ഒന്ന്
ഒന്നാം തീയതി രാവിലെ തന്നെ അടുക്കള വശത്തുള്ള തെങ്ങിന്‍കുഴിയില്‍ ജാനകിയമ്മ എന്തോ തിരയുകയാണ്. ആ സമയം മതിലിന് മുകളില്‍ കൂടി നടന്നുപോയ തൊട്ടടുത്ത വീട്ടിലെ കിങ്ങിണി എന്ന് പേരുള്ള പൂച്ച കാര്യം എന്താണെന്നറിയാനായി കുറച്ചു നേരമവിടെ കുത്തിയിരുന്നു. ജാനകിയമ്മ നടന്ന് അലക്കുകല്ലിനരികിലെത്തി. കുറച്ച് മുന്നേ അതിന് ആറ് മീറ്റര്‍ മുകളില്‍ കൂടി പറന്നുപോയൊരു കാക്കയുടെ വിസര്ജ്ജനാവയവത്തില് നിന്ന് ഗുരുത്വാകര്‍ഷണബലം നിമിത്തം താഴേക്ക് വീണ കാഷ്ഠം അലക്കുകല്ലിന്റെ അറ്റത്തായി തെളിഞ്ഞിരിപ്പുണ്ടായിരുന്നു. അതില്‍ തട്ടാതെ വലതു കൈ മുകളില്‍ കുത്തി ജാനകിയമ്മ കല്ലിന് പുറകിലേക്ക് എത്തി നോക്കി. കരിമേഘങ്ങള്‍ സൂര്യനെ വന്ന് മൂടുന്നതുപോലെ ജാനകിയമ്മയുടെ മുഖത്തേക്ക് അതിതീവ്രമായ നിരാശ ഒഴുകിയെത്തി.
അടുക്കള വാതിലിനരികിലെത്തി അകത്തേക്ക് നോക്കി ജാനകിയമ്മ ഉറക്കെ വിളിച്ചു.
''ടോ മനുഷ്യാ.. നിങ്ങളവിടെ എന്തെടുക്കുവാ..? പത്രം തിന്നു കഴിഞ്ഞെങ്കി ഒന്നിങ്ങോട്ട് വന്നേ''
അത്രയും നേരം അക്ഷമയോടെ കാത്തിരുന്ന കിങ്ങിണി മതിലുചാടി തന്റെ വീട്ടിലേക്ക് പോയതിന്റെ തൊട്ടടുത്ത നിമിഷം അടുക്കള വാതിലിനരികില്‍ പത്ത് നരച്ച രോമങ്ങള്‍ മാത്രം കൃത്യമായി എണ്ണിയെടുക്കാന്‍ കഴിയുന്ന ഒരു തല പ്രത്യക്ഷപ്പെട്ടു. പിന്നാലെ അതിന്റെ ഉടമസ്ഥനും. ജാനകിയമ്മയുടെ ഒരേയൊരു ഭര്‍ത്താവ് സുകുമാരന്‍ കാര്യമെന്തന്നറിയാനായി ഒരു നോട്ടം തെങ്ങിന്‍കുഴിയിലേക്ക് തൊടുത്തു. പിന്നെ ജാനകിയമ്മയുടെ മുഖത്തേക്കും.
''രാവിലെ എന്താടി തെങ്ങിന്‍കുഴിയില്‍?'' സുകുമാരന്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ ചോദിച്ചു.
''എനിക്കിപ്പോ അറിയണം''. ജാനകിയമ്മയുടെ മുഖം പെട്ടെന്ന് ദേഷ്യംകൊണ്ട് ചുവന്നു.
''എന്തറിയണമെന്നാ?''
''നിങ്ങള്ക്കൊന്നുമറിയില്ലല്ലേ?''
''ശ്ശെടാ, നീ കാര്യം പറയാതെ ഞാനെന്തറിയാനാ''
''ആ എന്നാ ഞാന്‍ കാര്യം പറയാം. ഇന്നലെ രാത്രി ഞാന്‍ ഡൈനിംഗ്ടേബിളിന് മുകളില്‍ വെച്ചിരുന്ന രണ്ട് ഏത്തപ്പഴം ഇപ്പോ കാണാനില്ല. കിടക്കുന്നതിന് തൊട്ടുമുന്‍പ് വരെ ഞാനത് കണ്ടതാണ്. രാത്രിയില്‍ നിങ്ങളല്ലേ അതെടുത്ത് കഴിച്ചത്?'' ജാനകിയമ്മ ഉത്തരത്തിനായി ഭര്‍ത്താവിനെ നോക്കി.
സുകുമാരന്‍ ഒന്നും മനസ്സിലാകാത്തതുപോലെ വാതിലില്‍ നിന്നിറങ്ങി പുറത്തേക്കുള്ള ആദ്യത്തെ പടിയില്‍ നിന്നു. എന്തേലും പറയാന്‍ തുടങ്ങുന്നതിന് മുന്‍പേ ജാനകിയമ്മ നടന്ന് സുകുമാരനരികിലെത്തി.
''ഞാനതിന്റെ തൊലി തിരയുകയായിരുന്നു. അതെന്തായാലും തിന്നാന്‍ പറ്റിലല്ലോ. തെളിവ് കണ്ടെത്തിയിട്ട് ബാക്കി ഞാന്‍ തരുന്നുണ്ട്.''
ജാനകിയമ്മ ചാടിത്തുള്ളി വീണ്ടും തെങ്ങിന്‍കുഴിയിലേക്ക് പോയി. ഏത്തപ്പഴം വയറ്റിലാക്കിയത് താനല്ലായെന്ന് സുകുമാരന്‍ ഭാര്യയോട് പറയണമെന്നുണ്ടായിരുന്നു. വിശ്വസിക്കില്ല എന്ന് നൂറ്റമ്പത് ശതമാനം ഉറപ്പുള്ളതുകൊണ്ട് അതിന് മുതിര്‍ന്നില്ല എന്നതാണ് വാസ്തവം. കാ വറുത്തതോ അച്ചപ്പവോ വാങ്ങുന്ന ദിവസം രാത്രി ആരുമറിയാതെ അടുക്കളയില്‍ കയറി ആറ് അണപ്പല്ലുകള്‍ നഷ്ടപ്പെട്ട വായുംവെച്ച് അതൊക്കെ കട്ടുതിന്നുന്ന തരക്കാരനാണ് തന്റെ ഭര്‍ത്താവെന്ന് മറ്റാരെക്കാളും നന്നായി ജാനകിയമ്മയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ ഏത്തപ്പഴമെങ്ങനെയാണ് വായുവില്‍ അലിഞ്ഞതെന്ന് അവര്‍ അനുമാനിച്ചിരുന്നു.
പക്ഷെ അച്ചപ്പവും കാ വറുത്തതും പോലെയായിരുന്നില്ല ജാനകിയമ്മയ്ക്ക് ഏത്തപ്പഴം. ഇന്നലെയത് കടയില്‍ നിന്ന് വാങ്ങിവന്ന നിമിഷം മുതല്‍ വല്ലാത്തൊരു ആത്മബന്ധം ഏത്തപ്പഴത്തോട് ജാനകിയമ്മയ്ക്ക് തോന്നിതുടങ്ങിയിരുന്നു. അത് മറ്റൊന്നുംകൊണ്ടല്ല. നാല് ആണവതാരങ്ങള്ക്കും ശേഷം റിലീസായ തന്റെ ഒരേയൊരു പെണ്‍തരിയെ കാണാന്‍ അമ്മ നാട്ടില്‍ നിന്ന് മൂന്ന് ബസ്സ് ഇറങ്ങി കയറി വരുന്നുണ്ട്. അങ്ങനെ വരുന്ന അമ്മയ്ക്ക് ഒന്നാമത്തെ ജീവനായ ജാനകിമോള്‍ കഴിഞ്ഞാല്‍ പിന്നത്തെ ജീവനാണ് ഏത്തപ്പഴം. ദിവസം കുറഞ്ഞത് ഒരു ഏത്തപ്പഴമെങ്കിലും അകത്ത് എത്തിപ്പെട്ടിലെങ്കില് ജാനകിയമ്മയുടെ അമ്മയ്ക്ക് ആകെ വെപ്രാളമാണ്.
ഒന്നാം തീയതി രാവിലെ പതിനൊന്ന് മണിയുടെ മൂണ്‍ലൈറ്റില്‍ വന്നിറങ്ങി വാതം അലട്ടുന്ന കാലുമായി അരകിലോമീറ്ററോളം നടന്ന് തന്നെ കാണാന്‍ വരുന്ന അമ്മയ്ക്ക് നല്‍കാനായി കൊതിയോടെ വാങ്ങിവെച്ചതായിരുന്നു ജാനകിയമ്മ ആ രണ്ട് ഏത്തപ്പഴം. അതാണിപ്പോള്‍ തൊലിപോലും അവശേഷിപ്പിക്കാത്ത വിധം കാണാതായിരിക്കുന്നത്.
സുകുമാരന്‍ അപ്പോഴേക്കും മുന്‍വശത്തെ മുറിയിലെത്തി പത്രം വായന പുനരാരംഭിച്ചിരുന്നു. പുറത്ത് നടന്നുകൊണ്ടിരിക്കുന്ന ബഹളകോലാഹലങ്ങള്ക്ക് അയാള്‍ കഴിവതും ചെവിക്കൊടുക്കാതിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സുകുമാരന്റെ വലിയ രണ്ട് കണ്ണുകള്‍ ഗേയിറ്റിനഭിമുഖമായി ഇരിക്കുന്ന ജനാലയിലൂടെ ഇറങ്ങി പുറത്തേക്ക് പാഞ്ഞു. ജാനകിയമ്മ എന്തോ പറഞ്ഞുകൊണ്ട് ജനലിനരികിലൂടെ നടന്ന് ഗേയിറ്റിന് മുന്നിലേക്ക് വരുന്നത് തന്റെ അറുപതാം വയസ്സിലും കണ്ണടയില്ലാതെ വ്യക്തമായി കണ്ടു.
ഒരു ലോറി കയറ്റിയിട്ടാല്‍ ഇടമില്ലാതാകുന്ന മുറ്റമാണ് ജാനകിയമ്മയുടെ വീടിനുള്ളത്. അങ്ങനെയുള്ള മുറ്റത്തിന്റെ ഒരോ സെന്റീമീറ്ററിലേക്കും ജാനകിയമ്മ പഴത്തൊലിക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. പത്രം വായന നിര്‍ത്തി പുറത്തേക്കിറങ്ങി വന്ന സുകുമാരന്‍ ഒന്നും പറയാന്‍ നില്‍ക്കാതെ ഭാര്യയ്ക്കൊപ്പം കൂടി.
''ഇനി മതിലിനപ്പുറം വല്ലോം പോയി വീണിട്ടുണ്ടാകുമോ?'' തെല്ലൊരു സംശയത്തോടെ സുകുമാരന്‍ ചോദിച്ചു.
''പറഞ്ഞോണ്ട് വടിപോലിങ്ങനെ നില്‍ക്കാതെ എത്തിയങ്ങോട്ട് നോക്ക് മനുഷ്യാ..'' ജാനകിയമ്മ തെല്ലരിശത്തോടുകൂടി പറഞ്ഞു.
സുകുമാരന്‍ മതിലിനടുത്തേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ പന്ത്രണ്ട് വീടുകള്ക്കപ്പുറമുള്ള മോളി ഗേയിറ്റ് തുറന്ന് മുറ്റത്തേക്ക് വന്നു. കയറിവന്നയുടന്‍ മോളി ജാനകിയമ്മയേയും സുകുമാരനേയും നോക്കി സുന്ദരമായി ചിരിച്ചു.
പക്ഷെ ജാനകിയമ്മ നോക്കിയത് മോളിയുടെ കാലുകളിലേക്കായിരുന്നു.
''നീ വലതുകാല്‍ വെച്ചുതന്നെയല്ലേ കയറിയത്?'' ജാനകിയമ്മ മോളിയോട് ചോദിച്ചു.
മോളി അതേ എന്നും പറഞ്ഞ് ചിരിച്ച് തലയാട്ടി.
''അകത്തേക്ക് വാ''. ജാനകിയമ്മ സാരിത്തലപ്പുകൊണ്ട് മുഖം തുടച്ചുകൊണ്ട് പറഞ്ഞു.
മോളി മുന്നിലും ജാനകിയമ്മ പിന്നാലെയും വീടിനകത്തേക്ക് കയറി. കുറച്ചു നേരം കഴിഞ്ഞ് സുകുമാരനും.
എല്ലാ മാസവും ഒന്നാം തീയതി മോളി രാവിലെ കൃത്യം എട്ട് മണിയ്ക്ക് തന്നെ ജാനകിയമ്മയുടെ വീട്ടിലെത്തും. അന്നത്തെ ദിവസം വീട്ടിലേക്ക് കയറുന്ന ആദ്യത്തെയാള്‍ മോളി ആയിരിക്കും. ഒരു മാസം പ്രയാസങ്ങളൊന്നുമില്ലാതെ പോകുന്നത് മോളി അങ്ങനെ കയറുമ്പോള്‍ കൂടെ വരുന്ന ഐശ്വര്യമാണെന്ന് ജാനകിയമ്മ വിശ്വസിച്ചിരുന്നു. ജാനകിയമ്മ മാത്രമല്ല, ആ നാട്ടിലെ മിക്ക വീട്ടുകാരും മോളിയെ ഒരു ഐശ്വര്യദേവതയായി കണ്ട് ആരാധിച്ചിരുന്നു. വരുന്ന ഭാവിയില്‍ മോളിക്കായി ഉയരുന്ന ആരാധനാലയത്തെ കുറിച്ച് സുകുമാരന്‍ വെറുതെ ചിന്തിച്ചു.
മോളി മുന്‍വശത്തെ മുറിയിലെ സോഫയില്‍ ഇരിക്കുകയാണ്. എതിര്‍വശത്ത് കസേരയില്‍ സുകുമാരനും ഇരിപ്പുണ്ട്. ജാനകിയമ്മ നടന്ന് അടുക്കളയ്ക്കരികില്‍ ഇട്ടിരിക്കുന്ന ഡൈനിംഗ്ടേബിളിന് അടുത്തെത്തി. എല്ലാ മാസവും വരുമ്പോള്‍ ചെറിയൊരു കൈനീട്ടം ജാനകിയമ്മ മുടങ്ങാതെ മോളിക്ക് കൊടുക്കാറുണ്ട്. മോളി പ്രതീക്ഷയോടെ ഡൈനിംഗ്ടേബിളിനരികിലേക്ക് നോക്കി. ജാനകിയമ്മ ഡൈനിംഗ്ടേബിളിന് മുകളില്‍ നിന്നെടുത്ത കഴിഞ്ഞ ഓണത്തിന് കമ്മല്‍ മാറ്റിയപ്പോള്‍ ചിന്നൂസ് ജ്വല്ലറിയില്‍ നിന്ന് ഫ്രീയായി കിട്ടിയ ചെറിയൊരു പേഴ്സിലേക്ക് മോളിയുടെ രണ്ട് കണ്ണുകളും ഒന്നിച്ചുടക്കി.
നരസിംഹാവതാരത്തിന്റെ കൈയിലകപ്പെട്ട ഹിരണ്യകശ്യപുവിനെ പോലെ ജാനകിയമ്മ സിമ്പ് തുറന്ന് പേഴ്സിനെ ഇരുവശത്തേക്കും പിളര്‍ത്തി. തൊട്ടടുത്ത നിമിഷം 'അയ്യോ' എന്നൊരു നിലവിളി ജാനകിയമ്മയുടെ ശബ്ദനാളത്തിലൂടെ പുറത്തേക്ക് വീണ് ചിതറി. അവരുടെ കൈയില്‍ നിന്ന് പേഴ്സ് ഡൈനിംഗ് ടേബിളിന് മുകളിലേക്ക് സ്ലോമോഷനില്‍ വീണു. തുറന്ന് കിടന്നിരുന്ന പേഴ്സിലേക്ക് സുകുമാരനും മോളിയും കണ്ണ് കൊടുത്തു. അതിനകത്ത് ആവശ്യത്തിലധികം ശൂന്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കാര്യമെന്തന്നറിയാനായി സുകുമാരന്‍ ചാടി കസേരയും പിറകിലേക്ക് മറിച്ചിട്ടെഴുന്നേറ്റ് ജാനകിയമ്മയുടെ അടുത്തേക്ക് വന്നു. ജാനകിയമ്മ സുകുമാരന്റെ കണ്ണുകളിലേക്കും തൊട്ടുപിന്നാലെ ഡൈനിംഗ്ടേബിളിന് മുകളില്‍ ചത്തുമലച്ചുകിടക്കുന്ന തന്റെ പേഴ്സിലേക്കും നോക്കിയിട്ട് ഇപ്രകാരം പറഞ്ഞു.
''മോളിക്ക് കൈനീട്ടം കൊടുക്കാനായി വെച്ചിരുന്ന അറുപത് രൂപ കാണാനില്ല..!''
ആ നിമിഷം മോളി വലിയ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ സോഫയില്‍ നിന്ന് ചാടിയെഴുന്നേറ്റു. മോളിയുടെ വലതുകാലിലെ തള്ളവിരലറ്റത്തു നിന്ന് ചെറിയൊരു തരിപ്പ് മിന്നല്‍ വേഗത്തില്‍ തലച്ചോറിലേക്ക് ഓടിയെത്തി അമിട്ട് പൊട്ടുന്നതുപോലെ ചിന്നി ചിതറി. എന്നാല്‍ പെട്ടെന്നുതന്നെ മോളി ജാനകിയമ്മയേയും സുകുമാരനേയും മാറി മാറി നോക്കി തന്റെ പല്ലുകള്‍ മുഴുവന്‍ കാട്ടി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
''സാരമില്ല.'' മോളി പറഞ്ഞു.
ആ പറഞ്ഞത് സുകുമാരനും ജാനകിയമ്മയും കേള്‍ക്കുന്നതിന് മുന്‍പ് ഒരു ദിവ്യവെളിച്ചം ഡൈനിംഗ്ടേബിളിന് മുകളിലേക്ക് വീണു. സുകുമാരനും ജാനകിയമ്മയും ഒരുമിച്ച് മുകളിലേക്ക് നോക്കി. മുകളിലേക്ക് കയറി പോകാനുള്ള ടെറസ്സിലേക്ക് തുറക്കുന്ന പടികള്ക്കവസാനമുള്ള വാതില്‍ അതാ തുറന്ന് മലച്ചു കിടക്കുന്നു. ദീര്‍ഘ ചതുരാകൃതിയിലുള്ള വിടവിലൂടെ നോക്കിയപ്പോള്‍ കിഴക്ക് മുകളില്‍ നിന്നിരുന്ന സൂര്യന് ദൂരെ നിന്ന് അവരെ നോക്കി ഒരു സലാം കൊടുത്തു.
ജാനകിയമ്മയ്ക്ക് മാത്രം കാര്യം മനസ്സിലായി. അവര്‍ അകത്തെ മുറിയിലേക്കോടി. മുറിയില്‍ മൂടിപുതച്ച് കിടന്നുറങ്ങുകയായിരുന്നു സുകുമാരന്റേയും ജാനകിയമ്മയുടേയും രണ്ടാമത്തെ മകള്‍ കോളേജ്കുമാരി ലത. മുറിയിലെത്തിയ ജാനകിയമ്മ വിശറിപോലിരിക്കുന്ന തന്റെ വലതു കൈപത്തി പുതപ്പിന് പുറത്തായി കൃത്യം ലതയുടെ ചന്തിക്ക് മുകളില്‍ 'ഠപ്പേ'ന്ന് പതിപ്പിച്ചു. ഭൂകമ്പത്തില്‍പെട്ട ബഹുനിലകെട്ടിടം കണക്കേ ലത ആടിയുലഞ്ഞ് ഞെട്ടി എഴുന്നേറ്റു. പ്രസവകിടക്കയില്‍ കിടന്ന് ആദ്യമായി അമ്മയെ കാണുന്ന പോലെ ലത ജാനകിയമ്മയെ നോക്കി കണ്ണ് തിരുമി.
''എടീ... .. . .. . (മുട്ടന്‍ തെറിയാണ്.) ടെറസ്സില്‍ കിടന്ന തുണി പറക്കി തിരിച്ചുവന്നിട്ട് നീയിന്നലെ മുകളിലത്തെ കതക് അടച്ചില്ലേടീ.. . . (വീണ്ടും തെറി.)''
ലതയുടെ പ്രസിദ്ധമായ വലിപ്പമുള്ള കണ്ണുകള്‍ രണ്ടും ഇപ്പോള്‍ തെറിച്ച് വീഴും എന്ന് തോന്നിപ്പിക്കും വിധം പുറത്തേക്ക് തള്ളി.
രണ്ട്
സെക്കന്റ്ഷോ കണ്ട് മടങ്ങി വരുന്ന രണ്ട് ചെറുപ്പക്കാര്‍ ബൈക്കില്‍ മറഞ്ഞപ്പോള്‍ ഇരുട്ടില്‍ നിന്നൊരു രൂപം പുറത്തേക്കിറങ്ങി. മതിലിന്റെ മറവുപറ്റി ആ ചെറിയ മനുഷ്യന് മുന്നിലേക്ക് നടന്നു. അത് കള്ളന് നാണുകുട്ടനായിരുന്നു.
നടന്നു തുടങ്ങിയ നാണുകുട്ടന് ദൂരെ നിന്ന് തന്നെ അത് കണ്ടു. കഷ്ടി അമ്പത് മീറ്റര്‍ അപ്പുറത്തുള്ളൊരു വീടിന്റെ ഒന്നാം നിലയിലെ പുറത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുന്നു. അകത്തെ മുറിയിലെ വെട്ടം വാതിലിന് ചുറ്റും തങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍ അമ്മാവാസി ദിനത്തില്‍ തനിക്ക് വേണ്ടി മാത്രം ഉദിച്ച ചന്ദ്രനെപോലെ നാണുകുട്ടന് തോന്നി. നാണുകുട്ടന് ആ മോഹവലയത്തില്‍ ആകൃഷ്ടനായി.
നാണുകുട്ടന് തന്റെ മുഷിഞ്ഞു നാറിയ കൈയിലി ഇരിഞ്ഞ് ഒന്നുകൂടി മുറുക്കി തട്ടുടുത്തു. ചുറ്റുപാടിലേക്കും പരന്നൊരു നോട്ടം പായിച്ച് മതിലുചാടി അകത്തേക്ക് കടന്നു. വര്‍ഷങ്ങളായി നാണുകുട്ടന്റെ വരവും കാത്ത് മുറ്റത്ത് നിന്നിരുന്ന മാവ് ആനന്ദനിവൃതിയോടെ ചെറുതായി ഒന്ന് കുലുങ്ങി. നാണുകുട്ടന് മാവിനടുത്തേക്ക് നടന്നു. മുകളിലത്തെ മതിലിനും മാവിന്റെ കൊമ്പിനും ഇടയില്‍ ഒരു മീറ്ററിന് മുകളില്‍ അകലം കാണില്ലെന്ന് മനസ്സില്‍ കണക്കുകൂട്ടി. മാവിന്റെ ഉറച്ച തടിയില്‍ തന്റെ രണ്ട് കൈകളും കോര്‍ത്തു പിടിച്ച് നാണുകുട്ടന് മുകളിലേക്ക് കയറാന്‍ തുടങ്ങി. നാണുകുട്ടന്റെ ഓരോ പിടുത്തത്തിലും മാവ് സായൂജ്യമടഞ്ഞു.
നാണുകുട്ടന്റെ നീളമുള്ള മെലിഞ്ഞ കാലുകള്‍ ഒരുവിധത്തില്‍ ഷേഡിന് മുകളിലേക്ക് ലാന്‍ഡ് ചെയ്തു. ഇടതുകൈകൊണ്ട് ടെറസ്സിലെ ഭിത്തിക്ക് മുകളില്‍ ബലമായി പിടിച്ച് പതിയെ മാവില്‍ നിന്ന് ഷേഡിലേക്ക് ഇറങ്ങി. അവിടെ നിന്ന് മുകളിലേക്ക് കയറി വളരെ വേഗത്തില്‍ നാണുകുട്ടന് വാതിലിനടുത്തെത്തി.
നാണുകുട്ടന് ഒരിക്കല്‍ കൂടി ചുറ്റിനും നോക്കി. പതിയെ കതക് അകത്തേക്ക് തള്ളി തുറന്ന് തന്റെ വലതുകാല്‍ അകത്തേക്ക് വെച്ചു. അപ്പോള്‍ വാതിലിന് മുകളിലെ ബള്‍ബിന്റെ വെളിച്ചത്തില്‍ നാണുകുട്ടന് വീടിനകം കണ്ടു. താഴേക്കുള്ള പതിനാലുപടികളും പതിയെ ഇറങ്ങി ശ്വാസത്തെപോലും പുറത്തേക്ക് വിടാന്‍ പിശുക്കുകാട്ടി ശബ്ദമുണ്ടാക്കാതെ മുന്നോട്ട് നടന്നു.
പടികള്‍ക്കരികില്‍ വിജനമായ മുന്‍സിപ്പാലിറ്റി മൈതാനം പോലെ നിലക്കൊള്ളുന്ന ഡൈനിംഗ്ടേബിളിന് മുകളിലേക്ക് നാണുകുട്ടന്റെ കണ്ണുകള്‍ നോട്ടം അവസാനിപ്പിച്ചു. തിരക്കൊഴിഞ്ഞ തെരുവില്‍ ആര്‍ക്കും വേണ്ടാതെ നിലകൊള്ളുന്ന ഗാന്ധി പ്രതിമ കണക്കേ രണ്ട് വലിയ ഏത്തപ്പഴങ്ങള്‍ ടേബിളിന് മുകളിലിരുന്ന് നാണുകുട്ടനെ നോക്കി മഞ്ഞളിപ്പോടെ ചിരിച്ചു. തന്റെ ചെപ്പടി വിദ്യങ്ങളൊന്നും പുറത്തെടുക്കാതെ തന്നെ ഏത്തപ്പഴം രണ്ടിനേയും നാണുകുട്ടന് കൈയിലിക്കുള്ളിലാക്കി മൂടി. അപ്പോഴാണ് ടേബിളിന്റെ മൂലയ്ക്കിരിക്കുന്ന ചെറിയ പേഴ്സ് നാണുകുട്ടന് കാണുന്നത്. അതില്‍ നിന്ന് കിട്ടിയ ഒരു അമ്പതു രൂപാ നോട്ടും പത്ത് രൂപാ നോട്ടും ഭദ്രമായി കൈയിലി പൊക്കി നിക്കറിന്റെ പോക്കറ്റിലേക്കിട്ടു.
ഡൈനിംഗ്ടേബിളിന് എതിരെയുള്ള മുറിയ്ക്കടുത്തേക്ക് പൂച്ചയെ പോലെ നാണുകുട്ടന് നടന്നു. അതിനുള്ളിലെ അലമാര തുറന്ന് പണവും പണ്ടവും മോഷ്ടിക്കുന്നത് കിനാവുപോലെ മനസ്സിലേക്കൊഴുകിയിറങ്ങി. നാണുകുട്ടന് ചാരിയിട്ടിരുന്ന മുറിയുടെ വാതില്‍ പതിയെ തുറന്നു. അപ്പോള്‍ പുറത്തു കാത്ത് നിന്ന ചെറിയ വെളിച്ചം മുറിയിലേക്ക് തിരക്കുകൂട്ടി ഓടിയെത്തി.
നാണുകുട്ടന് മുറിക്കകത്തേക്ക് ഒന്നേ നോക്കിയുള്ളൂ. ഉടനെ തന്നെ പേടിച്ച് പുറത്തേക്ക് മാറി. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നി. എങ്ങനെയോ പടികള്‍ വേഗത്തില്‍ ഓടികയറി നാണുകുട്ടന് ടെറസ്സിലെത്തി. അതിലും വേഗത്തില്‍ ഷേഡില്‍ നിന്ന് ചാടി മാവില്‍ കയറി നിരങ്ങി മുറ്റത്തെത്തി. മതിലുചാടി പുറത്തേക്കോടി. തന്നോടൊരു നന്ദിവാക്കുപോലും പറയാതെ പോകുന്ന നാണുകുട്ടനെ നോക്കി മാവ് പരിഭവത്തോടെ നിന്നു.
ബാലാജി യുപി സ്കൂളിലേക്ക് തിരിയുന്ന ഇടവഴിയിലെത്തി നാണുകുട്ടന് നിന്നു. കിതപ്പൊന്നടങ്ങിയപ്പോള്‍ കുറച്ച് മുന്നേ മുറിയില്‍ കണ്ട കാഴ്ച നാണുകുട്ടന് ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തു.
വാതില്‍ തുറന്നപ്പോള്‍ അകത്തെ മുറിയിലെ കട്ടിലില്‍ കഴുത്തറ്റം വരെ മൂടി പുതച്ച് കിടക്കുകയാണ് സുകുമാരന്റേയും ജാനകിയമ്മയുടേയും മകള്‍ ലത. വാതിലിനഭിമുഖമായി ചരിഞ്ഞാണ് ലത കിടന്നിരുന്നത്. പക്ഷെ അവളുടെ കണ്ണുകള്‍ രണ്ടും തുറന്നിരിക്കുകയായിരുന്നു. ആ രണ്ട് വലിയ ഗോളങ്ങള്‍ തന്നിലേക്ക് തന്നെ വീഴുന്നതായി നാണുകുട്ടന് അപ്പോള്‍ കണ്ടു. മൂന്ന് മുക്കിലെ ഓട്ടോസ്റ്റാന്റിന് പിന്നിലുള്ള കാളിയമ്മന്‍ കോവിലിലെ പ്രതിഷ്ഠയെ ജീവനോടെ കട്ടിലിന് മുകളില്‍ നാണുകുട്ടന് കണ്ടു. കാളിയമ്മയുടെ വലിയരണ്ടു കണ്ണുകള്‍ അഗ്നിഗോളം കണക്കേ തന്നെ വിഴുങ്ങാന്‍ വരുന്നതായി അയാള്‍ക്ക് തോന്നി. തന്റെ തസ്ക്കരചരിത്രത്തിലാദ്യമായി നാണുകുട്ടന് പേടിയോടെ നിന്ന് വിറച്ചു.
സ്കൂളിന്റെ മതിലിനോട് ചേര്‍ന്ന സര്‍വ്വേകല്ലിന് മുകളിലിരുന്ന് നാണുകുട്ടന് തന്റെ നെഞ്ചില്‍ തൊട്ടു നോക്കി. ചെറിയൊരു ആശ്വാസത്തോടെ ഒന്നമര്‍ന്നിരുന്നു. നല്ല ക്ഷീണം തോന്നി. രണ്ട് ഏത്തപ്പഴവും അപ്പോള്‍ തന്നെ എടുത്ത് നാണുകുട്ടന് തിന്നു. ശേഷം അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങിയ പഴത്തൊലി സ്കൂളിനകത്തുള്ള കഞ്ഞിപുരയ്ക്ക് പിറകിലായി വീണ് വിശ്രമിച്ചു.
നാണുകുട്ടന് പതിയെ എഴുന്നേറ്റ് ഇരുട്ടിലേക്ക് നടക്കാന്‍ തുടങ്ങി.
ഇതേ സമയം സുന്ദരമായ എന്തോ സ്വപ്നവും കണ്ടച് സുഖനിദ്രയിലാണ്ട് കിടക്കുകയായിരുന്നു ലത. പക്ഷെ കണ്ണ് രണ്ടും തുറന്നിരിക്കുകയാണ്. അതേ.. നിങ്ങള്‍ ശരിക്കും നോക്കിയേ. ലത മീനുകളെ പോലെ കണ്ണ് തുറന്നാണ് ഉറങ്ങുന്നത്. നേരാണ്, ഉറങ്ങുമ്പോള്‍ ലതയുടെ കണ്പോളകള് പകുതിയെ അടയൂ.
അത്രയ്ക്ക് വലുതായിരുന്നു അവളുടെ ഉണ്ടകണ്ണുകള്‍..!
എല്‍.റ്റി മറാട്ട്
10.05.2020
12 comments:
നന്നായിട്ടുണ്ട്.. എഴുത്ത് തുടരുക
കൊള്ളാം നല്ല കഥ
കൊള്ളാം വളരെ നല്ല കഥ
ലോക്ക്ഡൗണിൽ പിറന്ന ഈ കൊച്ചുകഥയ്ക്ക് എന്റെ അഭിനന്ദനങ്ങൾ. വളരെ നന്നായിട്ടുണ്ട്. ഇനിയും കഥകൾ ജനിക്കട്ടെ.
കൊള്ളാം സർ നല്ല കഥയും നല്ല ലാംഗ്വേജ് യുസെജും
Kollam sir nannayitundu. ...expecting more stories. ..
അടുത്ത തവണ പോകുമ്പോൾ 2 കിലോ ഏത്തപ്പഴം വാങ്ങിക്കൊണ്ട് പോ..അല്ല പിന്നെ
വായിക്കാൻ നല്ല രസമുണ്ട്... സൂപ്പർ..
Suuuupr
ഒറ്റവാക്കിൽ അടിപൊളി..
നർമ്മവും സസ്പെൻസും കലർന്ന സ്വാഭാഭിക മുഹൂർത്തങ്ങളിലൂടെ സഞ്ചരിച്ച കഥ. നമ്മുടെ വീട്ടിലോ തൊട്ടയല്പക്കത്തൊ നടന്നതാണ് എന്ന് തോന്നും വായിച്ചാൽ.. സാധാരണക്കാരന് മനസിലാകുന്ന ഭാഷ. അഭിനന്ദനങ്ങൾ മറാട്ട്സാർ
@Nithesh അടുത്ത തവണ സെറ്റ് ആക്കാം
കുണ്ടറ ജംഗ്ഷനെ വായിച്ച അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും നന്ദി, സ്നേഹം.
ഇടയ്ക്കിടയ്ക്ക് സമയം കിട്ടുന്നപോലെ കുണ്ടറ ജംഗ്ഷന് സന്ദര്‍ശിക്കുക :)
Post a Comment