‘ഞാന്‍ താങ്കളോട് നൂറ് ഗ്രാം വെളുത്തുള്ളി തരാനാണ് പറഞ്ഞത്.അതിനെന്തിനാണ് പന്തം കണ്ട പെരുച്ചാഴീനെപോലെ താന്‍ എന്നെ ഇങ്ങനെ നോക്കുന്നത്.ഞാന്‍ വെളുത്തുള്ളി..വെളുത്തുള്ളി.. എന്നല്ലേ പറഞ്ഞേ.അക്ഷരമൊന്നും മാറിപോയിട്ടില്ലല്ലോ.നൂറ് ഗ്രാം വെളുത്തുള്ളിയെടുക്ക് മനുഷ്യാ.എനിക്ക് പോയിട്ട് ഇമ്മിണി പണിയുണ്ട്.’-രാമന് കര്‍ത്ത തെല്ല് ദേഷ്യത്തോടെ പറഞ്ഞു നിര്‍ത്തി.
രാമന് കര്‍ത്ത -വയസ്സ് 25.വെളുത്തുള്ളി പോലെ വെളുത്ത നിറം.60 കിലോ തൂക്കം.ഒത്ത പൊക്കം-എന്നിരിക്കിലും ആളൊരു ചൂടനാണ്.,അഭ്യസ്തവിദ്യനും സര്‍വോപരി തൊഴില്‍ രഹിതനുമാണ്.ആകെയുള്ള ഒരു കുഴപ്പമെന്നു പറയുന്നത് രാമന് കര്‍ത്ത ഒരു പാട്ടെഴുത്തുകാരനാണ് എന്നുള്ളതാണ്.തെക്കിനിയിലിരുന്ന് നാഗവല്ലി പാടുന്നതുപോലെ രാത്രിയില്‍ രാമന് കര്‍ത്തയുടെ മുറിക്കുള്ളില്‍ നിന്നും കേള്‍ക്കാം ചില അപശബ്ദങ്ങള്‍.അപ്പോള്‍ വിചാരിച്ചോണം-കക്ഷി പാട്ടെഴുത്ത് തുടങ്ങിയെന്ന്.
അക്ഷരം കൂട്ടി വായിക്കാന്‍ എന്നു തുടങ്ങിയോ,നാലുവരി തെറ്റു കൂടാതെഴുതാന് എന്നു പഠിച്ചോ-അന്ന് രാമന് കര്‍ത്ത ഒരു പാട്ടെഴുത്തുകാരനായി.ആദ്യമൊക്കെ വീട്ടുകാരും നാട്ടുകാരും കരുതിയത് രാമന് കര്‍ത്ത നാളത്തെ വയലാറോ ഗിരീഷ് പുത്തഞ്ചേരിയോ ഒക്കെ ആകുമെന്നായിരുന്നു.പക്ഷെ വളര്‍ന്നുകൊണ്ടിരുന്ന രാമന് കര്‍ത്ത സ്പെഷ്യലൈസ് ചെയ്തത് -‘ഖല്‍ബാണ് ആമിന’, ‘നീയാണ് റസിയ’, ‘മുത്തെ നീ ഫാത്തിമ’-തുടങ്ങിയവയിലായിരുന്നു.അതാകുമ്പോള്‍ പുട്ടിനു പീരപോലെ ഇടയ്ക്കിടയ്ക്ക് തേന്‍,ഖല്‍ബ്,മുഹബത്ത്,മുത്ത്,മൈലാഞ്ചി,സുറുമ ഒക്കെ ആവശ്യത്തിനും അനാവശ്യത്തിനും ഇട്ടുകൊടുത്താല്‍ മതിയല്ലോ.ഏത്..?
നിങ്ങളുടെ അറിവിലേക്കായി രാമന് കര്‍ത്തയുടെ പ്രശസ്തമായൊരു മാപ്പിളപ്പാട്ട് ചുവടെ ചേര്‍ക്കുന്നു.ആസ്വദിക്കുമല്ലോ.
‘മുത്തേ നീ ഫാത്തിമ-എന്‍-
ഖല്ബില് ഗസലായി ഫാത്തിമ
മൊഞ്ചത്തി നീ വാ അരികെ
ചേലേറുന്നൊരു പൂങ്കനവായി..’
ഇങ്ങനെ രാമന് കര്‍ത്ത ആശാന് മുന്നൂറില്‍ പരം പാട്ടുകളെഴുതി.അതില്‍ ചിലതിന് സംഗീതം കൊടുക്കുക എന്ന സാഹസം കൂടി ആശാന് കാണിച്ചിട്ടുണ്ട്.അങ്ങനെ ചുരുക്കി പറഞ്ഞാല്‍ മാപ്പിളപ്പാട്ട് കാസെറ്റ് രംഗത്ത് എതിരാളികളില്ലാതെ ഒരു വടവൃക്ഷമായി രാമന് കര്‍ത്ത പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണ്.
പക്ഷെ കഴിഞ്ഞ രണ്ട് മാസമായി രാമന് കര്‍ത്ത പാട്ടുകളൊന്നും എഴുതിയട്ടില്ല.പാട്ടെഴുതാന്‍ വേണ്ടി രാവു തെളിയുമ്പോള്‍ എന്നും മുറിയില്‍ കയറി അടയിരിക്കും.എന്നാല്‍ പാട്ടു മാത്രം വിരിഞ്ഞില്ല.എന്താണ് കാരണം -രാമന് കര്‍ത്ത ആലോചിച്ചു.ആലോചന തന്നെ തന്നെ.മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നും,ചരിഞ്ഞും തിരിഞ്ഞും കിടന്നും, മുകളിലോട്ടും കിഴക്കോട്ടും നോക്കിയും-ആലോചന തന്നെ.ഒടുക്കത്തെ ആലോചന.
അന്ന് രാത്രി സമയം പതിനൊന്ന് മുപ്പതായപ്പോള്‍ രാമന് കര്‍ത്ത ഞെട്ടലോടെ അതിന്റെ കാരണത്തിലെത്തി ചേര്‍ന്നു.
‘ Permutation .. !! ’
അതെ.അതു തന്നെ.(അതിന്റെ മലയാളം അര്‍ത്ഥമൊന്നും ചോദിക്കരുത്. ‘രാമന് കര്‍ത്ത’ ഇംഗ്ലീഷിലും മലയാളത്തിലും ‘രാമന് കര്‍ത്ത’ എന്നു തന്നെയല്ലേ.അങ്ങനെയങ്ങ് കരുതിയാല്‍ മതി ഇതും.അല്ല പിന്നെ.)
സാവിത്രി ടീച്ചര്‍ പഠിപ്പിച്ചതുകൊണ്ട് മാത്രമാണ് രാമന് കര്‍ത്ത പ്ലസ്ടുവിന് മാത്തമാറ്റിക്സ് പാസ്സായത്.അത് ചരിത്രം.സാവിത്രി ടീച്ചര്‍ പെര്‍മ്യൂട്ടേഷനും കോമ്പിനേഷനും പഠിപ്പിക്കുമ്പോള്‍ രാമന് കര്‍ത്തയ്ക്ക് ആയിരം കണ്ണുകളും ആയിരം ചെവികളുമുണ്ടായിരുന്നു.മൂന്നാമത്തെ ബെഞ്ചില്‍ നാലാമതിരുന്നവന് വെളുത്ത പൊട്ടുകളുള്ള ചുവന്ന സാരിയും കറുത്ത ബ്ലൗസും ധരിച്ച സാവിത്രി ടീച്ചറിന്റെ കണ്ണിലെ തിളക്കം കണ്ട് കവിതകളെഴുതി.
അതെ.ഏത് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി ചോദിച്ചാലും രാമന് കര്‍ത്ത പച്ചവെള്ളം പോലെ പറയും പെര്‍മ്യൂട്ടേഷനും കോമ്പിനേഷനും എന്താണെന്ന്.എട്ടിന്റെ ഫാക്ടോറിയല്‍-‘നാല്പതിനായിരത്തി മുന്നൂറ്റിയിരുപത് ’-ഇങ്ങനെ നിലവിളിച്ചുകൊണ്ട് എത്രയോ സ്വപ്നങ്ങളില്‍ നിന്ന് രാമന് കര്‍ത്ത ഞെട്ടിയുണര്‍ന്നിരിക്കുന്നു.
എന്നാല്‍ തനിക്ക് പാട്ടെഴുതാന്‍ പറ്റാത്തതിന്റെ കാരണം പെര്മ്യൂട്ടേഷനാണ് എന്ന് രാമന് കര്‍ത്ത കണ്ടെത്തിയതിന്റെ കാരണം എന്തായിരിക്കും.അത് രാമന് കര്‍ത്തയോട് തന്നെ ചോദിക്കേണ്ടി വരും.
ചോദ്യം-‘മിസ്റ്റര്‍ രാമന് കര്‍ത്ത,താങ്കളുടെ പാട്ടുകള്‍ കേള്‍ക്കാതെ രണ്ട് മാസക്കാലം എങ്ങനേയോ തട്ടീം മുട്ടീം ജീവിച്ചുപോയ ഒരു പാവം ആരാധകനാണ് ഞാന്‍.എന്തുകൊണ്ടാണ് ആ അനുഗ്രഹീത തൂലികയില്‍ നിന്ന് പാട്ടുകളൊന്നും പിറക്കാതിരുന്നത്.?’
ഉത്തരം-‘മുത്ത്,ഖല്‍ബ്,ഫാത്തിമ,സുറുമ,കരള്‍-ആകെയുള്ള അഞ്ച് വാക്കുകള്‍ ഞാനെന്റെ പാട്ടുകളിലോരോന്നിലായി പരമാവധി (120 തവണ) ഉപയോഗിച്ചു കഴിഞ്ഞു.പെര്‍മ്യൂട്ടേഷന്‍ പ്രകാരം അഞ്ചിന്റെ ഫാക്ടോറിയല്‍ നൂറ്റിയിരുപത് ആണെന്നിരിക്കെ-എനിക്ക് ഈ വാക്കുകള്‍ കൂട്ടിവെച്ച് പുതിയൊരു കോമ്പിനേഷന്‍ സൃഷ്ടിക്കാന്‍ സാധ്യമല്ല.’
മനസ്സിലാകാത്തവര്‍ക്കായി ചുരുക്കി പറയുകയാണെങ്കില്‍-രാമന് കര്‍ത്തയുടെ പാട്ടിന്റെ സംഗതികളുടെ സ്റ്റോക്ക് തീര്‍ന്നു.പുതിയൊരു പാട്ടെഴുതാന്‍ രാമന് കര്‍ത്തയുടെ കൈയില്‍ ഭംഗി വാക്കുകളോ വിശേഷണങ്ങളോ -എന്നുമാത്രമല്ല ഒരു പുല്ലും തന്നെയില്ല.
അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം അതീവ സന്തോഷവാനായി രാമന് കര്‍ത്ത മുറിയില്‍ കയറി വാതിലടച്ചു.സീനെന്താണെന്നു വെച്ചാല്‍ രാമന് കര്‍ത്തക്ക് പാട്ടില്‍ ചേര്‍ക്കാന്‍ പുതിയ കുറച്ചു വാക്കുകള്‍ കിട്ടിയിരിക്കുന്നു.എഴുതിയും തിരുത്തിയും എഴുതിയും തിരുത്തിയും അന്ന് രാമന് കര്‍ത്ത ആറ് പാട്ടുകളെഴുതി.തീര്‍ന്നപ്പോഴേക്കും നേരം വെളുക്കാന്‍ തുടങ്ങിയിരുന്നു.ക്ഷീണിതനായി,സന്തോഷവാനായി രാമന് കര്‍ത്ത സുഖമായി ഉറങ്ങി.
ഠൗണ്‍ ഹാള്‍.വന്‍ജനാവലി തന്നെ എത്തിയിട്ടുണ്ട്.വേദിയില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രസംഗിക്കുന്നു.രാമന് കര്‍ത്ത ഡയസില്‍ പ്രസന്നവദനനായി തലയെടുപ്പോടെ ഇരിക്കുന്നു.മോഹന്‍ലാലിന്റെ ശബ്ദം -
‘മലയാള മാപ്പിളപ്പാട്ട് രംഗത്തെ സുല്‍ത്താന്‍,പാട്ടുകളുടെ കൂട്ടുകാരന്,നമ്മുടെ പ്രിയങ്കരന്‍,രാമന് കര്‍ത്തയുടെ പുതിയ കാസെറ്റ് ‘എന്റെ മൊഞ്ചത്തിക്ക് ’നിങ്ങളുടെ എല്ലാവരുടെയും അനുവാദത്തോടു കൂടി പ്രകാശനം ചെയ്തതായി ഞാന്‍ സന്തോഷപൂര്‍വ്വം അറിയിക്കുന്നു’
കാതടപ്പിക്കുന്ന കരഘോഷം.നിറകണ്ണുകളോടെ നന്ദിവാക്ക് പറയാന്‍ രാമന് കര്‍ത്ത എഴുന്നേല്ക്കുന്നു.ഒന്ന്..രണ്ട്..മൂന്ന്..മൂന്നേ മൂന്നടി നടന്നതും ആരുടേയോ കാലില്‍ തട്ടി കുരുങ്ങി രാമന് കര്‍ത്ത സ്റ്റേജിലേക്ക് നെഞ്ചും തല്ലി വീഴുന്നു.
‘അയ്യോ..!’-
രാമന് കര്‍ത്ത സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് കണ്ണും തിരുമ്മിയിരിക്കുമ്പോള്‍ മൊബൈല്‍ ഉറക്കെ കരയാന്‍ തുടങ്ങി.കേള്‍ക്കുന്നത് മൊബൈലിന്റെ റിമൈന്‍ഡര്‍ അലാറമാണ്.രാമന് കര്‍ത്ത ഫോണെടുത്തു നോക്കിയതും കട്ടിലില്‍ നിന്ന് ചാടിയെണ്ണീറ്റ് ഉടുതുണിപോലുമില്ലാതെ ബാത്ത്റൂമിലേക്കോടിയതും സെക്കന്റുകള്‍ക്കുള്ളില്‍ കഴിഞ്ഞു.
എന്താണ് സംഗതി.ഇന്ന് ഫെബ്രുവരി 17 ബുധനാഴ്ച-അവളുടെ പിറന്നാളാണ്.അവളെന്നു പറഞ്ഞാല്‍ ശശിധരന്റേയും മായയുടേയും രണ്ടാമത്തെ മകള്‍ മാളവിക എം.എസിന്റെ-അതായത് കഥാനായകന് രാമന് കര്‍ത്തയുടെ പ്രണയിനി മാളുവിന്റെ.(വീണ്ടും)അതായത് ഉടുതുണിപോലുമില്ലാതെ രാമന് കര്‍ത്ത ഓടിയ ദിവസം മാളവികയുടെ ഇരുപത്തിനാലാം ജന്മദിവസമായിരുന്നു.ഇതാണ് സംഗതി.
എന്നാല്‍ ഇതുമാത്രമല്ല സംഗതി.ആറുപാട്ടുകളെഴുതി ലേറ്റായി ഉറങ്ങിയ രാമന് കര്‍ത്ത എണ്ണീറ്റത് കാലത്തെ 9.15-നാണ്.മാളവികയെ കാണാനും പിറന്നാള്‍ സമ്മാനം കൊടുക്കാനും 9.45-ന് എത്താമെന്നേറ്റതാണ് രാമന് കര്‍ത്ത.അവര്‍ തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അറിഞ്ഞതു മൂലവും അതിനെ തുടര്‍ന്നുണ്ടായ പൊല്ലാപ്പുകള്‍ മൂലവും രാമന് കര്‍ത്തായും മാളവികയും തമ്മില്‍ കണ്ടിട്ട് നാല് മാസത്തിലേറേയായിരുന്നു.അതിനാല്‍ തന്നെ വളരെ നിര്‍ണ്ണായകമായ ഒരു മീറ്റിങ്ങാണ് രാമന് കര്‍ത്തയും മാളവികയും പിറന്നാള്‍ ദിനത്തില്‍ അതീവ രഹസ്യമായി പ്ലാന്‍ ചെയ്തിരുന്നത്.
എന്നാല്‍ പല്ലുതേപ്പും കുളിയും കഴിഞ്ഞു രാമന് കര്‍ത്ത പുറത്തിറങ്ങിയത് 9.30-നാണ്.കഴിച്ചില്ല,മുടി ചീകിയില്ല,ഷര്‍ട്ടിലെ ആറു ബട്ടണുകളില്‍ അഞ്ചാമത്തേത് ഇട്ടില്ല,സിബ് പകുതി അടച്ചില്ല-അങ്ങനെ രാമന് കര്‍ത്ത വീടിനു പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്ന് അമ്മയുടെ വിളി കേട്ടു.ശകുനത്തില്‍ വിശ്വാസമുള്ള രാമന് കര്‍ത്ത തറയില്‍ ആഞ്ഞു ചവിട്ടികൊണ്ട് തിരിഞ്ഞു നിന്നു.
അടുക്കള വശത്തു നിന്ന് രാമന് കര്‍ത്തയുടെ അമ്മയുടെ ശബ്ദം -
‘ടാ വരുമ്പോള്‍ ധന്യയില്‍ നിന്ന് കുറച്ചു സാധനങ്ങള്‍ വാങ്ങണം.ലിസ്റ്റ് ഡൈനിങ്ങ് ടേബിളിന്റെ മുകളിലിരുപ്പുണ്ട്.ആ പിന്നെ,അതിനടുത്തായി കറണ്ടു ബില്ലും വെച്ചിട്ടുണ്ട്.അതുകൂടി അടച്ചേക്കണം.’
വേണമെങ്കില്‍ ഇതൊന്നു ഗൗനിക്കാതെ രാമന് കര്‍ത്തക്ക് ഇറങ്ങി ഓടാമായിരുന്നു.പക്ഷെ രാത്രി അത്താഴം കിട്ടില്ല-എന്ന ഒറ്റ കാരണംകൊണ്ട് രാമന് കര്‍ത്ത അകത്തേക്ക് കയറി.
വീണ്ടും അമ്മയുടെ ശബ്ദം-
‘ടാ അവിടുന്ന് കുറച്ച് പഴയ പേപ്പറിങ്ങെടുത്തേ.കത്തിച്ച് വെള്ളം ചൂടാക്കാനാണ്.’
അങ്ങനെ പേപ്പറും കൊടുത്ത് വാങ്ങേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റും കറണ്ടു ബില്ലുമെടുത്ത് രാമന് കര്‍ത്ത പുറത്തേക്കിറങ്ങി.വിലപ്പെട്ട അഞ്ച് മിനുട്ടുകളാണ് രാമന് കര്‍ത്തക്ക് നഷ്ടമായത്.അതോര്‍ത്തുകൊണ്ട് രാമന് കര്‍ത്ത ബസ്റ്റോപ്പിലേക്ക് പാഞ്ഞു.
അത്യാവശ്യമായി എവിടെയങ്കിലും പോകാന്‍ ബസ്സു കാത്തു നില്ക്കുമ്പോള് നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു മാറ്റവുമില്ലാതെ സംഭവിക്കുന്ന സംഗതി ഇവിടെ രാമന് കര്‍ത്തയുടെ ജീവിതത്തിലും ആവര്‍ത്തിച്ചു.-ബസ്റ്റോപ്പിലെത്തിയ രാമന് കര്‍ത്തയുടെ മുന്നിലേക്ക് മരുന്നിനു പോലും ഒരു ബസ്സു വന്നില്ല.വെറുതെ നില്ക്കുമ്പോഴൊക്കെ അഞ്ച് സെക്കന്റിടവിട്ട് ബസ്സ് പോകുന്നതാണ്.അതല്ലേലും അങ്ങനെയാണല്ലോ.വിശന്നിരിക്കുമ്പോള്‍ ബിരിയാണി കിട്ടുകയുമില്ല,വയറിളക്കം പിടിച്ചു കിടക്കുന്ന ദിവസം അച്ഛന് ബിരിയാണി വാങ്ങിക്കൊണ്ട് വരികയും ചെയ്യും-രാമന് കര്‍ത്ത ഓര്‍ത്തു.
വന്നിട്ട് അഞ്ച് മിനിട്ടുകള്‍ കഴിയുന്നു.മാളവികയുടെ മൊബൈല്‍ ഫോണൊക്കെ വീട്ടില്‍ വാങ്ങി പൂട്ടിവെച്ചിരിക്കുകയാണ്.(സ്വാഭാവികം..പ്രണയം വീട്ടിലറിയുന്ന ദിവസം എല്ലാ പെണ്‍കുട്ടികളുടേയും മാതാപിതാക്കള്‍ ചെയ്യുന്ന സ്ഥിരം കലാപരിപാടി)അല്ലെങ്കില്‍ അവളെ വിളിച്ചെങ്കിലും അറിയിക്കാമായിരുന്നു.-
‘എടി പെണ്ണേ,പോയി കളയരുത്.നിന്റെ പ്രിയപ്പെട്ടവന് ബസ്സുകിട്ടാതെ ഏഴെട്ടു സ്റ്റോപ്പുകള്‍ക്കപ്പുറത്ത് പ്രാന്തായി നില്‍പ്പുണ്ട്.കുറച്ചു നേരം കൂടി കാത്തു നില്ക്കൂ.നിനക്ക് പിറന്നാള്‍ സമ്മാനവുമായി നിന്റെ രാമന് കര്‍ത്ത എത്തുന്നതായിരിക്കും.’
ഒടുവില്‍ ഏതെങ്കിലും വണ്ടിക്ക് ലിഫ്റ്റു ചോദിച്ചു പോകാന്‍ രാമന് കര്‍ത്ത തീരുമാനിച്ചു.ഈ ബുദ്ധി നിനക്ക് നേരത്തെ തോന്നാഞ്ഞതെന്തേ രാമന് കര്‍ത്ത..?പിരിമുറുക്കത്തില്‍ നില്ക്കുമ്പോഴോക്കെ നമ്മള് ആദ്യം മണ്ടത്തരങ്ങള്‍ പ്രവര്‍ത്തിക്കുകയും പിന്നീട് തലമണ്ട പ്രവര്ത്തിപ്പിക്കുകയുമാണല്ലോ ചെയ്യുന്നത്.ഈ പാവം രാമന് കര്‍ത്തയും നമ്മളിലൊരാള്‍ തന്നെ.
വന്ന ആദ്യത്തെ ബൈക്കിനു തന്നെ രാമന് കര്‍ത്ത കൈ കാണിച്ചു.അത് നിര്‍ത്താതങ്ങു പോയി.(ഈശ്വരാ,ഭഗവാനേ അയാള്‍ക്കു നല്ലതുമാത്രം വരുത്തണമേ..).ദേ വീണ്ടുമൊരു ബൈക്ക്.രാമന് കര്‍ത്ത കുറച്ചു കൂടി റോഡിലേക്കിറങ്ങി നിന്ന് കൈ കാണിച്ചു.ബൈക്കുകാരന് വേഗത കൂട്ടി പറപ്പിച്ചങ്ങുപോയി.
ഒന്നില്‍ പിഴച്ചാല്‍ മൂന്ന്-രാമന് കര്‍ത്ത പഴയ സിദ്ധാന്തമോര്ത്തു.അടുത്ത ബൈക്ക് എന്തായാലും നിര്‍ത്തുമെന്നും തനിക്ക് പറഞ്ഞ സമയത്തിനു തന്നെ എത്താന്‍ കഴിയുമെന്നും രാമന് കര്‍ത്ത കരുതി.വിചാരിച്ചപ്പോലെ അടുത്തതായി കൈ കാണിച്ച ബൈക്ക് കുറച്ചു മാറി ഒതുക്കി നിര്‍ത്തി.രാമന് കര്‍ത്ത ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ബൈക്കിനടുത്തേക്കോടി.(പിന്നെ ദൈവത്തിന് ഇവന്മാരൊക്കെ പറയുമ്പോ പറയുമ്പോ ബൈക്ക് നിറുത്തികൊടുക്കല്ലല്ലേ പണി.)
ബൈക്കില്‍ വന്നയാള്‍ ധരിച്ചിരുന്ന ഹെല്മെറ്റൂരി മുഴങ്ങികൊണ്ടിരുന്ന ഫോണെടുത്ത് സംസാരിച്ചു തുടങ്ങി.സംഗതി,ഫോണ്‍ വന്നപ്പോള്‍ അതെടുക്കാനായി അയാള്‍ ബൈക്ക് ഒതുക്കി നിര്‍ത്തിയതാണ്.ഇതൊന്നുമറിയാതെ ആക്രാന്തത്തോടെ ഓടി വന്ന രാമന് കര്‍ത്ത ‘അയ്യട’ എന്നായി.ദൈവം ചതിച്ചാശാനെ..!(അല്ലാ,ദൈവത്തിനോട് ബൈക്ക് നിര്‍ത്തണമെന്നല്ലേ പറഞ്ഞത്.അത് ദൈവം കേട്ടല്ലോ.ബൈക്ക് നിര്‍ത്തി കൊടുത്തില്ലേ.അതില്‍ കേറി പോകണമെന്ന കാര്യം നീ ദൈവത്തോട് പ്രാര്‍ത്ഥിച്ചോടാ മണുക്കൂസ് രാമന് കര്‍ത്ത?ഇല്ലല്ലോ..എന്നിട്ടവന്‍ പാവം ദൈവത്തിനെ കുറ്റം പറയുന്നു)
നിരാശനായി തിരിച്ചു നടന്ന രാമന് കര്‍ത്തയുടെ ഹൃദയത്തില്‍ നോക്കി കൊഞ്ഞനം കുത്തി കാണിച്ചുകൊണ്ട് ഒരു ബസ്സ് അപ്പോള്‍ കടന്നു പോയി.അതിന് രാമന് കര്‍ത്ത ആരേയും കുറ്റം പറഞ്ഞില്ല.ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ലെന്ന് രാമന് കര്‍ത്തയ്ക്ക് നന്നായി അറിയാം.കാരണം ഇനി ശേഷിക്കുന്ന അഞ്ചു മിനിട്ടുകള്‍കൊണ്ട് വിചാരിച്ച സ്ഥലത്ത് ഒരിക്കലും താന്‍ എത്തിച്ചേരുകയില്ല.അങ്ങനെ അഞ്ചു മിനിട്ടുകള്‍ കൂടി കഴിയുമ്പോള്‍ മാളവിക തന്നെ കാണാതെ കാത്തിരുന്നു മുഷിഞ്ഞു പോകുകയും ചെയ്യും.വീട്ടില്‍ വഴക്കൊക്കെയിട്ട് അമ്പലത്തില്‍ പോകണമെന്ന് കള്ളം പറഞ്ഞ് രാമന് കര്‍ത്തയെ കാണാന്‍ വന്നതാണ് പാവം.അവളറിയുന്നുണ്ടോ തന്റെ പ്രാണനായകന് ആറു പാട്ടുകളെഴുതി ഉറങ്ങിപോയെന്നും ഇപ്പോള്‍ ബസ്സ് കിട്ടാതെ അനാഥ പ്രേതം പോലെ അലയുകയുമാണ് എന്ന കാര്യം.
രാമന് കര്‍ത്താ താടിക്കു കൈയും കൊടുത്തു ബസ്സ്റ്റോപ്പിലിരുന്നു.അതേ സമയത്ത് ഒരു ബസ്സു വന്നു.അയാള്‍ കയറിയില്ല.പതിനാറു ബൈക്കുകള്‍ കടന്നു പോയി.അയാള്‍ കൈകാണിച്ചില്ല.രാമന് കര്ത്തയ്ക്കറിയാം താനിനി വിമാനം പിടിച്ചു പോയാലും അവളെ കാണാന്‍ പറ്റില്ല എന്ന്.
പക്ഷെ പെട്ടെന്നൊരു നിമിഷം,രാമന് കര്‍ത്തയുടെ മുന്നില്‍ മഴവില്‍ ചിറകുകളുള്ള ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.രാമന് കര്‍ത്ത അത്ഭുതപ്പെട്ടില്ല എന്ന്മാത്രമല്ല മാലാഖയെ ഒന്ന് മൈന്‍ഡ് ചെയ്യുകകൂടി ചെയ്തില്ല.ഇതൊക്കെക്കണ്ടിട്ടും ചിരിച്ചുകൊണ്ടു തന്നെ മാലാഖ രാമന് കര്ത്തയൊട് സംസാരിച്ചു തുടങ്ങി.
‘Buddy,വിച്ച് ഈസ് യുവര്‍ ബ്ലെഡ് ഗ്രൂപ്പ്?’
‘ബി പോസിറ്റീവ് ’
‘എങ്കില്‍ നിന്റെ ആറ്റിറ്റിയൂഡും അങ്ങനെ തന്നെയാകണം.നിന്നെ കാണാത്തപ്പോള്‍ ഒരു പത്തുമിനിട്ടു കൂടി കാത്തിരിക്കാമെന്ന് മാളവിക കരുതിയിട്ടുണ്ടാകുമെങ്കിലോ.അതൊരു പോസിബിലിറ്റി അല്ലേ.നിരാശനാകാതെ മുന്നോട്ടു തന്നെ പോകൂ കുഞ്ഞേ..All the best Buddy’
മാലാഖ എപ്പോഴത്തേതും പോലെ പുകച്ചുരുളുകള്‍ക്കുള്ളില്‍ അപ്രത്യക്ഷയായി.എന്നാല്‍ മാലാഖയുടെ വാക്കുകളില്‍ നിന്നു കിട്ടിയ ഊര്‍ജം രാമന് കര്‍ത്തയെ ഉത്സാഹത്തിലേക്കുണര്ത്തി.
ബസ്സ്റ്റോപ്പില്‍ നിന്ന് ചാടിയെണ്ണീറ്റ രാമന് കര്‍ത്ത അടുത്ത വന്ന ബസ്സില്‍ തന്നെ കയറി.ബസ്സിലിരിക്കുമ്പോഴും ബസ്സിറങ്ങി തമ്മില്‍ കാണാമെന്നേറ്റ സ്ഥലത്തേക്ക് നടക്കുമ്പോഴും രാമന് കര്‍ത്ത വിശ്വസിച്ചത് മാളവിക അവിടെ തന്നെയുണ്ടാകും എന്നുതന്നെയാണ്.എന്നാല്‍ അതുമാത്രം ഉണ്ടായില്ല.കാത്തിരുന്നു കാത്തിരുന്നു മാളവികപോയികഴിഞ്ഞിരുന്നു.രാമന് കര്‍ത്ത നേരത്തെ കണ്ട മാലാഖയെ കുറിച്ചോര്‍ത്തു.
ഒടുവില്‍ അതു മാലാഖയല്ലെന്നും ചെകുത്താന് മാലാഖയുടെ രൂപത്തില്‍ വന്നതാണെന്നും രാമന് കര്‍ത്താ സ്വന്തം മനസ്സിനെ പറഞ്ഞ് ബോധ്യപ്പെടുത്തി.
അതിനു ശേഷം രാമന് കര്‍ത്താ പോസ്റ്റോഫീസിലേക്കും ഇലക്ട്രിസിറ്റി ആഫീസിലേക്കും പോയി.
ഇനി നമുക്ക് നൂറ് ഗ്രാം വെളുത്തുള്ളിയിലേക്ക് തിരിച്ചു വരാം.രാമന് കര്ത്തയിപ്പോള് അമ്മ വാങ്ങാന്‍ പറഞ്ഞ സാധനങ്ങളുടെ ലിസ്റ്റ് വായിക്കുകയാണ്.
‘100 ഗ്രാം വെളുത്തുള്ളി,രണ്ട് കിലോ പച്ചരി..’-താന്‍ സാധനങ്ങളുടെ ലിസ്റ്റ് വായിച്ചിട്ടും കടക്കാരന് എന്താണ് റെസ്പോണ്ട് ചെയ്യാത്തത്-രാമന് കര്‍ത്ത ലിസ്റ്റില്‍ നിന്നും കണ്ണെടുത്തു.
‘ഞാന്‍ താങ്കളോട് നൂറ് ഗ്രാം വെളുത്തുള്ളി തരാനാണ് പറഞ്ഞത്.അതിനെന്തിനാണ് പന്തം കണ്ട പെരുച്ചാഴീനെപോലെ താന്‍ എന്നെ ഇങ്ങനെ നോക്കുന്നത്.ഞാന്‍ വെളുത്തുള്ളി..വെളുത്തുള്ളി.. എന്നല്ലേ പറഞ്ഞേ.അക്ഷരമൊന്നും മാറിപോയിട്ടില്ലല്ലോ.നൂറ് ഗ്രാം വെളുത്തുള്ളിയെടുക്ക് മനുഷ്യാ.എനിക്ക് പോയിട്ട് ഇമ്മിണി പണിയുണ്ട്.’
ഇത് കേട്ടു നിന്നയാള്‍ തെറി വിളിച്ചതില്‍ അത്ഭുതപ്പെടാനില്ല.കാരണം മാലാഖയേയും മാളവികയേയും ഓര്‍ത്തുകൊണ്ട് സൂപ്പര്‍മാര്‍ക്കറ്റാണെന്ന് കരുതി രാമന്‍കര്‍ത്ത ചെന്നുകയറിയത് ഇലക്ട്രിസിറ്റി ആഫീസിലെ കൗണ്ടറിനു മുന്നിലേക്കാണ്. (courtesy: ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന് - വടക്കു നോക്കി യന്ത്രം) എന്നാല്‍ അത് മനസ്സിലാക്കാന്‍ കാഷ്വര്‍ ചേട്ടന്റെ നാല് പുളിച്ച തെറിയും നീട്ടിയുള്ളരാട്ടും വേണ്ടി വന്നു എന്നു മാത്രം.
അബദ്ധം മനസ്സിലാക്കിയ രാമന് കര്‍ത്ത കറണ്ട് ബില്ല് പോക്കറ്റില്‍ തപ്പി.തപ്പലോട് തപ്പല് കഴിഞ്ഞിട്ടും കറണ്ട് ബില്ല് കിട്ടിയില്ല.ക്യൂവില്‍ നിന്ന മറ്റുള്ളവര്‍ ചീത്തവിളിക്കാന്‍ ആരംഭിച്ചപ്പോള്‍ രാമന് കര്‍ത്ത പതുക്കെ ക്യൂവില്‍ നിന്നിറങ്ങി പുറത്തേക്ക് നടന്നു.
‘എന്നാലും പോക്കറ്റില്‍ വെച്ച കറണ്ട് ബില്ലെവിടെ പോയി..’-രാമന് കര്‍ത്ത തലപുകഞ്ഞു.
നടന്നതെന്താണെന്നു വെച്ചാല്‍-ഇന്നലെയെഴുതിയ ആറുപാട്ടുകള്‍ സത്യം ആഡിയോസിന് അയച്ചുകൊടുക്കാന്‍ പോസ്റ്റാഫിസില്‍ പോയ രാമന് കര്‍ത്ത ബോധമില്ലാതെ കവറില്‍ വെച്ച് അയച്ചത് അവരുടെ ഈ മാസത്തെ കറണ്ട് ബില്ലായിരുന്നു.എന്നിരിക്കിലും ഒരു ചോദ്യം കൂടി ബാക്കിയാണല്ലോ.എങ്കില്‍ രാമന് കര്‍ത്തായുടെ വിലപ്പെട്ട ആറ് കവിതകള്‍-അതെവിടെ പോയി.
അതിപ്പോള്‍ ഒരു പിടി ചാരമായിട്ടുണ്ടാകും.
വെള്ളം ചൂടാക്കാന്‍ കുറച്ച് കടലാസ് കൊടുക്കാന്‍ രാമന് കര്‍ത്തയുടെ മാതാശ്രീ പറഞ്ഞത് ഓര്‍ക്കുന്നില്ലേ.ധൃതിയില്‍ വീട്ടില്‍ നിന്നിറങ്ങാന്‍ നിന്ന രാമന് കര്‍ത്ത കൊണ്ടു കൊടുത്ത പേപ്പര്‍ വേറെ ഒന്നുമായിരുന്നില്ല-വെളുക്കുവോളമിരുന്ന് ഉറക്കമുളച്ച് എഴുതിയുണ്ടാക്കിയ പാട്ടുകളായിരുന്നു.
അങ്ങനെ പാട്ടും പോയി പെണ്ണും പോയി രാമന് കര്‍ത്തയുടെ കിളിയും പോയി.
( വെളുത്തുള്ളി-മാപ്പിളപ്പാട്ട്-കാമുകി ഇത് മൂന്നിനേയും ബന്ധപ്പെടുത്തി ഒരു കഥയെഴുതാമോ എന്നൊരു ചങ്ങായി ചോദിച്ചു.നമ്മളോടാ കളി..ഇന്നാ പിടിച്ചോ.. )
NB :
Permutation - In mathematics,
the notion of permutation is used with several slightly different meanings, all
related to the act of permuting (rearranging) objects or values. Informally, a
permutation of a set of objects is an arrangement of those objects into a
particular order. For example, there are six permutations of the set {1,2,3},
namely (1,2,3), (1,3,2), (2,1,3), (2,3,1),
(3,1,2), and (3,2,1).
16 comments:
super da kalakki :)
as usual kalakkiii ... :)
Oh!mahataya a 6 kavitakalude nashtam malayala kavitha lokam engane sahikkum?
Raman kartaye kuttam parayunna koottatil mohanlal enna peru valichazachatozichal e write upum enikishtapettu..
Nice one..
Keep it up bhai
Kollaam...:)
kidu chettaa....... ee veluthulli-mappilappattu-kamuki ith 3um thammil ithrayere bandhamundennu ipol manassilaayii.....:D. ennaalum oru samshayam sathyathil (kamukiyude vishayathil) swantham anubhavamaanoo ezhuthiyath....??....:P entammmooooo..... ningade kazhiv,,......:o
Kalakki... idakkulla athmagatham kurach lagging undakkiyennu thonnichenkilum athinte thudarcha kond athine compensate cheyyaan kazhinju... overall very interesting...
The Megastar
hahaha kalakki machu ..:)
super...........
daaa kalakkiiiii.............
super mattettooo super :-D
'Permutation .. !!' kalakki :-)
......superb!!!!! twist nannayi
superb
kalakki mattetta :-)
Thakarppan bhai! keep it up!
Vayikkaan alpam vaiki..ennalum blog'kalil oronnayi ingane karangi nadakkumbol sraddhayil pettathaanu.Kollaam... :)
Post a Comment