'എടിയേ എല്ലാരും മൂന്നാറും ഊട്ടിയും കുളു മണാലിയുമൊക്കെയാണ് പോകുന്നത്. ഇതിപ്പോ കാടും മലയുമൊക്കെയാണ്. പോരാത്തതിന് നല്ല ചൂടും.'-
കേള്‍ക്കുന്നവര്‍ക്ക് ഒരു 'നിരുത്സാഹപ്പെടുത്തലിന്റെ' മണമടിക്കുമെങ്കിലും അവള്‍ക്കതിലൊന്നും ഒരു കുലുക്കവുമില്ല. അവളെപ്പോഴേ റെഡി. പറഞ്ഞുവരുന്നത് കല്യാണത്തിന് ശേഷമുള്ള ഒരു 'ചെറിയ' യാത്രയെ കുറിച്ചാണ്. കല്യാണത്തിന് മുന്‍പും യാത്രകളില്‍ കൂടുതലും കാടും പുഴയും മലയുമൊക്കെ തന്നെയായിരുന്നു. അതൊക്കെ സുന്ദരമാക്കാന്‍ ഒപ്പം ഒരു ലോഡ് കൂട്ടുകാരും. കല്യാണത്തിന് ശേഷമുള്ള കണക്ക് പരിശോധിച്ചാല്‍ ആകെ യാത്രകള്‍ 'രണ്ട്'. അതിലൊന്ന് ഫാമിലി ട്രിപ്പ് ടു കന്യാകുമാരി (ക്ലീഷേ..!). കാട് പിന്നെയും വിളിച്ചപ്പോള്‍ കൂട്ടുകാരോടൊപ്പം രണ്ടാമത്തെ യാത്ര. അങ്ങനെ അവളും കൂട്ടുകാരും തമ്മില്‍ യാത്രയുടെ കാര്യത്തില്‍ 1-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മൂന്നാമത്തെ യാത്രയുടെ വിത്ത് മുളയ്ക്കുന്നത്. ഹൃദയമിത്രവും(Chunk Bro) സര്‍വ്വോപരി സ്ഥിരം ടൂര്‍ കോ-ഓഡിനേറ്ററുമായ നിതേഷ് അടുത്ത യാത്രയെ കുറിച്ച് വാചാലനായി. തമിഴ്നാട്-ആന്ധ്രാപ്രദേശ്-കര്‍ണ്ണാടക വഴി തിരിച്ച് കേരളം, അതായിരുന്നു അവന് മനസ്സില്‍ കണ്ട മാസ്റ്റര്‍ പ്ലാന്‍. പോകുന്ന സ്ഥലങ്ങളും വ്യക്തമാക്കി. അധികം 'ലോകപരിചയം' ഇല്ലാത്ത ഞാന്‍ അക്കൂട്ടത്തില്‍ ഹംപി മാത്രമേ കേട്ടിട്ടുണ്ടായിരുന്നുള്ളൂ.(ലവന് ഇതൊക്കെ എവിടുന്ന് കണ്ട് പിടിക്കുന്നോ ആവോ..)
ഇനി വെള്ളമൊഴിക്കുന്ന പരിപാടിയാണ്. അതായത് യാത്രയ്ക്കുള്ള ആളെ കൂട്ടല്‍. സെപ്തംബര്‍ 20 വൈകുന്നേരം യാത്ര തിരിച്ച് 25 ന് മടങ്ങി വരാനാണ് തീരുമാനിച്ചിരുന്നത്. പക്ഷെ സ്ഥിരം യാത്രകളിലെ തലകളൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞ് പിന്മാറി (നിന്നെയൊക്കെ ഞങ്ങള്‍ എടുത്തോളാം..ട്ടാ). കഴിഞ്ഞ യാത്ര മുതല്‍ അഡ്മിഷന് എടുത്ത് കൂടെ കൂടിയ അമല്‍ മാത്രമാണ് 'ഞാന്‍ വരും അണ്ണാ' - എന്ന ഉറപ്പ് തന്നത്. അങ്ങനെ ആകെ മൊത്തം യാത്രയ്ക്ക് ഞങ്ങള്‍ മൂന്ന് പേര്. 'സാമ്പത്തികം' ഒരു പ്രധാന ഘടകമായതുകൊണ്ട് യാത്ര ട്രെയിനിലും ബസ്സിലുമൊക്കെ ആകാമെന്ന് കരുതി. മൂന്ന് പേരല്ലേ ഉള്ളൂ. എന്തിന് ആര്‍ഭാടം..!
അങ്ങനെ കാര്യങ്ങള്‍ പെക്കോണ്ടിരുന്ന സമയത്താണ് യാത്രയുടെ കാര്യം ഞാന്‍ എന്റെ പാതിയോട് പറയുന്നത്.
'എടിയേ ലവനൊരു യാത്രയെപ്പറ്റി പറയുന്നു. അമല്‍ മാത്രമെ ഉള്ളൂവെന്ന്...'
'ദേ മനുഷ്യാ നിങ്ങളെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. കൂട്ടുകാര്‍ വാനരന്മാരുമൊത്തൊരു ഊരുത്തെണ്ടല് കഴിഞ്ഞിട്ട് ഒരു മാസമായില്ലല്ലോ.? അങ്ങനെയാണെങ്കി ഞാനെന്റെ വീട്ടില്‍ പോയി നിന്നോളാം..അല്ല പിന്നെ' - ഇത്യാദി ഡയലോഗുകളാണ് ഞാന്‍ അവളില്‍ നിന്ന് പ്രതീക്ഷിച്ചതെങ്കിലും അതൊന്നും തന്നെയുണ്ടായില്ല (വെറുതെ പേടിച്ചു. ഓള് പാവാണെന്നേ.)
'അല്ല.. എങ്ങോട്ടാണ് യാത്ര?' - അവളുടെ ചോദ്യം.
'അത് പിന്നെ.. ഹംപി.'
'ഹംപിയോ. ഞാനും വരുന്നു. ങാ.. ' അവളേംകൊണ്ട് പോകാതെ ഇവിടുന്ന് ഇറങ്ങിയാല്‍ മുട്ടുകാല് തല്ലിയൊടിക്കും എന്നൊരു ഭീക്ഷണി ഉണ്ടായിരുന്നോ അതില്‍.. ഏയ്.. ഇല്ല.
'അത് പിന്നെ.. ഹംപി.'
'ഹംപിയോ. ഞാനും വരുന്നു. ങാ.. ' അവളേംകൊണ്ട് പോകാതെ ഇവിടുന്ന് ഇറങ്ങിയാല്‍ മുട്ടുകാല് തല്ലിയൊടിക്കും എന്നൊരു ഭീക്ഷണി ഉണ്ടായിരുന്നോ അതില്‍.. ഏയ്.. ഇല്ല.
അവള് ഉറപ്പിച്ച മട്ടാണ്. അവള്‍ക്കും വരണം. അവളെ കൂട്ടാതെ പോകാന്‍ പറ്റില്ല എന്ന് എനിക്കും നല്ല ഉറപ്പായിരുന്നു. കാരണം ആ സ്ഥലം തന്നെ, ഹംപി. പ്രേമിച്ച് നടന്ന സമയത്തൊക്കെ എത്രയോ തവണ പോകേണ്ടുന്ന സ്ഥലങ്ങളുടെയൊക്കെ ലിസ്റ്റ് എടുത്തപ്പോള്‍ ഹംപി എന്ന പേര് കടന്നു കൂടിയിട്ടുണ്ട്. ആ പേര് എനിക്കത്ര പരിചിതമാകാനും അത് തന്നെ കാരണം.
അവന്മാര്ക്കും പരാതിയൊന്നുമില്ല. അങ്ങനെ യാത്ര തുടങ്ങുകയാണ്. അവളും കൂടി സംഘത്തില്‍ ചേര്‍ന്നതോടെ യാത്ര കാറിലാക്കാന്‍ അടിയന്തിര പി.ബി തീരുമാനത്തിലെത്തി.
സെപ്തംബര്‍ 20 വൈകുന്നേരം 5 മണിയ്ക്കായിരുന്നു ഞങ്ങളുടെ 'ചരിത്ര' യാത്രയുടെ ഫ്ളാഗ് ഓഫ് നിശ്ചയിച്ചിരുന്നത്. എന്താണെന്നറിയില്ല, ഞാനും അവളും പതിവിന് വിപരീതമായി കൃത്യസമയത്ത് തന്നെ റെഡിയായി.രാത്രി കഴിക്കാനുള്ള ചപ്പാത്തി റെഡിയാക്കാന്‍ വേണ്ടിയാണ് കുറച്ച് സമയം പോയത് (അമ്മയ്ക്ക് പ്രത്യേകം നന്ദി). നിതേഷും പതിവ് തെറ്റിക്കാതെ പറഞ്ഞ സമയത്ത് തന്നെയെത്തി. പാര്‍ട്ടി കമ്മറ്റിക്ക് പോയ സഖാവിനെ മാത്രം കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നു. അങ്ങനെ കമ്മറ്റി ഒരു വഴിക്കാക്കി അമലും കൂടി എത്തിയതോടെ അര മണിക്കൂര്‍ വൈകി വണ്ടി ഓടി തുടങ്ങി.
രാത്രിയിലെ യാത്ര ഒഴിവാക്കാന്‍ അന്ന് രാത്രി സേലത്തായിരുന്നു തങ്ങാന്‍ തീരുമാനിച്ചിരുന്നത്. ഗൂഗിള്‍ മാപ്പിന്റെ കണക്ക്കൂട്ടലുകള്‍ പ്രകാരം യാത്രതുടങ്ങിയ കുണ്ടറയില്‍ നിന്ന് സേലം വരെ എത്താന്‍ 8 മണിക്കൂറിലധികം സമയമാണ് വേണ്ടത്. 'തെന്മല' കടന്നുപോകുമ്പോള്‍ അവള് എന്നെയൊന്ന് നോക്കി. എനിക്ക് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒര് ഒന്നൊന്നര നോട്ടം! (കല്യാണം കഴിഞ്ഞ് അഞ്ച് മാസം ആകാറായി. എന്നിട്ടും അടുത്തുള്ള തെന്മലവരെപ്പോലും കൊണ്ട് പോയില്ലല്ലോ ദുഷ്ടാ.. എന്നല്ലേ ആ നോട്ടത്തിന് അര്‍ത്ഥം.. ആവോ.)
രാജപാളയത്തിന് മുന്‍പൊരു വഴി വക്കില്‍ അത്താഴത്തിനായി വണ്ടി നിര്‍ത്തി. ചപ്പാത്തിയും നിതേഷ് കൊണ്ട് വന്ന മുട്ട റോസ്റ്റും കൂട്ടി ഒരു പിടി പിടിച്ചു. കുറച്ച് കരിഞ്ഞെങ്കിലും കറി സൂപ്പറായിരുന്നു. ഗൂഗിള്‍ ചേച്ചി പറഞ്ഞ സമയത്തിനേക്കാളും കുറച്ച് നേരത്തെ തന്നെ ഞ്ങ്ങള് സേലത്തെത്തി. സമയം കൃത്യം 1 മണി. അടുത്ത ദിവസം യാത്ര ആന്ധ്രയിലേക്കാണ്. രാവിലെ തന്നെ യാത്ര തുടങ്ങേണ്ടി വരും. കാലത്തെ 6 മണിക്ക് തന്നെ റെഡിയായിക്കോളാന്‍ കോ-ഓര്‍ഡിനേറ്ററുടെ അറിയിപ്പ് വന്നു. 'നീയൊക്കെ റെഡിയാകാനാണോടെയ്..' എന്നൊരു ഭാവം അവന്റെ മുഖത്ത് ഉണ്ടായിരുന്നില്ലേ. എന്നാലും അതൊരു വെല്ലുവിളിയായി തന്നെ ഞാനും അവളും ഏറ്റെടുത്തു. അത്ര കൊള്ളിലല്ലോ..
അടുത്ത ദിവസം. 6 മണിക്ക് മുന്നേ ഞങ്ങള്‍ റെഡിയായി. അവന്മാര് രണ്ടും ശരിക്കും ഞെട്ടിയിട്ടുണ്ടാകണം. അങ്ങനെ സേലത്തോട് വിടചൊല്ലി ആദ്യ സന്ദര്‍ശന സ്ഥലത്തേക്കുള്ള യാത്ര ആരംഭിച്ചു. ആന്ധ്രാപ്രദേശിലെ ഗണ്ടികോട്ടയായിരുന്നു ലക്ഷ്യ സ്ഥാനം. ആദ്യമായാണ് അങ്ങനെയൊരു സ്ഥലത്തെപറ്റി ഞാന്‍ കേള്‍ക്കുന്നത്. ഇന്ത്യയിലെ 'ഗ്രാന്റ് കാന്യന്' ആണത്രേ. അതെന്തൂട്ടാണ്..! അമേരിക്കയിലെ ആ വലിയ മലയിടുക്കിനെ പറ്റി നിതേഷ് പറഞ്ഞു തുടങ്ങി. കൊളറാഡോ നദിയൊഴുകുന്ന ആ ദൃശ്യങ്ങള്‍ ഗൂഗിള്‍ കാണിച്ച് തന്നപ്പോള്‍ ശരിക്കും അതിശയം. ശങ്കര്‍ സാറിന്റെ 'ജീന്‍സ്' സിനിമയില്‍ ഒര് പാട്ടില്‍ ആ സ്ഥലം കാണിക്കുന്നുണ്ടത്രേ. അവളാണ് ആ അറിവ് പങ്കുവെച്ചത്. ശ്ശെടാ.. അപ്പോള്‍ എനിക്ക് മാത്രമേ ഇതിനെപ്പറ്റിയൊന്നും വല്യ പിടിയില്ലാതുള്ളൂ. അപ്പോള്‍ അതുപോലൊരു അത്ഭുതം നമ്മുടെ നാട്ടിലുണ്ടായിട്ട് ഒന്ന് കണ്ടിരിക്കണമല്ലോ.
ബാഗ്ലൂര് വഴി തിരക്കായിരിക്കും എന്ന് അനുമാനിച്ച് യാത്ര കുപ്പം വഴിയാക്കി. കുറച്ച് കിലോ മീറ്റര്‍ അധികം ഓടേണ്ടി വരും. ബാക്കിയുണ്ടായിരുന്ന ചപ്പാത്തി ജാമും കൂട്ടി തിന്ന് കാലത്തെ വിശപ്പിന് ഒരു താല്കാലിക നടപടിയുണ്ടാക്കി (ചെലവ് കുറയ്ക്കണമല്ലോ.. ഏത്..). നാ്ന്നൂറ്റി നാല്പത് കി.മീ അതായത് ഏകദേശം ഒമ്പത് മണിക്കൂറിലേറെ സമയം വേണം ഗണ്ടികോട്ടയിലെത്താന്.
ആദ്യമായിട്ടാണ് ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കുന്നത്. ഇന്ത്യയിലെ ഏഴാമത്തെ വലിയ സംസ്ഥാനമെന്ന് പദവി അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഞങ്ങള്‍ പൊക്കോണ്ടിരുന്ന ഓരോ വഴികളും. റോഡിന് ഇരുവശങ്ങളിലുമായി കണ്ണെത്താ ദൂരത്തോളം കൃഷിയിടങ്ങള്‍ കാണാം. കൂടുതലും നെല്ലും ചോളവുമൊക്കെ തന്നെ. ആന്ധ്രാപ്രദേശിന്റെ വിശേഷണം ഇന്ത്യയുടെ നെല്ലറ എന്നാണത്രേ (പി.എസ്.സി പഠുത്തക്കാര് കാറിലുള്ളത് മറ്റൊരാശ്വാസം). ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് ഗണ്ടികോട്ട ഗ്രാമം. ഗണ്ടി(Gandi) എന്ന തെലുഗു വാക്കിന്റെ അര്‍ത്ഥം മലയിടുക്ക് എന്ന് തന്നെയാണ്. പെന്നാര്‍(Pennar) നദിയുടെ തീര പ്രദേശമാണവിടം. ഉച്ചയ്ക്ക് 1 മണിയോടെ ഞങ്ങള്‍ ഗണ്ടികോട്ടയിലെത്തി. ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ 'ഹരിത' ഹോട്ടലാണ് താമസത്തിനായി തെരഞ്ഞെടുത്തത്. ആ പ്രദേശത്ത് ആകെയുള്ള ഒരു താമസസ്ഥലവും അത് തന്നെയാണ്. വലിയ ഒരു കോട്ടയുടെ പ്രതീതി ഉളവാക്കുന്നതായിരുന്നു ഹോട്ടലിന്റെ രൂപവും. ഞങ്ങള്‍ എത്തിച്ചേരുമ്പോള്‍ അവിടുത്തെ ജീവനക്കാര്‍ പുറത്തും വരാന്തയിലുമായി സുഖനിദ്രയിലായിരുന്നു. റെസ്റ്റോറന്റിനുള്ളില്‍ ചെന്ന് പ്രധാന നടത്തിപ്പുക്കാരന് എന്ന് തോന്നിപ്പിക്കുന്ന ഒരാളെ വിളിച്ചുണര്‍ത്തി കാര്യങ്ങള്‍ സംസാരിച്ചു. അവര്‍ പറയുന്ന തെലുഗു ഒരു പിടിയും തരുന്നില്ല. രാജമൗലി പടങ്ങള്‍ കണ്ടുള്ള പരിചയം മാത്രമേയുള്ളൂ ആ ഭാഷയോട്. ആ എന്നോടോ ബാലാ..
വരാന്തയില്‍ കിടന്നുറങ്ങിയ ജീവനക്കാരനോട് അയാള്‍ ഞങ്ങള്‍ക്ക് താമസിക്കേണ്ടുന്ന മുറി വൃത്തിയാക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കി (?). സ്വാഭാവികമായും അടുത്ത ലക്ഷ്യം രാവിലെ മുതലുള്ള വിശപ്പിന് ഒരു തീരുമാനമുണ്ടാക്കുക എന്നതായിരുന്നു. അവിടെ കഴിക്കാന്‍ എഗ്ഗ് ഫ്രൈഡ് റൈസ് ഉണ്ടായിരുന്നു. ആശ്വാസമായി. നല്ല ഒന്നാംതരം ഭക്ഷണം. വയറിനൊപ്പം മനസ്സും നിറച്ചു.
പുറത്ത് വെയില് കലുഷിതമായതുകൊണ്ട് വൈകുന്നേരം വരെ വിശ്രമിക്കുക മാത്രമേ വഴിയുള്ളൂ. വെയിലൊന്ന് അടങ്ങിയപ്പോള്‍, ഒര് നാല് മണിയൊക്കെ കഴിഞ്ഞ് പന്നാറിന്റെ തീരത്തെ അത്ഭുതം കാണാന്‍ ഇറങ്ങി. ഹോട്ടലില്‍ നിന്ന് അധിക ദൂരമില്ല. വലിയ കല്ലുകള്‍കൊണ്ട് തീര്‍ത്ത കോട്ടമതില്‍ ദൂരെ നിന്ന് തന്നെ കാഴ്ചയിലെത്തി. ഞങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് മതിലിന് അരികിലായി രണ്ട് തൂണുകള്‍ നിലയുറപ്പിച്ചിരുന്നു. അതിന് മധ്യേ ഞങ്ങളുടെ 'രഥ'ത്തിന് കടന്നുപോകാന്‍ ധാരാളം സ്ഥലമുണ്ട. കോട്ടയുടെ ഭൂതകാലം വിളിച്ചറിയിക്കുന്ന ബോര്‍ഡ് മുന്നില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ട്. AD 13-ാം നൂറ്റാണ്ടില്‍ പണിഞ്ഞ കോട്ടയാണ് കണ് മുന്നില്‍ തലയെടുപ്പോടെ പ്രതാപത്തോടെ നില്‍ക്കുന്നത്. നാല്പതടിയോളം പൊക്കമുള്ള കവാടം കടന്നാണ് അകത്തേക്കുള്ള യാത്ര. അത്രതന്നെ ഉയരത്തിലുള്ള നൂറ്റിയൊന്നോളം കോട്ട മേടകളാണ് ചുറ്റിനും. ഫ്രഞ്ച് സഞ്ചാരികള്‍ ഇവിടം വിശേഷിപ്പിച്ചത് രണ്ടാം ഹംപി എന്നത്രേ. എന്താല്ലേ..
![]() |
(Gandikota Entrance) Photo © Nithesh Suresh |
കാറ് പൊയ്ക്കോണ്ടിരുന്ന വഴിക്ക് ചുറ്റും ചെറിയ കുടിലുകളാണ്. ഗണ്ടികോട്ട ഗ്രാമത്തിലെ താമസക്കാരാണ്. കന്നുകാലികളും കോഴി വളര്‍ത്തലുമൊക്കെയാണ് അവരുടെ ഉപജീവനമാര്‍ഗ്ഗം. വീടുകള്‍ കടന്നു ചെല്ലുമ്പോള്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമായി. ഞങ്ങള്‍ക്ക് മുന്‍പ് തന്നെ കുറച്ച് സഞ്ചാരികള്‍ അന്നവിടെ എത്തിയിട്ടുണ്ട്. വലതു വശത്തായി കോട്ടയ്ക്കകത്തേക്കുള്ള പ്രധാന കവാടവും ഇടത് വശത്ത് ഒരു മുസ്ലീം പള്ളിയുമാണ്- ജാമിയ മസ്ജിദ്. കോട്ടയ്ക്കുള്ളില്‍ രണ്ട് അമ്പലങ്ങളാണുള്ളത്. രംഗനാഥ സ്വാമി ടെമ്പിളും മാധവരായ സ്വാമി ടെമ്പിളും (പഴയ കാലത്തെ മതമൈത്രിയായിരുന്നു മതമൈത്രി). വഴിയില്‍ പ്രായം ചെന്ന രണ്ട് മൂന്ന് കച്ചവടക്കാര്‍ ഇരിപ്പുണ്ട്. കപ്പലണ്ടിയും കടലയുമൊക്കെ വില്ക്കുന്നവര്. പുരാതന കാലത്തെ കരവിരുത് വലിയ വിസ്മയമായി മുന്നില്‍ തെളിഞ്ഞു. അധികം കൊത്തുപണികളൊന്നും ഇല്ലാതിരുന്നിട്ട് കൂടി ആ പഴയ ശേഷിപ്പുകള്‍ തലയെടുപ്പൊട്ടും പോകാതെ നില്‍പ്പുണ്ടായിരുന്നു. അകത്തൊരു ജയിലും ധാന്യപ്പുരയുമുണ്ട്. കെട്ടിടത്തിന്റെ പലയിടത്തും മോടിപ്പിടിക്കല് നടക്കുന്നതിന്റെ സൂചനകള്‍ കാണാം. ഇപ്പോള്‍ പ്രവേശന ഫീസോ കാവല്ക്കാരോ അവിടെയില്ല. അകത്തെ അമ്പലങ്ങളിലൊന്നും പൂജയൊന്നും നടക്കുന്നതിന്റെ ലക്ഷണങ്ങളുമില്ല. രംഗനാഥ സ്വാമി ടെമ്പിളിന്റെ ചുറ്റുമതിലിന് മുകളില്‍ കയറി നിന്നാല്‍ മലയിടുക്കിലെ 'അത്ഭുതത്തിന്റെ' വിദൂര ദൃശ്യം കാണാം. കുറച്ച് ഫോട്ടോസ് എടുത്ത് അതിനടുത്തേക്ക് നടത്തം തുടര്‍ന്നു. ഞ്ങ്ങള്‍ക്ക് മുന്‍പേ വന്ന് സന്ദര്‍ശകരില്‍ ബഹുഭൂരിപക്ഷവും അമ്പലം വരെ വന്ന് തിരിച്ചു പോകുകയാണ്. ചുരുക്കം ചിലര്‍ മാത്രമാണ് താഴേക്ക് യാത്ര തുടരുന്നത്.
![]() |
Jamia Masjid, Gandikota Photo © Nithesh Suresh |
മുന്നില്‍ പാറക്കെട്ടുകളാണ്. കുറച്ച് സൂക്ഷിച്ചു വേണം മുന്നോട്ടുള്ള യാത്ര. വഴിയവസാനിക്കുന്നിടത്ത്, പാറക്കെട്ടിനു മുകളിലെത്തുമ്പോള്‍ രണ്ട് മലകള്‍ക്കിടയില്‍ പന്നാര്‍ നദി സുന്ദരിയായി ഒഴുകുന്നു. ഇത്ര കൃത്യമായി പ്രകൃതി എങ്ങനെയാണ് ആ പാറകൂട്ടങ്ങള്‍ അടുക്കി വെച്ചിരിക്കുന്നത്. രണ്ട് മലകള്‍ക്കിടയില്‍ മുന്നൂറ് അടിയോളം ദൂരമുണ്ടത്രേ. ഇതിനടുത്തായുള്ള കോട്ട മേടകള് പലതും കുറേയേറെ നശിച്ചു പോയിട്ടുണ്ട്. ഞങ്ങള്‍ക്ക് മുന്നേ പോയ നിതേഷും അമലും വഴിയില്‍ വെച്ചു കണ്ട് ഒരു ആട്ടിടയനോട് സംസാരിച്ച കഥ തിരിച്ചു വന്നപ്പോള്‍ വിവരിച്ചു. ഇപ്പോള്‍ നില്ക്കുന്ന സ്ഥലത്തുനിന്ന് കുറച്ച് കൂടി താഴേക്ക് നടന്നാല്‍ ഒരു വലിയ ഗുഹയുടെ അരികിലെത്തുമത്രേ. കോട്ട മൊത്തത്തില്‍ നാല് കിലോമീറ്ററാണ്. അമ്പോ..! രാജമൗലിയുടെ 'മര്യാദരാമണ്ണ' സിനിമയുടെ അവസാനരംഗങ്ങള്‍ ഇവിടെയാണ് ചിത്രീകരിച്ചത്. അവസാനം ഒരു കാര്യം കൂടി അണ്ണന് പറഞ്ഞു. അധികം ഇവിടെ ചുറ്റി തിരിയണ്ട.. 'സിരുത്തൈ' ഉണ്ടത്രേ..!!അള്ളാ ..നമ്മടെ പുള്ളിപ്പുലി..!!
![]() |
Way to "The Grand Canyon of India" Photo © Nithesh Suresh |
സൂര്യന് മേഘത്തിലൊളിച്ചുകളിച്ചതുകൊണ്ട് സൂര്യസ്തമയം കാണുക എന്ന ഞങ്ങളുടെ മോഹം നടന്നില്ല. തിരിച്ച് റൂമിലെത്തി. ആന്ധ്രയിലെ 'ഫുല്ക'യും കഴിച്ച് സുഖമായി ഉറങ്ങി.
![]() |
Gandikota, The Grand Canyon of India Photo © Nithesh Suresh |
അടുത്ത ദിവസത്തെ പ്രധാന ലക്ഷ്യം സൂര്യോദയം കാണുക എന്നതായിരുന്നു. കാലത്തെ അഞ്ച് മണി കഴിഞ്ഞ് ഇറങ്ങണം. അവള് കുറച്ച് മടിച്ചു. എങ്കിലും വിളിച്ചുണര്‍ത്തി ഉദയം കാണാന്‍ പുറപ്പെട്ടു. ഗ്രാമം ഞങ്ങള്‍ എത്തുന്നതിന് വളരെ നേരത്തെ തന്നെ ഉണര്‍ന്നിരിക്കുന്നു. വഴിയില്‍ ആള്ക്കാര് പശുവിനെ കറക്കുന്നു. പലയിടത്തും കന്നുകാലികള്‍ വഴി തടയല്‍ നടത്തി. ഞങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്ത് മലയിടുക്കിനരികിലേക്ക് നടന്നു തുടങ്ങി. ഇരുട്ട്.. കൊറേ ഇരുട്ട് - അതായിരുന്നു അവസ്ഥ. മൊബൈല്‍ ടോര്‍ച്ച് വഴികാട്ടിയായി. കിറുക്ക് പിടിച്ച ഞങ്ങള്‍ നാലുപേരുമല്ലാതെ അവിടെയൊന്നും ഒറ്റ മനുഷ്യരില്ല. ദൂരെയപ്പോള്‍ കേട്ട ശബ്ദം പുലിയുടേതായിരിക്കില്ല എന്ന് ഞങ്ങള്‍ ആശ്വസിച്ചു. ഓരോ പാറയിലും സൂക്ഷിച്ച് കാല്‍വെച്ച് ഒടുവില്‍ ലക്ഷ്യസ്ഥാനത്തെത്തി. ഇത്തവണ സൂര്യന് ചതിച്ചില്ല. സൂര്യരശ്മിയില്‍ പ്രകൃതി തീര്‍ത്ത മനോഹരമായ ക്യാന്‍വാസ് കണ്മുന്നില് തെളിഞ്ഞു തുടങ്ങി. വാക്കുകള്‍കൊണ്ട് ആ കാഴ്ച വിവരിക്കുന്ന അസാധ്യം. മടി പിടിച്ചുകിടന്നവള് ആര്‍ത്തിയോടെ കാഴ്ച കണ്ടു. ജീവിതത്തിലെ മനോഹരമായ ഒരു സുപ്രഭാതം. ആവശ്യത്തിലേറെ ദൃശ്യങ്ങള്‍ പകര്‍ത്തി ക്യാമറയുടേയും വിശപ്പടക്കി ഞങ്ങള്‍ തിരിച്ച് റൂമിലെത്തി. 8 മണിയോടെ 'പൊങ്കലും' കഴിച്ച് ഗണ്ടികോട്ടയോട് വിടചൊല്ലി അടുത്ത് സ്ഥലത്തേക്ക് യാത്രയായി.
60 കിലോമീറ്ററുകള്‍ക്കപ്പുറം ഞങ്ങളേയും കാത്ത് മറ്റൊരു അത്ഭുതം ഇരിപ്പുണ്ടായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ ഗുഹ, ബേലും ഗുഹകള്‍(Belum Caves). ഗുഹയെന്ന് കേള്‍ക്കുമ്പോള്‍ മല തുരന്ന് വെച്ചൊരു സങ്കല്‍പ്പമായിരുന്നു മനസ്സില്‍ (അല്പജ്ഞാനം എന്നും പറയാം). 9.30 ന് സ്ഥനത്തെത്തിയെങ്കിലും പ്രവേശനം പത്ത് മണിമുതലേ ഉള്ളൂ. ജി. എസ്. ടി കൂടി ചേര്‍ത്ത് ഒരാള്‍ക്ക് 65 രൂപയാണ് പ്രവേശന ഫീസ്. വലിയൊരു ബുദ്ധപ്രതിമ മലയ്ക്കരികിലായി ഞങ്ങളെ സ്വാഗതം ചെയ്ത് നില്‍പ്പുണ്ടായിരുന്നു. Belum Caves എന്ന് വെണ്ടയ്ക്കാ
![]() |
(Sunrise @ Gandikota) Photo © Nithesh Suresh |
വലുപ്പത്തില്‍ പ്രതിമയ്ക്ക് പിന്നിലുള്ള മലയ്ക്കു മുകളില്‍ എഴുതിയിരിക്കുന്നു. ഇനി ആ മലയിലാണോ ഗുഹ..? ആര്‍ക്കും ഒരു പിടിയുമില്ല. എന്‍ട്രന്‍സ് എന്നും പറഞ്ഞ് മുന്നിലേക്കുള്ള അടയാളത്തിനപ്പുറത്തേക്ക് പുറത്തു നിന്ന് നോക്കുമ്പോള്‍ ഗുഹപോയിട്ട് ഒരു കുഴിപ്പോലും കാണാനില്ലായിരുന്നു. ഇവന്മാര് എവിടെയാണ് ഗുഹ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്..? ആവോ.. പത്ത് മണി ആയപ്പോഴേക്കും കുറച്ച് സന്ദര്‍ശകര്‍ കൂടി എത്തി. അകത്തേക്ക് കയറ്റി തുടങ്ങി. മുന്നോട്ട് നടന്നപ്പോള്‍ താഴേക്ക് ഇറങ്ങാനുള്ള പടികള്‍ കണ്ട് തുടങ്ങി. ടിക്കറ്റ് പരിശോധന കഴിഞ്ഞ് ഞങ്ങള്‍ പടികളിറങ്ങി. ഇതിപ്പോ എന്താ കഥ.. ഗുഹ ഭൂമിക്കടിയിലാണ്. പുറത്തു കണ്ടതിനേക്കാള്‍ വലുതാണ് പൊത്തിലുള്ളത് എന്നതായിരുന്നു ഞങ്ങളുടെ അപ്പോഴത്തെ അവസ്ഥ. പണ്ട് കാലത്തെപ്പെഴോ നദി ഒഴുകി രൂപപ്പെട്ടതാണ് ഗുഹയെന്ന് കരുതപ്പെടുന്നു. അതായത് '916' പ്രകൃതി ദത്തം. അകത്തേക്കുള്ള വായു സഞ്ചാരത്തിനും വിസ്മയകാഴ്ചകള്‍ കാണുന്നതിനും ഒക്കെയുള്ള സംവിധാനങ്ങള്‍ ടൂറിസം വകുപ്പ് നല്ല വെടിപ്പായി ചെയ്ത് വെച്ചിട്ടുണ്ട്. പോകുന്ന വഴിയില്‍ തെലുഗു സംഗീതവും ആസ്വദിക്കാം.
കൂര്‍നൂള്‍ ജില്ലയിലുള്ള ഗുഹ 4500 ബി.സിയില്‍ രൂപപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. അത്രയും വര്‍ഷം പഴക്കമുള്ള പാത്രങ്ങള്‍ ഇവിടെ നിന്ന് ചരിത്രകാരന്മാര് കണ്ടെത്തിയിട്ടുണ്ടത്രേ. 1982 മുതല്‍ 84 വരെയുള്ള കാലഘട്ടത്തില്‍ ജര്‍മ്മന്‍കാരനായ ഡാനിയല്‍ ഗബറാണ് ഗുഹയ്ക്ക് മൂന്നര കിലോ മീറ്റര്‍ ദൂരമുണ്ടെന്ന് കണ്ടെത്തിയത്. 1988 ല്‍ ആന്ധ്രാ സര്‍ക്കാര്‍ ഇവിടം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. 1999 ല്‍ ടൂറിസം ഡെവലപ്മെന്റ് വകുപ്പ് ഏറ്റെടുത്ത് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. പക്ഷെ ഒന്നര കിലോ മീറ്റര്‍ ദൂരം മാത്രമേ സഞ്ചാര യോഗ്യമായുള്ളൂ.
![]() |
(Inside Belum Caves) Photo © Nithesh Suresh |
![]() |
(Inside Belum Caves) Photo © Nithesh Suresh |
ഗുഹയുടെ മധ്യസ്ഥാനത്ത് 125 അടിയോളം താഴ്ചയുണ്ടെന്നറിപ്പോള് ശരിക്കും ഞെട്ടി. പാറയിടുക്കില്‍ നിന്ന് ഒലിച്ചിറങ്ങിയ ചുണ്ണാമ്പുകല്ലിനാല്‍ പ്രകൃതി ഒരുക്കിയ ഗംഭീര കൊത്തുപണികളാണ് വഴിയുടെ ഇരു വശത്തും. ചിലയിടത്ത് വഴിയുടെ വീതി നന്നേ കുറവ്. അസാധ്യ ചൂടാണ് മറ്റൊരു കാര്യം. മുനിമാര്‍ തപസ്സിരുന്നു എന്ന് പറയപ്പെടുന്ന ചെറിയൊരിടത്തെത്തുമ്പോള് ശ്വാസം കിട്ടാന്‍ പാടുപ്പെടും (അങ്ങനെയാകും ആ മുനിമാര്‍ സമാധിയായിട്ടുണ്ടാകുക). ഗുഹയുടെ പലഭാഗങ്ങള്‍ക്കും നാട്ടുകാര്‍ നല്കിയ പേരുകളുണ്ട്. സിംഹദ്വാരം, കോട്ടിലിഗലു മണ്ഡപം, മായാ മന്ദിര്‍, പാതാള ഗംഗ അതില്‍ ചിലതാണ്. പാതാള ഗംഗയില്‍ ഇപ്പോഴും സജീവമായി ഒഴുകുന്ന വേനലില്‍ പോലും വറ്റാത്ത സ്രോതസ്സ് കാണാന്‍ കഴിയും. പണ്ട് കാലത്ത് കൊടുംവരള്ചയില് ജനങ്ങള്‍ വെള്ളത്തിനായി ഇവിടെ എത്തിയിരുന്നതായി കരുതപ്പെടുന്നു. രണ്ട് മണിക്കൂറോളം ഗുഹാമനുഷ്യരായി കഴിഞ്ഞ് ഞങ്ങള്‍ പുറത്തെത്തി.
ഉച്ചയോടെ പ്രധാന ലക്ഷ്യസ്ഥാനമായ ഹംപിയിലേക്ക് ഗൂഗിള്‍ മാപ്പ് ചൂണ്ടിയ 6 മണിക്കൂര്‍ നീളുന്ന യാത്ര ആരംഭിച്ചു. ഇനി അവിടെ എന്തൊക്കെ അത്ഭുതങ്ങളാണ് കാത്തിരിക്കുന്നത്..
![]() |
(Inside Belum Caves) Photo © Nithesh Suresh |
(തുടരും...)
No comments:
Post a Comment