Sunday, September 19, 2010
ഡിലീറ്റ്-വേദനിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍
രണ്ട് മാസം മുമ്പ് ഒര് വെള്ളിയാഴ്ച ദിവസം പത്രത്തില്‍ വന്ന വാര്‍ത്ത മനസ്സില്‍ തങ്ങി നിന്നിരുന്നു.അത് ഒരു വൃദ്ധമാതാവിനെ കുറിച്ചായിരുന്നു.എടുത്തു വളര്‍ത്തിയ മകള്‍ വാര്‍ധക്യത്തില്‍ അവരെ ഉപേക്ഷിക്കുന്ന കരളലിയിപ്പുക്കുന്ന സത്യം.ഇത് ചിത്രീകരിക്കണമെന്ന് അന്ന് ആഗ്രഹിച്ചതാണ്.വാര്‍ത്തയിലൂടെ തന്നെ സ്ക്രിപ്റ്റും പൂര്‍ത്തിയാക്കി.കാലം മാറുമ്പോള്‍ ബന്ധങ്ങള്‍ ഇല്ലാതാകുന്നു എന്നതില്‍ നിന്നും ഡിലീറ്റ്(delete) എന്ന പേരാണ് റ്റൈറ്റില്‍ കൊടുത്തത്.വരുന്ന ഒക്ടോബര്‍ ഒന്നിന്(ലോക വൃദ്ധദിനം)എല്ലാവര്ക്കും കാണത്തക്ക രീതിയില്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.അങ്ങനെ സെപ്തംബര്‍ 18,19 തിയതികളിലായി ഷൂട്ടിങ്ങ് നിശ്ചയിച്ചു.
ഡിലീറ്റ് എന്റെ നാലാമത്തെ ഹ്രസ്വചിത്രമാണ്.സ്കൂള്‍ബാര്‍,ഫെയ്സ്,മൊമെന്റ്സ് എന്നി ഹ്രസ്വചിത്രങ്ങള്‍ക്ക് ശേഷം ഡിലീറ്റ്.ചിത്രീകരിക്കുക എന്നതിലുപരി ചില സത്യങ്ങള്‍ ലോകത്തിനു മുന്നിലേക്കു വെയ്ക്കുക എന്നായിരുന്നു ആഗ്രഹം.
കൊല്ലം കൊട്ടാരക്കരയില്‍ ഒരു വൃദ്ധസദനമുണ്ട്.കലയപുരം ആശ്രയ കേന്ദ്രം.സിനിമയുടെ ഭൂരിഭാഗവും അവിടെ ഷൂട്ട് ചെയ്യാനാണ് തീരുമാനിച്ചത്.
സെപ്തംബര്‍ 19 ഞായറാഴ്ച ഉച്ചയോടെ ഞാനും ഷൂട്ടിങ്ങ് സംഘവും(ഞാനും വളരെ ചെറിയൊരു ക്യാമറയും എന്റെ 4 സുഹൃത്തുക്കളും) ആശ്രയകേന്ദ്രത്തിലെത്തി.എന്റെ മനസ്സില്‍ അതുവരെ ഉണ്ടായിരുന്ന സങ്കല്പ്പമല്ലാരുന്നു അവിടം.അത് പുതിയൊരു ലോകമായിരുന്നു.അനാഥര്‍,ഉപേക്ഷിക്കപ്പെട്ടവര്‍,എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തവര്‍..ഞാന്‍ അവര്‍ക്കിടയിലേക്കാണ് ക്യാമറയും കൊണ്ട് നടന്നത്..
ആ ഹാളില്‍ കുറഞ്ഞത് ഒര് നൂറ് പേരെങ്കിലും ഉണ്ടാകും.ഞാന്‍ തീര്‍ച്ചയായും ഞെട്ടി.ഇടയ്ക്കെവിടെ നിന്നോ ആരൊക്കെയോ ഉച്ചത്തില്‍ ബഹളം വെയ്ക്കുന്നു.തലയ്ക്ക് സ്ഥിരതയില്ലാത്തവരാണ്.അവിടെ നിന്ന് നോക്കിയപ്പോള്‍ മുകളിലൊരു മുറിയില്‍ കുറച്ചുപേരെ കമ്പിയഴികള്‍ക്കുള്ളില്‍ ഇട്ടിരിക്കുന്നത് കണ്ടു.
ക്യാമറ ഓരോ മുഖങ്ങളിലേക്കും പതിച്ചു.സ്ക്രിപ്റ്റില്‍ ഞാന്‍ എഴുതാത്ത വാക്കുകള്‍..നോട്ടങ്ങള്‍..
ധൈര്യം സംഭരിച്ച് ഞാന്‍ അവര്‍ക്കരികിലേക്ക് നടന്നു.അപ്പോള്‍ ഒരാള്‍ എന്നെ പിടിച്ചു നിര്‍ത്തി.ഞാന്‍ പേടിച്ചു.ക്യാമറയും കൈയിലിരിക്കുന്നു.എന്ത് ചെയ്യണമെന്ന് അറിയില്ല.കൂടെ വന്നവരെല്ലാം ദൂരെ നില്‍ക്കുകയാണ്.ഞാന്‍ അയാളെ നോക്കി ദയനീയമായി ചിരിച്ചു.തലയ്ക്ക് പ്രശ്നമുള്ള ആളാണ്.ഞാന്‍ ഹലോ എന്ന് പറഞ്ഞു.അപ്പോള്‍ അയാള്‍ കൈയുയര്‍ത്തി.സമാധാനമായി.കൈവിട്ടു.
യഥാര്‍ഥ ജീവിതമാണ് അവിടെ ചിത്രീകരിച്ചത്.ആരും അഭിനയിക്കുകയായിരുന്നില്ല..
ഷൂട്ടിങ്ങ് കഴിഞ്ഞിറങ്ങുമ്പോള്‍ വാതിലിനടുത്തിരുന്ന ഒര് വൃദ്ധ ഞങ്ങളോട് ചോദിച്ചു..
"നിങ്ങള്‍ എന്റെ മോനെ കണ്ടോ..?"
ഇത് തന്നെയല്ലേ എന്റെ മുന്നിലെ ചോദ്യവും..എഡിറ്റിങ്ങ് പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിന് ഈ ഷോര്‍ട്ട് ഫിലിം സമര്‍പ്പിക്കപ്പെടും
Subscribe to:
Posts (Atom)