Sunday, July 26, 2020

കള്ളന്‍

                 കല്ല്യാണം കഴിഞ്ഞ് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു ഞായറാഴ്ച, ദിനേശന്‍ തന്റെ ഭാര്യ വീട്ടിലെ ശീലാന്തിയില്‍ തീര്‍ത്ത ദിവാന്‍കോട്ടില്‍ നല്ലപിള്ള ചമഞ്ഞ് ഇരിക്കുന്ന സമയത്താണ് ഭാര്യയുടെ അപ്പന്‍ പ്രഭാകരന്‍ ആ കഥ പറഞ്ഞ് തുടങ്ങുന്നത്. ഭാര്യയുടെ അപ്പനാണേലും സ്വന്തം മകനെപോലെയാണ് പ്രഭാകരന് ദിനേശന്‍. തന്റെ ഒരേയൊരു മകള്‍ ഗൗരിയെ വേലേം കൂലീം ഇല്ലാത്തൊരുത്തന്‍ പ്രേമിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍, ''അവന്റെ കൊടലുമാല കുത്തിയെടുത്ത് ഞാന്‍ പൊറത്തിടും'' -എന്നലറി വെളിച്ചപ്പാട് തുള്ളിയ മൊതലാണ് പ്രഭാകരന്‍. എന്നാല്‍ ആ ഭൂമികുലുക്കമൊന്നും ഗൗരിക്ക് ഏശിയില്ല. അപ്പനേക്കാള്‍ വാശിയായിരുന്നു മോള്‍ക്ക്. ''അവനേം കെട്ടി നീയി വീട്ടില്‍ കാലുകുത്തിയാല്‍ ദൈവത്തിനാണേ ഞാനീ ഫാനില്‍ കെട്ടിതൂങ്ങി ചാവും''- പ്രഭാകരന്‍ തന്റെ ഒടുവിലത്തെ ആയുധമിറക്കി. 

                അമ്മായിയമ്മ മരുമോന് വേണ്ടി സ്‌പെഷ്യലായി ഉണ്ടാക്കിയ കാവറുത്തത് രണ്ടെണ്ണം കറുമുറാന്ന് കടിച്ച് ദിവാന്‍കോട്ടിലിരുന്ന ദിനേശന്‍ മുകളിലേക്ക് നോക്കി. ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ചാരനിറത്തിലുള്ള ഉഷാഫാന്‍ ഒരു കൂസലുമില്ലാതെ കറങ്ങിക്കൊണ്ടിരിക്കുന്നു. 'കൊല്ലാനും ചാവാനും' നിന്നവര്‍ ഒരമ്മപെറ്റ അളിയന്മാരെപോലെ മുഖത്തോട് മുഖം നോക്കിയിരുന്ന് ലോകകാര്യങ്ങള്‍ പറയുന്നത് കറക്കത്തിനിടയിലും ഫാന്‍ കേട്ടു. 

        അപ്പൂപ്പന്‍ എന്തോ വലിയ സംഗതി പറയാനുള്ള ഒരുക്കത്തിലാണെന്ന് മനസ്സിലാക്കിയ ദിനേശന്റേയും ഗൗരിയുടേയും ചട്ടമ്പികള്‍, കല്ലുവും അനിയത്തി മാലയും മുറ്റത്ത് നടത്തികൊണ്ടിരുന്ന കിസ്സാമത്ത് പണികളില്‍ നിന്ന് തല്‍ക്കാലം അവധിയെടുത്ത് ദിവാന്‍കോട്ടില്‍ അച്ഛനിരിക്കുന്നതിന് ഇരുവശത്തുമായി ഹാജര്‍വെച്ചു. 

        ''കത പറ അപ്പൂപ്പാ'' - കല്ലുവും മാലയും തിടുക്കം കൂട്ടി. 

                പ്രഭാകരന്‍ ആവേശത്തോടെയൊന്ന് ഞെളിഞ്ഞിരുന്ന് കഥ പറഞ്ഞു തുടങ്ങി.

                ''ഒരു പത്ത് പതിനഞ്ച് കൊല്ലം മുമ്പാണ്. എനിക്കന്ന് കോഴിക്കോട്ടായിരുന്നു ജോലി. അവിടെ ചെറുവണ്ണൂര്‍ പഞ്ചായത്ത് സെക്രട്ടറിയായി മൂന്ന് വര്‍ഷമിരുന്നു. ഗൗരിയന്ന് കോളേജിലായെന്ന് തോന്നുന്നു. അല്ലേടി..?'' പ്രഭാകരന്‍ തിരിഞ്ഞകത്തേക്ക് നോക്കി. 

                അടുക്കളപ്പുറത്തെ പടിയിലിരിക്കുകയായിരുന്നു ഗൗരിയും അമ്മ വിമലയും. രണ്ടീസം മുമ്പ് കാച്ചിയ എണ്ണ മകളുടെ മുടിയില്‍ തേച്ച് പിടിപ്പിക്കുകയായിരുന്നു വിമല. കയ്യൂന്നി, കറിവേപ്പില, മൈലാഞ്ചി, ചെമ്പരത്തി, തുളസി തുടങ്ങി പറമ്പില്‍ അവൈലബിള്‍ ആയിട്ടുള്ള സംഗതികളൊക്കെ ചേര്‍ത്ത് മകള്‍ക്കും ചെറുമക്കള്‍ക്കും വേണ്ടി ഒരു ദിവസം മുഴുവനും മെനക്കെട്ടിരുന്നുണ്ടാക്കിയ എണ്ണയാണ്. 

                ''ഞാനന്ന് ഡിഗ്രി ഫസ്റ്റിയറായി'' - പറഞ്ഞുകൊണ്ട് ഗൗരി ഭര്‍ത്താവിനെയൊന്ന് നോക്കി. ആ നോട്ടത്തിന് പിടികൊടുക്കാതെ ദിനേശന്‍ രണ്ട് കാവറുത്തതും കൂടിയെടുത്ത് വായിലേക്കിട്ടു. 

                ''ആ.. ആ സമയത്ത് വിമലയും മോളും ഇവിടെ തനിച്ചാണ്. കോഴിക്കോടായതുകൊണ്ട് ആഴ്ചയിലൊരിക്കലേ എനിക്ക് വീട്ടില്‍ വരാന്‍ പറ്റൂ.''

                ''അതെന്താ അപ്പൂപ്പാ?'' ഇളയവള്‍ക്കൊരു സംശയം.

                ''കോഴിക്കോടൂന്ന് കൊല്ലം വരെ നല്ല ദൂരമല്ലേ മാലൂസേ''

                ''അപ്പൂപ്പന് പ്ലയിനില്‍ വരാലോ..പ്ലയിന്‍ പെട്ടെന്ന് വരും, അല്ലേ അച്ചാ..?'' മാലു അച്ഛനെ നോക്കി നിഷ്‌കളങ്കമായി ചോദിച്ചു. 

                ''പ്ലെയിനില്‍ ടിക്കറ്റെടുക്കാനൊക്കെ കൊറേ കാശ് വേണം. പിന്നെ പ്ലയിന്‍ വന്നിറങ്ങാനുള്ള സൗകര്യമൊന്നും ഇവിടെയില്ലല്ലോ'' ദിനേശന്‍ മകളോട് പറഞ്ഞു.

                ''എയര്‍പോര്‍ട്ട്, അല്ലേ അച്ചാ?'' മൂത്തവള്‍ തന്റെ പൊതുവിജ്ഞാനം വിളമ്പി ഒന്നു നിവര്‍ന്നിരുന്നു.

                ''അതേ..അതുകൊണ്ട് അപ്പൂപ്പന്‍ ട്രയിനിലാണ് ഇങ്ങോട്ട് വന്നോണ്ടിരുന്നത്.''

                ''ഇങ്ങേര് വരുന്ന ഞായറാഴ്ച ഇവിടെയൊരു മേളമായിരിക്കും. അടുക്കി പറുക്കലും തറയടിച്ചുവാരലും പറമ്പുകിളക്കലും..ഹൊ..മനുഷ്യനൊരു സ്വസ്ഥതയും തരില്ല.'' വിമല തനിക്ക് വീണ് കിട്ടിയ പാസ്സ് കൃത്യമായി വലയിലാക്കി.

                ''ആണോ അപ്പൂപ്പാ?'' മാല ചോദിച്ചു.

                ''നിങ്ങടമ്മൂമ്മ ചുമ്മാ ബഡായി പറയുന്നതാന്നേ''

                ''ബഡായി ഒന്നുമല്ല..ഇന്നലെ ചീപ്പ് കാണാഞ്ഞപ്പോ അപ്പൂപ്പന്‍ കിടന്ന് ചാടിയത് ഞങ്ങള് കണ്ടതാ''

        ''ശരിയാ'' - കാന്താരികള്‍ രണ്ടും അമ്മൂമ്മയുടെ പക്ഷം പിടിച്ചു. 

        ''ഓ..എന്നാ പിന്നെ ഞാന്‍ ബാക്കി പറയുന്നില്ല'' 

        ''അപ്പൂപ്പന് വേണേ പറഞ്ഞാ മതി. ഞങ്ങള്‍ക്ക് മുറ്റത്ത് വേറെ പണിയുണ്ട്'' കല്ലു ദിവാന്‍കോട്ടില്‍ നിന്ന് ഒരു കാല് തറയിലേക്ക് കുത്തികൊണ്ട് പറഞ്ഞു. അവളുടെ ആക്ഷന്‍ കണ്ട് പ്രഭാകരനും ചിരി വന്നു.

        ''അപ്പൂപ്പന്‍ പറയും.'' ദിനേശന്‍ മകളെ പിടിച്ച് ദിവാന്‍കോട്ടിലേക്ക് കയറ്റിയിരുത്തി.

                കല്ലു തന്റെ വലതുകൈകൊണ്ട് താടി താങ്ങി നിര്‍ത്തി അപ്പൂപ്പനെ തന്നെ നോക്കിയിരുന്നു.

        ''ഒരു ജൂലൈ മാസമാണ്. നല്ല മഴയുള്ളൊരു ദിവസം. ഞാനിങ്ങോട്ട് വരാനായി കോഴിക്കോട്ന്ന് വെളുപ്പിനെ ട്രെയിനില്‍ കയറിയതാണ്. ഒരുപാട് രാത്രിയായി എത്തിയപ്പോള്‍. ഇവിടെ ആണെങ്കില്‍ പെരുമഴ. അമ്മൂമ്മയും നിങ്ങടെ അമ്മയുമൊക്കെ അകത്ത് നല്ല ഉറക്കത്തിലാണ്. ഞാന്‍ ഗേയിറ്റ് തുറന്ന് അകത്തേക്ക് കയറി. കുട ഒതുക്കിയൊരിടത്ത് വെക്കാനായി മുന്നിലെ മതിലിനടുത്തേക്ക് നടന്നു. കുട മൂലയ്‌ക്കൊരിടത്ത് വെച്ച് തിരിഞ്ഞതും പുറകിലെ ജനാലയ്ക്കരികിലൊരു അനക്കം.. ''

        ''മരപ്പട്ടിയാണോ അപ്പൂപ്പാ?''ആകാംഷയോടെ അപ്പൂപ്പനെ കേട്ടിരുന്ന മാല പൊടുന്നനേ ചോദിച്ചു. കഴിഞ്ഞ ദിവസം രാത്രി മതിലിന് മുകളില്‍കൂടി ചാടിപ്പോയ മരപ്പട്ടിയെ അമ്മൂമ്മ അവള്‍ക്ക് കാട്ടി കൊടുത്തിരുന്നു. അതോര്‍മ്മിച്ച് പറഞ്ഞതാണ് അവള്‍.

        ''മരപ്പട്ടി വല്ലോം ആയിരിക്കുമെന്നാ അപ്പൂപ്പനും ആദ്യം കരുതിയേ..പക്ഷെ അല്ല.''

        ''പിന്നെ..?'' മാല അച്ഛന്റരികിലേക്ക് നീങ്ങിയിരുന്നു.

        ''ഇരുട്ടില്‍ രണ്ട് കണ്ണുകള്‍. താഴേക്ക് ഉടലുമുണ്ട്. അതൊരു മനുഷ്യനാണ്. ജനാല തുറക്കാനുള്ള ശ്രമമായിരുന്നു. കള്ളന്‍.., എന്നെ കണ്ടതും ഒറ്റയോട്ടം. മതിലുചാടി അപ്പുറത്തെ പറമ്പുവഴി ഓടി. ഓട്ടത്തിനിടയില്‍ നമ്മുടെ ഒരു പൈപ്പും ചവിട്ടി പൊട്ടിച്ചു. ഞാന്‍ മതിലിനടുത്തേക്ക് ചെന്നപ്പോഴേക്കും കള്ളന്‍ ഇരുട്ടില്‍ മറഞ്ഞിരുന്നു''        ''ചുമ്മാതാ പിള്ളാരെ..അങ്ങനെയൊന്നുമല്ല.'' വിമല പിന്നേം ഭര്‍ത്താവിനിട്ടുള്ള പണിയാരംഭിക്കുകയാണ്. 

                ''കള്ളന്‍ വന്നതും ഇങ്ങേര് കള്ളനെ കണ്ടതുമൊക്കെ നേര് തന്നെ. ഞാനും ഇവളും നല്ല ഉറക്കത്തിലായിരുന്നു. ഇടയ്‌ക്കെപ്പഴോ എന്തോ ശബ്ദം കേട്ട് ഞാന്‍ കണ്ണ് തുറന്നു. നോക്കുമ്പോള്‍ ഞങ്ങള്‍ കിടക്കുന്ന കട്ടിലിനരികിലുള്ള ജനാലയ്ക്കപ്പുറം ഒരു നിഴലനങ്ങുന്നു. അന്ന് ഇതുപോലെ കര്‍ട്ടനൊന്നുമില്ല. അവിടെ ആരോ നില്‍പ്പുണ്ടെന്നെനിക്ക് മനസ്സിലായി. ഞാനിവളെ തട്ടിയുണര്‍ത്തി. ഞാനും ഇവളും കൂടി പേടിച്ച് ഉറക്കെ ബഹളം വെക്കാന്‍ തുടങ്ങി. അപ്പോഴാ മുന്‍വശത്തെ കതകില്‍ തട്ട് കേട്ടത്. കള്ളനെ കണ്ട് പേടിച്ചോടിയ നിങ്ങടെ അപ്പൂപ്പന്‍ തട്ടുന്നതാണ്. ഞങ്ങള് കതക് തുറന്ന് പൊറത്തേക്ക് ചെന്നപ്പോഴേക്കും കള്ളന്‍ നല്ല അന്തസ്സായി മതിലുചാടി പോയി കഴിഞ്ഞിരുന്നു. അപ്പോഴേക്കും അയല്‍ക്കാരൊക്കെ ഉണര്‍ന്നു. എല്ലാരും തിരച്ചില്‍ തുടങ്ങി. കള്ളന്റെ പൊടി പോലുമില്ല. ആകെ കിട്ടിയത് അയാള്‍ വലിച്ചിട്ട് കളഞ്ഞ ഒരു സിഗരറ്റ് കുറ്റിയാണ്. നമ്മുടെ പൊട്ടിയ പൈപ്പ് ശരിയാക്കിയ വകയില്‍ കുറച്ച് കാശ് പോയത് മിച്ചം..''

                ''അമ്മൂമ്മ കള്ളനെ കണ്ടോ?'' കല്ലു ചോദിച്ചു.

                ''ഇല്ല മോളേ.. അപ്പൂപ്പനാ കണ്ടത്''

                ''കൊറേ മുടിയുണ്ടോ അപ്പൂപ്പാ കള്ളന്?'' മാലയുടെ വകയാണ് ചോദ്യം.

                ''ഇരുട്ടല്ലേ മോളേ. അപ്പൂപ്പന്‍ ശരിക്കും കണ്ടില്ല.''

                   ''നമ്മളെക്കാളുമൊക്കെ പൊക്കം കാണുമല്ലേ കള്ളന്‍മാര്‍ക്ക്. കൊമ്പന്‍മീശയും കാണുമല്ലേ?'' കുട്ടികള്‍ അവര്‍ കാണാത്തെ കള്ളന്റെ രൂപം മനസ്സില്‍ വരയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. 

                ''കള്ളന്മാരും നമുക്കിടയില്‍ തന്നെയുള്ളവര്‍ തന്നെയാ മോളെ. നമ്മളെപോലെ തന്നെ കണ്ണും മൂക്കും ചെവിയും ശരീരവുമൊക്കെയുള്ള മനുഷ്യര്‍ തന്നെയാ.. നിങ്ങള് പോയി കളിച്ചോ..'' ദിനേശന്‍ മക്കളോട് പറഞ്ഞിട്ട് ദിവാന്‍കോട്ടില്‍ നിന്നും എഴുന്നേറ്റു. കല്ലുവും മാലയും അച്ഛന്റെ സമ്മതം കിട്ടിയ പാടേ മുറ്റത്തേക്കോടി.

                ദിനേശന്‍ അകത്തെ മുറിയിലെ ബാത്ത്‌റൂമിന് അരികിലേക്കെത്തി. ബാത്ത്‌റൂമിന്റെ കതകില്‍ നിറയെ പിള്ളേരൊട്ടിച്ചുവെച്ച മിനിയണ്‍സിന്റേയും ബാറ്റ്മാന്റേയും സൂപ്പര്‍മാന്റേയുമൊക്കെ പടങ്ങളാണ്. ദിനേശന്‍ കതക് തുറന്ന് അകത്തേക്ക് കയറി. 

        കതക് പതിയെ അടച്ച് ദിനേശന്‍ കതകില്‍ ചാരി നിന്നു. അയാളുടെ മുഖത്ത് പുല്‍ക്കൂടിനുള്ളിലെ മിന്നാമിനി ലൈറ്റുകള്‍പോലെ ഒരു വലിയ ചിരി തെളിഞ്ഞു. സിനിമിയിലായിരുന്നെങ്കില്‍ ദിനേശന്റെ മുഖത്ത് കുറേ വളയങ്ങള്‍ ഓളം തല്ലി ഫ്‌ളാഷ്ബാക്കിലേക്ക് പ്രേക്ഷകരെകൊണ്ടുപോകാനുള്ള എല്ലാ സ്‌കോപ്പുമുള്ള സീനായിരുന്നു. എന്തായാലും ദിനേശന്‍ ആ ദിവസത്തെ പറ്റി ഓര്‍ക്കുകയാണ്.

                പ്രഭാകരന്‍ ട്രെയിന്‍ ലേറ്റായതുകൊണ്ട് താമസിച്ചുവന്ന, നല്ല മഴയുള്ള, ജൂലൈ മാസത്തിലെ ആ ദിവസം. പ്രഭാകരന്‍ ഗേയിറ്റ് തുറക്കുന്നതിന് കുറച്ച് മിനുട്ടുകള്‍ക്ക് മുന്‍പ്. വീടിന്റെ മുകളിലത്തെ നിലയിലെ ജനാലയ്ക്ക് താഴെയുള്ള ഷേഡില്‍ ഒരാളിരിക്കുന്നു. ജനാല പാതി തുറന്ന് കിടപ്പുണ്ട്. അകത്തെ മുറിയില്‍ വെളിച്ചമൊന്നുമില്ല. പെട്ടെന്ന് ജനാലയ്ക്ക് പുറത്തേക്ക് ഒരു കൈ നീണ്ടു വരുന്നു. നീണ്ടു വന്ന കൈയ്ക്കുള്ളില്‍ ചെറിയൊരു കടലാസ് നാലാക്കി മടക്കി പിടിച്ചിട്ടുണ്ട്. ഷേഡില്‍ ഇരുന്ന രൂപം മുട്ടുകുത്തി നിന്ന് മുകളിലേക്ക് പൊങ്ങി കൈ നീട്ടി ആ കടലാസ് വാങ്ങുകയും കൈയിലൊരു ഉമ്മ കൊടുക്കുകയും ചെയ്തത് രണ്ട് നിമിഷത്തിനിടയില്‍ കഴിഞ്ഞു. 

                കൈ പെട്ടെന്ന് അകത്തേക്ക് മറഞ്ഞു. ജനാല അടഞ്ഞു. മുറിക്കുള്ളിലെ രൂപം പടികളിറങ്ങി താഴേക്ക് വന്ന് കട്ടിലില്‍ കിടക്കുന്ന അമ്മയുടെ അരികിലേക്ക് ചേര്‍ന്ന് കിടന്നു. പുതപ്പ് നീക്കി തലയിലേക്ക് ഇടാന്‍ നേരം പ്രേക്ഷകര്‍ ആ മുഖം കാണുന്നു. അത് ഗൗരിയായിരുന്നു. 

                    ഷേഡില്‍ നിന്ന രൂപം കത്ത് മഴ നനയാതെ പോക്കറ്റില്‍ വെക്കാനുള്ള ശ്രമത്തിലായിരുന്നു. അപ്പോഴാണ് പ്രഭാകരന്‍ ഗേയിറ്റ് തുറക്കുന്ന ശബ്ദം കേള്‍ക്കുന്നത്. ശബ്ദം കേട്ട സ്ഥലത്തേക്ക് തല പൊക്കി നോക്കുമ്പോള്‍ പ്രേക്ഷകര്‍ ആ മുഖവും തിരിച്ചറിഞ്ഞു, ഡിഗ്രിക്ക് പഠിക്കുന്ന ഗൗരിയുടെ കാമുകന്‍ ദിനേശന്‍..! 

                    ദിനേശന്‍ ആകെ പേടിച്ചു. ഇല്ലാത്ത ധൈര്യം ഉണ്ടാക്കിയെടുത്താണ് ഒരുപരുവത്തില്‍ ഷേഡ് വരെ എത്തിയത്. അയാള്‍ കുറച്ചുകൂടി ഭിത്തിക്കടുത്തേക്ക് ചേര്‍ന്നിരുന്നു. പ്രഭാകരന്‍ നടന്ന് അകത്തേക്ക് കയറി കുട മടക്കി ഭിത്തിയുടെ മൂലയിലേക്ക് വെച്ച് ചുറ്റുപാടുമൊന്ന് നോക്കി. ഷേഡിലിരിക്കുന്ന ദിനേശന് തന്റെ ഭാവി അമ്മായിഅപ്പനെ വ്യക്തമായി ഇപ്പോള്‍ കാണാം. 

                    പ്രഭാകരന്‍ തന്റെ തോളില്‍ കിടന്ന ബാഗിലെ മുന്‍പിലത്തെ ഉറ പതിയെ തുറന്നു. അതില്‍ നിന്ന് എന്തോ എടുക്കുന്നത് ദിനേശന്‍ കണ്ടു. ബാഗ് താഴേക്ക് വെച്ച് പ്രഭാകരന്‍ വീടിന് പിന്നിലേക്ക് നടന്നു. അകത്തെ മുറിയിലെ ജനാലയ്ക്കരികിലെ ഷേഡിന് താഴെയായി മഴവെള്ളം വീഴാതെ നിന്നു. അതിന് മുകളിലത്തെ ജനാലയുടെ താഴെയിരുന്ന ദിനേശന്റെ നെഞ്ച് പടപടാന്നിടിച്ചു.  

                    പ്രഭാകരന്‍ ബാഗില്‍ നിന്നെടുത്ത സിഗരറ്റ് തന്റെ ചുണ്ടിലേക്ക് ചേര്‍ത്തു. പോക്കറ്റില്‍ നിന്ന് ലൈറ്ററെടുത്ത് സിഗരറ്റിന്റെ അറ്റം കത്തിച്ചു. രണ്ട് തുള്ളി തൂവാനം മുഖത്തേക്ക് വീണപ്പോള്‍ പ്രഭാകരന്‍ അന്തരീക്ഷത്തിലേക്ക് ആദ്യ പുക വിട്ടു.

                'കുടിയും വലിയുമൊന്നുമില്ല, എന്റെ അച്ഛന്‍ ഡീസന്റാ, ബീ ലൈക്ക് പ്രഭാകരന്‍' എന്ന് ഗൗരി സ്ഥിരമായി അച്ഛനെകുറിച്ച് പറയുന്നത് ദിനേശന്‍ അപ്പോള്‍ ഓര്‍മ്മിച്ചു. ഒളിഞ്ഞു നിന്ന് പുകവിടുന്ന പ്രഭാകരനെ കണ്ടപ്പോള്‍ അയാള്‍ക്ക് ശരിക്കും ചിരി വന്നു. ''കള്ള പ്രഭാകരാ..''

                    പെട്ടെന്നാണ് അകത്ത് നിന്ന് അമ്മയുടെയും ഗൗരിയുടെയും നിലവിളി കേട്ടത്. സിഗരറ്റ് വലിച്ചുകൊണ്ട് നിന്ന ഭര്‍ത്താവിന്റെ രൂപം ജനാലയിലൂടെ കണ്ട് വിമല അലറുകയാണ്. പ്രഭാകരന്‍ പേടിച്ച് സിഗരറ്റ് താഴേക്ക് വലിച്ചെറിഞ്ഞ് വീടിന് മുന്‍പിലേക്കോടി. ഓട്ടത്തിനിടയില്‍ പൈപ്പില്‍ കേറി ചവിട്ടി. പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങി. 

                മുറ്റത്ത് നിക്കുന്ന പ്രഭാകരനെ കണ്ടതും വിമലയും മോളും പേടിച്ച് കതക് തുറന്നു. അമ്മയെക്കാള്‍ പേടി ഗൗരിയ്ക്കായിരുന്നു. ഗൗരി ചുറ്റും നോക്കി. 

                    ''ജനാലിന്റപ്പുറത്തൊരു കള്ളന്‍'' വിമല പറഞ്ഞു.

                    ''മതിലുചാടി അപ്പുറത്തെ പറമ്പുവഴി ഓടി'' പ്രഭാകരന് അപ്പോള്‍ അങ്ങനെ പറയാനാണ് തോന്നിയത്. 

                    ''നീയാ ടോര്‍ച്ചിങ്ങെടുക്ക്. നമ്മുടെ പൈപ്പൊക്കെ ചവിട്ടിപൊട്ടിച്ചെന്ന് തോന്നുന്നു'' പ്രഭാകരന്‍ ഓസ്‌കാര്‍ അവാര്‍ഡിനേക്കാളും വലിയ അവാര്‍ഡിനുവേണ്ടിയുള്ള പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ചു. 

                ഇത്രയും സമയം മതിയായിരുന്നു. ഷേഡിലിരുന്ന ദിനേശന്‍ സ്‌പൈഡര്‍മാനെപോലെ അടുത്ത് നിന്ന തെങ്ങില്‍ തൂങ്ങിയിറങ്ങി മതിലു ചാടി വന്ന വഴിയേ അടുത്ത പഞ്ചായത്ത് പിടിച്ചിരുന്നു. 

                ഉണര്‍ന്ന നാട്ടുകാരും പ്രഭാകരനും കുടുംബവും അവിടെയൊക്കെ കള്ളനെ തിരഞ്ഞു. കുറേ നേരത്തെ ഉറക്കം കളയലിനൊടുവില്‍ എല്ലാവരും നിരാശരായി അവരവരുടെ മാളങ്ങളിലേക്ക് പോയതിന് ശേഷമാണ് ഗൗരിക്ക് കുറച്ചാശ്വാസമായത്. 

                അടുത്ത ദിവസം രാവിലെ താന്‍ തന്നെ താഴേക്കിട്ട സിഗരറ്റ് കുറ്റി കണ്ടെടുത്ത് ഡോ സണ്ണിയെ തന്റെ ആഭരണങ്ങള്‍ കാണിക്കുന്ന ഗംഗയെപ്പോലെ വിമലയെ വിളിച്ച് പ്രഭാകരന്‍ അത് കാണിച്ചു.

                ''കണ്ടോ..കള്ളന്‍ വലിച്ചിട്ടുപോയ സിഗരറ്റ് കുറ്റി.''
. .. .. .. .. . .. .. .. .. . .. .. .. ..

                ദിനേശന്‍ ഓര്‍മ്മകളില്‍ നിന്നും ബാത്ത്‌റൂമില്‍ നിന്നും പുറത്തേക്കിറങ്ങി. ബാത്ത്‌റൂമിന് പുറത്ത് അയാളേയും കാത്ത് ഗൗരി നില്‍പ്പുണ്ടായിരുന്നു. ദിനേശന്‍ ഗൗരിയെ നോക്കി ചിരിച്ചു. ഗൗരി ദിനേശന്റെ അടുത്തേക്ക് വന്ന് വയറ്റില്‍ ഒരു നുളളു കൊടുത്തു. ദിനേശന്‍ വേദന അഭിനയിച്ച് ചെറുതായി ശബ്ദമുണ്ടാക്കി.

                ''ടാ..കള്ളാ..'' ഗൗരി ദിനേശനെ നോക്കി ചിരിച്ചു. 
                          
                                     . .. .. .. .. . .. .. .. .. . .. .. .. ..

എല്‍.റ്റി മറാട്ട്
2020 ജൂലൈ 26