കാമുകി പിണങ്ങിപ്പോയ വിഷമമൊക്കെ മറന്ന് ഞാന്‍ പിന്നെയും ഹാപ്പിയാകാന്‍ തുടങ്ങിയത് അവളുടെ വരവോട് കൂടിയാണ്. രണ്ടുമൂന്നാഴ്ചയായി കാണും അവള് എന്റെ കൂടെ കൂടിയിട്ട്. പി.എസ്.സി കോച്ചിംഗും കഴിഞ്ഞ് സലീം ഹോട്ടലില്‍ കയറി ഒരു മട്ടണ്‍ ബിരിയാണിയും തട്ടി അവിടെ നിന്നും വെറുതെ വാരിക്കൂട്ടിയ ജീരകവും ചവച്ച് നട്ടുച്ചയ്ക്ക് റോഡ് മുറിച്ച് കടക്കാന്‍ തുടങ്ങുമ്പോഴാണ് അവളെ ഫസ്റ്റ്ടൈം കാണുന്നത്.
പാളത്തിലൂടെ ഒച്ചയെടുത്ത് പായുന്ന കൊച്ചുവേളി എക്സ്പ്രസ്സിന് മുകളില്‍ ഒരു സുന്ദരിപ്പെണ്ണ്! മഴവില്‍ വര്ണ്ണത്തോട് കൂടിയുള്ള കുപ്പായം ധരിച്ച അവള് ഇലക്ട്രിക് കമ്പിയില്‍ പിടിച്ച് ഒരു സര്ക്കസ്സഭ്യാസിയെപോലെ കറങ്ങി തിരിയുകയും മുടിയിഴകളെ കാറ്റിന് വിട്ടുകൊടുത്ത് മുന്നോട്ടോടുകയും ഉറക്കെ കൂകി വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
എട്ട് സെക്കന്റുകൊണ്ട് ആ കാഴ്ച അവസാനിച്ചു. റെയില്‍വെ ഗേയിറ്റിനടുത്തേക്ക് ഓടിയെത്തിയപ്പോഴേക്കും ട്രെയിന്‍ വളവു തിരിഞ്ഞ് മറഞ്ഞിരുന്നു.
ഗേയിറ്റ് കടന്നു പോകാന്‍ തിരക്കുകൂട്ടുന്ന വണ്ടികള്‍ക്കിടയിലൂടെ ഞാന്‍ മുന്നോട്ട് നടന്നുപോകുന്നതിനിടയില്‍ അവളെ വീണ്ടും കണ്ടു. എസ്. എം. പി തിയേറ്ററിന് മുന്നിലെ പഴക്കച്ചവടക്കാരിയ്ക്ക് അരികിലിരുന്ന് തന്റെ ഫോണില്‍ സെല്‍ഫിയെടുത്ത് രസിയ്ക്കുകയായിരുന്നു അവള്.
ഞാന്‍ നോക്കുന്നത് അവള് കണ്ടെന്ന് തോന്നുന്നു. അവള് അവിടെ നിന്നും എഴുന്നേറ്റു. എന്നെ നോക്കി മഞ്ഞ് പൊഴിയുന്ന ലാവണ്യത്തോടെ അവള് ചിരിച്ചു. നട്ടുച്ചയ്ക്കും മനസ്സൊന്നു തണുത്തു.
അവള് റോഡു മുറിച്ചു കടന്ന് എന്റെ അരികിലേക്ക് വന്നു.
'' നേരത്തെ ഞാന്‍ കണ്ടപ്പോള്‍ വേറെയൊരു ഡ്രസ്സായിരുന്നല്ലോ ഇട്ടിരുന്നത് ?''
ഞാന്‍ ചോദിച്ചു.
വയലറ്റ് നിറത്തിലുള്ള തിളക്കമുള്ള ഒരു ഫ്രോക്കാണ് അവളിപ്പോള്‍ ധരിച്ചിരിക്കുന്നത്.
'' അതിട്ടുകൊണ്ട് കുറേ ഫോട്ടോ എടുത്തെന്നേ. ബോറടിച്ചു. ''
അവള് മറുപടി നല്കി.
'' യക്ഷിയാണല്ലേ ?'' വളരെ പെട്ടെന്നായിരുന്നു എന്റെ ചോദ്യം.
'' അതെ. പാലമരത്തില്‍ നിന്നല്ല വരവെന്ന് മാത്രം''.
ഹാ.. അവളുടെ സംസാരത്തിന് എന്ത് മധുരം!
'' അതെ. പാലമരത്തില്‍ നിന്നല്ല വരവെന്ന് മാത്രം''.
ഹാ.. അവളുടെ സംസാരത്തിന് എന്ത് മധുരം!
അങ്ങനെയായിരുന്നു ആ സൗഹൃദത്തിന്റെ തുടക്കം.
'' എനിക്കൊരു സിനിമ കാണണം. കൊണ്ട് പോവ്വോ ?''
അവള് നടക്കുന്നതിനിടയില്‍ ചോദിച്ചു.
അടുത്തുള്ള പ്രണവം തിയേറ്ററില്‍ പുലിമുരുകനാണ് പടം.
'' ഞാന്‍ രണ്ട് തവണ കണ്ട പടമാണ് ''.
'' സാരംല്ല.''
(Photo Credit: Google)
അങ്ങനെ രണ്ട് ബാല്‍ക്കണി ടിക്കറ്റും വാങ്ങി ഞങ്ങള്‍ തിയേറ്ററിനകത്ത് കയറി. (നമ്മള് കാശുള്ള വീട്ടിലെ പയ്യനാണെന്ന് അവള് വെറുതെ കരുതിക്കോട്ട്.. ഏത്? ഇമ്പ്രഷന്‍.. ഇമ്പ്രഷന്‍.)
ടിക്കറ്റ് കീറാന്‍ നിന്ന ചേട്ടന് പള്ളഭാഗത്ത് വെച്ച് ടിക്കറ്റിനെ രണ്ടായി വിഭജിച്ച്കൊണ്ട് എന്നെയൊന്ന് നോക്കി.
'' ഒരാളെവിടെ ?''
അവള് അടുത്തു തന്നെ നില്‍പ്പുണ്ട്. അതേ ചിരി ഫിറ്റ് ചെയ്തോണ്ട് തന്നെ.
എന്നെപ്പോലെ യക്ഷിയെ കാണാനുള്ള കഴിവ് പാവം ചേട്ടനില്ലല്ലോ. ഞാനത് ഓര്‍ത്തില്ല.
'' ഒരു കൂട്ടുകാരന് വരും ''
'' എന്താ കൂട്ടുകാരന്റെ പേര് ?''
'' പച്ചാളം. ''
'' നല്ല പേരാണല്ലോ.'' പറഞ്ഞുകൊണ്ട് അവള് എന്നെ നോക്കി.
ഞങ്ങള്‍ അകത്തു കയറി സീറ്റ് പിടിച്ചു.
'' ഞാനാദ്യമായിട്ടാണ് സിനിമ കാണുന്നേ.'' അവള് ചുറ്റിനും നോക്കിക്കൊണ്ട് പറഞ്ഞു.
'' ഞാന്‍ കൊറേ കണ്ടിട്ടുണ്ട്. വല്യ ഇഷ്ടാണ്. ''
'' ആണോ? ''
'' അതെ ''
സിനിമ തുടങ്ങി. ഇന്റര്‍വെല്‍ സമയത്ത് ഞാനവള്‍ക്ക് കടല വറുത്തത് വാങ്ങി കൊടുത്തു. അതവള്‍ക്ക് ഇഷ്ടമായി എന്നു പിന്നെപ്പെഴോ പറഞ്ഞു.
തിരിച്ച് കെ.എസ്.ആര്.ടിസിയിലാണ് വീട്ടിലേക്ക് പോയത്. സൈഡ് സീറ്റ് ഞാനവള്‍ക്ക് കൊടുത്തു.
'' എങ്ങനെയാണ് യക്ഷിയായത്? ആത്മഹത്യചെയ്തതാരുന്നോ? തീ കൊളുത്തിയാണോ മരിച്ചത്? പിഴപ്പിച്ച് കൊന്ന അമ്മാവനോട് പ്രതികാരം ചെയ്യാന്‍ വന്നതാണോ? '' ഞാനെന്റെ മണ്ടന്‍ ചോദ്യങ്ങളുടെ കെട്ടഴിച്ചു.
'' ഏയ് അല്ല. കുട്ടികാലത്ത് എല്ലാരും ഡോക്ടറും എന്‍ജിനീയറും പോലീസും പ്രധാനമന്ത്രിയുമൊക്കെ ആയിത്തീരാന്‍ ആഗ്രഹിച്ചപ്പോള്‍ ഞാന്‍ മനസ്സില്‍ കുറിച്ചത് ഒരു യക്ഷിയാകാനായിരുന്നു. അങ്ങനെ കുറേ നാള് കഴിഞ്ഞപ്പോള്‍ ഞാന്‍ യക്ഷിയായി. ''
'' അതെന്താ അങ്ങനെയൊരു ആഗ്രഹം തോന്നിയത്? ''
'' ആരെയും പേടിക്കാതെ ഇങ്ങനെ കറങ്ങി നടക്കാല്ലോ.''
അവള് ജനാലയിലൂടെ പുറത്തേക്ക് തലയിട്ട് കാറ്റിന് ഉമ്മകൊടുത്തു.
അന്ന് രാത്രി അവള് എന്റെ വീട്ടിലാണ് താമസിച്ചത്. കട്ടിലില്‍ കൊതുകുവലയ്ക്കുള്ളില്‍ കിടന്ന് അവള് സുഖമായി ഉറങ്ങി. ഞാന്‍ തറയില്‍ പാ വിരിച്ച് സ്വപ്നങ്ങള്‍ നുണഞ്ഞ് കിടന്നു.
പിന്നീടുള്ള കുറേ ദിവസങ്ങള്‍ ശരിക്കും രസാരുന്നു. എന്റെ എത്രയെത്ര കൊതികളാണ് അവള് നിമിഷാര്‍ധംകൊണ്ട് സാക്ഷാത്കരിച്ച് തന്നത്.
ക്ലോക്ക് ടവറിന് മുകളില്‍ കയറി, നീണ്ടകര പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി, ബീച്ചിലെ മത്സ്യകന്യകയുടെ പ്രതിമയുടെ രണ്ട് കവിളത്തും ഉമ്മകൊടുത്തു, രണ്ടായിരം രൂപയ്ക്ക് ചില്ലറ മാറി തന്നു, ചേട്ടന് സിഗരറ്റ് ഒളിപ്പിച്ചു വെക്കാറുള്ള സ്ഥലം കാട്ടി തന്നു.. അങ്ങനെ എത്രയെത്രെ അത്ഭുതങ്ങള്‍.!
പക്ഷെ ഇന്ന് കാലത്ത് ഉറക്കമെഴുന്നേറ്റതു മുതല്‍ ഞാനവളെ തിരയുകയാണ്. യക്ഷിയെ അവിടെയൊന്നും കാണാനില്ല. കറങ്ങി നടന്ന സ്ഥലങ്ങളിലൊക്കെ നോക്കി. ആരോട് അന്വേഷിക്കാനാണ്?
അങ്ങനെ വീണ്ടും ജീവതരാവുകളില് വിഷാദത്തിന്റെ നിഴല്‍ വീണു തുടങ്ങി.
തളര്‍ന്നുറങ്ങിയ രാത്രിയിലെപ്പോഴൊ വാട്സ്ആപ്പില്‍ മെസ്സേജ് വീഴുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. നെറ്റ് ഓഫ് ചെയ്തിട്ടാണല്ലോ കിടന്നത്?
പരിചയമില്ലാത്ത ഒരു നമ്പറില്‍ നിന്ന് മെസ്സേജ് കിടക്കുന്നു.
'' നമ്മളിനി ഒരിക്കലും കാണുകയില്ല കൂട്ടുകാരാ. രണ്ട് ദിവസം മുന്‍പ് നമ്മള് ബീച്ചിലും അഡ്വഞ്ചര്‍ പാര്‍ക്കിലും സൊറപറഞ്ഞിരുന്നത് നീ ഓര്‍മ്മിക്കുന്നുവോ? ആ ദിവസം മനുഷ്യജീവിതത്തില്‍ നിന്ന് റിലീസായ രണ്ട് സദാചാര പ്രേതങ്ങള്‍ നമ്മളെ കണ്ടിരുന്നു. അപ്പോള്‍ തന്നെ അവര്‍ ആ വിവരം ഉടയതമ്പുരാനെ അറിയിക്കുകയും ചെയ്തു. എന്നെ തിരിച്ചുവിളിച്ചിരിക്കുകയാണ്. നൃത്തം ചെയ്യുന്നതും കൂട്ടുകൂടുന്നതും വിലക്കി. പ്രിയ കൂട്ടുകാരാ, നിന്റെ ഓര്‍മ്മകള്‍ക്ക് നന്ദി.. ''
വായിച്ചു തീര്‍ന്നയുടന്‍ ആ മെസ്സേജ്, ലിസ്റ്റില്‍ നിന്നും അപ്രത്യക്ഷമായി.
ഞാന്‍ മയക്കത്തിലേക്ക് മടങ്ങി.
No comments:
Post a Comment