്‍ ബഹളം വെയ്ക്കുന്നു.തലയ്ക്ക് സ്ഥിരതയില്ലാത്തവരാണ്.അവിടെ നിന്ന് നോക്കിയപ്പോള്‍ മുകളിലൊരു മുറിയില്‍ കുറച്ചുപേരെ കമ്പിയഴികള്‍ക്കുള്ളില്‍ ഇട്ടിരിക്കുന്നത് കണ്ടു.

ക്യാമറ ഓരോ മുഖങ്ങളിലേക്കും പതിച്ചു.സ്ക്രിപ്റ്റില്‍ ഞാന്‍ എഴുതാത്ത  വാക്കുകള്‍..നോട്ടങ്ങള്‍..

ധൈര്യം സംഭരിച്ച് ഞാന്‍ അവര്‍ക്കരികിലേക്ക് നടന്നു.അപ്പോള്‍ ഒരാള്‍‍ എന്നെ പിടിച്ചു നിര്‍ത്തി.ഞാന്‍ പേടിച്ചു.ക്യാമറയും കൈയിലിരിക്കുന്നു.എന്ത് ചെയ്യണമെന്ന് അറിയില്ല.കൂടെ വന്നവരെല്ലാം ദൂരെ നില്‍ക്കുകയാണ്.ഞാന്‍ അയാളെ നോക്കി ദയനീയമായി ചിരിച്ചു.തലയ്ക്ക് പ്രശ്നമുള്ള ആളാണ്.ഞാന്‍ ഹലോ എന്ന് പറഞ്ഞു.അപ്പോള്‍ അയാള്‍ കൈയുയര്‍ത്തി.സമാധാനമായി.കൈവിട്ടു.

യഥാര്‍ഥ ‍ജീവിതമാണ് അവിടെ ചിത്രീകരിച്ചത്.ആരും അഭിനയിക്കുകയായിരുന്നില്ല..

ഷൂട്ടിങ്ങ് കഴിഞ്ഞിറങ്ങുമ്പോള്‍ വാതിലിനടുത്തിരുന്ന ഒര് വൃദ്ധ ഞങ്ങളോട് ചോദിച്ചു..
"നിങ്ങള്‍ എന്‍റെ മോനെ കണ്ടോ..?"

ഇത് തന്നെയല്ലേ എന്‍റെ മുന്നിലെ ചോദ്യവും..
എഡിറ്റിങ്ങ് പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിന് ഈ ഷോര്‍ട്ട് ഫിലിം സമര്‍പ്പിക്കപ്പെടും

Saturday, August 14, 2010

ഓണവും ഞാനും

മലയാളനാടിന്‍റെ തിരുവോണമേ
നീ മനതാരില്‍ നല്‍കിയ കുളിരോര്‍മകള്‍
ചേതോഹരം നീ വിടരുന്ന നാളുകള്‍
അറിയുന്നു ഞാന്‍ നീയെന്‍ വസന്തഗീതം

ചെറുവാലന്‍ കിളിപാടും വയലേലയില്‍
കതിരാടുമ്പോള്‍ ഒണം നിറഞ്ഞാടുന്നു
വഞ്ചിപ്പാട്ടുണരുന്ന കായലിന്‍ത്തീരത്ത്
വരവേല്‍ക്കുവാന്‍ പൂക്കള്‍ ഒരുങ്ങി നില്‍പൂ..

കനല്‍മാത്രം നിറയുന്ന വറുതിയിലവസാനം
ഇലയിട്ടു നീയെന്‍ മനം നിറച്ചു
മാവേലി മന്നന്‍റെ മുടിയിലെ തുമ്പയായി
ഒരുപാട് നാള്‍ ഞാനും ഓര്‍മകളും..


ഇതിന്‍റെ ഓഡിയോ ലിങ്ക് ഇവിടെ..കേട്ടുനോക്കു..അതാകട്ടെ ഈ വര്‍ഷത്തെ ഓണസമ്മാനം
http://www.4shared.com/audio/y-tAW_-2/malayala3.html


Sunday, August 8, 2010

ആ ആത്മാവിന് നിത്യശാന്തി നേരുന്നു.

പത്രത്തിലെ ചരമകോളം ഒരിക്കല്‍പോലും വായിക്കാത്ത ഞാനാണ്.പിന്നെങ്ങനെ ഈ വാര്‍ത്ത ഞാന്‍ ശ്രദ്ധിച്ചു.ഹൃദയം നിശ്ചലമായി വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍.അവിരുടെ മുഖം പത്രത്തില്‍ കണ്ടപ്പോള്‍ മനസ്സൊന്നു വിങ്ങി.ആ വിങ്ങലാണല്ലോ കണ്ണുന്നീരായി പ്രതിഫലിച്ചത്.എനിക്ക് ആരുമായിരുന്നില്ല അവര്‍.പക്ഷെ എനിക്കവരെ അറിയാം.ഇന്നലെ ആദ്യമായും അവസാനമായും ‍ഞാനവരെ കണ്ടിരുന്നു.


ഇന്നലെ രണ്ടാം ശനി.വിരസമായ ഒരു ഒഴിവു ദിവസം.വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.ഒര് കല്യാണത്തിനു പോയിരിക്കുകയായിരുന്നു എല്ലാവരും.ചാനലുകള്‍ മാറ്റിയും തിരിച്ചും ഞാന്‍ ടി.വിക്ക് മുന്നിലിരുന്ന് ബോര്‍ അടിച്ചു.എന്തൊക്കെയോ ജോലികള്‍ ചെയ്യാന്‍ ഏല്‍പ്പിച്ചാണ് അമ്മ പോയത്.ഒന്നും ചെയ്യാന്‍ വയ്യ.കമ്പ്യൂട്ടറിനു മുന്നിലിരുന്നുള്ള പഠനം മേലനങ്ങി പണിയെടുക്കുന്നതില്‍ നിന്നും എന്നെ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്.ഫലത്തില്‍ ‍ഞാനൊരു മടിയനായി തീര്‍ന്നു.മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ സുന്ദരമായ ഒരു ഹാര്‍ട്ട് അറ്റാക്ക്.ഡിം..അങ്ങനെയാകും എന്‍റെ മരണം.

അങ്ങനെ പലചിന്തകളില്‍ വ്യാപരിക്കുമ്പോഴാണ് വീട്ടിലെ കോളിങ് ബെല്‍ മുഴങ്ങിയത്.കൂട്ടുകാര്‍ ആരെങ്കിലുമാകുമെന്ന് കരുതിയാണ് കതക് തുറന്നത്.അല്ലാതെ ഈ സമയത്ത് ആര് വരാനാണ്.പക്ഷെ കതകു തുറന്നപ്പോള്‍ മുന്നില്‍ കണ്ടത് ഒരു സ്ത്രീ രൂപമായിരുന്നു.നല്ല കറുത്തിട്ട്,അധികം പ്രായമില്ലാത്ത സ്ത്രീ.അവര്‍ ഇളം ചുവപ്പ് നിറത്തില്‍ പച്ച ബോര്‍ഡറുള്ള ഒരു സാരിയാണ് ധരിച്ചിരുന്നത്.തലയില്‍ ഒരു കറുത്തതുണിയിട്ടിരുന്നു.പക്ഷെ അവരെ കണ്ടിട്ട് ഒരു മുസ്ലിമാണെന്ന് എനിക്ക് തോന്നിയില്ല.

ആരാ..എന്താ..?-എന്ന ഭാവത്തില്‍ ഞാനവരെ നോക്കി.എന്‍റെ ചോദ്യം വരുന്നതിനു മുന്‍പേ അവര്‍ എന്തോ പറഞ്ഞു.പക്ഷെ ഞാനത് വ്യക്തമായി കേട്ടില്ല.ഞാന്‍ അവര്‍ക്കരികിലേക്ക് ചെന്നു.

"എന്താ..?"

"ഇവിടെ ആരാ തേങ്ങയിടാന്‍ വരുന്നത്..?"
അവര്‍ എന്നോട് ചോദിച്ചു.അവരുടെ ശബ്ദത്തിന് ചെറിയ വിറയലുണ്ടായിരുന്നു.

"എനിക്ക് പേരറിയില്ല"
ഞാന്‍ പറഞ്ഞു.

"അമ്മയിലെ ഇവിടെ..?"
അവര്‍ അകത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.

"ഇല്ല."

"ഇവിടെ ആരാ തേങ്ങയിടാന്‍ വരുന്നത്..?"
അവര്‍ അതേ ചോദ്യം എന്നോട് ആവര്‍ത്തിച്ചു.അവരുടെ ശബ്ദം അപ്പോള്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു.

"എനിക്ക് അയാളുടെ പേരറിയില്ല.പൊക്കം കുറഞ്ഞ ഒരാളാണ്."
വീട്ടില്‍ തേങ്ങയിടാന്‍ വരുന്ന ആളിന്‍റെ പേരെനിക്ക് അറിയില്ലായിരുന്നു.കണ്ടുള്ള പരിചയം മാത്രമെ ഉള്ളൂ.

"രമേശനാ..?"
അവര്‍ ചോദിച്ചു.

"അറിയില്ല."

"ഞാന്‍ രമേശന്‍റെ പെങ്ങളാണ്."
ഞാന്‍ അവരെ നോക്കി.മുന്‍പെങ്ങും ഇവിടെ കണ്ടിട്ടില്ല.എന്താണ് അവര്‍ പറയാന്‍ വരുന്നത്.

"ക്യാന്‍സറാണ്.മരുന്നു വാങ്ങണം."
ആ മറുപടിയില്‍ എന്‍റെ മനസ്സൊന്നു പിടച്ചു.ഇത് സത്യമായിരിക്കുമോ.?എനിക്ക് അവരുടെ മുഖത്തേക്ക് നോക്കാന്‍ തോന്നിയില്ല.അമ്മ ഷര്‍ട്ട് വാങ്ങാന്‍ തന്ന 300 രൂപ മേശയില്‍ ഇരിപ്പുണ്ട്.അതില്‍ നിന്ന്..

"ഇവിടെ ഇപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളൂ.പോയിട്ട് അച്ഛനോ അമ്മയോ ഉള്ളപ്പോള്‍ വരൂ."
പക്ഷെ ഇങ്ങനെ പറയാനാണ് എനിക്കപ്പോള്‍ തോന്നിയത്.കമ്പ്യൂട്ടറിനു മുന്നിലുള്ള ജീവിതം കനിവുള്ള നന്‍മയുള്ള എന്നിലെ മനുഷ്യനെ ഇല്ലാതാക്കിയിരിക്കുന്നു.ഞാനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ പ്രതിനിധിയായിരിക്കുന്നു.

അവര്‍ മറുത്തൊന്നും പറഞ്ഞില്ല.തിരിച്ചു നടന്നു തുടങ്ങി.മുറ്റത്ത് നിവര്‍ത്തിവെച്ചിരുന്ന അവരുടെ കുട എടുക്കാന്‍ കുനിഞ്ഞപ്പോള്‍ തലയിലിട്ടിരുന്ന കറുത്തതുണി ചെറുതായൊന്നു നീങ്ങി.അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.അവര്‍ക്ക് മുടിയുണ്ടായിരുന്നില്ല.ഗേറ്റിനരികില്‍ കിടന്നിരുന്ന ചെരുപ്പുമിട്ട് അവര്‍ റോഡിലേക്കിറങ്ങി.

ഒരുനിമിഷം ഞാന്‍ നിശ്ചലമായി.ശരിയാണ്.അവര്‍ പറഞ്ഞതെല്ലാം ശരിയാണ്.ഞാന്‍ അകത്തേക്കോടി.മേശ തുറന്ന് പൈസയുമെടുത്ത് ഗേറ്റിനരികിലേക്ക് ഓടിയെത്തി.പക്ഷെ അപ്പോഴേക്കും അവര്‍ ഏതോ വഴിയിലേക്ക് മറഞ്ഞിരുന്നു.മനസ്സില്‍ വലിയൊരു ഭാരവും പേറിയാണ് ‍ഞാന്‍ വീട്ടിലേക്ക്  കയറിയത്.

പത്രം ഞാന്‍ മടക്കി വെച്ചു.കണ്ണുകള്‍ പിന്നെയും നിറയുകയാണ്.ഇന്നലെ എന്‍റെ മുന്നില്‍ വന്ന സ്ത്രീ മരിച്ചിരിക്കുന്നു.എന്‍റെ മുന്നില്‍ കൈകൂപ്പി നിന്ന ഒരിറ്റ് ദയയ്ക്ക് വേണ്ടി യാചിച്ച അതേ സ്ത്രീ തന്നെയാണ് പത്രത്താളിലിരുന്ന് എന്നെ വേദനിപ്പിക്കുന്നത്.

മരണവീട്ടിലേക്ക് പോകാനിറങ്ങുകയായിരുന്നു അച്ഛന്‍.ഞാനും അച്ഛന്‍റെ കൂടെയിറങ്ങി.ഒരു മരണവീട്ടിലും ഞാന്‍ പോകാറില്ലായിരുന്നു.എനിക്ക് പേടിയാണ്.മരണവീട്ടില്‍ ചെല്ലുമ്പോള്‍ ഉറ്റവരുടെ കരച്ചില്‍,ചന്ദനത്തിരിയുടെ ഗന്ധം..അങ്ങനെ പലതും എന്‍റെ മനസ്സിനെ തളര്‍ത്തികളയുമായിരുന്നു.മരണത്തെ എനിക്ക് ഭയമാണ്.

ഏകദേശം 20 കിലോമീറ്റര്‍ അകലെ ഒര് കോളനിയില്‍ അച്ഛനോടിച്ചിരുന്ന ബൈക്ക് നിന്നു.അവിടെയൊരു ചെറിയ മുറുക്കാന്‍ കടയുണ്ടായിരുന്നു.വഴി ചോദിക്കാനാണ് ബൈക്കവിടെ നിര്‍ത്തിയത്.കടക്കാരന്‍ പറഞ്ഞു തന്ന വഴിയില്‍ ഞങ്ങള്‍ പോയി.ഒരു ചെറിയ കുന്നിന്‍ മുകളിലായിരുന്നു വീട്.അവിടേക്ക് വണ്ടി ചെല്ലില്ല.ബൈക്ക് താഴെ വെച്ചിട്ട് ഞങ്ങള്‍ കുന്നു കയറി വീടിനടുത്തേക്ക് നടന്നു.

മരണത്തിന്‍റെ നിശബ്ദത അവിടെ തളം കെട്ടി നില്‍പ്പുണ്ടായിരുന്നു.വീടിനു മുന്നില്‍ വിരലിലെണ്ണാവുന്ന ആള്‍ക്കാരെ ഉള്ളു.ഞാനും അച്ഛനും അകത്തേക്ക് കയറി.അച്ഛനെ കണ്ട് വാതിലിരികില്‍ നിന്ന രമേശന്‍ മൂപ്പര് ചെറുതായൊന്ന് ചിരിക്കാന്‍ ശ്രമിച്ചു.

ഞാന്‍ ആ സ്ത്രീയെ ഒരു നോക്കേ നോക്കിയോളു.സമനില തെറ്റി ഞാന്‍ കരയുമെന്ന് ഉറപ്പായപ്പോള്‍ ഞാന്‍ പുറത്തേക്കിറങ്ങി.ഇന്നലെ ഞാനവര്‍ക്ക കാശ് കൊടുത്തിരുന്നെങ്കില്‍ അത് അവര്‍ക്ക് ഒരു ദിവസത്തെയെങ്കിലും മരുന്നിനു തികയുമായിരുന്നു.ചിലപ്പോള്‍ മരണം അവരോട് കനിവു കാണിക്കുമായിരുന്നു.ഒര് ദിവസം കൂടിയെ ങ്കിലും ജീവിതം നീട്ടി കിട്ടുമായിരുന്നു..

രമേശന്‍ മുപ്പര് അച്ഛന്‍റെ അരികിലേക്കു വന്ന് സംസാരിച്ചു തുടങ്ങി.

"ക്യാന്‍സറായിരുന്നു.ചികില്‍സിക്കാന്‍ എനിക്കെവിടുന്ന സാറേ കാശ്.എന്നാലും എന്നെകൊണ്ട് ആവുന്നതൊക്കെ ചെയ്തു..എന്നിട്ടും.."
അയാളും കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു.

"കല്യാണം കഴിഞ്ഞിരുന്നോ..?"
അച്ഛന്‍ ചോദിച്ചു.

"അതല്ലെ സാറേ കഷ്ടം.അളിയന്‍ ഒരു വര്‍ഷം മുന്‍പ് മരിച്ചു.ഇതേ രോഗം തന്നെ.എന്ത് ചെയ്യാനാ സാറേ വിധി അല്ലാതെയെന്താ..ദേ അവളെ കണ്ടില്ലേ.ഞാന്‍ നോക്കണം ഇനി അതിനെ.എങ്ങനെ നോക്കാനാ സാറേ..?"

അപ്പോഴാണ് അയാള്‍ കൈചൂണ്ടിയ ദിക്കിലേക്ക് ഞാന്‍ നോക്കിയത്.അവിടെ നാല് വയസ്സിന് താഴെ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയിരിപ്പുണ്ടായിരുന്നു.എന്തോ കളിയ്ക്കുകയായിരുന്നു.പാവം അച്ഛനു പിന്നാലെ അമ്മ പോയതൊന്നും അറിയുന്നുണ്ടാകില്ല.ഞാനും അച്ഛനും അവളുടെ അരികിലേക്ക് ചെന്നു.

അവള്‍ തലയുയര്‍ത്തി ഞങ്ങളെ നോക്കി.വീണ്ടും പഴയ ജോലിയില്‍ മുഴുകി.ഞാന്‍ അവളുടെയരികിലിരുന്ന് ഇന്നലെ അവളുടെ അമ്മയ്ക്ക് കൊടുക്കാതെ പോയ പണം അവളുടെ കൈയില്‍ പിടിപ്പിച്ചു.എന്തിനാണ് അങ്ങനെ ചെയ്തത് എന്നെനിക്കറിയില്ലായിരുന്നു.എങ്കിലും അങ്ങനെ ചെയ്യാനാണ് തോന്നിയത്.അവള്‍ എന്നെ നോക്കികൊണ്ടേയിരുന്നു..

കുന്നിറങ്ങി ബൈക്കിനടുത്തേക്ക് നടക്കുമ്പോള്‍ ‍ഞാന്‍ അച്ഛനോട് ചോദിച്ചു
"നമുക്ക് അവളെ നമ്മുടെ വീട്ടിലേക്ക് കൊണ്ടു വന്നാല്ലോ..?കഷ്ടമല്ലേ.."Monday, August 2, 2010

Hence Proved

നൂറ്റിപതിനാറാം മിനുട്ടില്‍ ഇനിയേസ്റ്റ അടിച്ച ഗോളായിരുന്നു മനസ്സു മുഴുവന്‍.വേള്‍ഡ് കപ്പിന്‍റെ തുടക്കം മുതല്‍ ഞാന്‍ അര്‍ജന്‍റിന പക്ഷക്കാരനായിരുന്നെങ്കിലും ടീം തോറ്റ് തുന്നം പാടിയതോടെ കാലുമാറി സ്പെയിനിന്‍റെ കക്ഷിയായി.ഒടുവില്‍ ചുണക്കുട്ടപ്പന്‍ ഇനിയേസ്റ്റയുടെ ഗോളില്‍ കാളകൂറ്റന്‍മാര്‍ കപ്പില്‍ മുത്തമിട്ടപ്പോള്‍ ഞാന്‍ ഹടാടെ പുളകിതനായി.അങ്ങനെ Tsamina mina Waka Waka യും പാടി ഉറങ്ങാന്‍ കിടന്നപ്പോള്‍ മണി മൂന്ന്.പബ്ലിക്ക് എക്സാമിന്‍റെ തലേന്നുപോലും ഇങ്ങനെ ഉണര്‍ന്നിരുന്നിട്ടില്ല.തമ്പുരാനാണെ സത്യം.പരൂക്ഷയുടെ തലേന്നാണെങ്കില്‍ നേരത്തെ മൂടി പുതച്ച് ഉറങ്ങാറാണ് പതിവ്.അത് പറഞ്ഞപ്പോഴാ..ആഹ്..ഉറക്കം വന്നിട്ട് മേലാ ..!

" രൂപേഷ്,Stand Up "
ആ ഇടിമുഴക്കം കേട്ടാണ് ഞാന്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നത്.എവിടെനിന്നോ സാംബശിവന്‍റെ കഥാപ്രസംഗ ട്രൂപ്പിലെ വിരുതന്‍ സിമ്പലിനിട്ടു താങ്ങിയ ശബ്ദം കേട്ടില്ലേ എന്നു തോന്നി.ശരിയാണ്.പുറകിലത്തെ ബെഞ്ചിലിരിക്കുന്ന മണുക്കൂസന്‍ അത് പോലെ ചിരിക്കുന്നു.

ഇപ്പോള്‍ മനസ്സില്‍ സ്പെയിനുമില്ല.ഇനിയേസ്റ്റയുമില്ല.ഞാന്‍ പതുക്കെ എണ്ണീറ്റു.

തക്കാളി പനി വന്ന മുഖം പിന്നെയും ചുവപ്പിച്ച് പരമബോറാക്കി ലതാ മിസ് ഇതാ മുന്നില്‍ നില്‍ക്കുന്നു.

" താന്‍ എന്താ എക്സാം ഹാളിലിരുന്ന് ഉറങ്ങുകയാണോ..? "

" അല്ല മിസ്.ഞാന്‍ Solution ആലോചിക്കുകയായിരുന്നു കണ്ണടച്ചിരുന്ന്."

എന്നെ കണ്ടാല്‍ ഒരു പാവമാണെന്നു ആള്‍ക്കാര്‍ തെറ്റിദ്ധരിക്കുമെങ്കിലും കള്ളത്തരത്തിന് കൈയും കാലും വെച്ച മുതലാണെന്ന് മിസ്സിന് അറിയാം.അവര്‍ കലിതുള്ളി.

" പേപ്പറില്‍ ഒന്നും കണ്ടില്ലെങ്കില്‍ ഞാനുമൊരു Solution പറഞ്ഞു തരുന്നുണ്ട്.വീട്ടിന്നു അച്ഛനും അമ്മയും ഇങ്ങുവരും.അത് വേണ്ടെങ്കില്‍ മര്യാദയ്ക്കിരുന്ന് പരീക്ഷ എഴുതിക്കോണം.കേട്ടല്ലോ.Sit Down "

ഹൊ..വെടിയൊച്ച നിലച്ചു.സമാധാനമായി ഞാന്‍ ഇരുന്നു.ക്ലാസില്‍ എല്ലാവരും എന്നെ ഫയറു ചെയ്യണ കേട്ട് ചിരിക്കുന്നുണ്ടായിരുന്നു.ഇന്ന് ഞാന്‍ നാളെ നീ എന്നാണല്ലോ.അങ്ങനെ സമാധാനിച്ചു ഞാന്‍.പക്ഷെ എന്‍റെ അടുത്തിരിക്കുന്ന ജോസഫ് ചാക്കോ മാത്രം എന്‍റെ തോളത്തു തട്ടി ആശ്വസിപ്പിച്ചു.

" Cool അളിയാ Cool.ഇതൊക്കെ നമ്മള്‍ എത്ര കണ്ടിരിക്കുന്നു."

വൃത്തികെട്ടവന്‍.ദരിദ്രവാസി.അവന് കഴിഞ്ഞ സെമസ്റ്ററില്‍ 6 പേപ്പറാ പോയത്.ആകെ 7 പേപ്പറാ.വെച്ച തുണ്ടെല്ലാം തന്നെ Essay ആയി ചോദിച്ചതുകൊണ്ട് ഒരു പേപ്പറിന് കഷ്ടിച്ച് വീണതാ അലവലാതി.ദാ..അവന്‍ പിന്നെയും ഇരുന്നുറങ്ങുന്നു.ഇവനെ കാണാന്‍ ലതാ മിസിന് കണ്ണില്ല.പാവം ഞാനൊന്നു ഉറങ്ങി പോയാലുടന്‍ എന്‍റെ മെക്കിട്ടു കേറിക്കോളും.പാവം ഞാന്‍.അല്ലേലും എല്ലാവര്‍ക്കും വന്ന് "ടില്ലം ടില്ലം" കൊട്ടാവുന്ന ചെണ്ടയാണല്ലോ ഞാന്‍.ഒരു ദിവസം ഞാന്‍ കാണിച്ചു കൊടുക്കുന്നുണ്ട് എല്ലാരേം.ഞാന്‍ നായകനാകുന്ന സിനിമ ഒന്നു റിലീസാകട്ടെ.അന്ന് എല്ലാം എന്‍റെ പുറകെ വരും സാര്‍ ഒരു ഓട്ടോഗ്രാഫ് തര്യോ-എന്ന് ചോദിച്ച്.ഹും..!


ഇതു വരെയും ഞാന്‍ ഒന്നു മൈന്‍റ് പോലും ചെയ്യാതിരുന്ന Question Paper അപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത്.ഒരു കണ്ണി ചോരയില്ലാത്ത സാധനം.ഇവനിങ്ങനെ വന്നു ചുമ്മാ മുന്നിലിരുന്നാല്‍ മതിയല്ലോ.ഇവറ്റകള്‍ ഇനി എന്നാണാവോ സ്വയം Answer കണ്ടു പിടിക്കാന്‍ പ്രായമാകുന്നത്.ഞാന്‍ കഴിഞ്ഞ ജന്‍മത്തില്‍ എന്തു പാപം ചെയ്തിട്ടാ എന്നെയിങ്ങനെ പരീക്ഷിക്കുന്നേ.അന്നേ ഞാന്‍ കരഞ്ഞു പറഞ്ഞതാ എനിക്ക് എന്‍ജിനിയറാകണ്ട എന്ന്.കൂട്ടുകാരന്‍റെ മോന്‍ എന്‍ജിനിയറിങ്ങ് പഠിക്കുന്നു എന്ന് വെച്ച് ഞാനും പഠിക്കണോ.അച്ഛാ,ഇത് കുറേ കടന്നു പോയി.അമ്മേ,ഇത് തുമ്പിയെകൊണ്ട് മലയെടുപ്പിക്കുന്ന ഏര്‍പ്പാടായി പോയി.അനുഭവിക്കട്ടെ.അച്ഛനും അമ്മയും അനുഭവിക്കട്ടെ.ഈ അവലക്ഷണം പിടിച്ച Question Paper കണ്ടപ്പോള്‍ തന്നെ എന്‍റെ തല പെരുത്തു വരുന്നു.ആ ചാള്‍സ് ബാബേജിന് വല്ലോം അറിയണോ.ചുമ്മാതങ്ങ് കണ്ടെത്തിയാല്‍ പോരെ.ബാക്കിയുള്ളവന്‍ അതിന്‍റെ പ്രവര്‍ത്തനവും ഘടനയും ചേനയുമൊക്കെ പഠിച്ച് ചക്രശ്വാസം വലിക്കുകയാ..!

Internal മാര്‍ക്കിനു വേണ്ടി നടത്തുന്ന ക്ലാസ് ടെസ്റ്റാണു പോലും.ക്ലാസില്‍ "കൃത്യമായി" കേറുന്നത്കൊണ്ട് Internal "വേണ്ടുവോളം" ഉണ്ട്.അപ്പോഴാ ഇനി ഇതും കൂടി.


എന്തു ഭംഗിയാണെന്നറിയ്വോ എന്‍റെ Answer Sheet കാണാന്‍.നല്ല തൂവെള്ള നിറം.എത്ര മനോഹരമായി ഞാന്‍ എന്‍റെ പേരെഴുതിയിരിക്കുന്നു.വേറെ ഒന്നും അതില്‍ എഴുതി വൃത്തികേടാക്കാന്‍ എനിക്ക് തോന്നുന്നില്ല.ങേ..വിഷയത്തിന്‍റെ പേരെഴുതിയിട്ടില്ലല്ലോ.അപ്പോള്‍ തന്നെ Question Paper ല്‍ നോക്കി അതും വെണ്ടക്കാ വലുപ്പത്തിലെഴുതി.ഞാന്‍ എഴുതാന്‍ പോകുന്ന കഥയുടെ പേര് "ഓപ്പറേറ്റിങ് സിസ്റ്റം"..!

സത്യം പറയാമല്ലോ.പഠിച്ചിട്ടും പഠിച്ചിട്ടും ഈ പണ്ടാരം തലേല്‍ കയറണില്ല.ഞാന്‍ എന്തു ചെയ്യാനാ.ഇവിടെ Windows വേണ്ട Linux മതി എന്ന് സര്‍ക്കാര്‍ വരെ പറഞ്ഞതാ.പക്ഷെ University കേക്കണ്ടേ.ഇപ്പോഴും പഠിക്കാന്‍ മുതലാളി വര്‍ഗത്തിന്‍റെ  Windows ഉം താങ്ങി പിടിച്ചോണ്ട് വന്നിരിക്കുന്നു.ഞാന്‍ പഠിക്കില്ല.ഞാന്‍  Windows ന് എതിരാ.വിപ്ലവം ജയിക്കട്ടെ.ലാല്‍സലാം..!

ഞാന്‍ ആയുധം വെച്ച് തോറ്റുകൊടുത്തു.വെറുതെ ഞാനായിട്ടെന്തിനാ വേണ്ടാത്ത പൊല്ലാപ്പിനൊക്കെ.തൂവെള്ള നിറത്തിലെ ഉത്തര കടലാസ് എന്നെ നോക്കി ചിരിക്കുന്നു.അതിലേക്ക് ഒന്ന് കണ്ണോടിച്ചപ്പോള്‍ ഇനിയേസ്റ്റയുടെ ഗോള്‍ തെളിഞ്ഞു വരുന്നതു പോലെ തോന്നി.ട്വന്‍റി ട്വന്‍റിയിലെ ക്ലൈമാക്സിനു തൊട്ടുമുമ്പുള്ള ലാലേട്ടന്‍റെ മുണ്ട് മടക്കി കുത്തിയുള്ള വരവും ഗംഗാ ഹോട്ടലിലെ കരിമീന്‍ പൊള്ളിച്ചതും ഫസ്റ്റ് ഇയറിലെ ചുരുളന്‍ മുടിയുള്ള ശരണ്യയും എന്തിന് പ്രീതി മിസ് വരെ അതില്‍ തെളിഞ്ഞു വന്നു..!

ശെടാ..ഇതിനെയാണ് Timing Timing എന്ന് പറയുന്നത്.ദാണ്ടെ നിക്കുന്നു പ്രീതി മിസ് മുന്നില്‍.കോളേജില്‍ മിസിന് ഫാന്‍സ് അസോസിയേഷന്‍ വരെയുണ്ട്.നമ്മുടെ കാവ്യാമാധവനില്ലേ.അതിനേക്കാള്‍ സുന്ദരിയാണ് മിസ്.ഈയിടയ്ക്കായിരുന്നു കല്യാണം.ഞാനും പോയി ഉണ്ടിരുന്നു.അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല.കോളേജിലെ പലരും അന്ന് ഉറങ്ങി കാണില്ല.പ്രത്യേകിച്ച് ആ സതീഷ് സാറിന്.പാവം..!

" എന്താ രൂപേഷ് ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത്.?"
എന്‍റെ ഓര്‍മകളെയെല്ലാം കീറി മുറിച്ചുകൊണ്ട് പ്രീതി മിസ്സിന്‍റെ ശബ്ദം.ഞാന്‍ പിന്നെയും എണ്ണിറ്റു.

" ഒന്നുമില്ല മിസ്.."ഞാന്‍ ഇന്നസെന്‍റായി.

" എന്താ താന്‍ ഇന്ന് കുളിച്ചില്ലേ ..?"

ഉത്തരമൊന്നും കിട്ടാത്തതുകൊണ്ട് ഞാന്‍ തല മുടിയെല്ലാം പിടിച്ചു വലിച്ച് ഒരുമാതിരി അവലക്ഷണം പിടിച്ച കോലാമായിട്ടിരിക്കുകയായിരുന്നു.കുരുവിക്കൂട് പോലത്തെ മുടിയാ എന്‍റേത്.

" കുളിച്ചു മിസ്.എണ്ണത്തേച്ചില്ല അതാ.."

" ഉം ശരി.ഇരുന്നോ.."

മിസ് എന്നെ നോക്കി ചിരിച്ചു.ഹാ..ആ ചിരിയില്‍ ചന്ദ്രന്‍റെ ചാരുത ഞാന്‍ കണ്ടു.ഞാന്‍ ആ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപോലെ വീണ്ടും ഉത്തരം കിട്ടാതെ അലഞ്ഞു.

പ്രീതി മിസിനെ കണ്ടതു കൊണ്ടാകണം മനസ്സിന് എന്തെന്നില്ലാത്ത ആവേശം.അറിയാത്ത ഉത്തരങ്ങള്‍ എവിടെ നിന്നോ എന്നെ തേടി വരുന്നതു പോലെ.ഞാന്‍ വീണ്ടും ആയുധമെടുത്തു.ഇവനിനി എന്തു കാട്ടാനാ-എന്ന മട്ടില്‍ ആ പേനത്തലപ്പ് എന്നെ നോക്കി.ഇപ്പോ ശരിയാക്കി തരാം..

മരണവേഗത്തില്‍ ഞാന്‍ കൂട്ടലും കിഴിക്കലും നടത്താന്‍ തുടങ്ങി.ചോദ്യ പേപ്പര്‍ മടക്കി പോക്കറ്റില്‍ വെച്ചു.Solution കണ്ടുപിടിക്കാന്‍ അതെന്തിനാ.ഉത്തര കടലാസ് ഏത് വിധേനയും നിറയ്ക്കുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം.

" മിസ് ഒരു പേപ്പര്‍ കൂടി "-
ഞാന്‍ ചാടി എണ്ണിറ്റതും പ്രീതി മിസും ക്ലാസും ഞെട്ടിയതും ഒരുമിച്ചായിരുന്നു.

" രൂപേഷ് അഡിഷണല്‍ ഷീറ്റ് വാങ്ങി"-ക്ലാസ് റൂമിന്‍റെ മൂലക്ക് വലയ്ക്കുള്ളില്‍ ഒളിച്ചിരുന്ന എട്ടുകാലി കുട്ടന്‍ വരെ പറഞ്ഞു.സംഗതി നാട്ടിലെങ്ങും പാട്ടായി.

" നീയെന്നെ ചതിച്ചല്ലോടാ പന്നി.എല്ലാക്കാര്യത്തിനും കൂടെയുണ്ടാകുമെന്ന് പറഞ്ഞിട്ട്.."-ജോസഫ് ചാക്കോ എന്നെ രൂക്ഷമായി നോക്കി.ഞാന്‍ പേപ്പറും വാങ്ങി പിന്നെയും യഞ്ജം ആരംഭിച്ചു.ബെല്ലടിക്കുന്നതു വരെ അത് തുടര്‍ന്നു.പ്രീതി മിസിന്‍റെ കൈയില്‍ അഭിമാനത്തോടെ പേപ്പര്‍ നല്‍കി ഞാന്‍ പുറത്തേക്കിറങ്ങി.പക്ഷെ അതുപോലെ തന്നെ പെട്ടെന്ന് ഞാന്‍ അകത്തേക്കോടി.

" മിസ് ഞാന്‍ ഒരു കാര്യം എഴുതിയില്ല.പ്ലിസ് മിസ് പേപ്പര്‍ ഒന്നു തരുമോ..?"

എന്‍റെ ഭാഗ്യമെന്ന് പറഞ്ഞാല്‍ മതിയല്ലോ.മിസ് പേപ്പര്‍ തന്നു.ഞാന്‍ പേപ്പറിന്‍റെ അവസാന പേജെടുത്ത് കണക്ക് ചെയ്തതിന്‍റെ താഴെ എഴുതി പിടിപ്പിച്ചു." Hence Proved  ".അതിന് താഴെ രണ്ട് ജഗജില്ലന്‍ വരകളും വരച്ച് പേപ്പര്‍ മടക്കി നല്‍കി വീണ്ടും പുറത്തേക്ക്.

എന്നെ കാത്ത് ജോസഫ് ചാക്കോ വരാന്തയില്‍ നില്‍പ്പുണ്ടായിരുന്നു.

" എന്താടാ പന്നി നിനക്കിത്ര എഴുതാന്‍ .?" അവന്‍റെ ചോദ്യം.

" അതായത് അളിയാ.പ്രീതി മിസിനെ കണ്ടപ്പോള്‍ എനിക്ക് മറന്നുപോയ കണക്കെല്ലാം ഓര്‍മ്മ വന്നു.ഒന്നുമില്ലെങ്കിലും അവര്‍ നോക്കണ പേപ്പറല്ലേ.Hence Proved എന്ന് എഴുതണ്ട ആവശ്യമൊന്നുമില്ലാരുന്നു.പിന്നെ ഒരു ഉത്തരമാകുമ്പോള്‍ എല്ലാം വേണമല്ലോ.അതാ ഇപ്പോള്‍ പോയി എഴുതി കൊടുത്തത്.എന്‍റെയൊരു കാര്യം.."

ജോസഫ് ചാക്കോ പിന്നെ ഒന്നും പറഞ്ഞില്ല.കിലോ മീറ്റര്‍ അകലെയുള്ള കാന്‍റിന്‍ വരെ കേള്‍ക്കുന്ന ഉച്ചത്തില്‍ ഒറ്റ ചിരിയായിരുന്നു.ഇത് പോലോരു ചിരി ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല.എനിക്കോന്നും പിടിക്കിട്ടണില്ലല്ലോ.ഇവനെന്താ വട്ടാണോ..!

" അളിയാ നീ സ്നേഹമുള്ളവനാ.വലിയവനാ.എനിക്കറിയാം നീയെന്നെ ഒറ്റപ്പെടുത്തില്ലെന്ന്.നീയാണെടാ യഥാര്‍ഥ സുഹൃത്ത്..ടാ..മണ്ടാ..മരമണ്ടാ..ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ പരീക്ഷക്ക് ആരെങ്കിലും കണക്കിന്‍റെ Solution എഴുതിവെക്കുമോ.ഒന്നും പോരാഞ്ഞിട്ട് ഒരു Hence Proved ഉം..അയ്യോ..എനിക്ക് വയ്യായ്യേ.."

അവന്‍ പിന്നെയും ചിരിച്ച് മറിയാന്‍ തുടങ്ങി.

എനിക്ക് പറ്റിയ അമിളി ഇപ്പോഴാണ് മനസ്സിലായത്.ഓപ്പറേറ്റിങ് സിസ്റ്റം പരീക്ഷ നടത്തികൊണ്ടിരിക്കുന്ന ലതാ മിസ് ഇടയ്ക്ക് വെച്ച് പോയിരുന്നു.പല ചിന്തകളില്‍ വ്യാപരിച്ചിരുന്നതിനാല്‍ ‍ഞാന്‍ അതൊന്നും അറിഞ്ഞില്ല.മിസ് പോയതിന് പകരം വന്നതാണ് പ്രീതി മിസ്.പ്രീതി മിസിനെ കണ്ടപ്പോള്‍ ഞാന്‍ എല്ലാം മറന്നു.മിസ് പഠിപ്പിക്കുന്ന കണക്കിന്‍റെ എക്സാമാണെന്നു ഞാന്‍ കരുതി.

" പ്രീതി മിസേ..നിങ്ങള്‍ എന്നെ ചതിച്ചല്ലോ..കൊതിച്ചിരുന്നു അടിച്ച ഗോള്‍ സെല്‍ഫ് ഗോളായി പോയല്ലോ..! "

എന്തായാലും അന്ന് മുതല്‍ എനിക്ക് കോളേജില്‍ പുതിയ പേരു വീണു "Hence Proved" ..!Tuesday, July 27, 2010

നിങ്ങള്‍ സ്ട്രോയിട്ട് ചായ കുടിച്ചിട്ടുണ്ടോ..?

   പണ്ട് പണ്ട് ഒരിക്കല്‍ ഞാനും എന്‍റെ ചങ്ങാതിയും കൂടി പി.ജി അഡ്മിഷന്‍റെ ഇന്‍റര്‍വ്യൂ അറ്റന്‍റ് ചെയ്യാന്‍ ഒര് കോളേജില്‍ പോയി.വീട്ടില്‍ നിന്ന് 30 കിലോ മീറ്റര്‍ ദൂരമുണ്ടായിരുന്നു കോളേജിലേക്ക്.ഏകദേശം രണ്ട് രണ്ടര മണിക്കൂര്‍ യാത്ര.ഇന്‍റര്‍വ്യൂ 9 മണിക്കാണ്.കൃത്യനിഷ്ട ഒരു പ്രധാന ഘടകമായി ഇന്നെങ്കിലും കാണണം എന്നുള്ളതുകൊണ്ട് ഞാന്‍ കാലത്തെ 5 മണിക്ക് തന്നെ എണ്ണീറ്റു.കുളിയും ജപവുമൊക്കെ കഴിഞ്ഞ് കൃത്യം 6 മണിക്ക് തന്നെ സ്റ്റാന്‍റ് വിട്ടു.ബസ് കിട്ടാന്‍ കുറച്ച് വൈകിയതു കൊണ്ട് ഇന്‍റര്‍വ്യൂ തുടങ്ങുന്നതിന് 5 മിനിട്ട് മുമ്പാണ് കോളേജില്‍ എത്തിപ്പെട്ടത്.(ഒര് പട്ടിക്കാട്ടിലായിരുന്നു കോളേജ്.സമയത്തിന് വണ്ടീം വള്ളവും ഒന്നുമില്ല.നമ്മുടെ കഷ്ടപ്പാട് ഇന്‍റര്‍വ്യൂ ബോര്‍ഡ്കാര്‍ക്ക് അറിയണ്ടല്ലോ..അവര്‍ക്ക് എന്തുമാകാമല്ലോ..)

 വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.ഇന്‍റര്‍വ്യു തുടങ്ങാന്‍ പോകുകയാണ്.കോളേജിലെ കോണ്‍ഫറന്‍സ് ഫാളില്‍ വെച്ചാണ് ഇന്‍റര്‍വ്യൂ.ഞങ്ങള്‍ ഹാളിന് മുന്നിലെ കസേരയില്‍ ഇരിപ്പുറപ്പിച്ചു.പ്യൂണ്‍ ചേട്ടന്‍ ആദ്യത്തെ 5 പേരെ അകത്തേക്ക് കയറ്റി വിട്ടു.ഞങ്ങളുടെ നമ്പര്‍ എപ്പോവരും എന്ന് ഞങ്ങള്‍ തിരക്കി.പുള്ളിക്കാരന്‍ എന്തോ മലമറിക്കണ കാര്യം ചെയ്യണ പോലെ ഫയലൊക്കെ എടുത്ത് അഞ്ചാറു വെട്ടെ മറിച്ചു നോക്കിയിട്ട് പറഞ്ഞു.

"ആ..ഒരു മണിക്കൂര്‍ കഴിയും."

അപ്പോള്‍ ഇനി ഒരു മണിക്കൂര്‍ ഇവിടെ ചൊറീം കുത്തിയിരിക്കണം.ഇന്‍റര്‍വ്യൂന് വന്നിട്ട് ഒന്നും എടുത്ത് പഠിക്കാതെ വെറുതെ ഇരിക്കുന്നത് എല്ലാം പഠിച്ചു കഴിഞ്ഞു എന്നുള്ള അഹങ്കാരം കൊണ്ടൊന്നുമല്ല.അല്ലെങ്കിലും ഒരു ചക്കയും ചുണ്ണാമ്പും അറിയാത്ത ഞാനെന്തിനാ അഹങ്കരിക്കുന്നത്.

ഇന്‍റര്‍വ്യൂ ഇംഗ്ലീഷിലാണ് എന്നറിഞ്ഞപ്പോഴെ മുട്ടിടിച്ചതാണ്.കഞ്ഞി പള്ളിക്കുടത്തില്‍ പഠിച്ച എനിക്ക് ഒര് ആപ്ലിക്കേഷന്‍ പോലും ഇംഗ്ലിഷില്‍ നേരെ ചൊവ്വെ എഴുതാന്‍ അറിയില്ല എന്നത് നഗ്നമായ സത്യം.അതില്‍ തെല്ലും അഹംഭാവം എനിക്കില്ല.അതുകൊണ്ട് തന്നെ അഡ്മിഷന്‍ കിട്ടില്ല എന്നുറപ്പിച്ച് തന്നെയാണ് ഇന്‍റര്‍വ്യൂന് വന്നത്.എനിക്ക് എന്നെ അറിഞ്ഞൂടെ സുഹൃത്തെ..

ഡിഗ്രിക്ക് പഠിച്ചത് മുഴുവന്‍ ഇന്‍റര്‍വ്യൂന് ചോദിക്കും പോലും.ഫൈനല്‍ ഇയര്‍ വരെ വന്ന് ജയിച്ച പാട് എനിക്ക് മാത്രമെ അറിയൂ.അപ്പോഴാ ഇനി തറ പറ മുതല്‍ പഠിച്ച് ഇവിടെ വന്ന് പറയാന്‍ പോകുന്നത്.എനിക്കെന്താ വട്ടുണ്ടോ..!പിന്നെ എന്തിനാ ബുദ്ധിമുട്ടി ഇവിടെ വരെ വന്നു എന്ന് ചോദിച്ചാല്‍ ചുമ്മാ..ചിലപ്പോള്‍ പൊട്ടന് ലോട്ടറി അടിച്ചാലോ..!എന്നെനിക്ക് പറയേണ്ടി വരും.

അപ്പോഴാണ് ഞാന്‍ അടുത്തായി ഇരിക്കുന്ന കുട്ടികളെ ശ്രദ്ധിച്ചത്.എല്ലാവരും ഇന്‍റര്‍വ്യൂന് വന്നവര്‍ തന്നെ.അത് മാത്രമല്ല എല്ലാം പെണ്‍കുട്ടികള്‍.ഇരുന്നു തലയറഞ്ഞ് പഠുത്തമാണ്.ഇവറ്റകള്‍ക്ക് വേറെ പണിയൊന്നുമില്ലേ..ബഡുകൂസ് കോതകള്‍..!

കൂട്ടത്തില്‍ ഒരു മുഖത്ത് അപ്പോഴാണ് എന്‍റെ കണ്ണുകളുടക്കിയത്.നുണകുഴിയുള്ള ഒരു സുന്ദരിക്കുട്ടി.എനിക്ക് അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാനെ തോന്നിയില്ല.ഇതിനു വേണ്ടിയാണോ പതിവില്ലാതെ ഞാന്‍ കുളിച്ചത് എന്ന് പോലും ഞാന്‍ ചിന്തിച്ചു.അടുത്തിരിക്കുന്ന അവളുടെ അമ്മ,കണ്ണില്‍ ചോരയില്ലാത്ത ദുഷ്ട,എന്നെ രൂക്ഷമായി നോക്കിയപ്പോഴാണ് ഞാന്‍ എവിടെയാണെന്നും എന്തിനാ വന്നതുമെന്നുള്ള ബോധം വന്നത്.ഞാന്‍ എന്‍റെ രണ്ട് കണ്ണുകളേയും ഉടനടി പിന്‍വലിച്ചു.

ഈ ഇന്‍റര്‍വ്യൂ എങ്ങനെയെങ്കിലും കിട്ടിയിരുന്നെങ്കില്‍,ഇവളുടെ കൂടെ രണ്ട് കൊല്ലം എനിക്ക് പഠിക്കാമായിരുന്നു.ഞാന്‍ കുറച്ച് അത്യാഗ്രഹിയായി.ഛെ..ഇവള്‍ വരുമെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നല്ലപോലെ പഠിച്ചോണ്ട് വന്നേനെ.ഇനിയിപ്പോ എന്നാ ചെയ്യും.ഇന്‍റര്‍വ്യൂ ബോര്‍ഡിന് കോഴ കൊടുത്താലോ..ഗൗരവമായി ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു..

വെളുപ്പിനെ വീട്ടില്‍ നിന്നിറങ്ങിയത്കൊണ്ട് എന്‍റെ ചങ്ങാതി ഒന്നും കഴിച്ചിരുന്നില്ല.എനിക്ക് വിശപ്പിന്‍റെ അസുഖമുള്ളത്കൊണ്ട് അമ്മ രാവിലെ ഇഡ്ഡലിയും ചമ്മന്തിയും ഉണ്ടാക്കി വെച്ചിരുന്നു.പക്ഷെ രാവിലെ സമയമില്ലാത്തതുകൊണ്ട് എട്ട് ഇഡ്ഡലിയും ഒര് ഗ്ലാസ് പാലും ഒര് കുഞ്ഞ് ഏത്തപ്പഴവും ചെറിയൊരു മുട്ടയും മാത്രമേ എനിക്ക് കഴിക്കാന്‍ സാധിച്ചുള്ളൂ.എന്‍റെ ചങ്ങാതിക്ക് വിശക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എന്‍റെ വയറും പറഞ്ഞു അവനും വിശക്കുന്നെന്ന്.എന്‍റെ സ്വന്തം വയറല്ലേ വിഷമിപ്പിക്കാന്‍ പറ്റില്ലല്ലോ.ശരി,അങ്ങനെയാകട്ടെ എന്നും പറഞ്ഞ് ഞങ്ങള്‍ പ്യൂണ്‍ ചേട്ടനെ കീശയിലാക്കാന്‍ എണ്ണീറ്റു.അങ്ങനെ കഷ്ടപ്പെട്ട് പുള്ളിടെ അനുവാദം വാങ്ങി ഞങ്ങളുടെ നാല് കാലുകളും രണ്ട് വയറും കാന്‍റീന്‍ ലക്ഷ്യമാക്കി നടന്നു.

വളരെ വലിയൊരു കാന്‍റിനായിരുന്നു അത്.അത്പോലെ തന്നെ ഒരുപാട് പ്രത്യേകതകളുമുണ്ടായിരുന്നു.വെജിറ്റേറിയനാണ്.ആദ്യം തന്നെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ബില്ലടച്ച് ടോക്കണ്‍ വാങ്ങി കാത്തിരിക്കണം.നമ്പര്‍ വിളിക്കുമ്പോള്‍ പോയി ഭക്ഷണം വാങ്ങണം.തിന്നു കഴിഞ്ഞ് പാത്രം നമ്മള്‍ തന്നെ കഴുകി വെക്കണം.മൊത്തത്തില്‍ ഒരു അടുക്കും ചിട്ടയും വൃത്തിയുമുള്ള കാന്‍റിന്‍.

ഞങ്ങള്‍ മസാല ദോശയ്ക്ക് പറഞ്ഞു.ടോക്കണ്‍ വാങ്ങി വന്നിരുന്നു.ഞാന്‍ ചുറ്റിനും നോക്കുകയായിരുന്നു.എല്ലാവരും വളരെ ശാന്തരായി ഭക്ഷണം കഴിക്കുന്നു.'ഇങ്ങനെയും ഒര് കോളേജ് കാന്‍റിന്‍'-ഞാന്‍ അത്ഭുതപ്പെട്ടു.

"ട്വന്‍റി ഫോര്‍"

ഞങ്ങളുടെ നമ്പര്‍ വിളിച്ചു.ഞങ്ങള്‍ പോയി മസാല ദോശയും ചായയും എടുത്തുകൊണ്ട് വന്ന് കൃത്യനിര്‍വഹണത്തിലേക്ക് കടന്നു.വളരെ വേഗം തന്നെ ഞങ്ങള്‍ മസാല ദോശയുടെ കഥ കഴിച്ചു.വീണ്ടും വാങ്ങണമെന്നുണ്ടായിരുന്നു.പക്ഷെ അകത്തു പോയി മാവ് ആട്ടി കൊടുക്കേണ്ടി വരും.ഇനി കൈയില്‍ വീടുവരെ എത്താനുള്ള കാശേ ഉള്ളൂ.

ചായ കുടിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗ്ലാസില്‍ കിടക്കുന്ന സ്ട്രോ ശ്രദ്ധയില്‍പ്പെട്ടത്.'ഇതെന്തിനാ അളിയാ'-ഞങ്ങള്‍ പരസ്പരം നോക്കി.ഒടുവില്‍ ഞാന്‍ തന്നെയാണ് ഭാവിയില്‍ നോബല്‍ സമ്മാനം വരെ ലഭിച്ചേക്കാവുന്ന ആ കണ്ടെത്തല്‍ നടത്തിയത്.അത് താഴെ പറയും വിധമാണ്.

"അളിയാ,ഇതൊരു റി യൂസബിള്‍ ഗ്ലാസ് ആകുന്നു.നമ്മള്‍ ചുണ്ടില്‍ മുട്ടിച്ച് ചായ കുടിക്കുകയാണെങ്കില്‍ കീടാണുക്കള്‍ അഥവാ ബാക്ടീരിയ ഇതേ ഗ്ലാസ് ഉപയോഗിക്കുന്ന മറ്റുള്ളവരിലേക്ക് പകരാനും ഇടയുണ്ട്.അത്കൊണ്ടാണ് സ്ട്രോ യുസ് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നത്."

അവന്‍ എന്നെ അനുമോദനങ്ങള്‍കൊണ്ട് മൂടി.'നീ വലിയവനാണെടാ'-എന്നും പറഞ്ഞു.അങ്ങനെ ഞങ്ങള്‍ സ്ട്രോയിട്ട് ചായ വലിച്ചു കുടിക്കാന്‍ തുടങ്ങി.

പക്ഷെ എന്തോ ഒരു പ്രോബ്ലം.ഞാന്‍ ചങ്ങാതിയെ നോക്കി.

"ടാ,ചായയ്ക്ക് മധുരമുണ്ടോ.?"

"ഇല്ല." -അവനും അതേ പ്രോബ്ലം.ഇതെങ്ങനെ സംഭവിച്ചു.

വിത്ത് ഔട്ട് ചായ തന്ന് പറ്റിച്ച കാന്‍റിന്‍ മൊതലാളിയെ മനസ്സില്‍ പ്രാകികൊണ്ട് ഞങ്ങള്‍ ഇന്‍റര്‍വ്യൂ ഹാളിന് മുന്നിലേക്ക് നടന്നു.

വന്നിരുന്ന് അധികം വൈകാതെ തന്നെ എന്‍റെ നമ്പര്‍ വിളിക്കുകയും പ്രതീക്ഷിച്ചതുപോലെ ഞാന്‍ ഇന്‍റര്‍വ്യു ബോര്‍ഡിന്‍റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ക്ഷ റ ഞ്ഞ ക്ക ട്ട ച്ച വരയ്ക്കുകയും ചെയ്തു.എന്‍റെ കൂട്ടുകാരനും ഒന്നും പറഞ്ഞില്ല എന്നറിഞ്ഞപ്പോള്‍ മാത്രമാണ് എനിക്ക് സന്തോഷമായത്.ഭാഗ്യം..ഒറ്റപ്പെട്ടില്ലല്ലോ..!ഇനി ഒരിക്കലും നുണകുഴിയുള്ള പെണ്‍കുട്ടിയെ കാണാന്‍ കഴിയാത്ത ഹൃദയ വേദനയോടെ ഞാന്‍ ആ വേദിയ്ക്ക് വിട ചൊല്ലി പിരിഞ്ഞു.

* * * * * * * * * * *

ഇന്‍റര്‍വ്യു കഴിഞ്ഞുള്ള ശനിയാഴ്ചത്തെ പ്രമുഖ പത്രങ്ങളിലെ വെണ്ടക്കാ വലുപ്പത്തിലുള്ള തലക്കെട്ട് ഇങ്ങനെയായിരുന്നു."പൊട്ടന് ലോട്ടറിയടിച്ചു".അതെ മാന്യമഹാജനങ്ങളെ എനിക്ക് അഡ്മിഷന്‍ കിട്ടി.വിശ്വാസം വരുന്നില്ല അല്ലേ.എനിക്കും ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ല.സന്തോഷം കൊണ്ടെനിക്ക് ഇരിക്കണോ തുള്ളണോ ചാടണോ തലകുത്തി നില്‍ക്കണോ എന്ത് ചെയ്യണമെന്ന് അറിയില്ല.നുണകുഴിയുള്ള സുന്ദരിക്കുട്ടിയെ വീണ്ടും കാണാം എന്ന സംഗതി എന്‍റെ സന്തോഷത്തിന് ആക്കം കൂട്ടി.അവള്‍ക്കെന്തായാലും അഡ്മിഷന്‍ കിട്ടികാണും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.കിട്ടികാണില്ലേ..കാണും.!

അങ്ങനെ ആദ്യ ദിവസത്തെ ക്ലാസ് തുടങ്ങാന്‍ പോകുന്നു.അവളെ കാണുക,പരിചയപ്പെടുക ഇതൊക്കെയായിരുന്നു എന്‍റെ പ്രധാന അജഡകള്‍.അവള്‍ വരുന്നതും കാത്ത് ഞാന്‍ ക്ലാസ് റൂമിന് മുന്നിലെ വരാന്തയില്‍ അക്ഷമനായി തേരാ പാര നടന്നു.എന്‍റെ പ്രതീക്ഷകള്‍ തെറ്റിക്കാതെ അവള്‍ വന്നു കയറിയതും ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു.ഇനിയിപ്പോള്‍ അടുത്ത ഇന്‍റര്‍വെല്ലിന് പരിചയപ്പെടാം എന്നു കരുതി ഞാന്‍ സമാധാനിച്ചു.

ഇവിടുത്തെ ആദ്യ ഇന്‍റര്‍വല്‍.അവളും കൂട്ടുകാരികളും സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു.ഞാന്‍ അവര്‍ക്കരികിലേക്ക് ചെന്നു.വെറുതെ ഒരു ഹായ് തട്ടിവിട്ടു.ഇവനാരെടാ-എന്ന മട്ടില്‍ തരുണിമണികളെല്ലാം എന്നെ രൂക്ഷമായി നോക്കി.ഞാന്‍ ആരാ മൊതല്,നുണക്കുഴിയുള്ള പെണ്‍കുട്ടിയെ നോക്കി ചോദിച്ചു.

"നല്ല പരിചയം.ഫാത്തിമയിലാണോ പഠിച്ചത്..?"

"അല്ല."അവള്‍ പറഞ്ഞു.

"രാധാകൃഷ്ണന്‍ സാറിന്‍റെ അടുത്ത് മാത്സ് ട്യൂഷന് വന്നിട്ടുണ്ട് അല്ലേ..?"

"ഇല്ലല്ലോ"

"പിന്നെ എങ്ങനെയാ പരിചയം.എവിടെയോ കണ്ടിട്ടുള്ളതുപോലെ -‍ഞാന്‍ അടവുകള്‍ ഓരോന്നായി തൊടുത്തു വിട്ടു."

"കാന്‍റിനില്‍ വെച്ചായിരിക്കും" -അവള്‍ പറഞ്ഞു.

"കാന്‍റീനോ..ഏത് കാന്‍റീന്‍..?" -ഞാ‍ന്‍ സത്യമായും ഒന്ന് ഞെട്ടി.

അവള്‍ അപ്പോള്‍ അടുത്തു നിന്ന കൂട്ടുകാരിയോട് ചോദിച്ചു.

"ടി,നമ്മുടെ കാന്‍റിനില്‍ ചായേടെ കൂടെ എന്തിനാ സ്ട്രോ തരുന്നത്..?"

"അത്,ഗ്ലാസിനടിയിലെ പഞ്ചസാര കലക്കാന്‍" -കൂട്ടുകാരി പറഞ്ഞു.

"അല്ലെടി മണ്ടി..അത് സ്ട്രോയിട്ട് ചായ കുടിക്കാനാ.ചില പഞ്ചാരകുട്ടന്‍മാര്‍ അങ്ങനെയല്ലോ ചായ കുടിക്കണേ..!ഓരോരോ ശീലങ്ങളേ.."

പിന്നീട് അവിടെ ഉയര്‍ന്നത് കൂട്ടകൊല ചിരിയായിരുന്നു.കണ്ണിചോരയില്ലാത്ത വര്‍ഗം.

"ഇപ്പോ..എന്നെ മനസ്സിലായോ ചേട്ടാ..?"
അവളുടെ ഒടുക്കത്തെ ചോദ്യം.ദുഷ്ട..പിശാച്..വൃത്തികെട്ടവള്‍..ഇങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമാ..

"ഇല്ലാ..എനിക്ക് ആളുമാറിയതാ.."
-ഞാന്‍ തടിതപ്പി.
Monday, July 5, 2010

ടിന്‍റുമോന്‍

നീലകുട വിരിച്ചു നില്‍ക്കുന്ന ആകാശം.കളകളമൊഴുകുന്ന പുഴ.പുഴക്കരയില്‍ ഓടി കളിക്കുന്ന മാന്‍പേടകള്‍.പ്രണയഗീതം പാടുന്ന കുഞ്ഞാറ്റകിളികള്‍.എവിടെ നിന്നോ വീശുന്ന ഇളംകാറ്റിന് പുതിയൊരു ഗന്ധം.മൊത്തത്തില്‍ പ്രകൃതി ഒരു റൊമാന്‍റിക്ക് മൂഡിലാണ്.ചുവന്ന പുഷ്പങ്ങള്‍ വിരിച്ചു നില്‍ക്കുന്ന മരത്തിനു താഴെ പ്രണയപരവശനായി ഞാനിരുന്നു.ആ നിമിഷം ഞാന്‍ രമണനെ ഓര്‍ത്തു.കൈയിലിരുന്ന പുല്ലാങ്കുഴല്‍ ഞാന്‍ ചുണ്ടോട് ചേര്‍ത്തു.അവിടമാകെ അനുരാഗഗാനം അലയൊലികൊണ്ടു.പുഴയും മലയും ആകാശവും സര്‍വചരാചരങ്ങളും ആ സംഗീതത്തില്‍ തെല്ലിട നിശബ്ദമായി.അകലെ ‍ഞാനെന്‍റെ ചന്ദ്രികയുടെ പാദസ്വര കിലുക്കം കേട്ടു.അവള്‍ എന്‍റെ അരികിലേക്ക് ഓടിയെത്തി.ഒരു നിമിഷാര്‍ധം..പ്രകൃതി കണ്ണടച്ചു..ഞാന്‍ അവളെ എന്നോടു ചേര്‍ത്തു..

"എന്‍റെ ചന്ദ്രികേ.."

"ഞാന്‍ ചന്ദ്രികയല്ല.ശ്യാമളയാ.."

യ്യോ..!ഞാന്‍ ഞെട്ടിയുണര്‍ന്നു.എന്‍റെ മുന്നിലേക്ക് നീണ്ട ചായഗ്ലാസ് താങ്ങിയ തങ്കവളയിട്ട കൈയുടെ ഉടമയുടെ ശബ്ദമാണ് ഞാന്‍ കേട്ടത്.ഇവിടെ നടക്കുന്നത് എന്‍റെ പെണ്ണുകാണല്‍ ചടങ്ങാണ്.നേരത്തെ ഞാന്‍ കണ്ടത് ഒരു സ്വപ്നവും.ആകെ ചമ്മിപ്പോയി.ഭാവി ഭാര്യേം അമ്മായി അപ്പനും അല്ലറ ചില്ലറയും എന്‍റെ പ്രകടനം കണ്ട് ചിരിയോട് ചിരി തന്നെ.എന്‍റെ അപ്പന്‍ എന്നെ രൂക്ഷമായി നോക്കി.ഞാന്‍ എന്ത് ചെയ്തു-എന്ന മട്ടില്‍ ഞാനും.

ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങാണ്.അത്കൊണ്ട് തന്നെ കുറച്ചധികം സ്വപ്നം കണ്ടു പോയി.ഞാനും ചോരേം നീരുമുള്ള ഒരു മനുഷ്യനല്ലേ.അതും മണലാരണ്യത്തില്‍ കടന്ന് ചോര നീരാക്കി കേരളത്തിന്‍റെ സമ്പത്ത് ഘടനയെ തന്നെ സ്വാധീനിക്കാന്‍ കെല്പ്പുള്ള ഒരു ഗള്‍ഫ്കാരന്‍.

അമ്മച്ചി കല്യാണകാര്യം പറഞ്ഞ നാള്‍ മുതലെ മനസ്സില്‍ ഒരു മഴ പെയ്യുന്ന അനുഭൂതിയാണ്.ഗള്‍ഫിനാണെങ്കില്‍ മുടിഞ്ഞ ചൂടാണ്.ഞങ്ങള്‍ പ്രവാസികളെ സംബന്ധിച്ച് മഴ സുന്ദരമായ ഒരു സ്വപ്നമാണ്.കല്യാണവും എനിക്ക് ഏതാണ്ട് അങ്ങനെയൊക്കെ തന്നെ.കല്യാണം കഴിഞ്ഞ് പെമ്പറന്നോത്തിയേയും ഇങ്ങു കൊണ്ടു വരണം.ഇവിടെ തന്നം സെറ്റിലാകണം.പിന്നെ ഇഷ്ടം പോലെ മഴ നനയാല്ലോ..!(പക്ഷെ പനി പിടിച്ച് കിടപ്പിലായ അനുഭവങ്ങള്‍ ഒരുപാട് ചങ്ങായിമാര്‍ പറഞ്ഞിട്ടുണ്ട്.ഞാന്‍ അതൊന്നും ചെവികൊള്ളണില്ല.എന്തായാലും നനയാന്‍ തന്നെ തീരുമാനിച്ചു.അല്ല പിന്നെ..ഒരു ജന്‍മമല്ലേ ഉള്ളൂ ഇഷ്ടാ..)

'പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കാന്‍ കാണും' -ഭാവി അമ്മായി അപ്പന് എന്‍റെ മനസ്സ് വായിക്കാന്‍ അറിയാം.
കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ അയാള്‍ കാണിച്ചു തന്ന മുറിയിലേക്ക് പോയി.

'ചെക്കന്‍റെ ഒരു ആക്രാന്തം' -എന്‍റെ അപ്പന്‍ മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ടാകണം.ഇത് പഴയ കാലമല്ല അപ്പാ.പുതിയ തലമുറ എല്ലാത്തിനും അല്‍പ്പം ഫാസ്റ്റാ..!

ഞാന്‍ ജനലഴിയില്‍ കൈവെച്ചു പുറത്തേക്ക് നോക്കി നിന്നു.അതാണല്ലോ സ്റ്റൈല്‍.പക്ഷെ അവിടെ നിന്ന് നേരെ നോക്കിയപ്പോള്‍ കണ്ടത് ഒരു പശു തൊഴുത്താണ്.കര്‍ത്താവെ എന്ത് നാറ്റമാ ഇത്.ഭാവി വധു പുറകില്‍ വന്ന് ചുമച്ച നേരം വരെ അതെല്ലാം സഹിച്ചു അങ്ങനെ നിന്നു.നമ്മള്‍ ആണുങ്ങള്‍ എന്തൊക്കെ സഹിക്കുന്നു.

അവള്‍ നാണിച്ചു തല താഴ്ത്തി നില്‍ക്കുകയാണ്.കുറച്ച് ഓവറല്ലേ എന്നു തോന്നി.ഭാവി വധു അല്ലേ.അധികം വിചാരിച്ച് ഓവറാക്കണ്ട എന്ന് പിന്നെ കരുതി.

"എന്താ കുട്ടീടെ പേര്?"-(കുട്ടി എന്ന് വിളിച്ച് അഭിസംബോധന ചെയ്യാന്‍ ഒരു അനുഭവസ്ഥന്‍ ചങ്ങായി പറഞ്ഞു തന്നതാണ്.പെണ്ണുങ്ങള്‍ക്കു അതൊക്കെ വല്യ ഇഷ്ടാണത്രേ..ഒലക്ക..!)

"ശ്യാമള"

"നല്ല പേര്"-(പശ്ട്ടായിട്ടുണ്ട് എന്നായിരുന്നു മനസ്സില്‍)

"എന്താ പേര്" -അവള്‍ എന്നോട് ചോദിച്ചു.

ഞാന്‍ ഘനഗാംഭീര്യത്തോടെ പേര് പറഞ്ഞു-
"ടിന്‍റുമോന്‍.പി.കെ ..!"

"അയ്യേ..!" ചാണകത്തില്‍ ചവിട്ടിയ മുഖഭാവത്തോടെ അവളെന്നെ നോക്കി.പിന്നെ ഒറ്റ ഓട്ടമായിരുന്നു അകത്തേക്ക്.

"നീയെന്താടാ പന്നീ ചെയ്തത്.അല്ലേല്ലും നിനക്കിച്ചിരി ആക്രാന്തം കൂടുതലാ" -അപ്പന്‍ എന്നോട് ചൂടായി.
പത്താംക്ലാസ് കണക്ക് പരീക്ഷയ്ക്ക് ഇരിക്കണതു പോലെയായി ഞാന്‍.ഒന്നും മനസ്സിലാകണില്ല.അതിന് ഞാന്‍ എന്‍റെ ശ്യാമുനെ ഒന്നും ചെയ്തില്ലല്ലോ.

"അപ്പാ..അപ്പന്‍റെ മോന്‍ നിരപരാധിയാണ്.അന്തോണിസ് പുണ്യവാളനാണെ സത്യം..trust me അപ്പാ" -ഞാന്‍ അപ്പനോട് പറഞ്ഞു.
അപ്പാഴാണ് പെണ്ണിന്‍റെ അപ്പന്‍,എന്‍റെ അമ്മായി അപ്പന്‍ ആകുമെന്ന് ഞാന്‍ വെറുതെ മോഹിച്ചയാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത്.അയാള്‍ അപ്പനെ മാറ്റി നിര്‍ത്തി എന്തൊക്കെയെ സംസാരിച്ചു.

"പത്രോസ് ഞങ്ങളോട് ക്ഷമിക്കണം.എത്ര പറഞ്ഞിട്ടും മോള്‍ കേക്കണില്ല.ഇങ്ങനെ പേരുള്ള ഒരാളെ അവള്‍ക്ക് ഭര്‍ത്താവായി വേണ്ടെന്ന്.കൂട്ടുകാരും നാട്ടുകാരുമൊക്കെ കളിയാക്കുമെന്ന്.ഈ കല്യാണം നടക്കില്ല പത്രോസെ .."

പാവം ഞാന്‍.എന്‍റെ ചങ്ക് തകര്‍ന്നു പോയി.ആദ്യ പെണ്ണുകാണല്‍ പേരു കാരണം മുടങ്ങിയ വിഷമത്തിലായിരുന്നു ഞാന്‍.പക്ഷെ പെണ്ണിനെന്താ പേര് ഇഷ്ടപ്പെടാത്തത് എന്ന് മാത്രം മനസ്സിലായില്ല.വീട്ടിലേക്ക് മടങ്ങും വഴി ബ്രോക്കറ് കണാരനാണ് അതിന്‍റെ കാരണം എന്നോട് പറഞ്ഞത്.
"ഇപ്പോള്‍ കേരളത്തില്‍ മൊത്തം സംസാര വിഷയം ടിന്‍റുമോനല്ലെ.മൊബൈലു തുറന്നാല്‍ അതിലിരുന്നു ചിരിക്കുകയല്ലേ പഹയന്‍.എന്തൊക്കെ മണ്ടത്തരങ്ങളാ തട്ടി വിടണത്.ആ പേര് കേള്‍ക്കുമ്പോഴെ ആളുകളിപ്പോള്‍ ചിരിച്ചു തുടങ്ങും.മൊത്തത്തില്‍ വല്ലാത്തൊരു സംഭവം തന്നാ ഈ ടിന്‍റുമോന്‍."

അപ്പോള്‍ എസ്.എം.എസ് ആയും ഇ മെയിലായും ചുറ്റിയടിക്കുന്ന ഒരു സാങ്കല്‍പ്പിക കഥാപാത്രത്തിന്‍റെ പേര് വന്നതാ ഈ പൊല്ലാപ്പിനെല്ലാം കാരണം.


"അപ്പാ.. നിങ്ങളൊറ്റ ഒരുത്തനാ ഇതിനെല്ലാം കാരണം.എന്തിനാ അപ്പാ നിങ്ങള്‍ എനിക്ക് ഈ വൃത്തികെട്ട പേരിട്ടത്.വേറെ എത്രയോ പേര് ലോകത്തുണ്ടായിരുന്നു.."
ജീവിതത്തിലാദ്യമായി ഞാനെന്‍റെ പേരിനെ ശപിച്ചു തുടങ്ങി
'നാശം മുടിഞ്ഞു പോകട്ടെ'

അപ്പന്‍ ഒന്നും മിണ്ടിയില്ല.അപ്പനറിയില്ലാരുന്നല്ലോ ഇന്ന് ഇങ്ങനെയൊക്കെ സംഭക്കുമെന്ന്.

ഒന്നും പറയണ്ട.പിന്നീട് 5 വീട്ടില്‍ കൂടി പെണ്ണുകാണാന്‍ പോയി.ഈ നശിച്ച പേരു കാരണം അതെല്ലാം മുടങ്ങി.എന്‍റെ ലീവും തീരാറായി.എന്‍റെ പെങ്ങടെ മോന്‍ വരെ എന്നെ കളിയാക്കാന്‍ തുടങ്ങി.അവന്‍ എല്‍.കെ.ജിയില്‍ പഠിക്കുകയാണ്.മൊത്തത്തില്‍ വീട്ടിലും നാട്ടിലും ഞാന്‍ ഒരു ഹാസ്യ കഥാപാത്രമായി.

ടിന്‍റുമോനെ സൃഷ്ടിച്ച കിഴങ്ങനെ എന്‍റെ കൈയിലെങ്ങാനും കിട്ടിയിരുന്നെങ്കില്‍ കൊന്ന് കൊല്ലം തോടിലെറിഞ്ഞേനെ.ഒരു പേരു കാരണം മനുഷ്യന്‍റെ ഊപ്പാടു വന്നു.ഭാഗ്യത്തിന് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് ടിന്‍റുമോന്‍ തരംഗം ഉണ്ടായിട്ടില്ല.അല്ലെങ്കില്‍ അവിടെയും സ്വസ്ഥത കിട്ടില്ലായിരുന്നു.

പേരു മാറ്റിയാലോ എന്നാലോചിച്ചതാ.അപ്പാള്‍ അമ്മച്ചിയുടെ ഒടുക്കത്തെ സെന്‍റി.ചത്ത് പരലോകം പൂണ്ട ഏതോ ഒര് വല്യപ്പാപ്പന്‍റെ ഓര്‍മ്മയ്ക്ക് ഇട്ടതാണത്രേ ഈ പേര്..ചേന..

അങ്ങനെ കാത്തിരുന്നു കിട്ടിയ ലീവ് കഴിഞ്ഞ് പെണ്ണും പെടക്കോഴിയുമില്ലാതെ വീണ്ടും മണലാരണ്യത്തിലെ ചൂടിലേക്ക് യാത്ര തിരിച്ചു.മഴ വീണ്ടും ഒരു സ്വപ്നമായി അവശേഷിച്ചു.

അങ്ങനെ മാസങ്ങള്‍ കടന്നു പോയി.

പ്രിയദര്‍ശന്‍ സിനിമകള്‍പോലെ ട്രാജഡി നിറഞ്ഞതായിരുന്നില്ല ക്ലൈമാക്സ്.എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് അല്ലെങ്കില്‍ ഏത് പട്ടിക്കും ഒരു ദിവസം വരും എന്ന് പറയുന്നത് ചുമ്മാതെയല്ല.അങ്ങനെ എന്‍റെ ദിവസവും വന്നണഞ്ഞു.ഒരു ദിവസം എന്‍റെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഒരു മലേഷ്യന്‍ സുന്ദരി കയറി വന്നു.സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഓണര്‍ ആണെന്ന വിചാരം പോലുമില്ലാതെ ഞാന്‍ ആ സുന്ദരിയെ തന്നെ നോക്കി നിന്നു.

ആ പെണ്‍കൊടി എന്തൊക്കെയോ വാങ്ങി ബില്ല് പേ ചെയ്യാനായി എന്‍റെ മുന്നിലേക്കു വന്നു.പക്ഷെ അത്രെം സാധനങ്ങള്‍ക്കുള്ള കാശ് സുന്ദരിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല.കാശില്ലാത്തോണ്ട് കുറച്ച് സാധനങ്ങള്‍ തിരിച്ചു നല്‍കാന്‍ തുടങ്ങി.പക്ഷെ..

"സാരമില്ല വെച്ചോളൂ..പണം പിന്നെ തന്നാല്‍ മതി.സ്നേഹമല്ലേ വലുത്"-എന്നും പറഞ്ഞ് മുഴുവന്‍ സാധനങ്ങളും ഞാന്‍ സുന്ദരിക്കു കൊടുത്തു.

എന്നെ നോക്കി ചിരിച്ചിട്ട് എന്‍റെ പേര് ചോദിച്ചു.

കര്‍ത്താവെ ഇവള്‍ ടിന്‍റുമോനെ പറ്റി കേട്ടിട്ടു കൂടി ഉണ്ടാകല്ലെ എന്നു മനസ്സില്‍ കരുതി ‍ഞാന്‍ പേരു പറഞ്ഞു.

"മോന്‍..ടിന്‍റുമോന്‍..!"

"ടിന്‍റു..!wow നൈസ് name"

അങ്ങനെ തുടങ്ങിയതാ ഇഷ്ടാ അവളോടുള്ള പരിചയം.ആരെങ്കിലും അറിഞ്ഞോ ഞാന്‍ പിന്നെയും അവളെ കാണുമെന്നും ആ മലേഷ്യകാരിയെ കെട്ടുമെന്നും.ഭാഗ്യത്തിന് മലേഷ്യയിലൊന്നും ടിന്‍റുമോന്‍ ഫലിതങ്ങള്‍ പിറവിയെടുത്തട്ടില്ല.എന്തായാലും ഞാനും എന്‍റെ മലേഷ്യന്‍ ചന്ദ്രികയും സുഖമായി സന്തോഷമായി ജീവിക്കുന്നു

by the way പറയാന്‍ മറന്നു.ഇന്ന് ഞങ്ങളുടെ മോളുടെ ഒന്നാം പിറന്നാളാണ്.മോളുടെ പേര് എന്താണെന്ന് കേള്‍ക്കണ്ടേ..?

"ഡുണ്ടുമോള്‍..!"

പുള്ളിക്കാരത്തിക്ക് ഒരേയൊരു വാശി ഈ പേരുതന്നെ മതിയെന്ന്.
ചിരിക്കണ്ട.എന്‍റെ മോളെ ഞാന്‍ കേരളത്തിലോട്ട് വിടണില്ല.അവളും കണ്ട് പിടിച്ചോളും ഒരു മലേഷ്യക്കാരനെയോ..ചൈനക്കാരനെയോ..


ഡിങ്ക ഡിങ്ക..ടിന്‍റുമോനോടാ കളി..!


Friday, April 30, 2010

അമ്മിണി

ഇപ്പോഴും മഴപെയ്യുമ്പോള്‍ ഞാന്‍ അവളെ കുറിച്ച് ഓര്‍ക്കുമായിരുന്നു.ഒരുപാട് ഋതുക്കള്‍ പിന്നോക്കം പോയി വള്ളി ടൗസറുമിട്ട് സദാനേരവും വികൃതികുട്ടനായിരിക്കുന്ന നാലാക്ലാസുകാരനാകും ‍ഞാന്‍ അപ്പോള്‍.പൊട്ടിയ ഓടിന്‍റെ വിടവിലൂടെ വരുന്ന പ്രകാശം കൈവെള്ളയില്‍ പതിപ്പിച്ച് സന്തോഷിക്കുമ്പോള്‍ തൊട്ടടുത്ത ബെഞ്ചില്‍ അത് കണ്ട് രസിച്ചിരുന്ന ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു-അമ്മിണി.അമ്മിണി മിടുക്കിയായിരുന്നു.നന്നായി പഠിക്കും.ടീച്ചര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറയും.പരീക്ഷകള്‍ക്കും അവള്‍ക്ക് നല്ല മാര്‍ക്കുണ്ടായിരുന്നു.

എന്‍റെ അപ്പുറത്തെ ബെഞ്ചില്‍ ഇരുന്നതുകൊണ്ടാകണം ഞാന്‍ അമ്മിണിയെ ശ്രദ്ധിച്ചു തുടങ്ങിയത്.അവള്‍ക്ക് കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല.അമ്മിണി ആരോടും അധികം സംസാരിക്കുന്നതായി ‍ഞാന്‍ കണ്ടിട്ടില്ല.ചിരി വിരിയാത്ത ആ കുഞ്ഞ് മുഖത്ത് എപ്പോഴും വിഷാദ മേഘങ്ങള്‍ മൂടിയിരിക്കുന്നതായി ഞാന്‍ കണ്ടു.പക്ഷെ അപ്പോഴൊന്നും അവളോട് മിണ്ടാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.

ഉച്ചയ്ക്ക് ഞങ്ങള്‍ ചോറു കഴിക്കുന്ന സമയത്ത് അമ്മിണി ക്ലാസില്‍ നിന്നും അപ്രതിക്ഷയാകുമായിരുന്നു.പക്ഷെ ചോറുണ്ടിട്ട് കൈകഴുകി വരുമ്പോള്‍ ക്ലാസിന്‍റെ ‍ജനാലയ്ക്കരികില്‍ പുറത്തേക്ക് നോക്കി അമ്മിണി നില്‍ക്കുന്നത് ഞാന്‍ കണ്ടു.ഞങ്ങള്‍ ചോറുണ്ണുമ്പോള്‍ അമ്മിണി എവിടെ പോകുന്നു എന്നറിയാന്‍ ഞാന്‍ ഒരു ദിവസം തീരുമാനിച്ചു.ഉച്ചയ്ക്ക് ചോറുണ്ണാന്‍ വിട്ട നേരം ക്ലാസിനു പുറത്തേക്കിറങ്ങിയ അമ്മിണിയുടെ പിന്നാലെ അവളറിയാതെ ഞാനും കൂടി.അവള്‍ സ്കൂള്‍ മൈതാനത്തിന്‍റെ ഒരു ഒഴിഞ്ഞകോണിലേക്കാണ് നടന്നത്.അവിടെ ഒരു അരളി മരം ഉണ്ടായിരുന്നു.അതിനു ചുവട്ടില്‍,പുല്‍ത്തകിടിയില്‍ അവള്‍ ഇരുന്നു.അമ്മിണി തറയില്‍ കിടന്നിരുന്ന അരളിപൂക്കള്‍ ശേഖരിക്കുന്നത് ഞാന്‍ കണ്ടു.ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു.
"അമ്മിണി എന്താണ് ഇവിടെ വന്നിരിക്കുന്നത്.?"-ഞാന്‍ ചോദിച്ചു.
അപ്പോഴാണ് അവള്‍ എന്നെ കണ്ടത്.പക്ഷെ എന്നോട് ഒന്നും മിണ്ടിയില്ല.
"അമ്മിണി എന്നോട് മിണ്ടില്ലേ..?ഉച്ചയ്ക്ക് എന്താണ് ചോറു കഴിക്കാത്തത്.?"
ഞാന്‍ പിന്നെയും ചോദിച്ചു.പിന്നെയും അവള്‍ മൗനം പാലിച്ചു.
"ഈ പൂക്കള്‍ ആര്‍ക്കാണ്.?"
"എനിക്ക് വിശപ്പില്ല" -എന്ന് മറുപടി നല്‍കികൊണ്ട് അമ്മിണി അവിടെ നിന്നും എണ്ണീറ്റുപോയി.

അന്നേ ദിവസം എനിക്ക് അമ്മയുടെ കൈയില്‍ നിന്ന് തല്ലു കിട്ടി,ഉച്ചയ്ക്ക് കൊണ്ടുപോയ ചോറു തിന്നാത്തതിന്.ചോറിനു പിന്നിലെ കഷ്ടപ്പാടുകളെകുറിച്ച് അമ്മ എന്‍റെ മുന്നില്‍ ഒരു ചെറു പ്രസംഗവും നടത്തി.

അടുത്ത ദിവസം അരുളിചെടിയുടെ ചുവട്ടിലിരുന്ന അമ്മിണിയെ ചോറുണ്ണാന്‍ ഞാന്‍ ക്ഷണിച്ചു.അവള്‍ ഒന്നും മിണ്ടാതെ എണ്ണീറ്റുപോയി.പക്ഷെ കുറേ ദിവസം ഞാനിത് ആവര്‍ത്തിച്ചപ്പോള്‍,എന്‍റെ ശല്യം സഹിക്കവയ്യാതായപ്പോള്‍,എന്നെ ഒഴിവാക്കാന്‍ പറ്റത്തില്ല എന്നു മനസ്സിലായപ്പോള്‍ അവള്‍ എന്നോട് സംസാരിച്ചു തുടങ്ങി.അന്നു മുതല്‍ ഞാന്‍ കൊണ്ടു വരുന്ന പൊതി ചോറിന് ഒരവകാശി കൂടിയായി.

കഷ്ടമായിരുന്നു അമ്മിണിയുടെ കഥ.എന്‍റെ കുഞ്ഞുമനസ്സിനെ അത് വല്ലാതെ വേദനിപ്പിച്ചിരുന്നു.അച്ഛനില്ലായിരുന്നു അമ്മിണിക്ക്.അമ്മയ്ക്ക് ചെറിയ പണി എന്തോ ഉണ്ട്.പക്ഷെ അതില്‍ നിന്നുള്ള വരുമാനം അവരുടെ ഒരു നേരത്തിനുള്ള ആഹാരത്തിനുപോലും തികയുമായിരുന്നില്ല.അമ്മിണി അരളിപൂക്കള്‍ ശേഖരിച്ചിരുന്നത് അവളുടെ അനുജത്തിക്ക് വേണ്ടിയായിരുന്നു.വയ്യാതെ കിടക്കുന്ന അവളുടെ കുഞ്ഞനുജത്തിക്ക്..

എനിക്ക് അമ്മിണിയോട് ഒരുപാട് ഇഷ്ടം തോന്നി.ഞങ്ങള്‍ നല്ല കൂട്ടുകാരായി.അവളെപോലൊരു കൂട്ടുകാരിയെ കിട്ടിയതില്‍ ഞാന്‍ അഭിമാനിച്ചു.അമ്മിണിയും സന്തോഷത്തിലായിരുന്നു.എന്‍റെ വീട്ടില്‍ നല്ല സ്ഥിതി ആയിരുന്നതുകൊണ്ട് എനിക്ക് ആവശ്യത്തിലേറെ പഠനസൗകര്യങ്ങള്‍ ഉണ്ടായിരുന്നു.അതിലൊരു പങ്ക് ഞാന്‍ അമ്മിണിക്ക് കൊടുത്തു.കളര്‍ പെന്‍സില്‍,ലൈറ്റ് കത്തുന്ന പേന,നീണ്ട ചുവപ്പ് വരകളുള്ള പെന്‍സില്‍-അവയില്‍ പെടും.സ്കൂളില്ലാതിരുന്ന ശനി,ഞായര്‍ ദിവസങ്ങളില്‍ അവളെ കാണാന്‍ പറ്റാത്തപ്പോള്‍ ഞാന്‍ ഒരുപാട് വിഷമിച്ചു.അമ്മിണി ആ ദിവസങ്ങളില്‍ എങ്ങനെ ചോറു കഴിക്കും എന്നായിരുന്നു എന്‍റെ ചിന്ത മുഴുവന്‍.

ആയിടയ്ക്കാണ് ശക്തമായി മഴ പെയ്യാന്‍ തുടങ്ങിയത്..കേരളത്തില്‍ തന്നെ ഏറ്റവും ശക്തിയായി മഴപെയ്യുന്ന നാടായിരുന്നു ഞങ്ങളുടേത്.ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്ന ഭീകരരൂപിയായ മഴ.മഴ കാരണം സ്കൂള്‍ പൂട്ടി.വീടിനു പുറത്തുപോലും ഇറങ്ങാന്‍ പറ്റാതായി.പാടത്തും തൊടിയിലുമെല്ലാം വെള്ളം കയറി.പറമ്പിലെ മരങ്ങളില്‍ പലതും തറ പൂണ്ടു.വീട്ടിലെ തൊഴുത്തിന്‍റെ പകുതിയിലേറെയും ഇടിഞ്ഞു വീണു.അങ്ങനെ നഷ്ടങ്ങള്‍ മാത്രം സമ്മാനിച്ച സംഹാരിയായ മഴ പതിയെ പിന്‍വലിയാന്‍ തുടങ്ങി.

ഒരാഴ്ച കഴിഞ്ഞ്,ആകാശത്ത് സൂര്യനെ കണ്ടനാള്‍,സ്കൂള്‍ വീണ്ടും തുറന്നു.ഞാന്‍ വളരെ സന്തോഷത്തോടെ സ്കൂളിലേക്ക് പോയി.മഴ വിശേഷങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു മനസ്സില്‍.എല്ലാം അമ്മിണിയോട് പറയണം.പക്ഷെ സ്കൂളില്‍ ചെന്നപ്പോള്‍ വരിവരിയായി പുറത്തേക്ക് നടക്കുന്ന കുട്ടികളെയാണ് കണ്ടത്.എല്ലാവരും ഉടുപ്പിന്‍റെ പോക്കറ്റില്‍ കറുത്ത തുണി കുത്തിയിരുന്നു.എനിക്ക് ഒന്നും മനസ്സിലായില്ല.വരിയില്‍ കേറി കൊള്ളാന്‍ ക്ലാസ് ടീച്ചര്‍ എന്നോട് പറഞ്ഞു.ടീച്ചര്‍ തന്ന കറുത്ത തുണികഷ്ണം ഞാന്‍ നെഞ്ചില്‍ കുത്തി.

കവലയും കടന്ന് ഞങ്ങള്‍ നടന്നു തുടങ്ങി.എവിടേക്കാണ് യാത്ര എന്നെനിക്ക് മനസ്സിലായില്ല.പറമ്പും വയലും കടന്ന് ദൂരെ ഒരു ചെറിയ വീടിനു മുന്നില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു.അവിടെ ഒരുപാട് പേര്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു.ഞങ്ങളെ ഓരോരുത്തരെയായി ടീച്ചര്‍ വീടിനകത്തേക്ക് കയറ്റാന്‍ തുടങ്ങി.വാതില്‍ പടി കടന്ന് അകത്തേക്ക് കയറിയ ഞാന്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയത് വളരെ പെട്ടെന്നായിരുന്നു.അകത്ത് തറയില്‍ വെള്ളപുതച്ച് കിടത്തിയിരുന്ന അമ്മിണിയെ ഞാന്‍ അവസാനമായി കണ്ടത് അന്നായിരുന്നു.

മഴയോടൊപ്പം അമ്മിണി പോയി.മഴകൊണ്ടുപോടതാണ് എന്‍റെ അമ്മിണിയെ.ഒരാഴ്ച പനിച്ചു കിടന്ന്,ആരും സഹായത്തിനില്ലാതെ പാവം മരണത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.അന്നു മുതലാണ് ഞാന്‍ മഴയേയും മരണത്തേയും ഇത്രയധികെ വെറുക്കാന്‍ ശീലിച്ചത്.

ഇന്ന് ഈ മഴ തോരാന്‍ തുടങ്ങുമ്പോള്‍,ഞാന്‍ ദൂരെ അവളുടെ ചിരി കേള്‍ക്കുന്നു,വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നു..അവള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു..

അമ്മിണി..നീ എനിക്ക് പ്രിയപ്പെട്ടവള്‍ ആയിരുന്നു..Sunday, February 7, 2010

വിശ്വാസം..അതല്ലേ എല്ലാം..

ആകെ കൂടി ഒരു മാസത്തില്‍ കിട്ടണത് വെറും നാലേ നാല് ഞായറാഴ്ചകളാണ്.മാസത്തില്‍ എല്ലാ ദിവസവും ‍ഞായറാഴ്ചകളാകണമേയെന്ന് ഭൂഗോളത്തിലെ എല്ലാ കുഴി മടിയന്‍മാരെപോലെ അവനും ആഗ്രഹിച്ചു.

അങ്ങനെ ഏകാദശിനോറ്റ് കിട്ടിയ പുതുവര്‍ഷത്തിലെ കന്നി ഞായറാഴ്ചയില്‍ പതിവിലും വിപരീതമായി പിന്നാമ്പുറത്ത് വെയില്‍ തട്ടുന്നതുവരെ ഉറങ്ങാതെ കൃത്യം 6.45ന് തന്നെ എണ്ണീറ്റു.കുളിയും തേവാരവും കഴിഞ്ഞ് കണ്ണാടിക്ക് മുന്നില്‍ വന്നപ്പോള്‍ സമയം എട്ടുമണി.പിന്നെ നടന്നത് കണ്ണാടിക്കു മുന്നില്‍ 15 മിനിട്ടു നീണ്ട ഓറ്റയാള്‍ പ്രകടനമാണ്.അതു ക്യാമറയില്‍ പകര്‍ത്തി ഓസ്കാറ് കമ്മിറ്റിക്ക് അയച്ചുകൊടുത്താല്‍ മികച്ച ഹാസ്യനടനുള്ള ഓസ്കാര്‍ ചാങ്ങയില്‍ മുക്കിലെ വര്‍ഗ്ഗിസച്ചായന്‍റെ ചില്ലിട്ട അലമാരയിലിരുന്നേനെ.വര്‍ഗ്ഗീസച്ചായന്‍ നമ്മുടെ കഥാനായകന്‍ മത്തായിയുടെ ഒരേയൊരു അച്ഛനാണ്.മടിയന്‍ മത്തായിയുടെ അതിലും മടിയനായ തന്ത..!
 

ചാങ്ങയില്‍ മുക്കിലെ നാട്ടുകാര്‍ പറഞ്ഞു ചിരിക്കുന്ന രസകരമായ ഒരു കഥയുണ്ട്.മത്തായിയുടെ മാതാശ്രീ ത്രേസ്യാമ ചേട്ടത്തി ഒരു ദിവസം ഉച്ചയ്ക്ക് 12 മണി കഴിഞ്ഞിട്ടും മത്തായി ഉണരാത്തതിനെ തുടര്‍ന്ന് ശ്രീമാന്‍ വര്‍ഗ്ഗിസച്ചായനോട് പറഞ്ഞു-
 

ദേ നിങ്ങടെ പുന്നാര പുത്രന്‍ കെടന്നുറങ്ങണ കണ്ടോ..പോയവന്‍റെ ചന്തിക്ക് രണ്ട് കൊടുത്തിട്ട് പിടിച്ച് എഴുന്നേല്‍പ്പിക്ക് മനുഷ്യാ..നിങ്ങളൊരു തന്തയാണോ ഹെ..?
 

നമ്മുടെ വര്‍ഗ്ഗിസച്ചായന്‍ ഇതുകേട്ടപ്പാടെ കലിപ്പൂണ്ട് മത്തായിയുടെ മുറിയിലേക്കു ചെന്നു.മത്തായി ഇപ്പാള്‍ കരഞ്ഞോണ്ടിറങ്ങുമെന്ന് പ്രതീക്ഷിച്ച് വാതില്‍ക്കല്‍ നിന്ന ത്രേസ്യാമ്മ ചേട്ടത്തി അടുക്കളയില്‍ മൊരിക്കാനിട്ട മത്തി കരിഞ്ഞ് ചട്ടിയുടെ അടിക്കു പിടിച്ച മണം വന്നിട്ടും കുലുങ്ങിയില്ല.സമയം കടന്നുപ്പോയപ്പാള്‍ ത്രേസ്യാമ്മ ചേട്ടത്തിക്ക് ആദിയായി.മകനെ ഉണര്‍ത്താന്‍ പോയ അച്ചായന്‍റെ ഒരു വിവരവുമില്ല.മത്തായിയുടെ ഒച്ചയും കേക്കണില്ല.തല്ലാനല്ലേ പറഞ്ഞൂളൂ ഇതിയാനോട് കൊല്ലാന്‍ പറഞ്ഞില്ലല്ലോ-ത്രേസ്യാമച്ചേട്ടത്തി നാലും കല്‍പ്പിച്ച് മത്തായിയുടെ മുറിയിലേക്കു കയറി.സുഖനിദ്രയിലാണ് മത്തായി.അവനടുത്തായി മഹാനായ വര്‍ഗ്ഗീസച്ചായനും ഉറങ്ങി തകര്‍ക്കുന്നു.മോനെ വിളിച്ചുണര്‍ത്താന്‍പോയ സാധനമാണ്.കൊടുത്തു,മത്തി മറിച്ചിടാന്‍ വെച്ചിരുന്ന ചട്ടുകംകൊണ്ട് ചന്തിക്ക് നാലടി,മത്തായിയുടെ അല്ല,ഭര്‍ത്താവിന്‍റെ..!എന്‍റെ മാതാവേ ആകാശമിടിഞ്ഞു വീണേ-എന്നും നിലവിളിച്ചുകൊണ്ട് ഉടുതുണിപ്പോലുമില്ലാതെ വര്‍ഗ്ഗീസച്ചായന്‍ ഓടി എന്നത് കഥാന്ത്യം.
 

അപ്പോള് മത്തായി മുടി ചീപ്പി തീരുന്നു.സെന്റുകുപ്പിയെടുത്ത് കക്ഷത്തും തലമുടിയിലും(തലമുടിയില് സെന്റടിക്കുന്നത് ഇപ്പോഴത്തെ ഒരു ഫാഷന് ആണെന്നു തോന്നുന്നു)ഒന്നോടിച്ച് പുറത്തേക്കിറങ്ങി.ബൈക്കുമെടുത്ത് മത്തായി നേരെ പോയത് രാഘവന്റെ വീട്ടിലേക്കാണ്.രാഘവന് മത്തായിയുടെ കരളും മത്തായി രാഘവന്റെ ചങ്കുമാണെന്നാണ് നാട്ടുകാര് പറയുന്നത്.ചങ്കും മത്തങ്ങയുമറിയാത്ത രണ്ട് കുണാപ്പന്മാര്-എന്നും ചില അസൂയാലുക്കള് തങ്ങളെപറ്റി പറഞ്ഞു നടപ്പുണ്ടെന്നാണ് ഇവര് പറയുന്നത്.

കഥയെന്തൊക്കെയായലും ഇവര് ആത്മാര്ഥ സുഹൃത്തുക്കളാണ്.
രാഘവന് എന്തായാലും മത്തായിയെപോലെ മടിയനല്ല.രാഘവന്റെ അച്ഛന്റെ അപ്പൂപ്പന്റെ പേര് രാഘവന്പിള്ള എന്നായിരുന്നു.ആ രാഘവന്പിള്ള കാലപുരി പൂകണ ടൈമിലാണ് രാഘവന്റെ ജനനം.തന്റെ ബഹുമാന്യനായ അപ്പൂപ്പന്റെ ഓര്മ്മയ്ക്ക് അച്ഛന് തന്റെ മകന് രാഘവന് എന്നു പേരിട്ടു,അത് ചരിത്രം.
 

പക്ഷെ ഒസാമ രാഘവന് എന്നാണ് അവനെ കൂട്ടുകാര് വിളിക്കുന്നത്. അതിന് തക്ക കാരണവുമുണ്ട്.ഏറുപടക്കം മുതല് ആറ്റംബോബുവരെ തനിക്കുണ്ടാക്കാനറിയാം എന്നാണ് രാഘവന് പറയുന്നത്.പ്ലസ്ടുവിന് പഠിക്കുമ്പോള് നല്ല വെളുത്ത് മെലിഞ്ഞ ഒരു ചുള്ളന് ചെക്കനായിരുന്നു രാഘവന്.ഒരു തണുത്ത ഡീസംബറില് വീട്ടില് സ്വന്തമായി തയ്യാറാക്കിയ ലാബില് എന്തോ പരീക്ഷണത്തില് മുഴുകിയിരിക്കുകയായിരുന്നു രാഘവന്.പിന്നീടു നടന്ന കഥ നന്നായി പറയാന് ആ നാട്ടില് ഒരാള്ക്കു മാത്രമേ കഴിയൂ.അത് തണ്ടാന് ഭാസ്ക്കരനാണ്.നമ്മക്ക് അതേപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കാം.
 

പറയൂ ഭാസ്ക്കരന്,അന്ന് യഥാര്ത്ഥത്തില് എന്താണുണ്ടായത്..?
 

ഞാന്‍ അന്നേ ദിവസം കാലത്ത് 11 മണിക്ക് സുമതിയുടെ വീട്ടിലെ 40 അടി പൊക്കമുള്ള തെങ്ങില്‍ തേങ്ങയിടാന്‍ കേറിയതായിരുന്നു.തേങ്ങയിട്ട് താഴേക്കിറങ്ങുമ്പോള്‍ വഴിമധ്യേവെച്ച് ഭീകരമായ ഒരു പൊട്ടിത്തെറിയുടെ ശബ്ദവും നിലവിളിയും കേട്ടു.രണ്ട് കൈയുമെടുത്ത് നെന്‍ചത്തുവെച്ച് അമ്മേ എന്നും വിളിച്ച് ഞാന്‍ കണ്ണുത്തുറക്കുമ്പോള്‍ അടത്തിയിട്ട തേങ്ങകള്‍ക്കപ്പുറം നട്ടെല്ലും തകര്‍ന്ന് കിടക്കുകയായിരുന്നു ഞാന്‍.അവിടെ കിടന്നുകൊണ്ടാണ് കണ്ടത് അടുത്ത വീട്ടിലെ രാഘവന്‍ എന്നു പേരുള്ള പയ്യന്‍സിനെ കുറച്ചാള്‍ക്കാര്‍ ചേര്‍ന്ന് ചുമന്ന്ണ്ട് പോകണത് കണ്ടത്.പൊന്നണ്ണാ..സത്യം പറയാമല്ലോ എനിക്കാദ്യം ആളെ മനസ്സിലായില്ല.ഇളം കരിക്കിന്‍റെ വെള്ളപ്പോലിരുന്ന ചെക്കന്‍ ഇപ്പോ മണ്ടരി പിടിച്ച തേങ്ങ പോലെയായി..
 

നന്ദി ശ്രീ തണ്ടാന്‍ ഭാസ്ക്കരന്‍ ഞങ്ങളോട് സഹകരിച്ചതിന്.
 

അങ്ങനെ വെടിമരുന്ന് പരീക്ഷണം പാളി ഇരുണ്ടുപോയ രാഘവനെ തേടിയാണ് ഹൃദയമിത്രം മത്തായിയുടെ വരവ്.രാഘവന്‍ കുളിച്ച്(കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്നറിഞ്ഞിട്ടും..?)കുറിയും തൊട്ട് മത്തായിയെകാത്ത് വീടിനു മുന്നില്‍ നില്‍പ്പുണ്ടായിരുന്നു.മത്തായിയുടെ ബൈക്കിന്‍റെ ഹോണ്‍ കേട്ടപ്പോള്‍ രാഘവന്‍റെ കറുത്ത മുഖം പ്രസാദിച്ചു.രാഘവനെ കൂടി ചുമന്ന് പാവം ബൈക്ക് അവിടെ നിന്ന് സ്ഥലം വിട്ടു.അവിടെ നിന്നിട്ടും രണ്ടിനും ഒന്നും സാധിക്കാനില്ലാരുന്നു.
 

തേവള്ളി നഗറിലുള്ള ബസ്റ്റോപ്പില് സ്ഥലത്തെ പ്രധാന വായിനോക്കികളെല്ലാം കാലത്തെ 9.30ന്റെ ആതിര വരുംമുന്പേ അവിടെ സന്നിഹിതരായിരുന്നു. അതിന്റെ മുന്പന്തിയില് തന്നെ മത്തായിയും രാഘവനും നിന്നു.ഇപ്പാള് മത്തായി മടിയനാണെന്ന് പെറ്റ തള്ള ത്രേസ്യാമ ചേട്ടത്തിപ്പോലും പറയൂല്ല.കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയതും അനുഭവസ്ഥനും 60കാരന്‍ വര്‍ക്കിച്ചായനാണ്.പൂവാലന്‍ വര്‍ക്കി എന്നു പറഞ്ഞാല്‍ ഇന്ത്യാ മഹാരാജ്യം മുഴുക്കെ അറിയും.അത്രക്കുണ്ട് പ്രസക്തി.വര്‍ക്കിച്ചായന്‍റെ പ്രിയ ശിഷ്യന്‍മാരാണ് മത്തായിയും രാഘവനും.
 

ഞായറാഴ്ചകളിലാണ് തേവള്ളി നഗറില്‍ ഏറ്റവും കൂടുതല്‍ കളറുകള്‍ വന്നു മറിയുന്നത്.18നും 30നും മധ്യേ പ്രായമുള്ള കിളികള്‍ എന്നു പറയുന്നതില്‍ തെറ്റണ്ടെന്നു തോന്നണില്ല.വിശേഷമെന്താണെന്നു വെച്ചാല്‍ നാല് ബാങ്ക് കോച്ചിഗ് സെന്‍ററുകള്‍ മൂന്ന് പി.എസ്.സി കോച്ചിഗ് സെന്‍ററുകള്‍ അവിടെയുണ്ട്.മിക്ക ക്ലാസുകളും ഞായറാഴ്ചകളിലാണ് നടക്കാറ്.അതുകൊണ്ടാണ് അന്നേ ദിവസം ജില്ലയിലെ എല്ലാ വായിനോക്കികളും അവിടെ നിരക്കുന്നത്.അതുകൊണ്ടെന്താ കുറുപ്പിന് അവിടെ ഞായറാഴ്ച സ്പെഷ്യല്‍ ചായക്കട തുടങ്ങാന്‍ പറ്റിയില്ലേ..
രാഘവനും മത്തായിക്കും അന്ന് എന്തോ വല്ലാത ബോറടിച്ചു.ഒരു സിനിമയ്ക്കു പോകാം എന്നു അഭിപ്രായപ്പെട്ടത് മത്തായിയാണ്.പക്ഷെ രാഘവന്‍ അതു സമ്മദിച്ചില്ല.സിനിമ മഹാ തട്ടിപ്പാണെന്നാണ് രാഘവന്‍റെ കണ്ടെത്തല്‍.
രാഘവന്‍റെ അഭിപ്രായപ്രകാരം അവര്‍ സിറ്റിയില്‍ നടക്കുന്ന ജംബോ റഷ്യന്‍ സര്‍ക്കസ്സ് കാണാല്‍ പുറപ്പെട്ടു.അവിടെ നാനാതരം കളറുകളെ കാണാന്‍ പറ്റും എന്നാണ് രാഘവന്‍ മത്തായിയെ പറഞ്ഞു കൊതിപ്പിച്ചത്.ബൈക്ക് പിന്നേം സ്ഥലം വിട്ടു.
 

സര്‍ക്കസ് കൂടാരത്തിന് മുന്നില്‍ എത്തുന്നതിന് മുന്‍പ് രാഘവന്‍ മത്തായിയോട് ബൈക്ക് നിര്‍ത്താന്‍ പറഞ്ഞു.എന്തോ കോളൊത്തിട്ടുണ്ടെന്ന് മത്തായിക്ക് മനസ്സിലായി.രാഘവന്‍ ബൈക്കില്‍ നിന്നിറങ്ങി റോഡിനപ്പുറത്ത് കൂടി പോകുന്ന ഒരു യുവതിയെ മത്തായിക്ക് കാണിച്ചു കൊടുത്തു.അവള്‍ക്ക് ഒരു ഇരുപത്തിയന്‍ച് വയസ്സെങ്കിലും കാണും.അവള്‍ മത്തായിയെ നോക്കി ചിരിച്ചു എന്നാണ് രാഘവന്‍റെ കണ്ടെത്തല്‍.ഒരു വിശ്വാസം..കേട്ടപ്പാതി കേള്‍ക്കാത്തപ്പാതി ബൈക്ക് റോഡില്‍ തള്ളീട്ട് രണ്ടും പെണ്ണിനു പിറകെ നടക്കാന്‍ തുടങ്ങി.
 

രാഘവന്‍ പറഞ്ഞതില്‍ നേരില്ലാതില്ല.അവള്‍ ഇടയ്ക്ക് തിരിഞ്ഞ് മത്തായിയെ നോക്കി ചിരിക്കണുണ്ടായിരുന്നു.
 

അളിയാ നിനക്കൊത്തു.നല്ല പൂവമ്പഴം പോലത്തെ പെണ്ണ്.നീ ഒടുക്കത്തെ ഗ്ലാമറ് തന്നെ പഹയാ..
 

ഇതു കേള്‍ക്കേണ്ട താമസം മത്തായി രാഘവന് ഒരു ചിക്കന്‍ ബിരിയാണി ഓഫര്‍ ചെയ്തു.സത്യം മറച്ചു വെക്കരുതല്ലോ.പാണ്ടിലോറികേറി ചപ്ലാച്ചിയായ പെട്ടി ഓട്ടോപോലെയാണ് മത്തായിയുടെ മോന്തായം.പക്ഷെ രാഘവന്‍ മത്തായിയെ ആവോളം പതപ്പിച്ചുകൊണ്ടിരുന്നു.
അപ്പാഴേക്കും നമ്മുടെ കഥാനായിക മത്തായിയെ നോക്കി ഒരിക്കല്‍ കൂടി ചിരിച്ചിട്ട് ഒരു ജ്വല്ലറിയിലേക്ക് കയറി.


മത്തായിയും രാഘവനും അടുത്തുള്ള പെട്ടിക്കടയില്‍ കയറി രണ്ട് നന്നാറി(നന്നായി നാറിയ?)സര്‍ബത്ത് കുടിച്ച് നടന്ന ക്ഷീണം തീര്‍ത്ത് അവളേം കാത്ത് നിന്നു.അരമണിക്കൂര്‍ കഴിഞ്ഞ് ജ്വല്ലറിയില്‍ നിന്നുമിറങ്ങിയ യുവതി ചുറ്റിനും ഒന്നു നോക്കി.തിരച്ചില്‍ ചളുങ്ങിയ പെട്ടി ഓട്ടോയുടെ നേരെയെത്തി അവസാനിച്ചു.മത്തായി ഒരു എ ക്ളാസ് ചിരി പാസ്സാക്കി.എനിക്ക് മുപ്പത്തി രണ്ട് പല്ലുമുണ്ടേ എന്നു കാണിക്കാന്‍.വടക്കു നോക്കിയന്ത്രത്തിലെ മമ്മുക്കോയ ചിരിച്ചപ്പോലെ.അവള്‍ തിരിച്ചും ചിരിച്ചു.
 

അവള്‍ ബസ്റ്റോപ്പിലേക്ക് നടന്നു.മത്തായിയും രാഘവനും അവള്‍ക്ക് പുറകെ തന്നെ കൂടി.മത്തായിയെ കണ്ണുകൊണ്ടെറിഞ്ഞ് അവന്‍റെ അണ്ടകടാഹം വരെ കുലുക്കീട്ട് അവള്‍ ആദ്യം വന്ന ബസ്സില്‍ കയറി.
 

അളിയാ ഈ അവസരം പാഴാക്കരുത്.നിനക്കവള്‍ വീഴും.എനിക്ക് വിശ്വാസമുണ്ട്.നീ പോയി ബസ്സില്‍ കയറ്.
 

രാഘവന്‍റെ അഭിപ്രായ പ്രകാരം മത്തായി അവളുടെ കൂടെ ആ ബസ്സില്‍ തന്നെ കയറി..രാഘവന്‍ വഴിയില്‍ തള്ളിയ ബൈക്കെടുക്കാനും പോയി.
അവളുടെ അടുത്ത് ഒരു സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു.അവള്‍ മത്തായിയെ നോക്കി.മത്തായി എന്തുവേണമെന്നറിയാതെ നില്‍ക്കുകയാണ്.ഉപദേശങ്ങള്‍ തരാന്‍ രാഘവനും ഇല്ല.എന്തു പണ്ടാരമെങ്കിലും വരട്ടെ എന്നും കരുതി മത്തായി അവളുടെ അടുത്ത് ചെന്നിരുന്നു.അവള്‍ പിന്നേം ചിരിച്ചു.മോനെ ലഡു പൊട്ടി.മത്തായി ഒരു വളിച്ച ചിരി തിരിച്ചും കൊടുത്തു.
 

മത്തായി അവള്‍ക്കരികിലേക്ക് കുറച്ച് കൂടി നീങ്ങിയിരുന്നു.നിരങ്ങിയെന്നതാവും കുറേകൂടി യോചിക്കുക.
 

അവള്‍ അപ്പാള്‍ തന്‍റെ മൊബൈല്‍ കൈയ്യിലെടുത്തു.നമ്പര്‍ തരാനാകും അല്ലേടി കള്ളീ..-മത്തായി മനസ്സില്‍ കരുതി.അവള്‍ ഫോണ്‍ ചെവിയില്‍ വെച്ച് പതിഞ്ഞ സ്വരത്തില്‍ സംസാരിച്ചു തുടങ്ങി.മത്തായി ചെവി കൂര്‍പ്പിച്ചു.
ചേട്ടാ..അവന്‍ എന്‍റെ പിന്നാലെ തന്നെയുണ്ട്.ഉറപ്പിച്ചു.കള്ളന്‍ തന്നെ.ഞാന്‍ ജ്വല്ലറിയില്‍ കേറുന്നതു മുതല്‍ എന്‍റെ പിന്നാലെ തന്നെയുണ്ട്.ഇപ്പോ അവന്‍റെ കൂട്ടുക്കാരനേയും കാണാനില്ല..!!
 

മത്തായിയുടെ ചങ്കില്‍ രണ്ടാമത്തെ ലഡു പൊട്ടി.
 

ചേച്ചീ..ഞാന്‍ കള്ളനല്ല..-എന്നും പറഞ്ഞ് മത്തായി അവളുടെ കൈയില്‍ കേറി പിടിക്കാന്‍ നോക്കി.പക്ഷെ പേടിക്കൊണ്ട് ശബ്ദം പുറത്തു വന്നില്ല.ആക്ഷന്‍ മാത്രമേ വന്നോളൂ.കൈയിലിരിക്കുന്ന കവര്‍ മോഷ്ടിക്കാനാണ് മത്തായി ഭാവിച്ചതെന്നും കരുതി യുവതി എട്ടുദിക്കുപൊട്ടുമാറ് അലറി വിളിച്ചു-

കള്ളന്‍..കള്ളന്‍..!!
 

ഓടുന്ന ബസ്സില്‍ നിന്ന് പുറത്തേക്ക് ഒറ്റ ചാട്ടമാണ് പിന്നെ.ത്രേസ്യാമ്മ ചേട്ടത്തിക്ക് പക്ഷെ ഭാഗ്യമുണ്ടായില്ല.നാട്ടുകാര്‍ തല്ലാന്‍ വരുന്നതിനു മുന്‍പേ രാഘവന്‍ ബൈക്കില്‍ വന്ന് അവനെ രക്ഷപെടുത്തി.കിതച്ച് കിതച്ച് മത്തായി രാഘവനോട് നടന്ന കഥ മുഴുക്കെ പറഞ്ഞു.കൂട്ടത്തില്‍ നല്ല തെറിയും വിളിച്ചു,കുരുക്കില്‍ ചാടിച്ചതിന്.
 

എല്ലാം കേട്ട് ചിരിച്ച് ചിരിച്ച് അവസാനം രാഘവന്‍ ഒരു ഡയലോഗ് തട്ടിവിട്ടു.ഈ നൂറ്റാണ്ടിലെ തന്നെ പൊളപ്പന്‍ ഡയലോഗ്.
 

അളിയാ..വിശ്വാസം..അതല്ലേ എല്ലാം..!!


Sunday, January 10, 2010

എന്‍റെ ഉന്തിയപല്ലും കോളേജ്ബ്യൂട്ടിയും


     തെക്കേടത്തുനിന്ന് കൊണ്ടുവന്ന നല്ല സൊയമ്പന്‍ രുചിയുള്ള മാമ്പഴം ആസ്വദിച്ചങ്ങനെ കഴിക്കുകയായിരുന്നു ഞാന്‍.നല്ല നാരിറങ്ങിയ മാമ്പഴമായിരുന്നു.എന്‍റെ ഐഡന്‍റിറ്റിയുടെ പ്രതീകമായ മുന്‍പിലെ ഉന്തിനില്‍ക്കുന്ന രണ്ട് പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ നാരങ്ങനെ വലിച്ചു പുറത്തേക്കിടാന്‍ ഞാന്‍ ഇമ്മിണി കഷ്ടപ്പെട്ടു.ഉന്തിയ വിഖ്യാതമായ പല്ലുകള്‍ക്കിടയില്‍ കൈ തടഞ്ഞപ്പോഴാണ് മനസ്സില്‍ പഴയൊരു കഥ ഓര്‍മ്മവന്നത്.കുറച്ചധികം പഴകിയ സുന്ദരമായ ഒരു കഥയാണ്.ഉന്തിയ പല്ലുകള്‍ ഞാന്‍ വലിയൊരു ശാപമായി കണ്ടിരുന്ന സമയത്ത് നടന്ന ഒരു സംഭവ കഥ.അക്കാലത്ത് പല്ലുകള്‍ അങ്ങനെ പുറത്ത് ചാടിപോകാതിരിക്കാന്‍ ഞാന്‍ അധികം ആരോടും സംസാരിച്ചിരുന്നില്ല.കോളേജില്‍ അതുകൊണ്ട് ഞാന്‍ നല്ല കുട്ടിയായിരുന്നു.
     അങ്ങനെ ഒരു ദിവസം ഞാന്‍ കോളേജിന്‍റെ ഇടനാഴിയില്‍ നിന്നിറങ്ങി വലതു വശത്തെ വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ പുറകില്‍ നിന്നൊരു വിളി-"ടാ..ചുണ്ടെലീ..."-ന്ന്.എന്‍റെ ബെസ്റ്റ് ടൈമായിരുന്നത് കൊണ്ട് ഫസ്റ്റ് ഇയറിലെ എല്ലാ പെണ്‍ത്തരികളും അവിടെ സന്നിഹിതരായിരുന്നു.എന്‍റെ ക്ലാസില്‍ തന്നെ പഠിക്കുന്ന ഒരു പഹയന്‍ തെണ്ടി തന്നെയാണ് എന്നെ അപമാനിച്ചത്.സത്യമായും ഇതിനു മുന്‍പ് ഞാന്‍ അവനോട് ഒരു തെറ്റും ചെയ്തിട്ടില്ലായിരുന്നു.അല്ലെങ്കില്‍ അവന്‍ പകപോക്കിയതാ എന്നോര്‍ത്തെങ്കിലും വെറുതെ സമാധാനിക്കാരുന്നു.എന്നിട്ടും അവന്‍..എനിക്കാകെ തരിച്ചു വന്നു.എവിടെനിന്നോ കിട്ടിയ ആവേശത്തിന്‍റെ പുറത്ത് ഞാന്‍ ഓടി ചാടി അവന്‍റെ അടുത്തേക്ക് ചെന്ന് "നീയെന്നെ എലീന്നു വിളിക്കും അല്ലേടാ പന്നിമോറാ.."-എന്നും പറഞ്ഞ് അവന്‍റെ മുഖത്തിനിട്ട് ഒരുഗ്രന്‍ ഇടി പാസ്സാക്കി.പരിസരം നോക്കാതെ റിയാക്ട് ചെയ്തതിന്‍റെ പ്രതിഫലം എനിക്ക് ഉടന്‍ തന്നെ കിട്ടുകയും ചെയ്തു.അവന്‍റെ ഒരു കൂട്ടുകാരന്‍-തടിമാടന്‍ എവിടെ നിന്നോ ചാടിത്തുള്ളി വന്ന് എന്നെ ചന്നാറു പിന്നാറ് പൊട്ടിച്ചു.കൂട്ടത്തില്‍ എന്‍റെ ശാപം കിട്ടിയ പല്ലുകള്‍ക്കും കിട്ടി രണ്ട്.കിട്ടട്ടെ എന്ന് ഞാനും കരുതി.അവറ്റകള്‍ കാരണമാണല്ലോ എനിക്കിന്ന് ഈ ഗതി വന്നത്.എന്നോട് ഒരു സ്നേഹവുമില്ലാത്ത അലവലാതികള്‍.ഞാന്‍ ഒരു നരുന്തായതുകൊണ്ട് ചോദിക്കാനും പറയാനുമൊന്നും നില്‍ക്കാതെ കിട്ടിതും കൊണ്ട് തൃപ്തിയടഞ്ഞ് വേദിയൊഴിഞ്ഞു.     ആളൊഴിഞ്ഞ ഒരു സ്ഥലം തിരഞ്ഞ് നടക്കുകയായിരുന്നു ഞാന്‍.ആ പന്നന്‍റെ കൈയില്‍ നിന്ന് പല്ലുകള്‍ക്കിടയിലെ സ്പോട്ടില്‍ കൊണ്ട ഇടി സ്റ്റൈലായി ഏറ്റു എന്ന് പറഞ്ഞാല്‍ മതീല്ലോ.ചോരയുടെ രുചി പതുക്കെ ഞാന്‍ അറിയാന്‍ തുടങ്ങി.പരിക്ക് എത്ര ശതമാനമുണ്ടെന്ന് അറിയാനാണ്,സ്വയം പരിശോധിക്കാനാണ് ഒരു സേഫ്റ്റി പ്ലേയിസ് ഞാന്‍ അന്വോഷിക്കുന്നത്.ആരും കാണരുതല്ലോ.ഭാഗ്യത്തിന് കാന്‍റീനടുത്തുള്ള പൈപ്പിന്‍റെമൂട്ടില്‍ ആരുമുണ്ടായിരുന്നില്ല.പറ്റിയ സ്ഥലം.ഞാനുറപ്പിച്ചു.അങ്ങനെ കൈയിലുണ്ടായിരുന്ന കണ്ണാടിയെടുത്ത് മുഖത്തിന് നേരെ പിടിച്ച് പരിക്ക് പരിശോധിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ തൊട്ടു പുറകില്‍ ചക്ക വെട്ടിയിട്ടതുപോലൊരു ഭീകരമായൊരു ഒച്ചകേട്ട് ഞാന്‍ പേടിച്ച് തിരിഞ്ഞുനോക്കി.
     ഇതാണ് പറയുന്നത് എല്ലാത്തിനും ഒരു സമയവും കാലവുമൊക്കെ ഉണ്ടെന്ന്.ഇതാണ് എന്‍റെ സമയം.പിറകും കുത്തി ചടപടേന്ന് വീണത് മറ്റാരുമല്ല-അഹങ്കാരം കണ്ടു പിടിച്ച മൈസ്രേട്ട്,കോളേജിലെ സൗന്ദര്യ റാണി-മിസ് രേവതി നായര്‍.ഇതാണല്ലേ നായരു പിടിച്ച പുലിവാല്-അവളിരുന്ന് വാലുവരുന്ന ഭാഗം തടവിയപ്പോള്‍ എനിക്കങ്ങനെയാണ് തോന്നിയത്.
കാന്‍റീനു മുന്നിലെ ചെളിക്കെട്ടിന് പരിഹാരം കാണാനുള്ള സമരത്തിന് ഇന്നു മുതല്‍ ഞാനില്ല.ചെളിയെ..നിങ്ങ‍ള്‍ക്കു നന്ദി.നായരെ വീഴ്ത്തിയതിന്.
     നായര് ധൃതിയില്‍ എന്തോ തിരയുന്നത് അപ്പോഴാണ് ഞാന്‍ കണ്ടത്.അതെന്താണെന്നുള്ള ഉത്തരം അവളുടെ തലക്കു മുകളിന്‍ തന്നെയുണ്ടായിരുന്നു.കുറ്റം പറയരുതല്ലോ.മുട്ട് വരെയുള്ള മുടിയും കുലുക്കി കുലുക്കി സകലമാന ആണുങ്ങളുടെയും കണ്‍ട്രോള്‍ കളഞ്ഞാണ് ഭവതിയുടെ നടപ്പ്.ഇപ്പോ നോക്കിയപ്പോഴുണ്ടല്ലോ..,നായര്‍ക്ക് കഴുത്തറ്റം പോലും മുടിയില്ല.സംഗതി പിടിക്കിട്ടിയില്ലേ.നായര് ഒളിപ്പിച്ചത് മറ്റൊന്നുമല്ല.വീഴ്ച്ചയുടെ ആഘാതത്തില്‍ തെറിച്ചുപോയ അസ്സല്‍ വെപ്പുമുടിയായിരുന്നു-തിരുപ്പന്‍.
     എന്തായാലും പുള്ളിക്കാരി ജനിച്ചിട്ട് ഇന്നേവരെ ഇത്രേം നാണം കെട്ടിട്ടുണ്ടാകില്ല.എനിക്കാണെങ്കില്‍ പണ്ടാരമടങ്ങാനായിട്ട് ചിരി വന്നിട്ടും പാടില്ല."യുറേക്കാ യുറേക്കാ..കണ്ടുപിടിച്ചേ കണ്ടുപിടിച്ചേ.."-എന്നും വിളിച്ചോണ്ട് കോളേജ് മൊത്തം ഓടി നടന്ന് പുതിയ കഥ പറയാന്‍ എനിക്ക് ആവേശമായി.
     പക്ഷെ എന്തു ചെയ്യാന്‍.എന്‍റെ ദൗര്‍ബല്യത്തില്‍ തന്നെ അവള്‍ കൂച്ചുവിലങ്ങിട്ടു.സുന്ദരമായി ആ സുന്ദരി എന്‍റെ മുന്നില്‍ നിന്ന് കരഞ്ഞു.എന്തായാലും ഞാന്‍ നടന്നതൊന്നും ആരോടും പറയില്ലെന്ന് നായര്ക്ക് വാക്കു കൊടുത്തു.ഒടുവില്‍ എനിക്ക് ഒരു ചെറു പുന്‍ചിരി സമ്മാനിച്ച് അവള്‍ പോയി.അവളെ വീഴ്ത്തിയ-കരയിപ്പിച്ച-ചിരിപ്പിച്ച എന്‍റെ സുന്ദരകുട്ടപ്പന്‍ പല്ലുകള്‍ക്ക് ജീവിതത്തിലാദ്യമായി ഞാന്‍ എന്‍റെ പേരിലും എന്‍റെ ശരീരത്തിലെ ഓരോ അവയവങ്ങളുടെ പേരിലും നന്ദി രേഖപ്പെടുത്തി.
     അടുത്ത ദിവസം മുതല്‍ കോളേജിലെ കഥയാകെ മാറി.എന്‍റെ ശുക്രന്‍ ഉദിച്ചു എന്നു തന്നെ പറയാം.പൊട്ടന്‍ ലോട്ടറി അടിച്ചു എന്ന് പറഞ്ഞു ചില കുശുമ്പന്‍(മ്പി)പാപ്പരാസികള്‍.കഥ മറ്റൊന്നുമല്ല.കോളേജ് സുന്ദരി മിസ് രേവതി നായര്‍ എന്‍റെ ഒപ്പമായി നടത്തയും ഇരുത്തയും.കോളേജിലെ സകലമാന്യ ശിരോമണികളും അത്യാല്‍ഭുതത്തോടെ അത് നോക്കി നിന്നു.റാണിയുടെ കൂടെ നടക്കുന്നു എന്ന അവിഹിത മാര്‍ഗത്തിലൂടെ ഞാന്‍ അങ്ങനെ കോളേജിലെ രാജാവുമായി.
     എന്നെ ചുണ്ടെലി എന്നു വിളിച്ച പന്നിമോറന്‍ വാലും മടക്കി പോക്കറ്റില്‍ വെച്ച് എന്നെ കാണാന്‍ വന്നു പിന്നീട്.കോളേജ് റാണിയെ വളയ്ക്കാന്‍ ഞാന്‍ വഴി ശുപാര്‍ശകത്ത് നല്‍കാന്‍.പിന്നെ..എന്‍റെ പട്ടി കൊടുക്കും.എന്തായാലും ആ പേരില്‍ കുറേ പുട്ടും കടലയും ഞാന്‍ അകത്താക്കി.ഒരു മധുര പ്രതികാരം.എന്തായാലും പിന്നീടങ്ങോട്ട് എന്‍റെ സുവര്‍ണകാലമായിരുന്നു.എന്‍റെ പുറത്തേക്കുന്തിയ പല്ലുകളേ..ചുണക്കുട്ടപ്പന്‍മാരേ..നിങ്ങള്‍ക്കു നന്ദി..
Tuesday, January 5, 2010

റോഗ് നമ്പര്‍

"ഹലോ..ഗുഡ് ഈവനിങ്..ലേഡീസ് ഒണ്‍ലി.ആരാണ്..?"
"ഹലോ ഹലോ.."
"പറയൂ കേള്‍ക്കണുണ്ട്"
"എന്‍റെ പേര് പങ്കജാക്ഷന്‍ കെ.പി. മീരക്കുട്ടിയല്ലേ..?"
"അതേല്ലോ..അങ്കിള്‍ എവിടുവന്നാ വിളിക്കുന്നത്..?"
"കൊല്ലത്തു നിന്നാ..പിന്നെ എനിക്ക് അത്രക്ക് പ്രായമൊന്നുമില്ല കേട്ടോ..മീരക്കുട്ടിയെന്നെ ചേട്ടനെന്ന് വിളിച്ചാല്‍ മതി."
"ഓ..വെരി നൈസ് അങ്കിള്‍..ശ്ശൊ..സോറി..ചേട്ടന്‍..കൊല്ലത്ത് എവിടാ വീട്.?"
"കൊല്ലമൊക്കെ അറിയ്വോ..?കുണ്ടറക്കടുത്താ താമസം"
"കുണ്ടറ..മ് മ് മ്..ശ്ശൊ..അറിയില്ലാ..ട്ടോ.സോറി..പിന്നെ ചേട്ടനെന്തു ചെയ്യുന്നു..?ഇപ്പാള്‍ എന്നോട് സംസാരിക്കുകയാണെന്നറിയാം..അങ്ങനൊന്നുമ പറഞ്ഞു കളയല്ലേ ചേട്ടാ..എന്നാലും ചേട്ടനെന്താ ജോലി..?"
"ഈ കുട്ടീടെ ഓരോ തമാശ.ഞാനൊരു കട നടത്തുന്നു.ഒരു മൊബൈല്‍ ഷോപ്പ്.മീരയ്ക്ക് സുഖമല്ലേ..?"
"ആണല്ലോ ചേട്ടാ.പരമസുഖം.ചേട്ടന്‍രെ വീട്ടില്‍ ആരൊക്കെയുണ്ട്..?"
"വീട്ടില്‍..ഞാന്‍ ഭാര്യ രണ്ട് കുട്ടികള്‍"
"ഓ..ചേച്ചി അടുത്തുണ്ടോ..?"
"ഇല്ല.."
"അപ്പോള്‍ ചേട്ടന്‍ ഒറ്റയ്ക്കാണല്ലേ..?"
"ആണല്ലോ..അതല്ലേ വിളിച്ചത്.ഇവിടാണേല്‍ മിണ്ടാനും പറയാനും ആരുമില്ല.ബോറടിച്ച് ചത്തു.പിന്നെ മീരയെ ഈ വേഷത്തില്‍ കാമാന്‍ നല്ല ഭംഗിയുണ്ട്..ആ എടുപ്പും തുടിപ്പും..ഉല്‍സവത്തിന് കേശവന്‍ നെറ്റിപ്പട്ടമൊക്കെ കെട്ടി നെഞ്ചും വിരിച്ചൊരു നില്‍പ്പുണ്ടല്ലോ..അതാ ഓര്‍മ വരുന്നേ.."
"ശ്ശൊ..ഈ ചേട്ടന്‍റെ ഒരു കാര്യം..എനി വെ താങ്ക്യൂ ഫോര്‍ ദ കോപ്ലിമെന്‍സ്.ചേട്ടനേത് പാട്ടാണ് വേണ്ടത്..?"
"എനിക്ക് ഡാഡി മമ്മി വീട്ടില്ലില്ലേ എന്ന പാട്ട്"
"ഓ സൂപ്പര്‍ പാട്ടാണല്ലോ..എന്താ ആരും വീട്ടില്‍ ഇല്ലാത്തോണ്ടാണോ..ആര്‍ക്കൊക്കെയാണ് ചേട്ടാ ഡെഡിക്കേഷന്‍സ്"
"മീരയ്ക്ക് പിന്നെ അവിടുത്തെ അഭിക്ക് കിരണിന് നാന്‍സിക്ക്..ഒരു സ്പെഷ്യല്‍ ഡെഡിക്കേഷന്‍ കൂടിയുണ്ട്..എന്‍റെ അമ്മയ്ക്ക്.."
"അതെന്താ ചേട്ടാ ഒരു സ്പെഷ്യല്‍ ഡെഡിക്കേഷന്‍..അതും അമ്മയ്ക്ക്..?"
"രണ്ട് ദിവസം മുന്‍പ് എന്‍റെ അമ്മ മരിച്ചു.അതാ..പിന്നെ പ്രോഗ്രാമൊക്കെ നന്നാവണുട് കേട്ടോ.."
"ശരി ചേട്ടാ പാട്ട് വെച്ച് തരാം.വിളിച്ചതില്‍ വളരെ സന്തോഷം.വീണ്ടും വിളിക്കുക.
ഇപ്പോള്‍ വിളിച്ച പങ്കജാക്ഷന്‍ ചേട്ടന്‍ പറഞ്ഞതുപോലെ എനിക്കും അഭിക്കും കിരണിനും നാന്‍സിക്കും പിന്നെ ചേട്ടന്‍റെ രണ്ട് ദിവസം മുന്‍പ് മരിച്ചുപോയ അമ്മയ്ക്കും വേണ്ടി നല്ലൊരു പാട്ട് കണ്ട് തിരിച്ചു വരാം..എന്‍ജോയി..!!"


Friday, January 1, 2010

ഒരാള്‍

ബൈക്ക് 95-100 കിലോമീറ്റര്‍ വേഗത്തില്‍ പായുകയാണ്.ഏറെ നാള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു മോഹമായിരുന്നു സ്വന്തമായൊരു ബൈക്ക്.ഇരുപത്തിനാലാം വയസ്സില്‍ ജോലികിട്ടി ആദ്യ ശബളം കൈ പറ്റിയപ്പോള്‍ ബൈക്കിന് അഡ്വാന്‍സ് കൊടുത്തതും അതുകൊണ്ട് തന്നെയായിരുന്നു.ഇപ്പോള്‍ എന്‍റെ Red colour Super Splender-ന് പ്രായം കഷ്ടി ഒരു മാസം.രാത്രിയും പോരാത്തതിന് ഹര്‍ത്താലുമായത്കൊണ്ട് റോഡില്‍ ഒരു കുഞ്ഞുപോലുമുണ്ടായിരുന്നില്ല.അതാണ് ഈ പാച്ചിലിന്‍റെ പ്രധാന കാരണം.
പക്ഷെ എന്‍ജിനേക്കാള്‍ വേഗത്തില്‍ പാഞ്ഞത് എന്‍റെ മനസ്സായിരുന്നു.യാത്രയില്‍ ചിന്തിച്ചത് മുഴുവന്‍ അവളെ കുറിച്ചായിരുന്നു.10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങള്‍ തമ്മില്‍ അറിഞ്ഞതെങ്കിലും ജന്‍മങ്ങള്‍ നീണ്ട അടുപ്പം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ഇഷ്ടമാണ്.പക്വതയെത്താത്ത പ്രായത്തില്‍ മൊട്ടിട്ടതാണെങ്കിലും ഇന്ന് എല്ലാ ശോഭയോടും കൂടി പ്രണയം സുഗന്ധം പരത്തുന്ന ഒരു പൂവായി മാറിയിരിക്കുന്നു.അവളെ ഞാന്‍ ഇതു വരെയും ‍ജീവിതത്തിലേക്ക് ക്ഷണിക്കാഞ്ഞതിന്‍റെ പ്രധാന തടസ്സം ജോലിയായിരുന്നു.ഇപ്പോള്‍ ജോലിയായി.ജീവിതം തുടങ്ങാമെന്നായി.അങ്ങനെ ചില സുപ്രധാനത്തീരുമാലങ്ങളെടുക്കാനാണ് ഇന്ന് അവളെ കാണാന്‍ പോയത്.ഹര്‍ത്താല്‍ ദിവസം തന്നെ തിരഞ്ഞെടുത്തത് വലിയൊരു അനുഗ്രഹമായി.കാരണം അവളുടെ വീടിനടുത്തുള്ള ബീച്ചില്‍ വെച്ചാണ് കാണാമെന്ന് പറഞ്ഞത്.സാധാരണ ദിവസങ്ങളിലും അവിടെ വല്യ തിരക്ക് കാണില്ല.ഹര്‍ത്താല്‍ ദിവസം കൂടിയായതുകൊണ്ട് കടലും ഞങ്ങളും മാത്രമായി അവിടെ.തിരയെണ്ണി സംസാരിക്കുന്നതിന്‍റെ ശരിക്കുള്ള സുഖം ഇന്നാണ് മനസ്സിലായത്.
ബൈക്കിന്‍റെ സ്പീഡ് ഞാന്‍ ചെറുതായി കുറച്ചു.പക്ഷെ ചിന്തകള്‍ പഴയ വേഗത്തില്‍ തന്നെയാണ്.അവളുടെ നാട്ടില്‍ നിന്ന് എന്‍റെ വീട്ടിലേക്ക് 60 കിലോമീറ്റര്‍ ദൂരമുണ്ട്.ഇനിയും വീട്ടിലെത്താന്‍ 35 കിലോമീറ്റര്‍ കൂടി പോകണം.അവളോട് സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.അതല്ലെങ്കിലും അങ്ങനെയാണ്.അവളോട് സംസാരിക്കുമ്പോള്‍ മാത്രം സമയം എന്നോട് എപ്പോഴും ക്രൂരത കാട്ടും.അവള്‍ ഇന്ന് തിരമാലയേക്കാള്‍ സുന്ദരിയായിരുന്നതായി എനിക്ക് തോന്നി.ചെറിയ ചുവന്ന പൊട്ടുകളുള്ള വെളുത്ത സാരി അവള്‍ക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.അവള്‍ക്ക് എല്ലാ വസ്ത്രങ്ങളും ഇണങ്ങും.പലപ്പോഴും ആ സൗന്ദര്യത്തിന് മുന്നില്‍ വസ്ത്രങ്ങള്‍ തോല്‍ക്കുകയാണ് ചെയ്യാറ്.
അവള്‍ ഇന്നുവേണമെങ്കിലും എന്‍റെയൊപ്പം വരാന്‍ ഒരുക്കമായിരുന്നു.അവള്‍ എന്നോട് ചേര്‍ന്നിരുന്നു.ഒരു നിമിഷം-ഞാന്‍ ആദ്യമായി അവളെ ചുംബിച്ചു.കടല്‍ എല്ലാത്തിനും സാക്ഷി.
ഓര്‍ത്തപ്പോള്‍ ബൈക്കിലിരുന്ന് ഞാന്‍ ചെറുതായി കണ്ണടച്ചു.ആദ്യ ചുംബനത്തിന്‍റെ അനുഭൂതി മനസ്സില്‍ വീണ്ടും പെയ്യാന്‍ തുടങ്ങി.അതുകൊണ്ട് തന്നെയാകണം മുന്നിലെ കുഴി ഞാന്‍ കാണാതെ പോയതും ബൈക്കിന്‍റെ മുന്‍വശത്തെ വീല്‍ അതില്‍ വീണതും ഞാന്‍ റോഡിലേക്ക് തെറിച്ചതും.വളരെ പെട്ടെന്നായിരുന്നു ഓര്‍മകളെല്ലാം മുറിഞ്ഞ് വേദനകൊണ്ട് ഞാന്‍ പുളയാന്‍ തുടങ്ങിയത്.
ബൈക്ക് ദൂരേക്ക് തെറിച്ചു പോയി.എന്‍റെ തല റോഡില്‍ വന്നിടിച്ചു.കുറച്ച് നേരത്തേക്ക് കണ്ണുതുറക്കാന്‍ പോലും കഴിഞ്ഞില്ല.ബോധം പോയിട്ട് വന്നപ്പോള്‍ റോഡില്‍ തന്നെ കിടക്കുകയാണ്.തലയില്‍ നിന്ന് ചോരവരുന്നുണ്ടായിരുന്നു.വലതുകാല്‍ അനക്കാന്‍ കൂടി വയ്യ.റോഡ് സൈഡിലെ പാറയില്‍ കാല്‍ ഇടിച്ചന്നു തോന്നുന്നു.ഒടിവു കാണും.തീര്‍ച്ച.
ഞാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.പക്ഷെ വേദന എന്നെ തിരിച്ചു വലിച്ചു.ആദ്യമായാണ് ഇത്രയും വേദന ഞാന്‍ അനുഭവിക്കുന്നത്.ഞാന്‍ ഉറക്കെ വിളിച്ചു കൂവി.ആരു കേള്‍ക്കാന്‍.അവിടെയൊന്നും ആരുമുണ്ടായിരുന്നില്ല.എന്‍റെ രോദനം ഇരുളില്‍ ചേര്‍ന്നലിഞ്ഞില്ലാതെയായി.
പോക്കറ്റില്‍ മൊബൈല്‍ ഉണ്ടോന്നു നോക്കി.വീഴ്ചയുടെ ആഘാതത്തില്‍ അതും നഷ്ടപ്പെട്ടിരുന്നു.ഞാന്‍ കുറച്ച് നേരം കൂടി അങ്ങനെ കിടന്നു.വേദന അസഹനീയമായിരുന്നു.മരണം അടുത്തെത്തിയതുപോലെ തോന്നി.ഞാന്‍ ഇനി ജീവിച്ചിരിക്കുകയില്ലെന്ന് ഉറപ്പിച്ചു.
ജീവിതത്തിന്‍റെ വെളിച്ചവുമായി അപ്പോള്‍ ഒരു ബൈക്ക് ആ വഴി വന്നു.ഞാന്‍ ഉറക്കെ വിളിച്ചിട്ടും അയാള്‍ നിര്‍ത്താതെ പോയി.വീണ്ടും എന്‍റെ ചിന്തകളില്‍ മരണം നിറഞ്ഞു.
ഹര്‍ത്താല്‍ എനിക്ക് അങ്ങനെ സുഖവും അതിലേറെ ദുഖവും തന്നു.മരണവും കാത്ത് ഞാന്‍ കിടന്നു.ജീവിതത്തെപറ്റി എനിക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല.എനിക്ക് അമ്മയെ ഒന്നു കാണണമെന്നുണ്ടായിരുന്നു.ഞാന്‍ വരുന്നതും കാത്ത് ഇരിക്കുകയാകും പാവം.
വീണ്ടും ഒരു വെളിച്ചം.പോലീസ് ജീപ്പായിരുന്നു.ഞാന്‍ വിളിച്ചപ്പോള്‍ കുറച്ച് ദൂരെയായി ജീപ്പ് നിര്‍ത്തി.പക്ഷെ പ്രതീക്ഷകള്‍ വീണ്ടും കറുത്തു.ഒരു പോലീസ്കാരന്‍ ജീപ്പില്‍ നിന്നിറങ്ങി മൂത്രമൊഴിച്ചിട്ട് തിരികെ കയറി ജീപ്പോടിച്ച് പോയി.ഞാന്‍ നാടിനെ ശപിച്ചില്ല.ഹര്‍ത്താല്‍ ദിവസം ഇറങ്ങി പുറപ്പെട്ട എന്നെ തന്നെ ഞാന്‍ പഴി പറഞ്ഞു.ഇനി അതിന്‍റെ ഒന്നും ആവശ്യമില്ലെങ്കിന്‍ പോലും..
വേദന കൂടി.ഞാന്‍ പതുക്കെ കണ്ണടച്ചു.പല ശബ്ദങ്ങളും കാതില് ‍മുഴങ്ങാന്‍ തുടങ്ങി.അതില്‍ ഏറ്റവും മുഴച്ച് നിന്നതും വ്യക്തമാകാഞ്ഞതും ഒരു പരുക്കന്‍ ശബ്ദമായിരുന്നു.അത് മരണത്തിന്‍റെ ആര്‍പ്പുവിളിയായിരുന്നിരിക്കണം.
എന്‍റെ ചുമലില്‍ ആരോ ഒരാള്‍ കൈവെച്ചു.എന്നെ എഴുന്നേല്‍പ്പിച്ചു.എനിക്ക് കണ്ണു തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.മരണമെന്നെ കൊണ്ട് പോകുകയാണെന്നാണ് തോന്നിയത്.പക്ഷെ മരണത്തിന്‍റെ കൈകള്‍ക്ക് ഇത്രയ്ക്ക് മൃതുത്വം ഉണ്ടാവുകയില്ലെന്ന് എനിക്ക് തോന്നി.അത് ശരിയായിരുന്നു.
ബോധം വന്നപ്പോള്‍ ഞാന്‍ ആശുപത്രി കിടക്കയില്‍ ആയിരുന്നു.തലയിലേയും കാലുകളിലെയും വേദനകള്‍ക്കിടയില്‍ ജീവിതത്തിന്‍റെ സുഖം ഞാനറിഞ്ഞു.
എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് ഞാന്‍ അടുത്തുനിന്ന സിസ്റ്ററിനോട് ചോദിച്ചു.
രക്തത്തില്‍ കുളിച്ച് മരണാസന്നനായി കിടന്ന നിങ്ങളെ ഒരാള്‍ ഒരു ഓട്ടോറിക്ഷയില്‍ ഇവിടെ കൊണ്ടു വന്നു.കുറച്ചു കൂടി വൈകിയിരുന്നെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ലായിരുന്നു.അയാള്‍ തന്നെയാണ് രക്തവും തന്നത്.രാവിലെ ബില്ലും പേ ചെയ്ത് അയാള്‍ പോയി.-അവര്‍ പറഞ്ഞു.
ദൈവമില്ലെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.പക്ഷെ ഞാന്‍ മനുഷ്യരില്‍ വിശ്വസിക്കുന്നു.ആ വിശ്വാസമാണ് ആദ്യം നിര്‍ത്താതെപോയ ബൈക്ക് കാരന്‍ തിരിച്ച് വന്ന് എന്നെ ആശുപത്രിയില്‍ എത്തിച്ചത്.ആ വിശ്വാസത്തിന്‍റെ ചോരയാണ് ഇന്ന് എന്‍റെ സിരകളില്‍ ഒഴുകുന്നത്.