Friday, October 15, 2010

മടിയന്‍ ദാസപ്പന്‍ എന്ന അസാധു - തെരഞ്ഞെടുപ്പ് സ്പെഷ്യല്‍

ഞാന്‍ ദാസപ്പന്‍-മടിയന്‍ ദാസപ്പന്‍ എന്നാണ് നാട്ടുകാര്‍ വിശേഷിപ്പിക്കുന്നത്.അത് വെള്ളം ചേര്‍ക്കാത്ത പരമാര്‍ഥമാണ്.ചെറുപ്പം മുതല്‍ക്കേ ‍ഞാനൊരു കുഴിമടിയനായിരുന്നു.മടി പിടിച്ച് എസ്.എസ്.എല്‍.സി വരെ എത്തിയപ്പോള്‍ വയസ്സ് 23.പക്ഷെ മടികാരണം ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ കൂടി ഞാന്‍ പോയില്ല.എസ്.എസ്.എല്‍.സി പാസാവാത്ത എത്രയോ പേര്‍ ഉന്നതങ്ങളില്‍ എത്തിയിരിക്കുന്നു.പിന്നല്ലെ ഈ ദാസപ്പന്‍-എന്നതാണ് എന്‍റെ ഫിലോസഫി.പക്ഷെ ഇത് കേള്‍ക്കുമ്പോള്‍ രമേശന്‍ മൂപ്പര്(അതായത് എന്‍റെ അച്ഛന്‍)പറയും-

എല്ലുമുറിയെ അധ്വാനിച്ചിട്ടാ അവര്‍ ഉയരത്തിലെത്തിയത്.പക്ഷെ മടിയനായ നീയോ..?

അതിനും ഈ ദാസപ്പന്‍റെ കൈയില്‍ നല്ല ഒന്നാന്തരം മറുപടിയുണ്ട്.

എല്ലാരേം പോലെയാണോ അച്ഛന്‍റെ മോന്‍ ദാസപ്പന്‍.എനിക്ക് എന്‍റേതായ ഒരു വ്യക്തിത്വം ഇല്ലേ..?ഞാന്‍ എന്‍റെ വഴിയെ വലിയവനാകും

ഇങ്ങനെയൊക്കെയാണ് ഞാന്‍.പക്ഷെ എനിക്കും നന്നാകണമെന്നൊക്കെയുണ്ട്.പ്രവര്‍ത്തിയില്‍ കൊണ്ട് വരാനാണ് പാട്.മടി അത് തന്നെ.ഒരിക്കല്‍ ദാസപ്പന്‍ നന്നാകുമെന്ന് എന്‍റെ മനസ്സ് പറയുന്നു..ഇനി ചിലപ്പോ അതൊരു തോന്നലാണോ..?ആ..ആര്‍ക്കറിയാം.


രാവിലെ എണ്ണീക്കാന്‍ തന്നെ മടിയാണ്.ഒര് വിധം എണ്ണീറ്റാല്‍ തന്നെ പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞു വരുമ്പോള്‍ ഒര് സമയമാകും.ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്നലെ സര്‍ക്കാര് പറയുന്നത്.ഞാന്‍ ഒരു വരി കൂടി ചേര്‍ത്തു.ജലം അമൂല്യമാണ് അത് മലിനമാക്കരുത്.കുളിച്ചില്ലേലും ജീവിക്കാല്ലോ..!

പക്ഷെ ഒന്നുണ്ട്.ഭക്ഷണം.അതിന്‍റെ കാര്യത്തില്‍ ഞാനെന്‍റെ ഫിലോസഫികളെല്ലാം മടക്കി അലമാരയില്‍ വെക്കും.ഭക്ഷണകാര്യത്തില്‍ ഒരു മടിയുമില്ല.മൂന്ന് നേരം സുഭിഷ്ട ഭക്ഷണം..ഏമ്പക്കം..ഉറക്കം..കൂര്‍ക്കംവലി..

അങ്ങനെയിരിക്കെയാണ് ആ ദിവസം സമാഗതമായത്.ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കില്‍ എന്തെങ്കിലും ജോലി ചെയ്തേ മതിയാകു എന്ന നഗ്നമായ സത്യം ഞാന്‍ അപ്പോഴേക്കും മനസ്സിലാക്കിയിരുന്നു.പക്ഷെ പത്താം ക്ലാസ് പരീക്ഷയെഴുതാത്തവന് അന്തസ്സുള്ള ജോലി ഏതേലും കിട്ടുമോ.ഇതൊക്കെ ഇപ്പോഴാണോ ദാസപ്പാ ആലോചിക്കുന്നത്-ഞാന്‍ എന്നോട് തന്നെ ചോദിച്ചു.പിന്നെയെന്ത് ചെയ്യും.അങ്ങനെയാണ് പഞ്ചായത്ത് ഇലക്ഷന്‍റെ കാര്യം അറിയിന്നുത്.പഞ്ചായത്ത് മെമ്പറാകുക-കൊള്ളാം.കേട്ടിട്ടുതന്നെ ഒര് സുഖമുള്ള ഏര്‍പ്പാടാണ്.പൊട്ടന് ലോട്ടറി അടിച്ചപ്പോലെ പ്രസിഡന്‍റ് കസേരകൂടി കിട്ടിയാല്‍ കുശാലായി.അങ്ങനെ ഏതെങ്കിലും പാര്‍ട്ടിയുടെ ചിഹ്നത്തില്‍ കേറിയങ്ങ് മത്സരിക്കാന്‍ തീരുമാനിച്ചു.ഒന്നും നടന്നില്ലെങ്കില്‍ സ്വന്തമായി ഒര് പാര്‍ട്ടി തന്നെയങ്ങ് ഉണ്ടാക്കും.അല്ല പിന്നെ.നാട്ടുകാര്‍ക്കിടയില്‍ ജോലിയും കൂലിയുമില്ലാത്ത പയ്യന്‍ എന്ന ഇമേജ് ഉള്ളത്കൊണ്ട് അത് സഹതാപമാക്കി വര്‍ക്ക് ഔട്ട് ചെയ്യിപ്പിച്ചാല്‍ വിജയം സുനിശ്ചിതം.ഞാന്‍ മനക്കോട്ടകള്‍ മേയാന്‍ തുടങ്ങി.

"കരകാണാകടലലമേലേ
മോഹപ്പൂങ്കുരുവി പറന്നേ.."

എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസപ്പാ..അങ്ങനെ എന്‍റെ സമയം തെളിയാന്‍ പോകുകയാണ്.മെമ്പറായി കഴിഞ്ഞാല്‍ പിന്നെ കുശാലാണ്.ആണ്ടിനോ ചങ്കരാന്തിക്കോ പഞ്ചായത്തിലെ വീടുകളിലേക്ക് സന്ദര്‍ശനം.വളിച്ച ചിരി ചിരിക്കണം.കരയണം.കുശലം തിരക്കണം.പിന്നെ എല്ലാ കുണ്ടറ നിവാസികളുടെയും കല്യാണം നടത്തിപ്പുകാരനായി നിന്ന് വയറു നിറയെ ശാപ്പിടണം.

അങ്ങനെ അങ്ങനെ പലതും ആലോചിച്ചുകൊണ്ടാണ് പാര്‍ട്ടി ഓഫീസിന്‍റെ പടി ചവിട്ടിയത്.പതിവിലേറെ തിരക്കായിരുന്നു അപ്പോള്‍ അവിടെ.എന്തായാലും പാര്‍ട്ടി മീറ്റിങൊന്നും ആകാന്‍ വഴിയില്ല.മീറ്റിങ്ങ് വല്ലോം ആയിരുന്നെങ്കില്‍ ഇത്രയുംപേര്‍ കാണില്ലല്ലോ.കസേരകളെല്ലാം ഒഴിഞ്ഞുകിടക്കണ്ടതല്ലെ..ഇത് സംഗതി വേറേ എന്തോ ആണ്.

കൂട്ടത്തില്‍ മുശിഞ്ഞ ജൂബ ധരിച്ച ഊശാം താടിക്കാരനോട് ഞാന്‍ കാര്യം തിരക്കി.അയാള്‍ ആട്ടിന്‍ താടി തടവി നിന്നതല്ലാതെ കമാ എന്നൊരക്ഷരം പറഞ്ഞില്ല.ഇനി പൊട്ടനാണോ..?

എന്തായാലും എല്ലാര്‍ക്കും എന്തോ വിഷമമുണ്ട്.സമരം നടത്താനും കല്ലെറിയാനും പിരിവുനടത്താനും പോകുന്ന ആവേശവും സന്തോഷവുമൊന്നും ആരുടേയും മുഖത്ത് കണ്ടില്ല.ഇന്നെന്താ ഇവര്‍ക്ക് ചായേം വടേം കിട്ടില്ലേ..?

കാര്യം അതൊന്നുമല്ല.അതറിഞ്ഞപ്പോള്‍ തമ്പുരനാണേ ഈ ദാസപ്പന്‍റെ ചങ്കും തകര്‍ന്നുപോയി.കാര്യം എന്താണെന്നു വെച്ചാല്‍ ഇവിടെ കൂടിയിരിക്കുന്ന ഞാന്‍ ഉള്‍പ്പെടുന്ന കിഴങ്ങന്‍മാര്‍ക്കൊന്നും മത്സരിക്കാനൊക്കില്ല.സ്ത്രീ സംവരണമാണു പോലും..എന്താ കഥ..

ഇപ്പോള്‍ ബാക്ക് ഗ്രൗഡില്‍ ചെകുത്താന്‍റെ വയലിന്‍ വായനകേട്ടു തുടങ്ങുന്നു.

ഞാന്‍ റോഡിലേക്കിറങ്ങി നടന്നു.ഇനി എന്തു ചെയ്യും?ഈ ദാസപ്പനെ നന്നാവാനാരേം സമ്മദിക്കൂല്ല അല്ലേ.അങ്ങനെയെങ്കില്‍ അങ്ങനെ.തോല്‍ക്കാന്‍ ദാസപ്പന്‍റെ ജീവിതം ഇനിയും ബാക്കിയാണ് മക്കളെ..

അപ്പോഴാണ് പെട്ടെന്നൊരു ഐഡിയ മനസ്സില്‍ തെളിഞ്ഞത്.സ്ത്രീസംവരണമാണെങ്കിലും ഇത് വരെയും മത്സരിക്കാന്‍ ആരെയും കിട്ടിയിട്ടില്ലാരുന്നു.എന്‍റെ പദ്ധതി ഇനി പറയും വിധമാണ്.ആദ്യം പഞ്ചായത്തിലെ ഒരു വനിതയെ വശത്താക്കണം.എന്‍റെ സ്വന്തം സ്ഥാനാര്‍ഥിയായി നിര്‍ത്തി മത്സരിപ്പിക്കണം.ജയിച്ചു കഴിഞ്ഞാല്‍ അങ്ങ് കെട്ടണം.ശിഷ്ടകാലം അവളുടെ ചിലവില്‍ സുഖജീവിതം.ഒരു പണിക്കും പോകണ്ട.എന്നെ അങ്ങ് സമ്മദിക്കണം.എനിക്ക് ദാസപ്പനെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നി.അടങ്ങ് മോനെ അടങ്ങ്..

ഇപ്പോള്‍ ബാക്ക് ഗ്രൗണ്ടില്‍ എ.ആര്‍ റഹ്മാന്‍റെ സംഗീതം.
ഞാന്‍ നാളെ മുതല്‍ വനിതാമെമ്പര്‍ ഹണ്ട് തുടങ്ങാന്‍ തീരുമാനിച്ചു.

കാലത്തെ എണ്ണീറ്റ് കുളിച്ച്(ഇവനിന്നു കുളിച്ചോ-എന്ന മട്ടില്‍ അമ്മയൊന്നു നോക്കി)കുറിതൊട്ട് അലക്കിതേച്ച ഉടുപ്പുമിട്ട് പുറത്തേക്കിറങ്ങി.നന്നായി കുളിച്ചിട്ട് മാസങ്ങളായിരുന്നു.നേരെ പോയത് അന്നമ്മയുടെ അടുത്തേക്കായിരുന്നു.അവള്‍ക്ക് പണ്ട് എന്നോടൊരു ലബ് ഉണ്ടാരുന്നു.അത് വേറൊന്നും കൊണ്ടല്ല.ആറാംക്ലാസില്‍ ഞാന്‍ രണ്ടും വെട്ടവും അന്നമ്മ ഒരു വെട്ടവും തോറ്റിരുന്നിട്ടുണ്ട്.അങ്ങനെ തോറ്റവള്‍ക്ക് തന്‍റെ നുകത്തില്‍ കെട്ടാവുന്നവനോട് തോന്നിയ ഇഷ്ടമാണ്.

അന്നമ്മ ഇപ്പോള്‍ ഒരു സോപ്പ് കമ്പനിയില്‍ ജോലിചെയ്യുകയാണ്.ഞാന്‍ അങ്ങോട്ടേക്കാണ് പോയത്.ഭാഗ്യം.അന്നമ്മ അവിടെ തന്നെയുണ്ടായിരുന്നു.അന്നമ്മ എന്നെ കണ്ടതും ചാടി തുള്ളി അടുത്തേക്കു വന്നു.

"അന്നമ്മോ നീ പഴയതിനേക്കാള്‍ സുന്ദരിയായിട്ടുണ്ട് കേട്ടോ..എന്താ ഇതിന്‍റെ രഹസ്യം"-
ഞാന്‍ ആദ്യത്തെ നമ്പരിട്ടു.

"ദാസപ്പന്‍ ചേട്ടാ ഇത് ഇവിടെ ആവശ്യത്തിനുണ്ട് കേട്ടോ"-
അന്നമ്മയുടെ മറുപടി.

"എന്ത്..?"

"സോപ്പ്..!"

"പോ..അന്നമ്മേ..അവളുടെ ഒര് തമാശ..ഇപ്പോഴും നീ ആറാംക്ളാസിലെ അന്നക്കുട്ടി തന്നെ..!നിനക്കോര്‍മയിലെ ആ കാലം..?"

"പിന്നെ"

"കണക്കിനു ഒരു മാര്‍ക്ക് കിട്ടിയതിന് നീ കരഞ്ഞപ്പോള്‍ പൂജ്യം വാങ്ങിയ ഞാന്‍ അല്ലേ നിന്നെ സമാധാനിപ്പിച്ചത്.."

അങ്ങനെ ഞാന്‍ ഒന്നിനു പിറകെ ഒന്നായി നമ്പറുകളിറക്കികൊണ്ടിരുന്നു.അവസാനം അന്നമ്മ സമ്മദിച്ചു-മത്സരിക്കാമെന്ന്.അവസാനം കാര്യം നടന്നിട്ട് അവളെ കെട്ടിയില്ലെങ്കില്‍ ദാസപ്പന്‍ ചേട്ടന്‍റെ പേരെഴുതി വെച്ചിട്ട് ആറാംക്ലാസിന്‍റെ വരാന്തയില്‍ നിന്നു താഴേക്ക് എടുത്തു ചാടുമെന്ന് കൂട്ടത്തില്‍ ഒര് ഭീക്ഷണിയും.ഞാന്‍ അത് കാര്യമായിട്ട് എടുത്തില്ല.

എന്തായാലും അടുത്ത ദിവസം മുതല്‍ പ്രചരണം പൊടിപൊടിച്ചു.നമ്മുടെ പഞ്ചായത്തിലെ അന്നമ്മ എന്ന ചുണക്കുട്ടിയെ അറിവിന്‍റെ പ്രതീകമായ സ്ലേറ്റും പെന്‍സിലും അടയാളത്തില്‍ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു..അഭ്യര്‍ഥിക്കുന്നു-ഞാനായിരുന്നു അനൗണ്‍സര്‍.തല്‍ക്കാലം മടിയൊക്കെ മാറ്റിവെച്ച് ഞാന്‍ അടിമുടി വോട്ട് പിടുത്തം തുടങ്ങി.കരഞ്ഞും കാലു പിടിച്ചും പരദൂഷണങ്ങളുടെ കെട്ടഴിച്ചും വീമ്പുപറഞ്ഞും നാട്ടുകാരെ ഞാന്‍ പറ്റിക്കാന്‍ തുടങ്ങി.


അങ്ങനെ ഇലക്ഷന്‍ റിസല്‍റ്റ് വന്നു.വമ്പിച്ച ഭൂരിപക്ഷത്തില്‍ അന്നമ്മ ജയിച്ചു.ഞാന്‍ തുള്ളിചാടി.പടക്കം പൊട്ടിച്ചു.
ഒന്നും പറയണ്ട-അവള്‍തന്നെ പഞ്ചായത്ത് പ്രസിഡന്‍റുമായി.വിധിയുടെ വിളയാട്ടം..അല്ലാതെന്താ..!

പക്ഷെ..!

പെണ്ണല്ലേ..കാലുമാറി കളഞ്ഞു.അധികാരവും കസേരയും കിട്ടിയപ്പോള്‍ അന്നമ്മ തനി രാഷ്ട്രീയകാരിയായി.അവള്‍ക്കിപ്പോള്‍ ഈ ദാസപ്പന്‍ ചേട്ടനെ അറിയില്ല പോലും.എന്തായാലും എന്നെ പറഞ്ഞാല്‍ മതിയല്ലോ..കൈകഴുകി വന്നപ്പോള്‍ ചോറില്ല എന്ന് പറഞ്ഞതുപോലെയായി.

എന്ത് ചെയ്യും.തിരിച്ചൊരു പണികൊടുത്താലോ?വേണ്ട..ആണുങ്ങള്‍ അത്ര ചീപ്പല്ല.പക്ഷെ ഒര് കാര്യത്തില്‍ ഇപ്പോള്‍ സന്തോഷമുണ്ട്.ആരുമെന്നെ ഇപ്പോള്‍ മടിയന്‍ ദാസപ്പന്‍ എന്ന് വിളിക്കുന്നില്ല..!അങ്ങനെയെങ്കിലും മടി മാറി കിട്ടിയല്ലോ..!

കുറിപ്പ്.
സോപ്പ് കമ്പനിയിലെ തിരക്കിട്ട ജോലിക്കിടയിലാണ് ഞാന്‍ എന്‍റെ ജീവിത കഥ കുറിച്ചത്.അന്നമ്മ പോയ ഒഴിവിന് എനിക്കിവിടെ ജോലി കിട്ടി.

എന്ന്
സ്വന്തം
ദാസപ്പന്‍


15 comments:

എല്‍.റ്റി. മറാട്ട് said...

"മടിയന്‍ ദാസപ്പന്‍ എന്ന അസാധു - തെരഞ്ഞെടുപ്പ് സ്പെഷ്യല്‍"

Gayu said...

Dassappan kalakki tto.. Madiyan dassappan angu midukkan aayi poyallo :D

എല്‍.റ്റി. മറാട്ട് said...

@Gayu
thaanks dear :)
എത്രേം കലക്കീട്ടുണ്ട്..?

MANU™ | Kollam said...

മോനെ ദാസപ്പാ...
നമുക്കീ ബുദ്ധി എന്താ നേരത്തേ തോന്നഞ്ഞെ...
.
സമ്മതിക്കണം...

Nitheesh said...

Dasappan kalakki......

എല്‍.റ്റി. മറാട്ട് said...

@ manu.kollam
എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് മനു അണ്ണാ..
btw എന്തായി ഏഴാം വാര്‍ഡിലെ പ്രചരണം.നിങ്ങള്‍ ജയിക്കുമോ..?

എല്‍.റ്റി. മറാട്ട് said...

@Nitheesh
thaanks macha..!

Muzafir said...

daasappo...kalakki tto..enthaayalum ente vote dasappanund..:)

Jeny said...

hoo daasappante oru kaaryam. kalakki kalanjalloo.

sangeetha said...

superb thoughts vishaaletta keep it up

എല്‍.റ്റി. മറാട്ട് said...

@ Jeevan
നന്ദി ജീവാ..
എനിക്കിത് കേട്ടാ മതി..

എല്‍.റ്റി. മറാട്ട് said...

@ Jeny

thanks dear pengals..!:)

എല്‍.റ്റി. മറാട്ട് said...

@ sangeetha

daanku daanku :D

Indiamenon said...

എന്തായാലും ദാസപ്പന് ജോലി ആയല്ലോ ..അടുത്ത ഇലക്ഷന് ഉറപ്പായും സംവരണം മാറും.അപ്പൊ ജയിക്കാം ..വേവ്വുവോളം നിന്നാല്‍ പിന്നാണോ ...

സംഭവം ഉഷാര്‍ ആയി. ഇനിയും ഇനിയും പോരട്ടെ

എല്‍.റ്റി. മറാട്ട് said...

@Indiamenon

thanks bhai :))