Sunday, January 10, 2010

എന്‍റെ ഉന്തിയപല്ലും കോളേജ്ബ്യൂട്ടിയും


     തെക്കേടത്തുനിന്ന് കൊണ്ടുവന്ന നല്ല സൊയമ്പന്‍ രുചിയുള്ള മാമ്പഴം ആസ്വദിച്ചങ്ങനെ കഴിക്കുകയായിരുന്നു ഞാന്‍.നല്ല നാരിറങ്ങിയ മാമ്പഴമായിരുന്നു.എന്‍റെ ഐഡന്‍റിറ്റിയുടെ പ്രതീകമായ മുന്‍പിലെ ഉന്തിനില്‍ക്കുന്ന രണ്ട് പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ നാരങ്ങനെ വലിച്ചു പുറത്തേക്കിടാന്‍ ഞാന്‍ ഇമ്മിണി കഷ്ടപ്പെട്ടു.ഉന്തിയ വിഖ്യാതമായ പല്ലുകള്‍ക്കിടയില്‍ കൈ തടഞ്ഞപ്പോഴാണ് മനസ്സില്‍ പഴയൊരു കഥ ഓര്‍മ്മവന്നത്.കുറച്ചധികം പഴകിയ സുന്ദരമായ ഒരു കഥയാണ്.ഉന്തിയ പല്ലുകള്‍ ഞാന്‍ വലിയൊരു ശാപമായി കണ്ടിരുന്ന സമയത്ത് നടന്ന ഒരു സംഭവ കഥ.അക്കാലത്ത് പല്ലുകള്‍ അങ്ങനെ പുറത്ത് ചാടിപോകാതിരിക്കാന്‍ ഞാന്‍ അധികം ആരോടും സംസാരിച്ചിരുന്നില്ല.കോളേജില്‍ അതുകൊണ്ട് ഞാന്‍ നല്ല കുട്ടിയായിരുന്നു.
     അങ്ങനെ ഒരു ദിവസം ഞാന്‍ കോളേജിന്‍റെ ഇടനാഴിയില്‍ നിന്നിറങ്ങി വലതു വശത്തെ വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ പുറകില്‍ നിന്നൊരു വിളി-"ടാ..ചുണ്ടെലീ..."-ന്ന്.എന്‍റെ ബെസ്റ്റ് ടൈമായിരുന്നത് കൊണ്ട് ഫസ്റ്റ് ഇയറിലെ എല്ലാ പെണ്‍ത്തരികളും അവിടെ സന്നിഹിതരായിരുന്നു.എന്‍റെ ക്ലാസില്‍ തന്നെ പഠിക്കുന്ന ഒരു പഹയന്‍ തെണ്ടി തന്നെയാണ് എന്നെ അപമാനിച്ചത്.സത്യമായും ഇതിനു മുന്‍പ് ഞാന്‍ അവനോട് ഒരു തെറ്റും ചെയ്തിട്ടില്ലായിരുന്നു.അല്ലെങ്കില്‍ അവന്‍ പകപോക്കിയതാ എന്നോര്‍ത്തെങ്കിലും വെറുതെ സമാധാനിക്കാരുന്നു.എന്നിട്ടും അവന്‍..എനിക്കാകെ തരിച്ചു വന്നു.എവിടെനിന്നോ കിട്ടിയ ആവേശത്തിന്‍റെ പുറത്ത് ഞാന്‍ ഓടി ചാടി അവന്‍റെ അടുത്തേക്ക് ചെന്ന് "നീയെന്നെ എലീന്നു വിളിക്കും അല്ലേടാ പന്നിമോറാ.."-എന്നും പറഞ്ഞ് അവന്‍റെ മുഖത്തിനിട്ട് ഒരുഗ്രന്‍ ഇടി പാസ്സാക്കി.പരിസരം നോക്കാതെ റിയാക്ട് ചെയ്തതിന്‍റെ പ്രതിഫലം എനിക്ക് ഉടന്‍ തന്നെ കിട്ടുകയും ചെയ്തു.അവന്‍റെ ഒരു കൂട്ടുകാരന്‍-തടിമാടന്‍ എവിടെ നിന്നോ ചാടിത്തുള്ളി വന്ന് എന്നെ ചന്നാറു പിന്നാറ് പൊട്ടിച്ചു.കൂട്ടത്തില്‍ എന്‍റെ ശാപം കിട്ടിയ പല്ലുകള്‍ക്കും കിട്ടി രണ്ട്.കിട്ടട്ടെ എന്ന് ഞാനും കരുതി.അവറ്റകള്‍ കാരണമാണല്ലോ എനിക്കിന്ന് ഈ ഗതി വന്നത്.എന്നോട് ഒരു സ്നേഹവുമില്ലാത്ത അലവലാതികള്‍.ഞാന്‍ ഒരു നരുന്തായതുകൊണ്ട് ചോദിക്കാനും പറയാനുമൊന്നും നില്‍ക്കാതെ കിട്ടിതും കൊണ്ട് തൃപ്തിയടഞ്ഞ് വേദിയൊഴിഞ്ഞു.     ആളൊഴിഞ്ഞ ഒരു സ്ഥലം തിരഞ്ഞ് നടക്കുകയായിരുന്നു ഞാന്‍.ആ പന്നന്‍റെ കൈയില്‍ നിന്ന് പല്ലുകള്‍ക്കിടയിലെ സ്പോട്ടില്‍ കൊണ്ട ഇടി സ്റ്റൈലായി ഏറ്റു എന്ന് പറഞ്ഞാല്‍ മതീല്ലോ.ചോരയുടെ രുചി പതുക്കെ ഞാന്‍ അറിയാന്‍ തുടങ്ങി.പരിക്ക് എത്ര ശതമാനമുണ്ടെന്ന് അറിയാനാണ്,സ്വയം പരിശോധിക്കാനാണ് ഒരു സേഫ്റ്റി പ്ലേയിസ് ഞാന്‍ അന്വോഷിക്കുന്നത്.ആരും കാണരുതല്ലോ.ഭാഗ്യത്തിന് കാന്‍റീനടുത്തുള്ള പൈപ്പിന്‍റെമൂട്ടില്‍ ആരുമുണ്ടായിരുന്നില്ല.പറ്റിയ സ്ഥലം.ഞാനുറപ്പിച്ചു.അങ്ങനെ കൈയിലുണ്ടായിരുന്ന കണ്ണാടിയെടുത്ത് മുഖത്തിന് നേരെ പിടിച്ച് പരിക്ക് പരിശോധിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ തൊട്ടു പുറകില്‍ ചക്ക വെട്ടിയിട്ടതുപോലൊരു ഭീകരമായൊരു ഒച്ചകേട്ട് ഞാന്‍ പേടിച്ച് തിരിഞ്ഞുനോക്കി.
     ഇതാണ് പറയുന്നത് എല്ലാത്തിനും ഒരു സമയവും കാലവുമൊക്കെ ഉണ്ടെന്ന്.ഇതാണ് എന്‍റെ സമയം.പിറകും കുത്തി ചടപടേന്ന് വീണത് മറ്റാരുമല്ല-അഹങ്കാരം കണ്ടു പിടിച്ച മൈസ്രേട്ട്,കോളേജിലെ സൗന്ദര്യ റാണി-മിസ് രേവതി നായര്‍.ഇതാണല്ലേ നായരു പിടിച്ച പുലിവാല്-അവളിരുന്ന് വാലുവരുന്ന ഭാഗം തടവിയപ്പോള്‍ എനിക്കങ്ങനെയാണ് തോന്നിയത്.
കാന്‍റീനു മുന്നിലെ ചെളിക്കെട്ടിന് പരിഹാരം കാണാനുള്ള സമരത്തിന് ഇന്നു മുതല്‍ ഞാനില്ല.ചെളിയെ..നിങ്ങ‍ള്‍ക്കു നന്ദി.നായരെ വീഴ്ത്തിയതിന്.
     നായര് ധൃതിയില്‍ എന്തോ തിരയുന്നത് അപ്പോഴാണ് ഞാന്‍ കണ്ടത്.അതെന്താണെന്നുള്ള ഉത്തരം അവളുടെ തലക്കു മുകളിന്‍ തന്നെയുണ്ടായിരുന്നു.കുറ്റം പറയരുതല്ലോ.മുട്ട് വരെയുള്ള മുടിയും കുലുക്കി കുലുക്കി സകലമാന ആണുങ്ങളുടെയും കണ്‍ട്രോള്‍ കളഞ്ഞാണ് ഭവതിയുടെ നടപ്പ്.ഇപ്പോ നോക്കിയപ്പോഴുണ്ടല്ലോ..,നായര്‍ക്ക് കഴുത്തറ്റം പോലും മുടിയില്ല.സംഗതി പിടിക്കിട്ടിയില്ലേ.നായര് ഒളിപ്പിച്ചത് മറ്റൊന്നുമല്ല.വീഴ്ച്ചയുടെ ആഘാതത്തില്‍ തെറിച്ചുപോയ അസ്സല്‍ വെപ്പുമുടിയായിരുന്നു-തിരുപ്പന്‍.
     എന്തായാലും പുള്ളിക്കാരി ജനിച്ചിട്ട് ഇന്നേവരെ ഇത്രേം നാണം കെട്ടിട്ടുണ്ടാകില്ല.എനിക്കാണെങ്കില്‍ പണ്ടാരമടങ്ങാനായിട്ട് ചിരി വന്നിട്ടും പാടില്ല."യുറേക്കാ യുറേക്കാ..കണ്ടുപിടിച്ചേ കണ്ടുപിടിച്ചേ.."-എന്നും വിളിച്ചോണ്ട് കോളേജ് മൊത്തം ഓടി നടന്ന് പുതിയ കഥ പറയാന്‍ എനിക്ക് ആവേശമായി.
     പക്ഷെ എന്തു ചെയ്യാന്‍.എന്‍റെ ദൗര്‍ബല്യത്തില്‍ തന്നെ അവള്‍ കൂച്ചുവിലങ്ങിട്ടു.സുന്ദരമായി ആ സുന്ദരി എന്‍റെ മുന്നില്‍ നിന്ന് കരഞ്ഞു.എന്തായാലും ഞാന്‍ നടന്നതൊന്നും ആരോടും പറയില്ലെന്ന് നായര്ക്ക് വാക്കു കൊടുത്തു.ഒടുവില്‍ എനിക്ക് ഒരു ചെറു പുന്‍ചിരി സമ്മാനിച്ച് അവള്‍ പോയി.അവളെ വീഴ്ത്തിയ-കരയിപ്പിച്ച-ചിരിപ്പിച്ച എന്‍റെ സുന്ദരകുട്ടപ്പന്‍ പല്ലുകള്‍ക്ക് ജീവിതത്തിലാദ്യമായി ഞാന്‍ എന്‍റെ പേരിലും എന്‍റെ ശരീരത്തിലെ ഓരോ അവയവങ്ങളുടെ പേരിലും നന്ദി രേഖപ്പെടുത്തി.
     അടുത്ത ദിവസം മുതല്‍ കോളേജിലെ കഥയാകെ മാറി.എന്‍റെ ശുക്രന്‍ ഉദിച്ചു എന്നു തന്നെ പറയാം.പൊട്ടന്‍ ലോട്ടറി അടിച്ചു എന്ന് പറഞ്ഞു ചില കുശുമ്പന്‍(മ്പി)പാപ്പരാസികള്‍.കഥ മറ്റൊന്നുമല്ല.കോളേജ് സുന്ദരി മിസ് രേവതി നായര്‍ എന്‍റെ ഒപ്പമായി നടത്തയും ഇരുത്തയും.കോളേജിലെ സകലമാന്യ ശിരോമണികളും അത്യാല്‍ഭുതത്തോടെ അത് നോക്കി നിന്നു.റാണിയുടെ കൂടെ നടക്കുന്നു എന്ന അവിഹിത മാര്‍ഗത്തിലൂടെ ഞാന്‍ അങ്ങനെ കോളേജിലെ രാജാവുമായി.
     എന്നെ ചുണ്ടെലി എന്നു വിളിച്ച പന്നിമോറന്‍ വാലും മടക്കി പോക്കറ്റില്‍ വെച്ച് എന്നെ കാണാന്‍ വന്നു പിന്നീട്.കോളേജ് റാണിയെ വളയ്ക്കാന്‍ ഞാന്‍ വഴി ശുപാര്‍ശകത്ത് നല്‍കാന്‍.പിന്നെ..എന്‍റെ പട്ടി കൊടുക്കും.എന്തായാലും ആ പേരില്‍ കുറേ പുട്ടും കടലയും ഞാന്‍ അകത്താക്കി.ഒരു മധുര പ്രതികാരം.എന്തായാലും പിന്നീടങ്ങോട്ട് എന്‍റെ സുവര്‍ണകാലമായിരുന്നു.എന്‍റെ പുറത്തേക്കുന്തിയ പല്ലുകളേ..ചുണക്കുട്ടപ്പന്‍മാരേ..നിങ്ങള്‍ക്കു നന്ദി..
Tuesday, January 5, 2010

റോഗ് നമ്പര്‍

"ഹലോ..ഗുഡ് ഈവനിങ്..ലേഡീസ് ഒണ്‍ലി.ആരാണ്..?"
"ഹലോ ഹലോ.."
"പറയൂ കേള്‍ക്കണുണ്ട്"
"എന്‍റെ പേര് പങ്കജാക്ഷന്‍ കെ.പി. മീരക്കുട്ടിയല്ലേ..?"
"അതേല്ലോ..അങ്കിള്‍ എവിടുവന്നാ വിളിക്കുന്നത്..?"
"കൊല്ലത്തു നിന്നാ..പിന്നെ എനിക്ക് അത്രക്ക് പ്രായമൊന്നുമില്ല കേട്ടോ..മീരക്കുട്ടിയെന്നെ ചേട്ടനെന്ന് വിളിച്ചാല്‍ മതി."
"ഓ..വെരി നൈസ് അങ്കിള്‍..ശ്ശൊ..സോറി..ചേട്ടന്‍..കൊല്ലത്ത് എവിടാ വീട്.?"
"കൊല്ലമൊക്കെ അറിയ്വോ..?കുണ്ടറക്കടുത്താ താമസം"
"കുണ്ടറ..മ് മ് മ്..ശ്ശൊ..അറിയില്ലാ..ട്ടോ.സോറി..പിന്നെ ചേട്ടനെന്തു ചെയ്യുന്നു..?ഇപ്പാള്‍ എന്നോട് സംസാരിക്കുകയാണെന്നറിയാം..അങ്ങനൊന്നുമ പറഞ്ഞു കളയല്ലേ ചേട്ടാ..എന്നാലും ചേട്ടനെന്താ ജോലി..?"
"ഈ കുട്ടീടെ ഓരോ തമാശ.ഞാനൊരു കട നടത്തുന്നു.ഒരു മൊബൈല്‍ ഷോപ്പ്.മീരയ്ക്ക് സുഖമല്ലേ..?"
"ആണല്ലോ ചേട്ടാ.പരമസുഖം.ചേട്ടന്‍രെ വീട്ടില്‍ ആരൊക്കെയുണ്ട്..?"
"വീട്ടില്‍..ഞാന്‍ ഭാര്യ രണ്ട് കുട്ടികള്‍"
"ഓ..ചേച്ചി അടുത്തുണ്ടോ..?"
"ഇല്ല.."
"അപ്പോള്‍ ചേട്ടന്‍ ഒറ്റയ്ക്കാണല്ലേ..?"
"ആണല്ലോ..അതല്ലേ വിളിച്ചത്.ഇവിടാണേല്‍ മിണ്ടാനും പറയാനും ആരുമില്ല.ബോറടിച്ച് ചത്തു.പിന്നെ മീരയെ ഈ വേഷത്തില്‍ കാമാന്‍ നല്ല ഭംഗിയുണ്ട്..ആ എടുപ്പും തുടിപ്പും..ഉല്‍സവത്തിന് കേശവന്‍ നെറ്റിപ്പട്ടമൊക്കെ കെട്ടി നെഞ്ചും വിരിച്ചൊരു നില്‍പ്പുണ്ടല്ലോ..അതാ ഓര്‍മ വരുന്നേ.."
"ശ്ശൊ..ഈ ചേട്ടന്‍റെ ഒരു കാര്യം..എനി വെ താങ്ക്യൂ ഫോര്‍ ദ കോപ്ലിമെന്‍സ്.ചേട്ടനേത് പാട്ടാണ് വേണ്ടത്..?"
"എനിക്ക് ഡാഡി മമ്മി വീട്ടില്ലില്ലേ എന്ന പാട്ട്"
"ഓ സൂപ്പര്‍ പാട്ടാണല്ലോ..എന്താ ആരും വീട്ടില്‍ ഇല്ലാത്തോണ്ടാണോ..ആര്‍ക്കൊക്കെയാണ് ചേട്ടാ ഡെഡിക്കേഷന്‍സ്"
"മീരയ്ക്ക് പിന്നെ അവിടുത്തെ അഭിക്ക് കിരണിന് നാന്‍സിക്ക്..ഒരു സ്പെഷ്യല്‍ ഡെഡിക്കേഷന്‍ കൂടിയുണ്ട്..എന്‍റെ അമ്മയ്ക്ക്.."
"അതെന്താ ചേട്ടാ ഒരു സ്പെഷ്യല്‍ ഡെഡിക്കേഷന്‍..അതും അമ്മയ്ക്ക്..?"
"രണ്ട് ദിവസം മുന്‍പ് എന്‍റെ അമ്മ മരിച്ചു.അതാ..പിന്നെ പ്രോഗ്രാമൊക്കെ നന്നാവണുട് കേട്ടോ.."
"ശരി ചേട്ടാ പാട്ട് വെച്ച് തരാം.വിളിച്ചതില്‍ വളരെ സന്തോഷം.വീണ്ടും വിളിക്കുക.
ഇപ്പോള്‍ വിളിച്ച പങ്കജാക്ഷന്‍ ചേട്ടന്‍ പറഞ്ഞതുപോലെ എനിക്കും അഭിക്കും കിരണിനും നാന്‍സിക്കും പിന്നെ ചേട്ടന്‍റെ രണ്ട് ദിവസം മുന്‍പ് മരിച്ചുപോയ അമ്മയ്ക്കും വേണ്ടി നല്ലൊരു പാട്ട് കണ്ട് തിരിച്ചു വരാം..എന്‍ജോയി..!!"


Friday, January 1, 2010

ഒരാള്‍

ബൈക്ക് 95-100 കിലോമീറ്റര്‍ വേഗത്തില്‍ പായുകയാണ്.ഏറെ നാള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു മോഹമായിരുന്നു സ്വന്തമായൊരു ബൈക്ക്.ഇരുപത്തിനാലാം വയസ്സില്‍ ജോലികിട്ടി ആദ്യ ശബളം കൈ പറ്റിയപ്പോള്‍ ബൈക്കിന് അഡ്വാന്‍സ് കൊടുത്തതും അതുകൊണ്ട് തന്നെയായിരുന്നു.ഇപ്പോള്‍ എന്‍റെ Red colour Super Splender-ന് പ്രായം കഷ്ടി ഒരു മാസം.രാത്രിയും പോരാത്തതിന് ഹര്‍ത്താലുമായത്കൊണ്ട് റോഡില്‍ ഒരു കുഞ്ഞുപോലുമുണ്ടായിരുന്നില്ല.അതാണ് ഈ പാച്ചിലിന്‍റെ പ്രധാന കാരണം.
പക്ഷെ എന്‍ജിനേക്കാള്‍ വേഗത്തില്‍ പാഞ്ഞത് എന്‍റെ മനസ്സായിരുന്നു.യാത്രയില്‍ ചിന്തിച്ചത് മുഴുവന്‍ അവളെ കുറിച്ചായിരുന്നു.10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങള്‍ തമ്മില്‍ അറിഞ്ഞതെങ്കിലും ജന്‍മങ്ങള്‍ നീണ്ട അടുപ്പം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ഇഷ്ടമാണ്.പക്വതയെത്താത്ത പ്രായത്തില്‍ മൊട്ടിട്ടതാണെങ്കിലും ഇന്ന് എല്ലാ ശോഭയോടും കൂടി പ്രണയം സുഗന്ധം പരത്തുന്ന ഒരു പൂവായി മാറിയിരിക്കുന്നു.അവളെ ഞാന്‍ ഇതു വരെയും ‍ജീവിതത്തിലേക്ക് ക്ഷണിക്കാഞ്ഞതിന്‍റെ പ്രധാന തടസ്സം ജോലിയായിരുന്നു.ഇപ്പോള്‍ ജോലിയായി.ജീവിതം തുടങ്ങാമെന്നായി.അങ്ങനെ ചില സുപ്രധാനത്തീരുമാലങ്ങളെടുക്കാനാണ് ഇന്ന് അവളെ കാണാന്‍ പോയത്.ഹര്‍ത്താല്‍ ദിവസം തന്നെ തിരഞ്ഞെടുത്തത് വലിയൊരു അനുഗ്രഹമായി.കാരണം അവളുടെ വീടിനടുത്തുള്ള ബീച്ചില്‍ വെച്ചാണ് കാണാമെന്ന് പറഞ്ഞത്.സാധാരണ ദിവസങ്ങളിലും അവിടെ വല്യ തിരക്ക് കാണില്ല.ഹര്‍ത്താല്‍ ദിവസം കൂടിയായതുകൊണ്ട് കടലും ഞങ്ങളും മാത്രമായി അവിടെ.തിരയെണ്ണി സംസാരിക്കുന്നതിന്‍റെ ശരിക്കുള്ള സുഖം ഇന്നാണ് മനസ്സിലായത്.
ബൈക്കിന്‍റെ സ്പീഡ് ഞാന്‍ ചെറുതായി കുറച്ചു.പക്ഷെ ചിന്തകള്‍ പഴയ വേഗത്തില്‍ തന്നെയാണ്.അവളുടെ നാട്ടില്‍ നിന്ന് എന്‍റെ വീട്ടിലേക്ക് 60 കിലോമീറ്റര്‍ ദൂരമുണ്ട്.ഇനിയും വീട്ടിലെത്താന്‍ 35 കിലോമീറ്റര്‍ കൂടി പോകണം.അവളോട് സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.അതല്ലെങ്കിലും അങ്ങനെയാണ്.അവളോട് സംസാരിക്കുമ്പോള്‍ മാത്രം സമയം എന്നോട് എപ്പോഴും ക്രൂരത കാട്ടും.അവള്‍ ഇന്ന് തിരമാലയേക്കാള്‍ സുന്ദരിയായിരുന്നതായി എനിക്ക് തോന്നി.ചെറിയ ചുവന്ന പൊട്ടുകളുള്ള വെളുത്ത സാരി അവള്‍ക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.അവള്‍ക്ക് എല്ലാ വസ്ത്രങ്ങളും ഇണങ്ങും.പലപ്പോഴും ആ സൗന്ദര്യത്തിന് മുന്നില്‍ വസ്ത്രങ്ങള്‍ തോല്‍ക്കുകയാണ് ചെയ്യാറ്.
അവള്‍ ഇന്നുവേണമെങ്കിലും എന്‍റെയൊപ്പം വരാന്‍ ഒരുക്കമായിരുന്നു.അവള്‍ എന്നോട് ചേര്‍ന്നിരുന്നു.ഒരു നിമിഷം-ഞാന്‍ ആദ്യമായി അവളെ ചുംബിച്ചു.കടല്‍ എല്ലാത്തിനും സാക്ഷി.
ഓര്‍ത്തപ്പോള്‍ ബൈക്കിലിരുന്ന് ഞാന്‍ ചെറുതായി കണ്ണടച്ചു.ആദ്യ ചുംബനത്തിന്‍റെ അനുഭൂതി മനസ്സില്‍ വീണ്ടും പെയ്യാന്‍ തുടങ്ങി.അതുകൊണ്ട് തന്നെയാകണം മുന്നിലെ കുഴി ഞാന്‍ കാണാതെ പോയതും ബൈക്കിന്‍റെ മുന്‍വശത്തെ വീല്‍ അതില്‍ വീണതും ഞാന്‍ റോഡിലേക്ക് തെറിച്ചതും.വളരെ പെട്ടെന്നായിരുന്നു ഓര്‍മകളെല്ലാം മുറിഞ്ഞ് വേദനകൊണ്ട് ഞാന്‍ പുളയാന്‍ തുടങ്ങിയത്.
ബൈക്ക് ദൂരേക്ക് തെറിച്ചു പോയി.എന്‍റെ തല റോഡില്‍ വന്നിടിച്ചു.കുറച്ച് നേരത്തേക്ക് കണ്ണുതുറക്കാന്‍ പോലും കഴിഞ്ഞില്ല.ബോധം പോയിട്ട് വന്നപ്പോള്‍ റോഡില്‍ തന്നെ കിടക്കുകയാണ്.തലയില്‍ നിന്ന് ചോരവരുന്നുണ്ടായിരുന്നു.വലതുകാല്‍ അനക്കാന്‍ കൂടി വയ്യ.റോഡ് സൈഡിലെ പാറയില്‍ കാല്‍ ഇടിച്ചന്നു തോന്നുന്നു.ഒടിവു കാണും.തീര്‍ച്ച.
ഞാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.പക്ഷെ വേദന എന്നെ തിരിച്ചു വലിച്ചു.ആദ്യമായാണ് ഇത്രയും വേദന ഞാന്‍ അനുഭവിക്കുന്നത്.ഞാന്‍ ഉറക്കെ വിളിച്ചു കൂവി.ആരു കേള്‍ക്കാന്‍.അവിടെയൊന്നും ആരുമുണ്ടായിരുന്നില്ല.എന്‍റെ രോദനം ഇരുളില്‍ ചേര്‍ന്നലിഞ്ഞില്ലാതെയായി.
പോക്കറ്റില്‍ മൊബൈല്‍ ഉണ്ടോന്നു നോക്കി.വീഴ്ചയുടെ ആഘാതത്തില്‍ അതും നഷ്ടപ്പെട്ടിരുന്നു.ഞാന്‍ കുറച്ച് നേരം കൂടി അങ്ങനെ കിടന്നു.വേദന അസഹനീയമായിരുന്നു.മരണം അടുത്തെത്തിയതുപോലെ തോന്നി.ഞാന്‍ ഇനി ജീവിച്ചിരിക്കുകയില്ലെന്ന് ഉറപ്പിച്ചു.
ജീവിതത്തിന്‍റെ വെളിച്ചവുമായി അപ്പോള്‍ ഒരു ബൈക്ക് ആ വഴി വന്നു.ഞാന്‍ ഉറക്കെ വിളിച്ചിട്ടും അയാള്‍ നിര്‍ത്താതെ പോയി.വീണ്ടും എന്‍റെ ചിന്തകളില്‍ മരണം നിറഞ്ഞു.
ഹര്‍ത്താല്‍ എനിക്ക് അങ്ങനെ സുഖവും അതിലേറെ ദുഖവും തന്നു.മരണവും കാത്ത് ഞാന്‍ കിടന്നു.ജീവിതത്തെപറ്റി എനിക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല.എനിക്ക് അമ്മയെ ഒന്നു കാണണമെന്നുണ്ടായിരുന്നു.ഞാന്‍ വരുന്നതും കാത്ത് ഇരിക്കുകയാകും പാവം.
വീണ്ടും ഒരു വെളിച്ചം.പോലീസ് ജീപ്പായിരുന്നു.ഞാന്‍ വിളിച്ചപ്പോള്‍ കുറച്ച് ദൂരെയായി ജീപ്പ് നിര്‍ത്തി.പക്ഷെ പ്രതീക്ഷകള്‍ വീണ്ടും കറുത്തു.ഒരു പോലീസ്കാരന്‍ ജീപ്പില്‍ നിന്നിറങ്ങി മൂത്രമൊഴിച്ചിട്ട് തിരികെ കയറി ജീപ്പോടിച്ച് പോയി.ഞാന്‍ നാടിനെ ശപിച്ചില്ല.ഹര്‍ത്താല്‍ ദിവസം ഇറങ്ങി പുറപ്പെട്ട എന്നെ തന്നെ ഞാന്‍ പഴി പറഞ്ഞു.ഇനി അതിന്‍റെ ഒന്നും ആവശ്യമില്ലെങ്കിന്‍ പോലും..
വേദന കൂടി.ഞാന്‍ പതുക്കെ കണ്ണടച്ചു.പല ശബ്ദങ്ങളും കാതില് ‍മുഴങ്ങാന്‍ തുടങ്ങി.അതില്‍ ഏറ്റവും മുഴച്ച് നിന്നതും വ്യക്തമാകാഞ്ഞതും ഒരു പരുക്കന്‍ ശബ്ദമായിരുന്നു.അത് മരണത്തിന്‍റെ ആര്‍പ്പുവിളിയായിരുന്നിരിക്കണം.
എന്‍റെ ചുമലില്‍ ആരോ ഒരാള്‍ കൈവെച്ചു.എന്നെ എഴുന്നേല്‍പ്പിച്ചു.എനിക്ക് കണ്ണു തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.മരണമെന്നെ കൊണ്ട് പോകുകയാണെന്നാണ് തോന്നിയത്.പക്ഷെ മരണത്തിന്‍റെ കൈകള്‍ക്ക് ഇത്രയ്ക്ക് മൃതുത്വം ഉണ്ടാവുകയില്ലെന്ന് എനിക്ക് തോന്നി.അത് ശരിയായിരുന്നു.
ബോധം വന്നപ്പോള്‍ ഞാന്‍ ആശുപത്രി കിടക്കയില്‍ ആയിരുന്നു.തലയിലേയും കാലുകളിലെയും വേദനകള്‍ക്കിടയില്‍ ജീവിതത്തിന്‍റെ സുഖം ഞാനറിഞ്ഞു.
എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് ഞാന്‍ അടുത്തുനിന്ന സിസ്റ്ററിനോട് ചോദിച്ചു.
രക്തത്തില്‍ കുളിച്ച് മരണാസന്നനായി കിടന്ന നിങ്ങളെ ഒരാള്‍ ഒരു ഓട്ടോറിക്ഷയില്‍ ഇവിടെ കൊണ്ടു വന്നു.കുറച്ചു കൂടി വൈകിയിരുന്നെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ലായിരുന്നു.അയാള്‍ തന്നെയാണ് രക്തവും തന്നത്.രാവിലെ ബില്ലും പേ ചെയ്ത് അയാള്‍ പോയി.-അവര്‍ പറഞ്ഞു.
ദൈവമില്ലെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.പക്ഷെ ഞാന്‍ മനുഷ്യരില്‍ വിശ്വസിക്കുന്നു.ആ വിശ്വാസമാണ് ആദ്യം നിര്‍ത്താതെപോയ ബൈക്ക് കാരന്‍ തിരിച്ച് വന്ന് എന്നെ ആശുപത്രിയില്‍ എത്തിച്ചത്.ആ വിശ്വാസത്തിന്‍റെ ചോരയാണ് ഇന്ന് എന്‍റെ സിരകളില്‍ ഒഴുകുന്നത്.