ഭാഗം 3:
നുബ്രാ വാലിയിലെ പ്രേതഭവനം
'മലയാളികളെ വിലയിരുത്തുന്ന ത്രാസ്സില്‍ കര്മ്മാജിയെ അളക്കണ്ടാ. പുള്ളി വരും.'
ആനന്ദാണ് പറഞ്ഞത്. അങ്ങനെയൊരു അഭിപ്രായത്തില്‍ എത്തിച്ചേരാന്‍ കൂട്ടത്തില്‍ അവന് മാത്രേ കഴിയുമായിരുന്നുള്ളൂ. നോര്‍ത്തില്‍ കുറേ നാള് ജോലി ചെയ്തത്കൊണ്ട് ഇവിടുള്ള ആള്‍ക്കാരെ കണ്ടും അറിഞ്ഞും അനുഭവങ്ങളേറെ ഉണ്ടായിരുന്നു അവന്. ഒരു കൊക്ക് എത്ര കുളം കണ്ടതാ ലൈന്‍..!
പറഞ്ഞ സമയത്ത് തന്നെ കര്‍മ്മാജി എത്തി. ഇന്നലെ കണ്ടതിലും ആവേശം പുള്ളിക്കാരന്റെ മുഖത്തുണ്ടായിരുന്നു. ഒരു പക്ഷേ ഞങ്ങളേക്കാള്‍. ഞങ്ങളുടെ താറും ബുള്ളറ്റും ഹോട്ടലില്‍ തന്നെ പാര്‍ക്ക് ചെയത് ആവശ്യമുള്ള സാധനസാമഗ്രികളുമായി ഞങ്ങള്‍ കര്‍മ്മാജിയുടെ ശകടത്തിലേക്ക് കയറി. അതൊരു പഴയ മോഡല്‍ ഇന്നോവയാണ്. അഞ്ച് പേര്‍ക്കും സുഖായി ഇരിക്കാം. അകെ തര്‍ക്കം നടന്നത് ഏറ്റവും പിറകിലെ സീറ്റില്‍ ആര് ഇരിക്കും എന്ന കാര്യത്തില്‍ മാത്രമായിരുന്നു. ഒടുവില്‍ മാറി മാറി ഇരിക്കാം എന്ന തീരുമാനത്തിലെത്തി. അക്ഷരമാല ക്രമത്തില്‍ അഖിലിനായിരുന്നു ആദ്യത്തെ ഞറുക്ക് വീണത്. 'അവശത' കാരണം ആടിയുല്ലഞ്ഞുകൊണ്ടിരിക്കുന്ന മനു മുന്‍സീറ്റും സ്വന്തമാക്കി. ഇനിയും രണ്ട് ദിവസം കൂടി ലേ നിന്ന് അന്തരീക്ഷവുമായിട്ട് 'നന്നായിട്ട്' പൊരുത്തപ്പെട്ടിട്ട് പോരേ യാത്ര- എന്ന് ചോദിച്ച മുതലാണ്. കുഴിമടിയന്...!
ആദ്യം പെര്‍മിഷന്റെ കാര്യങ്ങള്‍ റെഡിയാക്കാനാണ് പോയത്. അവധി ദിവസമായതുകൊണ്ടും തലേ ദിവസം ഉച്ചക്ക് ശേഷം അവധിയായിരുന്നതുകൊണ്ടും പെര്‍മിറ്റ് ഓഫീസില്‍ നല്ല തിരക്കുണ്ടായിരുന്നു. നുബ്രാ വാലി (Nubra Valley), പാങോഗ് തടാകം (Pangong Lake), സോമോറീറി (Tsomoriri) അങ്ങനെ ലഡാക്കിലെ മൂന്ന് സ്ഥലങ്ങളിലേക്കാണ് പെര്‍മിറ്റ് എടുത്തത്. നേരത്തെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തതിന്റെ റസീപ്റ്റും (ഫീസ് 680 രൂപയോളം) ആധാര്‍കാര്‍ഡും ഓഫീസില്‍ കാണിക്കണം. ഓരോ സ്ഥലങ്ങളിലേക്കും പ്രത്യേകം പാസ്സുണ്ട്. അതായത് ഓരോരുത്തര്‍ക്കും മൂന്ന് പാസ്സുകള്‍ വീതം. (ഒരുമിച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. അങ്ങനെയെങ്കില്‍ എല്ലാവര്ക്കും കൂടി ഒര് പാസ്സ് മതിയായിരുന്നു) ഞങ്ങള്‍ക്ക് കിട്ടിയ പാസ്സിന്റെ കാലാവധി പതിനഞ്ച് ദിവസമാണ്. ആവശ്യത്തിന് കോപ്പികള്‍ എടുത്ത് കൈയില്‍ സൂക്ഷിക്കുകയും വേണം. ഇനിയുള്ള യാത്രയില്‍ പല ചെക്പോസ്റ്റുകളിലും കോപ്പി നല്‍കേണ്ടതായി വരും. ഒരു രാജ്യത്തിന്റെ വലിയ സുരക്ഷാമേഖലയിലേക്കാണ് ഇനി ഞങ്ങളുടെ സഞ്ചാരമെന്ന് ഇതെല്ലാം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു.
ഏകദേശം ഒരു മണിക്കൂറോളം അവിടെ ചിലവഴിക്കേണ്ടി വന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ പാസ്സ് സീല്‍ ചെയ്ത് കിട്ടി. അതിന്റെ മൂന്ന് കോപ്പികള്‍ വീതമെടുത്ത് പത്ത് മണിയോട് കൂടി ഞങ്ങളുടെ യാത്ര ആരംഭിച്ചു. വൈകുന്നേരത്തോടെ നുബ്രാവാലി എത്താനായിരുന്നു പ്ലാന്‍. ലേ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ ദൂരമുണ്ട്. ആകാശം നല്ല തെളിഞ്ഞ് നില്‍ക്കുകയാണ്. വെയിലുണ്ടെങ്കിലും ഒട്ടും തന്നെ ചൂടനുഭവപ്പെട്ടിരുന്നില്ല. കാറില്‍ ഒരു ടിബറ്റന്‍ പാട്ട് കേട്ടു തുടങ്ങി. ടിബറ്റന്‍ കുടിയേറ്റക്കാരനാണ് ഞങ്ങള്‍ കര്‍മ്മാജി എന്ന് വിളിക്കുന്ന കര്‍മ്മ ജിന്‍പ (Karma Jinpa). വളരെ ചെറുപ്പത്തിലെ ടിബറ്റില്‍ നിന്ന് കാശ്മീരിലേക്ക് കുടിയേറിയതാണ്. ആധാര്കാര്ഡുള്പ്പെടെയുള്ള കാര്യങ്ങള്‍ കൈയിലുണ്ടത്രേ. ലഡാക്കുകാരനല്ലെങ്കിലും നമ്മുടെ നാട് നല്കുന്ന സ്നേഹത്തിനും കരുതലിനും അയാള്‍ സന്തോഷിച്ചിരുന്നു. പതിനാലാമത്തെ ലാമ ടെന്‍സിങ് ഗ്യാറ്റ്സോ രണ്ട് ദിവസം മുന്‍പ് അടുത്തെവിടെയോ വന്ന് പോയതിനെപ്പറ്റിയൊക്കെ കര്‍മ്മാജി വാചാലനായി.
മണ്ണില്‍ കൂടി കുഴിയാന പോകുമ്പോള്‍ ഉണ്ടാകുന്ന വരപ്പോലെയുള്ള വഴികള്‍ കുട്ടിക്കാലത്ത് കൗതുകപൂര്‍വ്വം നോക്കി നിന്നിട്ടുണ്ട്. നല്ല രസമാണ് അത് കാണാന്‍. ഇപ്പോള്‍ മുന്നില്‍ കാണുന്ന വഴികള്‍ അതോര്മ്മിപ്പിച്ചുക്കൊണ്ടേയിരുന്നു. റോഡിനും മലകള്‍ക്കുമിടയില്‍ നല്ല അകലമുണ്ട് ഇപ്പോള്‍. മലയിടുക്കിലെ വലിയൊരു മൈതാനത്തിന് നടുവില്‍ കൂടിയുള്ള ചെറിയൊരു റോഡിലൂടെയാണ് ഇപ്പോള്‍ ഞങ്ങള്‍ പോകുന്നത്. കോട്ടും കൂളിംഗ് ഗ്ലാസ്സും ധരിച്ച് പാട്ടിനൊപ്പം ഒരു പ്രത്യേക താളത്തില്‍ തലയാട്ടി വളരെ അനായാസം അതിലേറെ ആവേശത്തോടെയാണ് കര്‍മ്മാജി വണ്ടി പായിക്കുന്നത്. ഇനി അങ്ങോട്ട് കയറ്റമാണ്. അധികം പൊക്കമില്ലാത്ത മരങ്ങള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്നത് കുറച്ച് അകലെയായി കാണാം. മരങ്ങള്‍ക്കിടയില്‍ ധാരാളം വീടുകളുമുണ്ട്. വീടിനടുത്തേക്ക് വളഞ്ഞും തിരിഞ്ഞുമെല്ലാം മണ്പാതകള് പോകുന്നുണ്ട്.
കുറച്ച് കിലോമീറ്റര്‍ പിന്നിട്ട് കഴിഞ്ഞപ്പോഴേക്കും സഞ്ചാരികളുടെ തിരക്കേറി വന്നു. മലയിറങ്ങി ഒരുപാട് വാഹനങ്ങള്‍ എതിരെ വരുന്നുണ്ടായിരുന്നു. വഴിക്കും വീതി വളരെ കുറവാണ്. പോരാത്തതിന് ഒരു അവസാനവുമില്ലാത്ത കയറ്റവും. ഒച്ചിഴയുന്നതുപോലെ വരിവരിയായി നീങ്ങിക്കൊണ്ടിരുന്ന വണ്ടികള്‍ പെട്ടെന്ന് നിന്നു. മുന്നില്‍ റോഡ് പണി നടക്കുകയാണ്. ഒരുവശത്തേക്കുള്ള വണ്ടികളെ മാത്രമേ വിടുന്നുള്ളൂ. ഞങ്ങളെ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്ത് എതിരെ വരുന്ന വണ്ടികളെ കടത്തി വിട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ കാറില്‍ നിന്ന് പുറത്തേക്കിറങ്ങി. ആകാശം നീലപുതച്ചു നില്‍ക്കുകയാണ്. അതിനേക്കാളും സുന്ദരിയായി മലനിരകളും. ക്യാമറ അങ്ങനെ ഇന്നത്തെ പണി ആരംഭിച്ചു. കിട്ടിയ സമയത്തിന് പലപോസുകളിലുമുള്ള പടങ്ങള്‍ ക്യാമറയെ വെറുതെ പുളകം കൊള്ളിച്ചു. അപ്പോഴേക്കും പിറകിലുള്ള വാഹനങ്ങളില്‍ നിന്നും ഒരുപാട് സഞ്ചാരികള്‍ പുറത്തേക്കിറങ്ങി കഴിഞ്ഞിരുന്നു. മൊബൈലിലും ഡിജിറ്റല്‍ ക്യാമറയിലും അവരും ഓര്‍മ്മകളെ സൂക്ഷിച്ചുവെച്ചു. ഞങ്ങളുടെ തൊട്ടുപിറകിലെ കാറിലുണ്ടായിരുന്ന ഒരു ഫാമിലി ചെറിയൊരു പാറപ്പുറത്തേക്ക് കയറിയിരുന്നു ഭക്ഷണം കഴിക്കാനും ആരംഭിച്ചു. ഭക്ഷണം വിതരണം ചെയ്തുക്കൊണ്ടിരുന്ന ദീദി ചെറിയൊരു പാത്രവുമായി ഞങ്ങള്ക്കരികിലേക്കും വന്നു. അവരുടെ നാട്ടിലെ സ്പെഷ്യലാണെന്നും പറഞ്ഞ് ഞങ്ങളോട് എടുക്കാന്‍ പറഞ്ഞു. ഭക്ഷണം കണ്ടാല്‍ നമ്മള് വിടുമോ. അപ്പഴേ എടുത്ത് കഴിച്ചു. നല്ല മധുരമുള്ള പലഹാരമായിരുന്നു. അടിപൊളിയായി എന്നൊരു കമന്റ് കൂടി പറഞ്ഞപ്പോഴേക്കും ദീദിയും ഡബിള്‍ ഹാപ്പിയായി.
കര്‍മ്മാജി ഞങ്ങളെ വിളിച്ചു. അവസ്ഥയില്‍ മാറ്റമൊന്നുമില്ല. നല്ല ഒന്നാന്തരം ബ്ലോക്ക് തന്നെയാണ്. ഞങ്ങളോട് മുകളിലേക്ക് നടന്നുകൊള്ളാന്‍ പറഞ്ഞു. അരകിലോമീറ്റര്‍ കൂടിയെ ഉള്ളൂ കര്‍ദുംങ്ലാ (Khardung La) എത്താന്‍. എന്നാ പിന്നെ നടക്കാന്‍ തന്നെ തീരുമാനിച്ചു. ഇന്ന് കടന്നുപോകുന്ന സ്ഥലങ്ങളിലെ പ്രധാന പയ്യന്സാണ് കര്‍ദുംങ്ലാ. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വണ്ടിയോടിച്ചുപോകാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണത്രേ. അതിന്റെ ത്രില്ലില്ലാണ് സഞ്ചാരികളെല്ലാം. അതാണവിടെയിത്രയും തിരക്കും. ലേ പട്ടണത്തില്‍ നിന്നും വെറും നാല്പത് കിലോമീറ്ററിനകത്തേയുള്ളൂ ഇവിടേക്ക്. മുകളിലേക്ക് നടന്നു ചെല്ലുന്തോറും ഇരുവശത്തും വലിയ അളവില്‍ മഞ്ഞ് വീണ് കിടക്കുന്നതു കണ്ടു തുടങ്ങി. അതങ്ങനെയങ്ങനെ കുറേ മലകളായി മാറുകയായിരുന്നു. മഞ്ഞ്ക്കൊട്ടാരത്തിനു നടുക്കുള്ള അതിഭീകരമായ തിരക്കിനോടൊപ്പം ഞങ്ങളും മുകളിലെത്തി. 17982 അടി മുകളിലെത്തിയെന്ന് വന്ന് കയറിയ പാടെ കണ്ട ബോര്‍ഡ് ഓര്‍മ്മിപ്പിച്ചു. പട്ടാളക്കാരുടെ ടെന്റുകള്‍ ചുറ്റിനും കാണാം. 1976 പണി തീര്‍ന്ന പാസ്സ് സിയാച്ചിനിലേക്കുള്ള പ്രധാന വാതിലാണ്. പൊതുജനങ്ങള്‍ക്കായി 1988 ലാണ് തുറന്നുകൊടുത്തത്.
നീലാകാശവും മഞ്ഞ്കൂമ്പാരവും കാഴ്ചയ്ക്ക് പകരംവെക്കാനില്ലാത്ത വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. മഞ്ഞില്‍ കൂടി നിരങ്ങി താഴേക്കു വന്നും മഞ്ഞിനെ ചെറിയ പന്താക്കി പരസ്പരം എറിഞ്ഞു രസിച്ചും ഞങ്ങള്‍ വെറും കുട്ടികളായി. അവിടെ എത്തിയവരില്‍ ഭൂരിഭാഗവും ആ കുട്ടിത്തത്തെ തൊട്ടുണര്‍ത്തിയിരുന്നു. ക്യാമറ വിശ്രമമില്ലാതെ പണിയെടുത്തു തുടങ്ങി. സഞ്ചാരികളേറെയും കര്ദുംങ്ലായുടെ ഉയരം വിളിച്ചറിയിക്കുന്ന ബോര്‍ഡിനു മുന്നിലാണ്. എല്ലാവരുടേയും ജീവിതത്തിലെ സുപ്രധാന നിമിഷമായിരുന്നിരിക്കണം. അതവരെല്ലാം മനോഹരമായി പകര്‍ത്തിക്കൊണ്ടേയിരുന്നു. തിരക്കൊഴിഞ്ഞപ്പോള്‍ ഞങ്ങളും ആ അഭിമാന ഫലകത്തിലൊന്നു തൊട്ടു..!
കര്ദുംങ്ങ്ലായോട് യാത്ര പറഞ്ഞ് മലയിറങ്ങുമ്പോള്‍ 12 മണി കഴിഞ്ഞിരുന്നു. സഞ്ചാരികളില്‍ പകുതിയിലേറെയും കര്‍ദുംങ്ലാ വരെ വന്ന് തിരിച്ച് ലേ പിടിക്കുന്നവരാണ്. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള യാത്രയില്‍ നേരത്തതുപോലെ തിരക്കനുഭവപ്പെട്ടില്ല. പതിയെ പതിയെ ഞങ്ങള്‍ മഞ്ഞ്കൂടാരത്തില് നിന്ന് അകലുകയായിരുന്നു. പക്ഷെ അതീവ സുന്ദരിയായി നീലാകാശം ഞങ്ങള്‍ക്കൊപ്പം തന്നെ കൂടിയിരുന്നു. ഉച്ചയ്ക്ക് 1.45 കഴിഞ്ഞ് ഞങ്ങള്‍ നോര്‍ത്ത് പുളു (North Pullu) ചെക്ക് പോസ്റ്റ് എത്തി. നമ്മുടെ പാസ്സും കാര്യങ്ങളുമൊക്കെ അവിടെ കാണിക്കണം. ചെക്ക് പോസ്റ്റിനടുത്ത് കുറച്ച് കടകളുണ്ട്. ഉച്ചഭക്ഷണത്തിന് അങ്ങനെയൊരു തീരുമാനമുണ്ടാക്കി. ഒരു രക്ഷേം ഇല്ലാത്ത ഫുഡാണ് ഓരോ ദിവസവും ആമാശയത്തില്‍ മഞ്ഞ്കോരിയിട്ടുകൊണ്ടിരിക്കുന്നത്. ഇവിടൊക്കെ ഫുഡഡിക്കാന് വന്നാല്‍ തന്നെയും ഒരു നഷ്ടവുമുണ്ടാകില്ല (അല്ലപ്പിന്നെ..!).
കടകള്‍ക്കിടയിലൂടെയുള്ള ഒരു ഊടുവഴിയിലൂടെ ഇറങ്ങി ചെറിയൊരു താഴ്വാരത്തിലെത്തി. മലകള്‍ക്കു ചുവട്ടിലതൊരു പച്ചപ്പുതപ്പുപോലെ തോന്നിച്ചു. ചെറിയൊരു നീര്ച്ചാല് അതിന്റെ ഹൃദയഭാഗത്തൂടെ ഒഴുകുന്നുണ്ട്. അതിന്റെ കരയിലായി കുറച്ച് യാക്കു (Yak) കള്‍ നില്‍പ്പുണ്ട്. യാത്രയ്ക്കിടെ അകലങ്ങളില്‍ ഈ കറുത്ത സുന്ദരിയെ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും അടുത്ത് കിട്ടുന്നത് ആദ്യമായിട്ടാണ്. ശരീരം നിറയെ തണുപ്പിനെ പ്രതിരോധിക്കാനുതകുന്ന വിധം രോമങ്ങളാണ്. ഒന്ന് കെട്ടിപ്പിടിക്കാന്‍ തോന്നിയെങ്കിലും കൂര്‍ത്ത് വളഞ്ഞ കൊമ്പുകളും ഉറച്ച ശരീരവും ആ 'ഭീകര' ചിന്തകളെ കെട്ടുകെട്ടിച്ചു. എന്നാലും ക്യാമറയ്ക്ക് നിറയെ പോസ്സുകള്‍ തന്നവര്‍ സന്തോഷിപ്പിച്ചു.
കര്‍മ്മാജി കര്‍മ്മനിരതനായി വണ്ടി പായിക്കുകയാണ്. മുന്നില്‍ അവസാനമില്ലാതെ നീലാകാശവും മലനിരകളും നിറഞ്ഞു നില്‍ക്കുകയാണ്. കുറച്ച് ദൂരം ചെന്നപ്പോള്‍ മൂന്നു വഴികള്‍ ചേരുന്ന ഒരു ജംഗ്ഷനിലെത്തി. അവിടെനിന്ന് വലത്തേക്ക് തിരിഞ്ഞാല്‍ പാന്ഗോങും (Pangong) ഇടതുവശത്തേക്ക് പോയാല്‍ നുബ്രാ വാലിയും (Nubra Valley) ആണ്. ഞങ്ങള്‍ ഇടത്തേക്ക് തിരിഞ്ഞു. ഉച്ചകഴിഞ്ഞിരിന്നു അപ്പോഴേക്കും. കുറച്ചു ദൂരെയായി ചെറിയ വീടുകളൊക്കെ കണ്ടു തുടങ്ങി. അവയ്ക്കരികിലേക്കാണ് വഴി നീളുന്നത്. വല്ലാത്തൊരു വേദന പകരുന്ന കാഴ്ചകളായിരുന്നു അവയുടെ ക്ലോസ്സ് ഷോട്ടിലേക്ക് വരുന്തോറും. ദൂരെ നിന്ന് കണ്ടത് വീടുകള്‍ തന്നെയായിരുന്നു. പക്ഷെ അതിന്റെ മുക്കാല്‍ ഭാഗത്തോളം മണ്ണും കല്ലും മൂടി കിടക്കുകയാണ്. ചിലതൊക്കെ മണ്ണിനോട് ചേര്‍ന്നിരുന്നു. കുറച്ച് നാള് മുന്‍പത്തെ ഉരുള്‍പ്പൊട്ടലില്‍ സംഭവിച്ചതാണെന്ന് കര്‍മ്മാജി പറഞ്ഞു. ഞങ്ങള്‍ അവിടെയിറങ്ങിയില്ല. കുറേയേറെ കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞ് ആ നാടും അകലെയായി..
കുറച്ചു നേരമായി ഷയോക് നദി (Shyok River) ഞങ്ങള്‍ക്ക് അകമ്പടി സേവിക്കുന്നുണ്ട്. ഇന്‍ഡസ് നദിയുടെ കൈവഴിയാണ് മരണത്തിന്റെ നദിയെന്നറിയപ്പെടുന്ന ഷയോക്. മുന്നോട്ടുള്ള യാത്രയ്ക്കിടയില്‍ നുബ്രാ നദിയുമായി ഷയോക് കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. കുറച്ചു മുന്നോട്ട് പോയപ്പോള്‍ ഒരു പട്ടാള ക്യാമ്പ് കണ്ടു. സിയാച്ചിന്‍ ബേസ് ക്യാമ്പിലേക്കുള്ള റേഷന്‍ അവിടെ നിന്നാണ് സപ്ളെ ചെയ്യുന്നതെന്ന് കര്‍മ്മാജി പറഞ്ഞു. പതിയെ പതിയെ പുതിയ കാഴ്ചകള്‍ തെളിയാന്‍ തുടങ്ങി. നോക്കാത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന കൂറ്റന്‍ പാറക്കല്ലുകളും കാഠിന്യമേറിയ ഭൂപ്രകൃതിയും മറഞ്ഞു തുടങ്ങി. മുന്നില്‍ കാണുന്നതിപ്പോള്‍ മണല്‍ക്കൂനകളാണ്. മഞ്ഞ് മലകള്ക്കുനടുവില് ഒരു വലിയ മരുഭൂമി...! പ്രകൃതി വല്ലാത്തൊരു പഹയന് തന്നെ. മണല്‍ക്കൂനയിലൂടെ നാല് വീലുള്ള ബൈക്കില്‍ രസിക്കുന്ന സഞ്ചാരികളെ കാണാം. വളരെ ദൂരെയായി കാണുന്ന മഞ്ഞ് മൂടി കിടക്കുന്ന മലനിരകളെ ചൂണ്ടി കര്‍മ്മാജി പറഞ്ഞു, അതാണ് സിയാച്ചിന്‍ പര്‍വ്വതശിഖരം (Siachen Glacier).
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള (18875 അടിയോളം) യുദ്ധഭൂമിയെ പറ്റി ആനന്ദ് അവന്റെ അറിവുകള്‍ പങ്കുവെച്ചു. ഒരു സൈനികന്റെ ആവേശം അവന്റെ വാക്കുകളില്‍ നിറഞ്ഞിരുന്നു. സിയാച്ചിന്‍ ബേസ് ക്യാമ്പില്‍ റോഡ് അവസാനിക്കുകയാണ്. സൈനികരും റേഷനും വി.ഐ.പികളുമെല്ലാം എത്തുന്നത് അവിടെയാണ്. സൈനികര്‍ അവിടെ നിന്ന് കാലാവസ്ഥയോട് പൊരുത്തപ്പെട്ടതിനും തീവ്രമായ പരിശീലനത്തിനും ശേഷമാണ് സിയാച്ചിനിലേക്ക് പോസ്റ്റ് ചെയ്യുന്നത്. മൈനസ് അമ്പത് ഡിഗ്രി വരെയൊക്കെയാണ് ചിലപ്പോള്‍ തണുപ്പ്. കാലാവസ്ഥയോട് യുദ്ധം ചെയ്ത് മരണമടഞ്ഞവരും അനവധി. ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ ജോലികളിലൊന്നായി അത് മാറുന്നതും ഇതൊക്കെക്കൊണ്ട് തന്നെയാകണം. യുദ്ധങ്ങളൊക്കെയൊന്നവസാനിച്ചിരുന്നുവെങ്കില്..ചിലപ്പോഴൊക്കെ നിഷ്കളങ്കമായി ചിന്തിച്ചുപോകാറുണ്ട്..
ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള 'തണുത്ത മരുഭൂമി' (Cold Desert) യിലേക്ക്, നുബ്രയിലേക്ക് ഞങ്ങള്‍ വൈകുന്നേരം നാലരയോടെ എത്തിച്ചേര്‍ന്നു. തുടക്കത്തില്‍ തന്നെ ഒരു പെട്രോള്‍ പമ്പുണ്ട്. ഈ റൂട്ടിലെ അവസാനത്തെ പമ്പാണ്. മേല്ക്കൂരപ്പോലുമില്ല, ഒരു തിട്ടയ്ക്ക് മുകളില്‍ രണ്ട് മെഷിനുകള്‍ മാത്രം വെച്ചിരിക്കുന്നു. എന്തായാലും അവിടെ നിന്ന് വണ്ടിയുടെ ദാഹം വേണ്ടുവോളം തീര്‍ത്തു. അതിന് എതിര്‍വശത്തായി കിലോമീറ്ററുകളോളം മണല്‍ക്കൂനകളാണ്. മരുഭൂമി, അതും ഇങ്ങനെയൊരണം - ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുകയും അനുഭവിക്കുകയുമായിരുന്നു. ഒട്ടക സഫാരി തകൃതിയായി നടക്കുന്നത് ദൂരെ നിന്നും കാണാം. നല്ല തിരക്കുമുണ്ട്. ഞങ്ങള്‍ ആദ്യം റൂം ശരിപ്പെടുത്താനാണ് പോയത്. ഇന്നിനി ഇവിടെത്തന്നെയാണ് കൂടുന്നത്.
കര്‍മ്മാജി ആദ്യം ഞങ്ങളെക്കൊണ്ടുപോയത് ഒരു 'ഫൈവ് സ്റ്റാര്‍' ടെന്റ് കൂടാരത്തിലായിരുന്നു. എസിയും അറ്റാച്ചഡ് ബാത്ത്റൂമും വരെയുള്ള സെറ്റപ്പിന് അയ്യായിരം രൂപയ്ക്ക് മുകളിലാണ് റെന്റ്. കര്‍മ്മാജി ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങളാരും അംബാനിയുടെ സ്വന്തക്കാരല്ലെന്നും രണ്ട് കട്ടിലും തണുപ്പടിക്കാതിരിക്കാനുള്ള നല്ലൊരു കമ്പിളിപുതപ്പും കിട്ടിയാല്‍ ഒരു പരാതികളുമില്ലാതെ നേരംവെളുപ്പിക്കാന്‍ കഴിയുന്ന പാവങ്ങളാണെന്നും കര്മ്മാജിയെ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇപ്പോ ശരിയാക്കി തരാം എന്നും പറഞ്ഞ കര്‍മ്മാജി അവിടുന്നിറങ്ങി. പുറത്തേക്കുള്ള വഴിയിലൊരിടത്ത് ചെറിയൊരു നീര്‍ച്ചാലൊഴുകുന്നുണ്ട്. അതിന്റെ കരയില്‍ വലിയൊരു ബോര്‍ഡിരിക്കുന്നത് കണ്ടു. അവിടുത്തെ ഗ്രാമവാസികള്‍ സ്ഥാപിച്ചിരിക്കുന്നതാണ്. കുടിവെള്ളമാണ്, മലിനമാക്കരുത് എന്നായിരുന്നു അതിലെ സാരാംശം. മലമുകളില്‍ നിന്നും മഞ്ഞുരുകി വരുന്ന നല്ല ഫസ്റ്റ് ക്ലാസ്സ് പച്ചവെള്ളം..!
അടുത്തുള്ളൊരു ഹോം സ്റ്റേയിലേക്കാണ് കര്‍മ്മാജി ഞങ്ങളെ എത്തിച്ചത്. മരങ്ങളൊക്കെ നിറഞ്ഞു നില്ക്കുന്ന മലകള്‍ പശ്ചാത്തലമൊരുക്കുന്ന ഒരു ഗ്രാമത്തിന്റെ എല്ലാ സൗന്ദര്യവും ഉള്‍ക്കൊള്ളുന്ന വഴികള്‍ കടന്നാണ് ഞങ്ങള്‍ കുന്‍സല്‍ യുര്‍ദും (Kunsal Yurdum) എന്ന വീട്ടിലേക്ക് എത്തിയത്. ചെറിയൊരു ബോര്‍ഡില്‍ അധികം ഭംഗിയൊന്നുമില്ലാത്ത കൈപ്പടയില്‍ പെയിന്റുകൊണ്ടാണ് പേരെഴുതിയിരിക്കുന്നത്. പേരിന് താഴെ ഒരു ആപ്പിളിന്റെ പടവും വരച്ചിരിക്കുന്നു. ബോര്‍ഡിനരികിലുള്ള ഗേറ്റും കടന്ന് ഞങ്ങള്‍ അകത്തെത്തി. ചുറ്റും നില്ക്കുന്ന വലിയ പൊക്കമില്ലാത്ത മരങ്ങള്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. ആപ്പിള്‍ മരമാണ്. പച്ചനിറത്തില്‍ ആപ്പിള്‍ നിറഞ്ഞുനില്‍പ്പുണ്ട്. പാകമായിട്ടില്ല. മരത്തില്‍ നിന്ന് കാശ്മീരി ആപ്പിള്‍ തിന്നാന്‍ പറ്റില്ല എന്നോര്‍ത്തപ്പോള്‍ ചെറിയൊരു സങ്കടം വന്നു. നാട്ടില്‍ നിന്ന് എല്ലാവരും തിരിച്ചുവരുമ്പോള്‍ ആപ്പിള്‍ കൊണ്ടുവരണമെന്ന് ആവശ്യംവെച്ചിരുന്നു. എന്തായാലും സീസണല്ലാത്തതുകൊണ്ട് ആ കാശ് ലാഭമായത് മറ്റൊരാശ്വാസമായി.
രണ്ട് നിലകളുള്ള വീടാണ്. കുട്ടികളുടെ വസ്ത്രങ്ങള്‍ പുറത്ത് കയറില്‍ തൂക്കിയിട്ടിരിക്കുന്നു. തടിവെച്ചുണ്ടാക്കിയ ചെറിയ രണ്ട് വിമാനങ്ങള്‍ അതിനരികില്‍ തൂങ്ങി കിടന്ന് ആകാശം കാണുന്നുണ്ട്. കൊച്ചു കുട്ടികള്‍ ഉണ്ടാകണം. മുകളിലത്തെ നിലയില്‍ മുഴുവന്‍ ജനാലകളാണ്. നല്ല കരവിരുതോടെയാണ് അതൊരുക്കിയിരിക്കുന്നതും. ഗൃഹനാഥനും ഭാര്യയും പുറത്തേക്ക് വന്നു. ഒരു കൊച്ചുപെണ്‍കുട്ടിയും അവര്‍ക്കരികിലേക്ക് എത്തി. ഭാര്യയാണ് കര്‍മ്മാജിയോട് കാര്യങ്ങളൊക്കെ പറയുന്നത്. വാടകയും മറ്റുമൊക്കെ ഞങ്ങള്‍ക്കും കുഴപ്പമില്ലായിരുന്നു. രണ്ട് മുറികളാണ് കിട്ടിയത്. മുകളിലത്തെ നിലയിലാണ്. കാറില്‍ നിന്ന് സാധനങ്ങളൊക്കെയെടുത്ത് ഞങ്ങള്‍ പുറത്തൂടിയുള്ള പടികള്‍ കയറി മുകളിലെത്തി. അവിടെ നിന്ന് എതിരെ നോക്കിയാല്‍ കാണുന്ന കാഴ്ചയും അതിന്റെ മനോഹാരിതയും എഴുതിവിവരിക്കാവുന്നതിലും അപ്പുറമാണ്. നിറയെ മരങ്ങളും ദൂരെ മഞ്ഞുമൂടിയ മലകളും അവയ്ക്ക് സുവര്‍ണ്ണ നിറം നല്കുന്ന വൈകുന്നേരത്തെ സൂര്യരശ്മികളും-വല്ലാത്തൊരു കോമ്പിനേഷന്‍ തന്നെയായിരുന്നു.
സാധനങ്ങളിറക്കി ബാല്‍ക്കണിയില്‍ വന്നിരുന്ന് ആ കാഴ്ച മനസ്സ് നിറയെ ആഘോഷിച്ചു. അപ്പോഴേക്കും ഗൃഹനാഥന് ഞങ്ങള്‍ക്കുള്ള ഗ്രീന്‍ ടീയുമായി എത്തി. അദ്ദേഹത്തെ അപ്പോഴാണ് പരിചയപ്പെടുന്നത്. കര്മ്മാജിയെപോലെ തന്നെ ടിബറ്റനാണ്. പേര് റഗ്സിന് (Regzin).
വൈകാതെ തന്നെ ഞങ്ങള്‍ പുറത്തേക്കിറങ്ങി. പടികളിറങ്ങി ചെന്നപ്പോള്‍ താഴത്തെ നിലയിലെ വരാന്തയിലിരുന്ന വൃദ്ധ ഞങ്ങളെ അഭിവാദ്യം ചെയ്തു. അവര്‍ക്കെന്തായാലും തൊണ്ണൂറ് വയസ്സിന് മുകളില്‍ പ്രായമുണ്ട്. കറുത്തൊരു വസ്ത്രമാണ് ധരിച്ചിരുന്നത്. അരയിലൊരു കെട്ടും ചെറിയൊരു കമ്പിളിയുടുപ്പും അതിനൊപ്പമുണ്ട്. നരച്ചമുടികളെയെല്ലാം അകത്താക്കി തലയിലും തുണിവെച്ചൊരു കെട്ടുംകെട്ടിയിട്ടുണ്ട്. പല്ലില്ലാത്ത മോണകാട്ടി അവര്‍ ചിരിച്ചു. റഗ്സിന്റെ മുത്തശ്ശിയാകണം.
സഞ്ചാരികളെല്ലാം എത്തുന്ന മരുഭൂമിയിലേക്കാണ് ഞങ്ങള്‍ പോയത്. വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ നടന്നു. ചെറിയൊരു നീര്‍ച്ചാലുണ്ട്. അതിന്റെ മുകളില്‍ കൂടിയുള്ള ചെറിയൊരു പാലം കയറി വേണം മണല്ക്കൂനകള്ക്കരികിലെത്താന്. പ്രകൃതിയൊരുക്കിയ വിരുന്നിനെക്കാള്‍ മറ്റൊരു സംഗതിയാണ് ആദ്യം തന്നെ മനസ്സിലുടക്കിയത്. ഇത്രയധികം സഞ്ചാരികള്‍ വന്നിട്ടും ഒരു തരത്തിലുള്ള മാലിന്യങ്ങളും അവിടെയൊന്നുമുണ്ടായിരുന്നില്ല. ലേ പട്ടണത്തില്‍ വെച്ച് മണിക്കൂറുകള്ക്കിടവിട്ട് വലിയ അനൗണ്‍സ്മെന്റ് നടത്തി മാലിന്യങ്ങള്‍ സ്വീകരിക്കുന്ന ട്രക്കുകളെ കുറിച്ച് അപ്പോള്‍ ഓര്‍മ്മിച്ചു. ട്രക്കുകള്‍ ഓരോ കവലയിലും വന്നു നില്ക്കും. അറിയിപ്പ് കിട്ടിതുടങ്ങളുമ്പോള് വീടുകളില്‍ നിന്നും കടകളില്‍ നിന്നും ആള്ക്കാര് മാലിന്യം അതിലേക്ക് കൊണ്ടിടും. ഗവണ്മെന്റ് എത്ര ഉത്തരവാദിത്വത്തോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതുവരെയും കണ്ട സ്ഥലങ്ങളുടെയെല്ലാം മുഖമുദ്ര ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും അവിടുത്തെ വൃത്തി തന്നെയായിരുന്നു. നുബ്രാ വാലിയില്‍ നിറയെ കൂടകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോന്നിലും ഇടേണ്ടുന്ന മാലിന്യങ്ങളുടെ പേരും അതില്‍ പറഞ്ഞിട്ടുണ്ട്. സഞ്ചാരികള്‍ ആരുടേയും നിര്‍ദ്ദേശമില്ലാതെ അതെല്ലാം അനുസരിക്കുന്നു. നമ്മുടെ നാടിന് ഇതൊക്കെ വലിയ മാതൃകകളാണ്.
ഒരുപാട് സഞ്ചാരികള്‍ എത്തിയിട്ടുണ്ട്. ക്യാമല്‍ സഫാരിയുടെ അടുത്ത് തന്നെയാണ് അതില്‍ ഭൂരിഭാഗവും. ഒട്ടകപ്പുറത്തേറി മരുഭൂമി ചുറ്റാന്‍ മനുവിന് മാത്രമേ ഞങ്ങളുടെ കൂട്ടത്തില്‍ ആഗ്രഹമുണ്ടായിരുന്നുള്ളൂ. ദൂരമനുസരിച്ചാണ് സഫാരിയുടെ റേറ്റ്. കുറഞ്ഞ ദൂരത്തേക്കുള്ള സഫാരി തന്നെ അവനെടുത്തു. എട്ടോ പത്തോ ഒട്ടകങ്ങളടങ്ങുന്ന സംഘമായിട്ടാണ് കൊണ്ടുപോകുന്നത്. മുതുകില്‍ രണ്ട് മുഴകളുള്ള ഒട്ടകങ്ങളാണ്. ഒരാള്‍ക്ക് മാത്രമേ കയറാനും കഴിയൂ. ആള് തികഞ്ഞപ്പോള്‍ മനു കയറിയ സംഘം യാത്ര തുടങ്ങി. ഓരോ ഒട്ടകങ്ങളേയും കയറുകൊണ്ട് പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. മുന്നിലൊരാള് അവരെ നിയന്ത്രിക്കാനുമുണ്ട്. ഏറ്റവും പിറകിലാണ് മനുവും അവന്റെ വാഹനവും. കണ്ണടയും കോട്ടുമിട്ട് വലിയ പത്രാസോടെ അവര്‍ സഫാരി തുടങ്ങി.
ഞങ്ങള്‍ക്കും ചെറിയൊരു പ്ലാനുണ്ടായിരുന്നു. ദൂരെ നുബ്രാ നദിയുടെ കൈവഴികള്‍ കാണുന്നുണ്ട്. അവിടെ മരുഭൂമിയുടെ അവസാനമാണെന്ന് തോന്നുന്നു. മണലിലൂടെ അവിടം വരെ നടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞാനും ആനന്ദും നിതേഷും അഖിലും നടന്നു തുടങ്ങി. വേറെയാരും ഈ പ്രാന്തിന് മുതിര്‍ന്നിരുന്നില്ല. എല്ലാവരും ഒട്ടകപുറത്താണ്. നടക്കുന്നതിനിടയില്‍ ഞങ്ങള്‍ മാറി മാറി വീട്ടിലേക്ക് ഫോണ്‍ ചെയ്തു. ഫോണില്‍ സംസാരിച്ചു നടന്നതുകൊണ്ട് ദൂരം താണ്ടുന്നതറിഞ്ഞിരുന്നില്ല. മരുഭൂമിയുടെ വശത്തായി ചെറിയൊരു കുറ്റിക്കാടുണ്ട്. കറുത്തയൊരു കുതിര ഞങ്ങള്‍ക്ക് മുഖം തന്ന് അതിനകത്തേക്ക് കയറിപ്പോയി. ഒട്ടകസഫാരിയുടെ അവസാനപോയിന്റില് നിന്നും വളരെയകലെയായി ഞങ്ങള്‍. പക്ഷെ നുബ്രാ നദിയിലേക്കുള്ള ദൂരത്തിന് ഒട്ടും കുറവ് അനുഭവപ്പെട്ടതുമില്ല. അതിപ്പോഴും ദൂരെത്തന്നെയാണ്. മനു അപ്പോഴേക്കും സഫാരി കഴിഞ്ഞിറങ്ങിയിരുന്നു. അവനെ ചെറിയൊരു മിന്നായം പോലെ ഇവിടെ നിന്നും കാണാം. ഞങ്ങള്‍ നന്നായി ക്ഷീണിച്ചു. മണലില്‍ കുറച്ചു നേരമിരുന്നു. പല പോസിലും കുറേ ഫോട്ടോസ് എടുത്തു. ഒരു അറേബ്യന്‍ രാജ്യത്തെത്തിയതുപോലെയായിരുന്നു ഓരോ ഫ്രയിമുകളും.
എവിടെ നിന്നോ പട്ടികുരയ്ക്കുന്നത് കേള്‍ക്കുന്നുണ്ട്. ദൂരെയുള്ള കുറ്റിക്കാട്ടില്‍ നിന്നും കുറച്ച് പട്ടികള്‍ പുറത്തേക്കോടി വരുന്നുണ്ട്. നിറയെ രോമവും വലിപ്പവുമുള്ളതായിരുന്നു ഓരോന്നും. സംഗതി അത്ര പന്തിയല്ലാ എന്ന് മനസ്സിലായി ഞങ്ങള്‍ ഇരുട്ടുന്നതിനുമുന്പേ തിരിച്ചു നടക്കാന്‍ തുടങ്ങി. കാറിനരികിലെത്തിയപ്പോഴേക്കും വെട്ടം മറഞ്ഞിരുന്നു. കര്‍മ്മാജി ഞങ്ങളെ കാത്ത് നില്‍പ്പുണ്ട്. മനു കാറിലുണ്ടെന്ന് കര്‍മ്മാജി പറഞ്ഞു. അധികം വൈകാതെ തന്നെ ഇന്നത്തെ കലാപരിപാടികള്‍ അവസാനിപ്പിച്ച് ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി.
ടിബറ്റന്‍ രീതിയിലുള്ള അത്താഴമാണ് റെഗ്സിനും കുടുംബവും ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത്. ഭക്ഷണം കഴിക്കാന്‍ ഒരു പ്രത്യേക മുറി തന്നെ അവിടെയുണ്ടായിരുന്നു. നീല പരവതാനി വിരിച്ച മുറിയില്‍ ചുമരുകളോട് കൃത്യമായ അകലം പാലിച്ച് ഏകദേശം ഒന്നരയടിയോളം പൊക്കമുള്ള ചെറിയ പീഠങ്ങള്‍ ഇട്ടിട്ടുണ്ട്. അതിന് പിന്നിലായി തറയിലാണിരിക്കേണ്ടത്. ഇരിക്കുവാനുള്ള സ്ഥലത്ത് മാത്രം കമ്പിളി വിരിച്ചിട്ടുണ്ട്. പീഠത്തില്‍ നിറയെ പല നിറത്തിലുള്ള ചിത്രങ്ങളാണ്. സിനിമയിലും മറ്റും കാണുന്ന ഡ്രാഗണുകളെ അതോര്‍മിപ്പിച്ചു. ചെറിയൊരു ടിവി അരികിലെ ഷെല്‍ഫിലിരിപ്പുണ്ട്. അതിന് മുകളിലായി ഒരു വൃദ്ധയുടെ ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു. മറ്റൊരു വശത്ത് ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന അലമായിരിയില് നിറയെ പാത്രങ്ങളും അടുക്കള സാമഗ്രികളുമാണ്. റെഗ്സിന് ഞങ്ങളെ ഭക്ഷണത്തിനായി ക്ഷണിച്ചു. അകത്തുകയറി പീഠത്തിന് പുറകിലായി ഞങ്ങളിരുന്നു. തറയില്‍ ചമ്രംപണിഞ്ഞ് വേണം ഇരിക്കാന്‍. റഗ്സിന് തന്നെയാണ് ഭക്ഷണം വിളമ്പിയത്. വീണ്ടും വീണ്ടും സ്വാദിഷ്ടമായ ഭക്ഷണങ്ങളറിഞ്ഞ് ആമാശയം പുളകംകൊണ്ടു.
ഞങ്ങളോട് നേരത്തെ കിടക്കണം 11 മണി കഴിഞ്ഞ് കറണ്ട് കട്ടാകും എന്ന് മാത്രം പറഞ്ഞ് ശുഭരാത്രിയും നേര്‍ന്ന് റെഗ്സിനും ഭാര്യയും താഴേക്ക് പോയി. ഞങ്ങള്‍ മുറിയിലെത്തി. ഒരു മുറിയിലാണ് എല്ലാവരും ആദ്യം ഒത്തുകൂടിയത്. എന്തോ ഒരു നെഗറ്റീവ് ഫീല്‍ അനുഭവപ്പെടുന്നതായി ആനന്ദാണ് ആദ്യം പറഞ്ഞു തുടങ്ങിയത്. ഹിമാലയന്‍ ഗ്രാമപ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള പ്രേതകഥകളൊക്കെ അവന് പങ്ക് വെയ്ക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഇരിക്കുന്ന മുറി അപ്പോഴാണ് ശരിക്കും നോക്കുന്നത്. മുകള്‍ ഭാഗം കോണ്‍ക്രീറ്റല്ല. തടികൊണ്ടാണ് തീര്‍ത്തിരിക്കുന്നത്. വലിയ മുളംതണ്ടുകള്‍ പരസ്പരം കൂട്ടിക്കെട്ടിയതുപോലെ. അതിന്റെ ഒത്ത നടുക്കായി അധികം ചെറുതല്ലാത്ത ഒരു ദ്വാരവും ഉണ്ടായിരുന്നു. പ്രേതത്തിന് പുറത്തു നിന്ന് അകത്തു എത്താനുള്ള ഷോര്‍ട്ട് കട്ടായിരുന്നിരിക്കണം. ഭക്ഷണം കഴിക്കാനിരുന്ന മുറിയില്‍ കണ്ട വൃദ്ധയുടെ ഫ്രേയിം ചെയ്ത ഫോട്ടോ ചര്‍ച്ചയിലേക്ക് വന്നു. അവരെ തന്നെയല്ലേ വൈകുന്നേരം താഴെ വരാന്തയില്‍ കണ്ടത്..? അതൊരു തോന്നാലായിരുന്നോ..
മുറിയില്‍ തന്നെയുള്ള ബാത്ത് റൂമില്‍ പോയിട്ട് വന്ന കൂട്ടുകാരന് അതിന്റെ കതക് അടയ്ക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞു.
കൃത്യം പതിനൊന്ന് മണിക്ക് തന്നെ കറണ്ട് പോയി. മുറിയിലാകെ ഇരുട്ട് നിറഞ്ഞു.
താഴത്തെ നിലയില്‍ നിന്ന് മാത്രം എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്.
(തുടരും)
എഴുത്ത് : എല്‍.റ്റി മറാട്ട്
നുബ്രാ വാലിയിലെ പ്രേതഭവനം
'മലയാളികളെ വിലയിരുത്തുന്ന ത്രാസ്സില്‍ കര്മ്മാജിയെ അളക്കണ്ടാ. പുള്ളി വരും.'
ആനന്ദാണ് പറഞ്ഞത്. അങ്ങനെയൊരു അഭിപ്രായത്തില്‍ എത്തിച്ചേരാന്‍ കൂട്ടത്തില്‍ അവന് മാത്രേ കഴിയുമായിരുന്നുള്ളൂ. നോര്‍ത്തില്‍ കുറേ നാള് ജോലി ചെയ്തത്കൊണ്ട് ഇവിടുള്ള ആള്‍ക്കാരെ കണ്ടും അറിഞ്ഞും അനുഭവങ്ങളേറെ ഉണ്ടായിരുന്നു അവന്. ഒരു കൊക്ക് എത്ര കുളം കണ്ടതാ ലൈന്‍..!
പറഞ്ഞ സമയത്ത് തന്നെ കര്‍മ്മാജി എത്തി. ഇന്നലെ കണ്ടതിലും ആവേശം പുള്ളിക്കാരന്റെ മുഖത്തുണ്ടായിരുന്നു. ഒരു പക്ഷേ ഞങ്ങളേക്കാള്‍. ഞങ്ങളുടെ താറും ബുള്ളറ്റും ഹോട്ടലില്‍ തന്നെ പാര്‍ക്ക് ചെയത് ആവശ്യമുള്ള സാധനസാമഗ്രികളുമായി ഞങ്ങള്‍ കര്‍മ്മാജിയുടെ ശകടത്തിലേക്ക് കയറി. അതൊരു പഴയ മോഡല്‍ ഇന്നോവയാണ്. അഞ്ച് പേര്‍ക്കും സുഖായി ഇരിക്കാം. അകെ തര്‍ക്കം നടന്നത് ഏറ്റവും പിറകിലെ സീറ്റില്‍ ആര് ഇരിക്കും എന്ന കാര്യത്തില്‍ മാത്രമായിരുന്നു. ഒടുവില്‍ മാറി മാറി ഇരിക്കാം എന്ന തീരുമാനത്തിലെത്തി. അക്ഷരമാല ക്രമത്തില്‍ അഖിലിനായിരുന്നു ആദ്യത്തെ ഞറുക്ക് വീണത്. 'അവശത' കാരണം ആടിയുല്ലഞ്ഞുകൊണ്ടിരിക്കുന്ന മനു മുന്‍സീറ്റും സ്വന്തമാക്കി. ഇനിയും രണ്ട് ദിവസം കൂടി ലേ നിന്ന് അന്തരീക്ഷവുമായിട്ട് 'നന്നായിട്ട്' പൊരുത്തപ്പെട്ടിട്ട് പോരേ യാത്ര- എന്ന് ചോദിച്ച മുതലാണ്. കുഴിമടിയന്...!
![]() |
Photo © Nithesh Suresh |
ഏകദേശം ഒരു മണിക്കൂറോളം അവിടെ ചിലവഴിക്കേണ്ടി വന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ പാസ്സ് സീല്‍ ചെയ്ത് കിട്ടി. അതിന്റെ മൂന്ന് കോപ്പികള്‍ വീതമെടുത്ത് പത്ത് മണിയോട് കൂടി ഞങ്ങളുടെ യാത്ര ആരംഭിച്ചു. വൈകുന്നേരത്തോടെ നുബ്രാവാലി എത്താനായിരുന്നു പ്ലാന്‍. ലേ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ ദൂരമുണ്ട്. ആകാശം നല്ല തെളിഞ്ഞ് നില്‍ക്കുകയാണ്. വെയിലുണ്ടെങ്കിലും ഒട്ടും തന്നെ ചൂടനുഭവപ്പെട്ടിരുന്നില്ല. കാറില്‍ ഒരു ടിബറ്റന്‍ പാട്ട് കേട്ടു തുടങ്ങി. ടിബറ്റന്‍ കുടിയേറ്റക്കാരനാണ് ഞങ്ങള്‍ കര്‍മ്മാജി എന്ന് വിളിക്കുന്ന കര്‍മ്മ ജിന്‍പ (Karma Jinpa). വളരെ ചെറുപ്പത്തിലെ ടിബറ്റില്‍ നിന്ന് കാശ്മീരിലേക്ക് കുടിയേറിയതാണ്. ആധാര്കാര്ഡുള്പ്പെടെയുള്ള കാര്യങ്ങള്‍ കൈയിലുണ്ടത്രേ. ലഡാക്കുകാരനല്ലെങ്കിലും നമ്മുടെ നാട് നല്കുന്ന സ്നേഹത്തിനും കരുതലിനും അയാള്‍ സന്തോഷിച്ചിരുന്നു. പതിനാലാമത്തെ ലാമ ടെന്‍സിങ് ഗ്യാറ്റ്സോ രണ്ട് ദിവസം മുന്‍പ് അടുത്തെവിടെയോ വന്ന് പോയതിനെപ്പറ്റിയൊക്കെ കര്‍മ്മാജി വാചാലനായി.
![]() |
Photo © Nithesh Suresh |
കുറച്ച് കിലോമീറ്റര്‍ പിന്നിട്ട് കഴിഞ്ഞപ്പോഴേക്കും സഞ്ചാരികളുടെ തിരക്കേറി വന്നു. മലയിറങ്ങി ഒരുപാട് വാഹനങ്ങള്‍ എതിരെ വരുന്നുണ്ടായിരുന്നു. വഴിക്കും വീതി വളരെ കുറവാണ്. പോരാത്തതിന് ഒരു അവസാനവുമില്ലാത്ത കയറ്റവും. ഒച്ചിഴയുന്നതുപോലെ വരിവരിയായി നീങ്ങിക്കൊണ്ടിരുന്ന വണ്ടികള്‍ പെട്ടെന്ന് നിന്നു. മുന്നില്‍ റോഡ് പണി നടക്കുകയാണ്. ഒരുവശത്തേക്കുള്ള വണ്ടികളെ മാത്രമേ വിടുന്നുള്ളൂ. ഞങ്ങളെ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്ത് എതിരെ വരുന്ന വണ്ടികളെ കടത്തി വിട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ കാറില്‍ നിന്ന് പുറത്തേക്കിറങ്ങി. ആകാശം നീലപുതച്ചു നില്‍ക്കുകയാണ്. അതിനേക്കാളും സുന്ദരിയായി മലനിരകളും. ക്യാമറ അങ്ങനെ ഇന്നത്തെ പണി ആരംഭിച്ചു. കിട്ടിയ സമയത്തിന് പലപോസുകളിലുമുള്ള പടങ്ങള്‍ ക്യാമറയെ വെറുതെ പുളകം കൊള്ളിച്ചു. അപ്പോഴേക്കും പിറകിലുള്ള വാഹനങ്ങളില്‍ നിന്നും ഒരുപാട് സഞ്ചാരികള്‍ പുറത്തേക്കിറങ്ങി കഴിഞ്ഞിരുന്നു. മൊബൈലിലും ഡിജിറ്റല്‍ ക്യാമറയിലും അവരും ഓര്‍മ്മകളെ സൂക്ഷിച്ചുവെച്ചു. ഞങ്ങളുടെ തൊട്ടുപിറകിലെ കാറിലുണ്ടായിരുന്ന ഒരു ഫാമിലി ചെറിയൊരു പാറപ്പുറത്തേക്ക് കയറിയിരുന്നു ഭക്ഷണം കഴിക്കാനും ആരംഭിച്ചു. ഭക്ഷണം വിതരണം ചെയ്തുക്കൊണ്ടിരുന്ന ദീദി ചെറിയൊരു പാത്രവുമായി ഞങ്ങള്ക്കരികിലേക്കും വന്നു. അവരുടെ നാട്ടിലെ സ്പെഷ്യലാണെന്നും പറഞ്ഞ് ഞങ്ങളോട് എടുക്കാന്‍ പറഞ്ഞു. ഭക്ഷണം കണ്ടാല്‍ നമ്മള് വിടുമോ. അപ്പഴേ എടുത്ത് കഴിച്ചു. നല്ല മധുരമുള്ള പലഹാരമായിരുന്നു. അടിപൊളിയായി എന്നൊരു കമന്റ് കൂടി പറഞ്ഞപ്പോഴേക്കും ദീദിയും ഡബിള്‍ ഹാപ്പിയായി.
![]() |
Photo © Nithesh Suresh |
നീലാകാശവും മഞ്ഞ്കൂമ്പാരവും കാഴ്ചയ്ക്ക് പകരംവെക്കാനില്ലാത്ത വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. മഞ്ഞില്‍ കൂടി നിരങ്ങി താഴേക്കു വന്നും മഞ്ഞിനെ ചെറിയ പന്താക്കി പരസ്പരം എറിഞ്ഞു രസിച്ചും ഞങ്ങള്‍ വെറും കുട്ടികളായി. അവിടെ എത്തിയവരില്‍ ഭൂരിഭാഗവും ആ കുട്ടിത്തത്തെ തൊട്ടുണര്‍ത്തിയിരുന്നു. ക്യാമറ വിശ്രമമില്ലാതെ പണിയെടുത്തു തുടങ്ങി. സഞ്ചാരികളേറെയും കര്ദുംങ്ലായുടെ ഉയരം വിളിച്ചറിയിക്കുന്ന ബോര്‍ഡിനു മുന്നിലാണ്. എല്ലാവരുടേയും ജീവിതത്തിലെ സുപ്രധാന നിമിഷമായിരുന്നിരിക്കണം. അതവരെല്ലാം മനോഹരമായി പകര്‍ത്തിക്കൊണ്ടേയിരുന്നു. തിരക്കൊഴിഞ്ഞപ്പോള്‍ ഞങ്ങളും ആ അഭിമാന ഫലകത്തിലൊന്നു തൊട്ടു..!
![]() |
Photo © Nithesh Suresh |
കടകള്‍ക്കിടയിലൂടെയുള്ള ഒരു ഊടുവഴിയിലൂടെ ഇറങ്ങി ചെറിയൊരു താഴ്വാരത്തിലെത്തി. മലകള്‍ക്കു ചുവട്ടിലതൊരു പച്ചപ്പുതപ്പുപോലെ തോന്നിച്ചു. ചെറിയൊരു നീര്ച്ചാല് അതിന്റെ ഹൃദയഭാഗത്തൂടെ ഒഴുകുന്നുണ്ട്. അതിന്റെ കരയിലായി കുറച്ച് യാക്കു (Yak) കള്‍ നില്‍പ്പുണ്ട്. യാത്രയ്ക്കിടെ അകലങ്ങളില്‍ ഈ കറുത്ത സുന്ദരിയെ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും അടുത്ത് കിട്ടുന്നത് ആദ്യമായിട്ടാണ്. ശരീരം നിറയെ തണുപ്പിനെ പ്രതിരോധിക്കാനുതകുന്ന വിധം രോമങ്ങളാണ്. ഒന്ന് കെട്ടിപ്പിടിക്കാന്‍ തോന്നിയെങ്കിലും കൂര്‍ത്ത് വളഞ്ഞ കൊമ്പുകളും ഉറച്ച ശരീരവും ആ 'ഭീകര' ചിന്തകളെ കെട്ടുകെട്ടിച്ചു. എന്നാലും ക്യാമറയ്ക്ക് നിറയെ പോസ്സുകള്‍ തന്നവര്‍ സന്തോഷിപ്പിച്ചു.
![]() |
Photo © Nithesh Suresh |
കുറച്ചു നേരമായി ഷയോക് നദി (Shyok River) ഞങ്ങള്‍ക്ക് അകമ്പടി സേവിക്കുന്നുണ്ട്. ഇന്‍ഡസ് നദിയുടെ കൈവഴിയാണ് മരണത്തിന്റെ നദിയെന്നറിയപ്പെടുന്ന ഷയോക്. മുന്നോട്ടുള്ള യാത്രയ്ക്കിടയില്‍ നുബ്രാ നദിയുമായി ഷയോക് കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. കുറച്ചു മുന്നോട്ട് പോയപ്പോള്‍ ഒരു പട്ടാള ക്യാമ്പ് കണ്ടു. സിയാച്ചിന്‍ ബേസ് ക്യാമ്പിലേക്കുള്ള റേഷന്‍ അവിടെ നിന്നാണ് സപ്ളെ ചെയ്യുന്നതെന്ന് കര്‍മ്മാജി പറഞ്ഞു. പതിയെ പതിയെ പുതിയ കാഴ്ചകള്‍ തെളിയാന്‍ തുടങ്ങി. നോക്കാത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന കൂറ്റന്‍ പാറക്കല്ലുകളും കാഠിന്യമേറിയ ഭൂപ്രകൃതിയും മറഞ്ഞു തുടങ്ങി. മുന്നില്‍ കാണുന്നതിപ്പോള്‍ മണല്‍ക്കൂനകളാണ്. മഞ്ഞ് മലകള്ക്കുനടുവില് ഒരു വലിയ മരുഭൂമി...! പ്രകൃതി വല്ലാത്തൊരു പഹയന് തന്നെ. മണല്‍ക്കൂനയിലൂടെ നാല് വീലുള്ള ബൈക്കില്‍ രസിക്കുന്ന സഞ്ചാരികളെ കാണാം. വളരെ ദൂരെയായി കാണുന്ന മഞ്ഞ് മൂടി കിടക്കുന്ന മലനിരകളെ ചൂണ്ടി കര്‍മ്മാജി പറഞ്ഞു, അതാണ് സിയാച്ചിന്‍ പര്‍വ്വതശിഖരം (Siachen Glacier).
![]() |
Photo © Nithesh Suresh |
ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള 'തണുത്ത മരുഭൂമി' (Cold Desert) യിലേക്ക്, നുബ്രയിലേക്ക് ഞങ്ങള്‍ വൈകുന്നേരം നാലരയോടെ എത്തിച്ചേര്‍ന്നു. തുടക്കത്തില്‍ തന്നെ ഒരു പെട്രോള്‍ പമ്പുണ്ട്. ഈ റൂട്ടിലെ അവസാനത്തെ പമ്പാണ്. മേല്ക്കൂരപ്പോലുമില്ല, ഒരു തിട്ടയ്ക്ക് മുകളില്‍ രണ്ട് മെഷിനുകള്‍ മാത്രം വെച്ചിരിക്കുന്നു. എന്തായാലും അവിടെ നിന്ന് വണ്ടിയുടെ ദാഹം വേണ്ടുവോളം തീര്‍ത്തു. അതിന് എതിര്‍വശത്തായി കിലോമീറ്ററുകളോളം മണല്‍ക്കൂനകളാണ്. മരുഭൂമി, അതും ഇങ്ങനെയൊരണം - ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുകയും അനുഭവിക്കുകയുമായിരുന്നു. ഒട്ടക സഫാരി തകൃതിയായി നടക്കുന്നത് ദൂരെ നിന്നും കാണാം. നല്ല തിരക്കുമുണ്ട്. ഞങ്ങള്‍ ആദ്യം റൂം ശരിപ്പെടുത്താനാണ് പോയത്. ഇന്നിനി ഇവിടെത്തന്നെയാണ് കൂടുന്നത്.
![]() |
Photo © Nithesh Suresh |
അടുത്തുള്ളൊരു ഹോം സ്റ്റേയിലേക്കാണ് കര്‍മ്മാജി ഞങ്ങളെ എത്തിച്ചത്. മരങ്ങളൊക്കെ നിറഞ്ഞു നില്ക്കുന്ന മലകള്‍ പശ്ചാത്തലമൊരുക്കുന്ന ഒരു ഗ്രാമത്തിന്റെ എല്ലാ സൗന്ദര്യവും ഉള്‍ക്കൊള്ളുന്ന വഴികള്‍ കടന്നാണ് ഞങ്ങള്‍ കുന്‍സല്‍ യുര്‍ദും (Kunsal Yurdum) എന്ന വീട്ടിലേക്ക് എത്തിയത്. ചെറിയൊരു ബോര്‍ഡില്‍ അധികം ഭംഗിയൊന്നുമില്ലാത്ത കൈപ്പടയില്‍ പെയിന്റുകൊണ്ടാണ് പേരെഴുതിയിരിക്കുന്നത്. പേരിന് താഴെ ഒരു ആപ്പിളിന്റെ പടവും വരച്ചിരിക്കുന്നു. ബോര്‍ഡിനരികിലുള്ള ഗേറ്റും കടന്ന് ഞങ്ങള്‍ അകത്തെത്തി. ചുറ്റും നില്ക്കുന്ന വലിയ പൊക്കമില്ലാത്ത മരങ്ങള്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. ആപ്പിള്‍ മരമാണ്. പച്ചനിറത്തില്‍ ആപ്പിള്‍ നിറഞ്ഞുനില്‍പ്പുണ്ട്. പാകമായിട്ടില്ല. മരത്തില്‍ നിന്ന് കാശ്മീരി ആപ്പിള്‍ തിന്നാന്‍ പറ്റില്ല എന്നോര്‍ത്തപ്പോള്‍ ചെറിയൊരു സങ്കടം വന്നു. നാട്ടില്‍ നിന്ന് എല്ലാവരും തിരിച്ചുവരുമ്പോള്‍ ആപ്പിള്‍ കൊണ്ടുവരണമെന്ന് ആവശ്യംവെച്ചിരുന്നു. എന്തായാലും സീസണല്ലാത്തതുകൊണ്ട് ആ കാശ് ലാഭമായത് മറ്റൊരാശ്വാസമായി.
![]() |
Photo © Nithesh Suresh |
സാധനങ്ങളിറക്കി ബാല്‍ക്കണിയില്‍ വന്നിരുന്ന് ആ കാഴ്ച മനസ്സ് നിറയെ ആഘോഷിച്ചു. അപ്പോഴേക്കും ഗൃഹനാഥന് ഞങ്ങള്‍ക്കുള്ള ഗ്രീന്‍ ടീയുമായി എത്തി. അദ്ദേഹത്തെ അപ്പോഴാണ് പരിചയപ്പെടുന്നത്. കര്മ്മാജിയെപോലെ തന്നെ ടിബറ്റനാണ്. പേര് റഗ്സിന് (Regzin).
വൈകാതെ തന്നെ ഞങ്ങള്‍ പുറത്തേക്കിറങ്ങി. പടികളിറങ്ങി ചെന്നപ്പോള്‍ താഴത്തെ നിലയിലെ വരാന്തയിലിരുന്ന വൃദ്ധ ഞങ്ങളെ അഭിവാദ്യം ചെയ്തു. അവര്‍ക്കെന്തായാലും തൊണ്ണൂറ് വയസ്സിന് മുകളില്‍ പ്രായമുണ്ട്. കറുത്തൊരു വസ്ത്രമാണ് ധരിച്ചിരുന്നത്. അരയിലൊരു കെട്ടും ചെറിയൊരു കമ്പിളിയുടുപ്പും അതിനൊപ്പമുണ്ട്. നരച്ചമുടികളെയെല്ലാം അകത്താക്കി തലയിലും തുണിവെച്ചൊരു കെട്ടുംകെട്ടിയിട്ടുണ്ട്. പല്ലില്ലാത്ത മോണകാട്ടി അവര്‍ ചിരിച്ചു. റഗ്സിന്റെ മുത്തശ്ശിയാകണം.
സഞ്ചാരികളെല്ലാം എത്തുന്ന മരുഭൂമിയിലേക്കാണ് ഞങ്ങള്‍ പോയത്. വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ നടന്നു. ചെറിയൊരു നീര്‍ച്ചാലുണ്ട്. അതിന്റെ മുകളില്‍ കൂടിയുള്ള ചെറിയൊരു പാലം കയറി വേണം മണല്ക്കൂനകള്ക്കരികിലെത്താന്. പ്രകൃതിയൊരുക്കിയ വിരുന്നിനെക്കാള്‍ മറ്റൊരു സംഗതിയാണ് ആദ്യം തന്നെ മനസ്സിലുടക്കിയത്. ഇത്രയധികം സഞ്ചാരികള്‍ വന്നിട്ടും ഒരു തരത്തിലുള്ള മാലിന്യങ്ങളും അവിടെയൊന്നുമുണ്ടായിരുന്നില്ല. ലേ പട്ടണത്തില്‍ വെച്ച് മണിക്കൂറുകള്ക്കിടവിട്ട് വലിയ അനൗണ്‍സ്മെന്റ് നടത്തി മാലിന്യങ്ങള്‍ സ്വീകരിക്കുന്ന ട്രക്കുകളെ കുറിച്ച് അപ്പോള്‍ ഓര്‍മ്മിച്ചു. ട്രക്കുകള്‍ ഓരോ കവലയിലും വന്നു നില്ക്കും. അറിയിപ്പ് കിട്ടിതുടങ്ങളുമ്പോള് വീടുകളില്‍ നിന്നും കടകളില്‍ നിന്നും ആള്ക്കാര് മാലിന്യം അതിലേക്ക് കൊണ്ടിടും. ഗവണ്മെന്റ് എത്ര ഉത്തരവാദിത്വത്തോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതുവരെയും കണ്ട സ്ഥലങ്ങളുടെയെല്ലാം മുഖമുദ്ര ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും അവിടുത്തെ വൃത്തി തന്നെയായിരുന്നു. നുബ്രാ വാലിയില്‍ നിറയെ കൂടകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോന്നിലും ഇടേണ്ടുന്ന മാലിന്യങ്ങളുടെ പേരും അതില്‍ പറഞ്ഞിട്ടുണ്ട്. സഞ്ചാരികള്‍ ആരുടേയും നിര്‍ദ്ദേശമില്ലാതെ അതെല്ലാം അനുസരിക്കുന്നു. നമ്മുടെ നാടിന് ഇതൊക്കെ വലിയ മാതൃകകളാണ്.
![]() |
Photo © Nithesh Suresh |
ഞങ്ങള്‍ക്കും ചെറിയൊരു പ്ലാനുണ്ടായിരുന്നു. ദൂരെ നുബ്രാ നദിയുടെ കൈവഴികള്‍ കാണുന്നുണ്ട്. അവിടെ മരുഭൂമിയുടെ അവസാനമാണെന്ന് തോന്നുന്നു. മണലിലൂടെ അവിടം വരെ നടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞാനും ആനന്ദും നിതേഷും അഖിലും നടന്നു തുടങ്ങി. വേറെയാരും ഈ പ്രാന്തിന് മുതിര്‍ന്നിരുന്നില്ല. എല്ലാവരും ഒട്ടകപുറത്താണ്. നടക്കുന്നതിനിടയില്‍ ഞങ്ങള്‍ മാറി മാറി വീട്ടിലേക്ക് ഫോണ്‍ ചെയ്തു. ഫോണില്‍ സംസാരിച്ചു നടന്നതുകൊണ്ട് ദൂരം താണ്ടുന്നതറിഞ്ഞിരുന്നില്ല. മരുഭൂമിയുടെ വശത്തായി ചെറിയൊരു കുറ്റിക്കാടുണ്ട്. കറുത്തയൊരു കുതിര ഞങ്ങള്‍ക്ക് മുഖം തന്ന് അതിനകത്തേക്ക് കയറിപ്പോയി. ഒട്ടകസഫാരിയുടെ അവസാനപോയിന്റില് നിന്നും വളരെയകലെയായി ഞങ്ങള്‍. പക്ഷെ നുബ്രാ നദിയിലേക്കുള്ള ദൂരത്തിന് ഒട്ടും കുറവ് അനുഭവപ്പെട്ടതുമില്ല. അതിപ്പോഴും ദൂരെത്തന്നെയാണ്. മനു അപ്പോഴേക്കും സഫാരി കഴിഞ്ഞിറങ്ങിയിരുന്നു. അവനെ ചെറിയൊരു മിന്നായം പോലെ ഇവിടെ നിന്നും കാണാം. ഞങ്ങള്‍ നന്നായി ക്ഷീണിച്ചു. മണലില്‍ കുറച്ചു നേരമിരുന്നു. പല പോസിലും കുറേ ഫോട്ടോസ് എടുത്തു. ഒരു അറേബ്യന്‍ രാജ്യത്തെത്തിയതുപോലെയായിരുന്നു ഓരോ ഫ്രയിമുകളും.
![]() |
Photo © Nithesh Suresh |
![]() |
Photo © Nithesh Suresh |
ഞങ്ങളോട് നേരത്തെ കിടക്കണം 11 മണി കഴിഞ്ഞ് കറണ്ട് കട്ടാകും എന്ന് മാത്രം പറഞ്ഞ് ശുഭരാത്രിയും നേര്‍ന്ന് റെഗ്സിനും ഭാര്യയും താഴേക്ക് പോയി. ഞങ്ങള്‍ മുറിയിലെത്തി. ഒരു മുറിയിലാണ് എല്ലാവരും ആദ്യം ഒത്തുകൂടിയത്. എന്തോ ഒരു നെഗറ്റീവ് ഫീല്‍ അനുഭവപ്പെടുന്നതായി ആനന്ദാണ് ആദ്യം പറഞ്ഞു തുടങ്ങിയത്. ഹിമാലയന്‍ ഗ്രാമപ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള പ്രേതകഥകളൊക്കെ അവന് പങ്ക് വെയ്ക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഇരിക്കുന്ന മുറി അപ്പോഴാണ് ശരിക്കും നോക്കുന്നത്. മുകള്‍ ഭാഗം കോണ്‍ക്രീറ്റല്ല. തടികൊണ്ടാണ് തീര്‍ത്തിരിക്കുന്നത്. വലിയ മുളംതണ്ടുകള്‍ പരസ്പരം കൂട്ടിക്കെട്ടിയതുപോലെ. അതിന്റെ ഒത്ത നടുക്കായി അധികം ചെറുതല്ലാത്ത ഒരു ദ്വാരവും ഉണ്ടായിരുന്നു. പ്രേതത്തിന് പുറത്തു നിന്ന് അകത്തു എത്താനുള്ള ഷോര്‍ട്ട് കട്ടായിരുന്നിരിക്കണം. ഭക്ഷണം കഴിക്കാനിരുന്ന മുറിയില്‍ കണ്ട വൃദ്ധയുടെ ഫ്രേയിം ചെയ്ത ഫോട്ടോ ചര്‍ച്ചയിലേക്ക് വന്നു. അവരെ തന്നെയല്ലേ വൈകുന്നേരം താഴെ വരാന്തയില്‍ കണ്ടത്..? അതൊരു തോന്നാലായിരുന്നോ..
മുറിയില്‍ തന്നെയുള്ള ബാത്ത് റൂമില്‍ പോയിട്ട് വന്ന കൂട്ടുകാരന് അതിന്റെ കതക് അടയ്ക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞു.
കൃത്യം പതിനൊന്ന് മണിക്ക് തന്നെ കറണ്ട് പോയി. മുറിയിലാകെ ഇരുട്ട് നിറഞ്ഞു.
താഴത്തെ നിലയില്‍ നിന്ന് മാത്രം എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്.
(തുടരും)
എഴുത്ത് : എല്‍.റ്റി മറാട്ട്
No comments:
Post a Comment