Friday, November 25, 2011

എവിടുന്നോ വന്നവള്‍ എങ്ങോട്ടോ പോയി..പക്ഷെ..

തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ പറയാന്‍ തുടങ്ങുന്നത് പ്രണയത്തെ കുറിച്ചാണ്.പക്ഷെ ഒര് പെണ്‍ക്കുട്ടിയോട് എനിക്കു തോന്നിയ തീവ്രമായ അനുരാഗത്തെ കുറിച്ചോ,അവള്‍ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ എന്റെ പ്രണയത്തെ പിഴുതെറിഞ്ഞപ്പോള്‍ എന്നില്‍ രൂപമെടുത്ത മനോവിഷമ സാഗരത്തെ കുറിച്ചോ അല്ല.ഇവിടെ എന്റെ പ്രണയപാത്രം ഒര് പൂച്ചക്കുട്ടിയാണ്.'പൂച്ചക്കുഞ്ഞ്' എന്ന് വിളിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.ആ 'കുഞ്ഞ്' വിളിയില്‍ ഒരു ഓമനത്വമുണ്ട്.

കഴിഞ്ഞ ആഴ്ച അടുക്കള വാതില്‍ തുറന്ന് പുറത്തിറങ്ങിയ അമ്മയാണ് ആദ്യമായി അവളെ കാണുന്നത്.(അവള്‍ എന്ന് സംബോധന ചെയ്തിരിക്കുന്നത് പൂച്ചകുഞ്ഞിനെയാണ്).മൂലയില്‍ അടുക്കിവെച്ചിരുന്ന കലങ്ങള്‍ക്ക് അരികിലായി സുന്ദരമായ നിദ്രയിലാരുന്നു അവള്‍.പഞ്ഞിക്കെട്ടു പോലെ തൂവെള്ള നിറം.നീല കണ്ണുകള്‍.അരലിറ്ററിന്റെ സെവന്‍-അപ് കുപ്പിയോളം വലിപ്പം.അതോ,അതിനേക്കാള്‍ ചെറുതാണോ..?എന്തായാലും വലുതല്ല.

'അമ്പടി കേമീ,അരിവെക്കുന്ന കലത്തിനടുത്താണോ ശിങ്കാരിയുടെ കടപ്പ്..പോ അവിടുന്ന്'-അമ്മ ഒരാട്ടങ്ങ് വെച്ചു കൊടുത്തു.

പാവം പൂച്ച.അമ്മയുടെ ശബ്ദം കേട്ട് ആകെ പേടിച്ചുണ്ടാകണം.സുഖനിന്ദ്രയില്‍ നിന്ന് ഞെട്ടിയുണര്‍ന്നവള്‍ കിണറിന്റെ കരയിലേക്ക് അഭയം പ്രാപിച്ചു.അമ്മ കലവുമെടുത്ത് അകത്തേക്കും പോയി.

അടുത്ത ദിവസം അമ്മ കതകും തുറന്ന് പുറത്തിറങ്ങിയപ്പോള്‍ അവള്‍ അവിടെ തന്നയുണ്ട്.പഴയതു പോലെ തന്നെ.സുഖശയനം.ഇത് നല്ല കൂത്ത്.

'എടാ,ഒന്നിങ്ങോട്ട് വന്നേ.ഇതിനെ എങ്ങോട്ടേലും ഓടിച്ചു കളഞ്ഞേ..'
എന്നോടാണ് പറയുന്നത്.ഒര് അടയ്ക്കാമണി പൂച്ചയെ ഓടിക്കാന്‍ എന്നെയെ കിട്ടിയുള്ളൂ ഈ അമ്മയ്ക്ക്.ഞാന്‍ പോയത് തന്നെ.

അതെ.പോയത് തന്നെ.അമ്മയുടെ ഒച്ചയുടെ മൂര്‍ച്ച കൂടിയപ്പോള്‍ പോകേണ്ടി വന്നു.

എന്റെ ചിന്തകളെ ശല്യപ്പെടുത്തിയ ആ പണ്ടാരം പൂച്ചയെ ഞാനൊന്നു നോക്കി.അപ്പോള്‍ ആ ജന്തു എന്നേ നോക്കി ഒരു വൃത്തിക്കെട്ട ശബ്ദമുണ്ടാക്കി.എനിക്ക് അമ്മയോടുള്ള ദേഷ്യം മുഴുവന്‍ ആ പൂച്ചയോടായി.

'നീ എന്നെ സ്വസ്ഥമായി ചിന്തിക്കാന്‍ സമ്മദിക്കൂല്ല അല്ലേ..എന്റെ ചിന്തകളെ ഡിസ്റ്റര്‍ബ് ചെയ്ത നീ എന്റെ പറമ്പില്‍ നില്‍ക്കാന്‍ യോഗ്യയല്ല..കടന്നു പോ അലവലാതി ഇവിടുന്ന്..'
ഞാന്‍ അണ്ടാവു കീറി അലറി.പാവം പൂച്ച.അവള്‍ പേടിച്ച് കരഞ്ഞ് എന്റെ കാലിനടുത്ത് വന്ന് ഒരുമി കടന്നു.

ഞാന്‍ പാവമല്ലേ.ആ തലോടലില്‍ അലിഞ്ഞു പോയി.അതിനേം പൊക്കി,ക്ഷമിക്കണം പൂച്ചക്കുഞ്ഞിനേം എടുത്ത് ഞാന്‍ അടുക്കള വാതിലില്‍ വന്നിരുന്നു.

'ആ..പശ്ട്ടായിട്ടുണ്ട്.നിന്റെ മട്ടും ഭാവവുമൊക്കെ കണ്ടപ്പോള്‍ ഇതിനെ പിടിച്ചു തിന്നുമെന്ന് കരുതി.ഇനി അതിനെ ഇണക്കാനൊന്നും നിക്കണ്ട.പിന്നെ ഇവിടുത്തെ അന്തേവാസിയായി കൂടും..നാശം'

'ഇതൊരു പാവം പൂച്ചക്കുഞ്ഞല്ലേ അമ്മേ.ഈ അണ്ഡകടാഹത്തിനുമേല്‍ നമ്മളെപോലെ തന്നെ അവകാശമുള്ള ഒരു സാധു ജീവി.അതിവിടെ കഴിഞ്ഞാല്‍ എന്താ..'

'എങ്കില്‍ മനുഷ്യസ്‌നേഹി നാളെ മുതല്‍ പട്ടിണി കിടന്നോ.നിനക്കുള്ള പാലും മീനും ഇതിനു കൊടുത്തേക്കാം,എന്താ..'

'അതിന്റെ ഒരു പങ്ക് ഞാന്‍ ഇതിന് കൊടുത്തോളാം.'
'എന്റേം..'
എവിടുന്നോ ഒര് മാലാഖയെ പോലെ ചാടിവീണ എന്റെ അനുജത്തി എന്നെ പിന്‍താങ്ങി.

'എങ്കില്‍ രണ്ടാളും കൂടി ഇതിനെ കൊണ്ടുപോയി മെത്തയില്‍ കിടത്തിക്കോ.എന്നിട്ട് ആ കമ്പ്യുട്ടര്‍ കുത്താന്‍ ഇതിനെ കൂടി പഠിപ്പിക്ക്.നാളെ മുതല്‍ നിനക്ക് മുടി കെട്ടി തരാനും..'
അമ്മ കലിതുള്ളി അകത്തേക്ക് കയറി പോയി.

'നമുക്കിതിനൊരു പേരിടണ്ടേ..'
പേരിടാന്‍ എന്റെ അനുജത്തി മിടുക്കിയാണ്.ഈയുള്ളവനു തന്നെ ആയിരം പേരിട്ടിരിക്കുന്ന ചരിത്രമുണ്ടവള്‍ക്ക്.

'കിങ്ങിണി'
അവളുടെ നാവില്‍ നിന്നുടന്‍ വീണു,മഞ്ചാടികുരുപോലത്തെ ഒരു പേര്.

നാട്ടിലുള്ള എല്ലാ പൂച്ചകുഞ്ഞുങ്ങളുടേം സാമാന്യ നാമത്തിലൊന്നായ പേര്.അമ്മു,ചക്കി,മാളു,കുക്കു,പോന്നു,മിന്നു,..(അല്ലാ..ആണ്‍ പൂച്ചകളെ ഒന്നും ആര്‍ക്കും വേണ്ടേ..)അങ്ങനെ നീളുന്നു ആ നിര.

അതില്‍ ഒന്നു തന്നെ അവള്‍ സെലക്ട് ചെയ്തു.ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല.കിങ്ങിണി എങ്കില്‍ കിങ്ങിണി.കിങ്ങിണി പൂച്ച..

എവിടുന്നോ വഴി തെറ്റി വന്നതാരിക്കും.അമ്മതൊട്ടിലാണെന്ന് കരുതി ഇതിന്റെ മനസ്സാക്ഷിയില്ലാത്ത അമ്മ പൂച്ച ഉപേക്ഷിച്ചു പോയതാരിക്കുമോ.അതോ വീട്ടില്‍ പിണങ്ങി ഇറങ്ങിപ്പോയതാരിക്കുമോ.നമ്മുടെ ഭാഷയാരുന്നേല്‍ ചോദിച്ചു മനസ്സിലാക്കാരുന്നു.അതിന്റെ 'മ്യാവു'-ല്‍ നിന്ന് എനിക്കൊന്നും പിടിക്കിട്ടണതുമില്ല.എന്തായാലും മിണ്ടാപ്പൂച്ചയല്ലേ..കലത്തിന്റെ അരികില്‍ കൂടിക്കോട്ടെ എന്ന് കരുതി.

ആള് മിടുക്കിയാണ്.രണ്ട് ദിവസംകൊണ്ട് ഇവള്‍ എല്ലാരേം കൈയിലെടുത്തു.കൊല്ലും,വെട്ടും എന്നൊക്കെ പറഞ്ഞ് പാകിസ്ഥാന്‍ കളിച്ചിരുന്ന അമ്മയുടെ പൊന്നാമനയായി അവള്‍.അതായത് എനിക്ക് ദിനവും കിട്ടിക്കൊണ്ടിരുന്ന പാലിന്റേം പഴത്തിന്റേം അളവില്‍ ഗണ്യമായ കുറവുണ്ടാകാന്‍ തുടങ്ങി.

അച്ഛന്‍ ഇന്നലെ അവളുടെ കുറേ ഫോട്ടോസ് എടുത്തു.അപ്പോള്‍ പെണ്ണിന്റെ ഒര് പോസിങ് കാണണമായിരുന്നു.എന്താ ഗമ.അവളെ എടുത്തോണ്ടു നടന്ന് ഫോട്ടോ എടുക്കാന്‍ അനിയത്തിക്കാരുന്നു കൂടുതല്‍ തിടുക്കം.അവര്‍ നല്ല കൂട്ടായി കഴിഞ്ഞിരുന്നു.

അതൊക്കെ കൊണ്ടാരിക്കാം ഇന്ന് എല്ലാര്‍ക്കും ഇത്രയും വിഷമം വന്നത്.രാവിലെ മുതല്‍ കിങ്ങിണിയെ കാണാനില്ല.അച്ഛന്‍ പറമ്പു മുഴുവന്‍ തിരക്കി.ഞാനും നോക്കി.അനിയത്തിക്ക് ഇപ്പോഴുള്ളതിനേക്കാള്‍ അഞ്ച് വയസ്സ് കുറവായിരുന്നെങ്ങില്‍ അവള്‍ കരഞ്ഞ് പനിപിടിച്ച് കിടപ്പാകുമായിരുന്നു.ഇത്രേം വളര്‍ന്നിട്ടും അവള്‍ കരയാതിരിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.

എന്നാലും അവള്‍ എവിടെ പോയി..?

'എവിടുന്നോ വന്നതല്ലേ..എങ്ങോട്ടേലും പോകട്ടെ..'-അമ്മ പറഞ്ഞു.

'നാളെയിങ്ങു എത്തുമെന്ന്',അച്ഛന്‍.തിരിച്ചു വന്നാല്‍ നല്ല അടി കൊടുക്കുമെന്നും ഇറക്കിവിടുമെന്നും പറഞ്ഞ് അനിയത്തി വീണ്ടും ചെറിയ കുട്ടിയായി.

എനിക്ക് കുലുക്കമൊന്നും ഉണ്ടായില്ല.
ഞാന്‍ കുറച്ചു മുന്‍പ് കണ്ടതാണല്ലോ,അതിന്റെ രോമവും ശരീരാവശിഷ്ടങ്ങളും പറമ്പിന്റെ മൂലയില്‍ കിടക്കുന്നത്.വീട്ടില്‍ ഇടയ്ക്കിടെ വരാറുള്ള മരപ്പട്ടിയുടെ ഒര് നേരത്തെ ഭക്ഷണമായി അവള്‍ മാറിയെന്ന് ഞാനറിഞ്ഞു.

മനസ്സിലെവിടെയൊ ഒരു വിങ്ങല്‍.ഹൃദയത്തിന്റെ അറകളിലെവിടെയോ അവളോടുണ്ടായിരുന്ന പ്രണയത്തിന്റെ കളങ്കമില്ലാത്ത മറഞ്ഞുപോകാത്ത ഒര് വിങ്ങല്‍ ..


Saturday, November 19, 2011

3G


മൂന്ന് വര്‍ഷം പഠിപ്പിച്ച ടീച്ചറാണ് അടുത്തിരിക്കുന്നത്.12 വര്‍ഷം മുമ്പ് അഞ്ചാം ക്ലാസ് മുതല്‍ എഴാം ക്ലാസ് വരെ.ടീച്ചര്‍ മുന്നിലേക്ക് നടന്നു വന്ന് എന്റെ അടുത്ത കസേരയില്‍ ഇരുന്നപ്പോള്‍ തന്നെ എനിക്ക് ടീച്ചറെ മനസ്സിലായിരുന്നു.പക്ഷെ ടീച്ചറിന്റെ പേരോര്‍ത്തെടുക്കാന്‍ 5 മിനിട്ടെടുത്തു.സുമ ടീച്ചര്‍.കണക്കായിരുന്നു പഠിപ്പിച്ചിരുന്നത്.മുടിയൊക്കെ നരവീണ് മധ്യവയസ്‌കയുടെ കുപ്പായമണിഞ്ഞ ടീച്ചര്‍ക്ക് എന്നെ കണ്ടാല്‍ മനസ്സിലാകാനിടയില്ല.ആശുപത്രിയുടെ കാത്തിരിപ്പ് കസേരകള്‍ക്ക് മുന്നില്‍ ചിലച്ചുകൊണ്ടിരുന്ന ടി വിയിലേക്ക് ടീച്ചര്‍ നോക്കിയിരുന്നു.

എന്നെ 3 വര്‍ഷം കൂട്ടാനും കുറക്കാനും പഠിപ്പിച്ച ടീച്ചറാണ്.വെള്ളിയാഴ്ചകളില്‍ മാത്രം വരാറുള്ള സോഷ്യല്‍ പീരിഡില്‍ എന്നെ കൊണ്ട് പാട്ടു പാടിപ്പിച്ച ടീച്ചറാണ്.ഓണ പരീക്ഷക്ക് അഞ്ച് ബി-ല്‍ കണക്കിന് കൂടുതല്‍ മാര്‍ക്ക് വാങ്ങിയപ്പോള്‍ പേന സമ്മാനമായി നല്‍കിയ ടിച്ചറാണ്.

ആ ടീച്ചറിനെ,ഇപ്പോള്‍ ഞാന്‍ നോക്കിയതേയില്ല.ടീച്ചര്‍ക്ക് ഞാന്‍ മുഖം കൊടുക്കാതെയിരുന്നു,എന്റെ പേരു പറഞ്ഞാല്‍ ടീച്ചര്‍ക്കെന്നെ അറിയുമായിരുന്നെങ്കിലും.'ടീച്ചര്‍ സുഖമാണോ..ഇപ്പോള്‍ എവിടെയാണ്..?'എന്നു ചോദിക്കാന്‍ എന്റെ നാവ് പൊങ്ങിയില്ല.'ഇവിടെ ആശുപത്രിയില്‍..?എന്താ പറ്റിയത്..അസുഖമെന്തേലും..?'എന്നു പോലും ചോദിച്ചില്ല ഞാന്‍.

എനിക്കെന്താണ് പറ്റിയത്..?ഞാന്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ..

എന്റെ ടോക്കണ്‍ വിളിച്ചു.ഡോക്ടറെ കണ്ടു.തിരിച്ചിറങ്ങുമ്പോള്‍ ടീച്ചര്‍ എന്നെ ശ്രദ്ധിക്കാതിരിക്കാന്‍ ഞാന്‍ നോക്കി.കാത്തിരിപ്പിന്റെ വിരസതയില്‍ ടീച്ചര്‍ ഉറങ്ങുന്നുണ്ടായിരിക്കും.

ആരെയും നോക്കാതെ,ഒന്നുമറിയാതെ ഞാന്‍ പുറത്തിറങ്ങി.എന്റെ അഴുക്കു പിടിച്ച മനസ്സിനെ പേറി നടക്കുന്ന ശരീരത്തെ ചെരിപ്പില്‍ കയറ്റി നടന്നു തുടങ്ങി.ഈ ചെരിപ്പുകള്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ അഴുക്ക് വ്രണം പിടിച്ച കാലിലൂടെ ഒലിച്ചിറങ്ങി ഭൂമിക്കുമേല്‍ പടര്‍ന്ന് പകരുമായിരുന്നു.ഭൂമിയെ മലീമസമാക്കാതിരിക്കാനാണ് എന്റെ ചെരിപ്പുകള്‍ എന്നെനിക്ക് തോന്നി.

എന്തുകൊണ്ടാണ് ഞാന്‍ ടീച്ചറിനോട് മിണ്ടാതിരുന്നത്.എനിക്കറിയാം ആ ചോദ്യത്തിന്റെ ഉത്തരം.നന്നായി അറിയാം.ആള്‍ക്കാരോടിടപെടാന്‍ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കാന്‍ എന്നെ സമ്മതിക്കുന്നില്ല.എന്നെ പിന്‍വലിക്കുന്നത് എന്റെ മാറിയ മനസ്സാണ്.എന്റെ മനസ്സിന്റെ ശേഷി ഇല്ലാതായിക്കൊണ്ടിരിക്കുന്നു.കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്റെ ശരീരത്തില്‍ രോഗങ്ങള്‍ കൂടാരം പണിയും.40 വയസ്സിനു മുകളില്‍ ഞാന്‍ ജീവിച്ചിരിക്കുകയില്ല.ജീവിച്ചിരുന്നാല്‍ തന്നെയും തുടര്‍ന്നുള്ള നാളുകള്‍ മരണത്തിനു വേണ്ടിയുള്ള മരവിച്ച കാത്തിരിപ്പായിരിക്കും.

എവിടെയാണ് എനിക്ക് വഴി തെറ്റിയത്.എന്റെ ലോകം മുറിക്കുള്ളിലെ നാല്് ചുവരുകള്‍ക്കിടയിലേക്ക് ചുരുങ്ങിയപ്പോള്‍-അന്നു മുതല്‍.അന്നു മുതല്‍ എന്നിലെ ഞാന്‍ മരിക്കാന്‍ തുടങ്ങിയിരുന്നു.

അതെ പറഞ്ഞെത്തി നില്‍ക്കുന്നത്് ഇന്റര്‍നെറ്റിനെ കുറിച്ചാണ്.സോഷ്യല്‍ നെറ്റുവര്‍ക്കുകളെ കുറിച്ചാണ്.ഫേസ്ബുക്കിനെ കുറിച്ചാണ്.അതൊക്കെയാണ് ലോകം എന്നു കരുതിയ ഞാന്‍ എന്ന വിഡ്ഢിയെ കുറിച്ചാണ്..

ലഹരിയായിരുന്നു.ഒരിക്കലറിഞ്ഞപ്പോള്‍ വീണ്ടും വീണ്ടും അറിയണമെന്ന് തോന്നി പോയ ഭ്രാന്തമായ ലഹരി.അത് നുണഞ്ഞ് നുണഞ്ഞ് ഞാനും മനുഷ്യനല്ലാതായിക്കൊണ്ടിരുന്നു..3rd Generation വിപ്ലവത്തെ പ്രതിനിധീകരിക്കുന്ന ലക്ഷകണക്കിന് ഭ്രാന്തമാരില്‍ ഒരുവനായി ഞാനും..

കിളിമൊഴികള്‍.കൊഞ്ചലുകള്‍.ഒരു വരി മണ്ടന്‍ കവിതയ്ക്ക് കിട്ടുന്ന ലൈക്ക്‌സും കമന്റ്‌സും.കൂട്ടുകാര്‍ 'ഷെയര്‍' ചെയ്യാന്‍ ആരംഭിച്ചതോടെ മൊബൈല്‍ ക്യാമറയില്‍ തുരുതുരാ ചിത്രങ്ങളെടുക്കാനും തുടങ്ങി.
അങ്ങനെ..അങ്ങനെ..അങ്ങനെ..സ്വതന്ത്രനായി..എന്റെ മാത്രം ലോകത്തില്‍,ഒരു പട്ടം കണക്കേ ഞാന്‍ അലഞ്ഞു.

വഴിയാത്രകളില്‍,ബസ്സില്‍,ക്ലാസ് റൂമിലെ വിരസതയില്‍ മൊബൈല്‍ ഫോണ്‍ സൈബര്‍ ലോകത്തേക്കുള്ള എന്റെ വഴിവിളക്കായി..

'എന്ത് നേടി'?
നഷ്ടങ്ങളല്ലേ ഉള്ളൂ..

'പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പക്വതയുണ്ടോ നിനക്ക്..?'
'നാലുപേര്‍ കൂടുന്നിടത്തു നിന്ന് നീ എവിടേക്കാണ് ഒളിക്കുന്നത്?'
'എന്താണ് നിനക്കിത്ര ദേഷ്യം?'
'രാത്രിയില്‍ 2 മണി വരെ എന്ത് ചെയ്യുകയാണ് നീ?'
'ഒറ്റയ്ക്ക് പോയി ഗ്യാസ് ബുക്ക് ചെയ്യാന്‍ നിനക്കാകുമോ?'
'നീ റേഷന്‍ കടയില്‍ ക്യൂ നിന്നിട്ടുണ്ടോ?'
'നാളെ നീ എങ്ങനെ ജീവിക്കും?'

എനിക്ക് നേരെയുള്ള ചോദ്യങ്ങള്‍.പഴയ തലമുറയുടെ ഒരായിരം ചോദ്യങ്ങള്‍.ഒന്നിനും ഉത്തരമില്ലാതായിരിക്കുന്നു എനിക്ക്.
ചോദ്യങ്ങള്‍ ആദ്യമൊന്നും കാര്യമാക്കിയില്ല.വിലക്കെടുത്തില്ല.പുച്ഛിച്ചു.നാക്കു പുറത്തേക്കിട്ടിരിക്കുന്ന സ്‌മൈലി,അവനേയും കൂട്ടുപിടിച്ചു.

'ജോലിയൊന്നും വേണ്ടേ?'-ഉത്തരവാദിത്തപെട്ടവരുടെ ചോദ്യം.
ബഗളൂരുവിലോ ചെന്നൈയ്ിലോ ഏതേലുമൊരു ഐടി കമ്പനിയില്‍ കയറി കൂടണം.അങ്ങനെയൊക്കെയാരുന്നു കുറച്ചു നാള്‍ മുമ്പ് വരെ മനസ്സില്‍.അവിടെയും കമ്പ്യൂട്ടറിനെ കൈ വിടാന്‍ തയ്യാറല്ലായിരുന്നു.

'അപ്പോള്‍ നിന്റെ കല്യാണം?'-അമ്മ വകയാണ് ഇത്തരം ചോദ്യങ്ങള്‍ പതിവ്.
കൂടെകിടക്കുന്ന പെണ്ണിന്റെ സുഖത്തേക്കാള്‍ ബെസ്റ്റ് Porn site-ല്‍ തിളച്ചു മറിയുന്ന രതിയുടെ പുതിയ രുചികളല്ലേ-അങ്ങനെയും ചിന്തിച്ചു ഞാന്‍ ഉള്‍പ്പെടുന്ന മൂന്നാം തലമുറ.കല്യാണം വെറും ശരീര കൈമാറലാണെന്നു കരുതുകയും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒാടിമറയുകയുമായിരുന്നു ഞങ്ങള്‍.

ഇപ്പോള്‍ തിരിച്ചറിവുണ്ടാകുന്നു.
എല്ലാം മനസ്സിലാകുന്നു.

കുറച്ചു നാള്‍ എല്ലാത്തിനും നിയന്ത്രണം വെച്ചു.ആ സമയത്ത് കുറേ പുസ്തകള്‍ വായിച്ചു.സഫലമീ യാത്ര,രണ്ടാമൂഴം,മയ്യഴിപുഴയുടെ തീരങ്ങളില്‍ വീണ്ടും വായിച്ചു.മനസ്സില്‍ ഒരു വസന്തകാലം തിരിച്ചു വരുന്നതുപോലെ..
വീട്ടില്‍ സന്തോഷം.ഇതായിരുന്നു നീ..

ഇനി എനിക്ക് ടീച്ചറെ കാണുമ്പോള്‍ ധൈര്യമായി ക്ഷമ ചോദിക്കാം.

 
Friday, May 27, 2011

ശുഭയാത്ര


അന്ന് ഞാന്‍ പാലക്കാട്ടേക്കുള്ള ഒര് യാത്രയിലായിരുന്നു.ആവേശത്തിലായിരുന്നു എന്റെ മനസ്സ്.യുവകേരളം മാസിക നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഞാനെഴുതിയ ചെറുകഥയായിരുന്നു.അവാര്‍ഡ് ദാനം പാലക്കാട് ഠൗണ്‍ഹാളില്‍ വെച്ചാണ്.ജീവിതത്തില്‍ ആദ്യമായി എന്റെ രചനയ്ക്ക് കിട്ടുന്ന അംഗീകാരം,അതെനിക്ക് ഒരുപാട് സന്തോഷം തന്നിരുന്നു.

കൊല്ലത്തുനിന്ന് ട്രെയിനില്‍ എറണാകുളം എത്തി,ഇപ്പോള്‍ അവിടുന്ന് ബസ്സില്‍ പാലക്കാട്ടേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്.പാലക്കാടിന്റെ ഭംഗി എന്നെ വിസ്മയിപ്പിക്കുകയായിരുന്നു.പുഴചാലുകളും പുല്‍ക്കൂട്ടങ്ങളും വഴിയില്‍ കണ്ണിനു വിരുന്നൊരുക്കി നിന്നു.വീശുന്ന കാറ്റില്‍ പോലും ഗ്രാമത്തിന്റെ സൗന്ദര്യം ആവാഹിച്ചിരുന്നു.പാലക്കാടന്‍ ഗ്രാമം സുന്ദരിയായ യുവതിയായി ഞാന്‍ പോകുന്ന വഴിയില്ലെല്ലാം കൂടെ വന്നു.


ഒരു നിമിഷം,ഞാന്‍ എന്റെ നാടിനെ ഓര്‍ത്തു.കൊല്ലം,നഗരത്തിന്റെ അഹങ്കാരമാണ് ആ നാടിന്.അധികാരവും ഭരണവും സെക്രട്ടേറിയേറ്റും അടുത്തുകിടപ്പുണ്ടല്ലോ.ക്ഷയിച്ചു നിലം പരിശായ തറവാട്ടിലെ ചോരതുപ്പി ചാകാറായ കാര്‍ന്നോരുടെ തലക്കനം ഞാന്‍ ഉള്‍പ്പെടുന്ന തെക്കന്‍ വര്‍ഗത്തിനുണ്ട്.ചുമ്മാതല്ല ചിലര്‍ പറയുന്നത്,മൂര്‍ഖനേയും തെക്കനേയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തെക്കനെ കൊല്ലുമെന്ന്.തല്ലികൊല്ലേണ്ടുന്ന കൈയിലിരിപ്പു തന്നെയാണ് ചിലപ്പോള് ..ഈ എനിക്കും.

വഴിയില്‍ കണ്ട ഒരു കാഴ്ച മനസ്സിനെ ആകര്‍ഷിച്ചു.പ്രൈവറ്റ് ബസ്സില്‍ കയറാന്‍ സ്‌കുള്‍ കുട്ടികള്‍ അച്ചടക്കത്തോടെ വരിവരിയായി നില്‍ക്കുന്നു.കൊല്ലത്ത് ആകെ ഇങ്ങനെയൊരു വരി കാണാന്‍ പറ്റുന്നത് ബീവറേജസിനു മുന്നില്‍ മാത്രമാണ്.മറ്റൊന്നു കൂടി ശ്രദ്ധിച്ചു.പിന്‍വശത്ത് കൂടി മാത്രമാണ് യാത്രക്കാര്‍ കയറുന്നത്.ബസ്സില്‍ നിന്ന്് ആള്‍ക്കാര്‍ ഇറങ്ങുന്നത് പിന്‍ വശത്തെ ഡോറില്‍ കൂടിയും.ഇവിടെയാണെങ്കില്‍ വിരുതന്‍മാര്‍ പറ്റിയാല്‍ ജനാലവഴിവരെ അകത്തുകയറും.മറ്റു ചിലരാണെങ്കില്‍ മുന്‍ വശത്തെ വാതിലില്‍ കൂടിയെ കയറൂ.സ്ത്രീ തിരക്കുണ്ടെങ്കില്‍ ഓസിന് ഒരു സ്പര്‍ശനവും ആകാമല്ലോ.കിളികളും കണ്ടക്ടര്‍മാരും സ്പര്‍ശനകാര്യത്തില്‍ തീരെ മോശക്കാരല്ല.

ഞാന്‍ ആലോചനകള്‍ക്കു വിലങ്ങിട്ടുകൊണ്ട് എന്റെ ജോലിയിലേക്ക് കടന്നു.എന്തിനും സാക്ഷിയാകാന്‍ മാര്‍ട്ടിന്‍ കൂപ്പര്‍ ഒര് കിന്ത്രാണ്ടം കണ്ടുപിടിച്ചിരുന്നല്ലോ,മൊബൈല്‍ ഫോണ്‍.മൊബൈലില്‍ പകര്‍ത്തിയ പ്രകൃതി ദൃശ്യങ്ങള്‍ 3 ജി സാങ്കേതിക വിദ്യയുടെ മേലാപ്പോടെ സുകെര്‍ബര്‍ഗ് ആവിഷ്‌കരിച്ച സൗഹൃദവലയായ ഫെയ്‌സ്ബുക്കില്‍ അപലോഡ് ചെയ്യുക എന്ന കലാപരിപാടിയിലേക്ക് ഞാന്‍ കടന്നു. ഇത് ഈ അടുത്ത കാലത്ത് തുടങ്ങിയ ശീലമാണ്,ഫോട്ടോ പകര്‍ത്തലും അപലാഡലും.

ഗ്രാമമായിരിന്നിട്ടും നെറ്റ് പൊളപ്പന്‍ സ്പീഡിലായിരുന്നു.മൊബൈലെടുത്ത് കുത്തികൊണ്ടിരിക്കുമ്പോള്‍ അടുത്തിരുന്ന അമ്മാവന്‍ എന്നെ ഒന്നു നോക്കി.'പച്ചപരിഷ്‌കാരി' എന്നമ്മാവന്‍ മനസ്സില്‍ പറഞ്ഞുകാണും എന്ന് ഊഹിച്ചു.ആ..പോട്ടെ..ഫെയ്‌സ്ബുക്ക് തറവാട് തുറന്നപ്പോള്‍ കുറെയണ്ണം ചാടിപ്പിടച്ചെത്തി.ഇവറ്റകള്‍ക്കൊന്നും പല്ലുതേപ്പും കുളീം ഒന്നുമില്ലെ.കാലത്തെ മുതല്‍ ഇതിന്റെ മുന്നിലാണല്ലോ..നോട്ടിഫിക്കേഷന്‍സ് കുറെയുണ്ട്.പതിവില്ലാതെ ഡിഗ്രിക്ക് കൂടെ പഠിച്ചിരുന്ന് കൂട്ടുകാരന്‍ ഒര് ഫോട്ടോ ടാഗ് ചെയ്‌തേക്കുന്നു.അതെന്താ..സംഗതി എന്താണെന്ന് അറിയണമല്ലോ.ഞാന്‍ ഫോട്ടോ ഓപ്പണ്‍ ചെയ്തു.

അതൊരു സ്ത്രീയുടെ ഫോട്ടൊയായിരുന്നു.ഒറ്റനോട്ടത്തില്‍ എനിക്കത് ആരാണെന്ന് മനസ്സിലായില്ല.അവന് ഫോട്ടൊയ്ക്ക് നല്‍കിയ അടിക്കുറിപ്പ് ഞാന്‍ നോക്കി.'ഡിയര്‍ അഞ്ജു മിസ്,വി മിസ് യു'-അത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഓര്‍മ്മയിലേക്ക് ആ മുഖത്തിന്റെ ഉടമ കടന്നു വന്നു.അഞ്ജു മിസ്,ഞാന്‍ ഡിഗ്രിക്ക് പഠിച്ച കോളേജിലെ ലക്ചററായിരുന്നു.എന്നെ പഠിപ്പിച്ചിട്ടില്ല.പക്ഷെ എനിക്ക് മിസിനെ നന്നായി അറിയാം.അന്നു പഠിച്ച എല്ലാ കൂട്ടുകാരുടെയും ഓര്‍മയില്‍ അഞ്ജുമിസുണ്ടാകും.മറ്റൊന്നുമല്ല.മിസ്സിന്റെ ശരീര പ്രകൃതം.നല്ല കനമാണ്.വലിയ ശരീരം.എന്നും രാവിലെ ഒരു മാരുതിയാലാണ് വരുന്നത്.കാറില്‍ നിന്ന് ഇറങ്ങുന്നതും കോറിഡോറിലുടെ നടന്നുപോകുന്നതും,അതൊക്കെകണ്ട് ദൂരെ നില്‍ക്കുന്ന ഞങ്ങള്‍ ചില്ലറ കമന്റ് ഒക്കെ ഇറക്കിയിരുന്നു.

കോളേജില്‍ സമരം വന്ന ഒരു ദിവസം.എന്തോ പീക്കിരി പ്രശ്‌നമാണ്.ഒര് കാര്യവുമില്ലാത്ത ഒരു സമരം വിളി.കുട്ടിനേതാക്കളെല്ലാം മുന്‍പന്തിയിലുണ്ട്.ക്ലാസ് നടക്കാതിരിക്കാന്‍ പാര്‍ട്ടി ഭേതമില്ലാതെ ഞങ്ങളും കുടി സമരം വിളിക്കാന്‍.ഞങ്ങള്‍ക്കിടയിലേക്ക് മിസ് പെട്ടെന്ന് കടന്നു വന്നു.എന്തായാലും ക്ലാസ് നടക്കുമെന്നും അവശ്യമില്ലാതെ സമരം വിളിക്കേണ്ടുന്ന കാര്യമില്ലെന്നും എല്ലാവരും ക്ലാസില്‍ പോകാനും പറഞ്ഞു.അപ്പോള്‍ തന്നെ മിസ് പഠിപ്പിച്ചിരുന്ന കുട്ടികളെല്ലാം ക്ലാസില്‍ കയറി.കോളേജിലെ വേറെ ആരു വന്നു പറഞ്ഞാലും സമരക്കൂട്ടം പിരിഞ്ഞുപോകില്ലായിരുന്നു.ആ നിമിഷം എനിക്ക് മിസിനോട് ബഹുമാനം തോന്നി.അവരെല്ലാം അഞ്ജുമിസിനെ അനുസരിക്കണമെങ്കില്‍ മിസ് അവരെ അത്രയ്ക്ക് സ്‌നേഹിക്കുന്നുണ്ടായിരിക്കും..

മിസ്സിന് എന്താണ് പറ്റിയത്.ഫോട്ടോയ്ക്ക് കൂട്ടുക്കാരൊക്കെ ഇടുന്ന കമന്റുകള്‍ കണ്ട് എന്തോ പന്തികേട് തോന്നി.മിസിന് ഒന്നും പറ്റിക്കാണരുതെ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു.ഫെസ്ബുക്കില്‍ പെട്ടെന്നിറങ്ങി.

ഫോണില്‍ കീര്‍ത്തനയുടെ ഒരു മെസേജ് കിടക്കുന്നു.'ടാ നമ്മുടെ അഞ്ജു മിസ് മരിച്ചു'-കേള്‍ക്കാന്‍ ഒരിക്കലും ഇടവരുത്തരുതേ എന്നാഗ്രഹിച്ച വാര്‍ത്ത.ഞാന്‍ പുറത്തേക്ക് നോക്കി.മരങ്ങള്‍ക്കും പുഴയ്ക്കും കാറ്റിനും ചലനമറ്റതായി എനിക്കു തോന്നി.പതുക്കെ പതുക്കെ കാഴ്ച മങ്ങി തുടങ്ങി ..കണ്ണ് നിറയുന്നുണ്ടായിരുന്നു..

ഞാന്‍ കീര്‍ത്തനയെ വിളിച്ചു.അവളെ മിസ് പഠിപ്പിച്ചുട്ടുണ്ട്.വാക്കുകള്‍ കണ്ടെത്തിയാണ് അവളെല്ലാം പറഞ്ഞു നിര്‍ത്തിയത്.എനിക്കറിയാം അവര്‍ക്കെല്ലാം മിസ്,അമ്മയുടെ വലിപ്പമായിരുന്നു.

അഞ്ജുമിസ് കുറേ നാളായി ചെന്നൈയില്‍ ഒരാശുപത്രിയില്‍ ചികിത്സയിലായിരുന്നു.അര്‍ബുദം ഒരറ്റത്തുനിന്ന് കാര്‍ന്ന് തിന്നുമ്പോഴും മിസ് കുട്ടികളെ ചേര്‍ത്തു പിടിച്ചു.അവരോട് വര്‍ത്തമാനം പറഞ്ഞു.വിശേഷങ്ങള്‍ പങ്കുവെച്ചു.ചിരിച്ചു.ഇപ്പോഴും എവിടെയോ അവര്‍ക്കു വേണ്ടി കലഹിച്ചുകൊണ്ടിരിക്കുന്നു..

അവാര്‍ഡിന്റെ ആവേശത്തിലായിരുന്ന മനസ്സ് സങ്കടങ്ങള്‍ നിറഞ്ഞ ഒരു കടലായി എത്ര പെട്ടെന്നാണ് മാറിയത്.എല്ലാ യാത്രകളും അങ്ങനെ തന്നെയല്ലേ.കാറും കോളും നിറഞ്ഞിരിക്കും.അവസാനം ഒരു മഴ വരും.ചിലപ്പോള്‍ ആ മഴ സന്തോഷത്തിന്റെ കൂട്ടുകാരിയായിരിക്കും.മറ്റ് ചിലപ്പോള്‍ അത് കണ്ണുന്നീരിന്റെ സഹയാത്രികനായിരിക്കും ..

ശുഭയാത്ര നേരുന്നു ..

സമര്‍പ്പണം - ഞങ്ങളുടെ മഞ്ജു മിസിന് ..Thursday, May 19, 2011

വീട്ടില്‍ ചേര കേറിയ കഥ - LIVE


'സംഗതി സത്യമാണ്.പഹയന് ഏതാണ്ട് മൂന്നടി നീളം കാണും.ഒത്ത വണ്ണവും.കണ്ടത് ഞാനാ.ഞാനും അമ്മയും അകത്തെ മുറിയിലായിരുന്നു അപ്പോള്‍.എന്തോ എടുക്കാനായി പുറത്തേക്ക് വന്നതായിരുന്നു ഞാന്‍.അപ്പോഴാണ് ഉച്ചഭക്ഷണവും കഴിഞ്ഞ് ഒരു മഞ്ഞ ചേര സുഖമായി വിശ്രമിക്കുന്നു.നീണ്ട ഒര് സൈറണ്‍ മുഴങ്ങി.ഞാന്‍ ഉറക്കെ കൂവി..അമ്മേ ..പാമ്പ് ...!!'
 

ദിവ്യയുടെ കഥാവിവരണം കേട്ട് എനിക്ക് ചിരിക്കാതെ നിവൃത്തിയുണ്ടായിരുന്നില്ല.രണ്ട് മൂന്ന് ദിവസമായി ആകെ ടെന്‍ഷനാണ്.ജോലി..തിരക്ക്..ആകെ ഓട്ടം തന്നെ.കിടക്കാന്‍ നേരത്ത് പ്രിയങ്കരിയായ പെമ്പറന്നോത്തി അവളുടെ വീരേതിഹാസ കഥ പറഞ്ഞു തുടങ്ങി.അവളുടെ നെറുകില്‍ ഞാനൊരു ഉമ്മ കൊടുത്തു.അതൊരു നന്ദി പറച്ചിലായിരുന്നു.എല്ലാ പ്രതിസന്ധികളിലും അവളുടെ സാമിപ്യം ജീവിതത്തെ സുന്ദരമാക്കിയിരുന്നു.അത്‌കൊണ്ട് തന്നെയാണ് ജീവിതത്തോട് എനിക്കിത്ര ഇഷ്ടവും.'എന്റെ പ്രിയപ്പെട്ടവളെ..സുന്ദരീ..നീയെന്റെ നിധിയാണ്..'ഞാന്‍ കുറച്ച് ഓവറായി ഒരു ഡയലോഗും പാസാക്കി.
 

'കഥ മുഴുവന്‍ കേക്കൂ..' കൊച്ച് കുട്ടിയെപോലെ അവള്‍ കഥ പറഞ്ഞു തുടങ്ങി.ഞാന്‍ കേള്‍ക്കാനും.

'എന്റെ കൂവല്‍ കേട്ട് പുറത്ത് നിന്നിരുന്ന അച്ഛന്‍ ഓടി വന്നു.എന്താടി കിടന്നു കാറുന്നേ..?-എന്നൊരു ചോദ്യം.പെട്ടെന്ന് ഷട്ടറിട്ടതുപോലെ എന്റെ കൂവല്‍ നിന്നു.ഇപ്പോള്‍ തൊണ്ട ശബ്ദമൊന്നും പുറപ്പെടുവിക്കുന്നില്ല.ചേര കിടക്കുന്നതിന്റെ തൊട്ടടുത്തു നിന്നാണ് അച്ഛന്‍ ചോദിക്കുന്നത്.പക്ഷെ അച്ഛനും ചേരയും പരസ്പരം കണ്ടിട്ടില്ല.ഞാന്‍ അവസാനം വിയര്‍ത്തു കുളിച്ച് കൈകൊണ്ട് അച്ഛനെ ആഗ്യം കാണിച്ചു.അച്ഛന്‍ അത് കണ്ട് താഴേക്ക് നോക്കിയതും പടാന്ന് ചാടി കസേരയ്ക്ക് മുകളില്‍ കയറിയതും ക്ലോക്കിലെ സെക്കെന്റ് സൂചി ഒന്നില്‍ നിന്നിറങ്ങി രണ്ടിലെത്തിയ നേരംകൊണ്ട് കഴിഞ്ഞു.പിന്നെ ഞാനും അച്ഛനും ഒരുമിച്ചായി കൂവല്‍.വാശിയേറിയ മത്സരം.എന്താ നടക്കുന്നതെന്നറിയാതെ പാവം ചേര ഒന്നും മിണ്ടാതെ കിടന്നു.'
എന്റെ ഉറക്കെയുള്ള ചിരികേട്ടിട്ട് അപ്പുറത്തെ മുറിയില്‍ കിടന്നിരുന്ന അമ്മു എണ്ണീറ്റ് വന്നു.അച്ഛനിങ്ങനെ കിടന്നു ചിരിച്ചാല്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ല.നാളെ എനിക്ക് സ്‌കൂളില്‍ പോകേണ്ടതാ.-എന്നായി അവള്‍.അമ്മൂന്റെ പ്രായത്തില്‍ അമ്മ കാണിച്ച സാഹസം കേട്ട് അച്ഛന്‍ ഓട്ടോമാറ്റികായി ചിരിച്ചുപോയതാ എന്ന് കേട്ടപ്പോള്‍ അമ്മുവും കൂടി എന്നോടൊപ്പം കഥ കേള്‍ക്കാന്‍...ഹാാ..!സുന്ദര സന്തുഷ്ട കുടുംബം..!
 

ദിവ്യ തുടര്‍ന്നു.
 

'ഞാന്‍ അപ്പോഴാണ് അമ്മയുടെ കാര്യമോര്‍ത്തത്.അമ്മയെവിടെ..?അച്ഛന്‍ കസേരയുടെ കൊമ്പത്തിരുന്നുകൊണ്ട് ചോദിച്ചു.അച്ഛന്റെ നില്‍പ്പു കണ്ട് എനിക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു.അമ്മ അപ്പോളേക്കും ഓടി അടുത്ത മുറിയില്‍ എത്തി.അകത്തെ മുറിയില്‍ നിന്നു കൂവുന്നതുകൊണ്ടാണ് അമ്മയുടെ ബളഹം ശരിക്കും ഞങ്ങളുടെ കാതിലെത്താതിരുന്നത്.ഞങ്ങളുടെ ബഹളമൊക്കെ കേട്ട് ചേരയാശാന്‍ പുറത്തേക്ക് പോകാതെ നേരെ അകത്തേക്ക് കയറി.ഹമ്പടാ..ഇവനെന്താ ഇവിടെ സ്ഥിരതാമസമാക്കാന്‍ പോകുകയാണോ..ചേര അകത്തെ മുറിയില്‍ കയറി എന്ന് ഉറപ്പായതോടെ ഞാനും അച്ഛനും പുറത്തേക്കോടി എസ്‌ക്കേപ്പായി.ഗേറ്റിനടുത്തുവരെ ഒപ്പത്തിനൊപ്പം ഓടിയ അച്ഛന്‍ പെട്ടെന്ന് വാനിഷായി..ഇതെന്ത് മറിമായം..!'
 

'അമ്മൂമ്മയോ..?'-അമ്മു ചോദിച്ചു.
 

'അമ്മ ആ മുറിയില്‍ തന്നെ.അമ്മ നില്‍ക്കുന്നതിന്റെ തൊട്ടടുത്ത മുറിയിലേക്കാണ് ചേരപോയത്.ആ മുറിയില്‍ നിന്ന് അമ്മ നില്‍ക്കുന്ന മുറിയിലേക്കെത്താന്‍ ഒര് വാതിലുണ്ട്.ചേര വാതിലും തുറന്ന് വന്നാലൊ..!അമ്മ പേടിച്ചു.അമ്മയുടെ കൂവല്‍ ഉച്ചത്തിലായി..ചേരയിപ്പോ വരുമേ..ആരേലും ഓടിവായോ..ആരു കേക്കാനാ..ഞാന്‍ ഓടി അടുത്ത വീട്ടില്‍ എത്തിയിരുന്നു.നേരെ കേറി കതകടച്ച് കുറ്റിയുമിട്ടു.അച്ഛന്റെ ഒരു വിവരവുമില്ല..'
 

'അപ്പൂപ്പന്‍ എവിടെ പോയി ..?'-അമ്മുന്റെ ചോദ്യത്തിന് ഞാനാണ് ഉത്തരം നല്‍കിയത്.
 

'അമ്മൂട്ടിന്റെ അപ്പുപ്പന് ഭയങ്കര ധൈര്യമല്ലേ..അതാ ഓടി കളഞ്ഞത്.ധീരതയ്ക്കുള്ള അവാര്‍ഡ് കൊടുക്കുന്ന കമ്മിറ്റിക്കാര് അപ്പുപ്പനെ കണ്ടാരുന്നേല്‍ കൊത്തികൊണ്ടുപോനെ..'
 

'കളിയാക്കണ്ട.അങ്ങനൊന്നും അല്ല.അച്ഛന്‍ ലോഷന്‍ എടുക്കാന്‍ പോയതാ.ലോഷന്‍ തളിച്ചാല്‍ ചേര ഓടിപോകും..'
 

'ഊവ് ഊേേവ..നീ ബാക്കി പറ'
 

'അങ്ങനെ ഞങ്ങളുടെ ബഹളം കേട്ട് അപ്പുറത്തെ വീട്ടിലെ രണ്ട് ചേട്ടന്‍മാര്‍ ഓടി വന്നു.അമ്മയുടെ അശരീരി കേട്ടുകൊണ്ടവര്‍ അകത്തെ മുറിയില്‍ ചേരയെ തിരഞ്ഞു.പക്ഷെ അപ്പോഴേക്കും ബോറടിച്ച ശ്രീമാന്‍ ചേര അവര്‍കള്‍ സ്ഥലം വിട്ടിരുന്നു.ആശ്വാസമായി.ഞാന്‍ അങ്ങനെ വീട്ടിലേക്കെത്തി.ധൈര്യശാലിയായ ഉണ്ണിയാര്‍ച്ച ഏലിയാസ് ഝാന്‍സി റാണി..!!'
 

'കണ്ടോ അമ്മുട്ടി..ഇങ്ങനെ പോയാല്‍ ഇവിടെ ഒരു ചേര വന്നാല്‍ നിന്റെ അമ്മ നമ്മളെ രണ്ടാളേം ഇട്ടിട്ട് ഓടുമല്ലോ..'-ഞാന്‍ അമ്മുവിനോട് പറഞ്ഞു.
 

'ഞാന്‍ ഓടൂല്ല.അന്ന് ഞാന്‍ ചെറിയ കുട്ടി അല്ലേ..അതാ ഓടിയെ.'-ദിവ്യ പറഞ്ഞു.
 

'അപ്പുപ്പന്‍ പിന്നെ വന്നോ..?'-അമ്മുവിനറിയേണ്ടത് അതാരുന്നു.എന്റെ മോളു തന്നെ..അപ്പുപ്പനെ പണിയാന്‍ കിട്ടിയ അവസരമല്ലേ..!
 

'അച്ഛന്‍ ലോഷനെടുത്തിട്ട് തിരിച്ചു വരുമ്പോള്‍ അമ്മ ഇട്ടു കൊടുത്ത ചായയും കുടിച്ച് നില്‍ക്കുകയായിരുന്നു ചേരയെ ഓടിക്കാന്‍ വന്ന ചേട്ടന്‍മാര്‍.സാറിതെവിടെ പോയതാ-അവര്‍ ചോദിച്ചു..'

'അയ്യോ ..വേണ്ട..ബാക്കി നീ പറയണ്ടാ ..ലോഷന്‍ എടുക്കാന്‍ പോയപ്പോള്‍ അത് തീര്‍ന്നു പോയി്കാണും..പാക്കരണ്ണന്റെ കടയില്‍ പോയി ലോഷന്‍ വാങ്ങി വന്നതാ പാവം ..'
ഞാന്‍ പൊട്ടിചിരിച്ചു.സ്വന്തം അച്ഛനെ കളിയാക്കുന്നതുകണ്ട് ദിവ്യ പിണക്കം നടിച്ചു.രണ്ട് പഞ്ചാര ഡയലോഗ് കാച്ചിയപ്പോള്‍ ആ പിണക്കം മാറി.


അങ്ങനെ ഒരു സുന്ദരമായ രാത്രി കൂടി കഴിഞ്ഞു..