'എടിയേ ഇങ്ങനെയാണെങ്കില്‍ അടുത്ത ട്രിപ്പിന് നിന്നെ കൂട്ടില്ല കേട്ടോ.'
പിന്നല്ലാതെ, ദേഷ്യം വരൂല്ലേ. കാറില്‍ കയറിയതു മുതലുള്ള സംസാരമാണ്, കലപിലകലപിലാന്ന്. ബേലും ഗുഹകള്‍ എന്റെ പാതിയെ ശരിക്കും പിടിച്ചുകുലുക്കിയിട്ടുണ്ട്. ഗുഹയില്‍ കണ്ട അത്ഭുതങ്ങളാണ് അവളുടെ വാക്കുകള്‍ നിറയെ. ഹംപിയെത്താന് വൈകുന്നേരമാകും. അതുവരെയിങ്ങനെ സംസാരിച്ചിരിക്കുകയേ നിവര്‍ത്തിയുള്ളൂ.
കര്‍ണ്ണാടകയുടെ അതിര്‍ത്തി ജില്ലയായ ബെല്ലാരി ഠൗണിലെ തിരക്കില്‍ കുരുങ്ങാതെ രക്ഷപ്പെടാന്‍ ബേലും കേവില്‍ നിന്ന് ഗൂട്ടി - ഗുണ്ടക്കല്‍ വഴിയായിരുന്നു ഹംപിയിലേക്കുള്ള യാത്ര. കഴിഞ്ഞ ദിവസത്തെ 'ആന്ധ്രാ' കാഴ്ചകളില്‍ മനസ്സിനെ തണുപ്പിച്ച കൃഷിയിടങ്ങളും ഹരിതാഭയുമാണ് നിറഞ്ഞതെങ്കില്‍, ഇന്ന് അതിന് മറ്റൊരു മുഖമാണ്. അതത്ര സുഖമുള്ള കാഴ്ചയുമായിരുന്നില്ല. ചിരട്ടകൊണ്ട് മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ പ്രകൃതി തീര്‍ത്ത മലകളാണ് റോഡിനിരുവശത്തും. വലിയ പാറകളും കല്ലുകളും അലസമായി ചിതറി കിടക്കുകയാണ് നിറയെ. അടുത്ത കാലത്തെങ്ങും നല്ല മഴപെയ്ത ലക്ഷണങ്ങളൊന്നും തന്നെയില്ല. പക്ഷെ മനസ്സിലുണ്ടാക്കിവെച്ച മണ്ണപ്പങ്ങള് ഓരോന്നും തകരുന്ന കാഴ്ചകളായിരുന്നു മുന്നോട്ടു പോകുന്തോറും. മനുഷ്യനും അവന്റെ യന്ത്രകൈകളും ചേര്‍ന്ന് മലകളുടെ പള്ളയില്‍ ഞെരിച്ച് പൊട്ടിക്കുകയാണ്. വഴിയില്‍ നിറയെ പൊടി നിറയുന്നു. ഇപ്പോള്‍ ആ വഴിയില്‍ കൂടി പോകുന്ന 'സഞ്ചാരികള്‍' ഞങ്ങള്‍ മാത്രമായിരിക്കും. പലവലിപ്പത്തിലുമുള്ള ലോറികള്‍ ഞങ്ങളെ കടന്നു പോകുന്നുണ്ട്. പാറ കഷ്ണങ്ങളും ഗ്രാനൈറ്റ് പാളികളുമാണ് അതില്‍ നിറയെ. റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങള്‍ അപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത്. എല്ലാ കെട്ടിടങ്ങളുടേയും നിര്‍മ്മാണം ഈ ഗ്രാനൈറ്റ് കല്ലുകള്‍ അടുക്കിയാണ്. വീടുകളും ചുറ്റുപാടും എന്തിന് ബസ്റ്റോപ്പുകള്‍ വരെ ഗ്രാനൈറ്റ് അലങ്കാര പണികളില്‍ തിളങ്ങി നില്ക്കുന്നു. നിരവധി ഗ്രാനൈറ്റ് കട്ടിംഗ് ഫാക്ടറികളും പരിസരങ്ങളിലുണ്ട്. കാഴ്ചയില്‍ ചെറിയ കുന്നുകള്‍ പോലെ തോന്നിക്കുമെങ്കിലും അവിടെ കൂട്ടിയിട്ടിരിക്കുന്നത് മുഴുവന്‍ ഗ്രാനൈറ്റ് അവശിഷ്ടങ്ങളാണ്. കിലോമീറ്ററുകളോളം ആ 'ഭീകര' കാഴ്ചയും ഒച്ചയും ഞങ്ങളെ പിന്തുടര്ന്നു.
ദൂരെ മാനം തൊട്ടു , മേനിയില്‍ ഇടവിട്ട് ചോപ്പും വെള്ളയും ചായം പൂശി സുന്ദരികളായി നില്ക്കുന്ന പുക കുഴലുകള്‍ കണ്ടു തുടങ്ങുന്നു. കശുവണ്ടി ഫാക്ടറികളുടെ നാട്ടില്‍ നിന്ന് (ഇപ്പോള്‍ കുറച്ച് ക്ഷീണമാണെന്നാലും..) വരുന്ന നമ്മളിതൊക്കെ എത്ര കണ്ടേക്കുന്നു. ബിര്‍ലാ ഗ്രൂപ്പിന്റെ അള്‍ട്രാ ടെക് സിമെന്റ് ഫാകറിയാണത്. വിസ്തരിച്ചങ്ങനെ കിടക്കുന്നു. പുറത്ത് വെയിലിന്റെ കാഠിന്യം ഏറുന്നതിനനുസരിച്ച് ഞങ്ങളുടെ ആമാശയത്തിലും 'പ്രക്ഷോഭങ്ങള്‍' ആരംഭിച്ചിരിക്കുന്നു. കുറേ ഫാക്ടറികള്‍ ഉണ്ടെന്നല്ലാതെ വിശപ്പിനെ തളയ്ക്കാനുള്ള കടകളൊന്നും ആ പരിസരത്തില്ല. കിലോമീറ്ററുകള്‍ക്കകലെയുള്ള 'ബെല്ലാരി'യിലാണ് ഏക പ്രതീക്ഷ.
ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. വലതു വശത്ത് മലമുകളില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്ന കോട്ടമതില്‍ കാഴ്ചയിലേക്കെത്തി. വിശപ്പിന് ആ കാഴ്ച ചെറിയൊരു ഇന്റര്വെല്ലിട്ടു. പ്രസിദ്ധമായ 'ഗൂട്ടി കോട്ട'യാണത്. കോട്ട മേടകളും മതിലും കുറേയേറെ നശിച്ചുപോയിട്ടുണ്ട്. രാജ്യത്തെ ചുറ്റിയുള്ള സംരക്ഷണകവചമായിരുന്നിരിക്കണം. അത് എത്ര യുദ്ധങ്ങള്‍ക്ക് ചിലപ്പോള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടാകും. കല്ലുകള്‍ ഇത്രയും ഉയരത്തിലെത്തിച്ച് കൃത്യമായ ആകൃതിയില്‍ ഇതൊക്കെ എങ്ങനെയാകും ഉണ്ടാക്കിയിട്ടുണ്ടാവുക? കൊച്ചി മെട്രോയുടെ തൂണുങ്ങള്‍ എങ്ങനെ കൃത്യമായി അടുക്കി വെച്ചിരിക്കുന്നു എന്നത് തന്നെ അതിശയമായി കാണുന്ന ഞാനൊക്കെ ഇതൊക്കെ കണ്ട് 'പകച്ചു പോയി' എന്ന് തന്നെ പറയേണ്ടി വരും. സന്ധ്യയ്ക്ക് മുന്‍പ് ഹംപിയില്‍ കൂട് കൂട്ടേണ്ടതുകൊണ്ടും പുറത്ത് അതുഗ്രന്‍ ചൂടായത്കൊണ്ടും ഗൂട്ടി ഫോര്ട്ടിന് 'ലോഗ് ഷോട്ടി'ലൊരു സലാം നല്കി ഞങ്ങളുടെ കാര്‍ യാത്ര തുടര്‍ന്നു.
ബെല്ലാരി ഠൗണ്‍ തൊടാതെ ഗൂഗിള്‍ ചേച്ചി കാണിച്ചു തന്ന വഴി അബദ്ധമായോ? കര്‍ണ്ണാടക അതിര്ത്തിയോടടുക്കുംതോറും റോഡ് വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. അത് മാത്രമല്ല, പലയിടത്തും റോഡ്പണി തകിര്‍തിയായി നടക്കുന്നു. അത്ര ചെറുതല്ലാത്ത 'കുരുക്കില്‍'പ്പെട്ടു എന്ന് തന്നെ പറയാം. എന്തായാലും ഉച്ച കഴിഞ്ഞതോടെ ബെല്ലാരി തൊട്ടു. അവിടെയും ഒരു തിരിച്ചടി കിട്ടി. യാത്ര ഠൗണിന്റെ പ്രാന്തപ്രദേശങ്ങളിലൂടെയായതുകൊണ്ട് മരുന്നിനു പോലും ഒരു നല്ല ഹോട്ടല്‍ കണ്ടെത്താനായില്ല. ആമാശയത്തില്‍ ആളി കത്തുന്ന 'പ്രക്ഷോഭം' ശാന്തമായി പര്യവസാനിപ്പിക്കാന്‍ ഇനി ഹംപി എത്തിയേ നിര്‍വ്വാഹമുള്ളൂ.
കര്‍ണ്ണാടക ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ 'ഹോട്ടല്‍ മയൂര ഭുവനേശ്വരി' നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു (വിശാല മനസ്കയായ 'മേയ്ക്ക് മൈ ട്രിപ്പ്' ഓഫര്‍ തന്ന് കനിഞ്ഞതുകൊണ്ട് രണ്ട് ദിവസത്തേക്ക് നല്ല രണ്ട് റൂമുകള്‍ താങ്ങാവുന്ന കാശിന് കിട്ടി). ഹംപിക്കടുത്തുള്ള കമലാപൂരിലാണ് ഹോട്ടല്‍. വൈകുന്നേരം 5.30 കഴിഞ്ഞ് ഹോട്ടലിലെത്തി. ഹംപിയില്‍ കാണേണ്ടുന്ന പ്രധാന സ്ഥലങ്ങളൊക്കെ വൈകുന്നേരം 5 മണിയോടെ പൂട്ടികെട്ടും. പിന്നെ ഈ 'അസമയത്ത്' പോകാന്‍ പറ്റിയ സ്ഥലം ഇപ്പോഴും സജീവമായി ആരാധനയും പൂജയുമൊക്കെ നടക്കുന്ന 'വിരുപക്ഷ' ടെമ്പിളാണ്. സാധനസാമഗ്രികളൊക്കെ റൂമിലാക്കി റെസ്റ്റോറന്റില്‍ എന്തേലുമുണ്ടേല്‍ അതും വാങ്ങി തട്ടി നേരെ വിരുപക്ഷ ദര്‍ശനമായിരുന്നു പ്ലാന്‍. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. റസ്റ്റോറന്റിലെ പ്രധാന ഐറ്റംസൊക്കെ തീര്‍ന്നിരിക്കുന്നു. ഇനി അത്താഴത്തിനേ ഉള്ളൂ. അതാണേല് 8 മണിയാകുമത്രേ. ആകെ ഉള്ളത് 'ഒണിയന്‍ പക്കോഡ' യും (മ്മടെ ഉള്ളി വട) ഫിംഗര്‍ ചിപ്പ്സും ആണ്. ആ..എന്നാ പിന്നെ ഓരോന്നും രണ്ട് പ്ലേറ്റ് വീതം പോരട്ടെ എന്ന് പറഞ്ഞു. നിമിഷനേരംകൊണ്ട് അതും തട്ടി കോഫീയും കുടിച്ച് ഇരിക്കുമ്പോള്‍ ദേ ബില്ലുമെത്തി. ഏടഠ ഭൂതം ഞങ്ങളെ വിട്ട് പോകുന്ന ലക്ഷണമില്ല. രൂഫാ 500 ക. പോയി കിട്ടി.
ഹോട്ടലില്‍ നിന്ന് നാല് കിലോമീറ്ററിലേറെ ദൂരമുണ്ട് വിരുപക്ഷ ടെമ്പിളിലേക്ക്. വഴി വിളക്കുകളുടെ കാരുണ്യത്തില്‍ റോഡിനിരുവശത്തും മഹാസാമ്രാജ്യത്തിന്റെ ശേഷിപ്പുകള്‍ മിന്നി മായുന്നത് കണ്ടു. പകല്‍ വെളിച്ചത്തില്‍ അവ ഓരോന്നും നെഞ്ചോട് ചേര്‍ത്ത് പുണരണം- കൊതിയായി. പാര്‍ക്കിംഗ് ഏരിയായില്‍ വളരെ കുറച്ച് വാഹനങ്ങളെ ഉണ്ടായിരുന്നുള്ളൂ. അതിന് മുന്നിലാണ് ബസ്റ്റാന്റ്. ഹംപി വരുന്നവര്‍ക്ക് ഇവിടം വരെ ബസ്സില്‍ എത്താന്‍ കഴിയും. കാര്‍ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ വിരുപക്ഷനടുത്തേക്ക് നടന്നു. ദൂരെ നിന്ന് തന്നെ 'ത്രികേണാകൃതി'യിലുള്ള ഗോപുരം കാണാമായിരുന്നു. നടക്കുന്ന വഴിക്കരികിലും അകലെയുമായി കാഴ്ചകള്‍ ഇരുളിലൊളിച്ച് കളിക്കുന്നുണ്ട്. അരികിലേക്കെത്തുംതോറും ഗോപുരം വലുതായി വരുന്നു. ഗോപുരത്തെ പൊതിഞ്ഞ് നിറയെ 'ഇണചേര്‍ന്നു' നില്ക്കുന്ന ഇരുമ്പ് കമ്പികളാണ്. അവിടെ പെയിന്റിഗ് കലാപരിപാടി നടക്കുകയാണെന്ന് തോന്നുന്നു. പ്രവേശന കവാടം ഒരു ഒന്നൊന്നര കവാടം തന്നെയാണ്. എന്തൊരു പൊക്കമാണ് ഇഷ്ടാ. വാതിലിനരികില്‍ കുറച്ച് കച്ചവടക്കാര്‍ പൂവും മറ്റും വില്‍ക്കുന്നുണ്ട്. ചതുരാകൃതിയിലുള്ള വലിയൊരു തളത്തിലേക്കാണ് വാതില്‍ കടന്ന് ചെല്ലുന്നത്. അത് കഴിഞ്ഞാണ് അമ്പലത്തിലേക്കുള്ള പ്രവേശന പാത. പെട്ടെന്നാണ് തീരെ പ്രതീക്ഷിക്കാത്ത അതിഥിയെ പോലെ മഴ എത്തിയത്. പുതുമഴയാണെന്ന് തോന്നുന്നു. നല്ല മണ്ണിന്റെ മണം. ആഹഹാ..!നാട്ടിലെ മഴ ഞങ്ങളുടെ കൂടെയിങ്ങ് വന്നെന്ന് തോന്നുന്നു. വലതു വശത്തായി നീളത്തില്‍ ഒരു കല്‍മണ്ഡപമുണ്ട്. നനയാതിരിക്കാന്‍ ഞങ്ങള്‍ അതിന്റെ തിണ്ണയില്‍ കയറി ഇരിപ്പുറപ്പിച്ചു. കുറച്ച് തീര്‍ത്ഥാടകര്‍ നേരത്തെ തന്നെ അവിടെ സ്ഥലം കൈയേറിയിട്ടുണ്ട്. ചിലര്‍ നല്ല സുഖനിദ്രയിലാണ്. അടുത്തുള്ള തൂണിലൊക്കെ എന്തൊക്കെയോ കൊത്തുപണികളുണ്ട്. ഒന്നും വ്യക്തമല്ല (പിന്നെ.. വെട്ടം ഉണ്ടായിരുന്നേല്‍ അങ്ങ് മനസ്സിലാക്കി മല മറിച്ചേനേ എന്നായിരിക്കും). നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിവാരകമ്പടിയോടെ രാജാധിരാജന് കൃഷ്ണദേവരായര്‍ വിരുപക്ഷനെ കാണാന്‍ ഞങ്ങള്‍ക്ക് മുന്നിലുള്ള ഈ അകത്തളത്തിലൂടെയല്ലേ പോയിട്ടുണ്ടാവുക. വെറുതെ ഒന്നു ആലോചിച്ചു. ഒരു ടൈം മെഷിന് ഉണ്ടായിരുന്നെങ്കില്‍. എന്ത് രസായിരുന്നേനെ. അങ്ങനെയോരോ പ്രാന്തുകള് ആലോചിച്ചും പറഞ്ഞുമിരുന്ന് മഴയും അതിന്റെ പാട്ടിന് പോയി സമയവും കുറേയായി. 'നാളെ കാണാം' എന്ന് വാക്കുംകൊടുത്ത് ഞങ്ങളവിടുന്ന് ഇറങ്ങി.
![]() |
(Virupaksha Temple) Photo © Nithesh Suresh |
കാലത്ത് എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്ന് ബാക്കിയുണ്ടായിരുന്ന ബ്രഡും ജാമുംകൊണ്ട് വിശപ്പിനെ സമാധാനിപ്പിക്കുക എന്നതായിരുന്നു. അപ്പോള്‍ പിന്നെ ഹോട്ടലുകാരുടെ 'പിഴിയലില്‍' നിന്നൊരു ആശ്വാസം കിട്ടുമല്ലോ. ഭക്ഷണകാര്യത്തിലെ 'വിലക്കയറ്റം' മാറ്റി നിര്‍ത്തിയാല്‍ 'മയൂര ഭൂവനേശ്വരി' അടിപൊളിയാണ്. ഒരു ചതുരപ്പെട്ടി കമഴ്ത്തിവെച്ചതുപോലൊരു ഹോട്ടല്‍. നീല നിറത്തില്‍ വരിവരിയായി അടുക്കിയ തൂണുകള്‍ നിറയുന്ന ഇടനാഴി. ഇടനാഴിക്ക് ഇരുവശങ്ങളിലുമായി സന്ദര്‍ശകര്‍ക്കായുള്ള മുറികള്‍. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ താമസിച്ചിരുന്ന മുറിക്കാണ് (പ്രസിഡന്റ്ഷ്യല്‍ സ്യൂട്ട്) ഏറ്റവും കൂടുതല്‍ വാടക. റെസ്റ്റോറന്റിനരികെ 'ആവശ്യക്കാര്‍ക്ക്' വേണ്ടി ചെറിയൊരു 'ബാര്‍ളി വെള്ളം' വില്‍ക്കുന്ന ഇടം. റെസ്റ്റോറന്റിനപ്പുറത്തായി പുറത്ത് മനോഹരമായി ഒരുക്കി വെച്ചിരിക്കുന്ന പുല്‍പാതയും ഇരിക്കാനുള്ള സൗകര്യങ്ങളും. 8.30 ന് തന്നെ (കൃത്യനിഷ്ട വിട്ടൊരു കളിയില്ല) റെഡിയായി ഞങ്ങള്‍ ഹോട്ടലിന് പുറത്തെത്തി. ഗൈഡേട്ടന് പക്ഷേ പറഞ്ഞതിലും പത്ത് മിനുട്ട് വൈകിയാണ് എത്തിയത്. കഴിഞ്ഞ ദിവസം ഞങ്ങള്‍ കോണ്ടാക്ട് ചെയ്ത ആളായിരുന്നില്ല അത്. പുള്ളിക്കാരന് എന്തോ അസൗകര്യം, മറ്റൊരാളെയാണ് വിട്ടത്. ഇന്നത്തെ വഴികാട്ടിയുടെ പേര് രവികുമാര്‍, കമ്പനി അംഗീകൃത ടൂറിസ്റ്റ് ഗൈഡ്.
ഇന്ന് പോകുന്ന സ്ഥലങ്ങളുടെ 'ഭൂപടം' ഗൈഡേട്ടന് ഞങ്ങളെ കാണിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി എന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന നിമിഷങ്ങള്‍ ഇതാ വരാന്‍ പോകുന്നു എന്ന് കാര്യം ഞാന്‍ മനസ്സിലാക്കി. അത് മറ്റൊന്നുമല്ല.. ചരിത്രം..! കാണ്ഡം കാണ്ഡമായി കിടക്കുന്ന ചരിത്രം. പത്താംക്ലാസ്സില്‍ വെച്ച് 'ബൈ ബൈ' പറഞ്ഞതാണ് ഹിസ്റ്ററി എന്ന വിഷയത്തോട്. വര്ഷങ്ങളോര്ത്തിരിക്കാനും പേരുകളൊക്കെ ക്രമമായി അടുക്കിവെച്ച് പഠിക്കാനും എന്റെ തലച്ചോറിനെന്തോ വല്യ താല്‍പ്പര്യമൊന്നുമില്ലായിരുന്നു. ചരിത്രം ഉറങ്ങുന്ന ഹംപിയിലേക്കുള്ള യാത്ര തീരുമാനിക്കുമ്പോഴും എന്നെ അലട്ടിയിരുന്ന പ്രധാന പ്രശ്നം എന്റെ ഈ 'അറിവില്ലായ്മ' തന്നെയായിരുന്നു. അതുമാത്രമല്ല, ചരിത്രത്തില്‍ താല്‍പ്പര്യമില്ലാത്ത മണുക്കൂസുകളൊന്നും ഹംപിയില്‍ പോയിട്ട് യാതൊരു കാര്യോല്ല, ഹംപി ഇഷ്ടപ്പെടാനേ പോകുന്നില്ല - എന്നൊക്കെ ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍ മുന്നറിയിപ്പ് തന്നിരുന്നു. യ്യോ.. പട്ടി ചന്തയ്ക്ക് പോയതുപോലെ ആകുമോ.. ഹംപി മനസ്സിലിടം പിടിക്കാതെ അകന്നു പോകുമോ..? തുടക്കത്തില്‍ തന്നെ നെഗറ്റീവടിച്ച് തുടങ്ങി..
ആദ്യം സന്ദര്‍ശിക്കുന്ന സ്ഥലം 'വിത്താല' ടെമ്പിളാണ്. ഹംപിയിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മ്മിതികളൊക്കെ ഇവിടെയാണത്രേ. ഹോട്ടലില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് വിത്താല ടെമ്പിള്‍. അവിടേക്കുള്ള പത്ത് പതിനഞ്ച് മിനുട്ട് കാര്‍ യാത്രക്കിടയില്‍ ഗൈഡേട്ടന് ഹംപിയെ പറ്റി ചെറിയൊരു മുഖവുര തന്നു (എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്). നല്ല സുന്ദരമായ ഇംഗ്ലീഷ്. എന്തായാലും എന്റെ ചെറിയ ബുദ്ധിക്ക് പിടി കിട്ടിയ സംഗതികള്‍ പറയാം. - 'പണ്ട് പണ്ട് പണ്ട്.. വളരെയധികം പണ്ട്.. ഒരു അറുന്നൂറ്റി ചില്വാനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെക്കേ ഇന്ത്യയാകെ വ്യാപിച്ചു കിടന്നിരുന്ന മഹാസാമ്രാജ്യം, വിജയനഗര സാമ്രാജ്യം (പശ്ചാത്തലത്തില്‍ ഏ.ആര് റഹ്മാന്റെ മാസ്മരിക സംഗീതം ആവാം). പതിമൂന്നാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ 1336-ല്‍ 'സംഗമ' രാജവംശത്തിലെ ഹരിഹര ഒന്നാമനും അനിയന് ബുക്കരായ്യയും (അനിയന് ബാവ ചേട്ടന് ബാവ) ചേര്‍ന്നാണ് വിജയനഗര സാമ്രാജ്യത്തിന് തറക്കല്ലിടുന്നത്. നാല് രാജവംശങ്ങള്‍ (സംഗമ, സലുവ, തുളുവ, അരവിഡു) ഇരുന്നൂറിലധികം വര്‍ഷങ്ങള്‍ വിജയനഗരം ഭരിച്ചു. എന്നാല്‍ തുളുവ രാജവംശത്തിലെ കരുത്തനായ രാജാവ് 'കൃഷ്ണദേവരായ്യ' യുടെ ഭരണകാലഘട്ടമാണ് മഹാസാമ്രാജ്യത്തിലെ 'സുവര്‍ണ്ണകാലം' എന്നറിയപ്പെട്ടത്. തുംഗഭദ്ര നദിയുടെ തെക്കന്‍ തീരത്ത് മലനിരകളാല്‍ ചുറ്റപ്പെട്ട് വിജയനഗരത്തിന്റെ തലസ്ഥാന നഗരിയാണ് യുണെസ്കോയുടെ പൈതൃകപട്ടികയിലിടം പിടിച്ച ഹംപി. 1565-ലെ തളിക്കോട്ട യുദ്ധത്തില്‍ വിജയനഗര സാമ്രാജ്യത്തിന്റെ അടിസ്ഥാനമിളകി. ഡക്കാന്‍ സുല്ത്താന്മാരുടെ കടന്നാക്രമണത്തില്‍ ഹംപി നഗരം ഇരുളിലേക്ക് കൂപ്പുകുത്തി. വീരേതിഹാസ വിജയഗാഥകള്‍ മാത്രം പാടിക്കൊണ്ടിരുന്ന മഹാ സാമ്രാജ്യം വിഘടിച്ച്, ശോഷിച്ച് ഇല്ലാതായി തീര്‍ന്നു...'
![]() |
(Entrance, Vittala Temple) Photo © Nithesh Suresh |
വഴിയില്‍ വലതു വശത്ത് 'പുഷ്കരണി' എന്നൊരു ബോര്‍ഡ് കണ്ടു. കുറച്ചു മാറി അമ്പലകുളം പോലെ തോന്നിക്കുന്ന ഒരിടവും. പക്ഷെ വെള്ളമുണ്ടായിരുന്നില്ല. ഗൈഡേട്ടന് അതിനെ കുറിച്ച് പറഞ്ഞു. പണ്ട് എല്ലാ വലിയ ക്ഷേത്രങ്ങള്‍ക്കും ഒപ്പം ഇത്തരം കുളങ്ങള്‍(ണമലേൃ ഠമിസ) ഉണ്ടായിരുന്നത്രേ. അവിടെയുള്ള ജനങ്ങള്‍ ദൈവതുല്യമായാണ് അതിനെ കണ്ടിരുന്നത്. വലിയ കവാടത്തിന് മുന്നിലായി കാര്‍ യാത്ര അവസാനിപ്പിച്ചു. അമ്പലത്തിനകത്തേക്ക് കടക്കാന്‍ പ്രവേശന ഫീസുണ്ട്. അവിടുന്ന് കിട്ടിയ പാസ്സില്‍ മറ്റ് മൂന്ന് സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാനുള്ള അനുമതിയുണ്ട്. പാസ്സ് നഷ്ടമാകാതെ സൂക്ഷിക്കണം.
നില്‍ക്കുന്നത് വലിയൊരു ദുരന്തഭൂമിയിലാണ് എന്ന് ഓര്‍മ്മപ്പെടുത്തുകയായിരുന്നു ആ പ്രവേശന കവാടം. ദൂരെ കാഴ്ചയില്‍ ഉയര്‍ന്നു നിന്ന 'തലകള്‍' സങ്കടത്താല്‍ തലകൂമ്പുന്നു. ഗോപുരത്തിന്റെ മധ്യഭാഗത്തുള്ള കൊത്തുപണികളില്‍ ചിലത് മാത്രമാണ് കുറച്ചെങ്കിലും നശിക്കാതെ നിലകൊള്ളുന്നത്. മുകള്‍ ഭാഗത്തിലേറെയും ചരിത്രത്തോടൊപ്പം മാഞ്ഞ് പോയിരിക്കുന്നു. കവാടത്തിന് മുന്നില്‍ ഇരുവശത്തേക്കും നേരത്തെ കണ്ട ബസ്സാറിന്റെ കൈവഴികള്‍ നീളുന്നു. വാതില്‍ കടന്ന് ഞ്ങ്ങള് അകത്തേക്ക് നടന്നു.
അവിടെ ആദ്യം കണ്ണുകളെ നിശ്ചലമാക്കുന്ന കാഴ്ചയാണ് ലോകത്തിന് മുന്നില്‍ ഹംപിയെന്ന വിസ്മയത്തെ പ്രതിനിധാനം ചെയ്യുന്ന സൃഷ്ടികളിലൊന്ന്. പൂര്‍ണ്ണമായും കല്ലില്‍ തീര്‍ത്ത രഥം (ടീേില ഇവമൃശീ)േ. അവിടെ നിന്ന് കാണുന്നത് രഥത്തിന്റെ പിന്‍ഭാഗമാണ്. മുന്‍വശം ശ്രീകോവിലിനഭിമുഖമായി നിലകൊള്ളുന്നു. ഇവിടം വിഷ്ണു ക്ഷേത്രമാണെന്നാണ് സങ്കല്പം. വിഷുണുവിന്റെ വാഹനമായ ഗരുഡന്റെ രൂപം ആദ്യ നാളുകളില്‍ രഥത്തിന് മുകളില്‍ ഉണ്ടായിരുന്നത്രേ. ഗ്രാനൈറ്റ് കല്ലിലാണ് രഥം നിര്‍മ്മിച്ചിരിക്കുന്നത്. 'ഇവിടുത്തെ സൃഷ്ടികളില്‍ സിംഹഭാഗവും ഗ്രാനൈറ്റിലാണ്'അതിശയത്തോടെയാണ് ഗൈഡേട്ടന് അത് പറയുന്നത്. അതത്ര നിസ്സാരമായി കാര്യമല്ലത്രേ. വലിയ പ്രയാസമാണ് ഗ്രാനൈറ്റില്‍ കരവിരുത് തീര്‍ക്കുവാന്‍. നിസ്സാരപുള്ളിക്കാരല്ല അപ്പോള്‍ ഇവിടെയുണ്ടായിരുന്ന ശില്പികള്.
![]() |
(Stone Chariot, Vittala Temple) Photo © Nithesh Suresh |
![]() |
(Vittala Temple) Photo © Nithesh Suresh |
![]() |
(Vittala Temple) Photo © Nithesh Suresh |
മഹാമണ്ഡപത്തിന് പിറകിലായിട്ടാണ് ക്ഷേത്രം. അവിടുത്തെ പ്രതിഷ്ഠയൊക്കെ യുദ്ധകാലത്തേ തകര്‍ക്കപ്പെട്ടിരുന്നു. ഇടതുവശത്തായി കാണുന്നത് 'കല്യാണമണ്ഡപം'. മഹാമണ്ഡപത്തിന്റെ മറ്റൊരു വകഭേതം. അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത അത്ഭുതങ്ങളാല്‍ സമ്പന്നമാണിവിടം. വാക്കില്‍ ഒരിക്കലും ഒതുക്കി നിര്‍ത്താന്‍ കഴിയില്ല. ചരിത്രബോധമൊന്നുമില്ലാത്ത ഞാന്‍ തന്നെ അങ്ങനെ വണ്ടറിച്ച് നില്‍ക്കുമ്പോഴാണ് പ്രിയപ്പെട്ടവള്‍ അവിടെ കണ്ട ഒരു മരത്തിനു മുകളില്‍ വലിഞ്ഞു കയറാന്‍ ശ്രമിക്കുന്നത് കാണുന്നത്. അതിന്റെ മുകളിലിരുന്നും ഫോട്ടോ എടുക്കണമത്രേ. മരവും അതിന് പിറകില്‍ മഹാമണ്ഡപവും. അങ്ങനെ കുറേ കാഴചകളും ക്യാമറയിലും പകര്‍ത്തി അതിലേറെ മനസ്സിലും സൂക്ഷിച്ച് ഞങ്ങള്‍ അവിടുന്നിറങ്ങി.
അടുത്തു തന്നെയുള്ള 'ക്വീന്‍സ് ബാത്തി'ലേക്കാണ് യാത്ര. റാണിമാരൊക്കെ പണ്ട് കുളിച്ചിരുന്ന ഇടം. അപ്പോള്‍ 'ഉറപ്പായും' കണ്ടിരിക്കേണ്ടുന്ന സ്ഥലം തന്നെയാണ്. വിത്താല ടെമ്പിളില്‍ നിന്ന് വ്യത്യസ്തമാണ് ക്വീന്‍സ് ബാത്തിന്റെ ഘടനയും നിര്‍മ്മാണവും. പുറമേ നിന്ന് നോക്കുമ്പോള്‍ ദീര്‍ഘചതുരാകൃതിയിലുള്ള ഒരു പെട്ടിപ്പോലെ തോന്നിക്കുന്ന അത്ര ഭംഗിയൊന്നുമില്ലാത്ത ഇവിടം ഇന്തോ-മുസ്ലീം രീതിയിലുള്ള നിര്‍മ്മിതിയാണ്. 'ടര്‍ക്കിഷ്' ശില്പികളെ ഇറക്കുമതിചെയ്താണ് രാജാവ് തോഴിമാര്‍ക്ക് വേണ്ടി കുളിസ്ഥലം നിര്‍മ്മിച്ചുകൊടുത്തത് - ഗൈഡേട്ടന് പറഞ്ഞു. കെട്ടിടത്തിനു ചുറ്റും വലിയ കിടങ്ങുകളാണ്. അകത്തുള്ള സ്നാനകേന്ദ്രത്തിലേക്കുള്ള ശുദ്ധജലം ഇതിലാണ് നിറച്ച് വെക്കുന്നതത്രേ. ഓ അതൊക്കെ വെറുതെയാണ്. കുളികാണാന്‍ ഒളിച്ചുവരുന്ന വിരുതന്മാരെ വീഴ്ത്താനുള്ള വാരിക്കുഴികളാകാനാണ് സാധ്യത കൂടുതല്‍. ഇരുപത്തൊന്നായാലും പതിമൂന്നാം നൂറ്റാണ്ടായാലും നമ്മളൊക്കെ മനുഷ്യന്മാര് തന്നെയല്ലേ..!
![]() |
(Queen's Bath) Photo © Nithesh Suresh |
പുറത്തിറങ്ങിയപ്പോള്‍ കൂട്ടത്തിലെ ചെറുപ്പമായ അമലിന് ഒരു സംശയം. ഈ രാജാക്കന്മാരൊക്കെ എന്തൂട്ട് മണ്ടന്മാരാണ്. (അത്ര ദൂരത്തല്ലാത്ത മലയിലേക്ക് ചൂണ്ടി) ദേ ആ കാണുന്ന കുന്നിന്റെ മുകളില്‍ കയറി നിന്നാല്‍ 'നൈസായി' ഇതൊക്കെ കാണാന്‍ പറ്റുമല്ലോ. കുളി മുറിക്കാണേല് മുകളില്‍ അടപ്പുമില്ല. പിന്നെ അങ്ങനെ കണ്ടത് തന്നെ. നൂറുകണക്കിന് ഭടന്മാരായിരിക്കും കോട്ടയ്ക്ക് ചുറ്റും കാവല്‍ നില്‍ക്കുന്നത്. അമ്പെയ്ത് വീഴ്ത്തി കളയും മോനേ..!
ക്വീന്‍സ് ബാത്തിന് അടുത്തു തന്നെയാണ് 'റോയല്‍ എന്ക്ലോഷര്'. ഇനി അങ്ങോട്ടേക്കാണ് പോകുന്നത്. ഹംപിയിലെ ഏറ്റവും വലിയ 'തുറന്ന' മൈതാനിയാണത്. അവിടേക്കുള്ള പ്രവേശന വഴിയില്‍ രണ്ട് വലിയ കല്‍വാതില്‍ പാളികള്‍ മണ്ണോട് ചേര്‍ന്ന് വിശ്രമിക്കുന്നത് കണ്ടു. പഴയ പ്രവേശനകവാടത്തിന്റെ ഭീമാകാരമായ വാതിലിന്റെ ശേഷിപ്പുകളാണ്. ഇരുവശത്തും ആനകള്‍ നിന്നാണ് അത് തുറന്നിരുന്നതത്രേ. അവിടെനിന്ന് ആദ്യമെത്തുന്നത് ഉയരത്തില്‍ പാറകളടുക്കി, മുകളില്‍ തുറസ്സായി കിടക്കുന്ന നിര്മ്മിതിക്കരികിലേക്കാണ്. താഴെ നിന്ന് അവിടെയെത്താന്‍ പടവുകളുണ്ട്. പണ്ടൊരു കാലത്ത് രാജാവും പരിവാരങ്ങളും അവിടെയിരുന്നാണ് നാടിനെ അഭിസംബോധന ചെയ്തിരുന്നത്. രാജാക്കന്മാര്ക്കും വിശിഷ്ടവ്യക്തികള്ക്കുമുള്ള പ്രവേശന പടവുകള്‍ പുറകില്‍ അകത്തുകൂടിയാണ്. പല പല നാട്ടുരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെകൊണ്ട് ആ വലിയ മൈതാനം കടലുപോലെ നിറഞ്ഞിരിക്കുന്നു. പോര്മുഖത്തില് വീറോടെ പൊരുതിയ യോദ്ധാക്കള്‍ക്കും കല്ലില്‍ കവിത സൃഷ്ടിച്ച മികച്ച ശില്പികള്ക്കും കലാകാരന്മാര്ക്കും രാജാവ് ഇതിനു മുകളില്‍ നിന്നാകും 'പട്ടും വളയും' സമ്മാനിച്ചിട്ടുണ്ടാവുക. അഭിമാനത്തോടെ, ആര്‍പ്പുവിളികളുടെ അകമ്പടികളോടെ അവര്‍ പാരിതോഷികങ്ങള്‍ വാങ്ങാന്‍ പടികള്‍ ചവിട്ടി കയറുന്നത്.. ജനങ്ങള്‍ ഒരേ സ്വരത്തില്‍ ശബ്ദമുയര്‍ത്തുന്നത്..'ബാഹുബലി..ബാഹുബലി..' ഹൊ അങ്ങനെ ഒരു കാലത്ത് 'തൃശ്ശൂര്‍ പൂരം' വരെ നടന്ന സ്ഥലത്താണ് ഇപ്പോള്‍ നില്‍ക്കുന്നത്.
![]() |
(Royal Enclosure) Photo © Nithesh Suresh |
![]() |
(Pushkarani @ Royal Enclosure) Photo © Nithesh Suresh |
ഇന്നലെ വൈകുന്നേരം പെയ്ത മഴ, വന്ന അതേ ബസ്സില്‍ തന്നെ തിരിച്ചുകയറിപ്പോയെന്ന് തോന്നുന്നു. പുറത്തേക്കിറങ്ങി നടന്നപ്പോള്‍ അസാധ്യചൂട്. ഇനി കഴിച്ചിട്ടാകാം യാത്ര. ഗൈഡേട്ടന് ഉച്ചയൂണിന് കൊണ്ടുപോയ ഹോട്ടലില്‍ ഏടഠ കടന്നു കൂടിയിട്ടില്ലാതതുകൊണ്ട് കാശ് മുതലായി. നല്ല അടിപൊളി 'താലിമീല്‍സ്'.
'സനാന എന്‍ക്ലോഷറി'ലേക്കാണ് അവിടെ നിന്ന് നേരെ പോയത്. ഉയരമുള്ള വലിയ മതില്‍ക്കെട്ടിനകത്താണ് ആ വിശാലമായ മൈതാനം. അതിനകത്താണ് റാണിമാരും അവരുടെ തോഴിമാരും പാര്‍ത്തിരുന്ന 'ക്വീന്‍സ് പാലസ്'. പക്ഷെ ഇപ്പോഴാ കൊട്ടാരത്തിന്റെ അടിത്തറമാത്രമേ കാണാന്‍ കഴിയൂ. സുല്ത്താന്മാരുടെ ആക്രമണത്തില്‍ റാണിമാര്‍ക്കും രക്ഷയുണ്ടായില്ല. മതില്കെട്ടിനരികിലായി സദാസമയവും ഭടന്മാര് കാവല്‍ നിന്നിരുന്ന വാച്ച് ടവര്‍ കാണാം. നാല് ഗോപുരങ്ങളില്‍ ഒരെണ്ണം ചരിത്രത്തോടൊപ്പം മണ്ണില്‍ മറഞ്ഞിരുന്നു. റാണിമാര്‍ സുഖമായി വിഹരിച്ചിരുന്ന സ്വപ്നഭൂമിയില്‍ കടന്ന പുരുഷ സഞ്ചാരികളെ ടവറിന് മുകളില്‍ കാവല്‍ നില്ക്കുന്ന ഭടന്മാര് രൂക്ഷമായി നോക്കുന്നത് ഞാനൊന്ന് സങ്കല്പ്പിച്ചു നോക്കി.. അമ്പോ.. തലപോയത് തന്നെ.
![]() |
(Lotus Mahal) Photo © Nithesh Suresh |
രുടെ വിശ്രമകേന്ദ്രമായിരുന്നു അവിടം. വെള്ളം മുകളിലെത്തിച്ച് കെട്ടിടത്തിനുള്ളില്‍ തണുപ്പ് നിലനിര്‍ത്താനുള്ള വിദ്യകളൊക്കെ അവിടെ പ്രയോഗിച്ചിട്ടുണ്ട്. ഇതുവരെ കണ്ട സ്ഥലങ്ങളില്‍വെച്ച് അധികം പരിക്കൊന്നും പറ്റാതെ നിലകൊള്ളുന്ന സ്ഥലവും ഇതുതന്നെ. ഇന്തോ-മുസ്ലീം നിര്‍മ്മാണ ശൈലിയാണ് ഇവിടേയും അവലംബിച്ചിരിക്കുന്നത്. അതേ ശൈലിയില്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന മറ്റൊരു അതിശയമാണ് ലോട്ടസ് മഹളിനടുത്തുള്ള 'എലിഫന്റ് സ്റ്റേബിള്‍'. രാജാക്കന്മാര്ക്കും റാണിമാര്‍ക്കും മാത്രം പോരല്ലോ, അവരുടെ വാഹനമായ ഗജകേസരികള്‍ക്ക് താമസിക്കാനും വേണ്ടേ രാജകീയമായൊരിടം. രാജാവിന് റേഷന്‍കടയില്‍ അരിമേടിക്കാന്‍ പോകാനും രാജകുമാരിയെ ടൈപ്പ്റൈറ്റിംഗ് ക്ലാസ്സിന് കൊണ്ടുവിടാനും ഉപയോഗിച്ചിരുന്ന 'റോയല്‍' ആനകള്‍ വിശ്രമിച്ചിരുന്ന 11 ഭീമാകാരമായ മുറികളാണ് ഇവിടുള്ളത്. ഓരൊ മുറിയിലും അതില്‍ കയറുന്നവരുടെ ഉയരത്തിനനുസരിച്ച് അവര്‍ സംസാരിക്കുമ്പോള്‍ 'എക്കോ' ഉണ്ടാകുമത്രേ. ആന അലറുമ്പോള്‍ ഉയരകൂടുതല്കൊണ്ടുണ്ടാകുന്ന 'എക്കോ' അവിടെ നൂറുകണക്കിന് ആനകളുള്ള പ്രതീതി സൃഷ്ടിക്കും. സനാന എന്‍ക്ലോഷറിന്റെ മതിലുചാടാന്‍ നില്ക്കുന്നവര് അത് കേട്ടൊന്നു പേടിക്കും. ഉറപ്പ്.
![]() |
(Elephant Stable) Photo © Nithesh Suresh |
![]() |
(Prasanna Virupaksha Temple) Photo © Nithesh Suresh |
![]() |
(Ugra Narasimha Temple) Photo © Nithesh Suresh |
![]() |
(Sasivekalu Ganesha) Photo © Nithesh Suresh |
ഇനി വിശ്രമമാണ്. ഹംപിയിലെ അവസാനത്തെ രാത്രി. നാളെ ഉദയവും കണ്ട് ഹംപിയോട് യാത്ര പറയുകയാണ്. മനസ്സിനെ ഭ്രമിപ്പിച്ച അതിശയങ്ങളോരോന്നും ഓര്‍ത്ത് ഹംപിയെന്ന മായാനഗരിയോടൊപ്പം ഞങ്ങളും ഉറങ്ങി.
വെളുപ്പിന് അഞ്ച് മണി കഴിഞ്ഞപ്പോള്‍ തന്നെ സൂര്യോദയം കാണാന്‍ റെഡിയായി ഇറങ്ങി. മനസ്സില്‍ ഗണ്ടികോട്ടയില്‍ ഉദയത്തിന് സാക്ഷിയായ ഓര്‍മ്മകള്‍ തികട്ടി വരുന്നു. ഹോട്ടലില്‍ നിന്ന അധികദൂരം ഉണ്ടായിരുന്നില്ല. ഹംപി നഗരം ഉണര്‍ന്നട്ടില്ല. ഉറക്കത്തിന്റെ ആലസ്യത്തില്‍ തന്നെയാണ്. കാര്‍ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ നടന്നു തുടങ്ങി. 'മാതംഗ' മലകളുടെ മുകളിലെത്തണം. അവിടെ നിന്നാണ് ഉദയം കാണേണ്ടത്. ഒരു കിലോമീറ്ററിലധികം നടന്ന് മല കയറാനുണ്ട്. അവിടെ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് മുന്നേ ആരും മല കയറിപ്പോയ ലക്ഷണമൊന്നുമില്ല. 'മാതംഗ ഹില്‍സ്' എന്ന ബോര്‍ഡ് കണ്ടു. അത് ചൂണ്ടിയ ദിക്കിലേക്ക് നടന്നു തുടങ്ങി. നല്ല ഇരുട്ടാണ്. മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് മുന്നോട്ടുള്ള വഴി കാണുന്നത്. പാറക്കല്ലുകള്‍കൊണ്ട് മുകളിലേക്ക് പടികളൊരുക്കിയിട്ടുണ്ട്. വഴികാട്ടികളായി നിതേഷും അമലും ഞങ്ങള്‍ക്ക് മുന്നാലെ നടന്നു. അവളും ഞാനും സാവധാനത്തിലാണ് പടികള്‍ കയറുന്നത്. അതുകൊണ്ട് രണ്ട് പടികള്‍ ഞങ്ങള്‍ കയറിയപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മുന്നില്‍ പോയ ആശാന്മാര് ഞങ്ങളുടെ കാഴ്ചയില്‍ നിന്ന് മറഞ്ഞിരുന്നു. ഇന്നലത്തെ ഹംപി കണ്ടുള്ള നടത്തം എന്റെ പ്രിയപ്പെട്ടവളെ ചെറുതായി തളര്‍ത്തിയിട്ടുണ്ട് (കൃഷ്ണദേവരായരെ സ്വപ്നം കണ്ടുറങ്ങി എന്നൊക്കെ ഒരു ജാഡയ്ക്ക് തള്ളിയതാണ്. ഇന്നലെ രാത്രി അവളുടെ കാലില്‍ കുഴമ്പിട്ട് കൊടുക്കലായിരുന്നു പ്രധാന പണി.) കുറച്ച് പടികള്‍ മുകളിലേക്ക് കയറിയപ്പോള്‍ തന്നെ അവള് ഒരു പാറയില്‍ ചാരി ഇരുന്നു. ഇനി കയറാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. 'അയ്യോ അങ്ങനെയൊന്നും പറയല്ലേ' , അവിടുന്നും ഇവിടുന്നുമൊക്കെ കിട്ടിയ വാക്കുകള്കൊണ്ടൊക്കെ പ്രചോദിപ്പിച്ച് അവളെ പതിയെ മുന്നോട്ട് നടത്തിച്ചു. 'നീ നടക്കെന്റെ പെണ്ണേ.. ഞാനില്ലേ കൂടെ..ഇതൊക്കെ എന്ത്'-അങ്ങനെ ഞങ്ങള്‍ മുന്നോട്ട് പോകുകയാണ്. ചുറ്റിനും ഇരുള് തളംകെട്ടി നില്ക്കുന്നു. മുന്പിലെന്താണെന്നോ എവിടേക്കാണ് എത്തുന്നതെന്നോ, ഒര് പിടിയുമില്ല. മുന്നില്‍പോയ ആശാ•ാരുടെ ഒരു വിവരവുമില്ല. മറ്റ് സഞ്ചാരികളെയൊന്നും കാണാനില്ല. മുന്നോട്ട് നടക്കുന്തോറും വഴിയുടെ വീതി കുറഞ്ഞു വരികയാണ്. തടസ്സമുണ്ടാക്കി നില്ക്കുന്ന ചെറിയ ചെടികളെയൊക്കെ തട്ടിമാറ്റിയാണ് മുകളിലേക്ക് കയറുന്നത്. അവള് നന്നേ തളര്‍ന്നിട്ടുണ്ട്. 'കൊച്ചുവെളുപ്പാന്‍കാലത്ത് രണ്ടിനും ഒരുപണിയുമില്ല.. മലേടെ മണ്ടയ്ക്ക് വലിഞ്ഞു കേറാന്‍ പോയേക്കുന്നു' - ഇത് കാണുന്ന നാട്ടുകാര്‍ അങ്ങനെ തന്നെയാകണം പുലമ്പുന്നത്. സ്വാഭാവികം.
ഏകദേശം മലയുടെ ഒരു മുക്കാല്‍ ഭാഗത്തോളം കയറിയിട്ടുണ്ടാകണം. അപ്പോള്‍ മുന്നിലായി ചെടികള്‍ ഞെരിഞ്ഞമരുന്ന ഒച്ച കേട്ടു. കടുവയോ കാട്ടുപോത്തോ വല്ലോം ആയിരിക്കുമോ. ഏയ് ഇവിടെയെങ്ങനെ വരാനാണ്. എന്തായാലും സംശയം മനസ്സില്‍ തന്നെ വെച്ചു. വരുന്ന വഴിയില്‍ ഒരു അട്ടയെ കണ്ടപ്പോള്‍ പേടിച്ച കക്ഷിയാണ് കൂടെ നടക്കുന്നത്. ഒന്നും മിണ്ടിയില്ല. ശബ്ദം ഞങ്ങള്‍ക്കരികിലേക്ക് വരികയാണ്. അടുത്തേക്ക്..വളരെ അടുത്തേക്ക്..മുമ്പേപോയ ഞങ്ങളുടെ പങ്കാളികള്‍ പോയതിനേക്കാള്‍ വേഗത്തില്‍ ദാ മലയിറങ്ങി വരുന്നു. വിയര്‍ക്കുന്നുണ്ടല്ലോ. ഇനി ഇവന്മാര് എന്തിനെയെങ്കിലും കണ്ട് പേടിച്ചിട്ടുള്ള വരവാണോ..
'അണ്ണാ വഴി തെറ്റി. മോളില് പാറ ബ്ലോക്കാണ്. വഴിയില്ല. തിരിച്ചിറങ്ങിക്കോ..' അമലാണ് അത് പറഞ്ഞതെങ്കിലും ഞങ്ങളുടെ ചങ്കാണ് പിടച്ചത്. പ്രത്യേകിച്ചും എന്റെ പാതിയുടെ. കയറി വന്ന ഇത്രേം വഴികള്‍ തിരിച്ചിറങ്ങി മറ്റൊരു വഴിയില്‍ വീണ്ടും കയറമത്രേ. ഡിങ്കാ.. നടന്നത് തന്നെ. പക്ഷെ കയറി വന്ന വഴികളിലൊന്നും മറ്റ് തിരിവുകളൊന്നും കണ്ടില്ലല്ലോ.. അപ്പോള്‍ താഴെ നിന്ന് തന്നെ വഴി തെറ്റിയാണ് കയറി വന്നതെന്ന് ഞങ്ങള്‍ നിഗമനത്തിലെത്തി.
അവളെന്നെയൊന്നു ദയനീയമായി നോക്കി.
'എടിയേ കയറുന്ന പാടൊന്നുമില്ല ഇറങ്ങാന്‍. വളരെ സിംപിളാണ്.' - ഞാന്‍ പറഞ്ഞു.
'അപ്പോള്‍ വീണ്ടും വേറെ വഴിയേ കേറണ്ടേ?' - അവളുടെ ചോദ്യം.
'ആ. .അത്..ചിലപ്പോള്‍ ഇത്രേം പാട് പിടിച്ച വഴി ആയിരിക്കില്ല. പിന്നെ നമുക്കൊന്നു കയറിയ എക്സ്പീരിയന്സുമുണ്ടല്ലോ. ഞാനില്ലേ കൂടെ'. അതില്‍ അവള് ഫഌറ്റാകുമെന്ന് കരുതി. പക്ഷേ 'എന്റെ വല്ലോരും മലമുകളിലേക്ക് നാഷണല്‍ ഹൈവേ പണിഞ്ഞുവെച്ചിട്ടുണ്ടോ' എന്നായിരുന്നു അവള് മനസ്സില്‍ പറഞ്ഞതെന്നു തോന്നുന്നു.. .ഏയ്.. ആയിരിക്കില്ലായിരിക്കും.
ഞങ്ങളങ്ങനെ കയറി വഴികള്‍ തിരിച്ചിറങ്ങി തുടങ്ങി. വന്ന വഴി മറക്കരുതല്ലോ. ഇരുട്ട് ഇപ്പോഴും പഴയ രൗദ്രഭാവത്തില്‍ തന്നെ നില്‍ക്കുകയാണ്. സൂര്യന്ചേട്ടന് ഇന്ന് ലീവാണോ. എട്ട് പത്ത് മിനിട്ടുകൊണ്ട് ഞങ്ങള്‍ 'മാതംഗ ഹില്‍സ്' എന്ന വഴിക്കാട്ടി ബോര്‍ഡിന്റെ അടുത്തെത്തി. ശ്ശെടാ ഇറങ്ങി വന്ന വഴി മാത്രമേ കാണുന്നുള്ളല്ലോ. അവിടേക്ക് തന്നെയാണല്ലോ ബോര്‍ഡും ചൂണ്ടുന്നത്. രണ്ട് വിദേശ സഞ്ചാരികള്‍ അപ്പോള്‍ അവിടേക്ക് എത്തി. ഞങ്ങള്‍ അങ്ങോട്ടെന്തേലും ചോദിക്കുന്നതിന് മുന്‍പ് തന്നെ 'മാതംഗ ഹില്‍സ്..?' എന്നൊരു രണ്ട് വാക്ക് ചോദ്യം സായിപ്പ് ഇങ്ങോട്ടിട്ടു. ഞങ്ങള്‍ അതിനുത്തരമായി ബോര്‍ഡിലേക്ക് ചൂണ്ടി. സായിപ്പും കൂട്ടുകാരിയും ഞങ്ങള്‍ ഇറങ്ങി വന്ന വഴിയിലൂടെ മുകളിലേക്ക് 'ഓടി' തുടങ്ങി. രണ്ട് മൂന്ന് പേര്‍ക്കൂടി അപ്പോഴേക്കും എത്തി. അവരും അതേ വഴി തന്നെയാണ് മുകളിലേക്ക് പോകുന്നത്. ശ്ശെടാ. .അപ്പോള്‍ എവിടുന്നാണ് ഞങ്ങള്‍ക്ക് വഴി തെറ്റിയത്.?
അങ്ങനെ വീണ്ടും കയറി തുടങ്ങാം എന്ന അടിയന്തര കമ്മിറ്റി പ്രമേയം പാസ്സാക്കി. എന്റെ പെണ്ണു മാത്രം കൈ പൊക്കിയില്ല. ലവന്മാര് രണ്ടും ആവേശത്തോടെ കയറി തുടങ്ങി. ഞങ്ങള്‍ പതുക്കെ വരാം എന്ന് അവരോട് പറഞ്ഞു. അവള് തളര്‍ന്നിരിക്കുകയാണ്. എങ്കിലും കണ്ണില്‍ ചോരയില്ലാത്ത ഞാന്‍ 'നേരത്തെ കയറിയ വഴി തന്നെയല്ലേ..കുഴപ്പമൊന്നും കാണൂല്ലാ' - എന്നൊക്കെ പറഞ്ഞ് ഒരു വിധത്തില്‍ സമാധാനിപ്പിച്ചെഴുന്നേല്പ്പിച്ച് പതിയെ നടന്നു തുടങ്ങി. വന്ന വഴി മറക്കാതിരിക്കാനുള്ള 'ഇമ്പോസിഷന്‍' നടത്തം..!
![]() |
(Mathanga Hills) Photo © Nithesh Suresh |
ഹംപിയോട് ബൈ പറയുകയാണ്. ഓരോ കാഴ്ചയിലും അതിശയിപ്പിക്കുന്ന മായാലോകമായിരുന്നു ഹംപി. അവിടെ സുല്ത്താന്മാരുടെ ആക്രമണത്തില്‍ ഒന്നും ബാക്കിവെയ്ക്കാതെ മറഞ്ഞുപോയ രാജാവിന്റെ കൊട്ടാരം കരയുന്നത് കേള്‍ക്കാം.. അനേകായിരം പേരുടെ വിയര്‍പ്പിനു മുകളില്‍കെട്ടിയ സ്വര്‍ഗ്ഗതുല്യമായ ദേശം യുദ്ധാനന്തരം തകര്‍ന്നടിയുന്നത് കണ്ട് സ്വയം ജീവനൊടുക്കിയ ശില്പികളുടെ വിലാപങ്ങള്‍ കേള്‍്ക്കാം.. വലിയൊരു ശവകുടീരത്തിന് മുകളിലാണ് നില്‍ക്കുന്നതെന്ന് തോന്നിപ്പോകുന്നു.
അതെ..ഹംപി സങ്കടങ്ങളുടെ സ്വര്‍ഗ്ഗം കൂടിയാണ്..
എഴുത്ത് : എല്‍.റ്റി മറാട്ട്
1 comment:
ഗൈഡിന് എത്ര രൂപ ആകും
Post a Comment