Monday, March 12, 2012

അബ്ദു

'അഞ്ഞൂറ് രൂപയ്ക്ക് ചില്ലറയുണ്ടോ..?' -

ചോദ്യം കേട്ട് മിട്ടായി പാത്രങ്ങള്‍ക്ക് മുകളിലൂടെ കുഞ്ഞിക്കോയ തല പൊക്കി നോക്കി.
കടയ്ക്ക് മുന്നില്‍ ഒരു വാനരപ്പട.കൂട്ടത്തില്‍ മുന്നോട്ട് വന്ന നേതാവ് അബ്ദുവിന്റെ വകയായിരുന്നു ചോദ്യം.അഞ്ഞൂറിന്റെ ഒരു നോട്ടും കൈയിലിരിപ്പുണ്ട്.
തൊട്ടടുത്ത പ്രൈമറി സ്‌കൂളിലെ രണ്ടാംക്ലാസിലെ ഗജപോക്കിരികളാണ് ഈ വാനരസംഘം.


'ഉണ്ടാകുമല്ലോ..എന്താ..?'-


കുഞ്ഞിക്കോയ മുന്നില്‍ നില്ക്കുന്ന അടയ്ക്കാമണികളോട് പറഞ്ഞു.


'എന്താ വേണ്ടതെന്ന് വെച്ചാ പറയിന്‍..'-
അബ്ദുന്റെ ശബ്ദം അണികള്‍ക്കു നേരെ ഉയര്‍ന്നു.


'കല്ലുമുട്ടായി'
'തേന്‍മുട്ടായി'
'ലൗലോലിക്കാ വെള്ളം'
'കടല'
'കപ്പലണ്ടി മുട്ടായി'
'നെല്ലിക്കാ'
'പോപ്പിന്‍സ്'
-വാനരസംഘം കലിപിലാന്നങ്ങു തുടങ്ങി.


'അയ്യോ..കുഞ്ഞിക്കോയക്ക് വയസ്സായി മക്കളെ..ഓരോരുത്തരായി നിര്‍ത്തി നിര്‍ത്തി പറ'


സമാധാനത്തോടെ ലിസ്റ്റിലുള്ള സാധനങ്ങള്‍ കൈപറ്റി അബ്ദു അഞ്ഞൂറ് രൂപയുടെ നോട്ട് നീട്ടി.


'കള്ള നോട്ടൊന്നും അല്ലല്ലോ..അല്ലേ..'-
കുഞ്ഞിക്കോയക്ക് സംശയം മാറിട്ടില്ല.


'വിശ്വാസമില്ലേല്‍ ഇതെല്ലാം തിരിച്ചെടുത്തോ..'-
കൂട്ടത്തിലൊരു വാനരന്‍ പറഞ്ഞു.അപ്പോഴേക്കും മറ്റൊരുത്തന്‍ തേന്‍ മുട്ടായുടെ കവറ് പൊട്ടിച്ച് തീറ്റി തുടങ്ങിയിരുന്നു.


'എല്ലാം കൂടി 120 രൂപാ..ഇതാ ബാക്കി പിടിച്ചോ..'
ബാക്കിയും വാങ്ങി സംഘാംഗങ്ങള്‍ ക്ലാസിലേക്ക് മടങ്ങി.
കപ്പലണ്ടി മുട്ടായിയുടെ പൊതിയുമായി അബ്ദു നേരെ പോയത് ഒന്നാം ക്ലാസിന് മുന്നിലേക്കാണ്.ഊഹം തെറ്റിയില്ല.കീര്‍ത്തന ക്ലാസില്‍ തന്നെയുണ്ടായിരുന്നു.
അബ്ദുനെ കണ്ടതും അവള്‍ വെളിയിലേക്ക് വന്നു.


'ഇന്നാ..'-
അബ്ദു മിട്ടായി പൊതി അവള്‍ക്കു നേരെ നീട്ടി.അതും വാങ്ങി ക്ലാസിന് അകത്തേക്ക് ഒറ്റ ഓട്ടമായിരുന്നു.
കീര്‍ത്തന ബെഞ്ചില്‍ വന്നിരുന്ന് കവറ് പൊട്ടിച്ച് മിട്ടായി തിന്നുന്നത് കണ്ടിട്ടേ അബ്ദു അവിടുന്ന് സ്ഥലം വിട്ടോളു.


ഉച്ച കഞ്ഞിക്ക് ബെല്ലടിച്ചപ്പോള്‍ സുമേഷേട്ടന്റെ ചായകടയില്‍ വാനരസംഘം ഹാജര്‍ വെച്ചു.


'എല്ലാവര്‍ക്കും പൊറോട്ടയും ചിക്കനും'-
അബ്ദു നേതാവിന്റെ ശബ്ദം തന്നെ.


പതിവില്ലാത്ത തലകളെ കണ്ട് സുമേഷേട്ടന്‍ ആദ്യം അമ്പരന്നു എങ്കിലും അബ്ദു കൈയിലെ നോട്ടുകള്‍ കാണിച്ചപ്പോള്‍ കൂളായി.
വയറു നിറയെ തട്ടി ഏമ്പക്കോം വിട്ട് പുറത്തിറങ്ങിയപ്പോള്‍ 150 റുപ്പിക പോയി.


സ്‌കൂളിലേക്ക് മടങ്ങിയപ്പോള്‍ മൈതാനത്ത് ഐസ്‌കാരന്‍ ജോസേട്ടന്‍.മുന്തിരി ഐസും പാലൈസും അങ്ങനെ ഒട്ടുമിക്ക ഇനങ്ങളും അവര്‍ പരീക്ഷിച്ചു.അവിടെ നിന്നവര്‍ക്കും വന്നവര്‍ക്കും മഹാമനസ്‌കനായ അബ്ദുന്റെ വക പാലൈസ്.
കീശയില്‍ നൂറു രൂപ വീണല്ലോ.ജോസേട്ടനും ഹാപ്പി.


സ്‌കൂള് വിട്ട് വീട്ടിലേക്ക് വരുന്ന വഴി കൂടെ കൂടിയവര്‍ക്കെല്ലാം മുട്ടായി വിതരണം നടത്തിയതോടെ അബ്ദു മൊതലാളി അബ്ദു പാപ്പരായി.അങ്ങനെ സംഘാംഗങ്ങള്‍ പല വഴിക്ക് പിരിഞ്ഞു.തനിച്ചായ നേതാവ് അവസാനത്തെ തേന്‍ മുട്ടായിയും നുണഞ്ഞ് വീട്ടിലേക്ക് നടന്നു.


ഗേറ്റിനടുത്ത് എത്തിയപ്പോഴേക്കും വീട്ടിനകത്തു നിന്ന് ഉമ്മയുടെ 'തൃശ്ശൂര്‍പൂരം ലൈവ്' കേട്ടു തുടങ്ങി.അബ്ദു ഉമ്മ കാണാതെ വീട്ടിനകത്തേക്ക് വലിയാന്‍ തുടങ്ങിയെങ്കിലും കൈയോടെ പിടിക്കപ്പെട്ടു.


സറണ്ടര്‍.അബ്ദു തലയും താഴ്ത്തി ഉമ്മയുടെ മുന്നില്‍ നിന്നു.


'ഇന്നലെ റസിയ വന്നപ്പോള്‍ നിനക്ക് അഞ്ഞൂറ് രൂപ തന്നാരുന്നോ..?അതെവിടെ..?' -
റസിയ അബ്ദുവിന്റെ ഉമ്മയുടെ നേരെ ഇളയ അനുജത്തിയാണ്.
അബ്ദു ഉമ്മയുടെ ചോദ്യത്തിന് മൂളുക മാത്രം ചെയ്തു.


'അത് എവിടെ എന്നാണ് ചോദിച്ചത്.പൈസാ കിട്ടിയിട്ട് നീ എന്തേ പറയാതിരുന്നത്..?'-


'ചെലവായിപ്പോയി'


'എന്റെ റബ്ബേ..അത്‌കൊണ്ടുപോയി തീര്‍ത്തോ.രാത്രി അരിപ്പൊടി വാങ്ങാന്‍ കാശിന് ഇനി എവിടെ പോകും'


'മോന്‍ മുട്ടായി വാങ്ങി തിന്നോ എന്നും പറഞ്ഞ് കുഞ്ഞുമ്മാ തന്നതാ.ഞാന്‍ മുട്ടായി വാങ്ങിച്ചു.കൂട്ടുകാര്‍ക്കും കൊടുത്തു'-
കലിതുള്ളി ഉമ്മ അകത്തേക്ക് വടിയെടുക്കാന്‍ പോയപ്പോഴേക്കും അബ്ദു ഓടി മതിലിന്റെ മുകളില്‍ കയറിയിരുന്നു.


'താഴെയിറങ്ങെടാ..ഇന്ന് നീ പട്ടിണി കിടക്കത്തതേ ഉള്ളൂ'-
വടിയും ഉമ്മയും ഒരു പോലെ വിറച്ചു.അബ്ദുന് മാത്രം ഒര് കൂസലും ഇല്ല.


'കുഞ്ഞുമ്മാ എന്നെ പറ്റിച്ചു.ആരും കാണാതെ കാശ് തന്നിട്ട് ഇപ്പോ ഉമ്മച്ചിയെ വിളിച്ച് പറഞ്ഞേക്കുന്നു.നാളെ ഞാന്‍ കുഞ്ഞുമ്മയെ കാണണുണ്ട്'


'എന്തിനാ..?'


'ഒര് ആയിരം രൂപാ ചോദിക്കണം'-
മതിലും ചാടി അബ്ദു പുറത്തേക്കോടി.