പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് രണ്ട് ദിവസമായി. വീടിന്റെ മുന്‍വശത്തൊരു ഗെയിറ്റ് പിടിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു ഞങ്ങള്‍. അങ്ങനെയൊരണ്ണം സ്ഥാപിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതല്ല. വീടിന്റെ മൂന്ന് വശത്തും ഒരാള്‍പ്പൊക്കത്തില്‍ മതിലുണ്ട്. എന്നാല്‍ വീടിന്റെ മുന്‍വശത്തിനും അടുത്തുള്ള പറമ്പിനുമിടയിലുള്ള അതിര്‍ത്തിക്ക് കഷ്ടി മൂന്നടി പൊക്കം മാത്രമേയുള്ളൂ. അവിടെയാണെങ്കില്‍ ഗെയിറ്റുമുണ്ടായിരുന്നില്ല. അതങ്ങനെ തുറന്ന് കിടക്കട്ടെയെന്ന് ഞങ്ങളും കരുതി.
പക്ഷെ പെയിന്റടി നടക്കുന്ന സമയത്താണ് മറ്റൊരു സംഗതി ശ്രദ്ധയില്‍പ്പെടുന്നത്. നിത്യസന്ദര്‍ശകരായി വീടിന്റെ ടെറസ്സില്‍ ഒരഞ്ചാറ് നായ്ക്കള്‍! നല്ല കറുപ്പും വെളുപ്പും തവിട്ടും നിറത്തിലുള്ള സുന്ദരക്കുട്ടന്മാരും സുന്ദരിക്കോതകളും. വീടിന് കുറച്ചപ്പുറം റെയില്‍വെ പുറമ്പോക്കാണ്. അവിടുത്തെ അഭയാര്‍ത്ഥികളാണിവര്‍. രാത്രിയില്‍ തലചായ്ക്കാന്‍ ഇവിടേക്ക് ചേക്കേറിയതാണ്. പിന്നെ എന്നും വീട്ടില്‍ നിന്ന് അവരെ കുടിയൊഴിപ്പിക്കുന്നത് ശ്രമകരമായ ഒരു പണിയായി മാറി. അങ്ങനെയാണ് മുന്‍വശത്തെ മതില് മൂന്നടിയില്‍ നിന്ന് ആറടിയാക്കാനും ഗെയിറ്റിടാനും തീരുമാനിച്ചത്.
പിന്നെ കുറച്ച് ദിവസത്തേക്ക് അവരുടെ 'ശല്യം' ഉണ്ടായില്ല. നമ്മള് മനുഷ്യര്‍ മതിലുചാടുന്നതുപോലെ നായ്ക്കള്‍ക്ക് കഴിയില്ലല്ലോ. പക്ഷെ കൃത്യം പത്ത് ദിവസം കഴിഞ്ഞ് ഗെയിറ്റിന് മുന്നില്‍ മറ്റൊരു അതിഥി പ്രത്യക്ഷപ്പെട്ടു. അതും ഒരു നായ തന്നെ. വെളുപ്പില്‍ വലിയ തവിട്ട് പുള്ളികളുള്ള നല്ലൊരു ചുള്ളന് നായ. ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ട് അപ്പുറത്തെ പറമ്പില്‍ നിന്നോ മറ്റോ ഓടി വന്നതാണ്. അകത്തേക്ക് കയറാന്‍ പുള്ളിയൊരു ശ്രമം നടത്തിയെങ്കിലും ഗെയിറ്റ് പെട്ടെന്നടഞ്ഞതുകൊണ്ടത് സാധിച്ചില്ല.
'നിന്നെ ആ സംഘത്തിലൊന്നും നേരത്തെ കണ്ടട്ടില്ലല്ലോടാ' എന്ന ഭാവത്തില്‍ അവനെയൊന്ന് നോക്കി. ആള് ഒട്ടും ഉപദ്രവകാരിയായിരുന്നില്ല. വാലനക്കി ദേഹത്തുരുമ്മി നിന്നു. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുമ്പോള്‍ കണ്ണാടിയില്‍ കൂടി അവന് ഗെയിറ്റിനരികില്‍ തന്നെ നില്‍ക്കുന്നത് കാണാമായിരുന്നു.
വൈകിട്ട് വീട്ടിലെത്തി ഗെയിറ്റ് തുറന്നപ്പോഴും ആള് അവിടെ ഹാജര്‍. അപ്പോഴും അകത്തേക്ക് കയറാനൊരു ശ്രമം പുള്ളി നടത്താതിരുന്നില്ല. 'ആ കളി വേണ്ട കേട്ടോ' എന്നും പറഞ്ഞ് അകത്ത് കയറി ഗെയിറ്റടച്ചു. കതക് അടയുന്നത് വരെ അകത്തേക്ക് നോക്കി വാലനക്കിക്കൊണ്ട് അവന് അവിടെ തന്നെ നില്‍പ്പുണ്ടായിരുന്നു.
പിന്നെ അതൊരു സ്ഥിരം കലാപരിപാടിയായി. ഗെയിറ്റിന്റെ ശബ്ദം എവിടെ നിന്ന് കേട്ടാലും നായ ഓടി അവിടെയെത്തും. അപ്പോഴും അകത്തേക്ക് കയറാന്‍ തന്നെയായിരുന്നു അവന്റെ ശ്രമം. ഒരു ദിവസം അവനതില്‍ വിജയിക്കുകയും ചെയ്തു. ഓടി വീടിനകത്ത് കയറി. വലിയ അധ്വാനം നടത്തിയാണ് അവനെ അന്ന് പുറത്താക്കി ഗെയിറ്റ് അടച്ചത്.
അടുത്ത ദിവസം ഒരു വഴി പ്രയോഗിച്ചു. കൈയിലൊരു ബിസ്ക്കറ്റുമായിട്ടാണ് അന്ന് ഗെയിറ്റ് തുറക്കാന്‍ പോയത്. ഗെയിറ്റിന് പുറത്ത് ആള് നേരത്തെ തന്നെ ഇരിപ്പുറപ്പിച്ചിരുന്നു. പുറത്തേക്കിറങ്ങുന്ന സമയമൊക്കെ പുള്ളിക്കാരന് മനപ്പാഠമാക്കിയിരുന്നു. കൈയിലിരുന്ന ബിസ്ക്കറ്റ് അവന് കാണ്‍കെ ഗെയിറ്റിന് പുറത്ത് കുറച്ച് ദൂരേയ്ക്ക് എറിഞ്ഞു. അവന് ഓടി അതെടുത്ത് തിന്നുന്ന സമയത്തിന് ഗെയിറ്റും തുറന്ന് പുറത്തിറങ്ങി തിരിച്ചെത്തുന്നതിന് മുന്‍പ് ഗെയിറ്റും അടച്ചു. 'എങ്ങനൊണ്ടെങ്ങനൊണ്ട്..' ഇന്നസെന്റിന്റെ സ്റ്റൈലില്‍ ഒരു ചിരിയും അവനു നേരെ പാസ്സാക്കി.
രാത്രി തിരിച്ചെത്തുമ്പോള്‍ അകത്താരെങ്കിലും ബിസ്ക്കറ്റുമായി കാത്തിരിക്കും. അന്തരീക്ഷത്തിലുയരുന്ന ബിസ്ക്കറ്റിനു നേരെ നായക്കുട്ടന്‍ പായുമ്പോള്‍ അകത്ത് കടന്ന് ബൈക്കും വെച്ച് ഗെയിറ്റ് ഭംഗിയായി അടയ്ക്കും. ബിസ്ക്കറ്റും ശാപ്പിട്ട് ആശാന് ഗെയിറ്റിനരികില്‍ വന്ന് അകത്തേക്ക് നോക്കി നില്ക്കുന്നുണ്ടാകും. അറിയാതെ ഒരു ബിസ്ക്കറ്റു കൂടി കൊടുത്തുപോകും അപ്പോള്‍.
ഒരവധി ദിവസം മുഴുവന്‍ വീട്ടില്‍ നിന്നപ്പോഴാണ് മറ്റൊരു സംഗതി ശ്രദ്ധിക്കുന്നത്. കുറച്ചകലെ ട്രയിന്‍ കടന്നുപോകുന്ന ഒച്ചകേട്ട് നായ ഗെയിറ്റിന് മുന്നില്‍ വന്നിരുന്ന് ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി ഉറക്കെ ഓരിയിടുന്നു. ഒരു ദിവസം മൂന്ന് ട്രയിന്‍ അത് വഴി പോകുന്നുണ്ട്. അപ്പോഴെല്ലാം പുള്ളിക്കാരന് ഈ പരിപാടി ചെയ്യുന്നുണ്ട്. അതുകണ്ടപ്പോഴാണ് വേറൊരു കാര്യം ഓര്‍മ്മ വന്നത്. കുറച്ച് ദിവസമായി ഉറക്കമുണരുന്നത് തന്നെ ഇത്തരത്തിലുള്ള ഓരിയിടല്‍ കേട്ടാണല്ലോ. പക്ഷെ ആ സമയത്ത് ട്രെയിനില്ലെന്നു മാത്രം. അതിനു പകരം അടുത്തൊരു അമ്പലത്തില്‍ നിന്ന് ഉറക്കെ ഭക്തിഗാനം കേള്‍ക്കുന്നുണ്ട്. അത് കേട്ടിട്ടാകണമപ്പോള് നായ ശബ്ദം വെക്കുന്നതും ആ കുര കേട്ട് ഞങ്ങള്‍ ഉണരുന്നതും. ഇന്നാണെങ്കില്‍ വൈകിട്ടും അങ്ങനെയൊരു സംഭവമുണ്ടായി. അത് പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ട സമയത്താണ്. അതും അപ്പോള്‍ സ്ഥിരമായിരുന്നിരിക്കണം. ആ സമയത്ത് വീട്ടിലില്ലാത്തോണ്ട് അറിയാതെ പോയതാണ്. 'ശ്ശെടാ എന്താ ഈ നായുടെ പ്രശ്നം?'
അയല്‍ക്കാരോട് കാര്യം തിരക്കാമെന്ന് വെച്ചു. 'ഈ നായുടെ ഉടമസ്ഥന് ആരാണെന്ന് അറിയുമോ' എന്നായിരുന്നു അവരോട് ചോദിച്ചത്. അവരില്‍ നിന്നൊക്കെ കിട്ടിയ വിവരം വെച്ച്, ഞങ്ങള്‍ താമസിക്കാന്‍ വരുന്നതിനു മുന്‍പ് ഇവിടെ താമസിച്ചിരുന്നവരുടെ കൂടെ ഒരു നായ ഉണ്ടായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണത്. വീടിനകത്തും പുറത്തുമായി ആ നായ സ്വസ്ഥമായി വിഹരിച്ചു നടന്നു. എന്നാല്‍ പെട്ടെന്നൊരു മഴക്കാലത്ത് അവനെ കാണാതായി. ആകാശത്ത് ഇടിയും മിന്നലുമൊക്കെകണ്ട് പേടിച്ച് എങ്ങോട്ടോ ഓടിപ്പോയതായിരുന്നിരിക്കണം. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടുവിട്ടുപോയ പേടിച്ചു തൂറി മഹാനാണ് ഇപ്പോള്‍ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു വന്നിരിക്കുന്നത്. ആ പഴയ പേടിയുടെ ഓരിയിടലാണ് എന്നും അപ്പോള്‍ കേള്‍ക്കുന്നത്.
'അല്ലേ, നിങ്ങടെ പട്ടിയെന്താ എന്നും ബാങ്ക് വിളി കേള്‍ക്കുമ്പോ കെടന്ന് കൊരയ്ക്കുന്നേ?'
'പിന്നേ, കാലത്ത് അമ്പലത്തില്‍ പ്രാര്‍ത്ഥന തുടങ്ങുമ്പോഴാണല്ലോ ആ പട്ടി കിടന്ന് ശബ്ദമുണ്ടാക്കുന്നത്?'
അയല്‍ക്കാരുടെ ചോദ്യങ്ങളാണ്. മറുപടിയൊന്നും പറഞ്ഞില്ല. ഒന്ന് ചിരിച്ചു. അത്രമാത്രം.
നായ അവന്റെ കലാപരിപാടികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പഴയ യജമാനന്റെ ഓര്‍മ്മയ്ക്ക് വീടിനകത്തേക്ക് കയറാന്‍ വിഫലശ്രമങ്ങള്‍ നടത്തുകയും ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ പഴയ ഓര്‍മ്മയില്‍ പേടിച്ച് ഓരിയിടുന്ന പരിപാടിയുമായും തകൃതിയായി മുന്നോട്ട് പൊക്കോണ്ടിരുന്നു.
അയല്‍ക്കാരാരും ഇപ്പോള്‍ അധികം മിണ്ടുന്നില്ല. അധികം എന്നല്ല ഒട്ടും തന്നെ മിണ്ടുന്നില്ല. എന്താണ് സംഗതി. ഒരു പിടിയും കിട്ടുന്നില്ല.
ഒരു ദിവസം രാത്രിയില്‍ വീട്ടിലെത്തിയപ്പോള്‍ ഗെയിറ്റിനരികില്‍ നായയെ കണ്ടില്ല. ഗെയിറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ അവന് എവിടുന്നോ വന്നു. വളരെ പതിയെ ആയിരുന്നു ആ വരവ്. ശ്രദ്ധിച്ചപ്പോഴാണ് ഒരു കാല് അവന് തറയില്‍ കുത്തുന്നില്ല എന്ന് കണ്ടത്. കണ്ണിന് താഴെയായി ചോരയുണങ്ങിയ ഒരു മുറിവും കണ്ടു. അന്ന് രാത്രിയില്‍ നായ ഉറക്കെ ഓരിയിടുന്നത് കേട്ടാണ് ഞെട്ടിയുണരുന്നത്. അടുത്ത വീട്ടിന്റെ മതിലിനരികിലേക്ക് നോക്കി ഉറക്കെ കുരയ്ക്കുകയാണ് . ജനലിലൂടെ കുറച്ച് നേരം അവിടേക്ക് നോക്കി നിന്നെങ്കിലും ഒന്നും കണ്ടില്ല. കുറേ നേരം അവിടേക്ക് നോക്കി നിന്ന് കുരച്ചിട്ട് നായ ഗെയിറ്റിനരികില്‍ വന്ന് കിടന്നു.
അടുത്ത ദിവസമാണ് അറിയുന്നത് അയല്പക്കത്തെ വീട്ടില്‍ തലേന്ന് രാത്രിയില്‍ ഒരു മോഷണശ്രമം നടന്നെന്ന്. കള്ളന് വീടിനകത്തേക്ക് കയറാന്‍ കഴിഞ്ഞില്ല. പിന് വാങ്ങേണ്ടി വന്നു. അമ്മാതിരി കുരയല്ലേ ഇവന് കുരച്ചത്. ഗെയിറ്റിരികില് കിടക്കുന്ന അവനെയൊന്ന് നോക്കി. ഒരു ബിസ്ക്കറ്റ് കൂടി അധികം കൊടുത്തിട്ടാണ് അകത്തേക്ക് കയറിയത്.
വല്ലാത്തൊരു ഒഴിവു ദിവസമായിരുന്നു ഇന്ന്.
റോഡില്‍ വലിയൊരു സ്റ്റേജ് കെട്ടി മതപ്രഭാഷണം നടക്കുന്നു. വൈകുന്നേരം തുടങ്ങിയതാണ്. രാത്രിയായിട്ടും തീരുന്ന മട്ടില്ല. വീടിന് നേരെ ഒരു കോളാമ്പി തിരിച്ചു വെച്ചിട്ടുണ്ട്. പ്രഭാഷകന്റെ ഒച്ച പൊങ്ങിയതു മുതല്‍ നായ ഉറക്കെ ഓരിയിടാന്‍ ആരംഭിച്ചു. ഗെയിറ്റിന് മുന്നില്‍ ഓടി നടന്ന് സ്റ്റേജിലേക്ക് നോക്കി ഉറക്കെ ഉറക്കെ കുരയ്ക്കുകയാണ് അവന്. നിര്‍ത്താതെ അവന് കോളാമ്പിക്കൊപ്പം അധ്വാനിച്ചുകൊണ്ടിരുന്നു.
രാത്രിയെപ്പോഴോ ശബ്ദകോലാഹലങ്ങള്‍ അടങ്ങിയപ്പോള്‍ ഞങ്ങള്‍ ഉറങ്ങി.
കാലത്ത് ഗെയിറ്റു തുറന്നപ്പോള്‍ നായയെ അവിടെയൊന്നും കണ്ടില്ല. രാത്രി തിരിച്ചെത്തിയപ്പോഴും അവനവിടെയില്ല. കുറച്ച് നേരം ചുറ്റിനും നടന്ന് ശബ്ദമുണ്ടാക്കി വിളിച്ചു. ഗെയിറ്റില്‍ ഉറക്കെ തട്ടി. ആളെത്തിയില്ല.
പിന്നെ ഒരു ദിവസവും അവനെ ഞങ്ങള്‍ കണ്ടിട്ടില്ല. അവനുകൊടുക്കാനായി വാങ്ങിവെച്ച ബിസ്ക്കറ്റ് ഇന്നലെ വരെ സൂക്ഷിച്ചിരുന്നു.
അന്നത്തെ ശബ്ദം കേട്ട് പഴയതുപോലെ പേടിച്ച് ഓടിപ്പോയിട്ടുണ്ടാകുമോ?
അതോ ഇനി ആരെങ്കിലും തല്ലിക്കൊന്നിട്ടുണ്ടാകുമോ?
അറിയില്ല.
No comments:
Post a Comment