Saturday, February 23, 2019

"പണികള്‍" അക്കൗണ്ട് തുറക്കുന്നു.

ഭാഗം 4
'പണികള്‍' അക്കൗണ്ട് തുറക്കുന്നു.

യാത്ര തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും സുന്ദരമായൊരു ഉറക്കം കിട്ടിയത്. പ്രേതകഥകളും തടികള്‍ക്കിടയിലൂടെ നുഴഞ്ഞുകയറിയ തണുപ്പും യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉറക്കത്തിന് നല്‍കിയില്ല. രാവിലെ അഞ്ചരയ്ക്ക് അലാറാം മുഴങ്ങിയെങ്കിലും കട്ടിലില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ ആറ് മണി കഴിഞ്ഞിരുന്നു. ബാല്‍ക്കണിയിലേക്ക് നടന്നുചെല്ലുമ്പോള്‍ റഗ്‌സിന്‍ അവിടെ നില്‍പ്പുണ്ട്. ഇന്നലത്തെ അതേ വേഷം തന്നെ. ഞങ്ങള്‍ പരസ്പരം ഗുഡ്‌മോണിംഗ് പാസ്സാക്കി. ഹിന്ദി ഒട്ടും തന്നെ വശമില്ലാത്തതുകൊണ്ട് അറിയാവുന്ന ഇംഗ്ലീഷൊക്കെ തട്ടിവിട്ടാണ് റഗ്‌സിനോട് സംസാരിക്കുന്നത്. എന്റെ രൂപം കണ്ടിട്ടാകണം, ഞാന്‍ പഠിക്കുകയാണോ എന്നാണ് അയാള്‍ ആദ്യം തിരക്കിയത്. ടീച്ചറാണെന്നും കല്ല്യാണം കഴിഞ്ഞെന്നുമൊക്കെ മറുപടികൊടുത്തത് റഗ്‌സിന്‍ വിശ്വസിച്ചിട്ടുണ്ടാകുമോ എന്തോ. അയാള്‍ക്ക് 32 വയസ്സുണ്ടെന്ന് പറഞ്ഞു. അധികമൊന്നും പഠിക്കാന്‍ പോകാന്‍ പറ്റിയട്ടില്ല. പന്ത്രണ്ടാം ക്ലാസ്സ് വരെ അവിടെ വിദ്യാഭ്യാസം സൗജന്യമാണത്രേ. ടിബറ്റുകാര്‍ക്കാകണം. പക്ഷെ ഉപരിപഠനത്തിന് ലേയിലേക്കോ കാശ്മീരിലേക്കോ പോകേണ്ടി വരും. അതുപോലെ മറ്റൊരു കാര്യം, വൈകുന്നേരം ആറ് മണിമുതല്‍ രാത്രി പതിനൊന്ന് മണി വരെയേ ഇവിടെ കറണ്ട് ഉള്ളൂ. ബാക്കിയുള്ള സമയങ്ങളില്‍ സോളാറിന്റെ സഹായം തേടേണ്ടി വരും.

Photo © Nithesh Suresh

റഗ്‌സിന്‍ പെട്ടെന്ന് സീരിയസ്സായി. പിന്നെ സംസാരിച്ചത് മുഴുവന്‍ ആഗോള താപനത്തെ (Global Warming) പറ്റിയായിരുന്നു. തന്റെ കുട്ടികാലത്ത് ഇങ്ങനെയൊന്നുമായിരുന്നില്ല ഇവിടുത്തെ കാലാവസ്ഥയെന്ന് അയാള്‍ വളരെ വിഷമത്തോടെ പറഞ്ഞു. ഈ സമയത്തൊക്കെ ഒരടിയിലേറെ പൊക്കത്തില്‍ ഐസ് വീണ് കിടക്കുന്ന ഒരു കാലമുണ്ടായിരുന്നത്രേ. ഇപ്പോള്‍ ഓരോ വര്‍ഷം കഴിയും തോറും ഇവിടെ ചൂട് കൂടി വരികയാണ്. നമ്മളിപ്പോഴും അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നതേയില്ല എന്നതാണ് വസ്തുത. മത്സരിക്കുമ്പോള്‍, എല്ലാം വെട്ടിപ്പിടിച്ചോണ്ടിരിക്കുമ്പോള്‍ നമ്മുടെ ഭൂമി തന്നെയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാനും മാറി ചിന്തിക്കാനും നമുക്കൊക്കെ എവിടുന്നാണ് സമയം. കേരളത്തെ പറ്റി റഗ്‌സിന് യാതൊരു അറിവുകളുമില്ലെങ്കിലും വലിയൊരു ദുരന്തത്തിന്റെ തുടക്കമാണ് അതിന്റെ ലക്ഷണങ്ങളാണ് ഇതൊക്കെയെന്ന് അയാളുടെ സംസാരം നിറയെ ഉണ്ടായിരുന്നു. നിങ്ങള്‍ എവിടെയുള്ളവരാണെങ്കിലും ഇതൊക്കെ നിങ്ങള്‍ക്ക് കൂടിയുള്ള താക്കീതാണെന്നും.

റഗ്‌സിന്‍ ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുന്ന ഒരു വാക്കായിരുന്നു, ശാന്തി. ചോദിച്ചപ്പോള്‍ അയാള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം അതാണെന്നും ഈ ലോകം അതില്‍ തന്നെ എന്നും പുലരണമെന്നും അയാള്‍ പറഞ്ഞു. ഞാന്‍ കരുതിയതുപോലെ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അറിവുള്ളതുപോലെ Peaceful എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് റഗ്‌സിനും ആ വാക്ക് ഉപയോഗിച്ചത്. റഗ്‌സിനൊപ്പം നിന്നൊരു സെല്‍ഫിയെടുത്തു. അയാള്‍ എത്ര സുന്ദരനാണ്..!
വളരെ വേഗം ഞങ്ങള്‍ തയ്യാറായി ഇറങ്ങി. റഗ്‌സിനോടും കുടുംബത്തോടും യാത്ര പറഞ്ഞു. മുറ്റത്തേക്കിറങ്ങിയപ്പോള്‍ താഴത്തെ നിലയില്‍ വരാന്തയില്‍ ഇരുന്നിരുന്ന മുത്തശ്ശി ഞങ്ങള്‍ക്കരികിലേക്ക് വന്നു. അവരുടെ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു. സന്തോഷം പങ്കുവെയ്ച്ചതാകണം. ഞങ്ങളെല്ലാംകൂടി ഒരുമിച്ചിരുന്ന് ഒരു ഫോട്ടോ കൂടി എടുത്ത് 'കുന്‍സല്‍ യുര്‍ദും' ഹോം സ്‌റ്റേയോട് നന്ദി പറഞ്ഞ് അടുത്ത ലോകത്തിലേക്കുള്ള യാത്ര ആരംഭിച്ചു. സമയം ഏഴ് മണി കഴിഞ്ഞിട്ടുണ്ടാകണം.

Photo © Nithesh Suresh
നുബ്രാവാലിക്ക് അടുത്ത് തന്നെയുള്ള ഡിസ്‌കിത് ആശ്രമ (Diskit Monastery) ത്തിലേക്കാണ് ആദ്യം പോയത്. നുബ്രാവാലിയിലെ ഏറ്റവും പഴക്കം ചെന്ന ബുദ്ധസന്ന്യാസിമാരുടെ ആശ്രമമാണ് ഡിസ്‌കിത്. പതിനാലാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. ഇവിടുത്തെ വലിയ ആശ്രമവും ഇത് തന്നെ. നല്ല ഉയരത്തിലുള്ള മലയുടെ മുകളിലാണ് ആശ്രമം. പ്രധാന കവാടം വരെ വണ്ടി പോകും. മലകയറുമ്പോള്‍ വഴിക്കരികിലായി ചെറിയ താഴികകുടം കണക്കെയുള്ള നിര്‍മ്മിതികള്‍ നിറയെ കാണാം. അതിന്റെ ദേഹത്ത് മുഴുവന്‍ വെള്ള നിറം പൂശിയിട്ടുണ്ട്. ബുദ്ധസന്ന്യാസിമാരുടെ ശവകുടീരങ്ങളാണതെന്ന് കര്‍മ്മാജി പറഞ്ഞു. പ്രധാന കവാടത്തിനരികില്‍ വണ്ടി ഒതുക്കി ഞങ്ങള്‍ പുറത്തേക്കിറങ്ങി. നല്ല ചൂടുണ്ട് പുറത്ത്. നേരത്തെ പറഞ്ഞുവെച്ച തീരുമാനത്തില്‍ ചെറിയൊരു മാറ്റം വരുത്തി. ഒരുപാട് ദൂരം ഓടിയെത്തേണ്ടത്‌കൊണ്ട് ആശ്രമത്തിനകത്തേക്ക് കയറണ്ട എന്നൊരു അഭിപ്രായം വന്നു. അത് എല്ലാവര്‍ക്കും സമ്മതമായിരുന്നു. 32 മീറ്ററോളം ഉയരമുള്ള ആശ്രമത്തിലെ പ്രധാന ആകര്‍ഷണമായ ബുദ്ധപ്രതിമ ഇപ്പോള്‍ വളരെ അടുത്തായി കാണാം. ഷയോക് നദിയെ നോക്കിയിരിക്കുന്ന ബുദ്ധന് വല്ലാത്തൊരു ഭംഗിയാണ്.

ഷയോക് നദികരയിലൂടെയാണ് യാത്ര. ചിലപ്പോള്‍ നദിക്ക് വളരെയടുത്തുകൂടിയാണ് റോഡ് നീളുന്നത്. എന്നാല്‍ വലിയ കുന്നുകള്‍ കയറുമ്പോള്‍ നദിയും താഴ്‌വരയും ചേര്‍ന്നൊരുക്കുന്ന മനോഹരമായ ദൂരകാഴ്ചകള്‍ക്കും സാക്ഷിയാകാം. അവിടെ നിന്ന് നോക്കുമ്പോള്‍ മണ്ണിന്റെ നിറം തന്നെയാണ് നദിക്കും എന്ന് തോന്നും. പത്തരയോടെ ഞങ്ങള്‍ അഗം (Agham) എന്ന സ്ഥലത്തെത്തി. ഇവിടെവെച്ച് റോഡ് രണ്ടായി തിരിയുന്നുണ്ട്. ലേയിലേക്ക് വലത്തേക്കും പാഗോംങ് (Pangong) പോകാന്‍ ഇടത്തേക്കുമാണ് തിരിയേണ്ടത്. ഞങ്ങള്‍ ഇടത്തേക്കുള്ള റോഡിലേക്ക് കയറി ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി ചെറിയൊരു കടയ്ക്ക് മുന്നില്‍ വണ്ടിയൊതുക്കി. കടയിലേക്ക് കയറിയപ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടത് ഒരു മുന്നറിയിപ്പ് ബോര്‍ഡാണ്. ഹിമപ്പുലി (Snow Leopard) ഇറങ്ങാറുണ്ട്, ജാഗ്രതൈ - അതായിരുന്നു സന്ദേശം. എന്തേലും പ്രശ്്നമുണ്ടായാല്‍ സ്വീകരിക്കേണ്ടുന്ന കാര്യങ്ങളെകുറിച്ചൊക്കെയാണ് അതില്‍ പറഞ്ഞിരിക്കുന്നത്. കൈകഴുകാനും കുടിക്കാനുമൊക്കെ ചെറിയ നീര്‍ച്ചാലില്‍ നിന്നും വരുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. ഭക്ഷണം കഴിച്ച് അധികം വൈകാതെ തന്നെ അവിടെ നിന്നിറങ്ങി.

Photo © Nithesh Suresh

കുറേ മുന്നോട്ട് ചെന്നപ്പോള്‍ ചെറിയൊരു അരുവി യാതൊരു കുലുക്കവുമില്ലാതെ മുന്നിലൂടെ ഒഴുകി താഴേക്ക് പോകുന്നു. അരുവിയെ മറി കടന്ന് വേണം ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍. രാവിലെ ആയത്‌കൊണ്ട് അതില്‍ വെള്ളം കുറവാണ്. വൈകുന്നേരത്തോടെ ഉരുകി വരുന്ന ഐസിന്റെ അളവ് കൂടും. അരുവില്‍ വെള്ളം ഉയരും. അപ്പോള്‍ അതിനെ മറികടന്നുപോകാന്‍ പ്രയാസമാണെന്ന് കര്‍മ്മാജി പറഞ്ഞു. യാത്ര അവിടെവെച്ച് അവസാനിപ്പിച്ച് തിരിച്ചുപോകേണ്ടി വരുമത്രേ. അരുവിയുടെ നെഞ്ചിലൂടെ കയറി ഞങ്ങടെ ശകടം പതിയെ മുന്നോട്ട് നീങ്ങി.

ഷയോക് വില്ലേജ് കഴിഞ്ഞപ്പോഴേക്കും കാഴ്ചകള്‍ പതിയെ മാറാന്‍ തുടങ്ങിയിരുന്നു. ഇത്രയും നേരം കൂടെയുണ്ടായിരുന്ന ഷയോക് നദി വീണ്ടും കാണാം എന്നും പറഞ്ഞ് ഞങ്ങളില്‍ നിന്ന് അകന്നുപോയി. റോഡിന്റെ അവസ്ഥയും പരിതാപകരമാകാന്‍ തുടങ്ങി. ചെറിയ കല്ലുകളാണ് നിറയെ. കര്‍മ്മാജി പക്ഷെ നല്ലൊരു അഭ്യാസിയെ പോലെ 'സൂപ്പര്‍ കൂളാ'യി വണ്ടി പറപ്പിച്ചു. വല്ലാത്തൊരു പഹയന്‍ തന്നെ. പതിനൊന്നരയോടെ ഞങ്ങള്‍ ദര്‍ബുക്കി (Durbuk) ലെത്തി. ലേയില്‍ നിന്ന് പാന്‍ഗോംങിലേക്കുള്ള പ്രധാനവഴി ചങ്ങ് ലാ (Chang La) പാസ്സ് വഴി വന്നിറങ്ങുന്നത് ദര്‍ബുക്കിലാണ്. തിരിച്ച് ആ വഴിയാണ് ഞങ്ങള്‍ക്ക് ലേ പിടിക്കേണ്ടത്.

ദര്‍ബുക്ക് മുതല്‍ കുറേയേറേ മിലിട്ടറി ക്യാമ്പുകള്‍ കണ്ടു തുടങ്ങി. അതും കഴിഞ്ഞ്, തന്‍ഗ്‌സേ (Tangtse) വില്ലേജ് പിന്നിട്ട് മുന്നോട്ട് പോകുന്തോറും റോഡ് വിജനമായിക്കൊണ്ടിരുന്നു. കുറച്ചു കൂടി ദൂരം കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ ഇന്നത്തെ 'പ്രധാന പയ്യന്‍സ്' പതിയെ തലപൊക്കി തുടങ്ങിയിരുന്നു.
ദൂരെ ദൂരെയതാ വലിയൊരു നീലപൊട്ട് തെളിഞ്ഞു വരുന്നു. അടുത്തേക്ക് ചെല്ലുന്തോറും അതിന്റെ വലിപ്പവും സൗന്ദര്യവും ഏറി വരികയാണ്. അതാ, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഉപ്പുതടാകം ഞങ്ങളെ സ്വാഗതം ചെയ്യുന്നു - ദി പാന്‍ഗോംങ് സോ (Pangong Tso- Pangong Lake). എന്തൊരു അനുഭവമാണത്..! ചാരനിറത്തിലുള്ള മലകള്‍ കൂടി ഇടയ്ക്കില്ലായിരുന്നെങ്കില്‍ ഒരു വലിയ നീലഗോളത്തിനകത്ത് അകപ്പെട്ടതുപോലെ ആയേനേ. ആര്‍ക്കാണ് നീലിമ കൂടുതല്‍ എന്ന് ആകാശവും തടാകവും വലിയൊരു മത്സരം തന്നെ നടത്തുന്നതായി തോന്നി. വെറുതെയല്ല സിനിമാക്കാരുടെ പ്രിയ ലൊക്കേഷനായി ഇവിടം മാറിയത്. ദില്‍ സേയും ത്രീ ഇഡിയറ്റ്‌സും ജബ് തക് ഹേ ജാനും-അങ്ങനെ അനവധി സിനിമകളില്‍ പ്രധാന നടിയായി ഇവള്‍ ഷൈന്‍ ചെയ്തതല്ലേ.

Photo © Nithesh Suresh

തടാകത്തിന്റെ കരയില്‍ താമസിക്കാനുള്ള ടെന്റുകള്‍ ദൂരെ നിന്ന് തന്നെ കാണാം. എന്നാല്‍ തടാകത്തിന് മുന്‍പ് ഇടത്തേക്ക് തിരിഞ്ഞ് പോയാല്‍ ലുകുങ് (Lukung) എന്നൊരു സ്ഥലമുണ്ടെന്നും അവിടെ ടെന്റുകളുടെ പകുതി വാടകയ്ക്ക് ഹോം സ്‌റ്റേ കിട്ടുമെന്നും കര്‍മ്മാജി പറഞ്ഞു. ടെന്റില്‍ ക്യാമ്പ് ചെയ്യുന്ന സഞ്ചാരികള്‍ പോകാറുള്ള പോയിന്റിലേക്കാണ് കര്‍മ്മാജി ഞങ്ങളെ കൊണ്ടുപോയത്. അവിടെയാകുമ്പോള്‍ തിരക്ക് കുറവാണ്. മതിയാവോളം തടാകത്തെ ഹൃദയത്തിലേക്ക് ചേര്‍ക്കാം. തടാകത്തിനടുത്തേക്ക് എത്തുമ്പോള്‍ കാണുന്ന ആദ്യ പോയിന്റില്‍ സഞ്ചാരികളുടെ വലിയ തിരക്കാണ്. ത്രീ ഇഡിയറ്റ്‌സിലെ മഞ്ഞ സ്‌കൂട്ടറും ജബ് തക് ഹേ ജാനിലെ ബുള്ളറ്റും പലയിടങ്ങളിലായി ഇരിപ്പുണ്ട്. അതിലിരുന്ന് ഫോട്ടോയെടുക്കാന്‍ സഞ്ചാരികള്‍ അവിടെ ഒഴുകുകയാണ്.

വണ്ടിയില്‍ നിന്നിറങ്ങി ഞങ്ങള്‍ പതിയെ തടാകത്തിനരികിലേക്ക് നടന്നു. നല്ല വെയിലുണ്ടെങ്കിലും അധികം ചൂട് അനുഭവപ്പെട്ടില്ല. ഏകദേശം 14,270 അടി മുകളിലാണ് തടാകം ഞെളിഞ്ഞങ്ങനെ കിടക്കുന്നത്.  ഇന്ത്യയിലാണ് തുടക്കമെങ്കിലും തടാകത്തിന്റെ അറുപത് ശതമാനത്തോളം ഭാഗം ചൈനയിലാണ്. ദൂരെ കാണുന്ന മഞ്ഞുമലകള്‍ക്കപ്പുറം അപ്പോള്‍ ചൈനയാകണം. മഞ്ഞ് കാലത്ത് ഇത് മുഴുവന്‍ ഐസാകുമെന്ന് കര്‍മ്മാജി പറഞ്ഞിരുന്നു. അപ്പോള്‍ ഇതിന് മുകളില്‍ കൂടി നടക്കാമത്രേ. നല്ല രസായിരിക്കും. എന്നെങ്കിലും ആ ഒരു സമയത്ത് ഇവിടെ വരണം. വെള്ളത്തിന് മുകളില്‍ കൂടി നടക്കാന്‍ പറ്റില്ല എങ്കിലും ഐസിന് മുകളില്‍ കൂടിയെങ്കിലും അത് സാധിക്കാമല്ലോ..!

Photo © Nithesh Suresh

തടാകകരയില്‍ സഞ്ചാരികളെ സ്വീകരിക്കാന്‍ കുതിരകളും യാക്കുകളും നില്‍പ്പുണ്ട്. അതിന്റെ പുറത്തേറി തടാകകരയിലൂടെ സവാരി നടത്തി വരാം. വേണമെങ്കില്‍ ടിബറ്റന്‍ പരമ്പരാഗത വേഷവും ധരിച്ച് തടാകകരയില്‍ നിന്ന് ഫോട്ടോ എടുക്കാം. ഞങ്ങള്‍ നടന്ന് തടാകത്തിനരികിലെത്തി. അവിടെ എത്തിയപ്പോള്‍ ഒരു കാര്യം ബോധ്യമായി. ആകാശത്തിന് രണ്ടാം സ്ഥാനമേ കൊടുക്കാന്‍ പറ്റൂ. അത്രയ്ക്ക് കേമമാണ് തടാകത്തിന്റെ നിറം. നീലയെന്ന് പറഞ്ഞാല്‍ എജ്ജാതി നീല..! വിജ്രംഭിച്ച്‌പോയി. അടിത്തട്ടിലുള്ള ഒരു ചെറിയ കല്ലിന്റെ ഭംഗിവരെ നല്ല വ്യക്തമായി കാണാം. നല്ല ക്രിസ്റ്റല്‍ ക്ലിയറായി വെള്ളം അനങ്ങാതെ കിടക്കുകയാണ്. കരയില്‍ നിന്നും ഇരുന്നും പലപോസുകളില്‍ ചാടിയും ക്യാമറയ്ക്ക് വിശ്രമം നല്‍കാതെ പണിയെടുപ്പിച്ചു. അതിന് ശേഷം പതിയെ തടാകത്തിലേക്കിറങ്ങി. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. സൂര്യന്‍ ഒരു പേരിന് തലയ്ക്ക് മുകളില്‍ കത്തി നില്‍ക്കുന്നു എന്നേ ഉള്ളൂ. വെള്ളത്തിന് ഒരു രക്ഷയുമില്ലാത്ത തണുപ്പാണ്. ഒരു മുപ്പത് സെക്കന്റ് അതില്‍ നിന്നാല്‍ കാല് മൊത്തത്തില്‍ ഐസായിപോകുന്ന അവസ്ഥ. എന്നാലും ആ കുറച്ച് നിമിഷത്തെ നില്‍പ്പൊരു സുഖായിരുന്നു.

Photo © Nithesh Suresh

കുറേ നേരം ഫോട്ടോയെടുത്തും തടാകത്തിന്റെ സൗന്ദര്യത്തില്‍ മയങ്ങിയും അവിടെ നിന്നു. വിശപ്പിന്റെ വിളി അതി കഠിനമായതിന് ശേഷമാണ് അവിടെ നിന്ന് മടങ്ങാന്‍ തീരുമാനിക്കുന്നത്. ആകെ തോന്നിയ ഒരു നഷ്ടബോധം അന്ന് രാത്രി അവിടെ സ്‌റ്റേ ചെയ്യാന്‍ കഴിയില്ലല്ലോ എന്നതാണ്. എന്നും ഓര്‍മ്മിക്കാന്‍ കുറച്ച് കല്ലുകള്‍ തടാകത്തില്‍ നിന്ന് പെറുക്കി ഹൃദയത്തിലിട്ട് രണ്ടരയോടെ അവിടെ നിന്ന് മടങ്ങി. വിശപ്പും ക്ഷീണവും കാരണം എല്ലാവരുടേയും കണ്ണുകള്‍പെട്ടെന്ന് തന്നെ അടഞ്ഞു. എവിടെയോ എത്തിയപ്പോള്‍ കര്‍മ്മാജി സഡന്‍ ബ്രേക്കിട്ട് വണ്ടി നിര്‍ത്തി. ആ കുലുക്കത്തിലാണ് എല്ലാവരും ഞെട്ടി എഴുന്നേറ്റത്. അപ്പോഴേക്കും തടാകത്തില്‍ നിന്ന് ഒരുപാട് അകലെ എത്തി കഴിഞ്ഞിരുന്നു ഞങ്ങള്‍.

Photo © Nithesh Suresh

ഒരു ഹിമാലയന്‍ മാര്‍മറ്റ് (Marmot) വണ്ടിക്ക് മുന്നിലൂടെ താഴെയുള്ള പാറക്കൂട്ടത്തിരികിലേക്ക് ഓടി. കര്‍മ്മാജി അപ്പോഴാണ് സഡന്‍ ബ്രേക്കിട്ടത്. വംശനാശഭീക്ഷണി നേരിടുന്ന ഐയുസിഎന്‍-റെഡ് ഡേറ്റാ ബുക്കിലുള്ള കക്ഷിയാണ് ഹിമാലയന്‍ മാര്‍മറ്റ്. ഞങ്ങള്‍ വണ്ടിയൊതുക്കി കുറച്ച് നേരം ആ വിരുതനെ കാത്തുനിന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും ആശാന്‍ മണ്ണിലുള്ള കുഴിയില്‍ നിന്നും വെളിയിലേക്ക് വന്നൊരു ദര്‍ശനം തന്നു. തവിട്ടു നിറമുള്ള ഒരു കമ്പിളി കുപ്പായക്കാരന്‍. അണ്ണാറകണ്ണന്റെ ഫാമിലി മെമ്പറാണ്. മുന്നിലേക്ക് തള്ളി നില്‍ക്കുന്ന രണ്ട് പല്ലുകളാണ് അവന്റെ ഹൈലൈറ്റ്. ഞങ്ങള്‍ ഫോട്ടോ എടുക്കുന്നത് കണ്ടപ്പോള്‍ ആശാന്‍ രണ്ട് കാലില്‍ എഴുന്നേറ്റ് നിന്ന് ചില സര്‍ക്കസൊക്കെ കാണിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് പിന്നാലെ വന്ന സഞ്ചാരികളും അവിടേക്ക് എത്തിയപ്പോള്‍ കക്ഷി വീണ്ടും മാളത്തിലൊളിച്ചു.

കുറേ ദൂരം കഴിഞ്ഞപ്പോള്‍ വലിയൊരു ചെമ്മരിയാട്ടിന്‍ കൂട്ടം വഴി ഉപരോധിച്ചു. കുറച്ചു നേരം ക്ഷമയോടെ കാത്തിരുന്നതിന് ശേഷമാണ് യാത്ര തുടരാന്‍ കഴിഞ്ഞത്. മൂന്നരയോടെ ഞങ്ങള്‍ ദര്‍ബുക്ക് എത്തി. അവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്. തന്‍ഗ്‌സേ നിന്നും ഇന്തോ-ചൈന വാര്‍ മെമ്മോറിയല്‍ സ്ഥിതി ചെയ്യുന്ന ചുഷുള്‍ (Chushul) വഴി സോമൊറീറി (Tso Moriri) പോകാന്‍ വഴിയുണ്ട്. എന്നാല്‍ ഒരു ദിവസം കൂടി അതിന് വേണ്ടി മാറ്റിവെക്കേണ്ടി വരും. സോമൊറീറി കൂടി ചേര്‍ത്തുള്ള മൂന്ന് ദിവസത്തെ പാക്കേജിന് 38000 രൂപയാണ് കര്‍മ്മാജി പറഞ്ഞത്. അത് ഞങ്ങള്‍ അന്നേ വേണ്ടെന്ന് വെച്ചിരുന്നു. ലേ നിന്ന് തിരിച്ച് മണാലി പോകുമ്പോള്‍ സോമൊറീറി സന്ദര്‍ശിക്കാമെന്നാണ് കരുതിയാണ് ഞങ്ങള്‍ അവിടേക്കുള്ള പെര്‍മിഷനും എടുത്തുവെച്ചത്. ടാക്‌സികാരുടെ കണ്ണില്‍പ്പെടാതെ അവിടേക്ക് പോകാനുള്ള വഴിയും പറഞ്ഞുതരാമെന്ന് വിശാലമനസ്സ്‌കനായ കര്‍മ്മാജി പറഞ്ഞിരുന്നു.
ദര്‍ബുക്കില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു. വലതുവശത്ത് ഞങ്ങള്‍ നുബ്രാവാലിയില്‍ നിന്ന് വന്ന വഴിയാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ചങ്‌ലാ (Chang La) പാസ്സിലെത്തി. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ വലിയ പാസ്സാണ്. 17688 അടിയാണ് അവിടെ അടയാളപ്പെടുത്തിയിരിക്കുന്ന ഉയരം. അധിക നേരം പുറത്ത് നില്‍ക്കരുതെന്ന് കര്‍മ്മാജി ഞങ്ങള്‍ക്ക് മുന്നറിയിപ്പ് തന്നു. അവിടെ ഓക്‌സിജന്‍ നന്നേ കുറവാണ്. പുറത്തേക്കിറങ്ങിയപ്പോള്‍ ഞങ്ങള്‍ക്കും അത് ബോധ്യമായി. സ്തൂപത്തിന് മുന്നില്‍ നിന്ന് കുറച്ച് ചിത്രങ്ങള്‍ പകര്‍ത്തി ഉടന്‍ തന്നെ ഞങ്ങള്‍ ചുരമിറങ്ങി തുടങ്ങി.

Photo © Nithesh Suresh

പേടിപ്പെടുത്തുന്ന പൊക്കത്തിലൂടെയാണ് യാത്ര. അവിടെ നടന്നിട്ടുള്ള അപകടങ്ങളെകുറിച്ചാണ് കര്‍മ്മാജിയുടെ സംസാരം മുഴുവന്‍. അടുത്തകാലത്തായി അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ശേഷിപ്പുകളും കര്‍മ്മാജി കാണിച്ചു തന്നു. അതില്‍ ഏറ്റവും ഭീകരമായി തോന്നിയത് കൊക്കയില്‍ മറിഞ്ഞുകിടക്കുന്ന ഒരു പട്ടാളട്രക്കിന്റെ കാഴ്ചയാണ്. മൂന്നോ നാലോ പട്ടാളക്കാര്‍ ആ അപകടത്തില്‍ മരണപ്പെട്ടത്രേ. കഴിഞ്ഞ മഞ്ഞ്കാലത്താണ് അപകടമുണ്ടായത്. ഐസിന് മുകളിലൂടെ പോകുമ്പോള്‍ ട്രക്കിന്റെ വീലുകള്‍ പരസ്പരം വലിയ ചങ്ങലകള്‍കൊണ്ട് ബന്ധിക്കും. ഐസില്‍ വണ്ടി തെന്നിമാറി അപകടത്തില്‍പ്പെടാതെയിരിക്കാന്‍ വേണ്ടി ചെയ്യുന്നതാണത്്. പക്ഷെ പുതുതായി പ്രവേശിച്ച സാഹസികരായ ചിലര്‍ അതൊന്നും കാര്യമാക്കാതെ ട്രക്ക് ഓടിച്ചത്രേ. അങ്ങനെയാണ് ഐസില്‍ നിന്ന് തെന്നിമാറി നിയന്ത്രണംവിട്ട്് ട്രക്ക് വലിയ താഴ്ചയിലേക്ക് വീണതെന്ന്് കര്‍മ്മാജി പറഞ്ഞു നിര്‍ത്തി. എന്നിട്ട് പാട്ടിന്റെ താളത്തില്‍ തലയും കുലുക്കി വലിയ വേഗത്തില്‍ തന്നെ കാര്‍ പറപ്പിച്ചു. അതൊരു നല്ല കിളിപോയ അനുഭവമായിരുന്നു.

പ്രധാനവഴിയില്‍ നിന്ന് മാറി കുറേയേറേ 'ഷോര്‍ട്ട് കട്ടുകള്‍' മുന്നോട്ട് പോകുന്നുണ്ടായിരുന്നു. കര്‍മ്മാജിയും ചില കുറുക്കുവഴികള്‍ തന്നെ തിരഞ്ഞെടുത്ത് മുന്നോട്ട് പോയി. അധികം വൈകാതെ തന്നെ ഞങ്ങള്‍ ശക്തി (Sakthi) എന്നൊരു ഗ്രാമത്തിലെത്തി. അവിടെയാണ് കുറേ നേരം കഴിഞ്ഞ് ഫോണിന് സിഗ്നല്‍ കിട്ടിയത്. ഫോണ്‍വിളിയും ചായകുടിയുമായി കുറച്ച് നേരം അവിടെ വിശ്രമിച്ചു. അഗം (Agham) നിന്ന് ലേയിലേക്ക് തിരിയുന്ന വഴി വന്ന് ചേരുന്നത് ഇവിടെയാണ്. അവിടെ നിന്ന് മണാലി-ലേ റൂട്ടിലെ ഹെമിസി (Hemis) ലെത്തുകയും രാത്രി എട്ട് മണിയോടുകൂടി രണ്ട് ദിവസത്തെ സര്‍ക്കീട്ടിന് ശേഷം ഞങ്ങള്‍ ലേ നഗരത്തില്‍ തിരിച്ചെത്തുകയും ചെയ്തു.

Photo © Nithesh Suresh

നേരത്തെ താമസിച്ചിരുന്ന ഗാല്‍വന്‍ പാലസ് തന്നെയാണ് ബുക്ക് ചെയ്തിരുന്നത്. ഞങ്ങളുടെ താറും ബുള്ളറ്റുമൊക്കെ അവിടെ പാര്‍ക്ക് ചെയ്തിട്ടായിരുന്നല്ലോ പോയത്. അവസാനയാത്രയില്‍ താറിന് ചെറിയൊരു സ്‌പെല്ലിംഗ് മിസ്റ്റേക്ക് മണത്തിരുന്നു. അവനെ അത്യാവശ്യമായി ഒന്ന്് വര്‍ക്ക്‌ഷോപ്പില്‍ കാണിക്കേണ്ടിവരും. തിരിച്ചുവന്നിട്ടാകാം എന്ന് കരുതിയിരുന്നതാണ്. ലേയിലുള്ള രണ്ട് മൂന്ന് വര്‍ക്ക് ഷോപ്പുകളെപറ്റിയുള്ള വിവരങ്ങള്‍ കര്‍മ്മാജി ഞങ്ങളോട് പറഞ്ഞു. ഒര് വര്‍ക്ക് ഷോപ്പ് നേരിട്ട് വന്ന് കാണിച്ചു തരുകയും ചെയ്തു. അന്നത്തെ ഏറ്റവും വലിയ സങ്കടം ഞങ്ങളെ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ ഇറക്കി കര്‍മ്മാജിയോട് വിട പറഞ്ഞ നിമിഷങ്ങളാണ്. ഈ യാത്രയില്‍ പരിചയപ്പെട്ട അടിപൊളിയൊരു മനുഷ്യനായിരുന്നു കര്‍മ്മാജി. നമ്മളിനിയും കാണുമെന്ന് പറഞ്ഞ് നെഞ്ചോട് നെഞ്ച് ചേര്‍ത്ത് കര്‍മ്മാജിക്ക് ഞങ്ങള്‍ യാത്ര പറഞ്ഞു.

ഫുഡ് കഴിക്കാനായി ഞങ്ങള്‍ ലേ മാര്‍ക്കറ്റിലേക്കിറങ്ങി. മാര്‍ക്കറ്റിലൂടെ രാത്രി ഭംഗിയും ആസ്വദിച്ച് കുറേ നേരം തേരാപാര നടന്നു. അധികം തണുപ്പ് അനുഭവപ്പെട്ടില്ല. മാര്‍ക്കറ്റിനകത്ത് തന്നെയുള്ള 'ലേ ദര്‍ബാര്‍'-ല്‍ നിന്നായിരുന്നു അന്ന് മനസ്സു നിറഞ്ഞ് ഭക്ഷണം കഴിച്ചത്. കുറച്ച് നേരം മാര്‍ക്കറ്റില്‍ അലഞ്ഞ് നടന്ന് രാത്രിയോടെ തിരിച്ച് റൂമിലെത്തി.

നല്ല ക്ഷീണമുള്ളതുകൊണ്ട് എല്ലാവരും പെട്ടെന്ന് തന്നെ ഉറങ്ങി.
രാവിലെ ഏഴ് മണിയോടെയാണ് എഴുന്നേറ്റത്. മുറ്റം നിറയെ അപ്പോഴേക്കും നല്ല വെട്ടം പരന്നിരുന്നു. ഇന്നത്തെ ദിവസം ലോക്കല്‍ കാഴ്ചകള്‍ കാണാനിറങ്ങാനാണ് തീരുമാനിച്ചിരുന്നത്. ആദ്യം താര്‍-നെ ഒന്ന് 'ഡോക്ടറെ' കാണിക്കണം. ബ്രേക്ക് നല്ല പ്രശ്‌നമുള്ളതുപോലെ അനുഭവപ്പെട്ടിരുന്നു. അത് ശരിയാക്കാതെ യാത്ര തുടരാന്‍ കഴിയില്ല. വേഗം റെഡിയായി കര്‍മ്മാജി കാണിച്ചു തന്നിരുന്ന വര്‍ക്ക്‌ഷോപ്പിലേക്ക് തന്നെ ആദ്യം ഇറങ്ങി. എന്നാല്‍ ആ വര്‍ക്ക് ഷോപ്പ് അന്ന് തുറന്നിട്ടുണ്ടായിരുന്നില്ല. അടുത്തെങ്ങും ഒറ്റ മനുഷ്യരേയും കാണാനില്ല. അവിടെ നിന്ന് മറ്റൊരു വര്‍ക്ക്‌ഷോപ്പിലേക്ക് തിരിച്ചു. അതും അന്ന് അടവായിരുന്നു. ചോദിച്ചും അറിഞ്ഞും മൂന്ന് നാല് സ്ഥലങ്ങളില്‍ കൂടി പോയി നോക്കി. എല്ലാം അടഞ്ഞു തന്നെ കിടക്കുന്നു.
അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. വര്‍ക്ക്‌ഷോപ്പ് മാത്രമല്ല, കടകള്‍ കൂടുതലും അടഞ്ഞ് തന്നെ കിടക്കുകയാണ്. എന്താ സംഗതി..? ഇനി എന്തേലും പ്രശ്‌നം വല്ലതും കാണുമോ..! വണ്ടി പണിഞ്ഞില്ലെങ്കില്‍ പെട്ടതുതന്നെയാണ്. യാത്ര മുടങ്ങും. പ്ലാനെല്ലാം തെറ്റും. മുന്നോട്ട് പോകാന്‍ കഴിയില്ല.
പെട്ടെന്നാണ് എവിടുന്നോ ഒരശരീരി കേട്ടത് -

'ടാ മണ്ടന്മാരേ ഇന്ന് ഞായറാഴ്ചയാണ്...! '

ആ ബെസ്റ്റ്.

(തുടരും)


എഴുത്ത്: എല്‍.റ്റി മറാട്ട്


Tuesday, January 1, 2019

പച്ച ഉടുപ്പിട്ട കുഞ്ഞാപ്പു

''കുഞ്ഞാപ്പുവേ..''

തേന്‍ കിനിയുന്ന വിളിയാണ്. പാതിമയക്കത്തിലിരിക്കുന്ന കുഞ്ഞാപ്പു ആ വിളിയിലുണരും. മോഡല്‍ സ്‌കൂളിന്റെ ഗേയിറ്റിനപ്പുറം അപ്പോഴും ഇരുട്ടായിരിക്കും. കുഞ്ഞാപ്പുവിന്റെ കൈയിലെ ബാറ്ററി ടോര്‍ച്ചിന്റെ വെളിച്ചം ഇരുട്ടില്‍ മുങ്ങാംകുഴിയിട്ടൊന്നുപോയി പെട്ടെന്ന് തിരിച്ചു വരും. ആരും ഉണ്ടാവില്ലവിടെ. കുഞ്ഞാപ്പു കനവുകണ്ടതാണ്! എന്നാലും കസേരയില്‍ നിന്നെഴുന്നേറ്റ് കെട്ടിടത്തിനുചുറ്റും ഒരുവലംവെച്ച് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്താതെ അയാള്‍ക്കൊരു സ്വസ്ഥതയും ഉണ്ടാകില്ല.

മുറ്റത്ത് നില്‍ക്കുന്ന കൊന്നമരം ഇലയനങ്ങാതെ അയാളുടെ ചലനങ്ങള്‍ നിരീക്ഷിച്ചു. പതിനേഴ് വര്‍ഷം മുന്‍പ് സ്‌കൂളിലെ സെക്യൂരിറ്റിയായി കയറിയതുമുതലുള്ള കുഞ്ഞാപ്പുവിന്റെ ദിനചര്യകളുടെ ദൃക്‌സാക്ഷിയാണ് ആ മരം. കുഞ്ഞാപ്പു അവിടെ എത്തുമ്പോള്‍ ഒരടി പൊക്കത്തിലുള്ള വളര്‍ച്ച മാത്രമേയുണ്ടായിരുന്നുള്ളു അതിന്. അന്ന് തന്നെ ചുറ്റിനും വൃത്തിയാക്കി ചെറിയൊരു വേലിയും കുഞ്ഞാപ്പു കെട്ടി. ഇന്റര്‍വെല്‍ സമയത്ത് തീവണ്ടി പാഞ്ഞ് വരുന്ന കുട്ടികളെ കുഞ്ഞാപ്പു സ്‌നേഹത്തോടെ ശകാരിച്ച് അതിനടുത്ത് നിന്ന് വഴിതിരിച്ച് വിടും. അങ്ങനെയങ്ങനെ കുഞ്ഞാപ്പുവിന്റെ സംരക്ഷണയില്‍ വേലിയെല്ലാം പൊളിച്ച് വലിയൊരു മരമായി മുറ്റത്തങ്ങനെ വിലസി നില്‍ക്കുകയാണ് കൊന്നമരം.

ടോര്‍ച്ചുമണച്ച് കുഞ്ഞാപ്പു വീണ്ടും കസേരയില്‍ വന്നിരുന്നു. എത്രയോ വര്‍ഷങ്ങളായി ഇതുതന്നെയാണയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കുറച്ച് നേരം ഇരുട്ടിലേക്ക് തന്നെ നോക്കിയിരുന്നിട്ട് അയാള്‍ പതിയെ ഉറക്കത്തിലേക്ക് വീണു.

Photo © Vineeth Vasudevan
''കുഞ്ഞാപ്പുവേ..''

അച്ഛന്റെ വിളിയാണ്. കുഞ്ഞാപ്പുവിനപ്പോള്‍ പത്തോ പന്ത്രണ്ടോ വയസ്സ് പ്രായമേ ഉള്ളൂ. അച്ഛന്‍ കാണാതെ കൂട്ടുകാരുമൊത്ത് പറമ്പില്‍ കളിച്ചുകൊണ്ട് നില്‍ക്കുകയാണ്. കളിയുടെ ആവേശമങ്ങനെ കേറി കേറി വന്നപ്പോഴാണ് പറമ്പിന്റെ മൂലയില്‍ നിന്ന് അച്ഛന്റെ ദേഷ്യത്തിലുള്ള വിളി കുഞ്ഞാപ്പുവിന്റെ ചെവിയില്‍ വന്ന് തട്ടിയത്. ഒരു മുണ്ട് മാത്രം ഉടുത്ത് നില്‍ക്കുന്ന അച്ഛന്റെ കൈയിലിരിക്കുന്ന സാമാന്യം വലിപ്പമുള്ള വടി അവന്‍  വ്യക്തമായി കണ്ടു. കുറച്ച് കഴിഞ്ഞ് കിട്ടിയ അടിയേക്കാളും അവന്‍ പക്ഷെ പേടിച്ചത് ആദ്യം കേട്ട അച്ഛന്റെ ഉറക്കെയുള്ള കുഞ്ഞാപ്പു വിളിയിലാണ്. രണ്ട് തുള്ളി മൂത്രം അവന്റെ ചെറിയ ട്രൗസറിനെ തഴുകി മുട്ടിലേക്ക് അപ്പോഴേക്കും ഒഴുകാന്‍ തുടങ്ങിയിരുന്നു.

കുഞ്ഞാപ്പുവിന്റെ സ്വപ്നത്തില്‍ നിറയെ അച്ഛന്‍ നിറയുകയാണ്. ചിരിയും കണ്ണീരും തലോടലും ശകാരങ്ങളുമെല്ലാം കുഞ്ഞാപ്പു അപ്പോള്‍ അറിഞ്ഞു.

''കുഞ്ഞാപ്പുവേ..''

ചെറുമോന്‍ വിളിക്കുന്നതാണ്. കുഞ്ഞാപ്പുവിന്റെ ഇളയ മകളുടെ മകനാണ്. കുഞ്ഞാപ്പുവിനെ പേരെടുത്തേ വിളിക്കൂ. അപ്പൂപ്പനെന്ന് ആരും തിരിത്തിയതുമില്ല. ആനകളിക്കാനുള്ള വിളിയാണ്. കുഞ്ഞാപ്പു ചെറുമകനേം മുതുകത്തിരുത്തി ഗുരുവായൂര്‍ കേശവനായി മാര്‍ബിള്‍ പാകിയ തറയില്‍ കൂടി അങ്ങനെ നാലുകാലില്‍ നടക്കും. പാപ്പാന്റെ അടിയും തൊഴിയുമൊക്കെ കണക്കിന് വാങ്ങി കൂട്ടുകയും ചെയ്യും. എങ്കിലും കുഞ്ഞാപ്പുവിന് അതൊക്കെ ഒരു രസാണ്.

കിനാവില്‍ ആനകളിച്ചോണ്ടിരുന്ന കുഞ്ഞാപ്പുവിന്റെ ചുണ്ടില്‍ നിന്ന് ഈളുവാ താഴേക്കിറങ്ങി. നരച്ച താടിരോമങ്ങളില്‍ തട്ടി നിന്ന നീരൊഴുക്കിനെ കുഞ്ഞാപ്പു സ്വബോധത്തിലെന്നോണം തുടച്ചു നീക്കി. കനവുകളുടെ ഒഴുക്കിനെ മാത്രം അയാള്‍ക്ക് നിയന്ത്രിക്കാന്‍ പക്ഷെ കഴിഞ്ഞില്ല.

''കുഞ്ഞാപ്പുവേ..''

സ്‌കൂള്‍ മാനേജര്‍ അത്യാവശ്യമായി വിളിച്ചിരിക്കുകയാണ്. ചന്ദനകളര്‍ ഷര്‍ട്ടും വെള്ള മുണ്ടുമാണ് അയാളുടെ വേഷം. തനിക്കുള്ളതുപോലെ അയാളുടെ ചെവിയിലും നിറയെ രോമങ്ങളുണ്ടെന്ന് കുഞ്ഞാപ്പു ശ്രദ്ധിച്ചു. പക്ഷെ മാനേജരുടെ ചെവിയിലുള്ളത് നല്ല കറുത്ത രോമങ്ങളാണ്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് അയാള്‍ കുഞ്ഞാപ്പുവിനോട് സംസാരിക്കുന്നത്. കുഞ്ഞാപ്പുവിനെ പറ്റി അവടെ ആര്‍ക്കും ഒരു പരാതിയുമില്ലായിരുന്നു. സ്‌കൂളിലൊരു വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുവാന്‍ പോകുകയാണ്. മാനേജ്‌മെന്റും പിടിഎയും ഒരുമിച്ചെടുത്ത തീരുമാനമാണ്. സ്‌കൂളിന്റെ പിന്‍ഭാഗത്ത് വലിയൊരു പൂന്തോട്ടമുണ്ട്. അവിടെയാണ് കോര്‍ട്ട് നിര്‍മ്മിക്കാന്‍ പോകുന്നത്. ആ സ്ഥലം വൃത്തിയാക്കി കൊടുക്കേണ്ടുന്ന ജോലി കുഞ്ഞാപ്പുവിനാണ്. ചെടികള്‍ വെച്ച് പൂക്കളെ വിരിയിച്ച് പൂമ്പാറ്റകളെ ക്ഷണിച്ച് 'തോന്നിവാസം' കാണിച്ചത് കുഞ്ഞാപ്പുവായിരുന്നല്ലോ. മാനേജരുടെ നിര്‍ദ്ദേശം കുഞ്ഞാപ്പു കേട്ട് നിന്നതേയുള്ളൂ.

ഈ തവണ സ്വപ്നത്തില്‍ നിന്ന് കുഞ്ഞാപ്പു ഉണര്‍ന്നു. മുന്നിലപ്പോഴും ഇരുട്ടാണ്. കൊന്നമരം അയാളെ തന്നെ നോക്കി നില്‍ക്കുകയാണ്. കുഞ്ഞാപ്പു കസേരയില്‍ നിന്നെഴുന്നേറ്റു. അയാള്‍ കെട്ടിടത്തിന് പുറകിലേക്ക് നടന്നു. അയാളുടെ കൈയിലിരിക്കുന്ന ടോര്‍ച്ചിന്റെ വെളിച്ചം അവിടമാകെ പരന്നു. പൂന്തോട്ടം നിന്നിടത്ത് കോര്‍ട്ട് പണിയാനുള്ള മണ്ണിറക്കിയിട്ടിരിക്കുകയാണ്.

കുഞ്ഞാപ്പു ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ മുന്നോട്ട് നടന്നു. മതിലിനോട് ചേര്‍ന്ന് അയാളുടെ സൈക്കിളിരിപ്പുണ്ട്. കുഞ്ഞാപ്പു രണ്ട് വലിയ പലക സംഘടിപ്പിച്ച് അതിന്റെ പിറകിലെ കാരിയറിലേക്ക് വെച്ചുകെട്ടി. ചെറുതും വലുതുമായ കൂടുകളില്‍ നിറച്ച് വെച്ചിരിക്കുന്ന ചെടികളെ തറയില്‍ നിന്നെടുത്ത് കുഞ്ഞാപ്പു പലകയുടെ മുകളിലേക്കും സൈക്കിളിന് ചുറ്റുമായി അടുക്കി. വീണുപോകാത്ത രീതിയില്‍ അയാള്‍ അതിനെയെല്ലാം ചേര്‍ത്തുകെട്ടി.

കുഞ്ഞാപ്പു ടോര്‍ച്ച് അണച്ച് അടുത്തുള്ള തിട്ടയിലേക്ക് വെച്ചു. അയാള്‍ പതിയെ സൈക്കിളിലേക്ക് കയറി. കുഞ്ഞാപ്പുവും സൈക്കിളും ഗേയിറ്റിനടുത്തെത്തി. ഗേയിറ്റിന്റെ രണ്ട് പാളികളും മലര്‍ക്കെ തുറന്ന് ആ വലിയ പൂന്തോട്ടം ഇരുട്ടിലേക്കിറങ്ങി.

എഴുപതിലും തളരാത്ത മനസ്സോടെ കുഞ്ഞാപ്പു സൈക്കിള്‍ മുന്നോട്ട് ചവിട്ടി. പെഡലുകള്‍ അതിവേഗത്തില്‍ കറങ്ങി.

അച്ഛനെ ദഹിപ്പിച്ച സ്മശാനം കുഞ്ഞാപ്പു കണ്ടു. മക്കളും പേരക്കിടാങ്ങളും സുഖമായുറങ്ങുന്ന വീടയാള്‍ കണ്ടു. അതിന്റെ മട്ടുപാവിലെ വലിയ പൂന്തോട്ടവും കണ്ടു.

ഒരു തെരുവിന്റെ മധ്യത്ത് അയാള്‍ സൈക്കിള്‍ ഒതുക്കി. രാത്രി വരെ പണിയെടുത്ത് തളര്‍ന്ന് നില്‍ക്കുന്ന ട്രാഫിക് സിഗ്നലിന്റെ കാലുകളില്‍ സൈക്കിള്‍ ചാരിവെച്ച് അതിനരികിലായി കുഞ്ഞാപ്പു ഇരുന്നു.

സൈക്കിളിലിരിക്കുന്ന ഓരോ ജീവനും കൗതുകത്തോടെ ആകാശം കാണുകയായിരുന്നു. നിറയെ നക്ഷത്രങ്ങള്‍ അവിടേക്കിറങ്ങി വന്നു. ഒരിളം കാറ്റ് കുഞ്ഞാപ്പുവിനെ തലോടി കടന്നുപോയി. അയാള്‍ പതിയെ ഉറക്കത്തിലേക്ക് വഴുതിയിറങ്ങി.

''കുഞ്ഞാപ്പുവേ..''

പൂക്കളുടെ വിളിയാണ്. ആ കനവില്‍ നിന്നയാള്‍ ഉണര്‍ന്നതേയില്ല.

എല്‍.റ്റി മറാട്ട്
01.01.2019