Sunday, January 10, 2010

എന്‍റെ ഉന്തിയപല്ലും കോളേജ്ബ്യൂട്ടിയും


     തെക്കേടത്തുനിന്ന് കൊണ്ടുവന്ന നല്ല സൊയമ്പന്‍ രുചിയുള്ള മാമ്പഴം ആസ്വദിച്ചങ്ങനെ കഴിക്കുകയായിരുന്നു ഞാന്‍.നല്ല നാരിറങ്ങിയ മാമ്പഴമായിരുന്നു.എന്‍റെ ഐഡന്‍റിറ്റിയുടെ പ്രതീകമായ മുന്‍പിലെ ഉന്തിനില്‍ക്കുന്ന രണ്ട് പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ നാരങ്ങനെ വലിച്ചു പുറത്തേക്കിടാന്‍ ഞാന്‍ ഇമ്മിണി കഷ്ടപ്പെട്ടു.ഉന്തിയ വിഖ്യാതമായ പല്ലുകള്‍ക്കിടയില്‍ കൈ തടഞ്ഞപ്പോഴാണ് മനസ്സില്‍ പഴയൊരു കഥ ഓര്‍മ്മവന്നത്.കുറച്ചധികം പഴകിയ സുന്ദരമായ ഒരു കഥയാണ്.ഉന്തിയ പല്ലുകള്‍ ഞാന്‍ വലിയൊരു ശാപമായി കണ്ടിരുന്ന സമയത്ത് നടന്ന ഒരു സംഭവ കഥ.അക്കാലത്ത് പല്ലുകള്‍ അങ്ങനെ പുറത്ത് ചാടിപോകാതിരിക്കാന്‍ ഞാന്‍ അധികം ആരോടും സംസാരിച്ചിരുന്നില്ല.കോളേജില്‍ അതുകൊണ്ട് ഞാന്‍ നല്ല കുട്ടിയായിരുന്നു.
     അങ്ങനെ ഒരു ദിവസം ഞാന്‍ കോളേജിന്‍റെ ഇടനാഴിയില്‍ നിന്നിറങ്ങി വലതു വശത്തെ വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ പുറകില്‍ നിന്നൊരു വിളി-"ടാ..ചുണ്ടെലീ..."-ന്ന്.എന്‍റെ ബെസ്റ്റ് ടൈമായിരുന്നത് കൊണ്ട് ഫസ്റ്റ് ഇയറിലെ എല്ലാ പെണ്‍ത്തരികളും അവിടെ സന്നിഹിതരായിരുന്നു.എന്‍റെ ക്ലാസില്‍ തന്നെ പഠിക്കുന്ന ഒരു പഹയന്‍ തെണ്ടി തന്നെയാണ് എന്നെ അപമാനിച്ചത്.സത്യമായും ഇതിനു മുന്‍പ് ഞാന്‍ അവനോട് ഒരു തെറ്റും ചെയ്തിട്ടില്ലായിരുന്നു.അല്ലെങ്കില്‍ അവന്‍ പകപോക്കിയതാ എന്നോര്‍ത്തെങ്കിലും വെറുതെ സമാധാനിക്കാരുന്നു.എന്നിട്ടും അവന്‍..എനിക്കാകെ തരിച്ചു വന്നു.എവിടെനിന്നോ കിട്ടിയ ആവേശത്തിന്‍റെ പുറത്ത് ഞാന്‍ ഓടി ചാടി അവന്‍റെ അടുത്തേക്ക് ചെന്ന് "നീയെന്നെ എലീന്നു വിളിക്കും അല്ലേടാ പന്നിമോറാ.."-എന്നും പറഞ്ഞ് അവന്‍റെ മുഖത്തിനിട്ട് ഒരുഗ്രന്‍ ഇടി പാസ്സാക്കി.പരിസരം നോക്കാതെ റിയാക്ട് ചെയ്തതിന്‍റെ പ്രതിഫലം എനിക്ക് ഉടന്‍ തന്നെ കിട്ടുകയും ചെയ്തു.അവന്‍റെ ഒരു കൂട്ടുകാരന്‍-തടിമാടന്‍ എവിടെ നിന്നോ ചാടിത്തുള്ളി വന്ന് എന്നെ ചന്നാറു പിന്നാറ് പൊട്ടിച്ചു.കൂട്ടത്തില്‍ എന്‍റെ ശാപം കിട്ടിയ പല്ലുകള്‍ക്കും കിട്ടി രണ്ട്.കിട്ടട്ടെ എന്ന് ഞാനും കരുതി.അവറ്റകള്‍ കാരണമാണല്ലോ എനിക്കിന്ന് ഈ ഗതി വന്നത്.എന്നോട് ഒരു സ്നേഹവുമില്ലാത്ത അലവലാതികള്‍.ഞാന്‍ ഒരു നരുന്തായതുകൊണ്ട് ചോദിക്കാനും പറയാനുമൊന്നും നില്‍ക്കാതെ കിട്ടിതും കൊണ്ട് തൃപ്തിയടഞ്ഞ് വേദിയൊഴിഞ്ഞു.     ആളൊഴിഞ്ഞ ഒരു സ്ഥലം തിരഞ്ഞ് നടക്കുകയായിരുന്നു ഞാന്‍.ആ പന്നന്‍റെ കൈയില്‍ നിന്ന് പല്ലുകള്‍ക്കിടയിലെ സ്പോട്ടില്‍ കൊണ്ട ഇടി സ്റ്റൈലായി ഏറ്റു എന്ന് പറഞ്ഞാല്‍ മതീല്ലോ.ചോരയുടെ രുചി പതുക്കെ ഞാന്‍ അറിയാന്‍ തുടങ്ങി.പരിക്ക് എത്ര ശതമാനമുണ്ടെന്ന് അറിയാനാണ്,സ്വയം പരിശോധിക്കാനാണ് ഒരു സേഫ്റ്റി പ്ലേയിസ് ഞാന്‍ അന്വോഷിക്കുന്നത്.ആരും കാണരുതല്ലോ.ഭാഗ്യത്തിന് കാന്‍റീനടുത്തുള്ള പൈപ്പിന്‍റെമൂട്ടില്‍ ആരുമുണ്ടായിരുന്നില്ല.പറ്റിയ സ്ഥലം.ഞാനുറപ്പിച്ചു.അങ്ങനെ കൈയിലുണ്ടായിരുന്ന കണ്ണാടിയെടുത്ത് മുഖത്തിന് നേരെ പിടിച്ച് പരിക്ക് പരിശോധിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ തൊട്ടു പുറകില്‍ ചക്ക വെട്ടിയിട്ടതുപോലൊരു ഭീകരമായൊരു ഒച്ചകേട്ട് ഞാന്‍ പേടിച്ച് തിരിഞ്ഞുനോക്കി.
     ഇതാണ് പറയുന്നത് എല്ലാത്തിനും ഒരു സമയവും കാലവുമൊക്കെ ഉണ്ടെന്ന്.ഇതാണ് എന്‍റെ സമയം.പിറകും കുത്തി ചടപടേന്ന് വീണത് മറ്റാരുമല്ല-അഹങ്കാരം കണ്ടു പിടിച്ച മൈസ്രേട്ട്,കോളേജിലെ സൗന്ദര്യ റാണി-മിസ് രേവതി നായര്‍.ഇതാണല്ലേ നായരു പിടിച്ച പുലിവാല്-അവളിരുന്ന് വാലുവരുന്ന ഭാഗം തടവിയപ്പോള്‍ എനിക്കങ്ങനെയാണ് തോന്നിയത്.
കാന്‍റീനു മുന്നിലെ ചെളിക്കെട്ടിന് പരിഹാരം കാണാനുള്ള സമരത്തിന് ഇന്നു മുതല്‍ ഞാനില്ല.ചെളിയെ..നിങ്ങ‍ള്‍ക്കു നന്ദി.നായരെ വീഴ്ത്തിയതിന്.
     നായര് ധൃതിയില്‍ എന്തോ തിരയുന്നത് അപ്പോഴാണ് ഞാന്‍ കണ്ടത്.അതെന്താണെന്നുള്ള ഉത്തരം അവളുടെ തലക്കു മുകളിന്‍ തന്നെയുണ്ടായിരുന്നു.കുറ്റം പറയരുതല്ലോ.മുട്ട് വരെയുള്ള മുടിയും കുലുക്കി കുലുക്കി സകലമാന ആണുങ്ങളുടെയും കണ്‍ട്രോള്‍ കളഞ്ഞാണ് ഭവതിയുടെ നടപ്പ്.ഇപ്പോ നോക്കിയപ്പോഴുണ്ടല്ലോ..,നായര്‍ക്ക് കഴുത്തറ്റം പോലും മുടിയില്ല.സംഗതി പിടിക്കിട്ടിയില്ലേ.നായര് ഒളിപ്പിച്ചത് മറ്റൊന്നുമല്ല.വീഴ്ച്ചയുടെ ആഘാതത്തില്‍ തെറിച്ചുപോയ അസ്സല്‍ വെപ്പുമുടിയായിരുന്നു-തിരുപ്പന്‍.
     എന്തായാലും പുള്ളിക്കാരി ജനിച്ചിട്ട് ഇന്നേവരെ ഇത്രേം നാണം കെട്ടിട്ടുണ്ടാകില്ല.എനിക്കാണെങ്കില്‍ പണ്ടാരമടങ്ങാനായിട്ട് ചിരി വന്നിട്ടും പാടില്ല."യുറേക്കാ യുറേക്കാ..കണ്ടുപിടിച്ചേ കണ്ടുപിടിച്ചേ.."-എന്നും വിളിച്ചോണ്ട് കോളേജ് മൊത്തം ഓടി നടന്ന് പുതിയ കഥ പറയാന്‍ എനിക്ക് ആവേശമായി.
     പക്ഷെ എന്തു ചെയ്യാന്‍.എന്‍റെ ദൗര്‍ബല്യത്തില്‍ തന്നെ അവള്‍ കൂച്ചുവിലങ്ങിട്ടു.സുന്ദരമായി ആ സുന്ദരി എന്‍റെ മുന്നില്‍ നിന്ന് കരഞ്ഞു.എന്തായാലും ഞാന്‍ നടന്നതൊന്നും ആരോടും പറയില്ലെന്ന് നായര്ക്ക് വാക്കു കൊടുത്തു.ഒടുവില്‍ എനിക്ക് ഒരു ചെറു പുന്‍ചിരി സമ്മാനിച്ച് അവള്‍ പോയി.അവളെ വീഴ്ത്തിയ-കരയിപ്പിച്ച-ചിരിപ്പിച്ച എന്‍റെ സുന്ദരകുട്ടപ്പന്‍ പല്ലുകള്‍ക്ക് ജീവിതത്തിലാദ്യമായി ഞാന്‍ എന്‍റെ പേരിലും എന്‍റെ ശരീരത്തിലെ ഓരോ അവയവങ്ങളുടെ പേരിലും നന്ദി രേഖപ്പെടുത്തി.
     അടുത്ത ദിവസം മുതല്‍ കോളേജിലെ കഥയാകെ മാറി.എന്‍റെ ശുക്രന്‍ ഉദിച്ചു എന്നു തന്നെ പറയാം.പൊട്ടന്‍ ലോട്ടറി അടിച്ചു എന്ന് പറഞ്ഞു ചില കുശുമ്പന്‍(മ്പി)പാപ്പരാസികള്‍.കഥ മറ്റൊന്നുമല്ല.കോളേജ് സുന്ദരി മിസ് രേവതി നായര്‍ എന്‍റെ ഒപ്പമായി നടത്തയും ഇരുത്തയും.കോളേജിലെ സകലമാന്യ ശിരോമണികളും അത്യാല്‍ഭുതത്തോടെ അത് നോക്കി നിന്നു.റാണിയുടെ കൂടെ നടക്കുന്നു എന്ന അവിഹിത മാര്‍ഗത്തിലൂടെ ഞാന്‍ അങ്ങനെ കോളേജിലെ രാജാവുമായി.
     എന്നെ ചുണ്ടെലി എന്നു വിളിച്ച പന്നിമോറന്‍ വാലും മടക്കി പോക്കറ്റില്‍ വെച്ച് എന്നെ കാണാന്‍ വന്നു പിന്നീട്.കോളേജ് റാണിയെ വളയ്ക്കാന്‍ ഞാന്‍ വഴി ശുപാര്‍ശകത്ത് നല്‍കാന്‍.പിന്നെ..എന്‍റെ പട്ടി കൊടുക്കും.എന്തായാലും ആ പേരില്‍ കുറേ പുട്ടും കടലയും ഞാന്‍ അകത്താക്കി.ഒരു മധുര പ്രതികാരം.എന്തായാലും പിന്നീടങ്ങോട്ട് എന്‍റെ സുവര്‍ണകാലമായിരുന്നു.എന്‍റെ പുറത്തേക്കുന്തിയ പല്ലുകളേ..ചുണക്കുട്ടപ്പന്‍മാരേ..നിങ്ങള്‍ക്കു നന്ദി..
16 comments:

എല്‍.റ്റി. മറാട്ട് said...

എന്‍റെ പല്ലുകള്‍ സത്യമായും ഉന്തിയതല്ല..!!

കുഞ്ഞൂസ് (Kunjuss) said...

പല്ലുന്തിയാലെന്താ കുഴപ്പം? കോളേജിലെ സുന്ദരിയെയല്ലേ കൂട്ടിനു കിട്ടിയത്....
അവതരണം കൊള്ളാം ട്ടൊ....

niranjan said...

chundeli chandrapan

എറക്കാടൻ / Erakkadan said...

നല്ല ഹാസ്യം.....ചിരിക്കാതെ നിവർത്തിയില്ലല്ലോ

എല്‍.റ്റി. മറാട്ട് said...

കുഞ്ഞൂസ് -
ചേച്ചി ആദ്യമായാണല്ലേ..സ്വാഗതം..എന്‍റെ ചെറിയലോകത്തിലേക്ക്
നിരഞ്ചന്‍ -
ഒരു പേരും ഇട്ടല്ലേ..കൊള്ളാല്ലോ
എറക്കാടന്‍ -
ചേട്ടാ സ്വാഗതം..എന്‍റെ വീട്ടിലേക്ക്..
ചിരിച്ചോളൂ..ചിരി ബെസ്റ്റാ..

നന്ദി
സ്നേഹത്തോടെ..

Unknown said...

haasyaavatharanam kollaalloo

Rare Rose said...

ചുണ്ടെലിയെന്നു വിളിച്ചവര്‍ക്കറിയോ അല്ലേ പല്ലു കാരണം ഒരു സുന്ദരിക്കുട്ടിയുടെ സൌഹൃദം വീണു കിട്ടിയത്.:)

കൂതറHashimܓ said...

ആഹാ...കൊള്ളാം.. :)
വായിച്ചു രസിച്ചു, നന്നായിതന്നെ!!!!!

കൂതറHashimܓ said...

:)

ശ്രീ said...

ആ പല്ലുകള്‍ കാരണം അത്രയും വലിയൊരു സൌഹൃദം കിട്ടിയില്ലേ? കൊള്ളാം

എല്‍.റ്റി. മറാട്ട് said...

Rare Rose >
ആദ്യമായല്ലേ ഇവിടെ..സ്വാഗതം..
കൂതറ >
കൂതറേ..പേരുകൊള്ളാം.സ്വാഗതം.
ശ്രീ >
ചേട്ടാ തീര്‍ച്ചയായും കിട്ടി.ഇടയ്ക്കിടയ്ക്ക് ഇവിടേക്ക് വരുന്നതില്‍ വളരെ സന്തോഷം

നന്ദി..
സ്നേഹത്തോടെ..

അപർണ said...

nalla kadha...... :) :) ennaalum ithrayum valiya rahasyam sookshikkaan engane kazhiyunnu..?

എല്‍.റ്റി. മറാട്ട് said...

അതൊക്കെ ഒരു Technic അല്ലേ ചേച്ചി

aswanth said...

machaaaaaaaa kolaaaaammm........

aswanth said...

macha kolaaaaaam............

എല്‍.റ്റി. മറാട്ട് said...

@aswanth
thanks da .. :)