Thursday, August 9, 2018

ദുര്‍ബലരേ, ഇതിലെ...ഇതിലെ...

മുഖവുര

2018 ജൂലൈ ഒന്നുമുതല്‍ പതിനഞ്ചുവരെ ഞാനും എന്റെ നാലു ചങ്ങാതിമാരും ചേര്‍ന്ന് നടത്തിയ ചെറിയൊരു യാത്രയെപറ്റിയുള്ള എഴുത്താണ്. അതിനെ യാത്രാവിവരണമെന്നോ കഥയെന്നോ പ്രിയവായനക്കാരുടെ ഇഷ്ടംപോലെ കരുതാവുന്നതാണ്. ഇതില്‍ എന്റെ വ്യക്തിപരമായ അനുഭവങ്ങളും തോന്നലുകളും മാത്രമാണ്. മറ്റുള്ളവരുടെ കഥ ഇതില്‍ നിന്നും വിഭിന്നമായിരിക്കും. മൂന്നോ നാലോ ഭാഗങ്ങളായി എഴുതി തീര്‍ക്കാനാണ് വിചാരം. അതിന്റെ ആദ്യഭാഗമാണ് താഴെ ചേര്‍ക്കുന്നത്. യാത്രയില്‍ നിങ്ങളേയും ക്ഷണിക്കുന്നു. 
നന്ദി. സ്‌നേഹം

ഭാഗം 1
ദുര്‍ബലരേ, ഇതിലെ...ഇതിലെ...

ക്ലാസ്സില്‍ 'വിര്‍ച്വല്‍ റിയാലിറ്റി'യുടെ സാധ്യതകളെകുറിച്ച് കുട്ടികളുമായി സംവദിക്കുകയായിരുന്നു. ചിലതരം പേടികള്‍(ഫോബിയ) മാറ്റാന്‍ ഡോക്ടര്‍മാര്‍ ഈ ടെക്‌നോളജി ഫലപ്രദമായി ഉപയോഗിക്കുന്നതിനെപ്പറ്റിയായി സംസാരം. ഉയര്‍ന്ന സ്ഥലങ്ങളോടുള്ള അകാരണമായ ഭയം (അക്രോഫോബിയ) അതിനൊരുദാഹരണമായി ഞാന്‍ അവരോട് പറഞ്ഞു. അത്തരം സ്ഥലങ്ങളുടെ 'വിര്‍ച്വല്‍' ചുറ്റുപാടുകള്‍ ക്രിയേറ്റ് ചെയ്യുകയും പേടിയുള്ളവരെ അതിലേക്ക് പ്രവേശിപ്പിച്ച് 'പേടി'  അകറ്റുകയുമാണ് രീതി. എന്റെ തന്നെ ജീവിതകഥയാണ് അതിലേക്ക് ഞാന്‍ കൂട്ടിച്ചേര്‍ത്തത്. ചെറുപ്പം മുതലേ ഉയരം നല്ല പേടിയായിരുന്നു. കുറേ നിലകളുള്ള കെട്ടിടം, ലൈറ്റ് ഹൗസ്, വാച്ച് ടവര്‍ - അങ്ങനെ വില്ലന്മാര്‍ ഏറെയായിരുന്നു എനിക്ക്. രണ്ട് വയസ്സുപോലുമില്ലാത്ത കുട്ടികള്‍വരെ ലൈറ്റ്ഹൗസിന് മുകളില്‍ നിന്ന് താഴേക്ക് നോക്കി ആവേശത്തോടെ കൈ വീശുമ്പോള്‍ പ്രായം തികഞ്ഞ ഞാന്‍ അതിന്റെ ഏതേലുമൊരു മൂലയ്ക്ക് തലകറങ്ങി തൂങ്ങിയിരിക്കുന്നുണ്ടാകും. 'ചോര'യോടും അത്തരത്തിലൊരു പേടിയുണ്ടായിരുന്നു. ഒരു സംഭവം പറയാം. സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ്. സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയക്യാമ്പ് സ്‌കൂളില്‍ നടക്കുകയാണ്. ഞാന്‍ പരമാവധി ആ പരിസരത്ത് നിന്ന് മുങ്ങി നടക്കാന്‍ നോക്കി. രക്ഷയില്ലാ, എല്ലാ കുട്ടികളും നിര്‍ബന്ധമായും പങ്കെടുത്തേ പറ്റൂ. മാത്രമല്ല കരുത്തനായ സ്വാതന്ത്ര്യസമര സേനാനി 'ഉത്തംസിങ്ങി'നെയൊക്കെ നാടകത്തില്‍ അവതരിപ്പിച്ച്് കൈയടി വാങ്ങി ഷൈന്‍ ചെയ്ത് നില്‍ക്കുന്ന സമയം കൂടിയാണ്. 'തളരരുത് രാമന്‍കുട്ടീ'യെന്ന് മനസ്സിനോട് നൂറുവെട്ടം പറഞ്ഞ് സുന്ദരിയായ നഴ്‌സിന്റെ മുന്നിലേക്ക് വിരല്‍ നീട്ടി. എത്ര രക്തം വേണേലും എടുത്തോ എന്ന മട്ടില്‍. ദുഷ്ട...ഒരൊറ്റ കുത്ത് കുത്തിയതും ചോര പുറത്തേക്ക് ചാടിയതും മാത്രേ ഓര്‍മ്മയുള്ളൂ. ഠിം..ഞാന്‍ തലകറങ്ങി വീണു. അന്ന് വരാന്തയില്‍ ഇട്ടിരുന്ന ഒറ്റ ബെഞ്ചില്‍ വിയര്‍ത്ത് തളര്‍ന്ന് കിടന്നിരുന്ന ഈ പാവം 'ഉത്തംസിങ്ങി'ന്റെ മുന്നിലൂടെ അകത്തേക്ക് പോയ പെണ്‍പരിശകളുടെ മുഖത്തെ ചിരി- അതൊരു വല്ലാത്ത അവസ്ഥ തന്നെയായിരുന്നു.

മറ്റൊരു 'അവസ്ഥ' കൂടി പറയാം. കല്ല്യാണമൊക്കെ കഴിഞ്ഞ് അത്യാവശ്യം സ്വസ്ഥമായി എന്നൊക്കെ വിചാരിച്ചിരിക്കുന്ന സമയത്താണ് ഭാര്യയ്ക്ക് ഒരു വല്ലാത്ത ജാതി ആഗ്രഹം പൊട്ടിമുളയ്ക്കുന്നത്. 'അതേ..ഞാന്‍ ലേബര്‍ റൂമില്‍ കിടക്കുമ്പോള്‍ എന്റെ ഒപ്പം നിക്കുവോ, പ്രസവം കഴിയുന്നതുവരെ..'. ആ ബെസ്റ്റ് , ചോര കണ്ടാല്‍ ജീവന്‍ പോകുന്ന എന്നോടോ ബാലാ. 'ചോര കണ്ട് ബോധം പോയി കിടക്കുന്ന നിങ്ങളെ ഞാന്‍ തന്നെയിറങ്ങി വന്ന് പൊക്കിയെടുക്കണമല്ലോ എന്ന് ഓര്‍ക്കുമ്പോഴാ..' - സെക്കന്റുകള്‍ക്കകം അവളിങ്ങനെ കൂട്ടിച്ചേര്‍ത്തൊരു ദീര്‍ഘനിശ്വാസവും വിട്ടു. എന്തായാലും അവള്‍ക്കും അതില്‍ നല്ല ബോധ്യം ഉണ്ടായിരുന്നു.

അങ്ങനെ കാലമേറെ കഴിഞ്ഞെങ്കിലും, പ്രായം ഒരു ദയയും കാണിക്കാതെ മുന്നോട്ട് തന്നെ യാത്ര തുടരുമ്പോഴും ഇത്തരം ചില 'ബലഹീനതകള്‍' തിരിഞ്ഞ് നിന്ന് കോക്രി കാണിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ദുര്‍ബലനും, ലോലഹൃദയനും സര്‍വ്വോപരി 'ആരോഗ്യ' ശ്രീമാനുമായ എന്റെ മുന്നിലേക്ക് ഒരു 'ഹിമാലയം' വെല്ലുവിളി വന്ന് ചേരുന്നത്.  മറ്റൊന്നുമല്ല, ഒരു യാത്രയാണ്. യാത്ര ലഹരിയായി ചങ്ങാത്തം കൂടിയിട്ട് കുറേയേറെ നാളുകളായി. കാടും മേടും ചുരവും തണലും മഴയും മഞ്ഞുമെല്ലാം വല്ലാത്തൊരു ആവേശമായിരുന്നു. പക്ഷെ ഇപ്പോഴുള്ള യാത്ര കുറച്ച് ദൂരെയ്ക്കാണ്. രണ്ട് വര്‍ഷമെങ്കിലുമായിക്കാണും അതിന്റെ ബീജം മനസ്സിനുള്ളില്‍ നിക്ഷേപിച്ചിട്ട്. കൃത്യമായി പറഞ്ഞാല്‍ കൂട്ടുകാരന്‍ ആനന്ദ് എയര്‍ഫോഴ്‌സില്‍ ശ്രീനഗറിലുള്ള സമയം. അവനാണ് ധൈര്യവും കരുത്തും പകര്‍ന്ന് ഞങ്ങള്‍ കുറച്ച് കൂട്ടുകാരെ സ്വര്‍ഗ്ഗരാജ്യത്തേക്ക് ക്ഷണിക്കുന്നത്. പക്ഷെ എന്തെക്കെയോ കാരണങ്ങള്‍കൊണ്ട് ഇന്ത്യയുടെ വടക്കേയറ്റത്തേക്കുള്ള യാത്ര ഒരു സ്വപ്‌നമായി തന്നെ അങ്ങനെ നില്‍ക്കുകയാണുണ്ടായത്. മാത്രമല്ല കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ആനന്ദ് ട്രാന്‍സ്ഫറായി തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.

കേരളം,തമിഴ്‌നാട്,കര്‍ണ്ണാടകം,ആന്ധ്രാ,തെലുങ്കാന - അങ്ങനെ തെക്കില്‍ മാത്രം ചുറ്റിയടിച്ച എന്റെ സഞ്ചാരോര്‍മ്മകളില്‍ അടുത്തകാലത്തൊന്നും നടക്കാന്‍ സാധ്യതയില്ല എന്ന് കരുതിയ 'ലഡാക്കിന്റെ വിളികള്‍'  ചേക്കാറാനുള്ള സൈറണ്‍ മുഴങ്ങുന്നത് വളരെ കുറച്ച് നാള്‍മാത്രം മുമ്പാണ്. അതിന്റെ നായകത്വം ഏറ്റെടുത്ത് ആളെകൂട്ടിയത് മിക്ക യാത്രകളിലേയും പങ്കാളി നിതേഷ് തന്നെയായിരുന്നു. തിരുവനന്തപുരത്തുള്ള ആനന്ദിലേക്ക് ഞങ്ങള്‍ക്കുള്ള ദൂരം കുറഞ്ഞതോടെ രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ചര്‍ച്ചകള്‍ ചൂടേറാന്‍ തുടങ്ങി അങ്ങനെ ഒരു ദിവസം യാത്രാ തീയതിയും കുറിച്ചു. ജൂലൈ ഒന്ന് മുതല്‍ പതിനഞ്ച് വരെ - എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര.
Photo © Nithesh Suresh

ഞാന്‍, നിതേഷ്, അഖില്‍ പിന്നെ ആനന്ദും അവന്റെ എയര്‍ഫോഴ്‌സിലെ മൂന്ന് സുഹൃത്തുക്കളും ഉള്‍പ്പെടെ ഏഴ് പേരായിരുന്നു ഒന്നാം വട്ടമേശസമ്മേളനത്തിലെ പ്രതിനിധികള്‍. ഗള്‍ഫിലായിരുന്ന പ്രിയ സുഹൃത്ത് മത്തായി ആരെ കൊന്നിട്ടാണെങ്കിലും ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് എത്തും എന്ന് രണ്ട് വര്‍ഷം മുന്നേ അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക തടസ്സങ്ങളുന്നയിച്ച്  ഇപ്പോള്‍ രാജികത്ത് നല്‍കിയിരുന്നു. അതായിരുന്നു ആദ്യത്തെ കൊഴിഞ്ഞുപോക്ക്. പക്ഷെ ഒന്നാം വട്ടമേശസമ്മേളനത്തിനു ശേഷം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രം ഒതുങ്ങിയ ചര്‍ച്ചകള്‍ പതിയെ നിര്‍ജീവമാകാന്‍ തുടങ്ങിയെന്നൊരു തോന്നല്‍ എല്ലാരിലും വന്നപ്പോഴേക്കും നേതാവിന്റെ ഉത്തരവാദിത്വം നിതേഷ് കൃത്യമായി നടപ്പിലാക്കി. ഞങ്ങള്‍ നാലുപേര്‍ക്ക് ഡല്‍ഹിവരെയും അവിടുന്ന് തിരിച്ച് നാട്ടിലേക്കുമുള്ള വിമാന ടിക്കറ്റ് അവന്‍ ബുക്ക് ചെയ്തു. ആനന്ദിന്റെ സുഹൃത്തുക്കള്‍ ഡല്‍ഹിയില്‍ ജോലിയുള്ളവരായിരുന്നു. അവരതുകൊണ്ട് വിമാനയാത്രയില്‍ നിന്നൊഴിവായി. 'ദിവസം ലാഭിക്കുക, കൂടുതല്‍ സ്ഥലങ്ങള്‍ കാണുക' എന്നൊരു പോളിസി ഞങ്ങള്‍ക്കുണ്ടായിരുന്നതുകൊണ്ടാണ് ഡല്‍ഹിവരെയുള്ള യാത്ര വിമാനത്തിലാക്കാന്‍ തീരുമാനിച്ചത്. 'ഓഫറുള്ള' സമയം നോക്കി ബുക്ക് ചെയ്തതുകൊണ്ട്‌ വിമാനയാത്ര വലിയൊരു സാമ്പത്തികപ്രശ്‌നമായി മുന്നില്‍ വന്നതുമില്ല.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്താണ് സംഘത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തിച്ചേരുന്നത്. നിതേഷിന്റേയും അഖിലിന്റേയും ഒപ്പം ബാങ്കില്‍ ജോലി ചെയ്യുന്ന മനു; ഞങ്ങളുടെ യാത്രാസംഘത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി അഥവാ മൂത്താപ്പ. അങ്ങനെ യാത്രയ്ക്ക് കുറച്ച് നാളുകള്‍ മാത്രം ശേഷിക്കേ ഞങ്ങളൊരു രണ്ടാം വട്ടമേശസമ്മേളനം വിളിച്ചു ചേര്‍ത്തു. നാട്ടിലെത്തിയ ആനന്ദും പിന്നെ നാട്ടിലുള്ള ഞങ്ങള്‍ നാലുപേരുമാണ് ഉണ്ടായിരുന്നത്. അന്നത്തെ പ്രധാന അജണ്ടകളിലൊന്ന് ക്യാപ്റ്റന്‍ സ്ഥാനം ആനന്ദിലേക്ക് 'അടിച്ചേല്‍പ്പിക്കുക' എന്നതായിരുന്നു. വടക്ക് കുറേ സ്ഥലങ്ങളില്‍ ജോലിചെയ്ത പരിചയവും അത് എയര്‍ഫോഴ്‌സിലാണ് എന്നതും ക്യാപ്ടന്‍ തൊപ്പി ആനന്ദിന്റെ തലയില്‍ തന്നെ ഉറപ്പിക്കാന്‍ കാരണമായി. ഹിന്ദി നന്നായി അറിയാം എന്നുള്ളത് സെലക്ഷന്‍ കമ്മിറ്റിയുടെ ബോണസ് പോയിന്റും നേടാന്‍ വകയുണ്ടാക്കി. പത്താംക്ലാസ്സില്‍ എങ്ങനെയൊക്കെയോ ചാടികടന്ന് സലാം പറഞ്ഞ മുറി ഹിന്ദിയുംകൊണ്ട് ഞാനൊക്കെ കാശ്മീരുപോയി എന്ത് കാണിക്കാനാണ്..!

Photo © Nithesh Suresh
വിമാനം കയറി ഡല്‍ഹിവരെ എത്തിനില്‍ക്കുന്ന യാത്രയ്ക്ക് തുടര്‍ന്ന് മുന്നോട്ട് പോകാനുള്ള റൂട്ട് മാപ്പ് ഉണ്ടാക്കുകയായിരുന്നു അടുത്ത പരിപാടി. ഡല്‍ഹിയില്‍ നിന്ന് മണാലി വരെ ബസ്സില്‍ പോകാന്‍ തീരുമാനത്തിലെത്തി. മണാലി നിന്ന് മുകളിലെ സ്വര്‍ഗ്ഗ കവാടത്തിലേക്കുള്ള യാത്ര ബുള്ളറ്റിലാക്കാനും, എന്നാല്‍ കമ്പ്യൂട്ടറിന് മുന്നിലുള്ള ഒരേയിരുപ്പ് കാരണം നടുവേദന വിടാതെ പിന്‍തുടരുന്ന നിതേഷിന്റെ ആരോഗ്യ സ്ഥിതി കൂടി പരിഗണിച്ച് മഹീന്ദ്രയുടെ 'താര്‍ (Thar)' കൂടി കുടുകുടു വണ്ടിയ്‌ക്കൊപ്പം വാടകയ്‌ക്കെടുക്കാനും കമ്മറ്റി തീരുമാനം പാസ്സാക്കി. എയര്‍ഫോഴ്‌സിലുള്ള ചങ്ങാതിമാരുടെ ഹോള്‍ഡ് ഉപയോഗിച്ച് വണ്ടി തരപ്പെടുത്തുന്ന ഉത്തരവാദിത്വം ക്യാപ്റ്റന്‍ തന്നെ ഏറ്റെടുത്തു. അങ്ങനെ ബുള്ളറ്റിലും താറിലുമായി രണ്ട് മൂന്ന് ദിവസംകൊണ്ട് മണാലിയില്‍ നിന്ന് 'ലേ (Leh)' പിടിക്കാനായിരുന്നു പ്ലാന്‍. ലേ എത്തികഴിഞ്ഞ് പോകേണ്ടുന്ന സ്ഥലങ്ങളുടെ കാര്യത്തിലാണ് ആകെ തര്‍ക്കമുണ്ടായത്. സമയം കുറവായത്‌കൊണ്ട് സ്പിറ്റി വാലി (Spiti Valley) ആദ്യമെ തന്നെ പട്ടികയില്‍ നിന്ന് പുറത്തായി. പാങ്കോങ് (Pangong), നുബ്രാ വാലി (Nubra Valley), സോമോറീറി (Tso Moriri) - അവസാന ലിസ്റ്റിലിടം പിടിക്കുകയും ചെയ്തു. മൊത്തം പത്ത് ദിവസമാണ് ഇതിനെല്ലാം കൂടി നീക്കിവെച്ചിരുന്നത്. തിരിച്ച് പത്താം ദിവസം വന്നവഴി തന്നെ മണാലി പിടിക്കാനും തീരുമാനിച്ചു. സാമ്പത്തികം, കൊണ്ട് പോകേണ്ടുന്ന വസ്ത്രങ്ങളും സാധനസാമഗ്രികളും, മറ്റ് മുന്‍കരുതലുകള്‍ - അങ്ങനെ ഒരുവിധം കാര്യങ്ങളെല്ലാം അവസാനവട്ട ചര്‍ച്ചയ്ക്ക് വെച്ച് അന്ന് ഞങ്ങള്‍ പിരിഞ്ഞു.

എന്നാല്‍ യാത്രയ്ക്ക് മുന്‍പുള്ള ദിവസങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. യാത്രയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആനന്ദിന്റെ മൂന്ന് സുഹൃത്തുക്കള്‍ ലീവ് കിട്ടാത്തതുമൂലം പിന്‍മാറിയത് ഞ്ങ്ങള്‍ക്ക് വലിയൊരു തിരിച്ചടിയായിരുന്നു. അവര്‍ മൂന്നുപേരും നേരത്തെ ലഡാക്ക് യാത്ര നടത്തിയിട്ടുണ്ട് എന്നത് ഞങ്ങളുടെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല കൂട്ടിയിരുന്നത്. കാറ്റ് അഴിച്ചുവിട്ട ബലൂണ്‍പോലെയായി ഞങ്ങള്‍. കൂട്ടത്തില്‍ കൂടുതല്‍ തളര്‍ന്നത് മുന്‍ ക്യാപ്റ്റന്‍ നിതേഷായിരുന്നു. അഞ്ച് പേരിലേക്ക് അംഗബലം ചുരുങ്ങിയതോടെ ചിലവ് ചുരുക്കലിന്റെ ഭാഗമായി താര്‍ ഒഴിവാക്കി മൂന്ന് ബുള്ളറ്റിലേക്ക് യാത്ര മാറ്റാന്‍ അടിയന്തിര പി.ബി തീരുമാനമെടുത്തു. അതൊരു ഭൂരിപക്ഷാഭിപ്രായം മാത്രമായിരുന്നു. നിതേഷ് മാത്രം അതിനെ അനുകൂലിച്ചില്ല. വഴിയിലുണ്ടാകാന്‍ സാധ്യതയുള്ള റിസ്‌കുകള്‍ അവനെ ചെറുതായി ഭയപ്പെടുത്തിയിരിക്കണം. ആരോഗ്യപ്രശ്‌നം കൂടി പരിഗണിച്ച് ഡല്‍ഹി നിന്ന് ലേ വരെ വിമാനത്തില്‍ തന്നെ പോകാന്‍ അവന്‍ ആഗ്രഹിച്ചു. എന്നാല്‍ ലഡാക്കിലേക്കുള്ള യാത്ര റോഡ് വഴി കാറ്റും മഞ്ഞുംകൊണ്ട് കിളിപറന്ന് അനുഭവിക്കേണ്ടുന്ന ഒന്നാണെന്ന് അനുഭവസ്ഥര്‍ പറഞ്ഞതുകൊണ്ട് അവന്റെ തീരുമാനം ഏത് വിധേനയും മാറ്റി കൂടെ ചേര്‍ക്കാന്‍ ഞങ്ങള്‍ പണികള്‍ തുടങ്ങി. അങ്ങനെ യാത്രയ്ക്ക് ഒരു ദിവസം മുന്‍പ് പാതിരാത്രി വരെ നീണ്ട സംസാരത്തിനും വാഗ്വാദത്തിനും ഒടുവില്‍ ഒരു ബുള്ളറ്റും താറും വാടകയ്‌ക്കെടുക്കാമെന്ന്് തീരുമാനമെടുത്ത് ഒപ്പുവെച്ചു. പക്ഷെ ആ ഒരു തീരുമാനത്തിന് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. അത് പിന്നാലെ പറയാം.

Photo © Nithesh Suresh
തലേദിവസം എന്റെ മനസ്സിലും കലശലായ ഒരു ചെറിയ പേടി എങ്ങനെയോ മുളപൊട്ടി തുടങ്ങി. ഞങ്ങള്‍ വളരെ ഗൗരവമായി ചര്‍ച്ച ചെയ്ത കാര്യമായിരുന്നു യാത്രയ്ക്കിടയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍. ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്കാണ് യാത്ര. ഞാന്‍ ഇതുവരേയും സഞ്ചരിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഏറ്റവും ഉയരത്തിലുള്ളത്് മീശപ്പുലിമലയാണ്. ഏകദേശം 8661 അടി. അതിന്റെ ഇരട്ടി ഉയരത്തിലാണ് അടുത്ത ദിവസം മുതല്‍ കീഴടക്കാനുള്ള സ്ഥലങ്ങളിലേറെയും. മറ്റൊന്ന് മരണസാധ്യത വരെ കല്‍പ്പിക്കപ്പെടുന്ന AMS (Acute Mountain Sickness) ആണ്. ഉയരം കൂടുംതോറും ഓക്‌സിജന്റെ അളവില്‍ വരുന്ന വ്യത്യാസം (അന്തരീക്ഷമര്‍ദ്ദം കുറയുന്നു) മൂലം ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ കിട്ടാതെ വരുന്ന അവസ്ഥ. അഞ്ച്‌നില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ തലചുറ്റി പണ്ടാരമടങ്ങുന്ന ഞാനിതൊക്കെ എങ്ങനെ തരണം ചെയ്യും എന്നായിരുന്നു പേടി. പക്ഷെ പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത ആഗ്രഹങ്ങള്‍ ചില ഭയങ്ങളെ മറികടക്കും എന്ന് പറയുന്നത് എത്ര ശരിയാണ്. മനസ്സ് നിറയെ അനുഭവിക്കാന്‍ പോകുന്ന ഹിമാലയന്‍ കാഴ്ചകളുടെ പലനിറത്തിലുള്ള സ്വപ്‌നങ്ങളായിരുന്നു. ഹൃദയത്തിന്റെ അറയിലേതോ കോണിലിരുന്ന് ലഡാക്ക് നിശബ്ദമായി വിളിച്ചുകൊണ്ടേയിരിക്കുന്നു..കേറി വാ.. കേറി വാ..ആഗ്രഹങ്ങളുടെ ആവേശമാണ് നിറയുന്നത്. നിറഞ്ഞൊഴുകുന്നത്. പ്രായം ചെന്നവര്‍, ആസ്മയുള്ളവര്‍, രണ്ട് കാലിലും കമ്പിയിട്ട് നടക്കുന്നവര്‍- അങ്ങനെ പലരും വെല്ലുവിളിച്ച് മലനിരകളെ കീഴടക്കിയ കഥകള്‍ ആനന്ദ് പകര്‍ന്നുതന്നുകൊണ്ടേയിരുന്നു. എല്ലാം നമ്മുടെ മനസ്സാണ് എന്നാണ് അവന്‍ പറയുന്നത്. മനസ്സുണ്ടായാല്‍ മതി, നമ്മള്‍ മുകളിലെത്തുമേടാ. ഇവര്‍ക്കൊക്കെ പറ്റുമെങ്കില്‍ നമുക്കെന്തുകൊണ്ട് പറ്റില്ല -എന്തൊരു ആത്മവിശ്വാസമാണ് അവന്. മൂന്ന് കൂട്ടുകാര്‍ പിന്‍മാറിയത് അവനെ തളര്‍ത്തുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ അവരുടെ ഉത്തരവാദിത്വം കൂടി അവന്‍ ഏറ്റെടുക്കുകയാണ് ഉണ്ടായത്. അഞ്ച് നില കെട്ടിടത്തെ നൂറ് നിലയുള്ള കെട്ടിടത്തിന് മുകളില്‍ കയറി നിന്ന് കൂകി തോല്‍പ്പിക്കണം. അല്ല പിന്നെ. AMS നെയൊക്കെ 'പോ മോനേ ദിനേശാ' എന്നും പറഞ്ഞ് മറികടക്കാവുന്നതേയുള്ളൂ. മുകളിലേക്കുള്ള കയറ്റം കയറുമ്പോള്‍ വെപ്രാളമൊന്നും കാണിക്കാതെ സാവധാനം സമാധാനത്തില്‍ പോകുക, ആവശ്യത്തിന് വിശ്രമിക്കുക, നന്നായി വെള്ളം കുടിക്കുക. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഇതൊക്കെ തന്നെ ധാരാളം. എന്തായാലും പിന്നോട്ടില്ല എന്ന് നൂറുവെട്ടം മനസ്സില്‍ പറഞ്ഞ് ഉറപ്പിച്ചു. ഹൃദയം പച്ചകൊടി വീശി,മുന്നോട്ട്..!

ജൂണ്‍ 30. വൈകുന്നേരം 6 മണിയോടെ ഞാനും നിതേഷും സ്‌റ്റേറ്റ് ബാങ്കിന് മുന്നില്‍ എത്തിച്ചേര്‍ന്നു. നേരത്തെ എത്തിയ ആനന്ദും അഖിലും മനുവും അവിടെയാണ് ഉണ്ടായിരുന്നത്. സുരക്ഷാകാരണങ്ങള്‍കൊണ്ട് ജമ്മൂകാശ്മീരിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ലഡാക്കിലുള്ള ചില സ്ഥലങ്ങളിലേക്ക് എത്തിച്ചേരുവാന്‍ പെര്‍മിറ്റ് (Inner Line Permit) എടുക്കണം. ഞങ്ങള്‍ ബാങ്കിലേക്ക് എത്തുമ്പോള്‍ മനു അത് എടുക്കുകയായിരുന്നു. ഓണ്‍ലൈനായി അധികം പ്രയാസമൊന്നുമില്ലാതെ നമ്മുടെ ഏതേലും തിരിച്ചറിയല്‍ രേഖ നല്‍കിയാല്‍ ആ ചടങ്ങ് കഴിയും. ചെറിയൊരു ഫീസുമുണ്ട്. എന്തോ സാങ്കേതിക പ്രശ്‌നം മൂലം നിതേഷിന്റെ മാത്രം കിട്ടിയില്ല. അത് പോകുന്ന വഴി ഇന്റര്‍നെറ്റ് കണക്ഷന്‍ കിട്ടുന്ന എവിടെ നിന്നെങ്കിലും എടുക്കാം എന്നു കരുതി. ഡല്‍ഹിക്കുള്ള ഫ്‌ളൈറ്റ് നെടുമ്പാശ്ശേരി നിന്നാണ്. വൈകുന്നേരം ഏഴ് മണിക്കുള്ള ഇന്റര്‍സിറ്റിയില്‍ ആലുവ പിടിക്കാനാണ് പ്ലാന്‍. ഫ്്‌ളൈറ്റ് അടുത്ത ദിവസം പുലര്‍ച്ചെ രണ്ടരയ്ക്കായതുകൊണ്ട് ആലുവ എത്തി നേരെ നെടുമ്പാശ്ശേരിക്ക് വെച്ചുപിടിക്കാന്‍ ആവശ്യത്തിന് സമയമുണ്ട്. എന്തായാലും ഇന്റര്‍സിറ്റി അധികം ലേറ്റ് ആകാതെ എത്തി. സീറ്റൊക്കെ റിസര്‍വ്വ് ചെയ്തിരുന്നെങ്കിലും അധികം ഇരിപ്പുറച്ചില്ല. യാത്രയുടെ ടെന്‍ഷന്‍ മാത്രമായിരുന്നില്ല അതിന് കാരണം. അര്‍ജന്റീന-ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ മത്സരം നടക്കുകയാണ്. പ്രീക്വാര്‍ട്ടര്‍പോലും കാണാതെ പുറത്താകുമെന്ന് കരുതിയിരുന്ന ടീം 'ചെറുതായി' എങ്കിലും തിരിച്ചുവന്നത് ഏതൊരു മെസ്സി ആരാധകനേയുംപോലെ എന്നെയും സന്തോഷിപ്പിച്ചിരുന്നു. ഫ്രാന്‍സുമായുള്ള മത്സരം കാണാന്‍ നിര്‍വ്വാഹമില്ലെങ്കിലും വീട്ടിലിരിക്കുന്ന പ്രിയ സഹധര്‍മ്മിണി 'ഷൈജു ദാമോദരന്റെ' സ്റ്റൈലില്‍ ഓരോ ഗോളടിക്കുമ്പോഴും കൃത്യമായി വിളിച്ച് ആവേശത്തിരയിളക്കിക്കൊണ്ടിരുന്നു. പക്ഷെ അവസാനംവരെ പ്രതീക്ഷ കൈവിടാതെ കാത്തിരുന്നെങ്കിലും പിള്ളേര് ഫ്രാന്‍സിനോട് ആയുധംവെച്ചു കീഴടങ്ങിയിരുന്നു. ആ നിമിഷം ആനന്ദ് എന്ന 'പോള്‍ നീരാളി' പറഞ്ഞു. ലോകകപ്പ് ഫ്രാന്‍സ് നേടും. പിന്നെ നടന്നത് ചരിത്രം. അമ്പടാ കേമാ, സണ്ണികുട്ടാ..!

Photo © Nithesh Suresh
രാത്രി പത്തരയോടെ ഇന്റര്‍സിറ്റി ഞങ്ങളേയുംകൊണ്ട് ആലുവ എത്തി. റെയില്‍വെ സ്‌റ്റേഷനടുത്തുള്ള തട്ടുകടയില്‍ കയറി വിശപ്പിനൊരു തീരുമാനമുണ്ടാക്കി എയര്‍പോര്‍ട്ടിലെത്താന്‍ ഒരു UBER ടാക്‌സിയും തരപ്പെടുത്തി. ഒരുമണി കഴിഞ്ഞപ്പോള്‍ തന്നെ എയര്‍പോര്‍ട്ടിലെത്തി. കൂട്ടുകാരന്‍ മത്തായിയെ വിദേശത്തേക്ക് പാക്ക് ചെയ്യാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ മുന്നില്‍ വരെ പോയതാണ് ആകെകൂടിയുള്ള എയര്‍പോര്‍ട്ട് അനുഭവം. പിന്നെയൊരു എയര്‍പോര്‍ട്ട് നേരിട്ട് കാണുന്നത് ഇപ്പോഴാണ്. അതായത് ആദ്യമായിട്ടാണ് വിമാനത്തില്‍ കയറാന്‍ പോകുന്നത്. കൂടെയുണ്ടായിരുന്ന ബാക്കി നാലുപേരും വിമാനയാത്രയൊക്കെ നേരത്തെ നടത്തിയിട്ടുള്ള കിടിലങ്ങളാണ്. ചെക്ക് ഇന്‍ ഒക്കെ കഴിഞ്ഞ് അകത്ത് കയറിയിരിക്കുമ്പോള്‍ പോര്‍ച്ചുഗലും ഉറൂഗ്വയും തമ്മിലുള്ള മത്സരത്തിന്റെ ഒ്ന്നാംപകുതി കഴിഞ്ഞിരുന്നു. പിന്നെ അവിടെയിരുന്ന് കളി മുഴുവന്‍ കണ്ടു. പോര്‍ച്ചുഗലും തോറ്റ് പുറത്തായത് കണ്ടപ്പോള്‍ നേരത്തെ അര്‍ജന്റീന തോറ്റ വിഷമമൊക്കെ അങ്ങ് മാറി കിട്ടി.

വിമാനം ആകാശംമുട്ടെ ഉയരത്തിലേക്കാണല്ലോ പോകുന്നത് എന്നോര്‍ത്തപ്പോള്‍ വീണ്ടുമൊരു പേടി. പേടിക്കാന്‍ എന്തോരം കാര്യങ്ങളാണ്. ആദ്യമായിട്ടായതിന്റെ ആകണം. പക്ഷെ അകത്ത് കയറിയപ്പോള്‍ പേടിയൊക്കെ ആലുവ പുഴയും താണ്ടി ഓടി. മറ്റൊന്നും കാടുകയറി ആലോചിക്കാതെ സുന്ദരികളായ എയര്‍ഹോസ്റ്റസുമാരേയും കണ്ടങ്ങനെ സമയം നീക്കി. അണ്ണാനെ മരം കയറ്റം പഠിപ്പിക്കേണ്ടുന്ന കാര്യമില്ല എന്നതിന് പകരം ഞങ്ങടെ നാട്ടില്‍ മറ്റൊരു ചൊല്ലുണ്ട്. കോളേജ് ജംഗ്ഷനിലുള്ള പിള്ളാരെ വായിനോക്കാന്‍ പഠിപ്പിക്കണോ, എന്ന്. അങ്ങനെ..അന്ന് സുഖനിദ്ര.

Photo © Nithesh Suresh
അധിക സമയമൊന്നുമെടുത്തില്ല. രാവിലെ അഞ്ചര കഴിഞ്ഞപ്പോള്‍ തന്നെ ഡല്‍ഹി ഇന്ദിരാഗാന്ധി നാഷണല്‍ എയര്‍പോര്‍ട്ട് ഞങ്ങളെ സ്വാഗതം ചെയ്തു. അതിനകത്തുനിന്ന് തന്നെ പല്ലുതേപ്പും മറ്റ് കലാപരിപാടികളും നടത്തി കഴിഞ്ഞ് പുറത്തേക്കിറങ്ങി. കരോള്‍ ബാഗില്‍ (Karol Bagh) സ്റ്റേറ്റ് ബാങ്കിന്റെ ഹോളിഡേ ഹോം ബുക്ക് ചെയ്തിട്ടുണ്ട്. അവിടേക്കാണ് പോകേണ്ടത്. മെട്രോ പിടിക്കണം. ഒന്നാം ടെര്‍മിനലിലാണ് ഞങ്ങള്‍ വിമാനമിറങ്ങിയത്. അവിടെ നിന്ന് എയിറോ സിറ്റി മെട്രോ സ്‌റ്റേഷന്‍ വരെ മെട്രോ ഫീഡര്‍ ബസ്സുണ്ട്. രണ്ടാമത്തെയോ മൂന്നാമത്തെയോ ടെര്‍മിനലിലായിരുന്നെങ്കില്‍ ഡയറക്ട് മെട്രോ ലഭിച്ചേനെയെന്ന് ആനന്ദ് പറഞ്ഞു. അവന് ഇവിടമൊക്കെ ഒരുവിധം നന്നായി തന്നെ അറിയാം.

എന്ത് പറയാനാണ്. മെട്രോയില്‍ കയറുന്നതും ആദ്യമായിട്ടാണ്. ഒന്നാം പിറന്നാളാഘോഷിച്ച കൊച്ചി മെട്രോയില്‍ പോലും ഇന്നേവരെ കയറാന്‍ സാധിച്ചട്ടില്ല. ഇതെന്തായാലും ഒരു അടിപൊളി മെട്രോയാണ്. ഭൂമിക്കടിയിലൂടെയാണ് യാത്ര. കുറേ സിനിമകള്‍ ഈ സറ്റേഷനില്‍ ചിത്രീകരിച്ചിട്ടുണ്ടത്രേ. ഒഴിവുദിവസമായതുകൊണ്ടാകണം വലിയ തിരക്കൊന്നും അനുഭവപ്പെട്ടില്ല. ഇരിക്കുന്നവരെല്ലാം തന്നെ അവരവരുടെ ജോലികളില്‍ മാത്രം മുഴുകിയിരിക്കുകയാണ്. ഇടയ്ക്കുള്ള അനൗണ്‍സ്‌മെന്റ് ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് ബഹളങ്ങളൊന്നും തന്നെയില്ല. ഞങ്ങള്‍ ന്യൂ ഡല്‍ഹി മെട്രോ സ്‌റ്റേഷനിലിറങ്ങി. ഇതുവരെ കണ്ടതില്‍ നിന്നെല്ലാം വിഭിന്നമായിരുന്നു സ്‌റ്റേഷനു മുന്നിലെ കാഴ്ചകള്‍. വലിയൊരു ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ടുപോയൊരവസ്ഥ. ഓട്ടോറിക്ഷക്കാരും ടാക്‌സിക്കാരും ആര്‍ത്തിയോടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. പലതരത്തിലുള്ള മുഖങ്ങള്‍ മുന്നിലേക്ക് മറഞ്ഞു. തിരക്കാണ്, തിരക്കേറി വരികയാണ്. റോഡില്‍ തറയിലിരുന്നു ഒരു കുടുംബം ആഹാരം കഴിക്കുന്നു. റോഡിലിരിക്കുന്ന കുട്ടികളുടെ തൊട്ടടുത്ത വന്ന് ബസ്സും ടാക്‌സിയും നിര്‍ത്തുന്നു. ഒരു കൂസ്സലുമില്ലാതെ കുട്ടികള്‍ കളി തുടരുന്നു. ആള്‍ക്കൂട്ടത്തിന്റെ നെഞ്ച് പിളര്‍ന്ന് എത്ര വണ്ടികളാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. പച്ച പാവാടയ്ക്കു മേല്‍ മഞ്ഞയുടുപ്പിട്ട സുന്ദരിയെപ്പോലെ ഓടി മറയുന്ന ഓട്ടോറിക്ഷകള്‍. കൂട്ടത്തില്‍ ഇലക്ട്രോണിക് റിക്ഷ(ഇ-റിക്ഷ)കളും വന്ന് നിറയുന്നു. കരോള്‍ബാഗിലെത്താന്‍ ഓട്ടോ ചാര്‍ജ്ജ് കുറച്ചു കൂടുതലാണ്.  അവിടേക്ക് മെട്രോ പോകുന്നുണ്ടെങ്കിലും ടിക്കറ്റ് എടുക്കാനുള്ള നിരയില്‍ തന്നെ കുതിര എടുക്കാനുള്ള ആള്‍ക്കാരെക്കണ്ട് ശ്രമം ഉപേക്ഷിച്ചു. പിന്നെ മറ്റൊന്നും ആലോചിച്ച് നില്‍ക്കാതെ ബസ്സ് തന്നെ പിടിച്ചു.

Photo © Nithesh Suresh
കരോള്‍ബാഗ് മെട്രോ സ്‌റ്റേഷനടുത്തായി ബസ്സ് ഞങ്ങളെയിറക്കി. അവിടുന്ന് നടക്കാവുന്ന ദൂരമേയുണ്ടായിരുന്നുള്ളൂ ഹോളിഡേ ഹോമിലേക്ക്. നടത്തത്തിനിടയില്‍ കരോള്‍ബാഗിനെക്കുറിച്ചായിരുന്നു ആനന്ദിന്റെ സംസാരം മുഴുവന്‍. അവിടെ കിട്ടാത്ത ഒരു സാധനംപോലും ഇല്ലത്രേ. അതും വലിയ വിലകുറവില്‍. ഞങ്ങള്‍ അവിടേക്ക് ചെല്ലുമ്പോള്‍ അവധി ദിവസത്തിന്റെ ആലസ്യത്തില്‍ കരോള്‍ബാഗ് ഉണര്‍ന്നുവരുന്നതേയുള്ളൂ. തിരക്കായിട്ടില്ല.

രണ്ട് റൂമുകളാണ് ബുക്ക് ചെയ്തിരുന്നത്. പക്ഷെ കിട്ടിയത് രണ്ട് ഹോട്ടലിലായിട്ടാണ്. അധികം ദൂരത്തൊന്നുമല്ലാത്ത ഹോട്ടല്‍ എലഗന്റ് ഇന്റര്‍നാഷണലും സൗത്ത് ഇന്‍ഡ്യന്‍ ഹോട്ടലും. ബാഗും മറ്റും അവിടെവെച്ച് ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി ഇറങ്ങി. നല്ല വിശപ്പുണ്ടായിരുന്നു. അടുത്ത തന്നെ ഒരു ഉഡുപ്പി ഹോട്ടല്‍ കണ്ടു. അവിടെയാണേല്‍ ആകെ പൂരി മാത്രമേ ഉള്ളൂ. അരമണിക്കൂര്‍ കാത്തിരുന്ന് കിട്ടിയ പൂരി വീട്ടില്‍ അമ്മ ഉണ്ടാക്കി തരുന്ന ഇഡ്ഡലിയേക്കാള്‍ ചെറുതായിരുന്നു. പക്ഷെ അവസാനം കിട്ടിയ ബില്ലില്‍ അതൊന്നും പ്രതിഫലിച്ച് കണ്ടില്ല. വല്ലാത്തൊരു ചതിയായിപോയി. ഭക്ഷണം കഴിഞ്ഞ് കുറച്ച് നേരം ഉറങ്ങാം എന്ന് കരുതി റൂമിലേക്കെത്തി. ഉറങ്ങി എന്ന് തീര്‍ത്തു പറയാനാകില്ല. വെറുതെ കണ്ണുമടച്ച് എന്തൊക്കെയോ ആലോചിച്ച് കിടക്കുകയായിരുന്നു. അത് മാത്രമല്ല. ജാംബവാന്റെ കാലത്തുള്ള ഒരു എസിയാണ് ചെവിയുടെ മൂട്ടില്‍ തന്നെ ഫിറ്റ് ചെയ്ത് വെച്ചിരിക്കുന്നത്. അതിന്റെ ഒച്ച കാരണം ഉറക്കം പേടിച്ചോടിക്കാണും.

പന്ത്രണ്ട് മണി കഴിഞ്ഞ് പുറത്തേക്കിറങ്ങി. നല്ല പൊള്ളുന്ന വെയില്‍. രണ്ട് ദിവസമായി മഴ ഉള്ളതുകൊണ്ട് വെയിലിന്റെ കാഠിന്യം ബാക്കിയുള്ള ദിവസങ്ങളേ അപേക്ഷിച്ച് കുറവാണത്രേ. കരോള്‍ബാഗില്‍ തിരക്കായി തുടങ്ങിയിരിക്കുന്നു. കോഴിക്കോട് മിട്ടായി തെരുവാണ് എനിക്കാദ്യം ഓര്‍മ്മ വന്നത്. വഴിയുടെ ഇരുവശവും നിറയെ കടകളാണ്. തമാശ എന്താണെന്നുവെച്ചാല്‍ ബ്രാന്റഡ് സാധനങ്ങളുടെ ഷോറൂമുകള്‍ക്ക് മുന്നില്‍ തന്നെയുള്ള ഫുട്പാത്തില്‍ ഒറിജനലിനെ വെല്ലുന്ന ഡൂപ്ലിക്കേറ്റ് വില്‍ക്കുന്നുണ്ടായിരുന്നു. അതിന്റെ മുന്നില്‍ തന്നെയാണ് തിരക്ക് മുഴുവനും. ആനന്ദ് പറയുന്നത് ഇത് കുന്നംകുളം ആണെന്നാ. എന്തിന്റേയും തനിപകര്‍പ്പ് ഇവിടെ കിട്ടും.  ഡല്‍ഹിയിലുള്ള ആനന്ദിന്റെ ചങ്ങാതി വിഷ്ണു അപ്പോഴേക്കും എത്തി. അവന്റെ മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. യാത്രക്ക് വരാന്‍ പറ്റാത്ത വിഷമം പുള്ളിക്കാരന്റെ മുഖത്തുണ്ട്. ഹെല്‍മെറ്റ്, റൈഡിംഗ് ഗിയര്‍ തുടങ്ങി ബുള്ളറ്റിന് വേണ്ടുന്ന ആടയാഭരണങ്ങളൊക്കെ കരോള്‍ബാഗില്‍ നിന്ന മിതമായ വിലയ്ക്ക് വാങ്ങി. അടുത്തുള്ള ഒരു പഞ്ചാബി ഹോട്ടലില്‍ കയറി ഉച്ചഭക്ഷണവും കഴിച്ച് വിഷ്ണുവിനോടും ചങ്ങാതിമാരോടും ബൈ പറഞ്ഞു. മണാലിയിലേക്കുള്ള ബസ്സ് വൈകുന്നേരത്തേക്കാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഉണ്ടാകാന്‍ സാധ്യതയുള്ള ട്രാഫിക്ക് ബ്ലോക്കൊക്കെ മുന്നില്‍ കണ്ട് കുറച്ച് നേരത്തെ തന്നെ റൂം വെക്കേറ്റ് ചെയ്തിറങ്ങി. വിദാന്‍സഭ (Vidhan Sabha) മെട്രോ സ്‌റ്റേഷനടുത്തേക്ക് UBER ല്‍ പോകുന്ന വഴി ബസ്സ്‌കാരെ വിളിച്ചപ്പോഴാണ് ബോര്‍ഡിംഗ് പോയിന്റ് മാറ്റിയ കാര്യം അറിയുന്നത്. വിദാന്‍ സഭയ്ക്കടുത്തു തന്നെയുള്ള മജ്‌നു കാ ടില (Majnu Ka Tilla) യാണ് പുതിയ പോയിന്റ്. വേറെ ഒരു ഓട്ടം കിട്ടിയതുകൊണ്ട് UBER കാരന്‍ മെട്രോ സ്‌റ്റേഷനുമുന്നില്‍ തന്നെ ഞങ്ങളെയിറക്കിയിട്ട് പോയി. അവിടെ നിന്ന് ഒരു ഇ-റിക്ഷ വിളിച്ച് മജ്‌നു കാ ടിലയിലെത്തി. ആറ് മണി കഴിഞ്ഞപ്പോള്‍ ബസ്സെടുത്തു. അടുത്ത ദിവസം രാവിലെ ഏഴരയ്ക്ക് ഹിമാചല്‍ പ്രദേശിലെ മണാലി എത്തുന്നതുവരെ സുഖമായി ഉറങ്ങി. നല്ല ക്ഷീണമുണ്ടായിരുന്നു.
Photo © Nithesh Suresh

മണാലിയില്‍ രണ്ട് ദിവസമായി മഴയാണ്. എന്റെ ഭാര്യ എന്നേം നിതേഷിനേയും ഋഷ്യശൃംഗന്മാര്‍ എന്നാണ് കളിയാക്കി വിളിക്കുന്നത്. അത് മറ്റൊന്നും കൊണ്ടല്ല. ഞങ്ങളൊരുമിച്ച് എവിടെ പോയാലും മഴ ഞങ്ങളെ തേടിപിടിച്ചെത്തും. ബസ്സ് നിര്‍ത്തിയ സ്ഥലം മുഴുവന്‍ ചെളികെട്ടി കിടക്കുകയാണ്. എങ്കിലും അധികം ചെളി ദേഹത്ത് പറ്റിക്കേണ്ടി വന്നില്ല. അടുത്ത് തന്നെ ഒരു ടാക്‌സി കിട്ടി. അമ്പത് വയസ്സിലേറെ പ്രായം തോന്നിക്കുന്ന ഒരു മാന്യനായ മനുഷ്യനാണ് ഡ്രൈവര്‍. പേര് ഠാക്കൂര്‍ കുഷ് (Takur Khush). ഠാക്കൂര്‍ ജിയുടെ ശകടത്തില്‍ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്ന സ്റ്റേറ്റ് ബാങ്കിന്റെ ഹോളിഡേ ഹോമിലേയ്ക്കായിരുന്നു യാത്ര (ബാങ്ക് എംപ്ലോയീസ് കൂടെയുള്ളതുകൊണ്ട് ഇങ്ങനെയൊരു ഗുണമുണ്ടായി. ദിവസം 10 രൂപ വാടകയില്‍ ഡല്‍ഹിയിലും മണാലിയിലും താമസം കുശാലായി). റോഡിനരികില്‍ ഞങ്ങള്‍ക്കൊപ്പം വലിയ ഒച്ചപാടുണ്ടാക്കി ബിയാസ് (Beas) നദി കലങ്ങി മറിഞ്ഞൊഴുകുന്നുണ്ടായിരുന്നു. അതിന്റെ തീരത്ത് തന്നെയായിരുന്നു ഞങ്ങളെ കാത്തിരുന്ന ഹോളിഡേ ഹോം, ചിക്കോഗ എസ്‌റ്റേറ്റ് (Chicoga Estate). ബസ്സ് ഇറങ്ങിയ മണാലിയില്‍ നിന്ന് ഹോട്ടല്‍ വരെ ഏകദേശം രണ്ടര കിലോമീറ്ററേ ഓടിയുള്ളു എങ്കിലും ഠാക്കൂര്‍ ജി 400 രൂപ വാങ്ങി. ചിക്കോഗ എസ്‌റ്റേറ്റിന്റെ അഞ്ചാമത്തെ നിലയിലാണ് ഞങ്ങള്‍ക്കുള്ള മുറി. പടി നടന്ന് തന്നെ കയറണം. ലിഫ്‌റ്റൊന്നുമില്ല. ഹോട്ടല്‍ തന്നെ ഒരു ചെറിയ കുന്നിന്റെ മുകളിലാണ്. ബാഗെല്ലാം താങ്ങിപിടിച്ച് അഞ്ചാമത്തെ നിലയില്‍ എത്താന്‍ കുറച്ച് കഷ്ടപ്പെട്ടെങ്കിലും മുറിലെത്തി ജനാല തുറന്നപ്പോള്‍ കണ്ട കാഴ്ച ആ ക്ഷീണമെല്ലാം അകറ്റി. മേഘം തൊട്ടു നില്‍ക്കുന്ന മലനിരകളും പൈന്‍മരകാടുകള്‍ക്കഭിമുഖമായി ആര്‍ത്തലച്ചൊഴുകുന്ന ബിയാസ് നദിയും ചേര്‍ന്ന് വരയ്ക്കുന്ന മണാലി ഗ്രാമത്തിന്റെ ചിത്രം ഹൃദയത്തിലെ ക്യാമറകള്‍ ഒപ്പിയെടുത്ത് സൂക്ഷിച്ചു. മണാലി എത്ര സുന്ദരിയാണ്..!

ഒരുപാട് ജോലികള്‍ വളരെ പെട്ടെന്ന് തന്നെ ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു. അധികം നേരം മുറിയില്‍ നില്‍ക്കാതെ പുറത്തേക്കിറങ്ങി. ഠാക്കൂര്‍ ജിയെ തന്നെ വിളിച്ച് ഞങ്ങള്‍ മണാലി മാര്‍ക്കറ്റിലെത്തി. ഗ്ലൗസ്സ്, മെഡിസിന്‍സ് (പ്രധാനമായും AMS നെ പ്രതിരോധിക്കാനുള്ള Diamox), ഓക്‌സിജന്‍ സിലിണ്ടര്‍, കര്‍പ്പൂരം, ഇന്ധനം നിറക്കാനുള്ള കന്നാസ്സ്, ടാര്‍പ്പ, കയര്‍, ബിസക്കറ്റ്, വെള്ളം - അങ്ങനെ അത്യാവശ്യം വേണ്ടുന്ന സാധനങ്ങളൊക്കെ വാങ്ങി. നാട്ടില്‍വെച്ച് എടുക്കാന്‍ കഴിയാതിരുന്ന നിതേഷിന്റെ ലഡാക്ക് പെര്‍മിറ്റും ശരിയാക്കി. വണ്ടി തരപ്പെടുത്തുകയായിരുന്നു അടുത്ത പരിപാടി. മണാലികാരനായ ശര്‍മ്മയാണ് വണ്ടിയുടെ കാര്യം ഏറ്റിരുന്നത്. ആനന്ദിന്റെ പരിചയക്കാരനായ ശര്‍മ്മയ്ക്ക് തിരുവനന്തപുരത്താണ് ജോലി. അയാളുടെ അനിയന്‍ സഞ്ജയി ആണ് മണാലിയില്‍ ഇപ്പോള്‍ ഉള്ളത്. ഞങ്ങള്‍ അയാളെ കാണാനാണ് പോയത്. ബുള്ളറ്റിന്റെ അടുത്താണ് ആദ്യം എത്തിയത്. ഒറ്റനോട്ടത്തില്‍ തന്നെ അവനെ ഞങ്ങള്‍ക്കിഷ്ടമായി. വെള്ളനിറത്തിലുള്ള ക്ലാസ്സിക് 350. കാരിയര്‍ വെച്ചിട്ടില്ലായിരുന്നു. പെട്രോള്‍ നിറച്ച കന്നാസും മറ്റ് സാധനങ്ങളും വെക്കേണ്ടത്‌കൊണ്ട് കാരിയര്‍ വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. അങ്ങനെ കാരിയര്‍ ഫിറ്റ് ചെയ്യാന്‍ ഒരു മണിക്കൂറോളംപോയി. അടുത്ത് തന്നെയാണ് 'താര്‍' കാണാനും പോയത്. ആനന്ദ് ടെസ്റ്റ് ഡ്രൈവ് നടത്തി ഓകെ പറഞ്ഞു. പ്രഥമദൃഷ്ട്യാ ആരും കുഴപ്പങ്ങളൊന്നും കണ്ടില്ല. ഉള്ളിലെ കുഴപ്പങ്ങളെല്ലാം ഒതുക്കി പുറമേ ചിരിച്ച് നില്‍ക്കുകയാണെന്ന് ഞങ്ങളപ്പോള്‍ അറിഞ്ഞിരുന്നില്ല.

Photo © Nithesh Suresh
പണി കിട്ടിയത് വാടകയുടെ കാര്യം വന്നപ്പോഴാണ്. താങ്ങാന്‍ പറ്റുന്ന വാടകയ്ക്കാണ് ഒരു മാസം മുന്‍പ് വണ്ടി പറഞ്ഞുറപ്പിച്ച് വെച്ചിരുന്നത്. അത് കണക്കുകൂട്ടിയാണ് ഞങ്ങള്‍ യാത്രയുടെ ബഡ്ജറ്റ് ഇട്ടിരുന്നതും. പക്ഷെ നേരത്തെ തീരുമാനിച്ച മൂന്ന് ബുള്ളറ്റില്‍ നിന്ന് ഇപ്പോള്‍ ഒരെണ്ണത്തിലേക്ക് ചുരുങ്ങിയതും യാത്രയുടെ തലേദിവസം വിളിച്ച് ഉറപ്പുപറഞ്ഞതും വലിയൊരു തിരിച്ചടിയായി. അവസരം മുതലെടുത്ത് അവന്‍മാര്‍ വാടക ഉയര്‍ത്തി. അവസാനനിമിഷമായത്‌കൊണ്ടും മറ്റ് വഴികളൊന്നും തുറക്കാഞ്ഞതുകൊണ്ടും അത് ഞങ്ങള്‍ക്ക് സമ്മതിക്കേണ്ടി വന്നു.

ഉച്ചയ്ക്ക് ഒന്നരയോടെ വണ്ടി ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ അവര്‍ എത്തിച്ചു. താറിന് മുകളില്‍ ബാഗുകളെല്ലാം വെച്ചുകെട്ടി അവിടുന്ന് യ്ാത്ര തുടങ്ങുമ്പോള്‍ മൂന്ന് മണിയായി. അഖിലും മനുവുമായിരുന്നു ബുള്ളറ്റില്‍. മഴ ചാറുന്നുണ്ടായിരുന്നു. മണാലിയില്‍ നിന്ന് താറിലും ബുള്ളറ്റിലും ഇന്ധനം നിറച്ച് കന്നാസിലും ശേഖരിച്ച് മൂന്നരയോടെ മണാലിയോട് താല്‍കാലികമായി വിട പറഞ്ഞു. മണാലിയില്‍ അധികം നില്‍ക്കാതെ ധൃതി പിടിച്ച് ലേ തിരിക്കാന്‍ കാരണമുണ്ട്. അടുത്ത ദിവസം ചൊവ്വാഴ്ചയാണ്. അന്ന് മണാലി നിന്ന് ലഡാക്കിലേക്കുള്ള റോഹ്താങ് പാസ്സ് (Rohtang Pass) അറ്റകുറ്റപണികള്‍ക്കായി അടയ്ക്കും. തിങ്കളും ചൊവ്വയും മണാലി നിന്നിട്ട് ബുധനാഴ്ച ലേയിലേക്ക് തിരിക്കാം എന്ന് കരുതിയാലും ദിവസം നഷ്ടമാണ്. മാത്രമല്ല, ചൊവ്വാഴ്ചത്തെ അവധികാരണം ബുധനാഴ്ച തിരക്കും കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ വൈകിയിട്ടും തിങ്കളാഴ്ച വൈകുന്നേരം തന്നെ റോഹ്താങ് പിടിക്കാന്‍ തീരുമാനിച്ചു.

ഒളിച്ചു നിന്നിരുന്ന കാഴ്ചകളോരോന്നായി ഞങ്ങളെ വരവേറ്റ് തുടങ്ങി. പച്ചപ്പുതച്ചു നില്‍ക്കുന്ന മലകളാണ് ചുറ്റിനും. തൂവെള്ള നിറത്തില്‍ മലയുടെ നെഞ്ചകം പുല്‍കി താഴേക്കിറങ്ങുന്ന അനവധി നീര്‍ച്ചാലുകള്‍. ദൂരെ നിശബ്ദമായി തലയുയര്‍ത്തി നില്‍ക്കുന്ന മഞ്ഞ് മൂടിയ മലകള്‍. വൈകുന്നേരത്തെ വെയില്‍ ആ മലയിരകളുടെ ശിരസ്സില്‍ തൊട്ട് വിരിയിക്കുന്ന കാഴ്ച വിവരണാതീതമാണ്. ഉയരത്തിലേക്ക് പോകുന്തോറും മഴ ശക്തമാകുകയാണ്. ചെറിയ തണുപ്പും അനുഭവപ്പെടുന്നുണ്ട്. ചുരം കയറുന്നതിന് മുന്‍പ് രണ്ട് മണിക്കൂറോളം യാത്ര സ്തംഭിച്ചു. റോഡിലെ ബ്ലോക്ക് ഒരു കാരണമായിരുന്നു.  ഒരുവിധം ബ്ലോക്ക് കടന്ന് ചെന്നപ്പോഴേക്കും ബുള്ളറ്റില്‍പോയ ചങ്ങാതിമാര്‍ ഞങ്ങളേയും കാത്ത് നില്‍പ്പുണ്ടായിരുന്നു. റയിന്‍കോട്ടൊക്കെ ധരിച്ചാണ് പോയതെങ്കിലും മണാലിയില്‍ നിന്ന് വാങ്ങിയ കൈയുറകള്‍ ചെറിയ പണി തന്നു. വെള്ളം അകത്തു കയറി. അങ്ങനെ രണ്ടുപേരും നല്ല തണുത്ത് വിറച്ച് നില്‍ക്കുകയാണ്. മനു മാനസ്സികമായും തളര്‍ന്നു. 'എന്നെക്കൊണ്ടിത് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ' - എന്നുംപറഞ്ഞൊറ്റ നില്‍പ്പായി അവന്‍. അങ്ങനെ അവസാനം റൈഡര്‍ ചെയ്ഞ്ച് വരുത്താന്‍ കമ്മറ്റി തീരുമാനിച്ചു. ഞാനും ആനന്ദും വേഷം ധരിച്ച് ബുള്ളറ്റില്‍ കയറി. തിരിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടിലുള്ള സവനന്‍ ചേട്ടനെ കണ്ടു. ചേട്ടന്‍ വലിയ സഞ്ചാരിയാണ്. കെട്ടിപിടിച്ച് കുശലം അന്വേഷിച്ചു. അവരുടെ സംഘം ഒന്നര ആഴച കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയാണ്.  ചേട്ടനോടും ബൈ പറഞ്ഞ് ഞങ്ങള്‍ റോഹ്താങ് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

Photo © Nithesh Suresh
ബുള്ളറ്റിലുള്ള യാത്ര വല്ലാത്തൊരു അനുഭൂതിയാണ്. കാറ്റിനെ പുല്‍കി മഞ്ഞിനോട് സ്വകാര്യം പറഞ്ഞ് മലനിരകളെ കൈവീശി കാട്ടി പറന്ന് പറന്നങ്ങനെ കിളിപാറിപോകുന്നൊരു അനുഭവം. യാത്രയിലെ വലിയ സന്തോഷം നല്‍കിയ നിമിഷങ്ങളായിരുന്നു അത്. റോഹ്താങിനു മുന്‍പ് ഗുലാഭ (Gulaba) യില്‍ ചെക്ക്‌പോസ്റ്റുണ്ട്. മണാലിയില്‍ നിന്നെടുത്ത വണ്ടിയുടെ പെര്‍മിറ്റ് അവിടെ കാണിക്കണം. വാടകയ്ക്ക് തന്നവര്‍ പെര്‍മിറ്റ് ഉള്‍പ്പെടെ ശരിയാക്കി തന്നിരുന്നു. ചൊവ്വാഴ്ച ഇവിടം മുതല്‍ മുകളിലേക്ക് കയറാന്‍ പറ്റില്ല. ഏഴ് മണിയടുപ്പിച്ച് ഞങ്ങള്‍ റോഹ്താങ് പാസ്സിലെത്തി. നല്ല വെളിച്ചമുണ്ട്. രാത്രി എട്ട് മണിയെങ്കിലും ആകണം ഇവിടമൊക്കെ ഇരുട്ടിലാകാന്‍. മണാലിയില്‍ നിന്ന് ലേ വരെ ഏകദേശം 490 കിലോമീറ്ററോളമുള്ള പാത നിര്‍മ്മിച്ചിരിക്കുന്നത് ഇന്ത്യന്‍ ആര്‍മിയുടെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ (BRO) ആണ്. PROJECT DEEPAK എന്നാണ് അതിന് പേരുനല്‍കിയിരിക്കുന്നത്. 1961-ല്‍ തുടങ്ങിയ പദ്ധതിയാണത്.  മരിച്ചവരുടെ കൂമ്പാരമെന്ന് അറിയപ്പെടുന്ന റോഹ്താങ് വര്‍ഷത്തില്‍ അഞ്ച് മാസ്സത്തോളം മാത്രമാണ് തുറക്കുന്നത്. അതായത് പകുതിയിലേറെ സമയവും മഞ്ഞ്മൂടി കിടക്കുകയാണിവിടം. ബ്രോ സ്ഥാപിച്ചിരിക്കുന്ന ഒരു വലിയ സ്തൂപം അവിടെ കാണാം. അതിന്റെ മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ സഞ്ചാരികള്‍ തിരക്കുകൂട്ടുകയാണ്. തിരക്കൊഴിഞ്ഞപ്പോള്‍ ഞങ്ങളും അവിടേക്ക് ചെന്നു. സമുദ്രനിരപ്പില്‍ നിന്ന് 13058 അടി ഉയരത്തിലാണ് ഞങ്ങളെന്ന് അത് ഞങ്ങളെ ഓര്‍മ്മിപ്പിച്ചു. കോടയിറങ്ങിയതുകൊണ്ട് അവിടെ നിന്നുള്ള ദൂരകാഴ്ച പ്രയാസമായിരുന്നു. തിരിച്ചു വരുമ്പോള്‍ വീണ്ടും കാണാം എന്ന് ഉറപ്പ് നല്‍കി റോഹ്താങിനോട് യാത്ര പറഞ്ഞു. അന്ന് രാത്രി കെയ്‌ലോങ് (Keylong) താമസ്സിക്കാനാണ് തീരുമാനിച്ചിരുന്നത്. അറുപത് കിലോമീറ്ററോളം ഇനിയും പോകാനുണ്ട്. റോഹ്താങിനു മുന്‍പ് മുതല്‍ റോഡ് വളരെ മോശമായിരുന്നു. ചെളിനിറഞ്ഞ് നില്‍ക്കുന്ന റോഡില്‍ ബുള്ളറ്റ് ചെറിയ പിണക്കങ്ങളൊക്കെ കാണിച്ചു തുടങ്ങി. മനുവിന്റെ പിടിവാശി മൂലം (അവന്‍ ആകെ ഡൗണ്‍ ആയിരുന്നു) യാത്ര കെയ്‌ലോങിനു മുന്‍പ് കോക്‌സര്‍ (Koksar) എന്ന സ്ഥലത്ത് അവസാനിപ്പിച്ചു. അവിടെയും ഒരു ചെക്‌പോസ്റ്റുണ്ട്. അതിനു പിറകിലായുള്ള പഞ്ചായത്ത് ഡോര്‍മെറ്ററിയിലാണ് അന്ന് താമസിച്ചത്. അഞ്ച് പേര്‍ക്ക് 1000 രൂപ. അടുത്തുതന്നെയുള്ള ധാബ (Dhaba)യില്‍ കയറി അത്താഴവും കഴിച്ചു. നോര്‍ത്ത് ഇന്‍ഡ്യന്‍ ദേശീയ ഭക്ഷണമായ ചാവല്‍, രാജമ്മ എന്ന് നോര്‍ത്തിലെ മലയാളികള്‍ വിളിക്കുന്ന രാജ്മാ ദാല്‍ കറി, റൊട്ടി, മിക്‌സെഡ് വെജ് കറി ഒക്കെ ആമാശയത്തിന് പുതിയ അനുഭൂതികള്‍ സമ്മാനിക്കുകയായിരുന്നു. ഞങ്ങള്‍ക്കെതിര്‍വശം രണ്ട് പ്രായം ചെന്നവര്‍ ഇരുന്നു മദ്യപിക്കുന്നുണ്ടായിരുന്നു. ചുമ്മാ കുശലം തിരക്കിയപ്പോള്‍ അവര്‍ക്ക് ഇതുതന്നെയാണ് പണി എന്നറിഞ്ഞു. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ സേവയാണത്രേ. മലമുകളില്‍ നിന്നു വരുന്ന വെള്ളം ശേഖരിക്കാന്‍ ചെക്ക്‌പോസ്റ്റിന് മുന്നില്‍ സൗകര്യമുണ്ടായിരുന്നു. കുടിവെള്ളമാണത്. കൈയിലുണ്ടായിരുന്ന കുപ്പികളില്‍ ആവശ്യത്തിന് വെള്ളം എടുത്തു. ഇത്രേം രുചിയുള്ള വെള്ളം ഞാനെന്റെ ജീവിതത്തില്‍ കുടിച്ചിണ്ടായിരുന്നില്ല (തള്ളല്ല). 916 പ്രകൃതിദത്തം. അന്നും സുഖമായി തന്നെയുറങ്ങി.

രാവിലെ അഞ്ച് മണിയോടെ ഉറക്കം എഴുന്നേറ്റു. പുറത്തപ്പോഴേക്കും നല്ല വെളിച്ചം വീണിരുന്നു. നാട്ടിലെ ഒരു 8 മണി സമയത്തിന്റെ പ്രതീതി. ചായക്കുടിക്കാനായി ഇറങ്ങിയപ്പോള്‍ ലേ കണ്ട് മടങ്ങി വരുന്ന ഒരു മലയാളി ഫാമിലിയെ കണ്ടു. ആനന്ദ് ഹിന്ദിയില്‍ ലേ വരെയുള്ള വഴി എങ്ങനെയുണ്ടെന്ന് ചോദിക്കാന്‍ പോയതാണ്. അവന്റെ ഹിന്ദി കേട്ടപ്പാടെ അവര്‍ ഇങ്ങോട്ട് ചോദിച്ചു മലയാളി ആണോയെന്ന്. അവര്‍ ടാക്‌സിയിലാണ് വന്നത്. തലേദിവസം വൈകുന്നേരം ലേയില്‍ നിന്ന് പുറപ്പെട്ടതാണ്. റോഡ് വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അവര്‍ പറഞ്ഞു. രാവിലത്തെ വെളിച്ചത്തിലാണ് സ്ഥലം ശരിക്കുമൊന്നു കാണുന്നത്. ചുറ്റിനും പച്ചയുടുപ്പിട്ട മലനിരകളാണ്. ഇതുവഴി കടന്നുപോകുന്ന ഹിമാചല്‍ പ്രദേശ് RTC ബസ്സുകള്‍ മിക്കതും രാത്രി ഇവിടെ തമ്പടിക്കാറാണ് പതിവ്. മൂന്ന് ബസ്സുകള്‍ ഞങ്ങള്‍ക്കടുത്തായി പാര്‍ക്ക് ചെയ്തിരുന്നു.


ബാഗും സാധനസാമഗ്രികളുമൊക്കെ വെച്ചുകെട്ടി ആറരയ്ക്ക് യാത്ര തുടങ്ങി. ആനന്ദും ഞാനും തന്നെയായിരുന്നു ബുള്ളറ്റില്‍. തണ്ടി (Tandi) ആണ് അടുത്ത ജനവാസമുള്ള വലിയ പ്രദേശം. ഹിമാചല്‍ പ്രദേശിലെ അവസാനത്തെ പെട്രോള്‍പമ്പും ഇവിടെയാണ്. ഞങ്ങളും അവിടുന്ന് ഇന്ധനം നിറച്ചു. ഇനി 365 കിലോമീറ്റര്‍ കഴിഞ്ഞേ അടുത്ത പമ്പ് ഉള്ളൂ. കെയ്‌ലോങാണ് അടുത്ത വലിയ സ്ഥലം. അത്യാവശ്യം കടകളൊക്കെയുണ്ട്. വര്‍ക്ക്‌ഷോപ്പില്‍ കയറി ബുള്ളറ്റിന്റെ ബ്രേക്കും ചെയിനുമൊക്കെ ചെക്ക് ചെയ്തു. ജിസ്പ (Jispa) കഴിഞ്ഞ് വന്ന ദര്‍ച്ച (Darcha) യില്‍ ചെക്ക് പോസ്റ്റുണ്ട്. അവിടെ ടോയിലറ്റുണ്ടായിരുന്നതാണ് എനിക്ക് ആശ്വാസമായത്. ഉച്ചയ്ക്ക് കെയ്‌ലോങിലെ ടിബറ്റന്‍ റസ്‌റ്റോറന്റില്‍ നിന്ന് കഴിച്ച നൂഡില്‍സ് ചെറുതായി പണി തരാന്‍ തുടങ്ങിയിരുന്നു. മുന്നോട്ട് പോകുന്തോറും മഞ്ഞ്മലകളിലേക്കുള്ള അകലം കുറയുന്നതുപോലെ തോന്നി. ഇപ്പോള്‍ ഇരുവശവും മലനിരകളാണ്. കുറച്ചു മുന്നോട്ട് ചെന്നപ്പോള്‍ മഞ്ഞുരുകി വരുന്ന വെള്ളം ചെറിയൊരു നീര്‍ച്ചാലായി റോഡ് മുറിച്ച് കടന്നുപോകുന്നുണ്ടായിരുന്നു. ഞങ്ങള്‍ പോകുന്ന വഴിയില്‍ ആരെടാ റോഡ് ഉണ്ടാക്കി വെച്ചത് എന്ന ഭാവത്തില്‍. മുകളിലേക്കുള്ള യാത്രയിലെ ഞങ്ങളുടെ ആദ്യത്തെ River Crossing ആയിരുന്നു അത്. സിങ് സിങ് ബാര്‍ (ZIng Zing Bar)  എന്ന സ്ഥലം കഴിഞ്ഞ് മുകളിലേക്ക് കയറുമ്പോള്‍ റോഡരികിലായി ഐസ് വീണ് കിടപ്പുണ്ടായിരുന്നു. ഫോട്ടോയെടുക്കലും ഐസ് വാരിയെറിയലുമൊക്കെ കഴിഞ്ഞ് യാത്ര തുടര്‍ന്നു. വഴിയില്‍ വലിയ ഉരുള്‍പൊട്ടല്‍ (Landslide) നടന്നതിന്റെ ശേഷിപ്പുകള്‍ കണ്ടു. വഴിയ പാറക്കല്ലുകളാണ് നിറഞ്ഞു കിടക്കുന്നത്. ഒരു മാസം മുന്നേ നടന്നതാണ് പിന്നീട് അറിയാന്‍ കഴിഞ്ഞു. ഇന്ന് സഞ്ചരിക്കുന്ന ഏറ്റവും ഉയരത്തിലുള്ള സ്ഥലമായ ബാരാലച്ചാ ലാ (Baralacha La - 4850m) എത്തിയപ്പോഴേക്കും മുഴുവന്‍ കോട വന്ന് നിറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അധികനേരം അവിടെ നില്‍ക്കാതെ ചുരം ഇറങ്ങി തുടങ്ങി. നേരത്തെ ആസ്വദിച്ചുകൊണ്ടിരുന്ന കാഴ്ചകളില്‍ വലിയ മാറ്റങ്ങള്‍ വന്നുതുടങ്ങിയിരിക്കുന്നു. മലനിരകളുടെ സുന്ദരികളാക്കിയ ഹരിതവര്‍ണ്ണം പതിയെ മാഞ്ഞുതുടങ്ങുന്നു. അങ്ങിങ്ങായി ചെറിയ മരങ്ങള്‍ മാത്രം നില്‍ക്കുന്ന മൊട്ട കുന്നുകള്‍ പോലെയുള്ള പ്രദേശങ്ങളാണ് ഇപ്പോള്‍ കാഴചയില്‍ നിറയുന്നത്. ഹിമാചല്‍ പ്രദേശിലും ജമ്മുകാശ്മീരിലുമായി കിടക്കുന്ന സര്‍ച്ചു (Sarchu)വിലാണ് അന്ന് രാത്രി താമസിക്കാന്‍ തീരുമാനിച്ചത്. അവിടേക്കുള്ള വഴിയിലെ ഒരു കടയില്‍ കാപ്പി കുടിക്കാന്‍ കയറി. ഇടയ്ക്കുള്ള കാപ്പി കുടി നല്‍കുന്ന ഉന്മേഷം വളരെ വലുതായിരുന്നു. മുംബൈയില്‍ നിന്നൊരു സഞ്ചാരി സംഘം അവിടെയുണ്ടായിരുന്നു. മൗത്ത് ഓര്‍ഗന്റെ താളവും പാട്ടുമൊക്കെയായി അവരോടൊപ്പം ഞങ്ങളും ആഘോഷിച്ചു. എന്നാല്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയ ഒരു അനുഭവം അവിടെ വെച്ചുണ്ടായി. വെള്ളം ശേഖരിക്കാനായി കടയുടെ പിറകിലേക്ക് പോകുമ്പോള്‍ കടയില്‍ നിന്നിരുന്ന പയ്യന്‍ (പത്തോ പതിനൊന്നോ വയസ്സുകാണും) അവിടെ നിന്നിരുന്ന സഞ്ചാരികളുടെ വസ്ത്രത്തിനു മുകളിലൂടെ അവരുടെ ലിംഗത്തില്‍ പിടിക്കുന്നു. അവന്‍ പിടിക്കാനായി വരുമ്പോള്‍ അവര്‍ ഒഴിഞ്ഞുമാറുന്നുണ്ടായിരുന്നു. അവന്‍ പിന്നെയും അവിടേക്ക് ചെല്ലുമ്പോള്‍ അവരത് ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പലയിടങ്ങളിലും കുട്ടികളെ വെച്ചുള്ള ഇത്തരത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് ആനന്ദ് പറഞ്ഞു.

സര്‍ച്ചുവിലെത്തുന്നതിന് മുന്‍പ് തന്നെ മഴമേഘങ്ങളൊക്കെ മാറി നല്ല തെളിഞ്ഞ നീലാകാശം കണ്ടു തുടങ്ങി. അതിന്റെ സന്തോഷം ചറപറാന്ന് ഫോട്ടോസെടുത്ത് ഞങ്ങള്‍ തീര്‍ത്തു. ഏഴരയോടെ സര്‍ച്ചു എത്തി. ജമ്മുകാശ്മീരിലേക്കുള്ള തുടക്കം ഇവിടെ നിന്നാണ്. ചെക്ക്‌പോസ്റ്റുണ്ടായിരുന്നു. മൊബൈല്‍ നെറ്റ്‌വര്‍ക്കില്ല. ജമ്മുകാശ്മീരില്‍ കയറിയാല്‍ പിന്നെ BSNL പോസ്റ്റ്‌പെയിഡ് സിം ഉണ്ടായിട്ടേ കാര്യമുള്ളൂ. അല്ലെങ്കില്‍ അവിടുത്തെ കണക്ഷന്‍ വേണം. എന്തായാലും ഞങ്ങളുടെ കൈയില്‍ 3 പോസ്റ്റ്‌പെയിഡ് കണക്ഷന്‍ ഉണ്ടായിരുന്നു. പക്ഷെ ഒന്നിനും ഇവിടെ റേഞ്ചില്ല. യാത്ര തുടങ്ങി വീടുമായി ബന്ധപ്പെടാന്‍ കഴിയാത്ത ആദ്യ ദിവസം അങ്ങനെ സമാഗമമായി.

Photo © Nithesh Suresh
ഷീറ്റുകൊണ്ട് മറച്ച ചെറിയൊരു വീട്ടിലായിരുന്നു അന്ന് താമസം. വഴിയാകെ മഴ നനഞ്ഞ് വന്നതുകൊണ്ട് ദേഹം മുഴുവന്‍ നല്ല തണുപ്പുണ്ടായിരുന്നു. കിടക്കാന്‍ നേരം ചെറിയൊരു വിറയല്‍ അനുഭവപ്പെട്ടു തുടങ്ങി. അത്ര ഉയരത്തിലല്ലെങ്കിലും മലയിടുക്കിലുള്ള പ്രദേശമായതുകൊണ്ട് ഓക്‌സിജന്റെ അളവും കുറവാണ്. യാത്ര തുടങ്ങുന്നതിന് മുന്‍പ് രാവിലെ Diamox കഴിച്ചിരുന്നതാണ് ആള്‍ട്ടിറ്റിയൂട് പ്രശ്‌നങ്ങളുടെ മുന്‍കരുതലെന്നോണം. പക്ഷെ ഇപ്പോള്‍ ശ്വാസം കിട്ടാന്‍ ഞാന്‍ ശരിക്കും പ്രയാസപ്പെട്ടു. വല്ലാത്തൊരു പേടി എവിടെ നിന്നോ മനസ്സില്‍ നിറഞ്ഞു. ശ്വാസം പതിയെ നിലയ്ക്കുന്നതുപോലെ തോന്നി..കണ്ണില്‍ ഇരുട്ട് കയറി തുടങ്ങി. കമ്പിളിക്കുള്ളിലേക്ക് എത്ര കയറി കിടന്നിട്ടും ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. ബാക്കി എല്ലാവരും നല്ല ഉറക്കത്തിലാണ്. വിളിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കു വരുന്നില്ല. ഭയം.. വീണ്ടും ഭയം മനസ്സില്‍ നിറഞ്ഞു. എല്ലാം അവസാനിക്കുന്നതുപോലെ ഒരു തോന്നല്‍..

(തുടരും)

എഴുത്ത് : എല്‍.റ്റി മറാട്ട്