Tuesday, July 27, 2010

നിങ്ങള്‍ സ്ട്രോയിട്ട് ചായ കുടിച്ചിട്ടുണ്ടോ..?

   പണ്ട് പണ്ട് ഒരിക്കല്‍ ഞാനും എന്‍റെ ചങ്ങാതിയും കൂടി പി.ജി അഡ്മിഷന്‍റെ ഇന്‍റര്‍വ്യൂ അറ്റന്‍റ് ചെയ്യാന്‍ ഒര് കോളേജില്‍ പോയി.വീട്ടില്‍ നിന്ന് 30 കിലോ മീറ്റര്‍ ദൂരമുണ്ടായിരുന്നു കോളേജിലേക്ക്.ഏകദേശം രണ്ട് രണ്ടര മണിക്കൂര്‍ യാത്ര.ഇന്‍റര്‍വ്യൂ 9 മണിക്കാണ്.കൃത്യനിഷ്ട ഒരു പ്രധാന ഘടകമായി ഇന്നെങ്കിലും കാണണം എന്നുള്ളതുകൊണ്ട് ഞാന്‍ കാലത്തെ 5 മണിക്ക് തന്നെ എണ്ണീറ്റു.കുളിയും ജപവുമൊക്കെ കഴിഞ്ഞ് കൃത്യം 6 മണിക്ക് തന്നെ സ്റ്റാന്‍റ് വിട്ടു.ബസ് കിട്ടാന്‍ കുറച്ച് വൈകിയതു കൊണ്ട് ഇന്‍റര്‍വ്യൂ തുടങ്ങുന്നതിന് 5 മിനിട്ട് മുമ്പാണ് കോളേജില്‍ എത്തിപ്പെട്ടത്.(ഒര് പട്ടിക്കാട്ടിലായിരുന്നു കോളേജ്.സമയത്തിന് വണ്ടീം വള്ളവും ഒന്നുമില്ല.നമ്മുടെ കഷ്ടപ്പാട് ഇന്‍റര്‍വ്യൂ ബോര്‍ഡ്കാര്‍ക്ക് അറിയണ്ടല്ലോ..അവര്‍ക്ക് എന്തുമാകാമല്ലോ..)

 വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.ഇന്‍റര്‍വ്യു തുടങ്ങാന്‍ പോകുകയാണ്.കോളേജിലെ കോണ്‍ഫറന്‍സ് ഫാളില്‍ വെച്ചാണ് ഇന്‍റര്‍വ്യൂ.ഞങ്ങള്‍ ഹാളിന് മുന്നിലെ കസേരയില്‍ ഇരിപ്പുറപ്പിച്ചു.പ്യൂണ്‍ ചേട്ടന്‍ ആദ്യത്തെ 5 പേരെ അകത്തേക്ക് കയറ്റി വിട്ടു.ഞങ്ങളുടെ നമ്പര്‍ എപ്പോവരും എന്ന് ഞങ്ങള്‍ തിരക്കി.പുള്ളിക്കാരന്‍ എന്തോ മലമറിക്കണ കാര്യം ചെയ്യണ പോലെ ഫയലൊക്കെ എടുത്ത് അഞ്ചാറു വെട്ടെ മറിച്ചു നോക്കിയിട്ട് പറഞ്ഞു.

"ആ..ഒരു മണിക്കൂര്‍ കഴിയും."

അപ്പോള്‍ ഇനി ഒരു മണിക്കൂര്‍ ഇവിടെ ചൊറീം കുത്തിയിരിക്കണം.ഇന്‍റര്‍വ്യൂന് വന്നിട്ട് ഒന്നും എടുത്ത് പഠിക്കാതെ വെറുതെ ഇരിക്കുന്നത് എല്ലാം പഠിച്ചു കഴിഞ്ഞു എന്നുള്ള അഹങ്കാരം കൊണ്ടൊന്നുമല്ല.അല്ലെങ്കിലും ഒരു ചക്കയും ചുണ്ണാമ്പും അറിയാത്ത ഞാനെന്തിനാ അഹങ്കരിക്കുന്നത്.

ഇന്‍റര്‍വ്യൂ ഇംഗ്ലീഷിലാണ് എന്നറിഞ്ഞപ്പോഴെ മുട്ടിടിച്ചതാണ്.കഞ്ഞി പള്ളിക്കുടത്തില്‍ പഠിച്ച എനിക്ക് ഒര് ആപ്ലിക്കേഷന്‍ പോലും ഇംഗ്ലിഷില്‍ നേരെ ചൊവ്വെ എഴുതാന്‍ അറിയില്ല എന്നത് നഗ്നമായ സത്യം.അതില്‍ തെല്ലും അഹംഭാവം എനിക്കില്ല.അതുകൊണ്ട് തന്നെ അഡ്മിഷന്‍ കിട്ടില്ല എന്നുറപ്പിച്ച് തന്നെയാണ് ഇന്‍റര്‍വ്യൂന് വന്നത്.എനിക്ക് എന്നെ അറിഞ്ഞൂടെ സുഹൃത്തെ..

ഡിഗ്രിക്ക് പഠിച്ചത് മുഴുവന്‍ ഇന്‍റര്‍വ്യൂന് ചോദിക്കും പോലും.ഫൈനല്‍ ഇയര്‍ വരെ വന്ന് ജയിച്ച പാട് എനിക്ക് മാത്രമെ അറിയൂ.അപ്പോഴാ ഇനി തറ പറ മുതല്‍ പഠിച്ച് ഇവിടെ വന്ന് പറയാന്‍ പോകുന്നത്.എനിക്കെന്താ വട്ടുണ്ടോ..!പിന്നെ എന്തിനാ ബുദ്ധിമുട്ടി ഇവിടെ വരെ വന്നു എന്ന് ചോദിച്ചാല്‍ ചുമ്മാ..ചിലപ്പോള്‍ പൊട്ടന് ലോട്ടറി അടിച്ചാലോ..!എന്നെനിക്ക് പറയേണ്ടി വരും.

അപ്പോഴാണ് ഞാന്‍ അടുത്തായി ഇരിക്കുന്ന കുട്ടികളെ ശ്രദ്ധിച്ചത്.എല്ലാവരും ഇന്‍റര്‍വ്യൂന് വന്നവര്‍ തന്നെ.അത് മാത്രമല്ല എല്ലാം പെണ്‍കുട്ടികള്‍.ഇരുന്നു തലയറഞ്ഞ് പഠുത്തമാണ്.ഇവറ്റകള്‍ക്ക് വേറെ പണിയൊന്നുമില്ലേ..ബഡുകൂസ് കോതകള്‍..!

കൂട്ടത്തില്‍ ഒരു മുഖത്ത് അപ്പോഴാണ് എന്‍റെ കണ്ണുകളുടക്കിയത്.നുണകുഴിയുള്ള ഒരു സുന്ദരിക്കുട്ടി.എനിക്ക് അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാനെ തോന്നിയില്ല.ഇതിനു വേണ്ടിയാണോ പതിവില്ലാതെ ഞാന്‍ കുളിച്ചത് എന്ന് പോലും ഞാന്‍ ചിന്തിച്ചു.അടുത്തിരിക്കുന്ന അവളുടെ അമ്മ,കണ്ണില്‍ ചോരയില്ലാത്ത ദുഷ്ട,എന്നെ രൂക്ഷമായി നോക്കിയപ്പോഴാണ് ഞാന്‍ എവിടെയാണെന്നും എന്തിനാ വന്നതുമെന്നുള്ള ബോധം വന്നത്.ഞാന്‍ എന്‍റെ രണ്ട് കണ്ണുകളേയും ഉടനടി പിന്‍വലിച്ചു.

ഈ ഇന്‍റര്‍വ്യൂ എങ്ങനെയെങ്കിലും കിട്ടിയിരുന്നെങ്കില്‍,ഇവളുടെ കൂടെ രണ്ട് കൊല്ലം എനിക്ക് പഠിക്കാമായിരുന്നു.ഞാന്‍ കുറച്ച് അത്യാഗ്രഹിയായി.ഛെ..ഇവള്‍ വരുമെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ നല്ലപോലെ പഠിച്ചോണ്ട് വന്നേനെ.ഇനിയിപ്പോ എന്നാ ചെയ്യും.ഇന്‍റര്‍വ്യൂ ബോര്‍ഡിന് കോഴ കൊടുത്താലോ..ഗൗരവമായി ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു..

വെളുപ്പിനെ വീട്ടില്‍ നിന്നിറങ്ങിയത്കൊണ്ട് എന്‍റെ ചങ്ങാതി ഒന്നും കഴിച്ചിരുന്നില്ല.എനിക്ക് വിശപ്പിന്‍റെ അസുഖമുള്ളത്കൊണ്ട് അമ്മ രാവിലെ ഇഡ്ഡലിയും ചമ്മന്തിയും ഉണ്ടാക്കി വെച്ചിരുന്നു.പക്ഷെ രാവിലെ സമയമില്ലാത്തതുകൊണ്ട് എട്ട് ഇഡ്ഡലിയും ഒര് ഗ്ലാസ് പാലും ഒര് കുഞ്ഞ് ഏത്തപ്പഴവും ചെറിയൊരു മുട്ടയും മാത്രമേ എനിക്ക് കഴിക്കാന്‍ സാധിച്ചുള്ളൂ.എന്‍റെ ചങ്ങാതിക്ക് വിശക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എന്‍റെ വയറും പറഞ്ഞു അവനും വിശക്കുന്നെന്ന്.എന്‍റെ സ്വന്തം വയറല്ലേ വിഷമിപ്പിക്കാന്‍ പറ്റില്ലല്ലോ.ശരി,അങ്ങനെയാകട്ടെ എന്നും പറഞ്ഞ് ഞങ്ങള്‍ പ്യൂണ്‍ ചേട്ടനെ കീശയിലാക്കാന്‍ എണ്ണീറ്റു.അങ്ങനെ കഷ്ടപ്പെട്ട് പുള്ളിടെ അനുവാദം വാങ്ങി ഞങ്ങളുടെ നാല് കാലുകളും രണ്ട് വയറും കാന്‍റീന്‍ ലക്ഷ്യമാക്കി നടന്നു.

വളരെ വലിയൊരു കാന്‍റിനായിരുന്നു അത്.അത്പോലെ തന്നെ ഒരുപാട് പ്രത്യേകതകളുമുണ്ടായിരുന്നു.വെജിറ്റേറിയനാണ്.ആദ്യം തന്നെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ബില്ലടച്ച് ടോക്കണ്‍ വാങ്ങി കാത്തിരിക്കണം.നമ്പര്‍ വിളിക്കുമ്പോള്‍ പോയി ഭക്ഷണം വാങ്ങണം.തിന്നു കഴിഞ്ഞ് പാത്രം നമ്മള്‍ തന്നെ കഴുകി വെക്കണം.മൊത്തത്തില്‍ ഒരു അടുക്കും ചിട്ടയും വൃത്തിയുമുള്ള കാന്‍റിന്‍.

ഞങ്ങള്‍ മസാല ദോശയ്ക്ക് പറഞ്ഞു.ടോക്കണ്‍ വാങ്ങി വന്നിരുന്നു.ഞാന്‍ ചുറ്റിനും നോക്കുകയായിരുന്നു.എല്ലാവരും വളരെ ശാന്തരായി ഭക്ഷണം കഴിക്കുന്നു.'ഇങ്ങനെയും ഒര് കോളേജ് കാന്‍റിന്‍'-ഞാന്‍ അത്ഭുതപ്പെട്ടു.

"ട്വന്‍റി ഫോര്‍"

ഞങ്ങളുടെ നമ്പര്‍ വിളിച്ചു.ഞങ്ങള്‍ പോയി മസാല ദോശയും ചായയും എടുത്തുകൊണ്ട് വന്ന് കൃത്യനിര്‍വഹണത്തിലേക്ക് കടന്നു.വളരെ വേഗം തന്നെ ഞങ്ങള്‍ മസാല ദോശയുടെ കഥ കഴിച്ചു.വീണ്ടും വാങ്ങണമെന്നുണ്ടായിരുന്നു.പക്ഷെ അകത്തു പോയി മാവ് ആട്ടി കൊടുക്കേണ്ടി വരും.ഇനി കൈയില്‍ വീടുവരെ എത്താനുള്ള കാശേ ഉള്ളൂ.

ചായ കുടിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗ്ലാസില്‍ കിടക്കുന്ന സ്ട്രോ ശ്രദ്ധയില്‍പ്പെട്ടത്.'ഇതെന്തിനാ അളിയാ'-ഞങ്ങള്‍ പരസ്പരം നോക്കി.ഒടുവില്‍ ഞാന്‍ തന്നെയാണ് ഭാവിയില്‍ നോബല്‍ സമ്മാനം വരെ ലഭിച്ചേക്കാവുന്ന ആ കണ്ടെത്തല്‍ നടത്തിയത്.അത് താഴെ പറയും വിധമാണ്.

"അളിയാ,ഇതൊരു റി യൂസബിള്‍ ഗ്ലാസ് ആകുന്നു.നമ്മള്‍ ചുണ്ടില്‍ മുട്ടിച്ച് ചായ കുടിക്കുകയാണെങ്കില്‍ കീടാണുക്കള്‍ അഥവാ ബാക്ടീരിയ ഇതേ ഗ്ലാസ് ഉപയോഗിക്കുന്ന മറ്റുള്ളവരിലേക്ക് പകരാനും ഇടയുണ്ട്.അത്കൊണ്ടാണ് സ്ട്രോ യുസ് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്നത്."

അവന്‍ എന്നെ അനുമോദനങ്ങള്‍കൊണ്ട് മൂടി.'നീ വലിയവനാണെടാ'-എന്നും പറഞ്ഞു.അങ്ങനെ ഞങ്ങള്‍ സ്ട്രോയിട്ട് ചായ വലിച്ചു കുടിക്കാന്‍ തുടങ്ങി.

പക്ഷെ എന്തോ ഒരു പ്രോബ്ലം.ഞാന്‍ ചങ്ങാതിയെ നോക്കി.

"ടാ,ചായയ്ക്ക് മധുരമുണ്ടോ.?"

"ഇല്ല." -അവനും അതേ പ്രോബ്ലം.ഇതെങ്ങനെ സംഭവിച്ചു.

വിത്ത് ഔട്ട് ചായ തന്ന് പറ്റിച്ച കാന്‍റിന്‍ മൊതലാളിയെ മനസ്സില്‍ പ്രാകികൊണ്ട് ഞങ്ങള്‍ ഇന്‍റര്‍വ്യൂ ഹാളിന് മുന്നിലേക്ക് നടന്നു.

വന്നിരുന്ന് അധികം വൈകാതെ തന്നെ എന്‍റെ നമ്പര്‍ വിളിക്കുകയും പ്രതീക്ഷിച്ചതുപോലെ ഞാന്‍ ഇന്‍റര്‍വ്യു ബോര്‍ഡിന്‍റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ക്ഷ റ ഞ്ഞ ക്ക ട്ട ച്ച വരയ്ക്കുകയും ചെയ്തു.എന്‍റെ കൂട്ടുകാരനും ഒന്നും പറഞ്ഞില്ല എന്നറിഞ്ഞപ്പോള്‍ മാത്രമാണ് എനിക്ക് സന്തോഷമായത്.ഭാഗ്യം..ഒറ്റപ്പെട്ടില്ലല്ലോ..!ഇനി ഒരിക്കലും നുണകുഴിയുള്ള പെണ്‍കുട്ടിയെ കാണാന്‍ കഴിയാത്ത ഹൃദയ വേദനയോടെ ഞാന്‍ ആ വേദിയ്ക്ക് വിട ചൊല്ലി പിരിഞ്ഞു.

* * * * * * * * * * *

ഇന്‍റര്‍വ്യു കഴിഞ്ഞുള്ള ശനിയാഴ്ചത്തെ പ്രമുഖ പത്രങ്ങളിലെ വെണ്ടക്കാ വലുപ്പത്തിലുള്ള തലക്കെട്ട് ഇങ്ങനെയായിരുന്നു."പൊട്ടന് ലോട്ടറിയടിച്ചു".അതെ മാന്യമഹാജനങ്ങളെ എനിക്ക് അഡ്മിഷന്‍ കിട്ടി.വിശ്വാസം വരുന്നില്ല അല്ലേ.എനിക്കും ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ല.സന്തോഷം കൊണ്ടെനിക്ക് ഇരിക്കണോ തുള്ളണോ ചാടണോ തലകുത്തി നില്‍ക്കണോ എന്ത് ചെയ്യണമെന്ന് അറിയില്ല.നുണകുഴിയുള്ള സുന്ദരിക്കുട്ടിയെ വീണ്ടും കാണാം എന്ന സംഗതി എന്‍റെ സന്തോഷത്തിന് ആക്കം കൂട്ടി.അവള്‍ക്കെന്തായാലും അഡ്മിഷന്‍ കിട്ടികാണും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.കിട്ടികാണില്ലേ..കാണും.!

അങ്ങനെ ആദ്യ ദിവസത്തെ ക്ലാസ് തുടങ്ങാന്‍ പോകുന്നു.അവളെ കാണുക,പരിചയപ്പെടുക ഇതൊക്കെയായിരുന്നു എന്‍റെ പ്രധാന അജഡകള്‍.അവള്‍ വരുന്നതും കാത്ത് ഞാന്‍ ക്ലാസ് റൂമിന് മുന്നിലെ വരാന്തയില്‍ അക്ഷമനായി തേരാ പാര നടന്നു.എന്‍റെ പ്രതീക്ഷകള്‍ തെറ്റിക്കാതെ അവള്‍ വന്നു കയറിയതും ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു.ഇനിയിപ്പോള്‍ അടുത്ത ഇന്‍റര്‍വെല്ലിന് പരിചയപ്പെടാം എന്നു കരുതി ഞാന്‍ സമാധാനിച്ചു.

ഇവിടുത്തെ ആദ്യ ഇന്‍റര്‍വല്‍.അവളും കൂട്ടുകാരികളും സംസാരിച്ചുകൊണ്ട് നില്‍ക്കുന്നു.ഞാന്‍ അവര്‍ക്കരികിലേക്ക് ചെന്നു.വെറുതെ ഒരു ഹായ് തട്ടിവിട്ടു.ഇവനാരെടാ-എന്ന മട്ടില്‍ തരുണിമണികളെല്ലാം എന്നെ രൂക്ഷമായി നോക്കി.ഞാന്‍ ആരാ മൊതല്,നുണക്കുഴിയുള്ള പെണ്‍കുട്ടിയെ നോക്കി ചോദിച്ചു.

"നല്ല പരിചയം.ഫാത്തിമയിലാണോ പഠിച്ചത്..?"

"അല്ല."അവള്‍ പറഞ്ഞു.

"രാധാകൃഷ്ണന്‍ സാറിന്‍റെ അടുത്ത് മാത്സ് ട്യൂഷന് വന്നിട്ടുണ്ട് അല്ലേ..?"

"ഇല്ലല്ലോ"

"പിന്നെ എങ്ങനെയാ പരിചയം.എവിടെയോ കണ്ടിട്ടുള്ളതുപോലെ -‍ഞാന്‍ അടവുകള്‍ ഓരോന്നായി തൊടുത്തു വിട്ടു."

"കാന്‍റിനില്‍ വെച്ചായിരിക്കും" -അവള്‍ പറഞ്ഞു.

"കാന്‍റീനോ..ഏത് കാന്‍റീന്‍..?" -ഞാ‍ന്‍ സത്യമായും ഒന്ന് ഞെട്ടി.

അവള്‍ അപ്പോള്‍ അടുത്തു നിന്ന കൂട്ടുകാരിയോട് ചോദിച്ചു.

"ടി,നമ്മുടെ കാന്‍റിനില്‍ ചായേടെ കൂടെ എന്തിനാ സ്ട്രോ തരുന്നത്..?"

"അത്,ഗ്ലാസിനടിയിലെ പഞ്ചസാര കലക്കാന്‍" -കൂട്ടുകാരി പറഞ്ഞു.

"അല്ലെടി മണ്ടി..അത് സ്ട്രോയിട്ട് ചായ കുടിക്കാനാ.ചില പഞ്ചാരകുട്ടന്‍മാര്‍ അങ്ങനെയല്ലോ ചായ കുടിക്കണേ..!ഓരോരോ ശീലങ്ങളേ.."

പിന്നീട് അവിടെ ഉയര്‍ന്നത് കൂട്ടകൊല ചിരിയായിരുന്നു.കണ്ണിചോരയില്ലാത്ത വര്‍ഗം.

"ഇപ്പോ..എന്നെ മനസ്സിലായോ ചേട്ടാ..?"
അവളുടെ ഒടുക്കത്തെ ചോദ്യം.ദുഷ്ട..പിശാച്..വൃത്തികെട്ടവള്‍..ഇങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമാ..

"ഇല്ലാ..എനിക്ക് ആളുമാറിയതാ.."
-ഞാന്‍ തടിതപ്പി.
Monday, July 5, 2010

ടിന്‍റുമോന്‍

നീലകുട വിരിച്ചു നില്‍ക്കുന്ന ആകാശം.കളകളമൊഴുകുന്ന പുഴ.പുഴക്കരയില്‍ ഓടി കളിക്കുന്ന മാന്‍പേടകള്‍.പ്രണയഗീതം പാടുന്ന കുഞ്ഞാറ്റകിളികള്‍.എവിടെ നിന്നോ വീശുന്ന ഇളംകാറ്റിന് പുതിയൊരു ഗന്ധം.മൊത്തത്തില്‍ പ്രകൃതി ഒരു റൊമാന്‍റിക്ക് മൂഡിലാണ്.ചുവന്ന പുഷ്പങ്ങള്‍ വിരിച്ചു നില്‍ക്കുന്ന മരത്തിനു താഴെ പ്രണയപരവശനായി ഞാനിരുന്നു.ആ നിമിഷം ഞാന്‍ രമണനെ ഓര്‍ത്തു.കൈയിലിരുന്ന പുല്ലാങ്കുഴല്‍ ഞാന്‍ ചുണ്ടോട് ചേര്‍ത്തു.അവിടമാകെ അനുരാഗഗാനം അലയൊലികൊണ്ടു.പുഴയും മലയും ആകാശവും സര്‍വചരാചരങ്ങളും ആ സംഗീതത്തില്‍ തെല്ലിട നിശബ്ദമായി.അകലെ ‍ഞാനെന്‍റെ ചന്ദ്രികയുടെ പാദസ്വര കിലുക്കം കേട്ടു.അവള്‍ എന്‍റെ അരികിലേക്ക് ഓടിയെത്തി.ഒരു നിമിഷാര്‍ധം..പ്രകൃതി കണ്ണടച്ചു..ഞാന്‍ അവളെ എന്നോടു ചേര്‍ത്തു..

"എന്‍റെ ചന്ദ്രികേ.."

"ഞാന്‍ ചന്ദ്രികയല്ല.ശ്യാമളയാ.."

യ്യോ..!ഞാന്‍ ഞെട്ടിയുണര്‍ന്നു.എന്‍റെ മുന്നിലേക്ക് നീണ്ട ചായഗ്ലാസ് താങ്ങിയ തങ്കവളയിട്ട കൈയുടെ ഉടമയുടെ ശബ്ദമാണ് ഞാന്‍ കേട്ടത്.ഇവിടെ നടക്കുന്നത് എന്‍റെ പെണ്ണുകാണല്‍ ചടങ്ങാണ്.നേരത്തെ ഞാന്‍ കണ്ടത് ഒരു സ്വപ്നവും.ആകെ ചമ്മിപ്പോയി.ഭാവി ഭാര്യേം അമ്മായി അപ്പനും അല്ലറ ചില്ലറയും എന്‍റെ പ്രകടനം കണ്ട് ചിരിയോട് ചിരി തന്നെ.എന്‍റെ അപ്പന്‍ എന്നെ രൂക്ഷമായി നോക്കി.ഞാന്‍ എന്ത് ചെയ്തു-എന്ന മട്ടില്‍ ഞാനും.

ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണല്‍ ചടങ്ങാണ്.അത്കൊണ്ട് തന്നെ കുറച്ചധികം സ്വപ്നം കണ്ടു പോയി.ഞാനും ചോരേം നീരുമുള്ള ഒരു മനുഷ്യനല്ലേ.അതും മണലാരണ്യത്തില്‍ കടന്ന് ചോര നീരാക്കി കേരളത്തിന്‍റെ സമ്പത്ത് ഘടനയെ തന്നെ സ്വാധീനിക്കാന്‍ കെല്പ്പുള്ള ഒരു ഗള്‍ഫ്കാരന്‍.

അമ്മച്ചി കല്യാണകാര്യം പറഞ്ഞ നാള്‍ മുതലെ മനസ്സില്‍ ഒരു മഴ പെയ്യുന്ന അനുഭൂതിയാണ്.ഗള്‍ഫിനാണെങ്കില്‍ മുടിഞ്ഞ ചൂടാണ്.ഞങ്ങള്‍ പ്രവാസികളെ സംബന്ധിച്ച് മഴ സുന്ദരമായ ഒരു സ്വപ്നമാണ്.കല്യാണവും എനിക്ക് ഏതാണ്ട് അങ്ങനെയൊക്കെ തന്നെ.കല്യാണം കഴിഞ്ഞ് പെമ്പറന്നോത്തിയേയും ഇങ്ങു കൊണ്ടു വരണം.ഇവിടെ തന്നം സെറ്റിലാകണം.പിന്നെ ഇഷ്ടം പോലെ മഴ നനയാല്ലോ..!(പക്ഷെ പനി പിടിച്ച് കിടപ്പിലായ അനുഭവങ്ങള്‍ ഒരുപാട് ചങ്ങായിമാര്‍ പറഞ്ഞിട്ടുണ്ട്.ഞാന്‍ അതൊന്നും ചെവികൊള്ളണില്ല.എന്തായാലും നനയാന്‍ തന്നെ തീരുമാനിച്ചു.അല്ല പിന്നെ..ഒരു ജന്‍മമല്ലേ ഉള്ളൂ ഇഷ്ടാ..)

'പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കാന്‍ കാണും' -ഭാവി അമ്മായി അപ്പന് എന്‍റെ മനസ്സ് വായിക്കാന്‍ അറിയാം.
കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ അയാള്‍ കാണിച്ചു തന്ന മുറിയിലേക്ക് പോയി.

'ചെക്കന്‍റെ ഒരു ആക്രാന്തം' -എന്‍റെ അപ്പന്‍ മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ടാകണം.ഇത് പഴയ കാലമല്ല അപ്പാ.പുതിയ തലമുറ എല്ലാത്തിനും അല്‍പ്പം ഫാസ്റ്റാ..!

ഞാന്‍ ജനലഴിയില്‍ കൈവെച്ചു പുറത്തേക്ക് നോക്കി നിന്നു.അതാണല്ലോ സ്റ്റൈല്‍.പക്ഷെ അവിടെ നിന്ന് നേരെ നോക്കിയപ്പോള്‍ കണ്ടത് ഒരു പശു തൊഴുത്താണ്.കര്‍ത്താവെ എന്ത് നാറ്റമാ ഇത്.ഭാവി വധു പുറകില്‍ വന്ന് ചുമച്ച നേരം വരെ അതെല്ലാം സഹിച്ചു അങ്ങനെ നിന്നു.നമ്മള്‍ ആണുങ്ങള്‍ എന്തൊക്കെ സഹിക്കുന്നു.

അവള്‍ നാണിച്ചു തല താഴ്ത്തി നില്‍ക്കുകയാണ്.കുറച്ച് ഓവറല്ലേ എന്നു തോന്നി.ഭാവി വധു അല്ലേ.അധികം വിചാരിച്ച് ഓവറാക്കണ്ട എന്ന് പിന്നെ കരുതി.

"എന്താ കുട്ടീടെ പേര്?"-(കുട്ടി എന്ന് വിളിച്ച് അഭിസംബോധന ചെയ്യാന്‍ ഒരു അനുഭവസ്ഥന്‍ ചങ്ങായി പറഞ്ഞു തന്നതാണ്.പെണ്ണുങ്ങള്‍ക്കു അതൊക്കെ വല്യ ഇഷ്ടാണത്രേ..ഒലക്ക..!)

"ശ്യാമള"

"നല്ല പേര്"-(പശ്ട്ടായിട്ടുണ്ട് എന്നായിരുന്നു മനസ്സില്‍)

"എന്താ പേര്" -അവള്‍ എന്നോട് ചോദിച്ചു.

ഞാന്‍ ഘനഗാംഭീര്യത്തോടെ പേര് പറഞ്ഞു-
"ടിന്‍റുമോന്‍.പി.കെ ..!"

"അയ്യേ..!" ചാണകത്തില്‍ ചവിട്ടിയ മുഖഭാവത്തോടെ അവളെന്നെ നോക്കി.പിന്നെ ഒറ്റ ഓട്ടമായിരുന്നു അകത്തേക്ക്.

"നീയെന്താടാ പന്നീ ചെയ്തത്.അല്ലേല്ലും നിനക്കിച്ചിരി ആക്രാന്തം കൂടുതലാ" -അപ്പന്‍ എന്നോട് ചൂടായി.
പത്താംക്ലാസ് കണക്ക് പരീക്ഷയ്ക്ക് ഇരിക്കണതു പോലെയായി ഞാന്‍.ഒന്നും മനസ്സിലാകണില്ല.അതിന് ഞാന്‍ എന്‍റെ ശ്യാമുനെ ഒന്നും ചെയ്തില്ലല്ലോ.

"അപ്പാ..അപ്പന്‍റെ മോന്‍ നിരപരാധിയാണ്.അന്തോണിസ് പുണ്യവാളനാണെ സത്യം..trust me അപ്പാ" -ഞാന്‍ അപ്പനോട് പറഞ്ഞു.
അപ്പാഴാണ് പെണ്ണിന്‍റെ അപ്പന്‍,എന്‍റെ അമ്മായി അപ്പന്‍ ആകുമെന്ന് ഞാന്‍ വെറുതെ മോഹിച്ചയാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത്.അയാള്‍ അപ്പനെ മാറ്റി നിര്‍ത്തി എന്തൊക്കെയെ സംസാരിച്ചു.

"പത്രോസ് ഞങ്ങളോട് ക്ഷമിക്കണം.എത്ര പറഞ്ഞിട്ടും മോള്‍ കേക്കണില്ല.ഇങ്ങനെ പേരുള്ള ഒരാളെ അവള്‍ക്ക് ഭര്‍ത്താവായി വേണ്ടെന്ന്.കൂട്ടുകാരും നാട്ടുകാരുമൊക്കെ കളിയാക്കുമെന്ന്.ഈ കല്യാണം നടക്കില്ല പത്രോസെ .."

പാവം ഞാന്‍.എന്‍റെ ചങ്ക് തകര്‍ന്നു പോയി.ആദ്യ പെണ്ണുകാണല്‍ പേരു കാരണം മുടങ്ങിയ വിഷമത്തിലായിരുന്നു ഞാന്‍.പക്ഷെ പെണ്ണിനെന്താ പേര് ഇഷ്ടപ്പെടാത്തത് എന്ന് മാത്രം മനസ്സിലായില്ല.വീട്ടിലേക്ക് മടങ്ങും വഴി ബ്രോക്കറ് കണാരനാണ് അതിന്‍റെ കാരണം എന്നോട് പറഞ്ഞത്.
"ഇപ്പോള്‍ കേരളത്തില്‍ മൊത്തം സംസാര വിഷയം ടിന്‍റുമോനല്ലെ.മൊബൈലു തുറന്നാല്‍ അതിലിരുന്നു ചിരിക്കുകയല്ലേ പഹയന്‍.എന്തൊക്കെ മണ്ടത്തരങ്ങളാ തട്ടി വിടണത്.ആ പേര് കേള്‍ക്കുമ്പോഴെ ആളുകളിപ്പോള്‍ ചിരിച്ചു തുടങ്ങും.മൊത്തത്തില്‍ വല്ലാത്തൊരു സംഭവം തന്നാ ഈ ടിന്‍റുമോന്‍."

അപ്പോള്‍ എസ്.എം.എസ് ആയും ഇ മെയിലായും ചുറ്റിയടിക്കുന്ന ഒരു സാങ്കല്‍പ്പിക കഥാപാത്രത്തിന്‍റെ പേര് വന്നതാ ഈ പൊല്ലാപ്പിനെല്ലാം കാരണം.


"അപ്പാ.. നിങ്ങളൊറ്റ ഒരുത്തനാ ഇതിനെല്ലാം കാരണം.എന്തിനാ അപ്പാ നിങ്ങള്‍ എനിക്ക് ഈ വൃത്തികെട്ട പേരിട്ടത്.വേറെ എത്രയോ പേര് ലോകത്തുണ്ടായിരുന്നു.."
ജീവിതത്തിലാദ്യമായി ഞാനെന്‍റെ പേരിനെ ശപിച്ചു തുടങ്ങി
'നാശം മുടിഞ്ഞു പോകട്ടെ'

അപ്പന്‍ ഒന്നും മിണ്ടിയില്ല.അപ്പനറിയില്ലാരുന്നല്ലോ ഇന്ന് ഇങ്ങനെയൊക്കെ സംഭക്കുമെന്ന്.

ഒന്നും പറയണ്ട.പിന്നീട് 5 വീട്ടില്‍ കൂടി പെണ്ണുകാണാന്‍ പോയി.ഈ നശിച്ച പേരു കാരണം അതെല്ലാം മുടങ്ങി.എന്‍റെ ലീവും തീരാറായി.എന്‍റെ പെങ്ങടെ മോന്‍ വരെ എന്നെ കളിയാക്കാന്‍ തുടങ്ങി.അവന്‍ എല്‍.കെ.ജിയില്‍ പഠിക്കുകയാണ്.മൊത്തത്തില്‍ വീട്ടിലും നാട്ടിലും ഞാന്‍ ഒരു ഹാസ്യ കഥാപാത്രമായി.

ടിന്‍റുമോനെ സൃഷ്ടിച്ച കിഴങ്ങനെ എന്‍റെ കൈയിലെങ്ങാനും കിട്ടിയിരുന്നെങ്കില്‍ കൊന്ന് കൊല്ലം തോടിലെറിഞ്ഞേനെ.ഒരു പേരു കാരണം മനുഷ്യന്‍റെ ഊപ്പാടു വന്നു.ഭാഗ്യത്തിന് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് ടിന്‍റുമോന്‍ തരംഗം ഉണ്ടായിട്ടില്ല.അല്ലെങ്കില്‍ അവിടെയും സ്വസ്ഥത കിട്ടില്ലായിരുന്നു.

പേരു മാറ്റിയാലോ എന്നാലോചിച്ചതാ.അപ്പാള്‍ അമ്മച്ചിയുടെ ഒടുക്കത്തെ സെന്‍റി.ചത്ത് പരലോകം പൂണ്ട ഏതോ ഒര് വല്യപ്പാപ്പന്‍റെ ഓര്‍മ്മയ്ക്ക് ഇട്ടതാണത്രേ ഈ പേര്..ചേന..

അങ്ങനെ കാത്തിരുന്നു കിട്ടിയ ലീവ് കഴിഞ്ഞ് പെണ്ണും പെടക്കോഴിയുമില്ലാതെ വീണ്ടും മണലാരണ്യത്തിലെ ചൂടിലേക്ക് യാത്ര തിരിച്ചു.മഴ വീണ്ടും ഒരു സ്വപ്നമായി അവശേഷിച്ചു.

അങ്ങനെ മാസങ്ങള്‍ കടന്നു പോയി.

പ്രിയദര്‍ശന്‍ സിനിമകള്‍പോലെ ട്രാജഡി നിറഞ്ഞതായിരുന്നില്ല ക്ലൈമാക്സ്.എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് അല്ലെങ്കില്‍ ഏത് പട്ടിക്കും ഒരു ദിവസം വരും എന്ന് പറയുന്നത് ചുമ്മാതെയല്ല.അങ്ങനെ എന്‍റെ ദിവസവും വന്നണഞ്ഞു.ഒരു ദിവസം എന്‍റെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഒരു മലേഷ്യന്‍ സുന്ദരി കയറി വന്നു.സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഓണര്‍ ആണെന്ന വിചാരം പോലുമില്ലാതെ ഞാന്‍ ആ സുന്ദരിയെ തന്നെ നോക്കി നിന്നു.

ആ പെണ്‍കൊടി എന്തൊക്കെയോ വാങ്ങി ബില്ല് പേ ചെയ്യാനായി എന്‍റെ മുന്നിലേക്കു വന്നു.പക്ഷെ അത്രെം സാധനങ്ങള്‍ക്കുള്ള കാശ് സുന്ദരിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല.കാശില്ലാത്തോണ്ട് കുറച്ച് സാധനങ്ങള്‍ തിരിച്ചു നല്‍കാന്‍ തുടങ്ങി.പക്ഷെ..

"സാരമില്ല വെച്ചോളൂ..പണം പിന്നെ തന്നാല്‍ മതി.സ്നേഹമല്ലേ വലുത്"-എന്നും പറഞ്ഞ് മുഴുവന്‍ സാധനങ്ങളും ഞാന്‍ സുന്ദരിക്കു കൊടുത്തു.

എന്നെ നോക്കി ചിരിച്ചിട്ട് എന്‍റെ പേര് ചോദിച്ചു.

കര്‍ത്താവെ ഇവള്‍ ടിന്‍റുമോനെ പറ്റി കേട്ടിട്ടു കൂടി ഉണ്ടാകല്ലെ എന്നു മനസ്സില്‍ കരുതി ‍ഞാന്‍ പേരു പറഞ്ഞു.

"മോന്‍..ടിന്‍റുമോന്‍..!"

"ടിന്‍റു..!wow നൈസ് name"

അങ്ങനെ തുടങ്ങിയതാ ഇഷ്ടാ അവളോടുള്ള പരിചയം.ആരെങ്കിലും അറിഞ്ഞോ ഞാന്‍ പിന്നെയും അവളെ കാണുമെന്നും ആ മലേഷ്യകാരിയെ കെട്ടുമെന്നും.ഭാഗ്യത്തിന് മലേഷ്യയിലൊന്നും ടിന്‍റുമോന്‍ ഫലിതങ്ങള്‍ പിറവിയെടുത്തട്ടില്ല.എന്തായാലും ഞാനും എന്‍റെ മലേഷ്യന്‍ ചന്ദ്രികയും സുഖമായി സന്തോഷമായി ജീവിക്കുന്നു

by the way പറയാന്‍ മറന്നു.ഇന്ന് ഞങ്ങളുടെ മോളുടെ ഒന്നാം പിറന്നാളാണ്.മോളുടെ പേര് എന്താണെന്ന് കേള്‍ക്കണ്ടേ..?

"ഡുണ്ടുമോള്‍..!"

പുള്ളിക്കാരത്തിക്ക് ഒരേയൊരു വാശി ഈ പേരുതന്നെ മതിയെന്ന്.
ചിരിക്കണ്ട.എന്‍റെ മോളെ ഞാന്‍ കേരളത്തിലോട്ട് വിടണില്ല.അവളും കണ്ട് പിടിച്ചോളും ഒരു മലേഷ്യക്കാരനെയോ..ചൈനക്കാരനെയോ..


ഡിങ്ക ഡിങ്ക..ടിന്‍റുമോനോടാ കളി..!