Monday, October 21, 2013

ബ്ലൗസ്

         ബ്ലൗസ് അന്നു മുതല്‍ക്കാണ് ഒരു ആഗോള പ്രശ്‌നമായി മാറിയത്.കലാപം രൂക്ഷമായതോടെ അന്ന് കര്‍ഫ്യൂ പ്രഖ്യാപിക്കുകവരെയുണ്ടായി.ഒന്നാം സമുദായത്തിലെ കൂട്ടര്‍ കടകള്‍ ഓരോന്നായി തല്ലി തകര്‍ത്തപ്പോള്‍ രണ്ടാം സമുദായക്കാര്‍ വണ്ടികള്‍ കത്തിച്ച് തങ്ങളുടെ കരുത്തു തെളിയിച്ചു.രണ്ട് ചേരിക്കാരും ഒരുമിച്ചു നേരിട്ടതോടെ അവിടെ പോലീസിനും രക്ഷയുണ്ടായിരുന്നില്ല.അത്ഭുതമെന്നു പറയട്ടെ,മുഖ്യമന്ത്രി അന്ന് ഫിലാഡെല്‍ഫിയ സന്ദര്‍ശനത്തിലായിരുന്നു.പക്ഷെ അടിയന്തിരമായി ഫിലാഡെല്‍ഫിയയിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ച മുഖ്യന്റെ കവിളത്ത് കാണപ്പെട്ട ചുവന്ന വട്ട പാടിനെ കുറിച്ചായിരുന്നു അന്നത്തെ ചാനല്‍ ചര്‍ച്ച.കൃത്യമായ ഇടവേളകളില്‍ അവരത് വലുതാക്കിയും വൃത്തം വരച്ചും കാണിച്ചുകൊണ്ടേയിരുന്നു.ഫിലാഡെല്‍ഫിയന്‍ പശുക്കളുടെ അകിടുവീക്കത്തെ പറ്റിയുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയെ കുറിച്ചും മുഖത്തെ സംശയാസ്പദമായ പാടിനെ കുറിച്ചും പ്രസ്താവനയിറക്കിയ പ്രതിപക്ഷം മൂരാച്ചി മുഖ്യമന്ത്രി രാജിവെക്കണമെന്ന പതിവു പല്ലവി ആവര്‍ത്തിക്കുകയും ചെയ്തു.സ്വാഭാവികം..!
           
അങ്ങനെ പറഞ്ഞു വരുന്നത് ഒരു നാടിന്റെ സാമുദായിക,സാമ്പത്തിക, സാമൂഹിക,സാംസ്‌കാരിക ചുറ്റുപാടില്‍ മാറ്റം വരുത്തിയ ഒരു ചെറിയ ബ്ലൗസ്സിനെ കുറിച്ചാണ്.ചെറുത് എന്ന് അടിവരയിട്ട് പറയാന്‍ തക്കതായ കാരണവുമുണ്ട്.അത് ഇനിയുള്ള പാരഗ്രാഫുകളില്‍ നിന്നു വ്യക്തമാകുന്നതാണ്.രാജ്യത്തിന്റെ വസ്ത്ര സംസ്‌കാരത്തില്‍ നിര്‍ണ്ണായക പങ്കുള്ള ബ്ലൗസ്സിന് ഒരു ദേശത്തിന്റെ തന്നെ മുഴുവന്‍ താളത്തെ എങ്ങനെ സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നതാണ് കഥ.എന്നാലും അങ്ങനെയൊക്കെ സംഭവിക്കുമോ എന്നൊരു ചോദ്യം കഥയിലില്ല.ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിച്ചു പോകുന്നതാണ്.


           
ആപ്പിള്‍ എന്ന് പേരുള്ള ഒരു മനുഷ്യന്‍ സ്വന്തം നാട്ടില്‍ നിന്നകന്ന് ദൂരെ ഒരു ദേശത്താണ് ജോലി ചെയ്തിരുന്നത്.അവിടെ ജോലിക്കെത്തുന്നവരെല്ലാം പൊന്നു വിളയിപ്പിച്ചേ മടങ്ങി വരൂ എന്നാണ് പൊതുവേ കേള്‍ക്കുന്നത്.ആപ്പിളും മോശക്കാരനായിരുന്നില്ല.അയാള്‍ മാസംതോറും മുടങ്ങാതെ വീട്ടിലേക്ക് കാശ് അയച്ചുകൊണ്ടേയിരുന്നു.ആപ്പിളിന്റെ ഭാര്യയ്ക്കാണെങ്കില്‍ പൊന്നു വാങ്ങി കൂട്ടുന്നതില്‍ യാതൊരു പിശുക്കുമില്ലായിരുന്നു.ആപ്പിളിന്റെ രണ്ടാമത്തെ മകന്റെ പേരിടീല്‍ ചടങ്ങിന് തീര്‍പ്പിച്ച പന്ത്രണ്ടര പവന്റെ അരഞ്ഞാണം നാട്ടില്‍ കുറച്ചൊന്നുമല്ല പേരെടുത്തത്.നാട്ടിലെ കുറുമ്പികളെല്ലാം ആപ്പിളിന്റെ ഭാര്യയുടെ ഭാഗ്യം എന്ന് പാടി നടക്കുകയും കുറുമ്പന്‍മാരെല്ലാം മൗനം ഭൂഷണമാക്കുകയും ചെയ്തു.രാവിലെ കൈക്കോട്ടുമായി പാടത്തേക്കിറങ്ങിയ കുറുമ്പനെ നോക്കി നെടുവീര്‍പ്പിട്ട മുതുക്കി പൊന്നുവിളയാത്ത നാട്ടിലെ മണ്ണിലേക്ക് നീട്ടിതുപ്പി ശപിക്കുകയും ചെയ്തു.

 അങ്ങനെയിരിക്കെ ഒരു ദിവസം ആപ്പിള്‍ തന്റെ ജന്‍മനാട്ടില്‍ തിരിച്ചെത്തി.ഉഷാറായിരുന്നു ആ വരവ്.മുമ്പില്‍ പോയ കാറിന്റെ മുകളിലും അകത്തുമായി പെട്ടി നിറയെ സാധനങ്ങളായിരുന്നു.പിറകിലത്തെ കാറില്‍ സുമുഖനായ ആപ്പിള്‍ ഞെളിഞ്ഞിരുന്ന് തന്റെ നാടിന്റെ ഭംഗി ആസ്വദിച്ചു.കുറുമ്പികള്‍ ആപ്പിളിന്റെ ഭാര്യയുടെ ഭാഗ്യത്തെ കുറിച്ചു  വീണ്ടും പാടി.കുറുമ്പന്‍മാര്‍ക്ക് തെക്കോട്ടു നോക്കിയിരിക്കുകയല്ലാതെ വേറെ നിവര്‍ത്തിയുണ്ടായിരുന്നില്ല.അന്ന് രാത്രി മിക്ക വീട്ടിലെ റേഡിയോകളും അല്‍പം ഉച്ചത്തില്‍ തന്നെയാണ് ശബ്ദിച്ചത്.കുറുമ്പികളന്ന് കുറുമ്പന്‍മാര്‍ക്ക് സ്വസ്ഥതകൊടുത്തിട്ടുണ്ടാകില്ല..!

പിന്നെ കുറച്ചു നാള്‍ ആപ്പിളിന്റെ വീട്ടില്‍ ഉത്സവമായിരുന്നു .പൊന്നിന്റെ ഭാരം കാരണം ആപ്പിളിന്റെ ഭാര്യയുടെ കഴുത്തൊടിയുമെന്ന് പലരും കരുതിയെങ്കിലും അതുണ്ടായില്ല എന്ന് മാത്രമല്ല ആപ്പിളിന്റെ ഭാര്യയുടെ തലയെടുപ്പ് നാള്‍ക്കുനാള്‍ കൂടി വരികയായിരുന്നു.കൈകൊണ്ട് ചുരണ്ടി വര്‍ക്ക് ചെയ്യിക്കുന്ന ഫോണ്‍ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയത് ആപ്പിളിന്റെ മൂത്ത മകനായിരുന്നു.എന്നിരുന്നാലും ആപ്പിള്‍ കഥകള്‍ ഇങ്ങനെ തുടരാന്‍ നാട്ടുകാര്‍ താല്‍പര്യം കാണിച്ചില്ല.അങ്ങനെ ആഘോഷങ്ങള്‍ക്കു പതുക്കെ നിറം മങ്ങി തുടങ്ങി.

 വീണ്ടും ആപ്പിള്‍ കഥയില്‍ നിറയുന്നത് അന്നായിരുന്നു.അന്നായിരുന്നു ആപ്പിള്‍ വീട്ടില്‍ തനിച്ചായത്.അന്നാണ് ആപ്പിളിന്റെ ഭാര്യയും മക്കളും ഒഴിച്ചുകൂട്ടാനാകാത്ത ഒരു കല്യാണത്തിന് പോയത്.അതിഭീകരമായ വയറു വേദന മൂലം ആപ്പിള്‍ അന്ന് പുറത്തിറങ്ങിയതേയില്ല എന്ന് പറയാനുമാകില്ല.ആപ്പിള്‍ അന്നേ ദിവസം ഒരേയൊരു തവണ വീടിന്റെ മുറ്റം വരെ പോയി വന്നിരുന്നു.ഭീകരമായ വയറു വേദനയും സഹിച്ച് ആപ്പിള്‍ മുറ്റത്തേക്കിറങ്ങിയത് കല്യാണത്തിന് പോയി തിരിച്ചെത്തുന്ന ഭാര്യ ഉണ്ടാക്കാന്‍ പോകുന്ന കോലാഹലങ്ങളോര്‍ത്ത് പേടിച്ചിട്ടാണ്.എന്തെന്നാല്‍ അന്ന് മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് അക കണ്ണാലെ മനസ്സിലാക്കിയ ആപ്പിളിന്റെ ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആപ്പിളിനോട് ഒരു കാര്യം പ്രത്യേകം ഓര്‍മ്മപ്പെടുത്തുകയുണ്ടായി.-

“ദേ മനുഷ്യാ,ഉറങ്ങി കളയരുത്.മുറ്റത്ത് തുണി കിടപ്പുണ്ട്.മഴയ്ക്കു മുന്‍പ് എടുത്ത് അകത്തിടണം.കേട്ടല്ലോ...!”

ആപ്പിള്‍ അത് മറന്നില്ല.മറന്നാല്‍ ഉണ്ടായേക്കാവുന്ന ഭവിഷത്തുകളെ പറ്റി അയാള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.മഴപെയ്യുന്നതിനു മുന്‍പ് തുണിയെടുത്തില്ലയെങ്കിലും അധികം നനയാന്‍ ഇട വരുത്താതെ എല്ലാ തുണികളും അശയില്‍ നിന്നെടുത്ത് അയാള്‍ അകത്തു കൊണ്ടു വന്നിട്ടു.വയറു വേദനയ്ക്ക് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേര്‍ത്തിരിവില്ലാത്തതുകൊണ്ട് ആപ്പിള്‍ നന്നേ ക്ഷീണിച്ചിരുന്നു.അങ്ങനെ ക്ഷീണം കാരണം അയാള്‍ കുറച്ചു നേരം ഉറങ്ങി.

ഉച്ച കഴിഞ്ഞ് മടങ്ങിയെത്തിയ ഭാര്യയുടേയും കുഞ്ഞികുട്ടിപരാദീനങ്ങളുടേയും ബഹളം കേട്ടാണ് അയാള്‍ ഉണരുന്നത്.ഉറങ്ങിയെണ്ണീറ്റപ്പോള്‍ അയാള്‍ക്ക് കുറച്ച് ആശ്വാസം തോന്നിയിരുന്നു.അങ്ങനെ  സ്വീകരണമുറിയിലെ സോഫയില്‍ വന്നിരുന്നു ചാനല്‍ മാറ്റി തുടങ്ങുമ്പോഴാണ് അകത്ത് നിന്ന് ഭാര്യയുടെ ഒച്ച ഉച്ചത്തിലായത്.കലിതുള്ളി രംഗപ്രവേശനം ചെയ്ത ഭാര്യ തന്റെ കൈയിലിരുന്ന തുണി ആപ്പിളിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് പൊട്ടിത്തെറിച്ചു.

“ഏതവളുടേതാണിത്..?ഞാന്‍ പോയ തക്കത്തിന് നിങ്ങളാരേയാണ് ഇവിടെ വിളിച്ചു കയറ്റിയത് ..?”

ബ്ലിഗസ്യനായി നില്‍ക്കുന്ന ആപ്പിള്‍ തന്റെ മുഖത്തേക്ക് വന്നു പതിച്ച തുണിയിലേക്ക് തന്റെ രണ്ടു കണ്ണുകളുമെടുത്തിട്ടു.അതൊരു ബ്ലൗസ്സായിരുന്നു.ഇളം നീല നിറത്തിലുള്ള ഒരു ചെറിയ ബ്ലൗസ്സ്..!
ഒന്നും മനസ്സിലാകാതെ നിന്ന ആപ്പിളിന്റെ ചോദ്യം തീര്‍ത്തും നിഷ്‌കളങ്കമായിരുന്നു -

“ഇത് നിന്റേതല്ലേ..അതിനെന്താ..?”

“ടോ എരപ്പ് മനുഷ്യാ,എനിക്കെവിടാടോ ഇത്രയ്ക്കും ചെറിയ ബ്ലൗസ്സുള്ളത്.പറയെടോ,ഏത് മെലിഞ്ഞവളാ ഇവിടുന്നിറങ്ങി പോയത്..?”

“എടീ ഇത് നിന്റേതു തന്നെയായിരിക്കും.അല്ലാതെ ഇവിടെയാര് വരാനാണ്.നിനക്കെന്നെ വിശ്വാസമില്ലേ...?”

“ഇല്ല..ഒട്ടുമില്ല.എന്റെ പിള്ളാരുടെ അച്ഛനായോണ്ട് പറയുകയല്ല.എനിക്കു നിങ്ങളെ ഒട്ടും വിശ്വാസമില്ല.”

“നീയിത് എന്തോന്നാണ്.ഇവിടെയാരെയെങ്കിലും വിളിച്ചു കയറ്റേണ്ടുന്ന കാര്യമെന്താണ് എനിക്ക്.വേണമെങ്കില്‍ എനിക്ക് അങ്ങു വെച്ചേ ആകാമായിരുന്നില്ലേ..?”

“ഓഹോ..നിങ്ങള്‍ക്കവിടേം ഉണ്ടായിരുന്നല്ലേ..”

“നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ..ഇവിടെയാരും വന്നിട്ടില്ല.”

അങ്ങനെ പറഞ്ഞുകൊണ്ട് ആപ്പിള്‍  വലതു വശത്തേക്കൊന്നു നോക്കി.അപ്പോള്‍ അങ്ങനെ നോക്കാന്‍ ആപ്പിളിന് പ്രത്യോകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ല.ആപ്പിള്‍ നോക്കുന്നതു കണ്ട് ഭാര്യയും ആ വശത്തേക്കൊന്നു നോക്കി.വലതുവശത്തുള്ള ജനലിലൂടെ നോക്കിയാല്‍ അടുത്ത വീട്ടിലെ ഉമ്മറവും അവിടെയാരെങ്കിലും നില്‍പ്പുണ്ടെങ്കില്‍ അവരേയും കാണാം.ആ വീട്ടില്‍ താമസിച്ചിരുന്നത് ഓറഞ്ചും കുടുംബവുമായിരുന്നു.ആപ്പിളും ഭാര്യയും അവിടേക്ക് നോക്കിയ സമയത്ത് ഓറഞ്ചിന്റെ ഭാര്യ കുളി കഴിഞ്ഞു വന്ന് തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് അഴിച്ചു കുടഞ്ഞുകൊണ്ട് നില്‍ക്കുകയായിരുന്നു.ആപ്പിളിന്റെ ഭാര്യ ഇതു കണ്ടതും വീണ്ടും പൊട്ടി തെറിച്ചു.

“ഇപ്പോളെനിക്കെല്ലാം മനസ്സിലായി.നിങ്ങള്‍ നാട്ടില്‍ വന്നപ്പോള്‍ ഓറഞ്ചിന്റെ വീട്ടിലേക്ക് ചോക്കലേറ്റ് കൊടുത്തപ്പോള്‍ രണ്ടെണ്ണം കൂടി വെച്ചേക്കെടീ എന്ന് പറഞ്ഞതൊക്കെ എനിക്കിപ്പോള്‍ മനസ്സിലായി.ആ നെത്തോലി പെണ്ണിന് കൊടുക്കാനായിരുന്നല്ലേ.മനസ്സിലായി എനിക്കെല്ലാം മനസ്സിലായി.ഞാന്‍ വെറും മണ്ടിയാണെന്ന് നിങ്ങള്‍ കരുതിയോ..?”

“തോന്ന്യാസം പറയാതെടീ,ഇത് അവളുടേതൊന്നുമല്ല..”

“ഓഹോ..അപ്പോള്‍ അവളുടേത് എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലേ.ഇത് അവളുടേതല്ലല്ലേ..നിങ്ങളിനി ഒന്നും പറയണ്ട എനിക്കെല്ലാം മനസ്സിലായി.”

“നിനക്കൊരു പുല്ലും മനസ്സിലായില്ല.കേറി പോണുണ്ടോ അകത്ത്.”

ഇപ്പോള്‍ കലിതുള്ളിയത് ആപ്പിളാണ്.അകത്തേക്ക് പോകാന്‍ പറഞ്ഞതു കേള്‍ക്കേണ്ട താമസം ആപ്പിളിന്റെ ഭാര്യ പുറത്തേക്കൊറ്റ പോക്ക്.നേരെ പോയത് ഓറഞ്ചിന്റെ വീടിലേക്കാണ്.കൊടിയും പിടിച്ചു പോരിനു പോകുന്ന യോദ്ധാവിന്റെ വീര്യമുണ്ടായിരുന്നു ആ മുഖത്ത്.പക്ഷെ കൊടിക്കു പകരം ബ്ലൗസ്സായിരുന്നു എന്ന് മാത്രം.

ആപ്പിളിന്റെ ഭാര്യ വീട്ടിലേക്ക് വരുന്നതുകണ്ട് ചിരിയോടെ വരവേറ്റ ഓറഞ്ചിന്റെ ഭാര്യയുടെ മുഖത്തേക്ക് നീട്ടിയൊരാട്ട് വെച്ചു കൊടുത്താണ് ആപ്പിളിന്റെ ഭാര്യ സംഭാഷണം തുടങ്ങിയത്.

“നിന്നെ ഞാന്‍ ശരിക്കും കുളിപ്പിക്കുന്നുണ്ടെടീ..നീയെന്റെ ഭര്‍ത്താവിനെ കണ്ണും കൈയും കാണിച്ച് വശത്താക്കുമല്ലേ..നെത്തോലി.ഇങ്ങോട്ടിറങ്ങി വാടീ..നിന്റെ ഈ ബ്ലൗസ്സ് എങ്ങനെയാണെടീ എന്റെ വീട്ടില്‍ വന്നത്.”

കാര്യമൊന്നും മനസ്സിലാകാതെ നിന്ന ഓറഞ്ചിന്റെ ഭാര്യ ആകെ പറഞ്ഞത് അത് തന്റെ ബ്ലൗസ്സല്ല എന്നാണ്.പക്ഷെ ആപ്പിളിന്റെ ഭാര്യയ്ക്ക് അതങ്ങനെ വിടാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല.

“ഇത്രയും ചെറിയ ബ്ലൗസ്സ് ആരുടേതാണെന്ന് ഈ നാട്ടില്‍ എല്ലാര്‍വര്‍ക്കുമറിയാമെടീ..നെത്തോലി..”

“ദേ പെണ്ണുമ്പിള്ളേ മര്യാദയ്ക്ക് സംസാരിച്ചോണം.”-അങ്ങനെ അത്രയും നേരം പൂച്ചയെ പോലെ മിണ്ടാതെ നിന്ന ഓറഞ്ചിന്റെ ഭാര്യ തന്റെ വണ്ടി സ്റ്റാര്‍ട്ടാക്കി തുടങ്ങി.അതൊരു വന്‍ യുദ്ധത്തിലേക്കുള്ള തുടക്കമായിരുന്നു.അവിടുന്നൊരു വിധത്തിലാണ് ആപ്പിള്‍ തന്റെ ഭാര്യയെ പിടിച്ചുകൊണ്ടു വന്നത്.

പക്ഷെ..എങ്ങനെയോ വിവരങ്ങളൊക്കെയറിഞ്ഞു വന്ന ഓറഞ്ച് ആപ്പിളിന്റെ വീട്ടിലേക്ക് വന്ന് മുറിയിലിരുന്നിരുന്ന ആപ്പിളിന്റെ കവിളത്തു തന്നെയൊന്നു പൊട്ടിച്ചു.ആപ്പിള്‍ അതു തീരെ പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ അടുത്തവസരം നോക്കി അയാള്‍ ഓറഞ്ചിന്റെ നെഞ്ചുംകൂട് നോക്കി ഒരു ചവിട്ടു കൊടുത്തു.രണ്ടു പേരും തമ്മിലങ്ങനെ പിടിയും വലിയും മൂത്തത്തോടെ അത് വരെ കണ്ട് രസിച്ചിരുന്ന നാട്ടുകാര്‍ രണ്ട് പേരെയും പിടിച്ചു മാറ്റി.

അന്ന് രാത്രി ഓറഞ്ചിന്റെ വീട്ടിലേക്ക് കുറച്ച പ്രമാണിമാര്‍ വന്നു.

“നമ്മുടെ സമുദായത്തിനെ മൊത്തത്തിലല്ലേ അവന്‍ അധിക്ഷേപിച്ചത്.ഇതൊക്കെ കണ്ടിട്ട് ഞങ്ങളെങ്ങനെ അടങ്ങിയിരിക്കും.ഓറഞ്ചേ,നീ ധൈര്യാമായിട്ടിരിക്ക്.നമ്മുടെ കൂട്ടരുടെ ശക്തിയെന്താണെന്ന് അവനെ നമ്മള്‍ പഠിപ്പിക്കും..”

ഇതറിഞ്ഞ ആപ്പിളിന്റെ സമുദായക്കാര്‍ വെറുതെയിരിക്കുമോ.അവരും കൊടുത്തു ആപ്പിളിന് പ്രൊട്ടക്ഷന്‍.അങ്ങനെയൊക്കെയാണ് ഒരു ചെറിയ ബ്ലൗസ് ആഗോള പ്രശ്‌നമായി മാറിയത്.രണ്ട് ജാതിക്കാരും തമ്മില്‍ പൊരിഞ്ഞ യുദ്ധം തുടങ്ങി.വാക്കുകള്‍കൊണ്ട് തുടങ്ങിയത് പിന്നെ കലാപത്തിലേക്ക് മാറുകയായിരുന്നു.ആയുധ കലാപം.കലാപത്തെ തുടര്‍ന്ന് ആപ്പിളിനേയും ഓറഞ്ചിനേയും മറ്റ് നേതാക്കന്‍മാരേയും പോലീസ് അറസ്റ്റു ചെയ്തു.അതില്‍ പ്രതിഷേധിച്ചാണ് ഒരു കൂട്ടര്‍ വാഹനം കത്തിച്ചതും മറു കൂട്ടര്‍ കടകള്‍ തല്ലി തകര്‍ത്തതും.

കഥയിതുവരെയെത്തി നില്‍ക്കുമ്പോള്‍,കലാപം ഉച്ചസ്ഥായിലെത്തിയപ്പോള്‍ കഥയൊന്നുമറിയാതെ ഒരാള്‍ ആ നാട്ടില്‍ വണ്ടിയിറങ്ങി.അവര്‍ നേരെ പോയത് ആപ്പിളിന്റെ വീട്ടിലേക്കായിരുന്നു.ഗേറ്റും തുറന്ന് അകത്തേക്കു കയറുമ്പോള്‍ അയയില്‍ മഴ നനഞ്ഞു കിടക്കുന്ന ബ്ലൗസ് അവര്‍ കണ്ടു.കലാപകാരിയായ അതേ ബ്ലൗസ്.അവര്‍ അയയില്‍ നിന്നും ബ്ലൗസ്സെടുത്ത് നന്നായി പിഴിഞ്ഞു.എന്നിട്ടതുമായി വീടിനകത്തേക്കു കയറി.
അകത്ത് മുറിയില്‍ ആപ്പിളിന്റെ ഭാര്യയിരിപ്പുണ്ടായിരുന്നു.അവരെ കണ്ടതും വന്നവര്‍ സംസാരിച്ചു തുടങ്ങി.

“പുതിയ ബ്ലൗസ്സായിരുന്നു.മഴ മുഴുവന്‍ നനഞ്ഞു.ആകെ രണ്ട് മൂന്നെണ്ണമേയുള്ളു.അന്ന് രാവിലെ പോകാനുള്ള ധൃതിയില്‍ കുറച്ച് മീന്‍കറി ചരിഞ്ഞതാ.ബ്ലൗസ്സില്‍ മീന്റെ മണവുമായി എങ്ങനെയാ പോകുന്നേ.ഞാനപ്പോള്‍ തന്നെ കഴുകിയിട്ടു.പക്ഷെ പോകാന്നേരം എടുക്കാന്‍ വിട്ടുപോയി.അതുകൊണ്ടെന്തായി മൂന്നു ദിവസം കടന്നങ്ങനെ നനഞ്ഞു.അവിടെ ചെന്ന് ഉടുത്തു മാറാന്‍ പെട്ടപ്പാട്.”
ഇങ്ങനെ പറഞ്ഞ് അവര്‍ അടുക്കളയിലേക്ക് പോകുകയും അവിടെ കിടന്ന പ്ലാസ്റ്റിക്ക് കവറെടുത്തുകൊണ്ട് വന്ന് ബ്ലൗസ്സിനെ ഭദ്രമായി അതിലേക്കിറക്കി വെക്കുകയും ചെയ്തു.

“ഈ മാസത്തെ ശമ്പളം ഇപ്പോള്‍ കിട്ടിയാല്‍ ഉപകാരമായിരുന്നു.ആശുപത്രിയിലൊക്കെ ഇപ്പോള്‍ എത്രയാ കൊടുക്കണ്ടേ..കാശില്ലാത്തവര്‍ക്കൊന്നും ആശുപത്രിയില്‍ പ്രസവിക്കാന്‍ പറ്റില്ലെന്നായി..”

ആ നീല ബ്ലൗസ്സിന്റെ ഉടമ ഒരു സ്ത്രീ തന്നെയാണ്.അവര്‍ക്ക് പ്രായം അന്‍പത്തിയേഴ്.മെലിഞ്ഞ ശരീരം.ആപ്പിളിന്റെ വീട്ടിലെ വേലക്കാരി.
അതായത് ബ്ലൗസ്സ് കഥ നടക്കുന്നതിന്റെ രാവിലെ അവര്‍ക്കൊരു ഫോണ്‍ വന്നു.മകളെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിയെന്നായിരുന്നു.ധൃതിയില്‍ അടുക്കളയിലെ പണി തീര്‍ത്ത് പോകാനായി നിന്ന അവരുടെ ബ്ലൗസിലേക്ക് പാവം മീന്‍കറി ചട്ടി ചരിഞ്ഞു.മീന്‍ നാറുന്ന ബ്ലൗസ്സുമായി പോകാന്‍ പറ്റില്ലല്ലോ.അവരതു കഴുകി അയയിലിട്ടു.ആ പുതിയ നീല ബ്ലൗസ്സങ്ങനെ ആപ്പിളിന്റെ ഭാര്യയുടെ തുണിക്കൊപ്പം കിടന്നു.വേലക്കാരിയുടെ പുതിയ ബ്ലൗസ്സ് ആപ്പിളിന്റെ ഭാര്യയ്ക്ക് മനസ്സിലാക്കാനും കഴിഞ്ഞില്ല.അത്രയ്ക്കുള്ള ബുദ്ധിയില്ലാരുന്നു എന്ന് പറയുന്നതാണ് വാസ്തവം.

ബ്ലൗസ്സിന്റെ ഉടമ മുന്നില്‍ വന്നു നിന്നെങ്കിലും നാട്ടിലെ കലാപത്തെ കുറിച്ചൊന്നും ആപ്പിളിന്റെ ഭാര്യ അവരോട് പറഞ്ഞില്ല.കവറും അതിനുള്ളിലെ ബ്ലൗസ്സുമായി വേലക്കാരി മുറ്റത്തേക്കിറങ്ങി നരേ വടക്കോട്ടു നടന്നു.നാട്ടിലെ ഒരു പുല്‍ക്കൊടി പോലും ആ വരവും പോക്കും അറിഞ്ഞില്ല.
സത്യമറിയാവുന്ന ആപ്പിളിന്റെ ഭാര്യ ജയിലില്‍ നിന്നിറങ്ങിയ ആപ്പിളിനൊപ്പം അയാളുടെ ജോലി സ്ഥലത്തേക്ക് താമസം മാറി.ആപ്പിളും കുംടുംബവും നാട്ടില്‍ നിന്നു പോയതോടെ ഈ കഥ അവസാനിക്കുകയും കലാപം താല്‍ക്കാലികമായി കെട്ടട്ടങ്ങുകയും ചെയ്തു.Thursday, March 21, 2013

100 ഗ്രാം വെളുത്തുള്ളി


‘ഞാന്‍ താങ്കളോട് നൂറ് ഗ്രാം വെളുത്തുള്ളി തരാനാണ് പറഞ്ഞത്.അതിനെന്തിനാണ് പന്തം കണ്ട പെരുച്ചാഴീനെപോലെ താന്‍ എന്നെ ഇങ്ങനെ നോക്കുന്നത്.ഞാന്‍ വെളുത്തുള്ളി..വെളുത്തുള്ളി.. എന്നല്ലേ പറഞ്ഞേ.അക്ഷരമൊന്നും മാറിപോയിട്ടില്ലല്ലോ.നൂറ് ഗ്രാം വെളുത്തുള്ളിയെടുക്ക് മനുഷ്യാ.എനിക്ക് പോയിട്ട് ഇമ്മിണി പണിയുണ്ട്.’-രാമന്‍ കര്‍ത്ത തെല്ല് ദേഷ്യത്തോടെ പറഞ്ഞു നിര്‍ത്തി.

രാമന്‍ കര്‍ത്ത -വയസ്സ് 25.വെളുത്തുള്ളി പോലെ വെളുത്ത നിറം.60 കിലോ തൂക്കം.ഒത്ത പൊക്കം-എന്നിരിക്കിലും ആളൊരു ചൂടനാണ്.,അഭ്യസ്തവിദ്യനും സര്‍വോപരി തൊഴില്‍ രഹിതനുമാണ്.ആകെയുള്ള ഒരു കുഴപ്പമെന്നു പറയുന്നത് രാമന്‍ കര്‍ത്ത ഒരു പാട്ടെഴുത്തുകാരനാണ് എന്നുള്ളതാണ്.തെക്കിനിയിലിരുന്ന് നാഗവല്ലി പാടുന്നതുപോലെ രാത്രിയില്‍ രാമന്‍ കര്‍ത്തയുടെ മുറിക്കുള്ളില്‍ നിന്നും കേള്‍ക്കാം ചില അപശബ്ദങ്ങള്‍.അപ്പോള്‍ വിചാരിച്ചോണം-കക്ഷി പാട്ടെഴുത്ത് തുടങ്ങിയെന്ന്.

അക്ഷരം കൂട്ടി വായിക്കാന്‍ എന്നു തുടങ്ങിയോ,നാലുവരി തെറ്റു കൂടാതെഴുതാന്‍ എന്നു പഠിച്ചോ-അന്ന് രാമന്‍ കര്‍ത്ത ഒരു പാട്ടെഴുത്തുകാരനായി.ആദ്യമൊക്കെ വീട്ടുകാരും നാട്ടുകാരും കരുതിയത് രാമന്‍ കര്‍ത്ത നാളത്തെ വയലാറോ ഗിരീഷ് പുത്തഞ്ചേരിയോ ഒക്കെ ആകുമെന്നായിരുന്നു.പക്ഷെ വളര്‍ന്നുകൊണ്ടിരുന്ന രാമന്‍ കര്‍ത്ത സ്‌പെഷ്യലൈസ് ചെയ്തത് -‘ഖല്‍ബാണ് ആമിന’, ‘നീയാണ് റസിയ’, ‘മുത്തെ നീ ഫാത്തിമ’-തുടങ്ങിയവയിലായിരുന്നു.അതാകുമ്പോള്‍ പുട്ടിനു പീരപോലെ ഇടയ്ക്കിടയ്ക്ക് തേന്‍,ഖല്‍ബ്,മുഹബത്ത്,മുത്ത്,മൈലാഞ്ചി,സുറുമ ഒക്കെ ആവശ്യത്തിനും അനാവശ്യത്തിനും ഇട്ടുകൊടുത്താല്‍ മതിയല്ലോ.ഏത്..?

നിങ്ങളുടെ അറിവിലേക്കായി രാമന്‍ കര്‍ത്തയുടെ പ്രശസ്തമായൊരു മാപ്പിളപ്പാട്ട് ചുവടെ ചേര്‍ക്കുന്നു.ആസ്വദിക്കുമല്ലോ.

‘മുത്തേ നീ ഫാത്തിമ-എന്‍-
ഖല്‍ബില്‍ ഗസലായി ഫാത്തിമ
മൊഞ്ചത്തി നീ വാ അരികെ
ചേലേറുന്നൊരു പൂങ്കനവായി..’

ഇങ്ങനെ രാമന്‍ കര്‍ത്ത ആശാന്‍ മുന്നൂറില്‍ പരം പാട്ടുകളെഴുതി.അതില്‍ ചിലതിന് സംഗീതം കൊടുക്കുക എന്ന സാഹസം കൂടി ആശാന്‍ കാണിച്ചിട്ടുണ്ട്.അങ്ങനെ ചുരുക്കി പറഞ്ഞാല്‍ മാപ്പിളപ്പാട്ട് കാസെറ്റ് രംഗത്ത് എതിരാളികളില്ലാതെ ഒരു വടവൃക്ഷമായി രാമന്‍ കര്‍ത്ത പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്.

പക്ഷെ കഴിഞ്ഞ രണ്ട് മാസമായി രാമന്‍ കര്‍ത്ത പാട്ടുകളൊന്നും എഴുതിയട്ടില്ല.പാട്ടെഴുതാന്‍ വേണ്ടി രാവു തെളിയുമ്പോള്‍ എന്നും മുറിയില്‍ കയറി അടയിരിക്കും.എന്നാല്‍ പാട്ടു മാത്രം വിരിഞ്ഞില്ല.എന്താണ് കാരണം -രാമന്‍ കര്‍ത്ത ആലോചിച്ചു.ആലോചന തന്നെ തന്നെ.മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നും,ചരിഞ്ഞും തിരിഞ്ഞും കിടന്നും, മുകളിലോട്ടും കിഴക്കോട്ടും നോക്കിയും-ആലോചന തന്നെ.ഒടുക്കത്തെ ആലോചന.

അന്ന് രാത്രി സമയം പതിനൊന്ന് മുപ്പതായപ്പോള്‍ രാമന്‍ കര്‍ത്ത ഞെട്ടലോടെ അതിന്റെ കാരണത്തിലെത്തി ചേര്‍ന്നു.

‘ Permutation .. !! ’

അതെ.അതു തന്നെ.(അതിന്റെ മലയാളം അര്‍ത്ഥമൊന്നും ചോദിക്കരുത്. ‘രാമന്‍ കര്‍ത്ത’ ഇംഗ്ലീഷിലും മലയാളത്തിലും ‘രാമന്‍ കര്‍ത്ത’ എന്നു തന്നെയല്ലേ.അങ്ങനെയങ്ങ് കരുതിയാല്‍ മതി ഇതും.അല്ല പിന്നെ.)

സാവിത്രി ടീച്ചര്‍ പഠിപ്പിച്ചതുകൊണ്ട് മാത്രമാണ് രാമന്‍ കര്‍ത്ത പ്ലസ്ടുവിന് മാത്തമാറ്റിക്‌സ് പാസ്സായത്.അത് ചരിത്രം.സാവിത്രി ടീച്ചര്‍ പെര്‍മ്യൂട്ടേഷനും കോമ്പിനേഷനും പഠിപ്പിക്കുമ്പോള്‍ രാമന്‍ കര്‍ത്തയ്ക്ക് ആയിരം കണ്ണുകളും ആയിരം ചെവികളുമുണ്ടായിരുന്നു.മൂന്നാമത്തെ ബെഞ്ചില്‍ നാലാമതിരുന്നവന്‍ വെളുത്ത പൊട്ടുകളുള്ള ചുവന്ന സാരിയും കറുത്ത ബ്ലൗസും ധരിച്ച സാവിത്രി ടീച്ചറിന്റെ കണ്ണിലെ തിളക്കം കണ്ട് കവിതകളെഴുതി.

അതെ.ഏത് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി ചോദിച്ചാലും രാമന്‍ കര്‍ത്ത പച്ചവെള്ളം പോലെ പറയും പെര്‍മ്യൂട്ടേഷനും കോമ്പിനേഷനും എന്താണെന്ന്.എട്ടിന്റെ ഫാക്‌ടോറിയല്‍-‘നാല്‍പതിനായിരത്തി മുന്നൂറ്റിയിരുപത് ’-ഇങ്ങനെ നിലവിളിച്ചുകൊണ്ട് എത്രയോ സ്വപ്നങ്ങളില്‍ നിന്ന് രാമന്‍ കര്‍ത്ത ഞെട്ടിയുണര്‍ന്നിരിക്കുന്നു.

എന്നാല്‍ തനിക്ക് പാട്ടെഴുതാന്‍ പറ്റാത്തതിന്റെ കാരണം പെര്‍മ്യൂട്ടേഷനാണ് എന്ന് രാമന്‍ കര്‍ത്ത കണ്ടെത്തിയതിന്റെ കാരണം എന്തായിരിക്കും.അത് രാമന്‍ കര്‍ത്തയോട് തന്നെ ചോദിക്കേണ്ടി വരും.

ചോദ്യം-‘മിസ്റ്റര്‍ രാമന്‍ കര്‍ത്ത,താങ്കളുടെ പാട്ടുകള്‍ കേള്‍ക്കാതെ രണ്ട് മാസക്കാലം എങ്ങനേയോ തട്ടീം മുട്ടീം ജീവിച്ചുപോയ ഒരു പാവം ആരാധകനാണ് ഞാന്‍.എന്തുകൊണ്ടാണ് ആ അനുഗ്രഹീത തൂലികയില്‍ നിന്ന് പാട്ടുകളൊന്നും പിറക്കാതിരുന്നത്.?’

ഉത്തരം-‘മുത്ത്,ഖല്‍ബ്,ഫാത്തിമ,സുറുമ,കരള്-ആകെയുള്ള അഞ്ച് വാക്കുകള്‍ ഞാനെന്റെ പാട്ടുകളിലോരോന്നിലായി പരമാവധി (120 തവണ) ഉപയോഗിച്ചു കഴിഞ്ഞു.പെര്‍മ്യൂട്ടേഷന്‍ പ്രകാരം അഞ്ചിന്റെ ഫാക്‌ടോറിയല്‍ നൂറ്റിയിരുപത് ആണെന്നിരിക്കെ-എനിക്ക് ഈ വാക്കുകള്‍ കൂട്ടിവെച്ച് പുതിയൊരു കോമ്പിനേഷന്‍ സൃഷ്ടിക്കാന്‍ സാധ്യമല്ല.’

മനസ്സിലാകാത്തവര്‍ക്കായി ചുരുക്കി പറയുകയാണെങ്കില്‍-രാമന്‍ കര്‍ത്തയുടെ പാട്ടിന്റെ സംഗതികളുടെ സ്റ്റോക്ക് തീര്‍ന്നു.പുതിയൊരു പാട്ടെഴുതാന്‍ രാമന്‍ കര്‍ത്തയുടെ കൈയില്‍ ഭംഗി വാക്കുകളോ വിശേഷണങ്ങളോ -എന്നുമാത്രമല്ല ഒരു പുല്ലും തന്നെയില്ല.

അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം അതീവ സന്തോഷവാനായി രാമന്‍ കര്‍ത്ത മുറിയില്‍ കയറി വാതിലടച്ചു.സീനെന്താണെന്നു വെച്ചാല്‍ രാമന്‍ കര്‍ത്തക്ക് പാട്ടില്‍ ചേര്‍ക്കാന്‍ പുതിയ കുറച്ചു വാക്കുകള്‍ കിട്ടിയിരിക്കുന്നു.എഴുതിയും തിരുത്തിയും എഴുതിയും തിരുത്തിയും അന്ന് രാമന്‍ കര്‍ത്ത ആറ് പാട്ടുകളെഴുതി.തീര്‍ന്നപ്പോഴേക്കും നേരം വെളുക്കാന്‍ തുടങ്ങിയിരുന്നു.ക്ഷീണിതനായി,സന്തോഷവാനായി രാമന്‍ കര്‍ത്ത സുഖമായി ഉറങ്ങി.

                                


ഠൗണ്‍ ഹാള്‍.വന്‍ജനാവലി തന്നെ എത്തിയിട്ടുണ്ട്.വേദിയില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രസംഗിക്കുന്നു.രാമന്‍ കര്‍ത്ത ഡയസില്‍ പ്രസന്നവദനനായി തലയെടുപ്പോടെ ഇരിക്കുന്നു.മോഹന്‍ലാലിന്റെ ശബ്ദം -

‘മലയാള മാപ്പിളപ്പാട്ട് രംഗത്തെ സുല്‍ത്താന്‍,പാട്ടുകളുടെ കൂട്ടുകാരന്‍,നമ്മുടെ പ്രിയങ്കരന്‍,രാമന്‍ കര്‍ത്തയുടെ പുതിയ കാസെറ്റ് ‘എന്റെ മൊഞ്ചത്തിക്ക് ’നിങ്ങളുടെ എല്ലാവരുടെയും അനുവാദത്തോടു കൂടി പ്രകാശനം ചെയ്തതായി ഞാന്‍ സന്തോഷപൂര്‍വ്വം അറിയിക്കുന്നു’

കാതടപ്പിക്കുന്ന കരഘോഷം.നിറകണ്ണുകളോടെ നന്ദിവാക്ക് പറയാന്‍ രാമന്‍ കര്‍ത്ത എഴുന്നേല്ക്കുന്നു.ഒന്ന്..രണ്ട്..മൂന്ന്..മൂന്നേ മൂന്നടി നടന്നതും ആരുടേയോ കാലില്‍ തട്ടി കുരുങ്ങി രാമന്‍ കര്‍ത്ത സ്റ്റേജിലേക്ക് നെഞ്ചും തല്ലി വീഴുന്നു.

‘അയ്യോ..!’-

രാമന്‍ കര്‍ത്ത സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് കണ്ണും തിരുമ്മിയിരിക്കുമ്പോള്‍ മൊബൈല്‍ ഉറക്കെ കരയാന്‍ തുടങ്ങി.കേള്‍ക്കുന്നത് മൊബൈലിന്റെ റിമൈന്‍ഡര്‍ അലാറമാണ്.രാമന്‍ കര്‍ത്ത ഫോണെടുത്തു നോക്കിയതും കട്ടിലില്‍ നിന്ന് ചാടിയെണ്ണീറ്റ് ഉടുതുണിപോലുമില്ലാതെ ബാത്ത്‌റൂമിലേക്കോടിയതും സെക്കന്റുകള്‍ക്കുള്ളില്‍ കഴിഞ്ഞു.

എന്താണ് സംഗതി.ഇന്ന് ഫെബ്രുവരി 17 ബുധനാഴ്ച-അവളുടെ പിറന്നാളാണ്.അവളെന്നു പറഞ്ഞാല്‍ ശശിധരന്റേയും മായയുടേയും രണ്ടാമത്തെ മകള്‍ മാളവിക എം.എസിന്റെ-അതായത് കഥാനായകന്‍ രാമന്‍ കര്‍ത്തയുടെ പ്രണയിനി മാളുവിന്റെ.(വീണ്ടും)അതായത് ഉടുതുണിപോലുമില്ലാതെ രാമന്‍ കര്‍ത്ത ഓടിയ ദിവസം മാളവികയുടെ ഇരുപത്തിനാലാം ജന്‍മദിവസമായിരുന്നു.ഇതാണ് സംഗതി.

എന്നാല്‍ ഇതുമാത്രമല്ല സംഗതി.ആറുപാട്ടുകളെഴുതി ലേറ്റായി ഉറങ്ങിയ രാമന്‍ കര്‍ത്ത എണ്ണീറ്റത് കാലത്തെ 9.15-നാണ്.മാളവികയെ കാണാനും പിറന്നാള്‍ സമ്മാനം കൊടുക്കാനും 9.45-ന് എത്താമെന്നേറ്റതാണ് രാമന്‍ കര്‍ത്ത.അവര്‍ തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അറിഞ്ഞതു മൂലവും അതിനെ തുടര്‍ന്നുണ്ടായ പൊല്ലാപ്പുകള്‍ മൂലവും രാമന്‍ കര്‍ത്തായും മാളവികയും തമ്മില്‍ കണ്ടിട്ട് നാല് മാസത്തിലേറേയായിരുന്നു.അതിനാല്‍ തന്നെ വളരെ നിര്‍ണ്ണായകമായ ഒരു മീറ്റിങ്ങാണ് രാമന്‍ കര്‍ത്തയും മാളവികയും പിറന്നാള്‍ ദിനത്തില്‍ അതീവ രഹസ്യമായി പ്ലാന്‍ ചെയ്തിരുന്നത്.

എന്നാല്‍ പല്ലുതേപ്പും കുളിയും കഴിഞ്ഞു രാമന്‍ കര്‍ത്ത പുറത്തിറങ്ങിയത് 9.30-നാണ്.കഴിച്ചില്ല,മുടി ചീകിയില്ല,ഷര്‍ട്ടിലെ ആറു ബട്ടണുകളില്‍ അഞ്ചാമത്തേത് ഇട്ടില്ല,സിബ് പകുതി അടച്ചില്ല-അങ്ങനെ രാമന്‍ കര്‍ത്ത വീടിനു പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്ന് അമ്മയുടെ വിളി കേട്ടു.ശകുനത്തില്‍ വിശ്വാസമുള്ള രാമന്‍ കര്‍ത്ത തറയില്‍ ആഞ്ഞു ചവിട്ടികൊണ്ട് തിരിഞ്ഞു നിന്നു.

അടുക്കള വശത്തു നിന്ന് രാമന്‍ കര്‍ത്തയുടെ അമ്മയുടെ ശബ്ദം -

‘ടാ വരുമ്പോള്‍ ധന്യയില്‍ നിന്ന് കുറച്ചു സാധനങ്ങള്‍ വാങ്ങണം.ലിസ്റ്റ് ഡൈനിങ്ങ് ടേബിളിന്റെ മുകളിലിരുപ്പുണ്ട്.ആ പിന്നെ,അതിനടുത്തായി കറണ്ടു ബില്ലും വെച്ചിട്ടുണ്ട്.അതുകൂടി അടച്ചേക്കണം.’

വേണമെങ്കില്‍ ഇതൊന്നു ഗൗനിക്കാതെ രാമന്‍ കര്‍ത്തക്ക് ഇറങ്ങി ഓടാമായിരുന്നു.പക്ഷെ രാത്രി അത്താഴം കിട്ടില്ല-എന്ന ഒറ്റ കാരണംകൊണ്ട് രാമന്‍ കര്‍ത്ത അകത്തേക്ക് കയറി.

വീണ്ടും അമ്മയുടെ ശബ്ദം-

‘ടാ അവിടുന്ന് കുറച്ച് പഴയ പേപ്പറിങ്ങെടുത്തേ.കത്തിച്ച് വെള്ളം ചൂടാക്കാനാണ്.’

അങ്ങനെ പേപ്പറും കൊടുത്ത് വാങ്ങേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റും കറണ്ടു ബില്ലുമെടുത്ത് രാമന്‍ കര്‍ത്ത പുറത്തേക്കിറങ്ങി.വിലപ്പെട്ട അഞ്ച് മിനുട്ടുകളാണ് രാമന്‍ കര്‍ത്തക്ക് നഷ്ടമായത്.അതോര്‍ത്തുകൊണ്ട് രാമന്‍ കര്‍ത്ത ബസ്റ്റോപ്പിലേക്ക് പാഞ്ഞു.

അത്യാവശ്യമായി എവിടെയങ്കിലും പോകാന്‍ ബസ്സു കാത്തു നില്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു മാറ്റവുമില്ലാതെ സംഭവിക്കുന്ന സംഗതി ഇവിടെ രാമന്‍ കര്‍ത്തയുടെ ജീവിതത്തിലും ആവര്‍ത്തിച്ചു.-ബസ്റ്റോപ്പിലെത്തിയ രാമന്‍ കര്‍ത്തയുടെ മുന്നിലേക്ക് മരുന്നിനു പോലും ഒരു ബസ്സു വന്നില്ല.വെറുതെ നില്‍ക്കുമ്പോഴൊക്കെ അഞ്ച് സെക്കന്റിടവിട്ട് ബസ്സ് പോകുന്നതാണ്.അതല്ലേലും അങ്ങനെയാണല്ലോ.വിശന്നിരിക്കുമ്പോള്‍ ബിരിയാണി കിട്ടുകയുമില്ല,വയറിളക്കം പിടിച്ചു കിടക്കുന്ന ദിവസം അച്ഛന്‍ ബിരിയാണി വാങ്ങിക്കൊണ്ട് വരികയും ചെയ്യും-രാമന്‍ കര്‍ത്ത ഓര്‍ത്തു.

വന്നിട്ട് അഞ്ച് മിനിട്ടുകള്‍ കഴിയുന്നു.മാളവികയുടെ മൊബൈല്‍ ഫോണൊക്കെ വീട്ടില്‍ വാങ്ങി പൂട്ടിവെച്ചിരിക്കുകയാണ്.(സ്വാഭാവികം..പ്രണയം വീട്ടിലറിയുന്ന ദിവസം എല്ലാ പെണ്‍കുട്ടികളുടേയും മാതാപിതാക്കള്‍ ചെയ്യുന്ന സ്ഥിരം കലാപരിപാടി)അല്ലെങ്കില്‍ അവളെ വിളിച്ചെങ്കിലും അറിയിക്കാമായിരുന്നു.-

‘എടി പെണ്ണേ,പോയി കളയരുത്.നിന്റെ പ്രിയപ്പെട്ടവന്‍ ബസ്സുകിട്ടാതെ ഏഴെട്ടു സ്റ്റോപ്പുകള്‍ക്കപ്പുറത്ത് പ്രാന്തായി നില്‍പ്പുണ്ട്.കുറച്ചു നേരം കൂടി കാത്തു നില്‍ക്കൂ.നിനക്ക് പിറന്നാള്‍ സമ്മാനവുമായി നിന്റെ രാമന്‍ കര്‍ത്ത എത്തുന്നതായിരിക്കും.’

ഒടുവില്‍ ഏതെങ്കിലും വണ്ടിക്ക് ലിഫ്റ്റു ചോദിച്ചു പോകാന്‍ രാമന്‍ കര്‍ത്ത തീരുമാനിച്ചു.ഈ ബുദ്ധി നിനക്ക് നേരത്തെ തോന്നാഞ്ഞതെന്തേ രാമന്‍ കര്‍ത്ത..?പിരിമുറുക്കത്തില്‍ നില്‍ക്കുമ്പോഴോക്കെ നമ്മള്‍ ആദ്യം മണ്ടത്തരങ്ങള്‍ പ്രവര്‍ത്തിക്കുകയും പിന്നീട് തലമണ്ട പ്രവര്‍ത്തിപ്പിക്കുകയുമാണല്ലോ ചെയ്യുന്നത്.ഈ പാവം രാമന്‍ കര്‍ത്തയും നമ്മളിലൊരാള്‍ തന്നെ.

വന്ന ആദ്യത്തെ ബൈക്കിനു തന്നെ രാമന്‍ കര്‍ത്ത കൈ കാണിച്ചു.അത് നിര്‍ത്താതങ്ങു പോയി.(ഈശ്വരാ,ഭഗവാനേ അയാള്‍ക്കു നല്ലതുമാത്രം വരുത്തണമേ..).ദേ വീണ്ടുമൊരു ബൈക്ക്.രാമന്‍ കര്‍ത്ത കുറച്ചു കൂടി റോഡിലേക്കിറങ്ങി നിന്ന് കൈ കാണിച്ചു.ബൈക്കുകാരന്‍ വേഗത കൂട്ടി പറപ്പിച്ചങ്ങുപോയി.

ഒന്നില്‍ പിഴച്ചാല്‍ മൂന്ന്-രാമന്‍ കര്‍ത്ത പഴയ സിദ്ധാന്തമോര്‍ത്തു.അടുത്ത ബൈക്ക് എന്തായാലും നിര്‍ത്തുമെന്നും തനിക്ക് പറഞ്ഞ സമയത്തിനു തന്നെ എത്താന്‍ കഴിയുമെന്നും രാമന്‍ കര്‍ത്ത കരുതി.വിചാരിച്ചപ്പോലെ അടുത്തതായി കൈ കാണിച്ച ബൈക്ക് കുറച്ചു മാറി ഒതുക്കി നിര്‍ത്തി.രാമന്‍ കര്‍ത്ത ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ബൈക്കിനടുത്തേക്കോടി.(പിന്നെ ദൈവത്തിന് ഇവന്‍മാരൊക്കെ പറയുമ്പോ പറയുമ്പോ ബൈക്ക് നിറുത്തികൊടുക്കല്ലല്ലേ പണി.)

ബൈക്കില്‍ വന്നയാള്‍ ധരിച്ചിരുന്ന ഹെല്‍മെറ്റൂരി മുഴങ്ങികൊണ്ടിരുന്ന ഫോണെടുത്ത് സംസാരിച്ചു തുടങ്ങി.സംഗതി,ഫോണ്‍ വന്നപ്പോള്‍ അതെടുക്കാനായി അയാള്‍ ബൈക്ക് ഒതുക്കി നിര്‍ത്തിയതാണ്.ഇതൊന്നുമറിയാതെ ആക്രാന്തത്തോടെ ഓടി വന്ന രാമന്‍ കര്‍ത്ത ‘അയ്യട’ എന്നായി.ദൈവം ചതിച്ചാശാനെ..!(അല്ലാ,ദൈവത്തിനോട് ബൈക്ക് നിര്‍ത്തണമെന്നല്ലേ പറഞ്ഞത്.അത് ദൈവം കേട്ടല്ലോ.ബൈക്ക് നിര്‍ത്തി കൊടുത്തില്ലേ.അതില്‍ കേറി പോകണമെന്ന കാര്യം നീ ദൈവത്തോട് പ്രാര്‍ത്ഥിച്ചോടാ മണുക്കൂസ് രാമന്‍ കര്‍ത്ത?ഇല്ലല്ലോ..എന്നിട്ടവന്‍ പാവം ദൈവത്തിനെ കുറ്റം പറയുന്നു)

നിരാശനായി തിരിച്ചു നടന്ന രാമന്‍ കര്‍ത്തയുടെ ഹൃദയത്തില്‍ നോക്കി കൊഞ്ഞനം കുത്തി കാണിച്ചുകൊണ്ട് ഒരു ബസ്സ് അപ്പോള്‍ കടന്നു പോയി.അതിന് രാമന്‍ കര്‍ത്ത ആരേയും കുറ്റം പറഞ്ഞില്ല.ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന് രാമന്‍ കര്‍ത്തയ്ക്ക് നന്നായി അറിയാം.കാരണം ഇനി ശേഷിക്കുന്ന അഞ്ചു മിനിട്ടുകള്‍കൊണ്ട് വിചാരിച്ച സ്ഥലത്ത് ഒരിക്കലും താന്‍ എത്തിച്ചേരുകയില്ല.അങ്ങനെ അഞ്ചു മിനിട്ടുകള്‍ കൂടി കഴിയുമ്പോള്‍ മാളവിക തന്നെ കാണാതെ കാത്തിരുന്നു മുഷിഞ്ഞു പോകുകയും ചെയ്യും.വീട്ടില്‍ വഴക്കൊക്കെയിട്ട് അമ്പലത്തില്‍ പോകണമെന്ന് കള്ളം പറഞ്ഞ് രാമന്‍ കര്‍ത്തയെ കാണാന്‍ വന്നതാണ് പാവം.അവളറിയുന്നുണ്ടോ തന്റെ പ്രാണനായകന്‍ ആറു പാട്ടുകളെഴുതി ഉറങ്ങിപോയെന്നും ഇപ്പോള്‍ ബസ്സ് കിട്ടാതെ അനാഥ പ്രേതം പോലെ അലയുകയുമാണ് എന്ന കാര്യം.

രാമന്‍ കര്‍ത്താ താടിക്കു കൈയും കൊടുത്തു ബസ്സ്‌റ്റോപ്പിലിരുന്നു.അതേ സമയത്ത് ഒരു ബസ്സു വന്നു.അയാള്‍ കയറിയില്ല.പതിനാറു ബൈക്കുകള്‍ കടന്നു പോയി.അയാള്‍ കൈകാണിച്ചില്ല.രാമന്‍ കര്‍ത്തയ്ക്കറിയാം താനിനി വിമാനം പിടിച്ചു പോയാലും അവളെ കാണാന്‍ പറ്റില്ല എന്ന്.

പക്ഷെ പെട്ടെന്നൊരു നിമിഷം,രാമന്‍ കര്‍ത്തയുടെ മുന്നില്‍ മഴവില്‍ ചിറകുകളുള്ള ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.രാമന്‍ കര്‍ത്ത അത്ഭുതപ്പെട്ടില്ല എന്ന്മാത്രമല്ല മാലാഖയെ ഒന്ന് മൈന്‍ഡ് ചെയ്യുകകൂടി ചെയ്തില്ല.ഇതൊക്കെക്കണ്ടിട്ടും ചിരിച്ചുകൊണ്ടു തന്നെ മാലാഖ രാമന്‍ കര്‍ത്തയൊട് സംസാരിച്ചു തുടങ്ങി.

‘Buddy,വിച്ച് ഈസ് യുവര്‍ ബ്ലെഡ് ഗ്രൂപ്പ്?’

‘ബി പോസിറ്റീവ് ’

‘എങ്കില്‍ നിന്റെ ആറ്റിറ്റിയൂഡും അങ്ങനെ തന്നെയാകണം.നിന്നെ കാണാത്തപ്പോള്‍ ഒരു പത്തുമിനിട്ടു കൂടി കാത്തിരിക്കാമെന്ന് മാളവിക കരുതിയിട്ടുണ്ടാകുമെങ്കിലോ.അതൊരു പോസിബിലിറ്റി അല്ലേ.നിരാശനാകാതെ മുന്നോട്ടു തന്നെ പോകൂ കുഞ്ഞേ..All the best Buddy’

മാലാഖ എപ്പോഴത്തേതും പോലെ പുകച്ചുരുളുകള്‍ക്കുള്ളില്‍ അപ്രത്യക്ഷയായി.എന്നാല്‍ മാലാഖയുടെ വാക്കുകളില്‍ നിന്നു കിട്ടിയ ഊര്‍ജം രാമന്‍ കര്‍ത്തയെ ഉത്സാഹത്തിലേക്കുണര്‍ത്തി.

ബസ്സ്‌റ്റോപ്പില്‍ നിന്ന് ചാടിയെണ്ണീറ്റ രാമന്‍ കര്‍ത്ത അടുത്ത വന്ന ബസ്സില്‍ തന്നെ കയറി.ബസ്സിലിരിക്കുമ്പോഴും ബസ്സിറങ്ങി തമ്മില്‍ കാണാമെന്നേറ്റ സ്ഥലത്തേക്ക് നടക്കുമ്പോഴും രാമന്‍ കര്‍ത്ത വിശ്വസിച്ചത് മാളവിക അവിടെ തന്നെയുണ്ടാകും എന്നുതന്നെയാണ്.എന്നാല്‍ അതുമാത്രം ഉണ്ടായില്ല.കാത്തിരുന്നു കാത്തിരുന്നു മാളവികപോയികഴിഞ്ഞിരുന്നു.രാമന്‍ കര്‍ത്ത നേരത്തെ കണ്ട മാലാഖയെ കുറിച്ചോര്‍ത്തു.

ഒടുവില്‍ അതു മാലാഖയല്ലെന്നും ചെകുത്താന്‍ മാലാഖയുടെ രൂപത്തില്‍ വന്നതാണെന്നും രാമന്‍ കര്‍ത്താ സ്വന്തം മനസ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്തി.

അതിനു ശേഷം രാമന്‍ കര്‍ത്താ പോസ്റ്റോഫീസിലേക്കും ഇലക്ട്രിസിറ്റി ആഫീസിലേക്കും പോയി.

ഇനി നമുക്ക് നൂറ് ഗ്രാം വെളുത്തുള്ളിയിലേക്ക് തിരിച്ചു വരാം.രാമന്‍ കര്‍ത്തയിപ്പോള്‍ അമ്മ വാങ്ങാന്‍ പറഞ്ഞ സാധനങ്ങളുടെ ലിസ്റ്റ് വായിക്കുകയാണ്.

‘100 ഗ്രാം വെളുത്തുള്ളി,രണ്ട് കിലോ പച്ചരി..’-താന്‍ സാധനങ്ങളുടെ ലിസ്റ്റ് വായിച്ചിട്ടും കടക്കാരന്‍ എന്താണ് റെസ്‌പോണ്ട് ചെയ്യാത്തത്-രാമന്‍ കര്‍ത്ത ലിസ്റ്റില്‍ നിന്നും കണ്ണെടുത്തു.

‘ഞാന്‍ താങ്കളോട് നൂറ് ഗ്രാം വെളുത്തുള്ളി തരാനാണ് പറഞ്ഞത്.അതിനെന്തിനാണ് പന്തം കണ്ട പെരുച്ചാഴീനെപോലെ താന്‍ എന്നെ ഇങ്ങനെ നോക്കുന്നത്.ഞാന്‍ വെളുത്തുള്ളി..വെളുത്തുള്ളി.. എന്നല്ലേ പറഞ്ഞേ.അക്ഷരമൊന്നും മാറിപോയിട്ടില്ലല്ലോ.നൂറ് ഗ്രാം വെളുത്തുള്ളിയെടുക്ക് മനുഷ്യാ.എനിക്ക് പോയിട്ട് ഇമ്മിണി പണിയുണ്ട്.’

ഇത് കേട്ടു നിന്നയാള്‍ തെറി വിളിച്ചതില്‍ അത്ഭുതപ്പെടാനില്ല.കാരണം മാലാഖയേയും മാളവികയേയും ഓര്‍ത്തുകൊണ്ട് സൂപ്പര്‍മാര്‍ക്കറ്റാണെന്ന് കരുതി രാമന്‍കര്‍ത്ത ചെന്നുകയറിയത് ഇലക്ട്രിസിറ്റി ആഫീസിലെ കൗണ്ടറിനു മുന്നിലേക്കാണ്. (courtesy: ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍ - വടക്കു നോക്കി യന്ത്രം) എന്നാല്‍ അത് മനസ്സിലാക്കാന്‍ കാഷ്വര്‍ ചേട്ടന്റെ നാല് പുളിച്ച തെറിയും നീട്ടിയുള്ളരാട്ടും വേണ്ടി വന്നു എന്നു മാത്രം.

അബദ്ധം മനസ്സിലാക്കിയ രാമന്‍ കര്‍ത്ത കറണ്ട് ബില്ല് പോക്കറ്റില്‍ തപ്പി.തപ്പലോട് തപ്പല്‍ കഴിഞ്ഞിട്ടും കറണ്ട് ബില്ല് കിട്ടിയില്ല.ക്യൂവില്‍ നിന്ന മറ്റുള്ളവര്‍ ചീത്തവിളിക്കാന്‍ ആരംഭിച്ചപ്പോള്‍ രാമന്‍ കര്‍ത്ത പതുക്കെ ക്യൂവില്‍ നിന്നിറങ്ങി പുറത്തേക്ക് നടന്നു.

‘എന്നാലും പോക്കറ്റില്‍ വെച്ച കറണ്ട് ബില്ലെവിടെ പോയി..’-രാമന്‍ കര്‍ത്ത തലപുകഞ്ഞു.

നടന്നതെന്താണെന്നു വെച്ചാല്‍-ഇന്നലെയെഴുതിയ ആറുപാട്ടുകള്‍ സത്യം ആഡിയോസിന് അയച്ചുകൊടുക്കാന്‍ പോസ്റ്റാഫിസില്‍ പോയ രാമന്‍ കര്‍ത്ത ബോധമില്ലാതെ കവറില്‍ വെച്ച് അയച്ചത് അവരുടെ ഈ മാസത്തെ കറണ്ട് ബില്ലായിരുന്നു.എന്നിരിക്കിലും ഒരു ചോദ്യം കൂടി ബാക്കിയാണല്ലോ.എങ്കില്‍ രാമന്‍ കര്‍ത്തായുടെ വിലപ്പെട്ട ആറ് കവിതകള്‍-അതെവിടെ പോയി.

അതിപ്പോള്‍ ഒരു പിടി ചാരമായിട്ടുണ്ടാകും.

വെള്ളം ചൂടാക്കാന്‍ കുറച്ച് കടലാസ് കൊടുക്കാന്‍ രാമന്‍ കര്‍ത്തയുടെ മാതാശ്രീ പറഞ്ഞത് ഓര്‍ക്കുന്നില്ലേ.ധൃതിയില്‍ വീട്ടില്‍ നിന്നിറങ്ങാന്‍ നിന്ന രാമന്‍ കര്‍ത്ത കൊണ്ടു കൊടുത്ത പേപ്പര്‍ വേറെ ഒന്നുമായിരുന്നില്ല-വെളുക്കുവോളമിരുന്ന് ഉറക്കമുളച്ച് എഴുതിയുണ്ടാക്കിയ പാട്ടുകളായിരുന്നു.
അങ്ങനെ പാട്ടും പോയി പെണ്ണും പോയി രാമന്‍ കര്‍ത്തയുടെ കിളിയും പോയി.

( വെളുത്തുള്ളി-മാപ്പിളപ്പാട്ട്-കാമുകി ഇത് മൂന്നിനേയും ബന്ധപ്പെടുത്തി ഒരു കഥയെഴുതാമോ എന്നൊരു ചങ്ങായി ചോദിച്ചു.നമ്മളോടാ കളി..ഇന്നാ പിടിച്ചോ.. )

NB :
Permutation - In mathematics, the notion of permutation is used with several slightly different meanings, all related to the act of permuting (rearranging) objects or values. Informally, a permutation of a set of objects is an arrangement of those objects into a particular order. For example, there are six permutations of the set {1,2,3}, namely (1,2,3), (1,3,2), (2,1,3), (2,3,1), (3,1,2), and (3,2,1).Friday, March 8, 2013

വണ്‍ റുപ്പി കോയിന്‍


എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും.ഈ അണ്ഡകടാഹത്തിലെ എല്ലാ ജാതിയിലും പെട്ട കാമുകന്‍മാര്‍ക്കും ഇങ്ങനെ ഒരു അനുഭവം പറയാനുണ്ടാകുമെന്ന്.അല്ലെങ്കില്‍ ഇതിന് സമാനമായ മറ്റൊന്ന്.അതിങ്ങനെ ഞാന്‍ തറപ്പിച്ച് പറയണമെങ്കില്‍ തക്കതായ എന്തെങ്കിലും കാരണമുണ്ടാകും എന്ന് നിങ്ങള്‍ക്കിപ്പോള്‍ തോന്നുണ്ടായിരിക്കുമല്ലോ.ഈയുള്ളവന്റെ വളരെ ചെറിയ ലോകപരിചയംവെച്ച് ഞാന്‍ ആ കണ്ടെത്തലുകള്‍ നിങ്ങളോട് പറയാം.നമുക്ക് അഖില ലോക കാമുകീകാമുകന്‍മാരുടെ കാര്യങ്ങള്‍ ഒന്ന് പരിഗണിക്കാം.അതില്‍ പൊതുവെ 99.99 ശതമാനം കാമുകന്‍മാരും വെറും പാവങ്ങളും പ്രലോഭനങ്ങളില്‍ വീണുപോകുന്നവരുമാണ് എന്നു ഞാന്‍ പറഞ്ഞുകൊള്ളട്ടെ.ആ സമയത്ത് ഈ പാവങ്ങളുടെ കൈ 'ഓട്ട കൈ'യാകും.കാശ് പലവഴിക്കും ചോര്‍ന്നുപോകുക എന്നൊരു പ്രതിഭാസം നടക്കുന്ന സമയമായിരിക്കുമത്.(അപ്രിയ സത്യമാണെങ്കിലും എന്റെ പ്രിയ സ്ത്രീവായനക്കാര്‍ എന്നോട് പൊറുക്കുമല്ലോ)എന്തിന് പറയുന്നു.കാമുകിയുടെ പിറന്നാള്‍ മുതല്‍ അവളുടെ ട്യൂഷന്‍ ടീച്ചറുടെ കൊച്ചിന്റെ ചരടുകെട്ടുവരെ..കാമുകന്‍മാര്‍ക്ക് ചിലവോട് ചിലവ്.എന്തേലും ജോലി കൂടിയുള്ള കാമുകന്‍മാരുടെ അവസ്ഥയാണെങ്കില്‍ പറയുകയും വേണ്ട.

ഇങ്ങനെയൊക്കെ ഞാന്‍ ചിന്തിച്ചു തുടങ്ങിയത് കഴിഞ്ഞ ദിവസത്തെ ആ സംഭവത്തിന് ശേഷമായിരുന്നിരിക്കണം.അതിനുമുന്‍പ് ഞാനും വൊഡാഫോണ്‍ പരസ്യത്തിലെ നായക്കുട്ടീനെ പോലെ അനുസരണയുള്ള കാമുകനായിരുന്നു.ഇനി നിങ്ങളോട് എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ച ആ കൊടും സംഭവത്തെ കുറിച്ച് പറയാം.

അതിനുമുന്‍പ് എന്നെ ഒന്ന് പരിചയപ്പെടുത്തട്ടെ.അടിയനെ നിങ്ങള്‍ക്ക് 'കൈയാല പുറത്തെ തേങ്ങ' എന്ന് വിളിക്കാം.അതായത് ബിടെക് പാസ്സായോ എന്ന് ചോദിച്ചാല്‍ പാസ്സായി എന്ന് പറയുകയും ഒന്നു കൂടി ഉറപ്പിച്ച് ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടിവരുകയും എന്ന അവസ്ഥ.കെമിസ്ട്രിയില്‍ പദാര്‍ത്ഥത്തിന്റെ ആറോ ഏഴോ അവസ്ഥകളെ പറ്റി പണ്ട് പഠിച്ചതോര്‍ക്കുന്നു.ഇത് ജീവിതത്തിലെ പതിനായിരത്തിയൊന്നാമത്തെ അവസ്ഥയാകുന്നു.എന്റെ ബിടെക് സുഹൃത്തുകള്‍ക്ക് മനസ്സിലാകുന്നുണ്ടാകുമല്ലോ.പറഞ്ഞുവരുന്നത് എന്റെ സമ്പാദ്യത്തെ കുറിച്ചാണ് -നാല് കിടുകിടിലന്‍ സപ്‌ളികള്‍..!പിന്നെ എഴുതലോട് എഴുതല്‍ തന്നെ.പക്ഷെ ഇന്ന് വരെ എന്റെ മാവ് പൂത്തില്ല എന്ന് മാത്രമല്ല യൂണിവേഴ്‌സിറ്റിക്ക് നേരെയുള്ള തള്ളക്കുവിളിമാത്രം മുട്ടില്ലാതെ തുടര്‍ന്നു പോകുകയും ചെയ്യുന്നു.

അങ്ങനെയിരിക്കെയാണ് പിള്ളാരെ പഠിപ്പിക്കുക എന്ന അതിസാഹത്തിന് ഞാന്‍ മുതിരുന്നത്.സാഹചര്യങ്ങളാണല്ലോ മനുഷ്യരുടെ തലക്കുമുകളില്‍ ചാക്കുകെട്ടുകള്‍ പെറുക്കിയിടുന്നത്.ചിലകെട്ടില്‍ സ്വര്‍ണ്ണമാകാം.ചിലതില്‍ വെറും ഉപ്പാകാം.വേറെ ചിലതില്‍ പിണ്ണാക്കുമാകാം.എന്റെ കാര്യത്തില്‍-നിങ്ങളിപ്പോള്‍ വിചാരിക്കുന്നതുപോലെ പിണ്ണാക്കിന്റെ ചാക്ക് തന്നെയാണ് വീണത്.ഈ പ്രത്യേക സാഹചര്യത്തില്‍ 41 സപ്‌ളികള്‍ വരെയുള്ള എന്റെ കൂട്ടുകാരന്‍ ഉള്‍പ്പെടെ ഞങ്ങള്‍ അഞ്ചുപേര്‍ സംഘം ചേര്‍ന്ന് ഒരു ട്യൂഷന്‍ സെന്റര്‍ അങ്ങ് കെട്ടിപൊക്കി.എട്ട് നിലയില്‍ പൊട്ടുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.സംഭവം ക്‌ളെച്ചു പിടിച്ചു.അത്യാവശ്യം പിള്ളാരെയൊക്കെ കിട്ടി തുടങ്ങി.അങ്ങനെ തട്ടീം മുട്ടീം ജീവിതം കഴിഞ്ഞുപോകാനുള്ള കാശും..
ഈ മാസത്തില്‍ കിട്ടിയതിന്റെ മിച്ചം രണ്ടായിരം രൂപ എന്റെ കൈയിലുണ്ടായിരുന്നു.രണ്ട് ജീന്‍സും രണ്ട് ടീഷര്‍ട്ടും വാങ്ങാന്‍ പിശുക്കി മാറ്റിവെച്ചതാണത്.പക്ഷെ ഞാന്‍ ആ രണ്ടായിരം രൂപയ്‌ക്കെഴുതിയ വിധി മാറിമറിഞ്ഞത് അന്ന് അവളുടെ ഫോണ്‍കോള്‍ വന്നപ്പോഴാണ്.

ഇനിയിപ്പോള്‍ അവളെ കുറിച്ചു കൂടി രണ്ട് വാക്ക് പറയാം.വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഞങ്ങളുടെ പ്‌ളസ്ടു കാലഘട്ടം.അന്ന് ഞാനത്ര സുന്ദരനൊന്നുമല്ലെങ്കിലും അത്യാവശ്യം ഒരു പെണ്ണിനെ വീഴ്ത്താനുള്ള 'ആകര്‍ഷണീയത'യൊക്കെ എന്നിലുണ്ടെന്ന് ഞാന്‍ വിശ്വസിച്ച് പോന്നിരുന്നു.അതില്‍ എപ്പോഴോ അവള്‍ വീഴുകയും ചെയ്തു.എനിക്ക് വന്നുചേര്‍ന്ന അരിമണി..ഹൊയ് ഹൊയ്-അന്നെന്റെ പിഞ്ച് മനസ്സ് കുറേ സന്തോഷിച്ചു.എന്റെ ആദ്യത്തെ ടു-വെ പ്രണയത്തിന്റെ തുടക്കം.

എല്ലാ പ്രണയകഥകളിലേയും കാമുകിമാരെ പോലെ അവള്‍ അത്യാവശ്യം നന്നായി പഠിക്കുമായിരുന്നു.മിക്ക കാമുകന്‍മാരേയും പോലെ പിറകിലത്തെ ബഞ്ചിലിരുന്നു അവളുടെ പിറകുവശത്തിന്റെ സൗന്ദര്യം നോക്കിയിരിക്കലായിരുന്നു എന്റെ പണി.അതുപോലെ തന്നെ അവള്‍ അത്യാവശ്യം പണമുള്ള വീട്ടിയെ പെണ്ണും ഞാന്‍ ഒരു ഇടത്തരം കുടുംബത്തിനെ അംഗവുമായിരുന്നു.അങ്ങനെ കൈയില്‍ അഞ്ചിന്റെ കൂറ കാണില്ലെങ്കിലും സ്വര്‍ണ്ണ കൊലുസ് വാങ്ങികൊടുക്കാമെന്ന് ഞാന്‍ എല്ലാ കാമുകന്‍മാരെ പോലെ എന്റെ കാമുകിക്ക് മുടങ്ങാതെ വാക്കുകൊടുക്കുകയും ചെയ്തുപോണു.

അവള്‍ അന്ന് വിളിച്ചത് രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് വേണ്ടിയാണ്.സുന്ദരമായ ആവശ്യം.'എന്റെ കൈയിലാകെ രണ്ടായിരമേ ഉള്ളെടി പെണ്ണേ അതു ഞാന്‍ പാന്റ്‌സും ഷര്‍ട്ടും വാങ്ങിക്കാന്‍ മാറ്റിവെച്ചിരിക്കുകയാണ്'-എന്നൊന്നും ഞാന്‍ പറഞ്ഞില്ല.ഈയുള്ളവന്‍ വളരെ പാവമായതുകൊണ്ടും മനസ്സ് കലൂര്‍ സ്റ്റേഡിയം പോലെ വിശാലമായതുകൊണ്ടും 100 ഡിഗ്രിയില്‍ ഐസ് ഉരുകുന്നതുപോലെ അങ്ങലിഞ്ഞുപോയി.കാശ് നാളെ തന്നെ കൊടുക്കാമെന്ന് ഞാന്‍ സമ്മതം മൂളി.മറുതലയ്ക്കല്‍ സന്തോഷത്തോടെ ഫോണ്‍ കട്ടാകുകയും ചെയ്തു.

അവളിപ്പോള്‍ എം.ടെക് പഠിക്കുകയാണ്.(പ്രിയരെ,ഞാന്‍ ബിടെക് ഫെയില്‍ഡാണെന്ന് ഓര്‍ക്കണം)എന്റെ വീട്ടില്‍ നിന്ന് അവളുടെ കോളേജിലേക്ക് പത്തറുപത് കിലോ മീറ്റര്‍ ദൂരമുണ്ട്.പോയി വരാന്‍ 200 രൂപയെങ്കിലും ചിലവാണ്.ഞാന്‍ അപ്പോള്‍ തന്നെ കൂട്ടുകാരെയെല്ലാം വിളിച്ചു നന്നായി എരന്നു.ഭൂമിയിലൊന്നുമില്ലാത്ത ദാരിദ്ര്യം പറഞ്ഞ് എല്ലാ പുല്ലന്‍മാരും എന്നെ കൈയൊഴിഞ്ഞു.കൂട്ടുകാരണത്രേ കൂട്ടുകാര്‍..ദരിദ്ര്യവാസികള്‍.

ഒടുവില്‍ എന്റെ ഫോണില്‍ ബാലന്‍സ് തീരുകയും എന്തരോ വരട്ടെ എന്നു കരുതി ഞാന്‍ ഉറങ്ങുകയും ചെയ്തു.

നേരം പുലര്‍ന്നു.അടുത്തതൊരു 'മാരക' ട്വിസ്റ്റാണ്.ബി ഉണ്ണികൃഷ്ണന്‍ സിനിമകളിലേതു പോലത്തെ ട്വിസ്റ്റ്.അല്ലെങ്കില്‍ ഒരു പണിയുമില്ലാതെ അച്ഛന്‍ വീട്ടിലിരുന്നിട്ടും അമ്മ എന്നോടു തന്നെ കറണ്ട് ബില്ലടിച്ചിട്ടു വരാന്‍ പറയേണ്ടുന്ന കാര്യമെന്താണ്.ഞാന്‍ ബില്ലു കൈയിലെടുത്തു-കൂട്ടത്തില്‍ 750 രൂപയും.പടച്ചോനിതാ കറണ്ടു ബില്ലിന്റെ രൂപത്തില്‍ അവതരിച്ചിരിക്കുന്നു.അടുത്ത ബുധനാഴ്ചയാണ് ബില്ല് അടയ്‌ക്കേണ്ടുന്ന ലാസ്റ്റ് ഡേറ്റ്.അതിന് മുന്‍പ് 750 രൂപ എങ്ങനെയെങ്കിലും സംഘടിപ്പിച്ചാല്‍ മതി.ഇപ്പോഴിത് ഒരു കുഞ്ഞുപോലുമറിയാതെ സുഖായി മുക്കാം..അമ്മേ നന്ദി..

അങ്ങിനെ ഞാന്‍ 2750 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി.ആരതി ബസ്സും രണ്ട് കെ.എസ്.ആര്‍.ടിസിയും കയറി അവളുടെ കോളേജിലെത്തി.ആ സമയത്ത് എന്റെ മനസ്സില്‍ ഒരു ദുരുദ്ദേശമുദിച്ചു.

അവിടെ ഒരാള്‍ സിനിമാ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടിരിക്കുന്നു.'രഘുവിന്റെ സ്വന്തം റസിയ'-വിനയന്‍ സാറിന്റെ കളറു പടം.അവളുമൊന്നിച്ച് കേറിയാലോ.മനസ്സിലങ്ങനെ ആക്രാന്തം മൂത്ത് മൂത്ത് വന്നു.അങ്ങനെ അവളും വന്നു.

പക്ഷെ എന്റെ പ്രതീക്ഷകളുടെ നെറുകും തലയ്ക്കു തന്നെ ചുറ്റികകൊണ്ടടിച്ച് 'കാശ് കാശ്' എന്നലറികൊണ്ടായിരുന്നു അവളുടെ വരവ്.'പിന്നെ നിന്റെ അപ്പന്‍ ഉണ്ടാക്കി തന്ന കാശാണല്ലോ'-എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും 'എന്റെ ചക്കരകുട്ടി എന്തെങ്കിലും കഴിച്ചോ'-എന്നാണ് എന്റ പാവം നാവതിനെ പരിഭാഷപ്പെടുത്തിയത്.

പെണ്ണിന് ഒടുക്കത്തെ ധൃതിയായിരുന്നു.തമ്മില്‍ കണ്ടിട്ട് ഒരു മാസത്തിലേറെയായി.എന്നിട്ടും അവള്‍ ഒരു മിനിട്ടുപോലും അടുത്തു നിന്നില്ല.'സ്‌പെഷ്യല്‍ ക്ലാസുണ്ട്,മിസ് കേറികാണും' എന്നൊക്കെ പുലമ്പി കോത്താഴത്തെ നന്ദിയും പറഞ്ഞ് അവളങ്ങ് പോയി.

അതെ അവളു പോയി.
പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടിരുന്ന ചേട്ടനും പോയി.

ഇനി എന്റെ കൈയില്‍ കഷ്ടി ഒര് 175 രൂപകൂടി കാണും.ഒര് നാരാങ്ങാവെള്ളം മോന്തി വീട് പിടിക്കാം എന്ന് കരുതി നില്‍ക്കുമ്പോള്‍ മൊബൈല്‍ കരയാന്‍ തുടങ്ങി.അവളാണ്.ഞാന്‍ പോകരുതെന്നും ഒരു മണിക്കൂറിനകം അവള്‍ വരുമെന്നും എന്നെ കാണണമെന്നും പറഞ്ഞു.

രഘുവിന്റെ സ്വന്തം റസിയ-മാറ്റിനി-അതാണപ്പോളെന്റെ മനസ്സില്‍ മിന്നിയത്.ഞാന്‍ ആ പോസ്റ്ററിനടുത്തേക്ക് പോയി നിന്നു.പിന്നെ കുറച്ചു നേരം വലത്തോട്ടും അത് കഴിഞ്ഞ് കിഴക്കോട്ടും നടന്നു.കുറച്ചു നേരം പോയി ബസ്റ്റോപ്പിലിരുന്നു.നാരാങ്ങാവെള്ളം കുടിച്ചു.(ചിലവ് പത്തു രൂപ.ഇനി കൈയിലുള്ളത് 165 രൂപ).വീണ്ടും നടന്നു.മണി പത്തായി പതിനൊന്നായി..അവളുടെ വിളി മാത്രം വന്നില്ല.

അവളെ അങ്ങോട്ടു വിളിക്കാന്‍ ഞാന്‍ തീരുമാനിച്ചു.എന്റെ ഫോണില്‍ ബാലന്‍സ് തട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥയായോണ്ട് ഞാന്‍ അടുത്തുകണ്ട കടയിലെ കോയിന്‍ ബോക്‌സ് ഫോണിന്റെ ചാരത്തേക്ക് നടന്നു.പേഴ്‌സില്‍ കുറേനേരം തപ്പിയിട്ടാണ് ഒരു രൂപാ കിട്ടിയത്.അത് ഫോണിന്റെ പള്ളയിലേക്കിട്ട് ഞാന്‍ അവളുടെ നമ്പര്‍ ഞെക്കി.കൃത്യം 20 തവണ ബെല്ലടിച്ചു എന്നല്ലാതെ എന്റെ ചക്കരകുട്ടി ഫോണ്‍ എടുത്തില്ല.മൂന്ന് തവണ കൂടി ശ്രമം തുടര്‍ന്നുവെങ്കിലും ഫലമുണ്ടായില്ല.

അങ്ങനെ പിന്നെയും ഒരു മണിക്കൂര്‍ കൂടി എന്നെ കടന്നുപോയി.ഹോട്ടലിലെ ചേട്ടന്‍ പുറത്തേക്ക് വന്ന് 'ബിരിയാണി റെഡി' എന്ന ബോര്‍ഡും തൂക്കി കയറിപോയി.എന്റെ ആമാശയം മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങിയെങ്കിലും ഞാന്‍ എല്ലാം സഹിച്ചിരുന്നു.അവള്‍ ഉടനെ വിളിക്കുമായിരിക്കും.വരുമായിരിക്കും..

കൃത്യം മൂന്ന് മണിക്കൂര്‍ മുപ്പത്തിയഞ്ച് മിനിട്ട് നാല്‍പ്പത് സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍ അവള്‍ വന്നു.കരണകുറ്റിക്ക് ഒന്നു പൊട്ടിക്കാന്‍ തോന്നിയെങ്കിലും എന്റെ മുഖത്തെ വൃത്തികെട്ട പല്ലുകളും ചുണ്ടുകളും ചേര്‍ന്ന് അവളെ ചിരി അകമ്പടിയോടെ വരവേല്‍ക്കുകയാണുണ്ടായത്.ഇവറ്റകള്‍ക്കിത് എന്തിന്റെ കേടാണ്.

വരാന്‍ താമസിച്ചതിന്റെ എന്തോ കാരണം അവള്‍ പറഞ്ഞെങ്കിലും ഞാനത് ശ്രദ്ധിച്ചിരുന്നില്ല.'രഘുവിന്റെ സ്വന്തം റസിയ' എന്ന് ഞാന്‍ പറയാന്‍ തുടങ്ങുമ്പോഴേക്കും 'എനിക്കൊരു ഇരുന്നൂറ് രൂപ തരാനുണ്ടോ' എന്നൊരു ചോദ്യമവള്‍ എന്റെ മുന്നിലേക്കിട്ടു.'എന്നെ അങ്ങു കൊന്നിട്ട് ചോര മൊത്തം ഊറ്റികുടിക്കെടി യക്ഷീ' -എന്ന് പറയാന്‍ വിചാരിച്ചെങ്കിലും എന്റെ വലത്തെ കൈ പോക്കറ്റിനുള്ളിലേക്ക് പോകുകയും പേഴ്‌സ് മുകളിലേക്ക് ഉയരുകയും അതില്‍ നിന്ന് ഞാന്‍ 165 രൂപ പുറത്തെടുക്കുകയും ചെയ്തു.

'പെണ്ണേ എന്റെ കൈയിലിനി ഇതേയുള്ളൂ'-എന്ന് താഴ്മയോടെ പറഞ്ഞ് ഞാന്‍ കാശ് അവളുടെ കൈയിലേക്ക് കൊടുത്തു.ഓട്ടിയില്ലാത്ത അവളുടെ വെളുത്ത കൈകള്‍ അപ്പോള്‍ ഞാന്‍ കണ്ടു.

കാശ് കിട്ടിയതോടെ അവളുടെ ധൃതി കൂടുകയും 'അയ്യോ ഇപ്പോള്‍ ബെല്ലടിച്ചു കാണും' എന്ന് പറഞ്ഞങ്ങ് ഓടി മറയുകയും ചെയ്തു.

ഈ ഒരു സീനോടു കൂടി ഈ കഥ എനിക്ക് തീര്‍ക്കാമായിരുന്നു.പക്ഷെ ശരിക്കുമുളള കഥ ഇനിയാണ് തുടങ്ങുന്നത് എന്ന് പറഞ്ഞാല്‍ നിങ്ങളില്‍ എത്രപേര്‍ മൂക്കത്ത് വിരലു വെക്കാതിരിക്കും.അങ്ങനെ പുറകുവശം കുലുക്കിയുള്ള അവളുടെ ഓട്ടവും നോക്കി എന്തു ചെയ്യണമെന്നറിയാതെ നിന്നഞാന്‍ ഒടുവില്‍ ബസ്റ്റോപ്പില്‍ പോയിരിക്കാന്‍ തീരുമാനിച്ചു.പുറത്ത് വെയിലിന്റെ ചൂട് കൂടുന്നതിനോടൊപ്പം മനസ്സും ചൂടാകാന്‍ തുടങ്ങിയിരുന്നു.വിശപ്പിന്റെ ചിന്നംവിളി വേറെയും.ഞാന്‍ പേഴ്‌സില്‍ നിന്ന് മിച്ചമുള്ള ഒരു രൂപ പുറത്തെടുത്തു.അവള്‍ നേരത്തെ ഫോണ്‍ എടുത്തിരുന്നുവെങ്കില്‍ ഈ ഒരു രൂപയും എനിക്ക് നഷ്ടമാകുമായിരുന്നു.ഇനി ഞാനെങ്ങനെ വീടെത്തും..എങ്ങനെ ഞാന്‍ അറുപത് കിലോമീറ്ററുകള്‍ താണ്ടും..
അപ്പോള്‍ ഓര്‍മ്മ വന്നത് ശിവാജി പടത്തിലെ രജനി കാന്തിനെയാണ്.തലൈവരതില്‍ ഒരു രൂപയില്‍ നിന്ന് കോടികളുണ്ടാക്കിയില്ലേ.പക്ഷെ എന്തു ചെയ്യാനാണ്-ഞാന്‍ രജനികാന്തല്ലല്ലോ..

ആദ്യമായി കടലുകാണുന്ന കുട്ടിയുടെ അത്ഭുതത്തോടെ ഞാന്‍ വെറുതെ ആ നാണയത്തില്‍ നോക്കിയിരുന്നു.വേറെയെന്തു ചെയ്യാനാണ്.വൈകുന്നേരം കോളേജ് വിട്ടിറങ്ങുമ്പോള്‍ അവളുടെ കൈയില്‍ നിന്ന് തിരിച്ചുപോകാനുള്ള വണ്ടികൂലിക്കുള്ള കാശ് വാങ്ങിയാലെ എനിക്കിനി എന്റെ അമ്മയേയും അച്ഛനേയും കാണാന്‍ പറ്റൂ-ഞാന്‍ ഓര്‍ത്തു.

ബസുകള്‍ ഓരോന്നായി കടന്നുപോകുകയും യാത്രക്കാര്‍ മാറിമാറി വരികയും ചെയ്തുകൊണ്ടിരുന്നു.

'തലയോ വാലോ'-എന്റെ ഭാവിയറിയാന്‍ ഞാന്‍ ടോസിട്ടു.നാണയം മാനത്തേക്കുയരുകയും താഴ്ന്ന് കൈക്കുള്ളിലേക്ക് വീഴുകയും-ഒരു നിമിഷം-തട്ടി തെറിച്ച് താഴേക്കുരുണ്ടു പോകുകയും ചെയ്തു.പടച്ചോനേ..

ഉരുണ്ടുരുണ്ട് റോഡിലേക്കാണ് പോയത്.ഞാന്‍ ഓടിച്ചെന്നെടുത്തതും ഒര് ബസ്സ് സഡന്‍ ബ്രേക്കിട്ട് എന്റെ പിറകില്‍ നിന്നതും ഒരു നിമിഷംകൊണ്ട് കഴിഞ്ഞു.കേട്ട തെറികളിപ്പോള്‍ ഓര്‍മ്മയില്‍ വരുന്നില്ല.അല്ലെങ്കില്‍ നിങ്ങളോട് പറയാമായിരുന്നു.അത്രയ്ക്കുണ്ടായിരുന്നു.

വീണ്ടും പഴയ സ്ഥാനത്തുവന്നു ഞാന്‍ പിന്നാമ്പുറം പ്രതിഷ്ഠിച്ചു.ഒരു കുഞ്ഞിനെ താലോലിക്കുന്നതു പോലെ ഞാന്‍ നാണയത്തിനു മുകളില്‍ പറ്റിയ അഴുക്കൊക്കെ തുടച്ചു കളയാന്‍ തുടങ്ങി.

ഇനി നിങ്ങളോട് ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ.ഒരു വണ്‍ റുപി ഇന്ത്യന്‍ നാണയത്തില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ.അതില്‍ ആലേഖനം ചെയ്തിരിക്കുന്ന വാചകമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ.എന്നാല്‍ എനിക്കു നന്നായി അറിയാം. -നിങ്ങള്‍ക്കതു പറയാന്‍ കഴിയില്ല.കുറച്ചു മുന്‍പ് വരെ ഞാനും നിങ്ങളെ പോലെയായിരുന്നു.പക്ഷെ ഇപ്പോള്‍ ഞാനത് പറയും -

രണ്ട് നെല്‍ക്കതിരുകള്‍ക്കിടയില്‍ ഒന്ന് എന്ന് അക്കത്തിലെഴുതിയിട്ടുണ്ട്.അതിനു മുകളില്‍ ഹിന്ദിയിലും താഴെ ഇംഗ്ലീഷിലും രൂപ എന്നെഴുതിയിരിക്കുന്നു.അതിനു താഴെ വര്‍ഷം.എന്റെ തങ്കകുടത്തിനെ 2001-ല്‍ പടച്ചതാണ്.അടുത്ത വശത്ത് മൂന്ന് ദിക്കുകളിലേക്ക് നോക്കി നില്‍ക്കുന്ന സിംഹത്തലകള്‍,അതിനിരുവശങ്ങളിലുമായി ഇന്ത്യ എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും.അതിനും താഴെ സത്യമേവ ജയതേ-സത്യം ജയിക്കട്ടെ.അപ്പോള്‍ എന്നിലെവിടെയോ രാജ്യ സ്‌നേഹമുണര്‍ന്നു.

പ്രിയ വായനക്കാരെ,സാഹചര്യങ്ങള്‍ അതു മാത്രമാണ് എന്നെക്കൊണ്ട് ഇതൊക്കെ പറയിപ്പിച്ചത്.നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടാകുമല്ലോ.
അങ്ങനെ ഒരു മണിക്കൂര്‍ കൂടി കഴിയുന്നു.

തുടര്‍ന്ന് നടന്ന സംഭവം-ഇപ്പോള്‍ എഴുതുമ്പോഴും എന്നെ ചിരിപ്പിക്കുന്നുണ്ടായിരുന്നു.ഞാനങ്ങനെ ബസ്സ്‌റ്റോപ്പിലിരിക്കുമ്പോള്‍ എന്റെ മുന്നിലേക്ക് ഒരു പാത്രം നീണ്ടു വന്നു.എന്റെ ചിന്തയിലുണര്‍ന്നത് നല്ല മുന്തിരിയും അണ്ടിപരിപ്പും കിടന്നു തിളക്കുന്ന ബിരിയാണിയായിരുന്നു.പക്ഷെ ആ പാത്രം ഒരു യാചകന്റെ ആയിരുന്നു.അയാളുടെ പാത്രത്തിലേക്ക് ഞാന്‍ നോക്കി.ഒരു രൂപ,രണ്ട് രൂപ,അഞ്ച് രൂപ..അങ്ങനെ പത്തുമുപ്പത് നാണയങ്ങള്‍.ടാ 'കോടീശ്വരാ'..-ഞാനറിയാതെ വിളിച്ചുപോയി.എന്റെ കൈയിലിരുന്ന ഒരു രൂപ അയാളെ കാണിച്ചിട്ട് വേറെ ഒന്നും എന്റെ കൈയിലില്ല എന്നുഞാന്‍ പറഞ്ഞു.അയാള്‍ എന്നെ നോക്കി ചിരിച്ചു.അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഒരു പിച്ചക്കാരന്‍ ചിരിക്കുന്നത് ഞാന്‍ കണ്ടു.അതും അയാളെക്കാള്‍ വലിയ പിച്ചകാരനെ നോക്കി.അത് ഞാനായിരുന്നല്ലോ..

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ കോളേജ് വിട്ടു.തരുണീമണികളായ പെണ്‍കിടാങ്ങള്‍ എന്റെ മുന്നിലൂടെ പോയിട്ടും ഞാന്‍ വായിനോക്കിയില്ല.മരണവീട്ടില്‍ പോയാല്‍ പോലും ഞാന്‍ തെറ്റിക്കാതെ നടത്തുന്ന പ്രവര്‍ത്തിയായിരുന്നു.ഇന്ന് അതുണ്ടായില്ല.എന്റെ കണ്ണും മനസ്സുമൊരുമിച്ചു അവളെ തിരയുകയായിരുന്നു.

ഒടുവില്‍ ആ ആട്ടിന്‍പറ്റത്തിനിടയില്‍ നിന്ന് അവളെ ഞാന്‍ കണ്ടു പിടിച്ചു.എന്റെ ദയനീയമായ അവസ്ഥ അവളോട് പറയുകയും വണ്ടികൂലിക്ക് കാശു തരൂ പെണ്ണേ എന്ന് അപേക്ഷിക്കുകയും ചെയ്തു.എന്റെ ആകെയുണ്ടായിരുന്ന പ്രതീക്ഷ മുന്നില്‍ കൈമലര്‍ത്തി നില്‍ക്കുന്നതാണ് പിന്നീട് ഞാന്‍ കണ്ടത്.ഞാന്‍ കുറച്ചു മുന്‍പ് കൊടുത്തതെല്ലാം പല ആവശ്യങ്ങള്‍ക്കായി ചിലവായി പോയി പോലും.
'ശരി എങ്കില്‍ നീ പൊയ്‌ക്കോളു.ഞാന്‍ വേറെ വഴി നോക്കിക്കോളാം'-ഞാന്‍ പറഞ്ഞു.വെറെ എന്ത് തേങ്ങ നോക്കാനാണ് ഞാന്‍.ആകെയുള്ള വഴിയാണ് പെരുവഴിയായി നില്‍ക്കുന്നത്.ഞാനിത് അനുഭവിക്കണം.

പോകാന്‍ തുടങ്ങുന്നതിന് മുന്‍പ് അവള്‍ ഒരു കാര്യം കൂടി ആവശ്യപ്പെട്ടു.(എന്റെ പ്രിയപ്പെട്ടവരെ നിങ്ങളിലാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതെയിരിക്കട്ടെ)

അവളുടെ കോളേജില്‍ നിന്ന് ഹോസ്റ്റലിലേക്ക് കുറച്ചു ദൂരമുണ്ട്.ബസ്സില്‍ വേണം പോകാന്‍.എന്നോടവളപ്പോള്‍ ചോദിച്ചു..പ്രിയപ്പെട്ടവരെ എന്നോടവള്‍ ചോദിച്ചു..അവള്‍ക്ക് ഒരു രൂപ വേണം.കൈയില്‍ ചില്ലറയില്ല.കണ്‍സെഷന്‍ എടുക്കാനാണ്..ഒരു രൂപ വേണം.. ഒരു രൂപ ... ഒരു രൂപ..എന്റെ കാതിലത് മുഴങ്ങി.

അങ്ങനെ അതും ഞാനവള്‍ക്കു കൊടുത്തു.നിങ്ങളാരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്നെനിക്ക് തോന്നുന്നില്ല.എന്റെ മകന്‍ എന്നെ വിട്ടിട്ട് പോകുന്നതുപോലെ ഒരു അനുഭവമായിരുന്നു അത്.

'എന്റെ പടച്ചോനെ..അവള്‍ക്ക് നല്ലതു മാത്രം വരുത്തണമേ.അവള്‍ കേറുന്ന ബസ്സിന് ഒന്നും സംഭവിക്കല്ലേ.ബസ്സ് മറിഞ്ഞാല്‍ തന്നെയും അതു പുഴയിലേക്കു വീഴരുതേ..വീണാല്‍ തന്നെ അവള്‍ വെള്ളം കുടിച്ചു ചാകരുതേ..'

'ആ ദുഷ്ട ,ഹൃദയശൂന്യ വെള്ളം കിട്ടാതെ ചാകണം..'

എന്ന്
ഒരു പാഠം പഠിച്ച കാമുകന്‍.