"ഉണരു ഉണരു സോദരരേ.."
ഈ പാട്ടുംകേട്ട് ഞെട്ടിയുണര്‍ന്ന് വാച്ചെടുത്ത് നോക്കിയപ്പോള്‍ സമയം 12.30 കഴിഞ്ഞിരുന്നു.ആരാണപ്പാ..ഈ നട്ടപ്പാതിരാക്ക് കടന്ന് പാടണത് എന്നായി ചിന്ത.പക്ഷെ ശ്രദ്ധിച്ചു കേട്ടപ്പോള്‍ നല്ല പരിചയമുള്ള പാട്ട്.അതെ..അതു തന്നെ.പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാത്രിയില്‍ ഏകദേശം ഈ സമയത്തൊക്കെ ഞാനും ബാലസംഘവും ഈ പാട്ട് നാടുനടുങ്ങണ ഒച്ചയില്‍ തൊണ്ട പൊളിഞ്ഞ് പാടിയിരുന്നു.നല്ല തണുപ്പത്ത് മൂടി പുതച്ച് കിടന്നപ്പോള്‍ മനസ്സില്‍ മൊത്തം ഒരായിരം ലില്ലി പൂക്കള്‍ വിരിയിച്ച് കുളിരോടെ,സുഖമോടെ ഞാന്‍ ആ പഴയ കരോള്‍ ഗാനം പാടി.സാന്താക്ലോസ് വേഷം കെട്ടി നടന്ന ആ കാലം ഓര്‍ത്തെടുത്തു.
എനിക്കന്ന് പത്ത് പന്ത്രണ്ട് വയസ്സ് പ്രായം കാണും.ക്രിസ്തുമസ് അവധിക്ക് സ്കൂള്‍ പൂട്ടി നില്ക്കണ സമയം.വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ വാനരസംഘത്തിന്റെ മീറ്റിങ്ങുണ്ട്.പിന്നെ ആകെ ബഹളമാണ്.ക്രിസ്തുമസിന് നാലഞ്ച് ദിവസം മുമ്പാണ് ഞങ്ങള്‍ സാന്താക്ലോസ്,ഞങ്ങളുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ക്രിസ്തുമസ് അപ്പൂപ്പന് കെട്ടിയിറങ്ങാന്‍ തീരുമാനമെടുക്കുന്നത്.തീരുമാനം കൈക്കൊണ്ട് കഴിഞ്ഞാല്‍ പിന്നെ തര്‍ക്കമാണ്.കൂട്ടത്തില്‍ എല്ലാര്ക്കും കെട്ടണം സാന്താക്ലോസിന്റെ വേഷം.അത് നടപ്പില്ലല്ലോ.ഒടുവില്‍ തര്‍ക്കം മൂത്ത് തമ്മില്‍ പിടിയും വലിയുമാകുമ്പോള്‍ കൂട്ടത്തിലെ ഒന്നൊന്നര തടിയനായ ഒരുത്തനുണ്ട്,അവന് കായബലത്തിന്റെ പിന്‍ബലത്തില്‍ ക്രിസ്തുമസ് പപ്പാഞ്ഞി വേഷം പിടിച്ചു വാങ്ങൂം.ഞങ്ങള്‍ എലുമ്പന്‍സ് ടീം മനസ്സില്ലാമനസ്സോടെ അത് സമ്മദിക്കുകയും ചെയ്യും.
വേഷം കെട്ടുന്നയാളെ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ സാമഗ്രികള്‍ ഒപ്പിക്കാനുള്ള ഓട്ടമാണ്.ആദ്യം തേടുന്നത് സാന്താക്ലോസിന്റെ ചിരിക്കുന്ന മുഖംമൂടിയാണ്.അതിന് അന്ന് 25 രൂപയോളം വിലയുണ്ട്.ഞങ്ങള്‍ അവരവരുടെ വീട്ടില്‍ നിന്ന് 2ഉം 3ഉം രൂപയൊക്കെ വെച്ച് തെണ്ടി പിരിച്ച് 25 രൂപ കഷ്ടിച്ച് തികയ്ക്കും.രണ്ട് വാനരന്മാര് അപ്പോള്‍ തന്നെ കടയിലേക്കോടി മുഖംമൂടിയും വാങ്ങി വരും.25 രൂപയ്ക്ക് കിട്ടുന്ന മുഖംമൂടി വിലകുറഞ്ഞ ലോക്കല്‍ സാധനമാണ്.അതിന്റെ താടിയും മീശയുമുണ്ടാക്കിയിരിക്കുന്ന പഞ്ഞി ഇളകി അവലക്ഷണം പിടിച്ചതുപോലെയാണിരിക്കുന്നത്.അത് ഒട്ടിച്ച് ശരിപ്പെടുത്തണം.പശ വാങ്ങണമെങ്കില്‍ കുറഞ്ഞത് 5രൂപയെങ്കിലും വേണം.വീട്ടില്‍ ഇനിയും കാശിനു ചെന്നാല്‍ ഓടിക്കും.അതുകൊണ്ട് വട്ടമരത്തിന്റെ കറകൊണ്ട് (ഇന്നത്തെ തലമുറ വട്ടമരം കണ്ടിട്ടുണ്ടാകുമോ,എന്തോ..!)താടിയും മീശയും ഒരു പരുവത്തിലങ്ങു ഒട്ടിച്ച് ഒപ്പിക്കും.
ഇനി വേണ്ടത് സാന്താക്ലോസിന്റെ കൈയിലൊരു വടിയാണ്.വൃത്തിയായി അലങ്കരിച്ച ഒന്ന്.നല്ല നീളത്തിലും കനത്തിലും ഒര് കമ്പ് വെട്ടി ചെത്തി മിനുക്കി ഷേപ്പാക്കി വൃത്തിയായി തോരണമൊക്കെ ഒട്ടിച്ച് കമ്പിന്റെ അറ്റത്ത് മുകളിലായി രണ്ട് ബലൂണ്‍ കൂടി കെട്ടുമ്പോള്‍ സാന്താക്ലോസ് കൈയില്‍ കൊണ്ടു നടക്കുന്ന വടി റെഡി.
അടുത്തത് സാന്താക്ലോസിന്റെ കുപ്പായമാണ്.അത് ഒപ്പിക്കുന്നതാണ് വലിയ തമാശ.നല്ല ചുമന്ന കളറിലെ കാലറ്റം വരെ നീളമുള്ള കുപ്പായമാണ് വേണ്ടത്.ഞങ്ങള്‍ വാനരസംഘം വരുമാനമില്ലാത്ത,തൊഴിലില്ലാത്ത,സ്പോണ്‍സര്‍മാരില്ലാത്ത പാവം കിടാങ്ങളല്ലേ.ഞങ്ങള്‍ കുപ്പായം എവിടുന്ന് ഒപ്പിക്കാനാണ്.അതിനും ഞങ്ങള്‍ വഴി കണ്ടെത്തി.വാനരസംഘത്തിലെ ചുണക്കുട്ടികള്‍ അപ്പോള്‍ തന്നെ അടുത്ത വീട്ടിലെ ചേച്ചിയുടെ അടുത്തേക്ക് ഓടും.
ചേച്ചി ചുവന്ന കളര്‍ നൈറ്റി ഉണ്ടോ..?
ഇല്ലല്ലോ..!
ചേച്ചിയുടെ മറുപടി ഇല്ല എന്നാണെങ്കില്‍ അടുത്തവീട്ടിലേക്കോട്ടമായി.നാലഞ്ച് വീട് കയറി ഇറങ്ങുമ്പോഴേക്കും എവിടേലും ഏതെങ്കിലും വീട്ടില്‍ ചുവന്ന നൈറ്റി കഴുകിയിട്ടേക്കുന്നത് കണ്ണില്‍ പെടും.എടുത്തോട്ടെ എന്നൊന്നും ചോദിക്കാന്‍ നില്‍ക്കില്ല.അതും പൊക്കി വാനരസംഘം വിജയശ്രീ ലാളിതരായി മടങ്ങിയെത്തും.
ഇനി വേണ്ടത് ഒര് തലയിണയും ഒരു ചുറ്റ് കയറുമാണ്.സാന്താക്ലോസിന്റെ കുടവയര്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണിത്.തലയിണ വയറില്‍ ഫിറ്റ് ചെയ്ത് നന്നായി കെട്ടി വെയ്ക്കും.കുടവയര്‍ റെഡി.
ഇത്രയും റെഡിയായി കഴിഞ്ഞാല്‍ അവസാന ഐറ്റത്തിനു വേണ്ടി ഓട്ടം തുടങ്ങും.നാട്ടുകാരെ കള്ള ഉറക്കത്തില്‍ നിന്നും ഉണര്‍ത്താന്‍ ഒരു ഡ്രം ആവശ്യമാണ്.അതിന്റെ ഭീകരമായ ഒച്ചകേട്ട് വേണം നാട് നടുങ്ങാന്‍.ഒരു ഡ്രം വാടകയ്ക്ക് എടുക്കണ കാര്യം ആലോചിക്കാന്‍ കൂടി കഴിയുമായിരുന്നില്ല.250രൂപയാണ് ഇടത്തരം ഡ്രമിന് ഒരു ദിവസം വാടക.25 രൂപ ഒപ്പിച്ച കഷ്ടപ്പാട് ഞങ്ങള്‍ക്കറിയാം.അതിനും പരിഹാരമുണ്ടാക്കി.കൂട്ടത്തില്‍ ഒരു വാനരന്റെ അച്ഛന് എക്സൈസിലാണ്.അവന്റെ വീട്ടില്‍ ചെന്ന് വാറ്റ് ചാരായം പിടിച്ച 2 കിടിലം കന്നാസുകള്‍ സംഘടിപ്പിച്ചു.പാവങ്ങളുടെ ഡ്രം റെഡി.
പിന്നെ രാത്രിയാകാന്‍ വേണ്ടിയുള്ള നീണ്ട കാത്തിരിപ്പാണ്.വൈകുന്നേരം 6 മണി മുതല്‍ സാന്താക്ലോസിനെ ഒരുക്കാന്‍ തുടങ്ങും.ആദ്യം കുടവയര്‍ ഫിറ്റ് ചെയ്യണ ചടങ്ങാണ് നടത്തുന്നത്.പിന്നെ ചുവന്ന നൈറ്റി അണിയിക്കും.അവസാനത്തെ ഡ്രസ് റിഹേഴ്സല്‍ കൂടി കഴിയുമ്പോഴേക്കും സമയം 9 മണിയാകും.
9 മണിക്ക് കാഹളം മുഴങ്ങും.കന്നാസില്‍ കമ്പു വീഴും.ആരവങ്ങള്‍ തുടങ്ങും.നാട് വിറകൊള്ളും.വാനരസംഘത്തിന്റെ വരവ് മാളോരറിയും.
ഞാനായിരുന്നു സംഘത്തിലെ ആസ്ഥാന പാട്ടുക്കാരന്.എന്റെ ചീവിടുപോലുള്ള ഒച്ച ഒരു വീട്ടില്‍ മുഴങ്ങി കഴിഞ്ഞാല്‍ അത് അടുത്ത പഞ്ചായത്ത് വരെ ചെന്ന് വരവറിയിച്ച് തിരിച്ചു വരും.അത്രയ്ക്ക് കെങ്കേമമാണ്.
സാന്താക്ലോസുമായുള്ള യാത്ര ബഹുരസമാണ്.ഒരിക്കല്‍ നമ്മുടെ സാന്താക്ലോസ് തടിയനെ പട്ടി കടിക്കാന്‍ ഓടിച്ചു.കൊടുത്തു സാന്താക്ലോസ് പട്ടിയുടെ പള്ളയ്ക്കിട്ടൊരു കീറ്.പട്ടിയുടെ അണ്ടകടാഹം വരെ കലങ്ങിയിട്ടുണ്ടാകണം.വേറൊരിക്കല്‍ സാന്താക്ലോസ് തുള്ളിക്കൊണ്ട് നിന്നപ്പോള്‍ വയറ്റില്‍ കെട്ടിവെച്ചിരുന്ന തലയിണ അഴിഞ്ഞുപോയി.അവന്റെ ഒടുക്കത്തെ തുള്ളനിന് എന്റെ വക ഒരു വിമര്‍ശനവും ഞാന്‍ പാസാക്കി.ഞാന്‍ ആരുന്നെങ്കില്‍ തകര്‍ത്തേനെ എന്നൊരു വാല്‍ക്കഷ്ണവും.
ചിലമാന്യന്‍മാര്‍ ഗേറ്റ് തുറക്കില്ല.ഞങ്ങളെ പുച്ഛമാണ്.ആ വീടിനു മുന്നിലായിരിക്കും ഞങ്ങളുടെ കലാപ പരിപാടികള്‍ പിന്നെ പൊടി പൊടിക്കുക.തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഞങ്ങള്‍ അവിടെ നിന്നു പാടും.
" ഉണരു ഉണരു സോദരരേ.."
രക്ഷയില്ലെന്നറിഞ്ഞാല്‍ കന്നാസിലിട്ട് കൊട്ടി വീട്ടുകാരെ പുകച്ചു പുറത്ത് ചാടിക്കും.തെറി വിളിയും എത്രയോ കേട്ടിരിക്കുന്നു.cultureless peoples..!
ഇങ്ങനെയൊക്കെ എന്തു രസമായിരുന്നു കുട്ടിക്കാലത്തെ ക്രിസ്തുമസ് രാത്രികള്‍.പിരിഞ്ഞു കിട്ടുന്ന നാണയത്തുട്ടുകള്‍ കൂട്ടിവെച്ച് ക്രിസ്തുമസിന് ഞങ്ങള്‍ കേക്കു വാങ്ങിക്കും.എല്ലാവരും ചേര്‍ന്ന് അത് മുറിക്കും.എന്നിട്ട് അയല്പക്കത്തെ വീണ്ടുകളില്ലെല്ലാം വിതരണം ചെയ്യും.കൂട്ടത്തില്‍ ഒരു ഹാപ്പി ക്രിസ്തുമസും പാസാക്കും.ജീവിതത്തില്‍ ഇത്രയും സന്തോഷിച്ച ദിവസങ്ങള്‍ വേറെയുണ്ടായിട്ടില്ല.അതൊന്നും ഇനി തിരികെ കിട്ടില്ലല്ലോ..!
കട്ടിലില്‍ കിടന്നുകൊണ്ട് വീണ്ടും ആ കരോള്‍ ഗാനത്തിന് കാതോര്‍ത്തു.ഇപ്പോഴത് കേക്കണില്ല.ആ സംഘം വേറെ ഏതോ ദിക്കിലേക്ക് പോയിട്ടുണ്ടാകണം.പതിയെ ഞാന്‍ മയക്കത്തിലേക്ക് വീഴുമ്പോള്‍ ആ കരോള്‍ ഗാനം വീണ്ടും എന്റെ മനസ്സില്‍ ഉണര്‍ന്നു..
"യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തില്‍ വിടരും രാവില്‍
രാപ്പാര്‍ത്തിരുന്നു അജപാലകര്‍
ദേവരാഗം കേട്ടു ആമോദത്തോടെ
അന്നു തിങ്കള്‍ കല പാടി ഗ്ലാറിയ.."
7 comments:
കുണ്ട ജംഗ്ഷന്റെ വായനക്കാര്‍ക്ക് ഒരായിരം ക്രിസ്തുമസ്-പുതുവത്സരാശംസകള്‍..
നല്ല ഓര്‍മ്മകള്‍. ഇനിയും വരാം. എന്റെ ബ്ലോഗിലെകും സ്വാഗതം.
ക്രിസ്തുമസ്-പുതുവത്സരാശംസകള്‍..
mattetta nannayittund. short but cute story
@മേഘമല്‍ഹാര്‍(സുധീര്‍)
നന്ദി..കുണ്ടറ ജംഗ്ഷനിലേക്കു സ്വാഗതം..
അവിടേക്കും എത്താം..
@ഉമേഷ് പിലിക്കൊട്
thanks bhai :)
@Jeny
thaanks jeny :))
Post a Comment