പത്രത്തിലെ ചരമകോളം ഒരിക്കല്‍പോലും വായിക്കാത്ത ഞാനാണ്.പിന്നെങ്ങനെ ഈ വാര്‍ത്ത ഞാന്‍ ശ്രദ്ധിച്ചു.ഹൃദയം നിശ്ചലമായി വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍.അവിരുടെ മുഖം പത്രത്തില്‍ കണ്ടപ്പോള്‍ മനസ്സൊന്നു വിങ്ങി.ആ വിങ്ങലാണല്ലോ കണ്ണുന്നീരായി പ്രതിഫലിച്ചത്.എനിക്ക് ആരുമായിരുന്നില്ല അവര്‍.പക്ഷെ എനിക്കവരെ അറിയാം.ഇന്നലെ ആദ്യമായും അവസാനമായും ഞാനവരെ കണ്ടിരുന്നു.
ഇന്നലെ രണ്ടാം ശനി.വിരസമായ ഒരു ഒഴിവു ദിവസം.വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.ഒര് കല്യാണത്തിനു പോയിരിക്കുകയായിരുന്നു എല്ലാവരും.ചാനലുകള്‍ മാറ്റിയും തിരിച്ചും ഞാന്‍ ടി.വിക്ക് മുന്നിലിരുന്ന് ബോര് അടിച്ചു.എന്തൊക്കെയോ ജോലികള്‍ ചെയ്യാന്‍ ഏല്‍പ്പിച്ചാണ് അമ്മ പോയത്.ഒന്നും ചെയ്യാന്‍ വയ്യ.കമ്പ്യൂട്ടറിനു മുന്നിലിരുന്നുള്ള പഠനം മേലനങ്ങി പണിയെടുക്കുന്നതില്‍ നിന്നും എന്നെ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്.ഫലത്തില്‍ ഞാനൊരു മടിയനായി തീര്‍ന്നു.മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ സുന്ദരമായ ഒരു ഹാര്‍ട്ട് അറ്റാക്ക്.ഡിം..അങ്ങനെയാകും എന്റെ മരണം.
അങ്ങനെ പലചിന്തകളില്‍ വ്യാപരിക്കുമ്പോഴാണ് വീട്ടിലെ കോളിങ് ബെല്‍ മുഴങ്ങിയത്.കൂട്ടുകാര്‍ ആരെങ്കിലുമാകുമെന്ന് കരുതിയാണ് കതക് തുറന്നത്.അല്ലാതെ ഈ സമയത്ത് ആര് വരാനാണ്.പക്ഷെ കതകു തുറന്നപ്പോള്‍ മുന്നില്‍ കണ്ടത് ഒരു സ്ത്രീ രൂപമായിരുന്നു.നല്ല കറുത്തിട്ട്,അധികം പ്രായമില്ലാത്ത സ്ത്രീ.അവര്‍ ഇളം ചുവപ്പ് നിറത്തില്‍ പച്ച ബോര്‍ഡറുള്ള ഒരു സാരിയാണ് ധരിച്ചിരുന്നത്.തലയില്‍ ഒരു കറുത്തതുണിയിട്ടിരുന്നു.പക്ഷെ അവരെ കണ്ടിട്ട് ഒരു മുസ്ലിമാണെന്ന് എനിക്ക് തോന്നിയില്ല.
ആരാ..എന്താ..?-എന്ന ഭാവത്തില്‍ ഞാനവരെ നോക്കി.എന്റെ ചോദ്യം വരുന്നതിനു മുന്‍പേ അവര്‍ എന്തോ പറഞ്ഞു.പക്ഷെ ഞാനത് വ്യക്തമായി കേട്ടില്ല.ഞാന്‍ അവര്‍ക്കരികിലേക്ക് ചെന്നു.
"എന്താ..?"
"ഇവിടെ ആരാ തേങ്ങയിടാന്‍ വരുന്നത്..?"
അവര്‍ എന്നോട് ചോദിച്ചു.അവരുടെ ശബ്ദത്തിന് ചെറിയ വിറയലുണ്ടായിരുന്നു.
"എനിക്ക് പേരറിയില്ല"
ഞാന്‍ പറഞ്ഞു.
"അമ്മയിലെ ഇവിടെ..?"
അവര്‍ അകത്തേക്ക് നോക്കികൊണ്ട് ചോദിച്ചു.
"ഇല്ല."
"ഇവിടെ ആരാ തേങ്ങയിടാന്‍ വരുന്നത്..?"
അവര്‍ അതേ ചോദ്യം എന്നോട് ആവര്‍ത്തിച്ചു.അവരുടെ ശബ്ദം അപ്പോള്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു.
"എനിക്ക് അയാളുടെ പേരറിയില്ല.പൊക്കം കുറഞ്ഞ ഒരാളാണ്."
വീട്ടില്‍ തേങ്ങയിടാന്‍ വരുന്ന ആളിന്റെ പേരെനിക്ക് അറിയില്ലായിരുന്നു.കണ്ടുള്ള പരിചയം മാത്രമെ ഉള്ളൂ.
"രമേശനാ..?"
അവര്‍ ചോദിച്ചു.
"അറിയില്ല."
"ഞാന്‍ രമേശന്റെ പെങ്ങളാണ്."
ഞാന്‍ അവരെ നോക്കി.മുന്‍പെങ്ങും ഇവിടെ കണ്ടിട്ടില്ല.എന്താണ് അവര്‍ പറയാന്‍ വരുന്നത്.
"ക്യാന്‍സറാണ്.മരുന്നു വാങ്ങണം."
ആ മറുപടിയില്‍ എന്റെ മനസ്സൊന്നു പിടച്ചു.ഇത് സത്യമായിരിക്കുമോ.?എനിക്ക് അവരുടെ മുഖത്തേക്ക് നോക്കാന്‍ തോന്നിയില്ല.അമ്മ ഷര്‍ട്ട് വാങ്ങാന്‍ തന്ന 300 രൂപ മേശയില്‍ ഇരിപ്പുണ്ട്.അതില്‍ നിന്ന്..
"ഇവിടെ ഇപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളൂ.പോയിട്ട് അച്ഛനോ അമ്മയോ ഉള്ളപ്പോള്‍ വരൂ."
പക്ഷെ ഇങ്ങനെ പറയാനാണ് എനിക്കപ്പോള്‍ തോന്നിയത്.കമ്പ്യൂട്ടറിനു മുന്നിലുള്ള ജീവിതം കനിവുള്ള നന്മയുള്ള എന്നിലെ മനുഷ്യനെ ഇല്ലാതാക്കിയിരിക്കുന്നു.ഞാനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രതിനിധിയായിരിക്കുന്നു.
അവര്‍ മറുത്തൊന്നും പറഞ്ഞില്ല.തിരിച്ചു നടന്നു തുടങ്ങി.മുറ്റത്ത് നിവര്‍ത്തിവെച്ചിരുന്ന അവരുടെ കുട എടുക്കാന്‍ കുനിഞ്ഞപ്പോള്‍ തലയിലിട്ടിരുന്ന കറുത്തതുണി ചെറുതായൊന്നു നീങ്ങി.അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.അവര്‍ക്ക് മുടിയുണ്ടായിരുന്നില്ല.ഗേറ്റിനരികില്‍ കിടന്നിരുന്ന ചെരുപ്പുമിട്ട് അവര്‍ റോഡിലേക്കിറങ്ങി.
ഒരുനിമിഷം ഞാന്‍ നിശ്ചലമായി.ശരിയാണ്.അവര്‍ പറഞ്ഞതെല്ലാം ശരിയാണ്.ഞാന്‍ അകത്തേക്കോടി.മേശ തുറന്ന് പൈസയുമെടുത്ത് ഗേറ്റിനരികിലേക്ക് ഓടിയെത്തി.പക്ഷെ അപ്പോഴേക്കും അവര്‍ ഏതോ വഴിയിലേക്ക് മറഞ്ഞിരുന്നു.മനസ്സില്‍ വലിയൊരു ഭാരവും പേറിയാണ് ഞാന്‍ വീട്ടിലേക്ക് കയറിയത്.
പത്രം ഞാന്‍ മടക്കി വെച്ചു.കണ്ണുകള്‍ പിന്നെയും നിറയുകയാണ്.ഇന്നലെ എന്റെ മുന്നില്‍ വന്ന സ്ത്രീ മരിച്ചിരിക്കുന്നു.എന്റെ മുന്നില്‍ കൈകൂപ്പി നിന്ന ഒരിറ്റ് ദയയ്ക്ക് വേണ്ടി യാചിച്ച അതേ സ്ത്രീ തന്നെയാണ് പത്രത്താളിലിരുന്ന് എന്നെ വേദനിപ്പിക്കുന്നത്.
മരണവീട്ടിലേക്ക് പോകാനിറങ്ങുകയായിരുന്നു അച്ഛന്.ഞാനും അച്ഛന്റെ കൂടെയിറങ്ങി.ഒരു മരണവീട്ടിലും ഞാന്‍ പോകാറില്ലായിരുന്നു.എനിക്ക് പേടിയാണ്.മരണവീട്ടില്‍ ചെല്ലുമ്പോള്‍ ഉറ്റവരുടെ കരച്ചില്,ചന്ദനത്തിരിയുടെ ഗന്ധം..അങ്ങനെ പലതും എന്റെ മനസ്സിനെ തളര്ത്തികളയുമായിരുന്നു.മരണത്തെ എനിക്ക് ഭയമാണ്.
ഏകദേശം 20 കിലോമീറ്റര്‍ അകലെ ഒര് കോളനിയില്‍ അച്ഛനോടിച്ചിരുന്ന ബൈക്ക് നിന്നു.അവിടെയൊരു ചെറിയ മുറുക്കാന്‍ കടയുണ്ടായിരുന്നു.വഴി ചോദിക്കാനാണ് ബൈക്കവിടെ നിര്‍ത്തിയത്.കടക്കാരന് പറഞ്ഞു തന്ന വഴിയില്‍ ഞങ്ങള്‍ പോയി.ഒരു ചെറിയ കുന്നിന് മുകളിലായിരുന്നു വീട്.അവിടേക്ക് വണ്ടി ചെല്ലില്ല.ബൈക്ക് താഴെ വെച്ചിട്ട് ഞങ്ങള്‍ കുന്നു കയറി വീടിനടുത്തേക്ക് നടന്നു.
മരണത്തിന്റെ നിശബ്ദത അവിടെ തളം കെട്ടി നില്‍പ്പുണ്ടായിരുന്നു.വീടിനു മുന്നില്‍ വിരലിലെണ്ണാവുന്ന ആള്‍ക്കാരെ ഉള്ളു.ഞാനും അച്ഛനും അകത്തേക്ക് കയറി.അച്ഛനെ കണ്ട് വാതിലിരികില് നിന്ന രമേശന് മൂപ്പര് ചെറുതായൊന്ന് ചിരിക്കാന്‍ ശ്രമിച്ചു.
ഞാന്‍ ആ സ്ത്രീയെ ഒരു നോക്കേ നോക്കിയോളു.സമനില തെറ്റി ഞാന്‍ കരയുമെന്ന് ഉറപ്പായപ്പോള്‍ ഞാന്‍ പുറത്തേക്കിറങ്ങി.ഇന്നലെ ഞാനവര്ക്ക കാശ് കൊടുത്തിരുന്നെങ്കില്‍ അത് അവര്‍ക്ക് ഒരു ദിവസത്തെയെങ്കിലും മരുന്നിനു തികയുമായിരുന്നു.ചിലപ്പോള്‍ മരണം അവരോട് കനിവു കാണിക്കുമായിരുന്നു.ഒര് ദിവസം കൂടിയെ ങ്കിലും ജീവിതം നീട്ടി കിട്ടുമായിരുന്നു..
രമേശന് മുപ്പര് അച്ഛന്റെ അരികിലേക്കു വന്ന് സംസാരിച്ചു തുടങ്ങി.
"ക്യാന്‍സറായിരുന്നു.ചികില്‍സിക്കാന്‍ എനിക്കെവിടുന്ന സാറേ കാശ്.എന്നാലും എന്നെകൊണ്ട് ആവുന്നതൊക്കെ ചെയ്തു..എന്നിട്ടും.."
അയാളും കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
"കല്യാണം കഴിഞ്ഞിരുന്നോ..?"
അച്ഛന് ചോദിച്ചു.
"അതല്ലെ സാറേ കഷ്ടം.അളിയന് ഒരു വര്‍ഷം മുന്‍പ് മരിച്ചു.ഇതേ രോഗം തന്നെ.എന്ത് ചെയ്യാനാ സാറേ വിധി അല്ലാതെയെന്താ..ദേ അവളെ കണ്ടില്ലേ.ഞാന്‍ നോക്കണം ഇനി അതിനെ.എങ്ങനെ നോക്കാനാ സാറേ..?"
അപ്പോഴാണ് അയാള്‍ കൈചൂണ്ടിയ ദിക്കിലേക്ക് ഞാന്‍ നോക്കിയത്.അവിടെ നാല് വയസ്സിന് താഴെ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയിരിപ്പുണ്ടായിരുന്നു.എന്തോ കളിയ്ക്കുകയായിരുന്നു.പാവം അച്ഛനു പിന്നാലെ അമ്മ പോയതൊന്നും അറിയുന്നുണ്ടാകില്ല.ഞാനും അച്ഛനും അവളുടെ അരികിലേക്ക് ചെന്നു.
അവള് തലയുയര്‍ത്തി ഞങ്ങളെ നോക്കി.വീണ്ടും പഴയ ജോലിയില്‍ മുഴുകി.ഞാന്‍ അവളുടെയരികിലിരുന്ന് ഇന്നലെ അവളുടെ അമ്മയ്ക്ക് കൊടുക്കാതെ പോയ പണം അവളുടെ കൈയില്‍ പിടിപ്പിച്ചു.എന്തിനാണ് അങ്ങനെ ചെയ്തത് എന്നെനിക്കറിയില്ലായിരുന്നു.എങ്കിലും അങ്ങനെ ചെയ്യാനാണ് തോന്നിയത്.അവള് എന്നെ നോക്കികൊണ്ടേയിരുന്നു..
കുന്നിറങ്ങി ബൈക്കിനടുത്തേക്ക് നടക്കുമ്പോള്‍ ഞാന്‍ അച്ഛനോട് ചോദിച്ചു
"നമുക്ക് അവളെ നമ്മുടെ വീട്ടിലേക്ക് കൊണ്ടു വന്നാല്ലോ..?കഷ്ടമല്ലേ.."