Friday, April 30, 2010

അമ്മിണി

ഇപ്പോഴും മഴപെയ്യുമ്പോള്‍ ഞാന്‍ അവളെ കുറിച്ച് ഓര്‍ക്കുമായിരുന്നു.ഒരുപാട് ഋതുക്കള്‍ പിന്നോക്കം പോയി വള്ളി ടൗസറുമിട്ട് സദാനേരവും വികൃതികുട്ടനായിരിക്കുന്ന നാലാക്ലാസുകാരനാകും ‍ഞാന്‍ അപ്പോള്‍.പൊട്ടിയ ഓടിന്‍റെ വിടവിലൂടെ വരുന്ന പ്രകാശം കൈവെള്ളയില്‍ പതിപ്പിച്ച് സന്തോഷിക്കുമ്പോള്‍ തൊട്ടടുത്ത ബെഞ്ചില്‍ അത് കണ്ട് രസിച്ചിരുന്ന ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു-അമ്മിണി.അമ്മിണി മിടുക്കിയായിരുന്നു.നന്നായി പഠിക്കും.ടീച്ചര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറയും.പരീക്ഷകള്‍ക്കും അവള്‍ക്ക് നല്ല മാര്‍ക്കുണ്ടായിരുന്നു.

എന്‍റെ അപ്പുറത്തെ ബെഞ്ചില്‍ ഇരുന്നതുകൊണ്ടാകണം ഞാന്‍ അമ്മിണിയെ ശ്രദ്ധിച്ചു തുടങ്ങിയത്.അവള്‍ക്ക് കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല.അമ്മിണി ആരോടും അധികം സംസാരിക്കുന്നതായി ‍ഞാന്‍ കണ്ടിട്ടില്ല.ചിരി വിരിയാത്ത ആ കുഞ്ഞ് മുഖത്ത് എപ്പോഴും വിഷാദ മേഘങ്ങള്‍ മൂടിയിരിക്കുന്നതായി ഞാന്‍ കണ്ടു.പക്ഷെ അപ്പോഴൊന്നും അവളോട് മിണ്ടാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.

ഉച്ചയ്ക്ക് ഞങ്ങള്‍ ചോറു കഴിക്കുന്ന സമയത്ത് അമ്മിണി ക്ലാസില്‍ നിന്നും അപ്രതിക്ഷയാകുമായിരുന്നു.പക്ഷെ ചോറുണ്ടിട്ട് കൈകഴുകി വരുമ്പോള്‍ ക്ലാസിന്‍റെ ‍ജനാലയ്ക്കരികില്‍ പുറത്തേക്ക് നോക്കി അമ്മിണി നില്‍ക്കുന്നത് ഞാന്‍ കണ്ടു.ഞങ്ങള്‍ ചോറുണ്ണുമ്പോള്‍ അമ്മിണി എവിടെ പോകുന്നു എന്നറിയാന്‍ ഞാന്‍ ഒരു ദിവസം തീരുമാനിച്ചു.ഉച്ചയ്ക്ക് ചോറുണ്ണാന്‍ വിട്ട നേരം ക്ലാസിനു പുറത്തേക്കിറങ്ങിയ അമ്മിണിയുടെ പിന്നാലെ അവളറിയാതെ ഞാനും കൂടി.അവള്‍ സ്കൂള്‍ മൈതാനത്തിന്‍റെ ഒരു ഒഴിഞ്ഞകോണിലേക്കാണ് നടന്നത്.അവിടെ ഒരു അരളി മരം ഉണ്ടായിരുന്നു.അതിനു ചുവട്ടില്‍,പുല്‍ത്തകിടിയില്‍ അവള്‍ ഇരുന്നു.അമ്മിണി തറയില്‍ കിടന്നിരുന്ന അരളിപൂക്കള്‍ ശേഖരിക്കുന്നത് ഞാന്‍ കണ്ടു.ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു.
"അമ്മിണി എന്താണ് ഇവിടെ വന്നിരിക്കുന്നത്.?"-ഞാന്‍ ചോദിച്ചു.
അപ്പോഴാണ് അവള്‍ എന്നെ കണ്ടത്.പക്ഷെ എന്നോട് ഒന്നും മിണ്ടിയില്ല.
"അമ്മിണി എന്നോട് മിണ്ടില്ലേ..?ഉച്ചയ്ക്ക് എന്താണ് ചോറു കഴിക്കാത്തത്.?"
ഞാന്‍ പിന്നെയും ചോദിച്ചു.പിന്നെയും അവള്‍ മൗനം പാലിച്ചു.
"ഈ പൂക്കള്‍ ആര്‍ക്കാണ്.?"
"എനിക്ക് വിശപ്പില്ല" -എന്ന് മറുപടി നല്‍കികൊണ്ട് അമ്മിണി അവിടെ നിന്നും എണ്ണീറ്റുപോയി.

അന്നേ ദിവസം എനിക്ക് അമ്മയുടെ കൈയില്‍ നിന്ന് തല്ലു കിട്ടി,ഉച്ചയ്ക്ക് കൊണ്ടുപോയ ചോറു തിന്നാത്തതിന്.ചോറിനു പിന്നിലെ കഷ്ടപ്പാടുകളെകുറിച്ച് അമ്മ എന്‍റെ മുന്നില്‍ ഒരു ചെറു പ്രസംഗവും നടത്തി.

അടുത്ത ദിവസം അരുളിചെടിയുടെ ചുവട്ടിലിരുന്ന അമ്മിണിയെ ചോറുണ്ണാന്‍ ഞാന്‍ ക്ഷണിച്ചു.അവള്‍ ഒന്നും മിണ്ടാതെ എണ്ണീറ്റുപോയി.പക്ഷെ കുറേ ദിവസം ഞാനിത് ആവര്‍ത്തിച്ചപ്പോള്‍,എന്‍റെ ശല്യം സഹിക്കവയ്യാതായപ്പോള്‍,എന്നെ ഒഴിവാക്കാന്‍ പറ്റത്തില്ല എന്നു മനസ്സിലായപ്പോള്‍ അവള്‍ എന്നോട് സംസാരിച്ചു തുടങ്ങി.അന്നു മുതല്‍ ഞാന്‍ കൊണ്ടു വരുന്ന പൊതി ചോറിന് ഒരവകാശി കൂടിയായി.

കഷ്ടമായിരുന്നു അമ്മിണിയുടെ കഥ.എന്‍റെ കുഞ്ഞുമനസ്സിനെ അത് വല്ലാതെ വേദനിപ്പിച്ചിരുന്നു.അച്ഛനില്ലായിരുന്നു അമ്മിണിക്ക്.അമ്മയ്ക്ക് ചെറിയ പണി എന്തോ ഉണ്ട്.പക്ഷെ അതില്‍ നിന്നുള്ള വരുമാനം അവരുടെ ഒരു നേരത്തിനുള്ള ആഹാരത്തിനുപോലും തികയുമായിരുന്നില്ല.അമ്മിണി അരളിപൂക്കള്‍ ശേഖരിച്ചിരുന്നത് അവളുടെ അനുജത്തിക്ക് വേണ്ടിയായിരുന്നു.വയ്യാതെ കിടക്കുന്ന അവളുടെ കുഞ്ഞനുജത്തിക്ക്..

എനിക്ക് അമ്മിണിയോട് ഒരുപാട് ഇഷ്ടം തോന്നി.ഞങ്ങള്‍ നല്ല കൂട്ടുകാരായി.അവളെപോലൊരു കൂട്ടുകാരിയെ കിട്ടിയതില്‍ ഞാന്‍ അഭിമാനിച്ചു.അമ്മിണിയും സന്തോഷത്തിലായിരുന്നു.എന്‍റെ വീട്ടില്‍ നല്ല സ്ഥിതി ആയിരുന്നതുകൊണ്ട് എനിക്ക് ആവശ്യത്തിലേറെ പഠനസൗകര്യങ്ങള്‍ ഉണ്ടായിരുന്നു.അതിലൊരു പങ്ക് ഞാന്‍ അമ്മിണിക്ക് കൊടുത്തു.കളര്‍ പെന്‍സില്‍,ലൈറ്റ് കത്തുന്ന പേന,നീണ്ട ചുവപ്പ് വരകളുള്ള പെന്‍സില്‍-അവയില്‍ പെടും.സ്കൂളില്ലാതിരുന്ന ശനി,ഞായര്‍ ദിവസങ്ങളില്‍ അവളെ കാണാന്‍ പറ്റാത്തപ്പോള്‍ ഞാന്‍ ഒരുപാട് വിഷമിച്ചു.അമ്മിണി ആ ദിവസങ്ങളില്‍ എങ്ങനെ ചോറു കഴിക്കും എന്നായിരുന്നു എന്‍റെ ചിന്ത മുഴുവന്‍.

ആയിടയ്ക്കാണ് ശക്തമായി മഴ പെയ്യാന്‍ തുടങ്ങിയത്..കേരളത്തില്‍ തന്നെ ഏറ്റവും ശക്തിയായി മഴപെയ്യുന്ന നാടായിരുന്നു ഞങ്ങളുടേത്.ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്ന ഭീകരരൂപിയായ മഴ.മഴ കാരണം സ്കൂള്‍ പൂട്ടി.വീടിനു പുറത്തുപോലും ഇറങ്ങാന്‍ പറ്റാതായി.പാടത്തും തൊടിയിലുമെല്ലാം വെള്ളം കയറി.പറമ്പിലെ മരങ്ങളില്‍ പലതും തറ പൂണ്ടു.വീട്ടിലെ തൊഴുത്തിന്‍റെ പകുതിയിലേറെയും ഇടിഞ്ഞു വീണു.അങ്ങനെ നഷ്ടങ്ങള്‍ മാത്രം സമ്മാനിച്ച സംഹാരിയായ മഴ പതിയെ പിന്‍വലിയാന്‍ തുടങ്ങി.

ഒരാഴ്ച കഴിഞ്ഞ്,ആകാശത്ത് സൂര്യനെ കണ്ടനാള്‍,സ്കൂള്‍ വീണ്ടും തുറന്നു.ഞാന്‍ വളരെ സന്തോഷത്തോടെ സ്കൂളിലേക്ക് പോയി.മഴ വിശേഷങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു മനസ്സില്‍.എല്ലാം അമ്മിണിയോട് പറയണം.പക്ഷെ സ്കൂളില്‍ ചെന്നപ്പോള്‍ വരിവരിയായി പുറത്തേക്ക് നടക്കുന്ന കുട്ടികളെയാണ് കണ്ടത്.എല്ലാവരും ഉടുപ്പിന്‍റെ പോക്കറ്റില്‍ കറുത്ത തുണി കുത്തിയിരുന്നു.എനിക്ക് ഒന്നും മനസ്സിലായില്ല.വരിയില്‍ കേറി കൊള്ളാന്‍ ക്ലാസ് ടീച്ചര്‍ എന്നോട് പറഞ്ഞു.ടീച്ചര്‍ തന്ന കറുത്ത തുണികഷ്ണം ഞാന്‍ നെഞ്ചില്‍ കുത്തി.

കവലയും കടന്ന് ഞങ്ങള്‍ നടന്നു തുടങ്ങി.എവിടേക്കാണ് യാത്ര എന്നെനിക്ക് മനസ്സിലായില്ല.പറമ്പും വയലും കടന്ന് ദൂരെ ഒരു ചെറിയ വീടിനു മുന്നില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു.അവിടെ ഒരുപാട് പേര്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു.ഞങ്ങളെ ഓരോരുത്തരെയായി ടീച്ചര്‍ വീടിനകത്തേക്ക് കയറ്റാന്‍ തുടങ്ങി.വാതില്‍ പടി കടന്ന് അകത്തേക്ക് കയറിയ ഞാന്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയത് വളരെ പെട്ടെന്നായിരുന്നു.അകത്ത് തറയില്‍ വെള്ളപുതച്ച് കിടത്തിയിരുന്ന അമ്മിണിയെ ഞാന്‍ അവസാനമായി കണ്ടത് അന്നായിരുന്നു.

മഴയോടൊപ്പം അമ്മിണി പോയി.മഴകൊണ്ടുപോടതാണ് എന്‍റെ അമ്മിണിയെ.ഒരാഴ്ച പനിച്ചു കിടന്ന്,ആരും സഹായത്തിനില്ലാതെ പാവം മരണത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.അന്നു മുതലാണ് ഞാന്‍ മഴയേയും മരണത്തേയും ഇത്രയധികെ വെറുക്കാന്‍ ശീലിച്ചത്.

ഇന്ന് ഈ മഴ തോരാന്‍ തുടങ്ങുമ്പോള്‍,ഞാന്‍ ദൂരെ അവളുടെ ചിരി കേള്‍ക്കുന്നു,വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നു..അവള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു..

അമ്മിണി..നീ എനിക്ക് പ്രിയപ്പെട്ടവള്‍ ആയിരുന്നു..