Monday, December 25, 2017

ഹംപി: അതിശയങ്ങളുടെ പറുദീസ, സങ്കടങ്ങളുടേയും..


'എടിയേ ഇങ്ങനെയാണെങ്കില്‍ അടുത്ത ട്രിപ്പിന് നിന്നെ കൂട്ടില്ല കേട്ടോ.'

പിന്നല്ലാതെ, ദേഷ്യം വരൂല്ലേ. കാറില്‍ കയറിയതു മുതലുള്ള സംസാരമാണ്, കലപിലകലപിലാന്ന്. ബേലും ഗുഹകള്‍ എന്റെ പാതിയെ ശരിക്കും പിടിച്ചുകുലുക്കിയിട്ടുണ്ട്. ഗുഹയില്‍ കണ്ട അത്ഭുതങ്ങളാണ് അവളുടെ വാക്കുകള്‍ നിറയെ. ഹംപിയെത്താന്‍ വൈകുന്നേരമാകും. അതുവരെയിങ്ങനെ സംസാരിച്ചിരിക്കുകയേ നിവര്‍ത്തിയുള്ളൂ.

കര്‍ണ്ണാടകയുടെ അതിര്‍ത്തി ജില്ലയായ ബെല്ലാരി ഠൗണിലെ തിരക്കില്‍ കുരുങ്ങാതെ രക്ഷപ്പെടാന്‍ ബേലും കേവില്‍ നിന്ന് ഗൂട്ടി - ഗുണ്ടക്കല്‍ വഴിയായിരുന്നു ഹംപിയിലേക്കുള്ള യാത്ര. കഴിഞ്ഞ ദിവസത്തെ 'ആന്ധ്രാ' കാഴ്ചകളില്‍ മനസ്സിനെ തണുപ്പിച്ച കൃഷിയിടങ്ങളും ഹരിതാഭയുമാണ് നിറഞ്ഞതെങ്കില്‍, ഇന്ന് അതിന് മറ്റൊരു മുഖമാണ്. അതത്ര സുഖമുള്ള കാഴ്ചയുമായിരുന്നില്ല. ചിരട്ടകൊണ്ട് മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ പ്രകൃതി തീര്‍ത്ത മലകളാണ് റോഡിനിരുവശത്തും. വലിയ പാറകളും കല്ലുകളും അലസമായി ചിതറി കിടക്കുകയാണ് നിറയെ. അടുത്ത കാലത്തെങ്ങും നല്ല മഴപെയ്ത ലക്ഷണങ്ങളൊന്നും തന്നെയില്ല. പക്ഷെ മനസ്സിലുണ്ടാക്കിവെച്ച മണ്ണപ്പങ്ങള്‍ ഓരോന്നും തകരുന്ന കാഴ്ചകളായിരുന്നു മുന്നോട്ടു പോകുന്തോറും. മനുഷ്യനും അവന്റെ യന്ത്രകൈകളും ചേര്‍ന്ന് മലകളുടെ പള്ളയില്‍ ഞെരിച്ച് പൊട്ടിക്കുകയാണ്. വഴിയില്‍ നിറയെ പൊടി നിറയുന്നു. ഇപ്പോള്‍ ആ വഴിയില്‍ കൂടി പോകുന്ന 'സഞ്ചാരികള്‍' ഞങ്ങള്‍ മാത്രമായിരിക്കും. പലവലിപ്പത്തിലുമുള്ള ലോറികള്‍ ഞങ്ങളെ കടന്നു പോകുന്നുണ്ട്. പാറ കഷ്ണങ്ങളും ഗ്രാനൈറ്റ് പാളികളുമാണ് അതില്‍ നിറയെ. റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങള്‍ അപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത്. എല്ലാ കെട്ടിടങ്ങളുടേയും നിര്‍മ്മാണം ഈ ഗ്രാനൈറ്റ് കല്ലുകള്‍ അടുക്കിയാണ്. വീടുകളും ചുറ്റുപാടും എന്തിന് ബസ്റ്റോപ്പുകള്‍ വരെ ഗ്രാനൈറ്റ് അലങ്കാര പണികളില്‍ തിളങ്ങി നില്‍ക്കുന്നു. നിരവധി ഗ്രാനൈറ്റ് കട്ടിംഗ് ഫാക്ടറികളും പരിസരങ്ങളിലുണ്ട്. കാഴ്ചയില്‍ ചെറിയ കുന്നുകള്‍ പോലെ തോന്നിക്കുമെങ്കിലും അവിടെ കൂട്ടിയിട്ടിരിക്കുന്നത് മുഴുവന്‍ ഗ്രാനൈറ്റ് അവശിഷ്ടങ്ങളാണ്. കിലോമീറ്ററുകളോളം ആ 'ഭീകര' കാഴ്ചയും ഒച്ചയും ഞങ്ങളെ പിന്‍തുടര്‍ന്നു.

ദൂരെ മാനം തൊട്ടു , മേനിയില്‍ ഇടവിട്ട് ചോപ്പും വെള്ളയും ചായം പൂശി സുന്ദരികളായി നില്‍ക്കുന്ന പുക കുഴലുകള്‍ കണ്ടു തുടങ്ങുന്നു. കശുവണ്ടി ഫാക്ടറികളുടെ നാട്ടില്‍ നിന്ന് (ഇപ്പോള്‍ കുറച്ച് ക്ഷീണമാണെന്നാലും..) വരുന്ന നമ്മളിതൊക്കെ എത്ര കണ്ടേക്കുന്നു. ബിര്‍ലാ ഗ്രൂപ്പിന്റെ അള്‍ട്രാ ടെക് സിമെന്റ് ഫാകറിയാണത്. വിസ്തരിച്ചങ്ങനെ കിടക്കുന്നു. പുറത്ത് വെയിലിന്റെ കാഠിന്യം ഏറുന്നതിനനുസരിച്ച് ഞങ്ങളുടെ ആമാശയത്തിലും 'പ്രക്ഷോഭങ്ങള്‍' ആരംഭിച്ചിരിക്കുന്നു. കുറേ ഫാക്ടറികള്‍ ഉണ്ടെന്നല്ലാതെ വിശപ്പിനെ തളയ്ക്കാനുള്ള കടകളൊന്നും ആ പരിസരത്തില്ല. കിലോമീറ്ററുകള്‍ക്കകലെയുള്ള 'ബെല്ലാരി'യിലാണ് ഏക പ്രതീക്ഷ.

ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. വലതു വശത്ത് മലമുകളില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്ന കോട്ടമതില്‍ കാഴ്ചയിലേക്കെത്തി. വിശപ്പിന് ആ കാഴ്ച ചെറിയൊരു ഇന്റര്‍വെല്ലിട്ടു. പ്രസിദ്ധമായ 'ഗൂട്ടി കോട്ട'യാണത്. കോട്ട മേടകളും മതിലും കുറേയേറെ നശിച്ചുപോയിട്ടുണ്ട്. രാജ്യത്തെ ചുറ്റിയുള്ള സംരക്ഷണകവചമായിരുന്നിരിക്കണം. അത് എത്ര യുദ്ധങ്ങള്‍ക്ക് ചിലപ്പോള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടാകും. കല്ലുകള്‍ ഇത്രയും ഉയരത്തിലെത്തിച്ച് കൃത്യമായ ആകൃതിയില്‍ ഇതൊക്കെ എങ്ങനെയാകും ഉണ്ടാക്കിയിട്ടുണ്ടാവുക?  കൊച്ചി മെട്രോയുടെ തൂണുങ്ങള്‍ എങ്ങനെ കൃത്യമായി അടുക്കി വെച്ചിരിക്കുന്നു എന്നത് തന്നെ അതിശയമായി കാണുന്ന ഞാനൊക്കെ ഇതൊക്കെ കണ്ട് 'പകച്ചു പോയി' എന്ന് തന്നെ പറയേണ്ടി വരും. സന്ധ്യയ്ക്ക് മുന്‍പ് ഹംപിയില്‍ കൂട് കൂട്ടേണ്ടതുകൊണ്ടും പുറത്ത് അതുഗ്രന്‍ ചൂടായത്‌കൊണ്ടും ഗൂട്ടി ഫോര്‍ട്ടിന് 'ലോഗ് ഷോട്ടി'ലൊരു സലാം നല്‍കി ഞങ്ങളുടെ കാര്‍ യാത്ര തുടര്‍ന്നു.

ബെല്ലാരി ഠൗണ്‍ തൊടാതെ ഗൂഗിള്‍ ചേച്ചി കാണിച്ചു തന്ന വഴി അബദ്ധമായോ? കര്‍ണ്ണാടക അതിര്‍ത്തിയോടടുക്കുംതോറും റോഡ് വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. അത് മാത്രമല്ല, പലയിടത്തും റോഡ്പണി തകിര്‍തിയായി നടക്കുന്നു. അത്ര ചെറുതല്ലാത്ത 'കുരുക്കില്‍'പ്പെട്ടു എന്ന് തന്നെ പറയാം. എന്തായാലും ഉച്ച കഴിഞ്ഞതോടെ ബെല്ലാരി തൊട്ടു. അവിടെയും ഒരു തിരിച്ചടി കിട്ടി. യാത്ര ഠൗണിന്റെ പ്രാന്തപ്രദേശങ്ങളിലൂടെയായതുകൊണ്ട് മരുന്നിനു പോലും ഒരു നല്ല ഹോട്ടല്‍ കണ്ടെത്താനായില്ല. ആമാശയത്തില്‍ ആളി കത്തുന്ന 'പ്രക്ഷോഭം' ശാന്തമായി പര്യവസാനിപ്പിക്കാന്‍ ഇനി ഹംപി എത്തിയേ നിര്‍വ്വാഹമുള്ളൂ.

കര്‍ണ്ണാടക ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ 'ഹോട്ടല്‍ മയൂര ഭുവനേശ്വരി' നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു (വിശാല മനസ്‌കയായ 'മേയ്ക്ക് മൈ ട്രിപ്പ്' ഓഫര്‍ തന്ന് കനിഞ്ഞതുകൊണ്ട് രണ്ട് ദിവസത്തേക്ക് നല്ല രണ്ട് റൂമുകള്‍ താങ്ങാവുന്ന കാശിന് കിട്ടി). ഹംപിക്കടുത്തുള്ള കമലാപൂരിലാണ് ഹോട്ടല്‍. വൈകുന്നേരം 5.30 കഴിഞ്ഞ് ഹോട്ടലിലെത്തി. ഹംപിയില്‍ കാണേണ്ടുന്ന പ്രധാന സ്ഥലങ്ങളൊക്കെ വൈകുന്നേരം 5 മണിയോടെ പൂട്ടികെട്ടും. പിന്നെ ഈ 'അസമയത്ത്' പോകാന്‍ പറ്റിയ സ്ഥലം ഇപ്പോഴും സജീവമായി ആരാധനയും പൂജയുമൊക്കെ നടക്കുന്ന 'വിരുപക്ഷ' ടെമ്പിളാണ്. സാധനസാമഗ്രികളൊക്കെ റൂമിലാക്കി റെസ്റ്റോറന്റില്‍ എന്തേലുമുണ്ടേല്‍ അതും വാങ്ങി തട്ടി നേരെ വിരുപക്ഷ ദര്‍ശനമായിരുന്നു പ്ലാന്‍. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. റസ്റ്റോറന്റിലെ പ്രധാന ഐറ്റംസൊക്കെ തീര്‍ന്നിരിക്കുന്നു. ഇനി അത്താഴത്തിനേ ഉള്ളൂ. അതാണേല്‍ 8 മണിയാകുമത്രേ. ആകെ ഉള്ളത് 'ഒണിയന്‍ പക്കോഡ' യും (മ്മടെ ഉള്ളി വട) ഫിംഗര്‍ ചിപ്പ്‌സും ആണ്. ആ..എന്നാ പിന്നെ ഓരോന്നും രണ്ട് പ്ലേറ്റ് വീതം പോരട്ടെ എന്ന് പറഞ്ഞു. നിമിഷനേരംകൊണ്ട് അതും തട്ടി കോഫീയും കുടിച്ച് ഇരിക്കുമ്പോള്‍ ദേ ബില്ലുമെത്തി. ഏടഠ ഭൂതം ഞങ്ങളെ വിട്ട് പോകുന്ന ലക്ഷണമില്ല. രൂഫാ 500 ക. പോയി കിട്ടി.

ഹോട്ടലില്‍ നിന്ന് നാല് കിലോമീറ്ററിലേറെ ദൂരമുണ്ട് വിരുപക്ഷ ടെമ്പിളിലേക്ക്. വഴി വിളക്കുകളുടെ കാരുണ്യത്തില്‍ റോഡിനിരുവശത്തും മഹാസാമ്രാജ്യത്തിന്റെ ശേഷിപ്പുകള്‍ മിന്നി മായുന്നത് കണ്ടു. പകല്‍ വെളിച്ചത്തില്‍ അവ ഓരോന്നും നെഞ്ചോട് ചേര്‍ത്ത് പുണരണം- കൊതിയായി. പാര്‍ക്കിംഗ് ഏരിയായില്‍ വളരെ കുറച്ച് വാഹനങ്ങളെ ഉണ്ടായിരുന്നുള്ളൂ. അതിന് മുന്നിലാണ് ബസ്റ്റാന്റ്. ഹംപി വരുന്നവര്‍ക്ക് ഇവിടം വരെ ബസ്സില്‍ എത്താന്‍ കഴിയും. കാര്‍ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ വിരുപക്ഷനടുത്തേക്ക് നടന്നു. ദൂരെ നിന്ന് തന്നെ 'ത്രികേണാകൃതി'യിലുള്ള ഗോപുരം കാണാമായിരുന്നു. നടക്കുന്ന വഴിക്കരികിലും അകലെയുമായി കാഴ്ചകള്‍ ഇരുളിലൊളിച്ച് കളിക്കുന്നുണ്ട്. അരികിലേക്കെത്തുംതോറും ഗോപുരം വലുതായി വരുന്നു. ഗോപുരത്തെ പൊതിഞ്ഞ് നിറയെ 'ഇണചേര്‍ന്നു' നില്‍ക്കുന്ന ഇരുമ്പ് കമ്പികളാണ്. അവിടെ പെയിന്റിഗ് കലാപരിപാടി നടക്കുകയാണെന്ന് തോന്നുന്നു. പ്രവേശന കവാടം ഒരു ഒന്നൊന്നര കവാടം തന്നെയാണ്. എന്തൊരു പൊക്കമാണ് ഇഷ്ടാ. വാതിലിനരികില്‍ കുറച്ച് കച്ചവടക്കാര്‍ പൂവും മറ്റും വില്‍ക്കുന്നുണ്ട്. ചതുരാകൃതിയിലുള്ള വലിയൊരു തളത്തിലേക്കാണ് വാതില്‍ കടന്ന് ചെല്ലുന്നത്. അത് കഴിഞ്ഞാണ് അമ്പലത്തിലേക്കുള്ള പ്രവേശന പാത. പെട്ടെന്നാണ് തീരെ പ്രതീക്ഷിക്കാത്ത അതിഥിയെ പോലെ മഴ എത്തിയത്. പുതുമഴയാണെന്ന് തോന്നുന്നു. നല്ല മണ്ണിന്റെ മണം. ആഹഹാ..!നാട്ടിലെ മഴ ഞങ്ങളുടെ കൂടെയിങ്ങ് വന്നെന്ന് തോന്നുന്നു. വലതു വശത്തായി നീളത്തില്‍ ഒരു കല്‍മണ്ഡപമുണ്ട്. നനയാതിരിക്കാന്‍ ഞങ്ങള്‍ അതിന്റെ തിണ്ണയില്‍ കയറി ഇരിപ്പുറപ്പിച്ചു. കുറച്ച് തീര്‍ത്ഥാടകര്‍ നേരത്തെ തന്നെ അവിടെ സ്ഥലം കൈയേറിയിട്ടുണ്ട്. ചിലര്‍ നല്ല സുഖനിദ്രയിലാണ്. അടുത്തുള്ള തൂണിലൊക്കെ എന്തൊക്കെയോ കൊത്തുപണികളുണ്ട്. ഒന്നും വ്യക്തമല്ല (പിന്നെ.. വെട്ടം ഉണ്ടായിരുന്നേല്‍ അങ്ങ് മനസ്സിലാക്കി മല മറിച്ചേനേ എന്നായിരിക്കും). നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിവാരകമ്പടിയോടെ രാജാധിരാജന്‍ കൃഷ്ണദേവരായര്‍ വിരുപക്ഷനെ കാണാന്‍ ഞങ്ങള്‍ക്ക് മുന്നിലുള്ള ഈ അകത്തളത്തിലൂടെയല്ലേ പോയിട്ടുണ്ടാവുക. വെറുതെ ഒന്നു ആലോചിച്ചു. ഒരു ടൈം മെഷിന്‍ ഉണ്ടായിരുന്നെങ്കില്‍. എന്ത് രസായിരുന്നേനെ. അങ്ങനെയോരോ പ്രാന്തുകള്‍ ആലോചിച്ചും പറഞ്ഞുമിരുന്ന് മഴയും അതിന്റെ പാട്ടിന് പോയി സമയവും കുറേയായി. 'നാളെ കാണാം' എന്ന് വാക്കുംകൊടുത്ത് ഞങ്ങളവിടുന്ന് ഇറങ്ങി.

(Virupaksha Temple)
Photo © Nithesh Suresh
'മയൂര ഭുവനേശ്വരി'യില്‍ തിരിച്ചെത്തി, വേറെ നിവര്‍ത്തിയൊന്നും ഇല്ലാത്തതുകൊണ്ട് അവിടുന്ന് തന്നെ ഫുഡും കഴിച്ച് (1000 ക. സ്വാഹാ) വിശ്രമിക്കാനായി കൂട്ടില്‍ കയറി. യാത്ര തിരിക്കുന്നതിനു മുന്‍പ് തന്നെ ഹംപി 'ശരിക്കും' കണ്ട് മനസ്സിലാക്കാന്‍ ഒരു ഗൈഡിനെ തരപ്പെടുത്തിയിരുന്നു (ടൂര്‍ കോ-ഓര്‍ഡിനേറ്ററുടെ ദീര്‍ഘവീക്ഷണം - ചുമ്മാ തള്ള്). പുള്ളിക്കാരന്‍ കാലത്ത് 8.30ന് എത്തും. അപ്പോള്‍ നല്ലപോലൊന്ന് ഉറങ്ങാന്‍ സമയമുണ്ട്. ഉറങ്ങിയേക്കാം.

കാലത്ത് എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്ന് ബാക്കിയുണ്ടായിരുന്ന ബ്രഡും ജാമുംകൊണ്ട് വിശപ്പിനെ സമാധാനിപ്പിക്കുക എന്നതായിരുന്നു. അപ്പോള്‍ പിന്നെ ഹോട്ടലുകാരുടെ 'പിഴിയലില്‍' നിന്നൊരു ആശ്വാസം കിട്ടുമല്ലോ. ഭക്ഷണകാര്യത്തിലെ 'വിലക്കയറ്റം' മാറ്റി നിര്‍ത്തിയാല്‍ 'മയൂര ഭൂവനേശ്വരി' അടിപൊളിയാണ്. ഒരു ചതുരപ്പെട്ടി കമഴ്ത്തിവെച്ചതുപോലൊരു ഹോട്ടല്‍. നീല നിറത്തില്‍ വരിവരിയായി അടുക്കിയ തൂണുകള്‍ നിറയുന്ന ഇടനാഴി. ഇടനാഴിക്ക് ഇരുവശങ്ങളിലുമായി സന്ദര്‍ശകര്‍ക്കായുള്ള മുറികള്‍. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ താമസിച്ചിരുന്ന മുറിക്കാണ് (പ്രസിഡന്റ്ഷ്യല്‍ സ്യൂട്ട്) ഏറ്റവും കൂടുതല്‍ വാടക. റെസ്റ്റോറന്റിനരികെ 'ആവശ്യക്കാര്‍ക്ക്' വേണ്ടി ചെറിയൊരു 'ബാര്‍ളി വെള്ളം' വില്‍ക്കുന്ന ഇടം. റെസ്റ്റോറന്റിനപ്പുറത്തായി പുറത്ത് മനോഹരമായി ഒരുക്കി വെച്ചിരിക്കുന്ന പുല്‍പാതയും ഇരിക്കാനുള്ള സൗകര്യങ്ങളും. 8.30 ന് തന്നെ (കൃത്യനിഷ്ട വിട്ടൊരു കളിയില്ല) റെഡിയായി ഞങ്ങള്‍ ഹോട്ടലിന് പുറത്തെത്തി. ഗൈഡേട്ടന്‍ പക്ഷേ പറഞ്ഞതിലും പത്ത് മിനുട്ട് വൈകിയാണ് എത്തിയത്. കഴിഞ്ഞ ദിവസം ഞങ്ങള്‍ കോണ്‍ടാക്ട് ചെയ്ത ആളായിരുന്നില്ല അത്. പുള്ളിക്കാരന് എന്തോ അസൗകര്യം, മറ്റൊരാളെയാണ് വിട്ടത്. ഇന്നത്തെ വഴികാട്ടിയുടെ പേര് രവികുമാര്‍, കമ്പനി അംഗീകൃത ടൂറിസ്റ്റ് ഗൈഡ്.

ഇന്ന് പോകുന്ന സ്ഥലങ്ങളുടെ 'ഭൂപടം' ഗൈഡേട്ടന്‍ ഞങ്ങളെ കാണിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന നിമിഷങ്ങള്‍ ഇതാ വരാന്‍ പോകുന്നു എന്ന് കാര്യം ഞാന്‍ മനസ്സിലാക്കി. അത് മറ്റൊന്നുമല്ല.. ചരിത്രം..! കാണ്ഡം കാണ്ഡമായി കിടക്കുന്ന ചരിത്രം. പത്താംക്ലാസ്സില്‍ വെച്ച് 'ബൈ ബൈ' പറഞ്ഞതാണ് ഹിസ്റ്ററി എന്ന വിഷയത്തോട്. വര്‍ഷങ്ങളോര്‍ത്തിരിക്കാനും പേരുകളൊക്കെ ക്രമമായി അടുക്കിവെച്ച് പഠിക്കാനും എന്റെ തലച്ചോറിനെന്തോ വല്യ താല്‍പ്പര്യമൊന്നുമില്ലായിരുന്നു. ചരിത്രം ഉറങ്ങുന്ന ഹംപിയിലേക്കുള്ള യാത്ര തീരുമാനിക്കുമ്പോഴും എന്നെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം എന്റെ ഈ 'അറിവില്ലായ്മ' തന്നെയായിരുന്നു. അതുമാത്രമല്ല, ചരിത്രത്തില്‍ താല്‍പ്പര്യമില്ലാത്ത മണുക്കൂസുകളൊന്നും ഹംപിയില്‍ പോയിട്ട് യാതൊരു കാര്യോല്ല, ഹംപി ഇഷ്ടപ്പെടാനേ പോകുന്നില്ല - എന്നൊക്കെ ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍ മുന്നറിയിപ്പ് തന്നിരുന്നു. യ്യോ.. പട്ടി ചന്തയ്ക്ക് പോയതുപോലെ ആകുമോ.. ഹംപി മനസ്സിലിടം പിടിക്കാതെ അകന്നു പോകുമോ..? തുടക്കത്തില്‍ തന്നെ നെഗറ്റീവടിച്ച് തുടങ്ങി..

ആദ്യം സന്ദര്‍ശിക്കുന്ന സ്ഥലം 'വിത്താല' ടെമ്പിളാണ്. ഹംപിയിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മ്മിതികളൊക്കെ ഇവിടെയാണത്രേ. ഹോട്ടലില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് വിത്താല ടെമ്പിള്‍. അവിടേക്കുള്ള പത്ത് പതിനഞ്ച് മിനുട്ട് കാര്‍ യാത്രക്കിടയില്‍ ഗൈഡേട്ടന്‍ ഹംപിയെ പറ്റി ചെറിയൊരു മുഖവുര തന്നു (എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്). നല്ല സുന്ദരമായ ഇംഗ്ലീഷ്. എന്തായാലും എന്റെ ചെറിയ ബുദ്ധിക്ക് പിടി കിട്ടിയ സംഗതികള്‍ പറയാം. -   'പണ്ട് പണ്ട് പണ്ട്.. വളരെയധികം പണ്ട്.. ഒരു അറുന്നൂറ്റി ചില്വാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെക്കേ ഇന്ത്യയാകെ വ്യാപിച്ചു കിടന്നിരുന്ന മഹാസാമ്രാജ്യം, വിജയനഗര സാമ്രാജ്യം (പശ്ചാത്തലത്തില്‍ ഏ.ആര്‍ റഹ്മാന്റെ മാസ്മരിക സംഗീതം ആവാം). പതിമൂന്നാം നൂറ്റാണ്ടില്‍,  കൃത്യമായി പറഞ്ഞാല്‍ 1336-ല്‍ 'സംഗമ' രാജവംശത്തിലെ ഹരിഹര ഒന്നാമനും അനിയന്‍ ബുക്കരായ്യയും (അനിയന്‍ ബാവ ചേട്ടന്‍ ബാവ) ചേര്‍ന്നാണ് വിജയനഗര സാമ്രാജ്യത്തിന് തറക്കല്ലിടുന്നത്. നാല് രാജവംശങ്ങള്‍ (സംഗമ, സലുവ, തുളുവ, അരവിഡു) ഇരുന്നൂറിലധികം വര്‍ഷങ്ങള്‍ വിജയനഗരം ഭരിച്ചു. എന്നാല്‍ തുളുവ രാജവംശത്തിലെ കരുത്തനായ രാജാവ് 'കൃഷ്ണദേവരായ്യ' യുടെ ഭരണകാലഘട്ടമാണ് മഹാസാമ്രാജ്യത്തിലെ 'സുവര്‍ണ്ണകാലം' എന്നറിയപ്പെട്ടത്. തുംഗഭദ്ര നദിയുടെ തെക്കന്‍ തീരത്ത് മലനിരകളാല്‍ ചുറ്റപ്പെട്ട് വിജയനഗരത്തിന്റെ തലസ്ഥാന നഗരിയാണ് യുണെസ്‌കോയുടെ പൈതൃകപട്ടികയിലിടം പിടിച്ച ഹംപി. 1565-ലെ തളിക്കോട്ട യുദ്ധത്തില്‍ വിജയനഗര സാമ്രാജ്യത്തിന്റെ അടിസ്ഥാനമിളകി. ഡക്കാന്‍ സുല്‍ത്താന്‍മാരുടെ കടന്നാക്രമണത്തില്‍ ഹംപി നഗരം ഇരുളിലേക്ക് കൂപ്പുകുത്തി. വീരേതിഹാസ വിജയഗാഥകള്‍ മാത്രം പാടിക്കൊണ്ടിരുന്ന മഹാ സാമ്രാജ്യം വിഘടിച്ച്, ശോഷിച്ച് ഇല്ലാതായി തീര്‍ന്നു...'

(Entrance, Vittala Temple)
Photo © Nithesh Suresh
വിത്താല ടെമ്പിളിന്റെ പ്രധാന കവാടത്തിന് മുന്നില്‍ ഞങ്ങളപ്പോഴേക്കും എത്തി. അവിടുന്ന് അര കിലോമീറ്റര്‍ കൂടിയുണ്ട് അമ്പലത്തിലേക്ക്. പക്ഷെ സ്വകാര്യവാഹനങ്ങളെ കടത്തി വിടില്ല. കാല്‍നടയായോ അല്ലെങ്കില്‍ ടൂറിസം വകുപ്പിന്റെ ഇലക്ട്രിക് കാറിലോ മാത്രമേ അകത്തേക്ക് പോകാന്‍ കഴിയൂ. ഞങ്ങള്‍ ഇലക്ട്രിക് കാറില്‍ പോകാന്‍ തീരുമാനിച്ചു. ചെറിയൊരു ഫീസുണ്ട്. ടിക്കറ്റ് നല്‍കുന്നതും കാര്‍ ഓടിക്കുന്നതും സ്ത്രീ ജീവനക്കാരാണ്. ഞങ്ങളെ കൂടാതെ മൂന്ന് നാല് പേര്‍ കൂടിയേ അവിടെയുള്ളൂ. അവരും ഞങ്ങള്‍ക്കൊപ്പം കാറില്‍ കയറി. അമ്പലത്തിനരികിലേക്ക് കാര്‍ ചലിച്ചു തുടങ്ങി. വളരെ ദൂരെ വിത്താല ടെമ്പിളിന്റെ പ്രവേശന ഗോപുരം തലയെടുപ്പോടെ നില്‍ക്കുന്നത് കാണാമായിരുന്നു. എന്നാല്‍ അപ്പോള്‍ മറ്റോരു കാഴ്ചയാണ് കണ്ണുകളെ ആകര്‍ഷിച്ചത്. പോകുന്ന വഴിക്കിരുവശത്തും നിരനിരയായി പാറ കല്ലില്‍ തീര്‍ത്ത കനം കുറഞ്ഞ തൂണുകള്‍. അങ്ങിങ്ങായി മാത്രം അതിന് മുകളില്‍ പൊളിഞ്ഞ മേല്‍ക്കൂരകളും കാണാം. പണ്ടത്തെ 'ബസ്സാര്‍' ആയിരുന്നത്രേ. വീണ്ടും ഞാന്‍ 'ടൈം മെഷിനി'ല്‍ കയറി... 'പ്രൗഡിയോടെ നില്‍ക്കുന്ന വിജയ വിത്താല ക്ഷേത്രം. വളരെ നേരത്തെ തന്നെ വാണിഭക്കാര്‍ അവര്‍ക്കനുവദിച്ചിരുന്ന സ്ഥലങ്ങളില്‍ ഇടം പിടിച്ചിരുന്നു. പലതരം ധാന്യങ്ങള്‍, പലഹാരങ്ങള്‍, മണ്‍പാത്രങ്ങള്‍, അപൂര്‍വ്വ രത്‌നങ്ങള്‍, കല്ലുകള്‍.. ഓരോന്നും നോക്കി ഞാന്‍ നടന്നു. കുറച്ച് മുന്നില്‍ വലിയൊരു ആള്‍ക്കൂട്ടം. എന്താണ് സംഗതിയെന്നറിയാന്‍ അവിടേക്ക് ഒന്നു നോക്കി. അവിടെയൊരാള്‍, കണ്ടിട്ട് അന്യദേശക്കാരനാണ്, ഒര് ദ്രാവകം ചെറിയ കുപ്പിയില്‍ നിന്ന് എടുത്ത് അടുത്ത് നില്‍ക്കുന്ന ഒരാളുടെ കൈയില്‍ തേച്ച് കൊടുക്കുന്നു. ആള്‍ക്കൂട്ടമൊന്നാകെ അത് മൂക്കിനോട് ചേര്‍ത്ത് ആ സുഗന്ധത്തില്‍ ലയിക്കുന്നു..ഞാനും പതിയെ ആ സുഗന്ധമറിഞ്ഞു തുടങ്ങുന്നു...' ഇല്ലാ..മുന്നില്‍ തകര്‍ന്നു കിടക്കുന്ന വെറും കല്ലുകള്‍ തന്നെയാണ് ഉള്ളത്. ആയിരമായിരും കഥ പറയുന്ന കല്ലുകള്‍.

വഴിയില്‍ വലതു വശത്ത് 'പുഷ്‌കരണി' എന്നൊരു ബോര്‍ഡ് കണ്ടു. കുറച്ചു മാറി അമ്പലകുളം പോലെ തോന്നിക്കുന്ന ഒരിടവും. പക്ഷെ വെള്ളമുണ്ടായിരുന്നില്ല. ഗൈഡേട്ടന്‍ അതിനെ കുറിച്ച് പറഞ്ഞു. പണ്ട് എല്ലാ വലിയ ക്ഷേത്രങ്ങള്‍ക്കും ഒപ്പം ഇത്തരം കുളങ്ങള്‍(ണമലേൃ ഠമിസ) ഉണ്ടായിരുന്നത്രേ. അവിടെയുള്ള ജനങ്ങള്‍ ദൈവതുല്യമായാണ് അതിനെ കണ്ടിരുന്നത്. വലിയ കവാടത്തിന് മുന്നിലായി കാര്‍ യാത്ര അവസാനിപ്പിച്ചു. അമ്പലത്തിനകത്തേക്ക് കടക്കാന്‍ പ്രവേശന ഫീസുണ്ട്. അവിടുന്ന് കിട്ടിയ പാസ്സില്‍ മറ്റ് മൂന്ന് സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാനുള്ള അനുമതിയുണ്ട്. പാസ്സ് നഷ്ടമാകാതെ സൂക്ഷിക്കണം.

നില്‍ക്കുന്നത് വലിയൊരു ദുരന്തഭൂമിയിലാണ് എന്ന് ഓര്‍മ്മപ്പെടുത്തുകയായിരുന്നു ആ പ്രവേശന കവാടം. ദൂരെ കാഴ്ചയില്‍ ഉയര്‍ന്നു നിന്ന 'തലകള്‍' സങ്കടത്താല്‍ തലകൂമ്പുന്നു. ഗോപുരത്തിന്റെ മധ്യഭാഗത്തുള്ള കൊത്തുപണികളില്‍ ചിലത് മാത്രമാണ് കുറച്ചെങ്കിലും നശിക്കാതെ നിലകൊള്ളുന്നത്. മുകള്‍ ഭാഗത്തിലേറെയും ചരിത്രത്തോടൊപ്പം മാഞ്ഞ് പോയിരിക്കുന്നു. കവാടത്തിന് മുന്നില്‍ ഇരുവശത്തേക്കും നേരത്തെ കണ്ട ബസ്സാറിന്റെ കൈവഴികള്‍ നീളുന്നു. വാതില്‍ കടന്ന് ഞ്ങ്ങള്‍ അകത്തേക്ക് നടന്നു.

അവിടെ ആദ്യം കണ്ണുകളെ നിശ്ചലമാക്കുന്ന കാഴ്ചയാണ് ലോകത്തിന് മുന്നില്‍ ഹംപിയെന്ന വിസ്മയത്തെ പ്രതിനിധാനം ചെയ്യുന്ന സൃഷ്ടികളിലൊന്ന്. പൂര്‍ണ്ണമായും കല്ലില്‍ തീര്‍ത്ത രഥം (ടീേില ഇവമൃശീ)േ. അവിടെ നിന്ന് കാണുന്നത് രഥത്തിന്റെ പിന്‍ഭാഗമാണ്. മുന്‍വശം ശ്രീകോവിലിനഭിമുഖമായി നിലകൊള്ളുന്നു. ഇവിടം വിഷ്ണു ക്ഷേത്രമാണെന്നാണ് സങ്കല്‍പം. വിഷുണുവിന്റെ വാഹനമായ ഗരുഡന്റെ രൂപം ആദ്യ നാളുകളില്‍ രഥത്തിന് മുകളില്‍ ഉണ്ടായിരുന്നത്രേ. ഗ്രാനൈറ്റ് കല്ലിലാണ് രഥം നിര്‍മ്മിച്ചിരിക്കുന്നത്. 'ഇവിടുത്തെ സൃഷ്ടികളില്‍ സിംഹഭാഗവും ഗ്രാനൈറ്റിലാണ്'അതിശയത്തോടെയാണ് ഗൈഡേട്ടന്‍ അത് പറയുന്നത്. അതത്ര നിസ്സാരമായി കാര്യമല്ലത്രേ. വലിയ പ്രയാസമാണ് ഗ്രാനൈറ്റില്‍ കരവിരുത് തീര്‍ക്കുവാന്‍. നിസ്സാരപുള്ളിക്കാരല്ല അപ്പോള്‍ ഇവിടെയുണ്ടായിരുന്ന ശില്‍പികള്‍.

(Stone Chariot, Vittala Temple)
Photo © Nithesh Suresh
ഞങ്ങള്‍ രഥം ചുറ്റി കാണുകയാണ്. വലിയ നാല് ചക്രങ്ങള്‍, അതിനു താഴെ ചതുരാകൃതിയിലുള്ള ഭിത്തിയില്‍ 'യുദ്ധവിജയങ്ങള്‍' വിളിച്ചറിയിക്കുന്ന രൂപങ്ങള്‍. വാള്‍ ഉയര്‍ത്തി പരിചകൊണ്ട് നെഞ്ച് മറച്ച് നില്‍ക്കുന്ന യോദ്ധാക്കള്‍, മൃഗങ്ങളുടെ പുറത്തിരിക്കുന്നവര്‍, വാദ്യോപകരണ വായനക്കാര്‍ - അവരെല്ലാം നമ്മുടെ മുന്നിലേക്കിറങ്ങി വരുന്നതുപോലെ. ചക്രങ്ങള്‍ക്ക് മുകളില്‍ ചതുരാകൃതിയില്‍ നിറയെ കൊത്തുപണികളും ശില്‍പങ്ങളുമുള്ള ഗോപുരം. മാഞ്ഞില്ലാതെയായിക്കൊണ്ടിരിക്കുന്ന ചായങ്ങളുടെ ശേഷിപ്പുകള്‍ പലയിടത്തും കാണാം. ആദ്യകാലങ്ങളില്‍ മനോഹരമായി ചായം പൂശിയ അഭിമാനസ്തംഭമായിരുന്നിരിക്കണം ഇത്. മുന്‍വശത്ത് രഥത്തെ മുന്നിലേക്ക് വലിക്കുന്നതുപോലെ രണ്ട് ഗജവീര•ാര്‍ നില്‍പ്പുണ്ട്. പക്ഷെ ഇവരെ രണ്ട് പേരേയും പിന്നീടെപ്പോഴോ കൂട്ടിച്ചേര്‍ത്തതാണ്. ആദ്യകാലത്ത് അവിടെ രണ്ട് കുതിരകളായിരുന്നു. ആനയുടെ പിറകിലായി ഇപ്പോഴും കുതിരയുടെ പിന്‍കാലുകളും വാലും കാണാന്‍ കഴിയും. രൂപങ്ങള്‍ക്ക് മധ്യഭാഗത്തായി മുകളില്‍ ഒര് വാതിലുണ്ട്. അതിലേക്ക് ചാരിവെച്ചിരിക്കുന്നതുപ്പോലെ ഒരു ഏണിയും. ഹോ.. എന്ത് മാത്രം സമയവും അധ്വാനവും ഇതിന് പിന്നിലുണ്ടായിരുന്നിരിക്കണം. മഹാശിലിപികളേ.. നിങ്ങള്‍ക്കായിരം ചുംബനങ്ങള്‍. നമ്മുടെ പുതിയ അമ്പത് രൂപാ നോട്ടിന് പുറകില്‍ 'ഞെളിഞ്ഞ്' നില്‍ക്കുന്നത് ഈ അതിശയസൃഷ്ടിയാണ്.

(Vittala Temple)
Photo © Nithesh Suresh
ശരിക്കും അകത്തേക്കുള്ള വാതില്‍ കടന്നു കഴിഞ്ഞാല്‍ മറ്റൊരു ലോകം തന്നെയാണ്. നമ്മള്‍ നില്‍ക്കുന്നതിനു ചുറ്റിനും ഗോപുരങ്ങളും മണ്ഡപങ്ങളുമാണ്. അതിനെല്ലാം മധ്യേയായി ഹംപിയെ അടയാളപ്പെടുത്തുന്ന കല്‍രഥവും. പ്രകൃതിത്തീര്‍ത്ത രക്ഷാകവചമായി ദൂരെ മലനിരകളും കാണാം. രഥത്തിനു മുന്നില്‍ കാണുന്ന 'മഹാമണ്ഡപ' മാണ് അവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണകേന്ദ്രം. ഒറ്റകല്ലില്‍ തീര്‍ത്ത തൂണുകള്‍ മണ്ഡപത്തെ പരാധികളൊന്നുമില്ലാതെ താങ്ങി നിര്‍ത്തുന്നു. ഓരോ തൂണിലും 'ഉപസ്തൂപങ്ങള്‍' കാണാം. തീര്‍ന്നില്ല, സ്പര്‍ശനമേറ്റാല്‍ അതില്‍ നിന്ന് സംഗീതം പൊഴിയും. അതും ഓരോ തൂണില്‍ നിന്നും വ്യത്യസ്ത ശബ്ദങ്ങള്‍. ഒന്നില്‍ തട്ടിയാല്‍ 'തബല' ഉണരുമെങ്കില്‍ മറ്റൊന്നില്‍ 'മദ്ദള'മാകും മുഴങ്ങുന്നത്. ഇതൊക്കെ എങ്ങനെയാണോ എന്തോ. സങ്കടം എന്തെന്നാല്‍ ഇപ്പാള്‍ മണ്ഡപത്തിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല എന്നതാണ്. മുന്‍പൊക്കെ അകത്ത് കടന്നിരുന്ന സഞ്ചാരികള്‍ തൂണുകളില്‍ 'താളംപിടിച്ച്'  അതിനെ മരണത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. അതിശയ സ്തൂപങ്ങളെ നോക്കി ഞങ്ങള്‍ പുറത്തുനിന്നു.

(Vittala Temple)
Photo © Nithesh Suresh
മണ്ഡപത്തിന്റെ മുന്‍വശത്ത് അകത്തേക്ക് കയറുവാനുള്ള പടികള്‍ക്കിരുവശത്തുമായി രണ്ട് ഗജവീരന്മാര്‍ നിലകൊള്ളുന്നു. 'സ്റ്റോണ്‍ ചാരിയറ്റി'ല്‍ കണ്ട ഇവരുടെ സുഹൃത്തുക്കളെപോലെ ആ പ്രതിമകള്‍ക്കും തുമ്പിക്കൈയും കൊമ്പുകളുമില്ലായിരുന്നു. ആ 'കറുത്ത' നാളുകളില്‍ തകര്‍ക്കപ്പെട്ടതാകാം. പടികളുടെ അത്രയും തന്നെ ഉയരത്തില്‍ നില്‍ക്കുന്ന 'അടിത്തറ'യുടെ ഭിത്തിയില്‍ നിറയെ കൊത്തുപണികളാണ്. മേളക്കാര്‍, നര്‍ത്തകര്‍, സഞ്ചാരികള്‍, മൃഗങ്ങള്‍ - ആരെയും അതില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. എന്തിനേറെ പറയുന്നു, അവിടെ കൊത്തിവെച്ചിരിക്കുന്ന പേര്‍ഷ്യക്കാരനേയും ചീനക്കാരനേയുമൊക്കെ കണ്ടാല്‍ ആരുടേയും 'കിളി' പോകും. അത്രയ്ക്ക് പെര്‍ഫക്ട് ആണതൊക്കെ. മണ്ഡപത്തിനുള്ളില്‍ സംഗീത കച്ചേരി നടക്കുമ്പോള്‍ ഒരു വലിയ മഴപെയ്താലോ. മഴയൊച്ച കച്ചേരിയ്ക്ക് തടസ്സം വരുത്തുമോ. ഇല്ല എന്നാണ് ഉത്തരം. മണ്ഡപത്തിന് മുകളില്‍ വീഴുന്ന മഴ തുള്ളികള്‍ ശില്‍പികള്‍ കൃത്യമായി ഒരുക്കി, ഒതുക്കി വെച്ചിരിക്കുന്ന 'വഴി'കളിലൂടെ നിശബ്ദമൊഴുകി സാവധാനം ഭൂമിയെ സ്പര്‍ശിക്കുന്ന 'എന്‍ജിനീയറിംഗ് വൈഭവം' ഗൈഡേട്ടന്‍ വിശദമാക്കി. ചുറ്റിനും തുണികള്‍ ചേര്‍ത്ത് പന്തല്‍ നിര്‍മ്മിക്കാനായി തീര്‍ത്തിരുന്ന 'കൊളുത്തുകളും' കാണിച്ചു തന്നു. ഇതൊക്കെ കാണുമ്പോഴാണ് റോഡിലെ കുഴികള്‍പോലും നേരാവണ്ണം അടയ്ക്കാനറിയാത്ത നമ്മുടെ എന്‍ജിനിയറന്‍മാരെയൊക്കെ പിടിച്ച് കിണറ്റിലിടാന്‍ തോന്നുന്നത്. എല്ലാരേം അല്ല കേട്ടോ.

മഹാമണ്ഡപത്തിന് പിറകിലായിട്ടാണ് ക്ഷേത്രം. അവിടുത്തെ പ്രതിഷ്ഠയൊക്കെ യുദ്ധകാലത്തേ തകര്‍ക്കപ്പെട്ടിരുന്നു. ഇടതുവശത്തായി കാണുന്നത് 'കല്യാണമണ്ഡപം'. മഹാമണ്ഡപത്തിന്റെ മറ്റൊരു വകഭേതം. അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത അത്ഭുതങ്ങളാല്‍ സമ്പന്നമാണിവിടം.  വാക്കില്‍ ഒരിക്കലും ഒതുക്കി നിര്‍ത്താന്‍ കഴിയില്ല. ചരിത്രബോധമൊന്നുമില്ലാത്ത ഞാന്‍ തന്നെ അങ്ങനെ വണ്ടറിച്ച് നില്‍ക്കുമ്പോഴാണ് പ്രിയപ്പെട്ടവള്‍ അവിടെ കണ്ട ഒരു മരത്തിനു മുകളില്‍ വലിഞ്ഞു കയറാന്‍ ശ്രമിക്കുന്നത് കാണുന്നത്. അതിന്റെ മുകളിലിരുന്നും ഫോട്ടോ എടുക്കണമത്രേ. മരവും അതിന് പിറകില്‍ മഹാമണ്ഡപവും. അങ്ങനെ കുറേ കാഴചകളും ക്യാമറയിലും പകര്‍ത്തി അതിലേറെ മനസ്സിലും സൂക്ഷിച്ച് ഞങ്ങള്‍ അവിടുന്നിറങ്ങി.

അടുത്തു തന്നെയുള്ള 'ക്വീന്‍സ് ബാത്തി'ലേക്കാണ് യാത്ര. റാണിമാരൊക്കെ പണ്ട് കുളിച്ചിരുന്ന ഇടം. അപ്പോള്‍ 'ഉറപ്പായും' കണ്ടിരിക്കേണ്ടുന്ന സ്ഥലം തന്നെയാണ്. വിത്താല ടെമ്പിളില്‍ നിന്ന് വ്യത്യസ്തമാണ് ക്വീന്‍സ് ബാത്തിന്റെ ഘടനയും നിര്‍മ്മാണവും. പുറമേ നിന്ന് നോക്കുമ്പോള്‍ ദീര്‍ഘചതുരാകൃതിയിലുള്ള ഒരു പെട്ടിപ്പോലെ തോന്നിക്കുന്ന അത്ര ഭംഗിയൊന്നുമില്ലാത്ത ഇവിടം ഇന്തോ-മുസ്ലീം രീതിയിലുള്ള നിര്‍മ്മിതിയാണ്. 'ടര്‍ക്കിഷ്' ശില്‍പികളെ ഇറക്കുമതിചെയ്താണ് രാജാവ് തോഴിമാര്‍ക്ക് വേണ്ടി കുളിസ്ഥലം നിര്‍മ്മിച്ചുകൊടുത്തത് - ഗൈഡേട്ടന്‍ പറഞ്ഞു. കെട്ടിടത്തിനു ചുറ്റും വലിയ കിടങ്ങുകളാണ്. അകത്തുള്ള സ്‌നാനകേന്ദ്രത്തിലേക്കുള്ള ശുദ്ധജലം ഇതിലാണ് നിറച്ച് വെക്കുന്നതത്രേ. ഓ അതൊക്കെ വെറുതെയാണ്. കുളികാണാന്‍ ഒളിച്ചുവരുന്ന വിരുതന്‍മാരെ വീഴ്ത്താനുള്ള വാരിക്കുഴികളാകാനാണ് സാധ്യത കൂടുതല്‍. ഇരുപത്തൊന്നായാലും പതിമൂന്നാം നൂറ്റാണ്ടായാലും നമ്മളൊക്കെ മനുഷ്യന്‍മാര് തന്നെയല്ലേ..!

(Queen's Bath)
Photo © Nithesh Suresh
ഞങ്ങള്‍ അകത്തേക്ക് കയറി. ചുറ്റിനും വീതിയുള്ള ഇടനാഴികളും അതിനു ഒത്ത നടുവില്‍ താഴെയായി വെള്ളം നിറച്ചിരുന്ന കുളിസ്ഥലവും കാണാം. മുകളില്‍ പലഭാഗങ്ങളിലായി ബാല്‍ക്കണികളുണ്ട്. രാജാക്കന്മാര്‍ ഇവിടെയിരുന്നാകണം റാണിമാരുടെ ക്രീഡാവിനോദങ്ങള്‍ കണ്ട് രസിച്ചിരുന്നത്. തോഴിമാരുടെ അകമ്പടിയോടെ റാണി ഇടനാഴിയിലൂടെ നടന്നുവരുന്നതും, തോഴിമാര്‍ അരച്ചുവെച്ച ചന്ദനവും മഞ്ഞളും മേനിയില്‍ തേക്കുന്നതും സുഗന്ധം നിറയുന്ന ജലപ്പരപ്പുകളില്‍ റാണി നീന്തി തിമിര്‍ക്കുന്നതും ഞാന്‍ വെറുതെ ആലോചിച്ചു. ആ സമയത്ത് വെള്ളത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരയിതളില്‍ ഉമ്മവെച്ച് പറക്കുന്ന കരിവണ്ട് പൂര്‍വ്വ ജ•ത്തിലെ ഞാനായിരുന്നോ..!

പുറത്തിറങ്ങിയപ്പോള്‍ കൂട്ടത്തിലെ ചെറുപ്പമായ അമലിന് ഒരു സംശയം. ഈ രാജാക്കന്മാരൊക്കെ എന്തൂട്ട് മണ്ടന്മാരാണ്. (അത്ര ദൂരത്തല്ലാത്ത മലയിലേക്ക് ചൂണ്ടി) ദേ ആ കാണുന്ന കുന്നിന്റെ മുകളില്‍ കയറി നിന്നാല്‍ 'നൈസായി' ഇതൊക്കെ കാണാന്‍ പറ്റുമല്ലോ. കുളി മുറിക്കാണേല്‍ മുകളില്‍ അടപ്പുമില്ല. പിന്നെ അങ്ങനെ കണ്ടത് തന്നെ. നൂറുകണക്കിന് ഭടന്മാരായിരിക്കും കോട്ടയ്ക്ക് ചുറ്റും കാവല്‍ നില്‍ക്കുന്നത്. അമ്പെയ്ത് വീഴ്ത്തി കളയും മോനേ..!

ക്വീന്‍സ് ബാത്തിന് അടുത്തു തന്നെയാണ് 'റോയല്‍ എന്‍ക്ലോഷര്‍'. ഇനി അങ്ങോട്ടേക്കാണ് പോകുന്നത്. ഹംപിയിലെ ഏറ്റവും വലിയ 'തുറന്ന' മൈതാനിയാണത്. അവിടേക്കുള്ള പ്രവേശന വഴിയില്‍ രണ്ട് വലിയ കല്‍വാതില്‍ പാളികള്‍ മണ്ണോട് ചേര്‍ന്ന് വിശ്രമിക്കുന്നത് കണ്ടു. പഴയ പ്രവേശനകവാടത്തിന്റെ ഭീമാകാരമായ വാതിലിന്റെ ശേഷിപ്പുകളാണ്. ഇരുവശത്തും ആനകള്‍ നിന്നാണ് അത് തുറന്നിരുന്നതത്രേ. അവിടെനിന്ന് ആദ്യമെത്തുന്നത് ഉയരത്തില്‍ പാറകളടുക്കി, മുകളില്‍ തുറസ്സായി കിടക്കുന്ന നിര്‍മ്മിതിക്കരികിലേക്കാണ്. താഴെ നിന്ന് അവിടെയെത്താന്‍ പടവുകളുണ്ട്. പണ്ടൊരു കാലത്ത് രാജാവും പരിവാരങ്ങളും അവിടെയിരുന്നാണ് നാടിനെ അഭിസംബോധന ചെയ്തിരുന്നത്. രാജാക്കന്മാര്‍ക്കും വിശിഷ്ടവ്യക്തികള്‍ക്കുമുള്ള പ്രവേശന പടവുകള്‍ പുറകില്‍ അകത്തുകൂടിയാണ്. പല പല നാട്ടുരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെകൊണ്ട് ആ വലിയ മൈതാനം കടലുപോലെ നിറഞ്ഞിരിക്കുന്നു. പോര്‍മുഖത്തില്‍ വീറോടെ പൊരുതിയ യോദ്ധാക്കള്‍ക്കും കല്ലില്‍ കവിത സൃഷ്ടിച്ച മികച്ച ശില്‍പികള്‍ക്കും കലാകാരന്‍മാര്‍ക്കും രാജാവ് ഇതിനു മുകളില്‍ നിന്നാകും 'പട്ടും വളയും' സമ്മാനിച്ചിട്ടുണ്ടാവുക. അഭിമാനത്തോടെ, ആര്‍പ്പുവിളികളുടെ അകമ്പടികളോടെ അവര്‍ പാരിതോഷികങ്ങള്‍ വാങ്ങാന്‍ പടികള്‍ ചവിട്ടി കയറുന്നത്.. ജനങ്ങള്‍ ഒരേ സ്വരത്തില്‍ ശബ്ദമുയര്‍ത്തുന്നത്..'ബാഹുബലി..ബാഹുബലി..' ഹൊ അങ്ങനെ ഒരു കാലത്ത് 'തൃശ്ശൂര്‍ പൂരം' വരെ നടന്ന സ്ഥലത്താണ് ഇപ്പോള്‍ നില്‍ക്കുന്നത്.

(Royal Enclosure)
Photo © Nithesh Suresh
പല നാട്ടുരാജ്യങ്ങളില്‍ നിന്നും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാജാക്ക•ാരും മറ്റും അവിടെ എത്തിയിരുന്നു. വിവിധ കലാപരിപാടികള്‍ അവിടെ അരങ്ങുണര്‍ത്തി. മൈസൂര്‍ ദസറയൊക്കെ അതിന്റെ തുടര്‍ച്ചയത്രേ. ആഘോഷങ്ങളിലും മറ്റും എത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് കുടിക്കാനുള്ള ശുദ്ധജലം നിറച്ചിരുന്ന 'പുഷ്‌കരണി'  എന്‍ക്ലോഷറിലെ അത്ഭുത കാഴ്ചയാണ്. വിവിധ തട്ടുകളായിട്ടാണ് ആ വലിയ കുളത്തിന്റെ നിര്‍മ്മാണം. ഓരോ തട്ടിലും ക്രമമായി അടുക്കിവെച്ചിരിക്കുന്ന കല്ലുകള്‍ക്ക് മുകളില്‍ അക്കമിട്ട് വെച്ചിട്ടുണ്ട്. പ്രധാന ചടങ്ങുകള്‍ നടക്കുന്നതിന് മുന്നോടിയായി കുളം വൃത്തിയാക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. ജലം ശുദ്ധമാക്കാനായി ഓരോ അടുക്കിലും പ്രത്യേക വസ്തുക്കള്‍ നിറച്ചിരുന്നു. നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാട്ടര്‍ ഫില്‍ട്ടറിംഗിന്റെ പുരാതന വേര്‍ഷന്‍. കൃത്യമായി കല്ലുകള്‍ ഇളക്കി മാറ്റാനും അതിനുള്ളില്‍ വസ്തുക്കള്‍ നിറച്ച് ക്രമം തെറ്റാതെ റീ അസെബിള്‍ ചെയ്യാനും അതിന് മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന അക്കങ്ങള്‍ സഹായിക്കും. മറ്റൊരു 'പോത്തേട്ടന്‍ ബ്രില്ല്യന്‍സ്'. തുംഗഭദ്രാ നദിയില്‍ നിന്നും ജലം എത്തിക്കുന്ന മാര്‍ഗ്ഗങ്ങളും അതിനായി പാറക്കല്ലില്‍ തീര്‍ത്ത വലിയ ചാലുകളും ആ ബ്രില്ല്യന്‍സിന്റെ മാറ്റ് കൂട്ടുന്നു. 

(Pushkarani @ Royal Enclosure)
Photo © Nithesh Suresh
രാജാക്കന്മാര്‍ ചാരന്മാരുമായി രഹസ്യസംഭാഷണങ്ങള്‍ നടത്തിയിരുന്ന ഭൂമിക്കടിയിലെ 'അറകളും' മൈതാനിയിലുള്ള ഏക ക്ഷേത്രമായ 'ഹസാരരാമ' ടെമ്പിളുമാണ് പിന്നെ സന്ദര്‍ശിച്ചത്. ഹസാരരാമ ടെമ്പിളിലെ മുന്‍വശത്തെ ഭിത്തിയില്‍ മുഴുവന്‍ രാമായണ കഥകള്‍ കൊത്തിവെച്ചിരിക്കുകയാണ്. ബാലകാണ്ഡം മുതലുള്ള കാഴചകള്‍ അതില്‍ നിറയുന്നു. എന്നാല്‍ കറുത്ത ഗ്രാനൈറ്റ് കല്ലില്‍ തീര്‍ത്ത തൂണുകളും അതിലെ കൊത്തുപണികളാലും സമ്പന്നമാണ് അമ്പലത്തിനകം. എത്ര സൂഷ്മതയോടെയാണ് അതോരോന്നും തീര്‍ത്തിരിക്കുന്നത്. ഒരിടം പോലും വെറുതെ ഒഴിച്ചിട്ടട്ടിലല്ലോ എന്ന് തോന്നിപോകും. ശില്‍പികള്‍ വിശ്രമമില്ലാതെ ഒഴുക്കിയ വിയര്‍പ്പാണ് അവിടെ തളംകെട്ടി നില്‍ക്കുന്നത്. ക്ഷേത്രത്തിന് മുന്‍വശത്തായിട്ടാണ് 'പാന്‍സുപാരി' ബസ്സാര്‍. ബസ്സാര്‍ പൂര്‍ണ്ണമായും യുദ്ധത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു. മദ്യം വരെ അവിടെ വില്‍പ്പനയ്ക്കുവെച്ചിരുന്നു. അമ്പലത്തിനു നേരെ മുന്നില്‍ തുറന്നിരിക്കുന്ന ഒരു 'ബിവറേജ്'.. ആഹാ കൊള്ളാല്ലോ.

ഇന്നലെ വൈകുന്നേരം പെയ്ത മഴ, വന്ന അതേ ബസ്സില്‍ തന്നെ തിരിച്ചുകയറിപ്പോയെന്ന് തോന്നുന്നു. പുറത്തേക്കിറങ്ങി നടന്നപ്പോള്‍ അസാധ്യചൂട്. ഇനി കഴിച്ചിട്ടാകാം യാത്ര. ഗൈഡേട്ടന്‍ ഉച്ചയൂണിന് കൊണ്ടുപോയ ഹോട്ടലില്‍ ഏടഠ കടന്നു കൂടിയിട്ടില്ലാതതുകൊണ്ട് കാശ് മുതലായി. നല്ല അടിപൊളി 'താലിമീല്‍സ്'.

'സനാന എന്‍ക്ലോഷറി'ലേക്കാണ് അവിടെ നിന്ന് നേരെ പോയത്. ഉയരമുള്ള വലിയ മതില്‍ക്കെട്ടിനകത്താണ് ആ വിശാലമായ മൈതാനം. അതിനകത്താണ് റാണിമാരും അവരുടെ തോഴിമാരും പാര്‍ത്തിരുന്ന 'ക്വീന്‍സ് പാലസ്'. പക്ഷെ ഇപ്പോഴാ കൊട്ടാരത്തിന്റെ അടിത്തറമാത്രമേ കാണാന്‍ കഴിയൂ. സുല്‍ത്താന്‍മാരുടെ ആക്രമണത്തില്‍ റാണിമാര്‍ക്കും രക്ഷയുണ്ടായില്ല. മതില്‍കെട്ടിനരികിലായി സദാസമയവും ഭടന്‍മാര്‍ കാവല്‍ നിന്നിരുന്ന വാച്ച് ടവര്‍ കാണാം. നാല് ഗോപുരങ്ങളില്‍ ഒരെണ്ണം ചരിത്രത്തോടൊപ്പം മണ്ണില്‍ മറഞ്ഞിരുന്നു. റാണിമാര്‍ സുഖമായി വിഹരിച്ചിരുന്ന സ്വപ്‌നഭൂമിയില്‍ കടന്ന പുരുഷ സഞ്ചാരികളെ ടവറിന് മുകളില്‍ കാവല്‍ നില്‍ക്കുന്ന ഭടന്‍മാര്‍ രൂക്ഷമായി നോക്കുന്നത് ഞാനൊന്ന് സങ്കല്‍പ്പിച്ചു നോക്കി.. അമ്പോ.. തലപോയത് തന്നെ.

(Lotus Mahal)
Photo © Nithesh Suresh
സനാന എന്‍ക്ലോഷറിനുള്ളിലെ പ്രധാനിയാണ് 'ലോട്ടസ് മഹള്‍'. രാജാക്കന്മാ
രുടെ വിശ്രമകേന്ദ്രമായിരുന്നു അവിടം. വെള്ളം മുകളിലെത്തിച്ച് കെട്ടിടത്തിനുള്ളില്‍ തണുപ്പ് നിലനിര്‍ത്താനുള്ള വിദ്യകളൊക്കെ അവിടെ പ്രയോഗിച്ചിട്ടുണ്ട്. ഇതുവരെ കണ്ട സ്ഥലങ്ങളില്‍വെച്ച് അധികം പരിക്കൊന്നും പറ്റാതെ നിലകൊള്ളുന്ന സ്ഥലവും ഇതുതന്നെ. ഇന്തോ-മുസ്ലീം നിര്‍മ്മാണ ശൈലിയാണ് ഇവിടേയും അവലംബിച്ചിരിക്കുന്നത്. അതേ ശൈലിയില്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന മറ്റൊരു അതിശയമാണ് ലോട്ടസ് മഹളിനടുത്തുള്ള 'എലിഫന്റ് സ്റ്റേബിള്‍'. രാജാക്കന്മാര്‍ക്കും റാണിമാര്‍ക്കും മാത്രം പോരല്ലോ, അവരുടെ വാഹനമായ ഗജകേസരികള്‍ക്ക് താമസിക്കാനും വേണ്ടേ രാജകീയമായൊരിടം. രാജാവിന് റേഷന്‍കടയില്‍ അരിമേടിക്കാന്‍ പോകാനും രാജകുമാരിയെ ടൈപ്പ്‌റൈറ്റിംഗ് ക്ലാസ്സിന് കൊണ്ടുവിടാനും ഉപയോഗിച്ചിരുന്ന 'റോയല്‍' ആനകള്‍ വിശ്രമിച്ചിരുന്ന 11 ഭീമാകാരമായ മുറികളാണ് ഇവിടുള്ളത്. ഓരൊ മുറിയിലും അതില്‍ കയറുന്നവരുടെ ഉയരത്തിനനുസരിച്ച് അവര്‍ സംസാരിക്കുമ്പോള്‍ 'എക്കോ' ഉണ്ടാകുമത്രേ. ആന അലറുമ്പോള്‍ ഉയരകൂടുതല്‍കൊണ്ടുണ്ടാകുന്ന 'എക്കോ' അവിടെ നൂറുകണക്കിന് ആനകളുള്ള പ്രതീതി സൃഷ്ടിക്കും. സനാന എന്‍ക്ലോഷറിന്റെ മതിലുചാടാന്‍ നില്‍ക്കുന്നവര്‍ അത് കേട്ടൊന്നു പേടിക്കും. ഉറപ്പ്.

(Elephant Stable)
Photo © Nithesh Suresh
റോയല്‍ ആനകളുടെ പരിചാരകരും യുദ്ധവീരന്മാരും താമസിച്ചിരുന്ന കെട്ടിടങ്ങള്‍ എലിഫന്റ് സ്റ്റേബിളിനരികില്‍ കാണാന്‍ കഴിയും. റാണിമാര്‍ക്ക് വേണ്ടി രാജാവ് പഹയന്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന 'സെക്യൂരിട്ടി' അപാരം തന്നെ. അവിടുന്നിറങ്ങിയപ്പോള്‍ വെള്ളം വറ്റിയ ഒരു 'പുഷ്‌കരണി' കണ്ടു. ഇതിപ്പോ മുക്കിന് മുക്കിന് ഉണ്ടല്ലോ..!

(Prasanna Virupaksha Temple)
Photo © Nithesh Suresh
'പ്രസന്ന വിരുപക്ഷ' ടെമ്പിളിലിലാണ് പിന്നെ എത്തിയത്. ഹംപിയിലെ ഏറ്റവും പുരാതനമായത് എന്ന് കരുതപ്പെടുന്ന അമ്പലം 'അണ്ടര്‍ഗ്രൗണ്ടി'ലാണ് എന്നതാണ് ഇവിടുത്തെ പ്രത്യേകത. അമ്പലത്തിന്റെ മേല്‍ക്കൂര ഗ്രൗണ്ട് ലെവലിനോട് ചേര്‍ന്നാണ് നിലകൊള്ളുന്നത്. ചെളിയില്‍ മുങ്ങി കിടന്നിരുന്ന അമ്പലത്തെ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ വളരെ സൂഷ്മതയോടെ 'പണി'യെടുത്തിട്ടാണ് പുറംലോകത്തിന് കാട്ടി തന്നത്. ഞങ്ങള്‍ പടികളിറങ്ങി താഴേക്ക് നടന്നു. പക്ഷെ അങ്ങ് അകത്ത് വരെ പോകാന്‍ കഴിയില്ല. അകത്ത് മുഴുവന്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. അധികം കൊത്തുപണികളൊന്നും അവിടെ കാണാന്‍ കഴിയില്ല. കൊത്തുപണികളൊക്കെ പ്രസിദ്ധി നേടുന്ന കാലത്തിന് വളരെ നാളുകള്‍ മുന്നേ പണികഴിപ്പിച്ച സ്ഥലമാകുമിത്. അമ്പലത്തിനകത്ത് ദൂരെയായി ഒരു ശിവലിംഗം കാണാം. അതിലേക്ക് നോക്കി ഒറ്റക്കല്ലില്‍ തീര്‍ത്ത 'നന്തി' പശുവിന്റെ രൂപം വാതിലിനരികില്‍ വിശ്രമിക്കുന്നു. ഹംപിയില്‍ കണ്ടെത്തിയതില്‍ വെച്ച് ഒറ്റക്കലില്‍ തീര്‍ത്ത ഏറ്റവും വലിയ ശിവലിംഗമിരിക്കുന്ന 'ബടാവിലിംഗ' ടെമ്പിളിലേക്കാണ് അവിടെ നിന്ന് പോയത്. ഉയരം പന്ത്രണ്ട് അടിയത്രേ. അതിനടുത്ത് തന്നെയാണ് ഹംപിയിലെ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന ഏകദേശം 22 അടിയോളം പൊക്കമുള്ള  'ഉഗ്രനരസിംഹ' പ്രതിമ. ഭൂതകാലത്തില്‍ പലയിടങ്ങളിലായി തകര്‍ന്നുകിടന്ന നരസിംഹന്റെ ശരീര ഭാഗങ്ങള്‍ വളരെ പണിപ്പെട്ടിട്ടാണ് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് പുനസൃഷ്ടിച്ചത്. കൈകളും പല്ലുകളുമൊന്നുമില്ലെങ്കിലും നരസിംഹന്റെ കണ്ണുകളിലെ ക്രോധം ഇപ്പോഴും കത്തിനില്‍ക്കുന്നത് കാണാം.

(Ugra Narasimha Temple)
Photo © Nithesh Suresh
അങ്ങനെ കാഴ്ചകളോരോന്നായി കണ്ട് കുറച്ചു നേരം നടന്നതില്‍ നിന്നൊരു റിലാക്‌സേഷന്‍ കിട്ടാന്‍ കുട്ടവള്ളത്തിലൊരു യാത്രയായാലോ - എന്നൊരു അഭിപ്രായം ഗൈഡേട്ടന്‍ വെച്ചു. എന്നാപ്പിന്നെ അങ്ങനെയാകട്ടെയെന്ന് ഞങ്ങളും പറഞ്ഞു. പുരാതന നഗരിയുടെ ശേഷിപ്പുകള്‍ ആസ്വദിച്ച് തുംഗഭദ്രയുടെ മടിയില്‍ അങ്ങനെ ഒരു മണിക്കൂറോളം ചിലവഴിച്ചു. പകല്‍വെളിച്ചത്തില്‍ 'വിരുപക്ഷ'നെ കാണാനാണ് പിന്നെ പോയത്. വൈകുന്നേരമായതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു അവിടെ. പ്രധാനകവാടത്തിന് നൂറ്റിയറുപത് അടിയിലേറെ പൊക്കമുണ്ട്. അതില്‍ നിറയെ ശില്‍പങ്ങളാണ്. ആ ഗോപുര വാതില്‍ കയറി ഇറങ്ങി ചെല്ലുന്ന അകത്തളം നിറയെ ഭക്തരുടെ തിരക്കാണ്. ഞങ്ങള്‍ ഇന്നലെ ഇരുന്ന മണ്ഡപമെല്ലാം അവര്‍ കൈയേറിയിരുന്നു. ചെരിപ്പുകളെ സുരക്ഷിതമായൊരിടത്തുവെച്ച് നഗ്നപാദരായി ഞങ്ങള്‍ അമ്പനത്തിനുള്ളിലേക്ക് പ്രവേശിച്ചു. കൃഷ്ണദേവരായ്യരുടെ കാലത്താണ് ഇവിടെ പുതുക്കി പണികളൊക്കെ നടന്നിട്ടുള്ളത്. ഇപ്പോഴും ആരാധനയുള്ള ഏറ്റവും പഴക്കമുള്ള അമ്പലത്തിലൊന്നും ഉഗ്രകോപിയായ ശിവനിരിക്കുന്ന ഇവിടമാണ്. കൊത്തുപണികളില്‍ പല കാലങ്ങളിലുണ്ടായിട്ടുള്ള വ്യതിയാനങ്ങള്‍ അവിടെ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ മറ്റൊരു അതിശയമാണ് ഞങ്ങളെ അവിടെ കാത്തിരുന്നത്. അകത്തെ ഒരു ഇരുട്ട് മുറിയിലേക്കാണ് ഞങ്ങള്‍ കടന്നു ചെല്ലുന്നത്. ഭിത്തിയിലുള്ള വളരെ ചെറിയൊരു ദ്വാരത്തിലൂടെ പ്രകാശം അതിനെതിര്‍വശത്തെ ഭിത്തിയില്‍ പതിക്കുന്നു. അവിടേക്ക് ഞങ്ങള്‍ നോ്ക്കി. വരുമ്പോള്‍ ഞങ്ങളെ സ്വീകരിച്ച പ്രധാന കവാടത്തിന്റെ തലതിരിഞ്ഞ രൂപമിതാ ഭിത്തിയില്‍ വിശ്രമിക്കുന്നു. പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും മെഴുകുതിരി വെട്ടവും വെച്ച് 'ഇന്‍വേര്‍ട്ടട് ഇമേജ്'  സൃഷ്ടിച്ചതോര്‍ത്തു. ക്യാമറ കണ്ടുപിടിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലെന്‍സുകളൊന്നും ഉപയോഗിക്കാതെ നീളവും കോണുമൊക്കെ കൃത്യമായി അളന്നുമുറിച്ച് അവിടുത്തെ 'പെരുന്തച്ചന്‍മാര്‍'  നിര്‍മ്മിച്ച 'പിന്‍ഹോള്‍ ക്യാമറ' അക്ഷരാര്‍ധത്തില്‍ ഞെട്ടിച്ചു.

(Sasivekalu Ganesha)
Photo © Nithesh Suresh
കാഴ്ചകള്‍കണ്ട് ഒരുപാട് വൈകി. ഇനി ഒരിടത്തുകൂടി പോകാനുണ്ട്. അസ്തമയം കാണണം. നടന്നുകയറാവുന്ന ദൂരത്തിലുള്ള 'ഹേമകൂട' ഹില്ലിലേക്കാണ് ഞങ്ങള്‍ പോയത്. ഞങ്ങളെ അവിടെ എത്തിച്ച് ഗേഡേട്ടന്‍ കൈ തന്നു പിരിഞ്ഞു. ചരിത്രബോധമൊന്നുമില്ലാത്ത എന്നേപ്പോലും എന്തൊക്കേയോ സംഗതികള്‍ മനസ്സിലാക്കി തന്ന ഗൈഡേട്ടന് നന്ദി. 'ശശിവേകഗലു ഗണേശ'  പ്രതിമയുടെ അരികിലൂടെയാണ് മലകയറി തുടങ്ങിയത്. മലമുകളില്‍ നിന്ന് കണ്ട ഹംപി സായാഹ്നസൂര്യശോഭയില്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. അകലെ കാണുന്ന വിരുപക്ഷ ടെമ്പിള്‍ ഉള്‍പെടുന്ന ഹംപിയുടെ ലാന്‍ഡ്‌സ്‌കേപ്പ് ഫോട്ടോ ഹൃദയത്തിനുള്ളിലെ ക്യാമറ ആസ്വദിച്ച് ഒപ്പിയെടുത്തു. സൂര്യനെ തുംഗഭദ്രയുടെ ആഴങ്ങളിലേക്ക് യാത്രയാക്കി ഞങ്ങള്‍ മലയിറങ്ങി തുടങ്ങി. അപ്പോളേക്കും തിരിച്ചിറങ്ങുന്നിടത്തുള്ള ഗേയിറ്റ് പൂട്ടിയിരുന്നു. ഗേയിറ്റടച്ചാല്‍ 'നുഴഞ്ഞിറങ്ങി' പോകേണ്ടുന്ന മുള്‍വേലിപ്പൊളിച്ചുണ്ടാക്കിയ ചെറിയ വഴിയുടെ സൂചന കൂടി തന്നിട്ടാണ് സ്‌നേഹനിധിയായ ഗൈഡേട്ടന്‍ റ്റാറ്റ തന്നുപോയത്. മെക്‌സിക്കന്‍ ബോര്‍ഡര്‍ ചാടികടക്കുന്ന സാഹസികരായി ഞങ്ങള്‍ മാറുകയും ആ 'ചെറിയ' പൊത്തിലൂടെ റോഡിലെത്തുകയും ചെയ്തു.

ഇനി വിശ്രമമാണ്. ഹംപിയിലെ അവസാനത്തെ രാത്രി. നാളെ ഉദയവും കണ്ട് ഹംപിയോട് യാത്ര പറയുകയാണ്. മനസ്സിനെ ഭ്രമിപ്പിച്ച അതിശയങ്ങളോരോന്നും ഓര്‍ത്ത് ഹംപിയെന്ന മായാനഗരിയോടൊപ്പം ഞങ്ങളും ഉറങ്ങി.

വെളുപ്പിന് അഞ്ച് മണി കഴിഞ്ഞപ്പോള്‍ തന്നെ സൂര്യോദയം കാണാന്‍ റെഡിയായി ഇറങ്ങി. മനസ്സില്‍ ഗണ്ടികോട്ടയില്‍ ഉദയത്തിന് സാക്ഷിയായ ഓര്‍മ്മകള്‍ തികട്ടി വരുന്നു. ഹോട്ടലില്‍ നിന്ന അധികദൂരം ഉണ്ടായിരുന്നില്ല. ഹംപി നഗരം ഉണര്‍ന്നട്ടില്ല. ഉറക്കത്തിന്റെ ആലസ്യത്തില്‍ തന്നെയാണ്. കാര്‍ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ നടന്നു തുടങ്ങി. 'മാതംഗ' മലകളുടെ മുകളിലെത്തണം. അവിടെ നിന്നാണ് ഉദയം കാണേണ്ടത്. ഒരു കിലോമീറ്ററിലധികം നടന്ന് മല കയറാനുണ്ട്. അവിടെ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് മുന്നേ ആരും മല കയറിപ്പോയ ലക്ഷണമൊന്നുമില്ല. 'മാതംഗ ഹില്‍സ്'  എന്ന ബോര്‍ഡ് കണ്ടു. അത് ചൂണ്ടിയ ദിക്കിലേക്ക് നടന്നു തുടങ്ങി. നല്ല ഇരുട്ടാണ്. മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് മുന്നോട്ടുള്ള വഴി കാണുന്നത്. പാറക്കല്ലുകള്‍കൊണ്ട് മുകളിലേക്ക് പടികളൊരുക്കിയിട്ടുണ്ട്. വഴികാട്ടികളായി നിതേഷും അമലും ഞങ്ങള്‍ക്ക് മുന്നാലെ നടന്നു. അവളും ഞാനും സാവധാനത്തിലാണ് പടികള്‍ കയറുന്നത്. അതുകൊണ്ട് രണ്ട് പടികള്‍ ഞങ്ങള്‍ കയറിയപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മുന്നില്‍ പോയ ആശാന്‍മാര്‍ ഞങ്ങളുടെ കാഴ്ചയില്‍ നിന്ന് മറഞ്ഞിരുന്നു. ഇന്നലത്തെ ഹംപി കണ്ടുള്ള നടത്തം എന്റെ പ്രിയപ്പെട്ടവളെ ചെറുതായി തളര്‍ത്തിയിട്ടുണ്ട് (കൃഷ്ണദേവരായരെ സ്വപ്‌നം കണ്ടുറങ്ങി എന്നൊക്കെ ഒരു ജാഡയ്ക്ക് തള്ളിയതാണ്. ഇന്നലെ രാത്രി അവളുടെ കാലില്‍ കുഴമ്പിട്ട് കൊടുക്കലായിരുന്നു പ്രധാന പണി.) കുറച്ച് പടികള്‍ മുകളിലേക്ക് കയറിയപ്പോള്‍ തന്നെ അവള്‍ ഒരു പാറയില്‍ ചാരി ഇരുന്നു. ഇനി കയറാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. 'അയ്യോ അങ്ങനെയൊന്നും പറയല്ലേ' , അവിടുന്നും ഇവിടുന്നുമൊക്കെ കിട്ടിയ വാക്കുകള്‍കൊണ്ടൊക്കെ പ്രചോദിപ്പിച്ച് അവളെ പതിയെ മുന്നോട്ട് നടത്തിച്ചു. 'നീ നടക്കെന്റെ പെണ്ണേ.. ഞാനില്ലേ കൂടെ..ഇതൊക്കെ എന്ത്'-അങ്ങനെ ഞങ്ങള്‍ മുന്നോട്ട് പോകുകയാണ്. ചുറ്റിനും ഇരുള്‍ തളംകെട്ടി നില്‍ക്കുന്നു. മുന്‍പിലെന്താണെന്നോ എവിടേക്കാണ് എത്തുന്നതെന്നോ, ഒര് പിടിയുമില്ല. മുന്നില്‍പോയ ആശാ•ാരുടെ ഒരു വിവരവുമില്ല. മറ്റ് സഞ്ചാരികളെയൊന്നും കാണാനില്ല. മുന്നോട്ട് നടക്കുന്തോറും വഴിയുടെ വീതി കുറഞ്ഞു വരികയാണ്. തടസ്സമുണ്ടാക്കി നില്‍ക്കുന്ന ചെറിയ ചെടികളെയൊക്കെ തട്ടിമാറ്റിയാണ് മുകളിലേക്ക് കയറുന്നത്. അവള്‍ നന്നേ തളര്‍ന്നിട്ടുണ്ട്. 'കൊച്ചുവെളുപ്പാന്‍കാലത്ത് രണ്ടിനും ഒരുപണിയുമില്ല.. മലേടെ മണ്ടയ്ക്ക് വലിഞ്ഞു കേറാന്‍ പോയേക്കുന്നു' - ഇത് കാണുന്ന നാട്ടുകാര്‍ അങ്ങനെ തന്നെയാകണം പുലമ്പുന്നത്. സ്വാഭാവികം.

ഏകദേശം മലയുടെ ഒരു മുക്കാല്‍ ഭാഗത്തോളം കയറിയിട്ടുണ്ടാകണം. അപ്പോള്‍ മുന്നിലായി ചെടികള്‍ ഞെരിഞ്ഞമരുന്ന ഒച്ച കേട്ടു. കടുവയോ കാട്ടുപോത്തോ വല്ലോം ആയിരിക്കുമോ. ഏയ് ഇവിടെയെങ്ങനെ വരാനാണ്. എന്തായാലും സംശയം മനസ്സില്‍ തന്നെ വെച്ചു. വരുന്ന വഴിയില്‍ ഒരു അട്ടയെ കണ്ടപ്പോള്‍ പേടിച്ച കക്ഷിയാണ് കൂടെ നടക്കുന്നത്. ഒന്നും മിണ്ടിയില്ല. ശബ്ദം ഞങ്ങള്‍ക്കരികിലേക്ക് വരികയാണ്. അടുത്തേക്ക്..വളരെ അടുത്തേക്ക്..മുമ്പേപോയ ഞങ്ങളുടെ പങ്കാളികള്‍ പോയതിനേക്കാള്‍ വേഗത്തില്‍ ദാ മലയിറങ്ങി വരുന്നു. വിയര്‍ക്കുന്നുണ്ടല്ലോ. ഇനി ഇവന്‍മാര്‍ എന്തിനെയെങ്കിലും കണ്ട് പേടിച്ചിട്ടുള്ള വരവാണോ..

'അണ്ണാ വഴി തെറ്റി. മോളില്‍ പാറ ബ്ലോക്കാണ്. വഴിയില്ല. തിരിച്ചിറങ്ങിക്കോ..' അമലാണ് അത് പറഞ്ഞതെങ്കിലും ഞങ്ങളുടെ ചങ്കാണ് പിടച്ചത്. പ്രത്യേകിച്ചും എന്റെ പാതിയുടെ. കയറി വന്ന ഇത്രേം വഴികള്‍ തിരിച്ചിറങ്ങി മറ്റൊരു വഴിയില്‍ വീണ്ടും കയറമത്രേ. ഡിങ്കാ.. നടന്നത് തന്നെ. പക്ഷെ കയറി വന്ന വഴികളിലൊന്നും മറ്റ് തിരിവുകളൊന്നും കണ്ടില്ലല്ലോ.. അപ്പോള്‍ താഴെ നിന്ന് തന്നെ വഴി തെറ്റിയാണ് കയറി വന്നതെന്ന് ഞങ്ങള്‍ നിഗമനത്തിലെത്തി.

അവളെന്നെയൊന്നു ദയനീയമായി നോക്കി.
'എടിയേ കയറുന്ന പാടൊന്നുമില്ല ഇറങ്ങാന്‍. വളരെ സിംപിളാണ്.' - ഞാന്‍ പറഞ്ഞു.
'അപ്പോള്‍ വീണ്ടും വേറെ വഴിയേ കേറണ്ടേ?' - അവളുടെ ചോദ്യം.
'ആ. .അത്..ചിലപ്പോള്‍ ഇത്രേം പാട് പിടിച്ച വഴി ആയിരിക്കില്ല. പിന്നെ നമുക്കൊന്നു കയറിയ എക്‌സ്പീരിയന്‍സുമുണ്ടല്ലോ. ഞാനില്ലേ കൂടെ'. അതില്‍ അവള്‍ ഫഌറ്റാകുമെന്ന് കരുതി. പക്ഷേ 'എന്റെ വല്ലോരും മലമുകളിലേക്ക് നാഷണല്‍ ഹൈവേ പണിഞ്ഞുവെച്ചിട്ടുണ്ടോ' എന്നായിരുന്നു അവള്‍ മനസ്സില്‍ പറഞ്ഞതെന്നു തോന്നുന്നു.. .ഏയ്.. ആയിരിക്കില്ലായിരിക്കും.

ഞങ്ങളങ്ങനെ കയറി വഴികള്‍ തിരിച്ചിറങ്ങി തുടങ്ങി. വന്ന വഴി മറക്കരുതല്ലോ. ഇരുട്ട് ഇപ്പോഴും പഴയ രൗദ്രഭാവത്തില്‍ തന്നെ നില്‍ക്കുകയാണ്. സൂര്യന്‍ചേട്ടന്‍ ഇന്ന് ലീവാണോ. എട്ട് പത്ത് മിനിട്ടുകൊണ്ട് ഞങ്ങള്‍ 'മാതംഗ ഹില്‍സ്' എന്ന വഴിക്കാട്ടി ബോര്‍ഡിന്റെ അടുത്തെത്തി. ശ്ശെടാ ഇറങ്ങി വന്ന വഴി മാത്രമേ കാണുന്നുള്ളല്ലോ. അവിടേക്ക് തന്നെയാണല്ലോ ബോര്‍ഡും ചൂണ്ടുന്നത്. രണ്ട് വിദേശ സഞ്ചാരികള്‍ അപ്പോള്‍ അവിടേക്ക് എത്തി. ഞങ്ങള്‍ അങ്ങോട്ടെന്തേലും ചോദിക്കുന്നതിന് മുന്‍പ് തന്നെ 'മാതംഗ ഹില്‍സ്..?' എന്നൊരു രണ്ട് വാക്ക് ചോദ്യം സായിപ്പ് ഇങ്ങോട്ടിട്ടു. ഞങ്ങള്‍ അതിനുത്തരമായി ബോര്‍ഡിലേക്ക് ചൂണ്ടി. സായിപ്പും കൂട്ടുകാരിയും ഞങ്ങള്‍ ഇറങ്ങി വന്ന വഴിയിലൂടെ മുകളിലേക്ക് 'ഓടി' തുടങ്ങി. രണ്ട് മൂന്ന് പേര്‍ക്കൂടി അപ്പോഴേക്കും എത്തി. അവരും അതേ വഴി തന്നെയാണ് മുകളിലേക്ക് പോകുന്നത്. ശ്ശെടാ. .അപ്പോള്‍ എവിടുന്നാണ് ഞങ്ങള്‍ക്ക് വഴി തെറ്റിയത്.?

അങ്ങനെ വീണ്ടും കയറി തുടങ്ങാം എന്ന അടിയന്തര കമ്മിറ്റി പ്രമേയം പാസ്സാക്കി. എന്റെ പെണ്ണു മാത്രം കൈ പൊക്കിയില്ല. ലവന്‍മാര്‍ രണ്ടും ആവേശത്തോടെ കയറി തുടങ്ങി. ഞങ്ങള്‍ പതുക്കെ വരാം എന്ന് അവരോട് പറഞ്ഞു. അവള്‍ തളര്‍ന്നിരിക്കുകയാണ്. എങ്കിലും കണ്ണില്‍ ചോരയില്ലാത്ത ഞാന്‍ 'നേരത്തെ കയറിയ വഴി തന്നെയല്ലേ..കുഴപ്പമൊന്നും കാണൂല്ലാ' - എന്നൊക്കെ പറഞ്ഞ് ഒരു വിധത്തില്‍ സമാധാനിപ്പിച്ചെഴുന്നേല്‍പ്പിച്ച് പതിയെ നടന്നു തുടങ്ങി. വന്ന വഴി മറക്കാതിരിക്കാനുള്ള 'ഇമ്പോസിഷന്‍' നടത്തം..!

(Mathanga Hills)
Photo © Nithesh Suresh
വഴി എങ്ങോട്ടും തിരിയുന്നില്ല. ഒറ്റവഴി തന്നെയാണ് മുകളിലേക്ക്. ആദ്യം കയറി എത്തിയ സ്ഥലത്തു തന്നെ ഞങ്ങള്‍ എങ്ങനെയൊക്കെയോ നടന്നെത്തി. അതിനു തൊട്ടു മുകളിലായിട്ടാണ് വഴി ഇല്ല എന്നും പറഞ്ഞ് ലവന്‍മാര്‍ തിരിച്ചിറങ്ങി തുടങ്ങിയത്. ഞങ്ങള്‍ കുറച്ചു നേരം അവിടെയിരുന്നു. അവളുടെ പ്രയാസം മനസ്സിലാകുന്നുണ്ടായിരുന്നു. ഞങ്ങളെപ്പോലെ കാടും മലയും കയറി നടക്കല്ലല്ലാരുന്നല്ലോ അവളുടെ പണി. സാരമില്ല..ശീലമായിക്കോളും. മുന്‍പില്‍പോയവരുടെ അനക്കമൊന്നുമില്ല. പ്രകാശം വീണു തുടങ്ങിയിരിക്കുന്നു. മുന്നിലെ വഴികളൊക്കെ ഇപ്പോള്‍ നല്ലപ്പോലെ ദൃശ്യമായി. ഞങ്ങള്‍ കുറച്ചു കൂടി നടന്നു മുകളിലെത്തി. ഒരു വലിയ പാറ തടസ്സം നില്‍ക്കുന്നതുകണ്ട് നേരത്തെ യാത്ര അവസാനിപ്പിച്ച അവന്‍മാര്‍ ഇരുട്ടായതുകൊണ്ട് പാറക്കെട്ടിന് അരികിലൂടെ മുകളിലേക്കുള്ള പടവുകള്‍ കണ്ടില്ല. ഇനിയും മുന്നിലേക്ക് നടക്കാനുള്ള സൂചനല്‍കുന്ന ആ പടവുകള്‍ അവളെ പൂര്‍ണ്ണമായും തളര്‍ത്തി. ഞാന്‍ ഇനിയും നിര്‍ബന്ധിക്കുന്നത് ശരിയല്ലല്ലോ.. അവളുടെ ഒറ്റ തള്ള് മതി ഞാന്‍ താഴെ എത്താന്‍. തല്‍ക്കാലം അവിടെയിരുന്നു ആ തകര്‍ക്കപ്പെട്ട സ്വര്‍ഗ്ഗത്തിന്റെ ശേഷിപ്പുകള്‍ കണ്ടു. മുകളില്‍പോയി തിരിച്ചെത്തിയ പങ്കാളികള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഹംപി എത്ര വലിയ അതിശയമായിരുന്നെന്ന് അടിവരയിടുന്നു. ഞങ്ങള്‍ മലയിറങ്ങി തുടങ്ങി..

ഹംപിയോട് ബൈ പറയുകയാണ്.  ഓരോ കാഴ്ചയിലും അതിശയിപ്പിക്കുന്ന മായാലോകമായിരുന്നു ഹംപി. അവിടെ സുല്‍ത്താന്‍മാരുടെ ആക്രമണത്തില്‍ ഒന്നും ബാക്കിവെയ്ക്കാതെ മറഞ്ഞുപോയ രാജാവിന്റെ കൊട്ടാരം കരയുന്നത് കേള്‍ക്കാം.. അനേകായിരം പേരുടെ വിയര്‍പ്പിനു മുകളില്‍കെട്ടിയ സ്വര്‍ഗ്ഗതുല്യമായ ദേശം യുദ്ധാനന്തരം തകര്‍ന്നടിയുന്നത് കണ്ട് സ്വയം ജീവനൊടുക്കിയ ശില്‍പികളുടെ വിലാപങ്ങള്‍ കേള്‍്ക്കാം.. വലിയൊരു ശവകുടീരത്തിന് മുകളിലാണ് നില്‍ക്കുന്നതെന്ന് തോന്നിപ്പോകുന്നു.

അതെ..ഹംപി സങ്കടങ്ങളുടെ സ്വര്‍ഗ്ഗം കൂടിയാണ്..

എഴുത്ത് : എല്‍.റ്റി മറാട്ട്‌


Sunday, October 15, 2017

മലയിടുക്കിലെ അത്ഭുതവും പാതാളത്തിലെ വിസ്മയവും

'എടിയേ എല്ലാരും മൂന്നാറും ഊട്ടിയും കുളു മണാലിയുമൊക്കെയാണ് പോകുന്നത്. ഇതിപ്പോ കാടും മലയുമൊക്കെയാണ്. പോരാത്തതിന് നല്ല ചൂടും.'-
കേള്‍ക്കുന്നവര്‍ക്ക് ഒരു 'നിരുത്സാഹപ്പെടുത്തലിന്റെ' മണമടിക്കുമെങ്കിലും അവള്‍ക്കതിലൊന്നും ഒരു കുലുക്കവുമില്ല. അവളെപ്പോഴേ റെഡി. പറഞ്ഞുവരുന്നത് കല്യാണത്തിന് ശേഷമുള്ള ഒരു 'ചെറിയ' യാത്രയെ കുറിച്ചാണ്. കല്യാണത്തിന് മുന്‍പും യാത്രകളില്‍ കൂടുതലും കാടും പുഴയും മലയുമൊക്കെ തന്നെയായിരുന്നു. അതൊക്കെ സുന്ദരമാക്കാന്‍ ഒപ്പം ഒരു ലോഡ് കൂട്ടുകാരും. കല്യാണത്തിന് ശേഷമുള്ള കണക്ക് പരിശോധിച്ചാല്‍ ആകെ യാത്രകള്‍ 'രണ്ട്'. അതിലൊന്ന് ഫാമിലി ട്രിപ്പ് ടു കന്യാകുമാരി (ക്ലീഷേ..!). കാട് പിന്നെയും വിളിച്ചപ്പോള്‍ കൂട്ടുകാരോടൊപ്പം രണ്ടാമത്തെ യാത്ര. അങ്ങനെ അവളും കൂട്ടുകാരും തമ്മില്‍ യാത്രയുടെ കാര്യത്തില്‍ 1-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മൂന്നാമത്തെ യാത്രയുടെ വിത്ത് മുളയ്ക്കുന്നത്. ഹൃദയമിത്രവും(Chunk Bro) സര്‍വ്വോപരി സ്ഥിരം ടൂര്‍ കോ-ഓഡിനേറ്ററുമായ നിതേഷ് അടുത്ത യാത്രയെ കുറിച്ച് വാചാലനായി. തമിഴ്‌നാട്-ആന്ധ്രാപ്രദേശ്-കര്‍ണ്ണാടക വഴി തിരിച്ച് കേരളം, അതായിരുന്നു അവന്‍ മനസ്സില്‍ കണ്ട മാസ്റ്റര്‍ പ്ലാന്‍. പോകുന്ന സ്ഥലങ്ങളും വ്യക്തമാക്കി. അധികം 'ലോകപരിചയം' ഇല്ലാത്ത ഞാന്‍ അക്കൂട്ടത്തില്‍ ഹംപി മാത്രമേ കേട്ടിട്ടുണ്ടായിരുന്നുള്ളൂ.(ലവന്‍ ഇതൊക്കെ എവിടുന്ന് കണ്ട് പിടിക്കുന്നോ ആവോ..)
ഇനി വെള്ളമൊഴിക്കുന്ന പരിപാടിയാണ്. അതായത് യാത്രയ്ക്കുള്ള ആളെ കൂട്ടല്‍. സെപ്തംബര്‍ 20 വൈകുന്നേരം യാത്ര തിരിച്ച് 25 ന് മടങ്ങി വരാനാണ് തീരുമാനിച്ചിരുന്നത്. പക്ഷെ സ്ഥിരം യാത്രകളിലെ തലകളൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞ് പിന്മാറി (നിന്നെയൊക്കെ ഞങ്ങള്‍ എടുത്തോളാം..ട്ടാ). കഴിഞ്ഞ യാത്ര മുതല്‍ അഡ്മിഷന്‍ എടുത്ത് കൂടെ കൂടിയ അമല്‍ മാത്രമാണ് 'ഞാന്‍ വരും അണ്ണാ' - എന്ന ഉറപ്പ് തന്നത്. അങ്ങനെ ആകെ മൊത്തം യാത്രയ്ക്ക് ഞങ്ങള്‍ മൂന്ന് പേര്‍. 'സാമ്പത്തികം' ഒരു പ്രധാന ഘടകമായതുകൊണ്ട് യാത്ര ട്രെയിനിലും ബസ്സിലുമൊക്കെ ആകാമെന്ന് കരുതി. മൂന്ന് പേരല്ലേ ഉള്ളൂ. എന്തിന് ആര്‍ഭാടം..!
അങ്ങനെ കാര്യങ്ങള്‍ പെക്കോണ്ടിരുന്ന സമയത്താണ് യാത്രയുടെ കാര്യം ഞാന്‍ എന്റെ പാതിയോട് പറയുന്നത്.
'എടിയേ ലവനൊരു യാത്രയെപ്പറ്റി പറയുന്നു. അമല്‍ മാത്രമെ ഉള്ളൂവെന്ന്...'
'ദേ മനുഷ്യാ നിങ്ങളെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. കൂട്ടുകാര് വാനരന്മാരുമൊത്തൊരു ഊരുത്തെണ്ടല്‍ കഴിഞ്ഞിട്ട് ഒരു മാസമായില്ലല്ലോ.? അങ്ങനെയാണെങ്കി ഞാനെന്റെ വീട്ടില്‍ പോയി നിന്നോളാം..അല്ല പിന്നെ' - ഇത്യാദി ഡയലോഗുകളാണ് ഞാന്‍ അവളില്‍ നിന്ന് പ്രതീക്ഷിച്ചതെങ്കിലും അതൊന്നും തന്നെയുണ്ടായില്ല (വെറുതെ പേടിച്ചു. ഓള് പാവാണെന്നേ.)
'അല്ല.. എങ്ങോട്ടാണ് യാത്ര?' - അവളുടെ ചോദ്യം.
'അത് പിന്നെ.. ഹംപി.'
'ഹംപിയോ. ഞാനും വരുന്നു. ങാ.. ' അവളേംകൊണ്ട് പോകാതെ ഇവിടുന്ന് ഇറങ്ങിയാല്‍ മുട്ടുകാല് തല്ലിയൊടിക്കും എന്നൊരു ഭീക്ഷണി ഉണ്ടായിരുന്നോ അതില്‍.. ഏയ്.. ഇല്ല.
അവള്‍ ഉറപ്പിച്ച മട്ടാണ്. അവള്‍ക്കും വരണം. അവളെ കൂട്ടാതെ പോകാന്‍ പറ്റില്ല എന്ന് എനിക്കും നല്ല ഉറപ്പായിരുന്നു. കാരണം ആ സ്ഥലം തന്നെ, ഹംപി. പ്രേമിച്ച് നടന്ന സമയത്തൊക്കെ എത്രയോ തവണ പോകേണ്ടുന്ന സ്ഥലങ്ങളുടെയൊക്കെ ലിസ്റ്റ് എടുത്തപ്പോള്‍ ഹംപി എന്ന പേര് കടന്നു കൂടിയിട്ടുണ്ട്. ആ പേര് എനിക്കത്ര പരിചിതമാകാനും അത് തന്നെ കാരണം.
അവന്‍മാര്‍ക്കും പരാതിയൊന്നുമില്ല. അങ്ങനെ യാത്ര തുടങ്ങുകയാണ്. അവളും കൂടി സംഘത്തില്‍ ചേര്‍ന്നതോടെ യാത്ര കാറിലാക്കാന്‍ അടിയന്തിര പി.ബി തീരുമാനത്തിലെത്തി.
സെപ്തംബര്‍ 20 വൈകുന്നേരം 5 മണിയ്ക്കായിരുന്നു ഞങ്ങളുടെ 'ചരിത്ര' യാത്രയുടെ ഫ്‌ളാഗ് ഓഫ് നിശ്ചയിച്ചിരുന്നത്. എന്താണെന്നറിയില്ല, ഞാനും അവളും പതിവിന് വിപരീതമായി കൃത്യസമയത്ത് തന്നെ റെഡിയായി.രാത്രി കഴിക്കാനുള്ള ചപ്പാത്തി റെഡിയാക്കാന്‍ വേണ്ടിയാണ് കുറച്ച് സമയം പോയത് (അമ്മയ്ക്ക് പ്രത്യേകം നന്ദി). നിതേഷും പതിവ് തെറ്റിക്കാതെ പറഞ്ഞ സമയത്ത് തന്നെയെത്തി. പാര്‍ട്ടി കമ്മറ്റിക്ക് പോയ സഖാവിനെ മാത്രം കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നു. അങ്ങനെ കമ്മറ്റി ഒരു വഴിക്കാക്കി അമലും കൂടി എത്തിയതോടെ അര മണിക്കൂര്‍ വൈകി വണ്ടി ഓടി തുടങ്ങി.
രാത്രിയിലെ യാത്ര ഒഴിവാക്കാന്‍ അന്ന് രാത്രി സേലത്തായിരുന്നു തങ്ങാന്‍ തീരുമാനിച്ചിരുന്നത്. ഗൂഗിള്‍ മാപ്പിന്റെ കണക്ക്കൂട്ടലുകള്‍ പ്രകാരം യാത്രതുടങ്ങിയ കുണ്ടറയില്‍ നിന്ന് സേലം വരെ എത്താന്‍ 8 മണിക്കൂറിലധികം സമയമാണ് വേണ്ടത്. 'തെന്മല' കടന്നുപോകുമ്പോള്‍ അവള്‍ എന്നെയൊന്ന് നോക്കി. എനിക്ക് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒര് ഒന്നൊന്നര നോട്ടം! (കല്യാണം കഴിഞ്ഞ് അഞ്ച് മാസം ആകാറായി. എന്നിട്ടും അടുത്തുള്ള തെന്മലവരെപ്പോലും കൊണ്ട് പോയില്ലല്ലോ ദുഷ്ടാ.. എന്നല്ലേ ആ നോട്ടത്തിന് അര്‍ത്ഥം.. ആവോ.)
രാജപാളയത്തിന് മുന്‍പൊരു വഴി വക്കില്‍ അത്താഴത്തിനായി വണ്ടി നിര്‍ത്തി. ചപ്പാത്തിയും നിതേഷ് കൊണ്ട് വന്ന മുട്ട റോസ്റ്റും കൂട്ടി ഒരു പിടി പിടിച്ചു. കുറച്ച് കരിഞ്ഞെങ്കിലും കറി സൂപ്പറായിരുന്നു. ഗൂഗിള്‍ ചേച്ചി പറഞ്ഞ സമയത്തിനേക്കാളും കുറച്ച് നേരത്തെ തന്നെ ഞ്ങ്ങള്‍ സേലത്തെത്തി. സമയം കൃത്യം 1 മണി. അടുത്ത ദിവസം യാത്ര ആന്ധ്രയിലേക്കാണ്. രാവിലെ തന്നെ യാത്ര തുടങ്ങേണ്ടി വരും. കാലത്തെ 6 മണിക്ക് തന്നെ റെഡിയായിക്കോളാന്‍ കോ-ഓര്‍ഡിനേറ്ററുടെ അറിയിപ്പ് വന്നു. 'നീയൊക്കെ റെഡിയാകാനാണോടെയ്..' എന്നൊരു ഭാവം അവന്റെ മുഖത്ത് ഉണ്ടായിരുന്നില്ലേ. എന്നാലും അതൊരു വെല്ലുവിളിയായി തന്നെ ഞാനും അവളും ഏറ്റെടുത്തു. അത്ര കൊള്ളിലല്ലോ..
അടുത്ത ദിവസം. 6 മണിക്ക് മുന്നേ ഞങ്ങള്‍ റെഡിയായി. അവന്‍മാര്‍ രണ്ടും ശരിക്കും ഞെട്ടിയിട്ടുണ്ടാകണം. അങ്ങനെ സേലത്തോട് വിടചൊല്ലി ആദ്യ സന്ദര്‍ശന സ്ഥലത്തേക്കുള്ള യാത്ര ആരംഭിച്ചു. ആന്ധ്രാപ്രദേശിലെ ഗണ്ടികോട്ടയായിരുന്നു ലക്ഷ്യ സ്ഥാനം. ആദ്യമായാണ് അങ്ങനെയൊരു സ്ഥലത്തെപറ്റി ഞാന്‍ കേള്‍ക്കുന്നത്. ഇന്ത്യയിലെ 'ഗ്രാന്റ് കാന്യന്‍' ആണത്രേ. അതെന്തൂട്ടാണ്..! അമേരിക്കയിലെ ആ വലിയ മലയിടുക്കിനെ പറ്റി നിതേഷ് പറഞ്ഞു തുടങ്ങി. കൊളറാഡോ നദിയൊഴുകുന്ന ആ ദൃശ്യങ്ങള്‍ ഗൂഗിള്‍ കാണിച്ച് തന്നപ്പോള്‍ ശരിക്കും അതിശയം. ശങ്കര്‍ സാറിന്റെ 'ജീന്‍സ്' സിനിമയില്‍ ഒര് പാട്ടില്‍ ആ സ്ഥലം കാണിക്കുന്നുണ്ടത്രേ. അവളാണ് ആ അറിവ് പങ്കുവെച്ചത്. ശ്ശെടാ.. അപ്പോള്‍ എനിക്ക് മാത്രമേ ഇതിനെപ്പറ്റിയൊന്നും വല്യ പിടിയില്ലാതുള്ളൂ. അപ്പോള്‍ അതുപോലൊരു അത്ഭുതം നമ്മുടെ നാട്ടിലുണ്ടായിട്ട് ഒന്ന് കണ്ടിരിക്കണമല്ലോ.
ബാഗ്ലൂര്‍ വഴി തിരക്കായിരിക്കും എന്ന് അനുമാനിച്ച് യാത്ര കുപ്പം വഴിയാക്കി. കുറച്ച് കിലോ മീറ്റര്‍ അധികം ഓടേണ്ടി വരും. ബാക്കിയുണ്ടായിരുന്ന ചപ്പാത്തി ജാമും കൂട്ടി തിന്ന് കാലത്തെ വിശപ്പിന് ഒരു താല്‍കാലിക നടപടിയുണ്ടാക്കി (ചെലവ് കുറയ്ക്കണമല്ലോ.. ഏത്..). നാ്ന്നൂറ്റി നാല്‍പത് കി.മീ അതായത് ഏകദേശം ഒമ്പത് മണിക്കൂറിലേറെ സമയം വേണം ഗണ്ടികോട്ടയിലെത്താന്‍.
ആദ്യമായിട്ടാണ് ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കുന്നത്. ഇന്ത്യയിലെ ഏഴാമത്തെ വലിയ സംസ്ഥാനമെന്ന് പദവി അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഞങ്ങള്‍ പൊക്കോണ്ടിരുന്ന ഓരോ വഴികളും. റോഡിന് ഇരുവശങ്ങളിലുമായി കണ്ണെത്താ ദൂരത്തോളം കൃഷിയിടങ്ങള്‍ കാണാം. കൂടുതലും നെല്ലും ചോളവുമൊക്കെ തന്നെ. ആന്ധ്രാപ്രദേശിന്റെ വിശേഷണം ഇന്ത്യയുടെ നെല്ലറ എന്നാണത്രേ (പി.എസ്.സി പഠുത്തക്കാര്‍ കാറിലുള്ളത് മറ്റൊരാശ്വാസം). ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് ഗണ്ടികോട്ട ഗ്രാമം. ഗണ്ടി(Gandi) എന്ന തെലുഗു വാക്കിന്റെ അര്‍ത്ഥം മലയിടുക്ക് എന്ന് തന്നെയാണ്. പെന്നാര്‍(Pennar) നദിയുടെ തീര പ്രദേശമാണവിടം. ഉച്ചയ്ക്ക് 1 മണിയോടെ ഞങ്ങള്‍ ഗണ്ടികോട്ടയിലെത്തി. ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ 'ഹരിത' ഹോട്ടലാണ് താമസത്തിനായി തെരഞ്ഞെടുത്തത്. ആ പ്രദേശത്ത് ആകെയുള്ള ഒരു താമസസ്ഥലവും അത് തന്നെയാണ്. വലിയ ഒരു കോട്ടയുടെ പ്രതീതി ഉളവാക്കുന്നതായിരുന്നു ഹോട്ടലിന്റെ രൂപവും. ഞങ്ങള്‍ എത്തിച്ചേരുമ്പോള്‍ അവിടുത്തെ ജീവനക്കാര്‍ പുറത്തും വരാന്തയിലുമായി സുഖനിദ്രയിലായിരുന്നു. റെസ്റ്റോറന്റിനുള്ളില്‍ ചെന്ന് പ്രധാന നടത്തിപ്പുക്കാരന്‍ എന്ന് തോന്നിപ്പിക്കുന്ന ഒരാളെ വിളിച്ചുണര്‍ത്തി കാര്യങ്ങള്‍ സംസാരിച്ചു. അവര്‍ പറയുന്ന തെലുഗു ഒരു പിടിയും തരുന്നില്ല. രാജമൗലി പടങ്ങള്‍ കണ്ടുള്ള പരിചയം മാത്രമേയുള്ളൂ ആ ഭാഷയോട്. ആ എന്നോടോ ബാലാ..
വരാന്തയില്‍ കിടന്നുറങ്ങിയ ജീവനക്കാരനോട് അയാള്‍ ഞങ്ങള്‍ക്ക് താമസിക്കേണ്ടുന്ന മുറി വൃത്തിയാക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി (?). സ്വാഭാവികമായും അടുത്ത ലക്ഷ്യം രാവിലെ മുതലുള്ള വിശപ്പിന് ഒരു തീരുമാനമുണ്ടാക്കുക എന്നതായിരുന്നു. അവിടെ കഴിക്കാന്‍ എഗ്ഗ് ഫ്രൈഡ് റൈസ് ഉണ്ടായിരുന്നു. ആശ്വാസമായി. നല്ല ഒന്നാംതരം ഭക്ഷണം. വയറിനൊപ്പം മനസ്സും നിറച്ചു.
പുറത്ത് വെയില്‍ കലുഷിതമായതുകൊണ്ട് വൈകുന്നേരം വരെ വിശ്രമിക്കുക മാത്രമേ വഴിയുള്ളൂ. വെയിലൊന്ന് അടങ്ങിയപ്പോള്‍, ഒര് നാല് മണിയൊക്കെ കഴിഞ്ഞ് പന്നാറിന്റെ തീരത്തെ അത്ഭുതം കാണാന്‍ ഇറങ്ങി. ഹോട്ടലില്‍ നിന്ന് അധിക ദൂരമില്ല. വലിയ കല്ലുകള്‍കൊണ്ട് തീര്‍ത്ത കോട്ടമതില്‍ ദൂരെ നിന്ന് തന്നെ കാഴ്ചയിലെത്തി. ഞങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് മതിലിന് അരികിലായി രണ്ട് തൂണുകള്‍ നിലയുറപ്പിച്ചിരുന്നു. അതിന് മധ്യേ ഞങ്ങളുടെ 'രഥ'ത്തിന് കടന്നുപോകാന്‍ ധാരാളം സ്ഥലമുണ്ട. കോട്ടയുടെ ഭൂതകാലം വിളിച്ചറിയിക്കുന്ന ബോര്‍ഡ് മുന്നില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. AD 13-ാം നൂറ്റാണ്ടില്‍ പണിഞ്ഞ കോട്ടയാണ് കണ്‍ മുന്നില്‍ തലയെടുപ്പോടെ പ്രതാപത്തോടെ നില്‍ക്കുന്നത്. നാല്‍പതടിയോളം പൊക്കമുള്ള കവാടം കടന്നാണ് അകത്തേക്കുള്ള യാത്ര. അത്രതന്നെ ഉയരത്തിലുള്ള നൂറ്റിയൊന്നോളം കോട്ട മേടകളാണ് ചുറ്റിനും. ഫ്രഞ്ച് സഞ്ചാരികള്‍ ഇവിടം വിശേഷിപ്പിച്ചത് രണ്ടാം ഹംപി എന്നത്രേ. എന്താല്ലേ..
(Gandikota Entrance)
Photo © Nithesh Suresh
കാറ് പൊയ്‌ക്കോണ്ടിരുന്ന വഴിക്ക് ചുറ്റും ചെറിയ കുടിലുകളാണ്. ഗണ്ടികോട്ട ഗ്രാമത്തിലെ താമസക്കാരാണ്. കന്നുകാലികളും കോഴി വളര്‍ത്തലുമൊക്കെയാണ് അവരുടെ ഉപജീവനമാര്‍ഗ്ഗം. വീടുകള്‍ കടന്നു ചെല്ലുമ്പോള്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമായി. ഞങ്ങള്‍ക്ക് മുന്‍പ് തന്നെ കുറച്ച് സഞ്ചാരികള്‍ അന്നവിടെ എത്തിയിട്ടുണ്ട്. വലതു വശത്തായി കോട്ടയ്ക്കകത്തേക്കുള്ള പ്രധാന കവാടവും ഇടത് വശത്ത് ഒരു മുസ്ലീം പള്ളിയുമാണ്- ജാമിയ മസ്ജിദ്. കോട്ടയ്ക്കുള്ളില്‍ രണ്ട് അമ്പലങ്ങളാണുള്ളത്. രംഗനാഥ സ്വാമി ടെമ്പിളും മാധവരായ സ്വാമി ടെമ്പിളും (പഴയ കാലത്തെ മതമൈത്രിയായിരുന്നു മതമൈത്രി). വഴിയില്‍ പ്രായം ചെന്ന രണ്ട് മൂന്ന് കച്ചവടക്കാര്‍ ഇരിപ്പുണ്ട്. കപ്പലണ്ടിയും കടലയുമൊക്കെ വില്‍ക്കുന്നവര്‍. പുരാതന കാലത്തെ കരവിരുത് വലിയ വിസ്മയമായി മുന്നില്‍ തെളിഞ്ഞു. അധികം കൊത്തുപണികളൊന്നും ഇല്ലാതിരുന്നിട്ട് കൂടി ആ പഴയ ശേഷിപ്പുകള്‍ തലയെടുപ്പൊട്ടും പോകാതെ നില്‍പ്പുണ്ടായിരുന്നു. അകത്തൊരു ജയിലും ധാന്യപ്പുരയുമുണ്ട്. കെട്ടിടത്തിന്റെ പലയിടത്തും മോടിപ്പിടിക്കല്‍ നടക്കുന്നതിന്റെ സൂചനകള്‍ കാണാം. ഇപ്പോള്‍ പ്രവേശന ഫീസോ കാവല്‍ക്കാരോ അവിടെയില്ല. അകത്തെ അമ്പലങ്ങളിലൊന്നും പൂജയൊന്നും നടക്കുന്നതിന്റെ ലക്ഷണങ്ങളുമില്ല. രംഗനാഥ സ്വാമി ടെമ്പിളിന്റെ ചുറ്റുമതിലിന് മുകളില്‍ കയറി നിന്നാല്‍ മലയിടുക്കിലെ 'അത്ഭുതത്തിന്റെ' വിദൂര ദൃശ്യം കാണാം. കുറച്ച് ഫോട്ടോസ് എടുത്ത് അതിനടുത്തേക്ക് നടത്തം തുടര്‍ന്നു. ഞ്ങ്ങള്‍ക്ക് മുന്‍പേ വന്ന് സന്ദര്‍ശകരില്‍ ബഹുഭൂരിപക്ഷവും അമ്പലം വരെ വന്ന് തിരിച്ചു പോകുകയാണ്. ചുരുക്കം ചിലര്‍ മാത്രമാണ് താഴേക്ക് യാത്ര തുടരുന്നത്.
Jamia Masjid, Gandikota
Photo © Nithesh Suresh
മുന്നില്‍ പാറക്കെട്ടുകളാണ്. കുറച്ച് സൂക്ഷിച്ചു വേണം മുന്നോട്ടുള്ള യാത്ര. വഴിയവസാനിക്കുന്നിടത്ത്, പാറക്കെട്ടിനു മുകളിലെത്തുമ്പോള്‍ രണ്ട് മലകള്‍ക്കിടയില്‍ പന്നാര്‍ നദി സുന്ദരിയായി ഒഴുകുന്നു. ഇത്ര കൃത്യമായി പ്രകൃതി എങ്ങനെയാണ് ആ പാറകൂട്ടങ്ങള്‍ അടുക്കി വെച്ചിരിക്കുന്നത്. രണ്ട് മലകള്‍ക്കിടയില്‍ മുന്നൂറ് അടിയോളം ദൂരമുണ്ടത്രേ. ഇതിനടുത്തായുള്ള കോട്ട മേടകള്‍ പലതും കുറേയേറെ നശിച്ചു പോയിട്ടുണ്ട്. ഞങ്ങള്‍ക്ക് മുന്നേ പോയ നിതേഷും അമലും വഴിയില്‍ വെച്ചു കണ്ട് ഒരു ആട്ടിടയനോട് സംസാരിച്ച കഥ തിരിച്ചു വന്നപ്പോള്‍ വിവരിച്ചു. ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് കുറച്ച് കൂടി താഴേക്ക് നടന്നാല്‍ ഒരു വലിയ ഗുഹയുടെ അരികിലെത്തുമത്രേ. കോട്ട മൊത്തത്തില്‍ നാല് കിലോമീറ്ററാണ്. അമ്പോ..! രാജമൗലിയുടെ 'മര്യാദരാമണ്ണ' സിനിമയുടെ അവസാനരംഗങ്ങള്‍ ഇവിടെയാണ് ചിത്രീകരിച്ചത്. അവസാനം ഒരു കാര്യം കൂടി അണ്ണന്‍ പറഞ്ഞു. അധികം ഇവിടെ ചുറ്റി തിരിയണ്ട.. 'സിരുത്തൈ' ഉണ്ടത്രേ..!!അള്ളാ ..നമ്മടെ പുള്ളിപ്പുലി..!!
Way to "The Grand Canyon of India"
Photo © Nithesh Suresh
സൂര്യന്‍ മേഘത്തിലൊളിച്ചുകളിച്ചതുകൊണ്ട് സൂര്യസ്തമയം കാണുക എന്ന ഞങ്ങളുടെ മോഹം നടന്നില്ല. തിരിച്ച് റൂമിലെത്തി. ആന്ധ്രയിലെ 'ഫുല്‍ക'യും കഴിച്ച് സുഖമായി ഉറങ്ങി.
Gandikota, The Grand Canyon of India
Photo © Nithesh Suresh
അടുത്ത ദിവസത്തെ പ്രധാന ലക്ഷ്യം സൂര്യോദയം കാണുക എന്നതായിരുന്നു. കാലത്തെ അഞ്ച് മണി കഴിഞ്ഞ് ഇറങ്ങണം. അവള്‍ കുറച്ച് മടിച്ചു. എങ്കിലും വിളിച്ചുണര്‍ത്തി ഉദയം കാണാന്‍ പുറപ്പെട്ടു. ഗ്രാമം ഞങ്ങള്‍ എത്തുന്നതിന് വളരെ നേരത്തെ തന്നെ ഉണര്‍ന്നിരിക്കുന്നു. വഴിയില്‍ ആള്‍ക്കാര്‍ പശുവിനെ കറക്കുന്നു. പലയിടത്തും കന്നുകാലികള്‍ വഴി തടയല്‍ നടത്തി. ഞങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്ത് മലയിടുക്കിനരികിലേക്ക് നടന്നു തുടങ്ങി. ഇരുട്ട്.. കൊറേ ഇരുട്ട് - അതായിരുന്നു അവസ്ഥ. മൊബൈല്‍ ടോര്‍ച്ച് വഴികാട്ടിയായി. കിറുക്ക് പിടിച്ച ഞങ്ങള്‍ നാലുപേരുമല്ലാതെ അവിടെയൊന്നും ഒറ്റ മനുഷ്യരില്ല. ദൂരെയപ്പോള്‍ കേട്ട ശബ്ദം പുലിയുടേതായിരിക്കില്ല എന്ന് ഞങ്ങള്‍ ആശ്വസിച്ചു. ഓരോ പാറയിലും സൂക്ഷിച്ച് കാല്‍വെച്ച് ഒടുവില്‍ ലക്ഷ്യസ്ഥാനത്തെത്തി. ഇത്തവണ സൂര്യന്‍ ചതിച്ചില്ല. സൂര്യരശ്മിയില്‍ പ്രകൃതി തീര്‍ത്ത മനോഹരമായ ക്യാന്‍വാസ് കണ്‍മുന്നില്‍ തെളിഞ്ഞു തുടങ്ങി. വാക്കുകള്‍കൊണ്ട് ആ കാഴ്ച വിവരിക്കുന്ന അസാധ്യം. മടി പിടിച്ചുകിടന്നവള്‍ ആര്‍ത്തിയോടെ കാഴ്ച കണ്ടു. ജീവിതത്തിലെ മനോഹരമായ ഒരു സുപ്രഭാതം. ആവശ്യത്തിലേറെ ദൃശ്യങ്ങള്‍ പകര്‍ത്തി ക്യാമറയുടേയും വിശപ്പടക്കി ഞങ്ങള്‍ തിരിച്ച് റൂമിലെത്തി. 8 മണിയോടെ 'പൊങ്കലും' കഴിച്ച് ഗണ്ടികോട്ടയോട് വിടചൊല്ലി അടുത്ത് സ്ഥലത്തേക്ക് യാത്രയായി.
(Sunrise @ Gandikota)
Photo © Nithesh Suresh
60 കിലോമീറ്ററുകള്‍ക്കപ്പുറം ഞങ്ങളേയും കാത്ത് മറ്റൊരു അത്ഭുതം ഇരിപ്പുണ്ടായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ ഗുഹ, ബേലും ഗുഹകള്‍(Belum Caves). ഗുഹയെന്ന് കേള്‍ക്കുമ്പോള്‍ മല തുരന്ന് വെച്ചൊരു സങ്കല്‍പ്പമായിരുന്നു മനസ്സില്‍ (അല്‍പജ്ഞാനം എന്നും പറയാം). 9.30 ന് സ്ഥനത്തെത്തിയെങ്കിലും പ്രവേശനം പത്ത്‌ മണിമുതലേ ഉള്ളൂ. ജി. എസ്. ടി കൂടി ചേര്‍ത്ത് ഒരാള്‍ക്ക് 65 രൂപയാണ് പ്രവേശന ഫീസ്. വലിയൊരു ബുദ്ധപ്രതിമ മലയ്ക്കരികിലായി ഞങ്ങളെ സ്വാഗതം ചെയ്ത് നില്‍പ്പുണ്ടായിരുന്നു. Belum Caves എന്ന് വെണ്ടയ്ക്കാ
വലുപ്പത്തില്‍ പ്രതിമയ്ക്ക് പിന്നിലുള്ള മലയ്ക്കു മുകളില്‍ എഴുതിയിരിക്കുന്നു. ഇനി ആ മലയിലാണോ ഗുഹ..? ആര്‍ക്കും ഒരു പിടിയുമില്ല. എന്‍ട്രന്‍സ് എന്നും പറഞ്ഞ് മുന്നിലേക്കുള്ള അടയാളത്തിനപ്പുറത്തേക്ക് പുറത്തു നിന്ന് നോക്കുമ്പോള്‍ ഗുഹപോയിട്ട് ഒരു കുഴിപ്പോലും കാണാനില്ലായിരുന്നു. ഇവന്‍മാര്‍ എവിടെയാണ് ഗുഹ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്..? ആവോ.. പത്ത് മണി ആയപ്പോഴേക്കും കുറച്ച് സന്ദര്‍ശകര്‍ കൂടി എത്തി. അകത്തേക്ക് കയറ്റി തുടങ്ങി. മുന്നോട്ട് നടന്നപ്പോള്‍ താഴേക്ക് ഇറങ്ങാനുള്ള പടികള്‍ കണ്ട് തുടങ്ങി. ടിക്കറ്റ് പരിശോധന കഴിഞ്ഞ് ഞങ്ങള്‍ പടികളിറങ്ങി. ഇതിപ്പോ എന്താ കഥ.. ഗുഹ ഭൂമിക്കടിയിലാണ്. പുറത്തു കണ്ടതിനേക്കാള്‍ വലുതാണ് പൊത്തിലുള്ളത് എന്നതായിരുന്നു ഞങ്ങളുടെ അപ്പോഴത്തെ അവസ്ഥ. പണ്ട് കാലത്തെപ്പെഴോ നദി ഒഴുകി രൂപപ്പെട്ടതാണ് ഗുഹയെന്ന് കരുതപ്പെടുന്നു. അതായത് '916' പ്രകൃതി ദത്തം. അകത്തേക്കുള്ള വായു സഞ്ചാരത്തിനും വിസ്മയകാഴ്ചകള്‍ കാണുന്നതിനും ഒക്കെയുള്ള സംവിധാനങ്ങള്‍ ടൂറിസം വകുപ്പ് നല്ല വെടിപ്പായി ചെയ്ത് വെച്ചിട്ടുണ്ട്. പോകുന്ന വഴിയില്‍ തെലുഗു സംഗീതവും ആസ്വദിക്കാം.
(Inside Belum Caves)
Photo © Nithesh Suresh
 കൂര്‍നൂള്‍ ജില്ലയിലുള്ള ഗുഹ 4500 ബി.സിയില്‍ രൂപപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. അത്രയും വര്‍ഷം പഴക്കമുള്ള പാത്രങ്ങള്‍ ഇവിടെ നിന്ന് ചരിത്രകാരന്‍മാര്‍ കണ്ടെത്തിയിട്ടുണ്ടത്രേ. 1982 മുതല്‍ 84 വരെയുള്ള കാലഘട്ടത്തില്‍ ജര്‍മ്മന്‍കാരനായ ഡാനിയല്‍ ഗബറാണ് ഗുഹയ്ക്ക് മൂന്നര കിലോ മീറ്റര്‍ ദൂരമുണ്ടെന്ന് കണ്ടെത്തിയത്. 1988 ല്‍ ആന്ധ്രാ സര്‍ക്കാര്‍ ഇവിടം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. 1999 ല്‍ ടൂറിസം ഡെവലപ്‌മെന്റ് വകുപ്പ് ഏറ്റെടുത്ത് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. പക്ഷെ ഒന്നര കിലോ മീറ്റര്‍ ദൂരം മാത്രമേ സഞ്ചാര യോഗ്യമായുള്ളൂ.

(Inside Belum Caves)
Photo © Nithesh Suresh
ഗുഹയുടെ മധ്യസ്ഥാനത്ത് 125 അടിയോളം താഴ്ചയുണ്ടെന്നറിപ്പോള്‍ ശരിക്കും ഞെട്ടി. പാറയിടുക്കില്‍ നിന്ന് ഒലിച്ചിറങ്ങിയ ചുണ്ണാമ്പുകല്ലിനാല്‍ പ്രകൃതി ഒരുക്കിയ ഗംഭീര കൊത്തുപണികളാണ് വഴിയുടെ ഇരു വശത്തും. ചിലയിടത്ത് വഴിയുടെ വീതി നന്നേ കുറവ്. അസാധ്യ ചൂടാണ് മറ്റൊരു കാര്യം. മുനിമാര്‍ തപസ്സിരുന്നു എന്ന് പറയപ്പെടുന്ന ചെറിയൊരിടത്തെത്തുമ്പോള്‍ ശ്വാസം കിട്ടാന്‍ പാടുപ്പെടും (അങ്ങനെയാകും ആ മുനിമാര്‍ സമാധിയായിട്ടുണ്ടാകുക). ഗുഹയുടെ പലഭാഗങ്ങള്‍ക്കും നാട്ടുകാര്‍ നല്‍കിയ പേരുകളുണ്ട്. സിംഹദ്വാരം, കോട്ടിലിഗലു മണ്ഡപം, മായാ മന്ദിര്‍, പാതാള ഗംഗ അതില്‍ ചിലതാണ്. പാതാള ഗംഗയില്‍ ഇപ്പോഴും സജീവമായി ഒഴുകുന്ന വേനലില്‍ പോലും വറ്റാത്ത സ്രോതസ്സ് കാണാന്‍ കഴിയും. പണ്ട് കാലത്ത് കൊടുംവരള്‍ചയില്‍ ജനങ്ങള്‍ വെള്ളത്തിനായി ഇവിടെ എത്തിയിരുന്നതായി കരുതപ്പെടുന്നു. രണ്ട് മണിക്കൂറോളം ഗുഹാമനുഷ്യരായി കഴിഞ്ഞ് ഞങ്ങള്‍ പുറത്തെത്തി.
(Inside Belum Caves)
Photo © Nithesh Suresh
ഉച്ചയോടെ പ്രധാന ലക്ഷ്യസ്ഥാനമായ ഹംപിയിലേക്ക് ഗൂഗിള്‍ മാപ്പ് ചൂണ്ടിയ 6 മണിക്കൂര്‍ നീളുന്ന യാത്ര ആരംഭിച്ചു. ഇനി അവിടെ എന്തൊക്കെ അത്ഭുതങ്ങളാണ് കാത്തിരിക്കുന്നത്..
(തുടരും...)


Sunday, January 15, 2017

യക്ഷി

    കാമുകി പിണങ്ങിപ്പോയ വിഷമമൊക്കെ മറന്ന് ഞാന്‍ പിന്നെയും ഹാപ്പിയാകാന്‍ തുടങ്ങിയത് അവളുടെ വരവോട് കൂടിയാണ്. രണ്ടുമൂന്നാഴ്ചയായി കാണും അവള്‍ എന്റെ കൂടെ കൂടിയിട്ട്. പി.എസ്.സി കോച്ചിംഗും കഴിഞ്ഞ് സലീം ഹോട്ടലില്‍ കയറി ഒരു മട്ടണ്‍ ബിരിയാണിയും തട്ടി അവിടെ നിന്നും വെറുതെ വാരിക്കൂട്ടിയ ജീരകവും ചവച്ച് നട്ടുച്ചയ്ക്ക് റോഡ് മുറിച്ച് കടക്കാന്‍ തുടങ്ങുമ്പോഴാണ് അവളെ ഫസ്റ്റ്‌ടൈം കാണുന്നത്.

പാളത്തിലൂടെ ഒച്ചയെടുത്ത് പായുന്ന കൊച്ചുവേളി എക്‌സ്പ്രസ്സിന് മുകളില്‍ ഒരു സുന്ദരിപ്പെണ്ണ്! മഴവില്‍ വര്‍ണ്ണത്തോട് കൂടിയുള്ള കുപ്പായം ധരിച്ച അവള്‍ ഇലക്ട്രിക് കമ്പിയില്‍ പിടിച്ച് ഒരു സര്‍ക്കസ്സഭ്യാസിയെപോലെ കറങ്ങി തിരിയുകയും മുടിയിഴകളെ കാറ്റിന് വിട്ടുകൊടുത്ത് മുന്നോട്ടോടുകയും ഉറക്കെ കൂകി വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

എട്ട് സെക്കന്റുകൊണ്ട് ആ കാഴ്ച അവസാനിച്ചു. റെയില്‍വെ ഗേയിറ്റിനടുത്തേക്ക് ഓടിയെത്തിയപ്പോഴേക്കും ട്രെയിന്‍ വളവു തിരിഞ്ഞ് മറഞ്ഞിരുന്നു. 

ഗേയിറ്റ് കടന്നു പോകാന്‍ തിരക്കുകൂട്ടുന്ന വണ്ടികള്‍ക്കിടയിലൂടെ ഞാന്‍ മുന്നോട്ട് നടന്നുപോകുന്നതിനിടയില്‍ അവളെ വീണ്ടും കണ്ടു. എസ്. എം. പി തിയേറ്ററിന് മുന്നിലെ പഴക്കച്ചവടക്കാരിയ്ക്ക് അരികിലിരുന്ന് തന്റെ ഫോണില്‍ സെല്‍ഫിയെടുത്ത് രസിയ്ക്കുകയായിരുന്നു അവള്‍.

ഞാന്‍ നോക്കുന്നത് അവള്‍ കണ്ടെന്ന് തോന്നുന്നു. അവള്‍ അവിടെ നിന്നും എഴുന്നേറ്റു. എന്നെ നോക്കി മഞ്ഞ് പൊഴിയുന്ന ലാവണ്യത്തോടെ അവള്‍ ചിരിച്ചു. നട്ടുച്ചയ്ക്കും മനസ്സൊന്നു തണുത്തു.

അവള്‍ റോഡു മുറിച്ചു കടന്ന് എന്റെ അരികിലേക്ക് വന്നു.

'' നേരത്തെ ഞാന്‍ കണ്ടപ്പോള്‍ വേറെയൊരു ഡ്രസ്സായിരുന്നല്ലോ ഇട്ടിരുന്നത് ?''
ഞാന്‍ ചോദിച്ചു.

വയലറ്റ് നിറത്തിലുള്ള തിളക്കമുള്ള ഒരു ഫ്രോക്കാണ് അവളിപ്പോള്‍ ധരിച്ചിരിക്കുന്നത്.

'' അതിട്ടുകൊണ്ട് കുറേ ഫോട്ടോ എടുത്തെന്നേ. ബോറടിച്ചു. ''
അവള്‍ മറുപടി നല്‍കി.

'' യക്ഷിയാണല്ലേ ?'' വളരെ പെട്ടെന്നായിരുന്നു എന്റെ ചോദ്യം.

'' അതെ. പാലമരത്തില്‍ നിന്നല്ല വരവെന്ന് മാത്രം''.
ഹാ.. അവളുടെ സംസാരത്തിന് എന്ത് മധുരം!

അങ്ങനെയായിരുന്നു ആ സൗഹൃദത്തിന്റെ തുടക്കം.

'' എനിക്കൊരു സിനിമ കാണണം. കൊണ്ട് പോവ്വോ ?''
അവള്‍ നടക്കുന്നതിനിടയില്‍ ചോദിച്ചു.

അടുത്തുള്ള പ്രണവം തിയേറ്ററില്‍ പുലിമുരുകനാണ് പടം.

'' ഞാന്‍ രണ്ട് തവണ കണ്ട പടമാണ് ''.

'' സാരംല്ല.'' 


               (Photo Credit: Google)            
       
അങ്ങനെ രണ്ട് ബാല്‍ക്കണി ടിക്കറ്റും വാങ്ങി ഞങ്ങള്‍ തിയേറ്ററിനകത്ത് കയറി. (നമ്മള് കാശുള്ള വീട്ടിലെ പയ്യനാണെന്ന് അവള് വെറുതെ കരുതിക്കോട്ട്.. ഏത്? ഇമ്പ്രഷന്‍.. ഇമ്പ്രഷന്‍.)

ടിക്കറ്റ് കീറാന്‍ നിന്ന ചേട്ടന്‍ പള്ളഭാഗത്ത് വെച്ച് ടിക്കറ്റിനെ രണ്ടായി വിഭജിച്ച്‌കൊണ്ട് എന്നെയൊന്ന് നോക്കി.

'' ഒരാളെവിടെ ?'' 

അവള്‍ അടുത്തു തന്നെ നില്‍പ്പുണ്ട്. അതേ ചിരി ഫിറ്റ് ചെയ്‌തോണ്ട് തന്നെ.

എന്നെപ്പോലെ യക്ഷിയെ കാണാനുള്ള കഴിവ് പാവം ചേട്ടനില്ലല്ലോ. ഞാനത് ഓര്‍ത്തില്ല.

'' ഒരു കൂട്ടുകാരന്‍ വരും ''

'' എന്താ കൂട്ടുകാരന്റെ പേര് ?''

'' പച്ചാളം. ''

'' നല്ല പേരാണല്ലോ.''  പറഞ്ഞുകൊണ്ട് അവള്‍ എന്നെ നോക്കി.

ഞങ്ങള്‍ അകത്തു കയറി സീറ്റ് പിടിച്ചു. 

'' ഞാനാദ്യമായിട്ടാണ് സിനിമ കാണുന്നേ.'' അവള്‍ ചുറ്റിനും നോക്കിക്കൊണ്ട് പറഞ്ഞു.

'' ഞാന്‍ കൊറേ കണ്ടിട്ടുണ്ട്. വല്യ ഇഷ്ടാണ്. ''

'' ആണോ? ''

'' അതെ ''

സിനിമ തുടങ്ങി. ഇന്റര്‍വെല്‍ സമയത്ത് ഞാനവള്‍ക്ക് കടല വറുത്തത് വാങ്ങി കൊടുത്തു. അതവള്‍ക്ക് ഇഷ്ടമായി എന്നു പിന്നെപ്പെഴോ പറഞ്ഞു. 

തിരിച്ച് കെ.എസ്.ആര്‍.ടിസിയിലാണ് വീട്ടിലേക്ക് പോയത്. സൈഡ് സീറ്റ് ഞാനവള്‍ക്ക് കൊടുത്തു.

'' എങ്ങനെയാണ് യക്ഷിയായത്? ആത്മഹത്യചെയ്തതാരുന്നോ? തീ കൊളുത്തിയാണോ മരിച്ചത്? പിഴപ്പിച്ച് കൊന്ന അമ്മാവനോട് പ്രതികാരം ചെയ്യാന്‍ വന്നതാണോ? '' ഞാനെന്റെ മണ്ടന്‍ ചോദ്യങ്ങളുടെ കെട്ടഴിച്ചു.

'' ഏയ് അല്ല. കുട്ടികാലത്ത് എല്ലാരും ഡോക്ടറും എന്‍ജിനീയറും പോലീസും പ്രധാനമന്ത്രിയുമൊക്കെ ആയിത്തീരാന്‍ ആഗ്രഹിച്ചപ്പോള്‍ ഞാന്‍ മനസ്സില്‍ കുറിച്ചത് ഒരു യക്ഷിയാകാനായിരുന്നു. അങ്ങനെ കുറേ നാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ യക്ഷിയായി. ''

'' അതെന്താ അങ്ങനെയൊരു ആഗ്രഹം തോന്നിയത്? ''

'' ആരെയും പേടിക്കാതെ ഇങ്ങനെ കറങ്ങി നടക്കാല്ലോ.'' 

അവള്‍ ജനാലയിലൂടെ പുറത്തേക്ക് തലയിട്ട് കാറ്റിന് ഉമ്മകൊടുത്തു.

അന്ന് രാത്രി അവള്‍ എന്റെ വീട്ടിലാണ് താമസിച്ചത്. കട്ടിലില്‍ കൊതുകുവലയ്ക്കുള്ളില്‍ കിടന്ന് അവള്‍ സുഖമായി ഉറങ്ങി. ഞാന്‍ തറയില്‍ പാ വിരിച്ച് സ്വപ്നങ്ങള്‍ നുണഞ്ഞ് കിടന്നു.

പിന്നീടുള്ള കുറേ ദിവസങ്ങള്‍ ശരിക്കും രസാരുന്നു. എന്റെ എത്രയെത്ര കൊതികളാണ് അവള്‍ നിമിഷാര്‍ധംകൊണ്ട് സാക്ഷാത്കരിച്ച് തന്നത്.

ക്ലോക്ക് ടവറിന് മുകളില്‍ കയറി, നീണ്ടകര പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി, ബീച്ചിലെ മത്സ്യകന്യകയുടെ പ്രതിമയുടെ രണ്ട് കവിളത്തും ഉമ്മകൊടുത്തു, രണ്ടായിരം രൂപയ്ക്ക് ചില്ലറ മാറി തന്നു, ചേട്ടന്‍ സിഗരറ്റ് ഒളിപ്പിച്ചു വെക്കാറുള്ള സ്ഥലം കാട്ടി തന്നു.. അങ്ങനെ എത്രയെത്രെ അത്ഭുതങ്ങള്‍.!

പക്ഷെ ഇന്ന് കാലത്ത് ഉറക്കമെഴുന്നേറ്റതു മുതല്‍ ഞാനവളെ തിരയുകയാണ്. യക്ഷിയെ അവിടെയൊന്നും കാണാനില്ല. കറങ്ങി നടന്ന സ്ഥലങ്ങളിലൊക്കെ നോക്കി. ആരോട് അന്വേഷിക്കാനാണ്?

അങ്ങനെ വീണ്ടും ജീവതരാവുകളില്‍ വിഷാദത്തിന്റെ നിഴല്‍ വീണു തുടങ്ങി.

തളര്‍ന്നുറങ്ങിയ രാത്രിയിലെപ്പോഴൊ വാട്‌സ്ആപ്പില്‍ മെസ്സേജ് വീഴുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. നെറ്റ് ഓഫ് ചെയ്തിട്ടാണല്ലോ കിടന്നത്?

പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്ന് മെസ്സേജ് കിടക്കുന്നു.

'' നമ്മളിനി ഒരിക്കലും കാണുകയില്ല കൂട്ടുകാരാ. രണ്ട് ദിവസം മുന്‍പ് നമ്മള്‍ ബീച്ചിലും അഡ്വഞ്ചര്‍ പാര്‍ക്കിലും സൊറപറഞ്ഞിരുന്നത് നീ ഓര്‍മ്മിക്കുന്നുവോ? ആ ദിവസം മനുഷ്യജീവിതത്തില്‍ നിന്ന് റിലീസായ രണ്ട് സദാചാര പ്രേതങ്ങള്‍ നമ്മളെ കണ്ടിരുന്നു. അപ്പോള്‍ തന്നെ അവര്‍ ആ വിവരം ഉടയതമ്പുരാനെ അറിയിക്കുകയും ചെയ്തു. എന്നെ തിരിച്ചുവിളിച്ചിരിക്കുകയാണ്. നൃത്തം ചെയ്യുന്നതും കൂട്ടുകൂടുന്നതും വിലക്കി. പ്രിയ കൂട്ടുകാരാ, നിന്റെ ഓര്‍മ്മകള്‍ക്ക് നന്ദി.. ''

വായിച്ചു തീര്‍ന്നയുടന്‍ ആ മെസ്സേജ്, ലിസ്റ്റില്‍ നിന്നും അപ്രത്യക്ഷമായി.

ഞാന്‍ മയക്കത്തിലേക്ക് മടങ്ങി.Tuesday, January 3, 2017

നാസ്തികനായ നായ

       പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് രണ്ട് ദിവസമായി. വീടിന്റെ മുന്‍വശത്തൊരു ഗെയിറ്റ് പിടിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു ഞങ്ങള്‍. അങ്ങനെയൊരണ്ണം സ്ഥാപിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതല്ല. വീടിന്റെ മൂന്ന് വശത്തും ഒരാള്‍പ്പൊക്കത്തില്‍ മതിലുണ്ട്. എന്നാല്‍ വീടിന്റെ മുന്‍വശത്തിനും അടുത്തുള്ള പറമ്പിനുമിടയിലുള്ള അതിര്‍ത്തിക്ക് കഷ്ടി മൂന്നടി പൊക്കം മാത്രമേയുള്ളൂ. അവിടെയാണെങ്കില്‍ ഗെയിറ്റുമുണ്ടായിരുന്നില്ല. അതങ്ങനെ തുറന്ന് കിടക്കട്ടെയെന്ന് ഞങ്ങളും കരുതി.

പക്ഷെ പെയിന്റടി നടക്കുന്ന സമയത്താണ് മറ്റൊരു സംഗതി ശ്രദ്ധയില്‍പ്പെടുന്നത്. നിത്യസന്ദര്‍ശകരായി വീടിന്റെ ടെറസ്സില്‍ ഒരഞ്ചാറ് നായ്ക്കള്‍! നല്ല കറുപ്പും വെളുപ്പും തവിട്ടും നിറത്തിലുള്ള സുന്ദരക്കുട്ടന്‍മാരും സുന്ദരിക്കോതകളും. വീടിന് കുറച്ചപ്പുറം റെയില്‍വെ പുറമ്പോക്കാണ്. അവിടുത്തെ അഭയാര്‍ത്ഥികളാണിവര്‍. രാത്രിയില്‍ തലചായ്ക്കാന്‍ ഇവിടേക്ക് ചേക്കേറിയതാണ്. പിന്നെ എന്നും വീട്ടില്‍ നിന്ന് അവരെ കുടിയൊഴിപ്പിക്കുന്നത് ശ്രമകരമായ ഒരു പണിയായി മാറി. അങ്ങനെയാണ് മുന്‍വശത്തെ മതില്‍ മൂന്നടിയില്‍ നിന്ന് ആറടിയാക്കാനും ഗെയിറ്റിടാനും തീരുമാനിച്ചത്.

പിന്നെ കുറച്ച് ദിവസത്തേക്ക് അവരുടെ 'ശല്യം' ഉണ്ടായില്ല. നമ്മള്‍ മനുഷ്യര്‍ മതിലുചാടുന്നതുപോലെ നായ്ക്കള്‍ക്ക് കഴിയില്ലല്ലോ. പക്ഷെ കൃത്യം പത്ത് ദിവസം കഴിഞ്ഞ് ഗെയിറ്റിന് മുന്നില്‍ മറ്റൊരു അതിഥി പ്രത്യക്ഷപ്പെട്ടു. അതും ഒരു നായ തന്നെ. വെളുപ്പില്‍ വലിയ തവിട്ട് പുള്ളികളുള്ള നല്ലൊരു ചുള്ളന്‍ നായ. ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ട് അപ്പുറത്തെ പറമ്പില്‍ നിന്നോ മറ്റോ ഓടി വന്നതാണ്. അകത്തേക്ക് കയറാന്‍ പുള്ളിയൊരു ശ്രമം നടത്തിയെങ്കിലും ഗെയിറ്റ് പെട്ടെന്നടഞ്ഞതുകൊണ്ടത് സാധിച്ചില്ല.

'നിന്നെ ആ സംഘത്തിലൊന്നും നേരത്തെ കണ്ടട്ടില്ലല്ലോടാ' എന്ന ഭാവത്തില്‍ അവനെയൊന്ന് നോക്കി. ആള് ഒട്ടും ഉപദ്രവകാരിയായിരുന്നില്ല. വാലനക്കി ദേഹത്തുരുമ്മി നിന്നു. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുമ്പോള്‍ കണ്ണാടിയില്‍ കൂടി അവന്‍ ഗെയിറ്റിനരികില്‍ തന്നെ നില്‍ക്കുന്നത് കാണാമായിരുന്നു.
വൈകിട്ട് വീട്ടിലെത്തി ഗെയിറ്റ് തുറന്നപ്പോഴും ആള് അവിടെ ഹാജര്‍. അപ്പോഴും അകത്തേക്ക് കയറാനൊരു ശ്രമം പുള്ളി നടത്താതിരുന്നില്ല. 'ആ കളി വേണ്ട കേട്ടോ' എന്നും പറഞ്ഞ് അകത്ത് കയറി ഗെയിറ്റടച്ചു. കതക് അടയുന്നത് വരെ  അകത്തേക്ക് നോക്കി വാലനക്കിക്കൊണ്ട് അവന്‍ അവിടെ തന്നെ നില്‍പ്പുണ്ടായിരുന്നു.പിന്നെ അതൊരു സ്ഥിരം കലാപരിപാടിയായി. ഗെയിറ്റിന്റെ ശബ്ദം എവിടെ നിന്ന് കേട്ടാലും നായ ഓടി അവിടെയെത്തും. അപ്പോഴും അകത്തേക്ക് കയറാന്‍ തന്നെയായിരുന്നു അവന്റെ ശ്രമം. ഒരു ദിവസം അവനതില്‍ വിജയിക്കുകയും ചെയ്തു. ഓടി വീടിനകത്ത് കയറി. വലിയ അധ്വാനം നടത്തിയാണ് അവനെ അന്ന് പുറത്താക്കി ഗെയിറ്റ് അടച്ചത്.

അടുത്ത ദിവസം ഒരു വഴി പ്രയോഗിച്ചു. കൈയിലൊരു ബിസ്‌ക്കറ്റുമായിട്ടാണ് അന്ന് ഗെയിറ്റ് തുറക്കാന്‍ പോയത്. ഗെയിറ്റിന് പുറത്ത് ആള്‍ നേരത്തെ തന്നെ ഇരിപ്പുറപ്പിച്ചിരുന്നു. പുറത്തേക്കിറങ്ങുന്ന സമയമൊക്കെ പുള്ളിക്കാരന്‍ മനപ്പാഠമാക്കിയിരുന്നു.  കൈയിലിരുന്ന ബിസ്‌ക്കറ്റ് അവന്‍ കാണ്‍കെ ഗെയിറ്റിന് പുറത്ത് കുറച്ച് ദൂരേയ്ക്ക് എറിഞ്ഞു. അവന്‍ ഓടി അതെടുത്ത് തിന്നുന്ന സമയത്തിന് ഗെയിറ്റും തുറന്ന് പുറത്തിറങ്ങി തിരിച്ചെത്തുന്നതിന് മുന്‍പ് ഗെയിറ്റും അടച്ചു. 'എങ്ങനൊണ്ടെങ്ങനൊണ്ട്..' ഇന്നസെന്റിന്റെ സ്റ്റൈലില്‍ ഒരു ചിരിയും അവനു നേരെ പാസ്സാക്കി.

രാത്രി തിരിച്ചെത്തുമ്പോള്‍ അകത്താരെങ്കിലും ബിസ്‌ക്കറ്റുമായി കാത്തിരിക്കും. അന്തരീക്ഷത്തിലുയരുന്ന ബിസ്‌ക്കറ്റിനു നേരെ നായക്കുട്ടന്‍ പായുമ്പോള്‍ അകത്ത് കടന്ന് ബൈക്കും വെച്ച് ഗെയിറ്റ് ഭംഗിയായി അടയ്ക്കും. ബിസ്‌ക്കറ്റും ശാപ്പിട്ട് ആശാന്‍ ഗെയിറ്റിനരികില്‍ വന്ന് അകത്തേക്ക് നോക്കി നില്‍ക്കുന്നുണ്ടാകും. അറിയാതെ ഒരു ബിസ്‌ക്കറ്റു കൂടി കൊടുത്തുപോകും അപ്പോള്‍.

ഒരവധി ദിവസം മുഴുവന്‍ വീട്ടില്‍ നിന്നപ്പോഴാണ് മറ്റൊരു സംഗതി ശ്രദ്ധിക്കുന്നത്. കുറച്ചകലെ ട്രയിന്‍ കടന്നുപോകുന്ന ഒച്ചകേട്ട് നായ ഗെയിറ്റിന് മുന്നില്‍ വന്നിരുന്ന് ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി ഉറക്കെ ഓരിയിടുന്നു. ഒരു ദിവസം മൂന്ന് ട്രയിന്‍ അത് വഴി പോകുന്നുണ്ട്. അപ്പോഴെല്ലാം പുള്ളിക്കാരന്‍ ഈ പരിപാടി ചെയ്യുന്നുണ്ട്. അതുകണ്ടപ്പോഴാണ് വേറൊരു കാര്യം ഓര്‍മ്മ വന്നത്. കുറച്ച് ദിവസമായി ഉറക്കമുണരുന്നത് തന്നെ ഇത്തരത്തിലുള്ള ഓരിയിടല്‍ കേട്ടാണല്ലോ. പക്ഷെ ആ സമയത്ത് ട്രെയിനില്ലെന്നു മാത്രം. അതിനു പകരം അടുത്തൊരു അമ്പലത്തില്‍ നിന്ന് ഉറക്കെ ഭക്തിഗാനം കേള്‍ക്കുന്നുണ്ട്. അത് കേട്ടിട്ടാകണമപ്പോള്‍ നായ ശബ്ദം വെക്കുന്നതും ആ കുര കേട്ട് ഞങ്ങള്‍ ഉണരുന്നതും. ഇന്നാണെങ്കില്‍ വൈകിട്ടും അങ്ങനെയൊരു സംഭവമുണ്ടായി. അത് പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ട സമയത്താണ്. അതും അപ്പോള്‍ സ്ഥിരമായിരുന്നിരിക്കണം. ആ സമയത്ത് വീട്ടിലില്ലാത്തോണ്ട് അറിയാതെ പോയതാണ്. 'ശ്ശെടാ എന്താ ഈ നായുടെ പ്രശ്‌നം?'

അയല്‍ക്കാരോട് കാര്യം തിരക്കാമെന്ന് വെച്ചു. 'ഈ നായുടെ ഉടമസ്ഥന്‍ ആരാണെന്ന് അറിയുമോ' എന്നായിരുന്നു അവരോട് ചോദിച്ചത്. അവരില്‍ നിന്നൊക്കെ കിട്ടിയ വിവരം വെച്ച്, ഞങ്ങള്‍ താമസിക്കാന്‍ വരുന്നതിനു മുന്‍പ് ഇവിടെ താമസിച്ചിരുന്നവരുടെ കൂടെ ഒരു നായ ഉണ്ടായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണത്. വീടിനകത്തും പുറത്തുമായി ആ നായ സ്വസ്ഥമായി വിഹരിച്ചു നടന്നു. എന്നാല്‍ പെട്ടെന്നൊരു മഴക്കാലത്ത് അവനെ കാണാതായി. ആകാശത്ത് ഇടിയും മിന്നലുമൊക്കെകണ്ട് പേടിച്ച് എങ്ങോട്ടോ ഓടിപ്പോയതായിരുന്നിരിക്കണം. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടുവിട്ടുപോയ പേടിച്ചു തൂറി മഹാനാണ് ഇപ്പോള്‍ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു വന്നിരിക്കുന്നത്. ആ പഴയ പേടിയുടെ ഓരിയിടലാണ് എന്നും അപ്പോള്‍ കേള്‍ക്കുന്നത്.

'അല്ലേ, നിങ്ങടെ പട്ടിയെന്താ എന്നും ബാങ്ക് വിളി കേള്‍ക്കുമ്പോ കെടന്ന് കൊരയ്ക്കുന്നേ?'

'പിന്നേ, കാലത്ത് അമ്പലത്തില് പ്രാര്‍ത്ഥന തുടങ്ങുമ്പോഴാണല്ലോ ആ പട്ടി കിടന്ന് ശബ്ദമുണ്ടാക്കുന്നത്?'

അയല്‍ക്കാരുടെ ചോദ്യങ്ങളാണ്. മറുപടിയൊന്നും പറഞ്ഞില്ല. ഒന്ന് ചിരിച്ചു. അത്രമാത്രം.

നായ അവന്റെ കലാപരിപാടികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പഴയ യജമാനന്റെ ഓര്‍മ്മയ്ക്ക് വീടിനകത്തേക്ക് കയറാന്‍ വിഫലശ്രമങ്ങള്‍ നടത്തുകയും ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ പഴയ ഓര്‍മ്മയില്‍ പേടിച്ച് ഓരിയിടുന്ന പരിപാടിയുമായും തകൃതിയായി മുന്നോട്ട് പൊക്കോണ്ടിരുന്നു.
അയല്‍ക്കാരാരും ഇപ്പോള്‍ അധികം മിണ്ടുന്നില്ല. അധികം എന്നല്ല ഒട്ടും തന്നെ മിണ്ടുന്നില്ല. എന്താണ് സംഗതി. ഒരു പിടിയും കിട്ടുന്നില്ല.

ഒരു ദിവസം രാത്രിയില്‍ വീട്ടിലെത്തിയപ്പോള്‍ ഗെയിറ്റിനരികില്‍ നായയെ കണ്ടില്ല. ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ അവന്‍ എവിടുന്നോ വന്നു. വളരെ പതിയെ ആയിരുന്നു ആ വരവ്. ശ്രദ്ധിച്ചപ്പോഴാണ് ഒരു കാല് അവന്‍ തറയില്‍ കുത്തുന്നില്ല എന്ന് കണ്ടത്. കണ്ണിന് താഴെയായി ചോരയുണങ്ങിയ ഒരു മുറിവും കണ്ടു. അന്ന് രാത്രിയില്‍ നായ ഉറക്കെ ഓരിയിടുന്നത് കേട്ടാണ് ഞെട്ടിയുണരുന്നത്. അടുത്ത വീട്ടിന്റെ മതിലിനരികിലേക്ക് നോക്കി ഉറക്കെ കുരയ്ക്കുകയാണ് . ജനലിലൂടെ കുറച്ച് നേരം അവിടേക്ക് നോക്കി നിന്നെങ്കിലും ഒന്നും കണ്ടില്ല. കുറേ നേരം അവിടേക്ക് നോക്കി നിന്ന് കുരച്ചിട്ട് നായ ഗെയിറ്റിനരികില്‍ വന്ന് കിടന്നു.

അടുത്ത ദിവസമാണ് അറിയുന്നത് അയല്‍പക്കത്തെ വീട്ടില്‍ തലേന്ന് രാത്രിയില്‍ ഒരു മോഷണശ്രമം നടന്നെന്ന്. കള്ളന് വീടിനകത്തേക്ക് കയറാന്‍ കഴിഞ്ഞില്ല. പിന്‍ വാങ്ങേണ്ടി വന്നു. അമ്മാതിരി കുരയല്ലേ ഇവന്‍ കുരച്ചത്. ഗെയിറ്റിരികില്‍ കിടക്കുന്ന അവനെയൊന്ന് നോക്കി. ഒരു ബിസ്‌ക്കറ്റ് കൂടി അധികം കൊടുത്തിട്ടാണ് അകത്തേക്ക് കയറിയത്.

വല്ലാത്തൊരു ഒഴിവു ദിവസമായിരുന്നു ഇന്ന്.

റോഡില്‍ വലിയൊരു സ്റ്റേജ് കെട്ടി മതപ്രഭാഷണം നടക്കുന്നു. വൈകുന്നേരം തുടങ്ങിയതാണ്. രാത്രിയായിട്ടും തീരുന്ന മട്ടില്ല. വീടിന് നേരെ ഒരു കോളാമ്പി തിരിച്ചു വെച്ചിട്ടുണ്ട്. പ്രഭാഷകന്റെ ഒച്ച പൊങ്ങിയതു മുതല്‍ നായ ഉറക്കെ ഓരിയിടാന്‍ ആരംഭിച്ചു. ഗെയിറ്റിന് മുന്നില്‍ ഓടി നടന്ന് സ്റ്റേജിലേക്ക് നോക്കി ഉറക്കെ ഉറക്കെ കുരയ്ക്കുകയാണ് അവന്‍. നിര്‍ത്താതെ അവന്‍ കോളാമ്പിക്കൊപ്പം അധ്വാനിച്ചുകൊണ്ടിരുന്നു.

രാത്രിയെപ്പോഴോ ശബ്ദകോലാഹലങ്ങള്‍ അടങ്ങിയപ്പോള്‍ ഞങ്ങള്‍ ഉറങ്ങി.

കാലത്ത് ഗെയിറ്റു തുറന്നപ്പോള്‍ നായയെ അവിടെയൊന്നും കണ്ടില്ല. രാത്രി തിരിച്ചെത്തിയപ്പോഴും അവനവിടെയില്ല.  കുറച്ച് നേരം ചുറ്റിനും നടന്ന് ശബ്ദമുണ്ടാക്കി വിളിച്ചു. ഗെയിറ്റില്‍ ഉറക്കെ തട്ടി. ആളെത്തിയില്ല.

പിന്നെ ഒരു ദിവസവും അവനെ ഞങ്ങള്‍ കണ്ടിട്ടില്ല. അവനുകൊടുക്കാനായി വാങ്ങിവെച്ച ബിസ്‌ക്കറ്റ് ഇന്നലെ വരെ സൂക്ഷിച്ചിരുന്നു.

അന്നത്തെ ശബ്ദം കേട്ട് പഴയതുപോലെ പേടിച്ച് ഓടിപ്പോയിട്ടുണ്ടാകുമോ?

അതോ ഇനി ആരെങ്കിലും തല്ലിക്കൊന്നിട്ടുണ്ടാകുമോ?

അറിയില്ല.